രചന: കണ്ണൻ സാജു
ഏടത്തിയമ്മ ഇത്രയും നാൾ മകനെ പോലെ കണ്ട ഭർത്താവിന്റെ അനിയനെ കെട്ടാനോ !
വാസുകിയുടെ ഉള്ളൂ പിടയുന്ന വാക്കുകൾ ആയിരുന്നു അത്...
ഒരു ഭിത്തിക്കിപ്പുറം അവൾ എല്ലാം കേൾക്കുന്നുണ്ടന്നു അറിഞ്ഞുകൊണ്ടു അറിയാതയോ ഉമ്മറത്ത് അവർ ചർച്ച തുടർന്നു..
വാസുകിയുടെ ഭർത്താവ് നീലേഷ് മരിച്ചിട്ട് രണ്ടര വര്ഷം തികയുന്നു... അതിനു ശേഷം അവൾക്കും മോനും ഒപ്പം ആ വീട്ടിൽ ഉണ്ടായിരുന്നത് നീലേഷിന്റെ അമ്മയും സഹോദരൻ ഗണേഷും ആയിരുന്നു...
ഗൾഫിൽ ജോലിയിൽ ആയിരുന്ന നീലേഷ് അവിടെ വെച്ചുണ്ടായ വാഹന അപകടത്തിൽ ആണ് മരണപ്പെടുന്നത്... ശേഷം വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കി നടത്തുന്നത് ഗണേഷാണ്....
ഗണേഷ് ഓട്ടോമൊബൈൽ എഞ്ചിനീയർ ആണ്... പോരാത്തതിന് ചേട്ടൻ സമ്പാദിച്ചതും കുടുംബത്തിലെ ആദായവും എല്ലാം നല്ലൊരു തുക കൈവശം ഉണ്ട്....
വാസുകി വീണ്ടും അവരുടെ വർത്തമാനത്തിനു കാതോർത്തു....
നീലേഷിന്റെ കൊച്ചച്ചൻ വാസുകിയുടെ ആങ്ങളയോടായി വീണ്ടും പറഞ്ഞു :
"ഞാൻ പറഞ്ഞതിനെ കുറിച്ച് വിഷ്ണു ശരിക്കും ഒന്ന് ആലോചിക്ക്... ഇത്രേം നാളും ഇവരുടെ അമ്മ ഉണ്ടായിരുന്നു വീട്ടില്.. ഇനി ഇപ്പൊ അങ്ങനാണോ ??? അല്ലെങ്കിൽ തന്നെ നാട്ടുകാർ എന്തൊക്കെയാ പറയുന്നെന്നു നിനക്കറിയാലോ വിഷ്ണു...." _
"അറിയാം കൊച്ചച്ച... പക്ഷെ ഇപ്പൊ നമ്മൾ ഇങ്ങനൊരു തീരുമാനം എടുത്താൽ ഇതുവരെ നാട്ടുകാര് പറഞ്ഞതൊക്കെ ശരിയായ പോലെ ആവില്ലേ ???" _
കൊച്ചച്ചൻ ചാര് കസേരയിൽ നിന്നും എഴുന്നേറ്റു ഉമ്മറത്തേക്ക് മുറുക്കാൻ നീട്ടി തുപ്പി...
"എന്റെ വിഷ്ണു... വാസുകി എന്തായാലും ഒരാളെ വിവാഹം കഴിക്കണം.... അത് അവളെ നല്ല പോലെ അറിയുന്ന നമ്മുടെ ഗണേഷ് തന്നെ ആയാലോ ??? അതും അച്ചൂട്ടനെ സ്വന്തം മോനേ പോലെ കണ്ടു സ്നേഹിക്കാൻ ഗണേഷിനല്ലാതെ മറ്റൊരാൾക്ക് പറ്റുമെന്നു തോന്നുന്നുണ്ടോ വിഷ്ണുനു ???" _
"അതില്ല കൊച്ചച്ച..പക്ഷെ... ഗണേഷ് സമ്മതിക്കുമോ ???? സത്യത്തിൽ അവളേം കൊച്ചിനേം കൂട്ടിക്കൊണ്ടു പോവാം എന്നും കൂടി കരുതിയാ ഞങ്ങൾ വന്നത് ...." _
"ഹാ.. കൊള്ളാം.. എത്ര നാൾ... വിഷ്ണുന്റെ കല്ല്യാണം ഉറപ്പിച്ചതല്ലേ ??? ഇനി ഒരു പെണ്ണ് കൂടി വരുമ്പോൾ നിങ്ങള്ക്ക് അവളും മോനും ഒരു ഭാരമാവും... ഇതാണ് ഞാൻ നോക്കിയിട്ടു ഏറ്റവും നല്ല പരിഹാര മാർഗം.. വന്ന കാലം മുതൽ ഗണേഷിന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത് അവളാ.. എന്തിനു അടിവസ്ത്രം വരെ കഴുകി കൊടുക്കുന്നത് വാസുകി തന്നെയാ.. പിന്നെന്താ.. പിന്നെ ചേട്ടൻ മരിച്ചിട്ടു അനിയൻ ചേടത്തിയെ കെട്ടുന്നതു ആദ്യമായിട്ടൊന്നും അല്ലല്ലോ..."
"എന്നാലും കൊച്ചച്ചാ... അത്...."
"ഒരു അതും ഇല്ല.. നീ എതിരൊന്നും പറയരുത്... ഗണേഷ് ഇന്ന് വരെ എന്റെ വാക്കിന് അപ്പുറം പോയിട്ടില്ല... അവൻ ഞാൻ പറഞ്ഞാൽ കേൾക്കും..."
വാസുകിയുടെ ഉള്ളൂ പിടഞ്ഞു.... അതെ കൊച്ചച്ചൻ പറഞ്ഞാൽ ഗണേഷ് കേൾക്കും... ഇന്നുവരെ കൊച്ചച്ചന്റെ വാക്കിനപ്പുറം അവൻ പോയിട്ടില്ല...
പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള തന്റെ അഭിപ്രായത്തിനു പോലും ആരും വില തരുന്നില്ല... കൊച്ചച്ചൻ പറഞ്ഞപ്പോ എന്നോട് ഒരു വാക്കു ചോദിയ്ക്കാൻ എന്റെ ആങ്ങളക്കെങ്കിലും പറയായിരുന്നു.... അവനും ഒന്നും മിണ്ടിയില്ല.... സ്വന്തമായി ജോലി ഇല്ലാതെ വേണ്ട വിദ്യാഭ്യാസം ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കാൻ ത്രാണി ഇല്ലാതെ ഉള്ളവർക്കു എന്ത് അഭിപ്രായം അല്ലേ...
അവളുടെ കണ്ണുകൾ നിറഞ്ഞു..... ജനാലയിലൂടെ അവൾ പുറത്തേക്കു നോക്കി അങ്ങനെ നിന്നു... ഒരു നിമിഷം ആ ജനാല കമ്പികൾ ജയിലറകൾ പോലെ അവൾക്കു അനുഭവപ്പെട്ടു...
നീലീഷേട്ടനും താനും തമ്മിൽ പന്ത്രണ്ടു വയസു വ്യത്യാസം ഉണ്ടായിരുന്നു.... ഏടത്തിയമ്മേ എന്ന് വിളിക്കുന്നുണ്ടങ്കിലും ഗണേഷ് തന്നെക്കാൾ അഞ്ചു വയസ്സിനു മൂത്തതാണ്... അവനു വിവാഹ പ്രായം കഴിഞ്ഞിരിക്കുന്നു.... അവനു എന്നെ അങ്ങിനെ കാണാൻ പറ്റുമോ???
ഇന്നലെ വരെ ബഹുമാനത്തോടെ നോക്കിയാ കണ്ണുകൾ കൊണ്ടു നാളെ മുതൽ കാമത്തോടെ നോക്കാൻ കഴിയുമോ??? ഇന്നലെ വരെ ലാളനയോടെ അവനെ തഴുകിയ ഈ കൈകൾ കൊണ്ടു നാളെ മുതൽ അവനെ വികാരഭരിതനാക്കാൻ കഴിയുമോ???
ഇല്ല... തനിക്കതിനു കഴിയില്ല...!!!!
വാസുകി ഫോൺ എടുത്തു തന്റെ ഒരേ ഒരു മിത്രത്തെ വിളിച്ചു... അവൾ തന്റെ കൂട്ടുകാരിയോട് കാര്യങ്ങൾ മുഴുവൻ അവതരിപ്പിച്ചു...
"എടി.. ഇതാണോ ഇത്ര വലിയ കാര്യം??? അവര് പ്രാക്ടിക്കലായി ചിന്തിച്ചു.... നീയും അങ്ങിനെ ചെയ്യണം എന്നെ ഞാൻ പറയു.... അല്ലാതെ ജീവിത കാലം മുഴുവൻ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കുവോ ???" _
അവളുടെ വാക്കുകൾ കേട്ട വാസുകി ഒന്നുകൂടി തളർന്നു
"എടാ... ഒരു വിവാഹത്തിനൊന്നും ഞാൻ മാനസികമായി തയ്യാറായിട്ടില്ല... അത് തന്നെ അല്ല അവൻ.... അവൻ എന്റെ അനിയനല്ലെടി..."
"പിന്നെ കുന്താണ്... നീ ഇത് ഏതു നൂറ്റാണ്ടിലാ വാസു ജീവിക്കുന്നെ??? ഇതൊക്കെ ഇപ്പൊ നടക്കാത്ത കാര്യാന്നാ നിന്റെ വിചാരം... എനിക്കറിയാവുന്ന എത്രയോ സ്ത്രീകൾ ഉണ്ട് ഭർത്താവിന്റെ സഹോദരന്മാരുമായി രഹസ്യമായി ബന്ധം പുലർത്തുന്നവർ... ഇതിപ്പോ അതുപോലൊന്നും അല്ലല്ലോ ???"
വാസുകി ഒന്നും മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു.....
കുറച്ചു നേരം കിടന്നു... കുറച്ചു നേരം പുറത്തേക്കും നോക്കി ഇരുന്നു.... ഉമ്മറത്ത് ഗണേഷിനോട് വിഷ്ണുവും കൊച്ചച്ഛനും കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ടിരുന്നു...
വാസുകി കണ്ണാടിക്കു മുന്നിൽ നിന്നു....അവൾ അവളെ തന്ന നോക്കി....
"എന്ത് ചെയ്യണം വാസുകി ????"
അവൾ അവളോട് തന്നെ ചോദിച്ചു...
എങ്ങോട്ടെങ്കിലും ഓടി പോയാലോ ???
അപ്പൊ നിന്റെ മകനോ?
പ്രതിബിംബം മറുപടി പറഞ്ഞു
വാസുകി തല താഴ്ത്തി....
നിന്റെ മകനെ ഒറ്റയ്ക്ക് നോക്കി വലുതാക്കാം എന്ന് നിനക്ക് ഉറപ്പുണ്ടോ??
പ്രതിബിംബം വീണ്ടും ചോദിച്ചു
"ഇല്ല" വാസുകി മറുപടി പറഞ്ഞു...
"അപ്പൊ മറ്റുള്ളവരുടെ തീരുമാനങ്ങൾക്കൊപ്പം സഞ്ചരിക്കുക...!"
പ്രതിബിംബം ചർച്ച അവസാനിപ്പിച്ചു....
പെട്ടന്ന് കതകിൽ ആരോ മുട്ടി
വാസുകി ഒരു ഞെട്ടലോടെ തിരിഞ്ഞു
വാതിക്കൽ ഗണേഷ്.....
വാസുകി അവനെ തന്നെ നോക്കി നിന്നു..
"ഞാൻ അകത്തേക്ക് വന്നോട്ടെ ??"
അന്നാദ്യമായി തന്റെ മുറിയിലേക്ക് കടന്നു വരാൻ അവൻ അനുവാദം ചോദിച്ചു....
അവൾ തലയാട്ടി....
കൊച്ചച്ഛനും അളിയനും എന്നോട് കാര്യങ്ങൾ എല്ലാം പറഞ്ഞു....
വാസുകി മിണ്ടാതെ നിന്നു....
ഗണേഷും ഒന്നും മിണ്ടാതെ നിന്നു...
പൂർണ്ണമായൊരു മൗനം ചുറ്റിനും തളം കെട്ടി....
വാസുകിയുടെ കയ്യും കാലും വിറച്ചു തുടങ്ങി...
അവർക്കു വേണ്ടി ഏടത്തിയോട് ഞാൻ മാപ്പു ചോദിക്കുന്നു
വാസുകി ഞെട്ടലോടെ ഗണേഷിനെ നോക്കി
"അച്ഛൻ മരിച്ചെന്നു കരുതി ഒരു മകനും അമ്മയെ വിവാഹം കഴിക്കില്ല... ഒന്നെങ്കിൽ അമ്മയെ സംരക്ഷിക്കും അല്ലങ്കിൽ അമ്മക്കിഷ്ടമുള്ള ഒരാളോടൊപ്പം ജീവിക്കാൻ അവസരം ഒരുക്കും... ഞാൻ ഏടത്തിയമ്മേ എന്ന് വിളിച്ചത് നാവുകൊണ്ടല്ല മനസ്സുകൊണ്ടാണ്.... വന്ന അന്ന് മുതൽ ഇന്ന് വരെ നിങ്ങൾക്കറിയാത്ത എന്റെ ഒരു രഹസ്യങ്ങളും ഇല്ല... ഇവിടെ ഈ മേൽക്കൂരയ്ക്ക് കീഴിൽ നമ്മൾ മാത്രം ഉണ്ടായിരുന്ന രാത്രികൾ ആയിരുന്നു കൂടുതലും.. പക്ഷെ അന്നും മനസ്സുകൊണ്ട് പോലും ഞാൻ നിങ്ങളെ മറ്റൊരു രീതിയിൽ നോക്കിയിട്ടില്ല... എന്റെ ഏട്ടൻ കൊണ്ടുവന്നതാണ് നിങ്ങളെ... തിരിച്ചു നിങ്ങളുടെ വീട്ടിലേക്കു പോവാൻ ഞാൻ സമ്മതിക്കില്ല.. നിങ്ങള്ക്ക് ഇവിടെ നിക്കാം.. എന്റെ ഏട്ടന്റെ ഭാര്യ എന്ന സ്ഥാനം എന്നും നിങ്ങൾക്കുണ്ടാകും... നിങ്ങൾ ഒരിക്കലും എനിക്കൊരു ഭാരമാവില്ല.. മറിച്ചു അതെന്റെ കടമയായി ഞാൻ കാണുന്നു... എന്നെങ്കിലും നിങ്ങള്ക്ക് നിങ്ങളെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന ഒരാൾക്കൊപ്പം ജീവിക്കണം എന്ന് തോന്നിയാൽ അന്ന് ഞാനതു നടത്തി തരും..."
"അല്ല ഗണേഷ് അത്..."
"മതി.. എനിക്കറിയാം ഏടത്തി എന്താ പറഞ്ഞു വരുന്നതെന്ന്... നമ്മൾ മാത്രം ഇവിടെ നിക്കുമ്പോൾ ആളുകൾ പലതും പറയും എന്നല്ലേ... ?? അതിനു പരിഹാരം ഞാൻ കണ്ടിട്ടുണ്ട്.. എനിക്ക് വേണ്ടി ഏടത്തി ഒരു പെൺകുട്ടിയെ കണ്ടു പിടിക്ക്.. ഞാൻ കെട്ടാം.. അതോടെ ആളുകളുടെ വായടയൂലോ... അതും അവർക്കു വേണ്ടിയല്ല ഏടത്തിയുടെ സമാധാനത്തിനു വേണ്ടി....ഞാൻ ജീവനോടെ ഉള്ളിടത്തോളം ഏടത്തിയും അച്ചൂട്ടനും ആർക്കും ഒരു ഭാരമവത്തില്ല...." _
വാസുകിയുടെ കണ്ണുകൾ നിറഞ്ഞു....
"നാളെ വക്കീലിനോട് വരാൻ പറഞ്ഞിട്ടുണ്ട്... ഇനി വരുന്നവൾ എങ്ങനെയാന്നു അറിയത്തില്ലല്ലോ.. എന്റെ അക്കൗണ്ടിൽ കിടക്കുന്ന ഏട്ടൻ സമ്പാദിച്ച പണവും നമ്മുടെ പാതി സ്വത്തും എടത്തിയുടെയും അച്ചൂട്ടന്റെയും പേരിലേക്ക് നാളെ തന്നെ മാറ്റണം..."
ഗണേഷ് വാതിൽ പടിയിലേക്കിറങ്ങി
"മോനേ....."
പിന്നിൽ നിന്നും വാസുകി വിളിച്ചു
ഗണേഷ് തിരിഞ്ഞു.....
"മറുത്തൊന്നും പറയണ്ട ഏടത്തിയമ്മേ... നിങ്ങളിവിടെ തന്നെ ജീവിക്കും... വേലക്കാരി ആയിട്ടല്ല.. ഈ വീട്ടിലെ മൂത്ത മരുമകളായിട്ടു തന്നെ.. പക്ഷെ ഒരു മനുഷ്യന്റെ മനസ്സിനപ്പുറം ശരീരം ആഗ്രഹിക്കുന്ന ഒരുപാടു കാര്യങ്ങൾ ഉണ്ട്... അത് സാധിച്ചു തരാൻ എനിക്ക് കഴിയില്ല... അങ്ങനെ ഒരു തോന്നൽ ഉണ്ടാവുന്ന കാലം നിങ്ങളെ സുരക്ഷിതമായ ഒരു കൈകളിൽ ഞാൻ ഏല്പിച്ചിരിക്കും.. നിങ്ങളെ ഇഷ്ട്ടപ്പെടുന്ന നിങ്ങൾ ഇഷ്ട്ടപ്പെടുന്ന കൈകളിൽ...."
ഗണേഷ് തിരിഞ്ഞു നടന്നു......
വാസുകി അവൻ പോവുന്നതും നോക്കി നിന്നു.. 'ഇന്ന് എന്നേക്കാൾ സന്തോഷിക്കുന്നത് നിന്റെ ഏട്ടന്റെ ആത്മവവും ഗണേഷ്....' വാസുകി മനസ്സിൽ പറഞ്ഞു !
കഥ ഇഷ്ടമായെങ്കിൽ അഭിപ്രായങ്ങൾ 2 വരിയിൽ കുറിക്കൂ, ലൈക്ക് ഷെയർ ചെയ്യൂ...
രചന: കണ്ണൻ സാജു
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
