കലിപ്പൻ.....

Valappottukal



"ഒരു കട്ട കലിപ്പനെ കെട്ടണം എന്ന് സ്വപ്നം കണ്ട എനിക്ക് കിട്ടിയത് ഈ പഴം വിഴുങ്ങിയെ ആണല്ലോ തമ്പുരാനെ..."

കുറച്ച് വോളിയം കൂട്ടി തന്നെ ആത്മഗതം പറഞ്ഞത് ഗോപന്റെ ചെവിയിൽ കേൾക്കാൻ വേണ്ടി തന്നെയായിരുന്നു.
എവിടുന്ന് ഇതൊക്കെ കേട്ടിട്ടും കേൾക്കാതെ ഭാവത്തിൽ ടീവി റിമോട്ടിൽ ചാനൽ മാറ്റുന്ന തിരക്കിലാണ് കക്ഷി.
"മനുഷ്യാ നിങ്ങളോടാണ് ഞാൻ ഈ സംസാരിക്കുന്നെ...."
എവിടെ...കേൾക്കാൻ..ബോംബ്  പൊട്ടിയാലും കേൾക്കില്ല എന്ന ഭാവത്തിലാണ് ഗോപൻ..
"ദൈവമേ എന്റെ വിധി..."
എന്നും പറഞ്ഞ് നാൻസി സ്വന്തം തലയ്ക്കു അടിച്ചു.
പുതിയ ബ്രാഞ്ച് മാനേജർ മാറി വന്ന അന്ന് തന്നെ മനസ്സിലായതാണ്..ആൾ ശരിയല്ലെന്ന്...അർത്ഥം വെച്ചുള്ള സംസാരവും അറിയാത്ത ഭാവത്തിലുള്ള തട്ടലും മുട്ടലും...
അന്ന് തന്നെ അത് ഗോപനോട് പറയുകയും ചെയ്തു.

"ഗോപാ...ആ ബ്രാഞ്ച് മാനേജർ ആള് ശരിയല്ല..."
"അതെന്താടി കെട്ടിയോളെ..."
"അയാൾ ഒരു കോഴിയാണ്..."
"അയാൾ കോഴിയാണേൽ എന്താ നമ്മള് തീറ്റ ഇട്ട് കൊടുക്കാതിരുന്നാൽ പോരെ.."
ഗോപൻ ചെറു ചിരിയോടു കൂടി പറഞ്ഞു.
"ഓഹ്...നിങ്ങൾ പഞ്ച് ഡയലോഗും പറഞ്ഞവിടെ ഇരുന്നോ...നിങ്ങളോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ..."
നാൻസി ദേഷ്യത്തിൽ എഴുന്നേറ്റ് പോയി.
"പിണങ്ങാതെടി  ഭാര്യേ...നമുക്ക് വഴിയുണ്ടാക്കാം..."

ഗോപൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു.
പിന്നീട് കുറച്ച് ദിവസം കുഴപ്പമില്ലായിരുന്നെങ്കിലും  കഴിഞ്ഞ ദിവസം പെന്റിങ് വർക്സ് തീർക്കാൻ ആണെന്നും പറഞ്ഞു  നാൻസിയെ അയാൾ ഏറെ വൈകും വരെ ഇരുത്തുകയും കയ്യിൽ കയറി പിടിക്കുകയും ചെയ്തു.പെട്ടെന്ന് കിട്ടിയൊരു ധൈര്യത്തിൽ അയാൾക്കിട്ടൊന്നു പൊട്ടിച്ചിട്ടു നാൻസി ഇറങ്ങി വന്നെങ്കിലും പിറ്റേന്ന് ഓഫീസിൽ ചെന്നപ്പോൾ മുതൽ എല്ലാവരും അർത്ഥം വെച്ച് ചിരിയും സംസാരവുമായി.അപ്പൊ തന്നെ നാൻസി കരഞ്ഞു കൊണ്ട് ഗോപനെ വിളിച്ചു കാര്യം പറഞ്ഞിട്ട് വീട്ടിലേയ്ക്കു പോന്നു.
"ഞാൻ നിങ്ങളെ സ്നേഹിച്ചിറങ്ങി വന്നത് കൊണ്ടല്ലേ എനിക്ക് ഈ ഗതി..ഇല്ലേൽ എന്റെ ഇച്ചായൻ അവനെ ഇടിച്ചു പരിപ്പിളക്കിയേനെ..."
നാൻസി കോപം കൊണ്ട് നിന്ന് വിറച്ചു.
അപ്പോഴും ഗോപൻ ടീവി സ്‌ക്രീനിൽ തന്നെ കണ്ണും നട്ടിരിക്കുകയാണ്
വർദ്ധിച്ചു വന്ന ദേഷ്യത്തിൽ നാൻസി ടീവി റിമോട്ട് വാങ്ങി നിലത്തിട്ടു പൊട്ടിച്ചു.
"നാണമില്ലേ മനുഷ്യാ നിങ്ങൾക്...ഭാര്യയെ ഉപദ്രവിച്ചവന്റെ കയ്യിന്ന് തല്ലും വാങ്ങി വന്ന് കൂസലില്ലാതെ ടീവി കാണുന്ന ആദ്യ ഭർത്താവ് നിങ്ങൾ ആയിരിക്കും"
പെട്ടെന്ന് ഗോപൻ ടീവി സ്‌ക്രീനിൽ നോക്കി ചിരിച്ചു.
"അടിയിൽ നിങ്ങളുടെ കിളി പോയോ"എന്നും ചോദിച്ചു തിരിഞ്ഞ നാൻസി കണ്ട് സ്ക്രോളിങ് ന്യൂസ്‌ പോകുന്നത്...
"നഗരമധ്യത്തിൽ പ്രമുഖ ബാങ്കിന്റെ മാനേജരെ ഇടിച്ചവശനാക്കിയ നിലയിൽ കണ്ടെത്തി...സാരമായ പരുക്ക് പറ്റിയ ഇയാളെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്...ഉപദ്രവിച്ച ആളുടെ മുഖം വ്യക്തമല്ല എന്നാണ് മൊഴി രേഹപ്പെടുത്തിയിരിക്കുന്നതു...."
വാർത്ത വായിച്ച നാൻസി കണ്ണ് നിറച്ചു ഗോപനെ നോക്കി...
"എടി ഭാര്യേ...നിന്നെ നിന്റെ വീട്ടീന്ന് വിളിച്ചിറക്കുമ്പോൾ ഞാൻ നിന്റെ ഇച്ചായന് അതായത് എന്റെ ചങ്ക് കൂട്ടുകാരന് ഒരു വാക്ക് കൊടുത്തായിരുന്നു ജീവൻ പോയാലും നിന്നെ നുള്ളി നോവിക്കാൻ ഒരുത്തനേം സമ്മതിക്കില്ലെന്ന്...പിന്നെ ഞാൻ ജാക്കിച്ചാൻ ഒന്നും അല്ല..അങ്ങോട്ട് ഇടി കൊടുക്കുമ്പോൾ രണ്ടെണ്ണമൊക്കെ ഇങ്ങോട്ടും കിട്ടുമെടി പെണ്ണേ..."
ചിരിയോടെ കൂടി ഗോപൻ നാൻസിയെ ചേർത്തു പിടിച്ചു...നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് ഗോപന്റെ കവിളിൽ അമർത്തി ചുംബിക്കുമ്പോൾ ഒരു കയ്യാൽ അവന്റെ മീശ പിരിച്ചു വെയ്ക്കാൻ അവൾ മറന്നില്ല...
"നിങ്ങൾ എന്റെ കലിപ്പൻ തന്നെയാണ്....എന്റെ മാത്രം കട്ട കല്ലിപ്പൻ..."
അവന്റെ നെഞ്ചിൽ തല ചേർത്തവൾ മന്ത്രിച്ചു.
(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ....)
രചന: തനൂജ


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top