ഭാര്യ ചെറുകഥ വായിക്കാം...

Valappottukal


"ഏട്ടൻ ഇതെങ്ങടാ  രാവിലെ തന്നെ ... ഇന്ന് ജോലിക്ക് പോണ്ടാലോ "
രാവിലെ തന്നെ പുറത്തേക്കിറങ്ങുമ്പോൾ മീനുവിന്റെ വക ചോദ്യം കേട്ടുവെങ്കിലും  മറുപടി ഒന്നും കൊടുത്തില്ല അജു.  തലേന്നത്തെ  വഴക്കിന്റെ പരിഭവം  മനസ്സിൽ ബാക്കി നിന്നതു കൊണ്ട് തന്നെ ഒന്നും മിണ്ടുവാൻ തോന്നിയില്ല എന്നതാണ് സത്യം. 

വലിയ സംഭവം ഒന്നുമായിരുന്നില്ല സുഹൃത്തുക്കളുടെ കൂടെ ഒന്ന് പുറത്തു പോയി.പരമാവധി ഒഴിഞ്ഞു മാറിയെങ്കിലും  അവരുടെ നിർബന്ധത്തിനു വഴങ്ങി രണ്ട് പെഗ് കഴിക്കേണ്ടി വന്നു. വീട്ടിലെത്തിയപ്പോൾ എങ്ങനെയോ അവൾ മണത്തു കണ്ടുപിടിക്കുകയും ചെയ്തു. തുടങ്ങയില്ലേ പൂരം....
അവസാനം അവളുടെ തലയിൽ കൈ വെച്ചു സത്യം ചെയ്യേണ്ടി വന്നു ഇനി കുടിക്കില്ലെന്ന്. എന്തായാലും തോറ്റു കൊടുക്കുവാൻ പാടില്ലല്ലോ
മീനുവിനെ അവഗണിച്ചു കൊണ്ട് തന്നെ കാറിനരികിലേക്ക് നടന്നു അവൻ

 "അജുവേട്ടാ എന്നോട് പിണക്കമാണോ... ഏട്ടൻ ഇനി എത്ര വേണേലും കുടിച്ചോ ഞാനൊന്നും പറയില്ല പക്ഷേ എന്നോടിങ്ങനെ മിണ്ടാതിരിക്കരുതേ... എനിക്കത് സഹിക്കില്ല എവിടേയ്ക്കാ ന്ന് ഒന്ന് പറഞ്ഞിട്ട് പോ.."
അതൊരു അപേക്ഷയായിരുന്നു സ്നേഹിക്കുവാൻ മാത്രമറിയാവുന്ന ഒരു പാവം നാട്ടിൻപുറത്തുകാരിയുടെ അപേക്ഷ ...അതിനു മുന്നിൽ വീണ്ടും മുഖം തിരിക്കുവാൻ അജുവിന്‌ കഴിഞ്ഞില്ല.മനസ്സിൽ ഉടലെടുത്ത പരിഭവത്തിന്റെ  അവസാന കണികയും അലിഞ്ഞില്ലാതായിരുന്നു ആ നിമിഷം.
"ഞാൻ ഒന്ന് പുറത്തു പോയി വരാം മീനു ഇന്ന് ഓഫ് ആണെങ്കിലും കുറച്ചു ജോലി ഉണ്ട് ഓഫീസിൽ ഇന്ന് തന്നെ ചെയ്ത് തീർക്കണം.
ഞാൻ വരാൻ ലേറ്റ് ആകും ചിലപ്പോൾ ഒന്ന് രണ്ട് സുഹൃത്തുക്കളെ കൂടി കാണേണ്ടതുണ്ട് . ഇന്നലത്തെ പോലെ കാത്തിരിക്കുവൊന്നും വേണ്ട നീയും മോളും കഴിച്ചു കിടന്നോളൂ"
ആ വാക്കുകൾ കേൾക്കവേ മീനുവിന്റെ മുഖം വാടുന്നത് കണ്ട് മനസ്സിൽ വല്ലാത്തൊരു നോവ് അനുഭവപ്പെട്ടു അജുവിന്‌.
പതിയെ അരികിലേക്ക് ചെന്ന് കുമ്പിട്ടുനിന്ന അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് നെറുകയിലൊരു മുത്തം നൽകി അവൻ
"പേടിക്കേണ്ട  ഇന്നലത്തെ പോലൊന്നും ഉണ്ടാകില്ല ഏട്ടൻ പോയിട്ട് വേഗം വരാട്ടോ"
ആ വാക്കുകൾ മാത്രം  മതിയായിരുന്നു അവളുടെ മുഖം വിടരുവാൻ. പുഞ്ചിരിയോടെയവൾ തന്റെ മാറിലേക്ക് ചായുമ്പോൾ അജുവിന്റെ ഉള്ളൊന്ന് പിടഞ്ഞു
സ്നേഹിക്കുവാൻ മാത്രമറിയാവുന്ന തന്നെ മാത്രം വിശ്വസിക്കുന്ന ഒരു പാവം പൊട്ടിപെണ്ണ് വിവാഹത്തിനു മുൻപും ഇപ്പോഴും പല സ്ത്രീകളുമായും തനിക്കുള്ള ബന്ധങ്ങൾ.. എന്തിനു ഇപ്പോഴുള്ള ഈ പോക്ക് പോലും ഓഫീസിലെ ലക്ഷ്മിയുടെ ഫ്‌ളാറ്റിലേക്കാണ് എന്ന് അറിഞ്ഞാൽ ചങ്ക് പൊട്ടി ചത്തുപോകും പാവം . ഒരു നിമിഷം മനസ്സിന്റെ കോണിലെവിടെയോ കുറ്റബോധത്തിന്റെ കണികകൾ നാമ്പിടുന്നത് അവൻ അറിഞ്ഞു തുടങ്ങിയിരുന്നു അതുകൊണ്ട് തന്നെ അധിക സമയം നിൽക്കാതെ അവൻ കാറിലേക്ക് കയറി. കാർ ഗേറ്റ് കടന്നു പുറത്തേക്കു പോകുമ്പോൾ ഗേറ്റിനു മുന്നിൽ നിലയുറപ്പിച്ചതാണ് മീനു. കണ്ണിൽ നിന്നു മറയുന്നത് വരേയും ആ നിൽപ്പ് അതുപോലെ തുടർന്നത് സൈഡ് മിററിലൂടെ അജു ശ്രദ്ധിച്ചിരുന്നു

റോഡിലൂടെ വണ്ടി  പായിക്കുമ്പോൾ  ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ  ലക്ഷ്മിയുടെ ഫ്‌ളാറ്റ്. ലക്ഷ്മി.... അവളെപ്പറ്റി ഓർക്കുമ്പോൾ തന്നെ അജുവിന്റെ മനസ്സ് കുളിരുകോരി അവളൊരു മോഹമായി മനസ്സിൽ കുടിയേറിയിട്ട് നാളുകളേറെയായി കാറിൽ പ്ലേ ചെയ്തിരുന്ന റൊമാന്റിക് സോങ്ങിന്റെ അകമ്പടി കൂടിയായപ്പോൾ നിമിഷങ്ങൾക്കകം തന്നെ അവന്റെ മനസ്സിൽ മീനുവിന് മേൽ  ലക്ഷ്മിയുടെ ഓർമ്മകൾ സ്ഥാനം പിടിച്ചിരുന്നു .
 സിഗ്നലിൽ വണ്ടി നിർത്തുമ്പോൾ കൈ കുഞ്ഞുമായി ഒരു സ്ത്രീ ഭിക്ഷയാചിച്ചു വന്നു സാധരണ ഇങ്ങനെ ഉള്ളവരെ ഒന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോകാറാണ്  അവന്റെ പതിവ്. പക്ഷെ  ഇവരെ കണ്ടപ്പോ എന്തോ മനസ്സിലൊരു നോവ് .കുഞ്ഞുമായി നിർത്തിയിട്ടിരിക്കുന്ന ഓരോ വണ്ടിക്കരികിലും പോയി പ്രതീക്ഷയോടെ കൈ നീട്ടുന്നുണ്ട് അവർ. തന്റെ അരികിലേക്കെത്തുമ്പോൾ പെട്ടെന്ന് പോക്കറ്റിൽ നിന്നും നൂറുരൂപയുടെ ഒരു നോട്ടെടുത്ത് നീട്ടി അജു. നിറകണ്ണുകളോടെ അതുവാങ്ങി അവർ നടന്നകലുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു അവന്.
ഒരു നിമിഷം മീനുവിന്റെ മുഖം വീണ്ടുമവനെ അലട്ടി
 "ശ്ശേ ! ഓരോന്ന് വന്നോളും മനുഷ്യന്റെ മൂഡ് കളയാൻ."
പിറു പിറുത്തു കൊണ്ടവൻ മുഖം തിരിച്ചു.സിഗ്നൽ പച്ച കത്തവേ കാർ വീണ്ടും  മുന്നോട്ട്  കുതിച്ചു..
 ഫ്ളാറ്റിന് മുന്നിലെ സെക്യൂരിറ്റി ഗേറ്റിനു മുന്നിലാണ് ആ വണ്ടി പിന്നെ നിന്നത്.
"ഫ്ലാറ്റ്  നമ്പർ 12 ലക്ഷ്മി ...ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യുന്നവരാ. "
പോകേണ്ട അഡ്രെസ്സ് പറഞ്ഞു കൊടുക്കുമ്പോൾ സെക്യൂരിറ്റിയുടെ ഉഴപ്പിച്ചുള്ള നോട്ടത്തിനു മുന്നിൽ ഒന്ന് പതറിയെങ്കിലും ധൈര്യ സമേതം കാറ് പാർക്കിങ്ങിലേക്കെടുത്തു. വണ്ടി പാർക്ക് ചെയ്ത് ഒരിക്കൽ കൂടി മുഖ സൗന്ദര്യമൊക്കെയൊന്ന് നോക്കി പതിയെ പുറത്തേക്കിറങ്ങി ലക്ഷ്മിയെ വിളിക്കാൻ ഫോൺ  എടുത്തതും അവളുടെ കോൾ ഫോണിലേക്ക് വന്നതും ഒരുമിച്ചായിരുന്നു. നെഞ്ചിടിപ്പോടെയാണവൻ ഫോൺ കാതോട് ചേർത്തത്

" ഹലോ അജു എവിടെയാ എത്ര നേരമായി വെയിറ്റ് ചെയ്യുന്നു. "
ആ മധുരശബ്ദം കേൾക്കേ അവന്റെ ഉള്ളിൽ കുളിരുകോരി.
" ഞാൻ ദേ എത്തി ഡിയർ സിഗ്നലിൽ കുറച്ചു ബ്ളോക് ആയി പോയി  പിന്നെ വീട്ടിന്ന് എന്തെങ്കിലും കള്ളം പറഞ്ഞു വേണ്ടേ ഇറങ്ങാൻ നിനക്ക് ആവേശമായോ ചക്കരേ .. ഞാൻ ദേ പാർക്കിങ്ങിലുണ്ട് ഇപ്പോഴങ്ങ് എത്തും "
കള്ള ചിരിയോടെ മറുപടി പറഞ്ഞു പറഞ്ഞു കൊണ്ടവൻ പതിയെ മുന്നിലേക്ക് നടന്നു
"ആ വേഗം കയറിപോര് കേട്ടോ "
ലക്ഷ്മി കോൾ കട്ടാക്കിയതോടെ ആവേശത്താൽ കുതിക്കുകയായിരുന്നു അജു
ഫ്‌ളാറ്റിനു മുന്നിലേക്കെത്തിയപ്പോൾ അവന്റെ നെഞ്ചിടിപ്പ് ഇരട്ടിയായി ചുറ്റുമൊന്ന് കണ്ണോടിച്ചു ആരും ശ്രദ്ധിക്കുവാനില്ല എന്ന് ഉറപ്പ് വരുത്തി  പതിയെ ഡോർ ബെല്ലിൽ വിരൽ അമർത്തി. നെഞ്ചിൽ പെരുമ്പറ മുഴങ്ങി തുടങ്ങിയ നിമിഷം പതിയെ വാതിൽ തുറക്കപ്പെട്ടു. കൺമുന്നിൽ ലക്ഷ്മിയെ കണ്ട് ഒരു നിമിഷം അന്ധാളിച്ചു നിന്നു പോയി അവൻ 
" എന്ത് ഭംഗിയാ ലക്ഷ്‌മി നിന്നെ കാണാൻ ഏത് ഡ്രസും ചേരും നിനക്ക്  ഈ സാരിയും സൂപ്പർ "
വായ് പൊളിച്ചു നിൽക്കുന്ന അജുവിനെ കാൺകെ അറിയാതെ ചിരിച്ചുപോയി ലക്ഷ്‌മി
"വെറുതെ സുഖിപ്പിക്കാൻ നിൽക്കാതെ അകത്തേക്കു വാ മാഷേ "
അവളുടെ പിന്നാലെ അകത്തേക്ക്  കയറുമ്പോൾ അജുവിന്റെ മിഴികൾ അവളുടെ ഉടലിൻ മേൽ ആയിരുന്നു 
"കുടിക്കാൻ എന്താ ചായയോ കാപ്പിയോ അതോ ജ്യൂസ് എന്തെങ്കിലും ....."
"നിന്റയിഷ്ടം പോലെ ഈ അവസ്ഥയിൽ എന്ത് കിട്ടിയാലും ഞാൻ കുടിച്ചോളാം.."
" ആഹാ അത് കൊള്ളാലോ "
കള്ളച്ചിരിയോടെ ലക്ഷ്മി കിച്ചണിലേക്ക് പോകുമ്പോൾ കാത്തിരുന്ന നിമിഷം കൺമുന്നിൽ എത്തിയ സന്തോഷത്തിന്റെ പരമ കോടിയിലായിരുന്നു അജു
ജ്യൂസുമായി തിരികെയെത്തിയ ലക്ഷ്മി അവനു മുഖാമുഖമായി സെറ്റിയിലേക്കിരുന്നു
"പിന്നെ പറ ഇന്നെന്താ അജുവിന്റെ പ്രോഗ്രാം.."
" ഇതെന്ത് ചോദ്യമാ ലക്ഷ്മി ഇന്നത്തെ എന്റെ ദിവസം മുഴുവൻ നിനക്കുള്ളതല്ലേ .... ഈ മുറിയിൽ ഇതുപോലൊരു അവസരത്തിനായി എത്ര കഷ്ടപ്പെട്ടതാ ഞാൻ ..."

ഒരു കള്ള ചിരിയോടെ അവളോട് അത് പറയുമ്പോ അവളുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നിരുന്നു..
"അജു എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.."
"പറഞ്ഞോളൂ ഒന്നോ രണ്ടോ പറയൂ എന്ത് വേണോ കേൾക്കാം  ഞാൻ "
നിമിഷ നേരം കൊണ്ട് ലക്ഷ്മിയുടെ മുഖഭാവം മാറുന്നത് അവൻ ശ്രദ്ധിച്ചിരുന്നു
"അജു ഇവിടെ  നമ്മളെ കൂടാതെ ഒരാൾ കൂടി ഉണ്ട്"
"ങേ ...!! "
ഒരു നിമിഷം അജു പകച്ചു പോകവേ അകത്തേ മുറിയുടെ വാതിൽ പതിയെ തുറന്നു. ഇരുനിറത്തിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്തേക്കുവരുമ്പോൾ അന്ധാളിച്ചു പോയി അജു.ഒന്നും മനസ്സിലാകാതെ തങ്ങളെ മാറി മാറി നോക്കുന്ന അജുവിന് മുന്നിലേക്ക് അവനും പതിയെ വന്നിരുന്നു
" അജു ..ഇത് നീരജ് എന്റെ ഫാമിലി ഫ്രണ്ട്.. കളിക്കൂട്ടുകാരൻ അങ്ങനെ എന്ത് വേണേലും വിളിക്കാം ഞങ്ങളുടെ വിവാഹം  പണ്ടേ വീട്ടുകാർ പറഞ്ഞുറപ്പിച്ചതാ മിക്കവാറും അടുത്ത വര്ഷം ഉണ്ടാകും"
ഒരു നിമിഷം മനസ്സിലെ നടുക്കം വിട്ടുമാറവേ രോക്ഷത്തോടെ ചാടി എഴുന്നേറ്റു അജു.
"നീ എന്താ ആളെ വിളിച്ചു വരുത്തി ഫൂൾ ആക്കുവാണോ "
"അജു കൂൾ ഡൗൺ . ഇരിക്കൂ .."
നീരജ് പതിയെ എഴുന്നേറ്റ് നിർബന്ധിച്ചു സെറ്റിയിലേക്കിരുത്തുമ്പോൾ ഏറെ അക്ഷമനായിരുന്നു അവൻ. വളരെ ശാന്തനായാണ് നീരജ് സംസാരിച്ചു തുടങ്ങിയത്
"ലക്ഷ്മി പറഞ്ഞിട്ടുണ്ട് അജുവിനെ കുറിച്ചെല്ലാം... ജോലി അത്യാവശ്യമായ സബോടിനേറ്റിനെ പവർ ഫുൾ ആയ സുപ്പീരിയർ ഓഫീസർ അവിഹിതത്തിന് നിർബന്ധിക്കുന്നു വഴങ്ങിയില്ലെങ്കിൽ  ജോലി നഷ്ടമാകുമെന്ന അവസ്ഥ ..
സ്വാഭാവികം ചിലരെങ്കിലും ഗതികേട് കൊണ്ട് വഴങ്ങി പോകും പക്ഷേ എന്റെ ലക്ഷ്മി .. അവൾ കരഞ്ഞു കൊണ്ട് നേരെ വന്നത് എന്റെ അരികിലേക്ക് തന്നെയാണ്. അതിനു ശേഷം ഇവളുടെ ഓരോ പ്രവർത്തികളും എന്റെ നിർദ്ദേശമനുസരിച്ചയിരുന്നു ഇന്നത്തെ ഈ ദിവസവും എന്റെ തന്നെ പ്ലാനിങ് ആണ്.ചില
കാര്യങ്ങൾ തന്നെ ഒന്ന് മനസ്സിലാക്കിച്ചു തരുവാൻ എത്രത്തോളം വലിയ തെറ്റാണ് സ്വന്തം കുടുംബത്തോട് താൻ കാട്ടുന്നത് എന്ന് പറഞ്ഞു തരുവാൻ "

നീരജ് പറഞ്ഞു നിർത്തുമ്പോൾ ഇളിഭ്യനായി തല കുമ്പിട്ടിരുന്നു അജു   
" വിവാഹം കഴിഞ്ഞു ഒരു കുട്ടി ആയിട്ടും‌ മറ്റു പെൺകുട്ടികളെ ഒക്കെ വലയിലാക്കുവാൻ ശ്രമിക്കുന്നത് മോശം അല്ലെ അജു അതും സുന്ദരിയായ ഭാര്യ വീട്ടിൽ ഉള്ളപ്പോൾ"
ആ ചോദ്യത്തിനു മുന്നിൽ മറുപടിയില്ലാതെ അജു വിയർക്കുമ്പോൾ പതിയെ അരികിലായി ചെന്നിരുന്നു ലക്ഷ്മി
" നോക്കൂ അജു ഞാൻ മനസ്സിലാക്കിയിടത്തോളം തന്നെ ജീവനായി കരുതുന്ന ഒരു പാവമാണ്
മീനു. ഇന്നത്തെ ഈ സംഭവത്തിൽ ഞങ്ങളോട് വാശിയും വൈരാഗ്യവുമല്ല പുതിയൊരു തിരിച്ചറിവാണ് അജുവിനുണ്ടാകേണ്ടത് കഴിയുമെങ്കിൽ മനസ്സിലാക്കു മീനുവിനെ ഇനിയെങ്കിലും ചതിക്കാതിരിക്കു "
 എന്ത് മറുപടി പറയണം എന്നറിയാതെ ഇളിഭ്യനായി അവിടെ നിന്ന് ഇറങ്ങുമ്പോൾ ആദ്യമായി വല്ലാത്ത കുറ്റബോധം അനുഭവപ്പെട്ടു അവന്.
പലയിടത്തും കറങ്ങി നടന്ന് രാത്രി ഏറെ വൈകിയാണ്  അജു വീടെത്തിയത്. മീനുവും മോളും ഉറങ്ങിയിരുന്നു. തനിക്കുള്ള  ഭക്ഷണം മൂടിവച്ചിട്ടുണ്ട്. വിശപ്പേറെയുണ്ടായിരുന്നതുകൊണ്ട് തന്നെ കൈ കഴുകി ഭക്ഷണം കഴിക്കുവാനായി ഇരുന്നു.കഴിക്കുന്നതിനിടയിൽ അവൻ ചുറ്റുമൊന്ന് ശ്രദ്ധിച്ചു വീടു മുഴുവൻ അടിച്ചു വാരി വൃത്തിയാക്കി സൂക്ഷിച്ചിട്ടുണ്ട് മോളുടെ ഒരു കളിപ്പാട്ടം പോലും അനാവശ്യമായി എവിടെയും ചിതറി കിടപ്പില്ല .
കഴിച്ചു കഴിഞ്ഞു കിച്ചണിലേക്ക് ചെല്ലുമ്പോഴും അതുപോലെ തന്നെയായിരുന്നു. അടുക്കും ചിട്ടയോടും കൂടി എല്ലാം വൃത്തിയാക്കി വച്ചിട്ടുണ്ട്. തന്റെ ഭാര്യയുടെ മഹത്വം ആദ്യമായി അവൻ മനസ്സിലാക്കി തുടങ്ങിയിരുന്നു. ബെഡ്‌റൂമിലേക്ക് ചെല്ലുമ്പോൾ വാടിയ പൂത്തണ്ടുപോൽ തളർന്നുറങ്ങുകയായിരുന്നു മീനു. നിദ്രയിലും അടുത്തു കിടക്കുന്ന കുഞ്ഞുമോളെ പ്രത്യേകം ശ്രദ്ധയോടെ ചേർത്തു പിടിച്ചിരുന്നു അവൾ. അൽപസമയം അവരെ നോക്കി നിന്ന ശേഷം ലുങ്കിയെടുക്കുവാനായി അലമാര തുറക്കവേ തന്റെ ഡ്രസ്സുകളെല്ലാം വൃത്തിയായി  അലക്കിതേച്ചു മടക്കി വച്ചിരിക്കുന്നതു കൂടി കാൺകെ അവന്റെ ഉള്ളു പിടഞ്ഞു
" ഈശ്വരാ ഈ ജോലികളെല്ലാം ഒരു മടിയും കൂടാതെ  ചെയ്തു തളർന്നുറങ്ങുകയാണ് പാവം '
കുറ്റബോധത്താൽ നിന്നുരുകി അജു.
അപ്പോഴാണ് തുണികൾക്കിടയിൽ തിരുകി വച്ചിരുന്ന തന്റെ പഴയ ഡയറി അവന്റെ ശ്രദ്ധയിൽ പെട്ടത്. നടുക്കത്തോടെ അത് കയ്യിലേക്കെടുക്കവേ അവന്റെ കൈകൾ വിറ പൂണ്ടു തുടങ്ങിയിരുന്നു.തന്റെ പഴയ കലാ വിരുതുകളെല്ലാം എഴുതി നിറച്ചിരുന്ന ഡയറി. എപ്പോഴോ നഷ്ടമായെന്ന് കരുതിയതാണ് 
'ഈശ്വരാ ... എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണോ ഇവൾ തന്നെ  ഇത്ര അധികം സ്നേഹിച്ചത്."
മീനുവിന്റെ മുഖത്തേക്കു നോക്കുമ്പോൾ കുറ്റബോധത്താൽ അവന്റെ ഉള്ളു പിടഞ്ഞു. അവളുടെ അരികിലായി ചെന്നിരിക്കുമ്പോൾ സങ്കടം അടക്കി വയ്ക്കുവാൻ കഴിയാതെ പൊട്ടിക്കരഞ്ഞു പോയി അജു. മിഴിനീർ തുള്ളികൾ മുഖത്തേക്ക് പതിച്ചപ്പോൾ  ഞെട്ടിയുണർന്ന മീനു ഒരു നിമിഷം പകച്ചു പോയി .
"എന്താ ... എന്താ ഏട്ടാ ഇത് എന്തുപറ്റി .. എന്തിനാ ഏട്ടൻ കരയണേ "
വേവലാതിയോടെ നോക്കിയിരുന്ന അവളെ മാറോട് ചേർത്ത് വാരി പുണർന്നു അജു
"ഏട്ടനോട് ക്ഷമിക്ക് മോളെ... വിവാഹത്തിന് മുൻപ് ഒരുപാട് ബന്ധങ്ങളുണ്ടായിട്ടുണ്ട് എനിക്ക് വിവാഹത്തിന് ശേഷവും അതിൽ പലതും ആവർത്തിച്ചപ്പോൾ ഒന്നും മനസ്സിലാകാത്ത പൊട്ടി പെണ്ണാണ് നീയെന്നു കരുതി അഹങ്കരിച്ചു ഞാൻ. എന്നാൽ എല്ലാം അറിഞ്ഞു കൊണ്ട് തന്നെ എന്നെ ജീവനായി സ്നേഹിക്കുന്ന നിന്റെ മനസ്സ് ഇന്നാണ് എനിക്കറിയുവാൻ കഴിഞ്ഞത് ... എന്നോട് ക്ഷമിക്കൂ നീ ഇനിയൊരിക്കലും നിന്നെയും മോളെയും മറന്നുകൊണ്ട് മറ്റു സുഖങ്ങൾ തേടി പോകില്ല ഞാൻ "

പൊട്ടിക്കരയുന്ന അജുവിന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുക്കുമ്പോൾ മീനുവിന്റെ മിഴികളും തുളുമ്പിയിരുന്നു
"ഏട്ടാ ... ഈ ഒരു നിമിഷം ... സ്വന്തം തെറ്റുകൾ സ്വയം മനസ്സിലാക്കി ഏട്ടൻ പശ്ചാത്തപ്പിക്കുന്ന ഈ നിമിഷത്തിനു വേണ്ടിയാണ് ഞാൻ ഇത്രയും നാൾ കാത്തിരുന്നത്.
ഇനിയെനിക്ക് വേദനകളില്ല എന്റെ ഏട്ടനെ എനിക്കു മാത്രമായി കിട്ടിയിരിക്കുന്നു. ഇനി മുതൽ നമുക്ക് സ്വപ്നം കാണാം നമ്മുടേത് മാത്രമായ ആ ലോകം .."
അജുവിന്റെ മാറിലേക്കവൾ ചായുമ്പോൾ നിറുകയിൽ ഒരു മുത്തം
നൽകി അവൻ.....
സന്തോഷ പൂർണ്ണമായ ഒരു കുടുംബ ജീവിതത്തിനു അവിടെ വീണ്ടും ആരംഭം കുറിക്കുകയായിരുന്നു
പിറ്റേന്നു രാവിലെ എഴുന്നേൽക്കുമ്പോൾ ലക്ഷ്മിയുടെ വാട്ട്സാപ്പിൽ അജുവിന്റെ മെസേജ് ഉണ്ടായിരുന്നു. അൽപം പതർച്ചയോടെയാണവൾ അത് ഓപ്പൺ ആക്കിയത്. എന്നാൽ പതിയെ അവളുടെ മിഴികൾ വിടർന്നു ചുണ്ടിന്റെ കോണിൽ ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു
' നന്ദി ലക്ഷ്മി ..... കുത്തഴിഞ്ഞ എന്റെ ജീവിതത്തിലേക്ക് വെളിച്ചം പകർന്നു തന്നതിന്... എന്റെ മീനുവിനെ മനസ്സിലാക്കുവാൻ സഹായിച്ചതിന് ... മറക്കില്ലൊരിക്കലും രണ്ടാളെയും '
ഇതൊരു തിരിച്ചറിവാകണം .....
സ്വസ്ഥതയും  സമാധാനവും സന്തോഷവും സ്വന്തം കുടുംബത്തിൽ തന്നെയാണ് എന്ന തിരിച്ചറിവ് .ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച കാണുന്നവർക്ക് ഇതൊരു പാഠവും....... (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ....)
     
രചന: ജെസ്സി ജോർജ്

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top