നെഞ്ചിലേക്ക് ഇടിച്ചു നിന്നവളെ അഭി ഇരുകൈകൾ കൊണ്ടും മൂടി, ആദ്യമായി അവരുടെ മിഴികൾ കൊരുത്തു...

Valappottukal




രചന: Dp'S Writings

കുളത്തിലേക്ക് തന്റെ കൈയ്യിലിരുന്ന തീറ്റ അലക്ഷ്യമായി വലിച്ചെറിയുകയാണ് ഉണ്ണിമായ.. ഇന്നലെ വരെ  ജീവിതത്തിൽ നിറഞ്ഞു നിന്ന സന്തോഷം.. ഒരൊറ്റ വാക്കിൽ തകർന്നു പോയതിന്റെ വേദന കണ്ണുകൾ പുറന്തള്ളുന്നത് ആരും അറിയാതെ ഇരിക്കാൻ ഒറ്റയ്ക്കിരിക്കുകയാണ്..


വിവാഹം കഴിഞ്ഞിട്ട് ആകെ അഭിയേട്ടനോട് സംസാരിച്ചിട്ടുള്ളത്  ചുരുക്കം ചില വാക്കുകൾ മാത്രം ആണ്.. പണ്ടും സംസാരിച്ചിട്ടില്ല.. ഏത് നേരവും ഫോണിലും ലാപ്പിലും ആകും.. ഭക്ഷണം കഴിക്കാൻ മാത്രം പോയി വിളിക്കാനുള്ള പരിചയം മാത്രമേ ഇതുവരെ തോന്നിയിട്ടുള്ളൂ..

കഴിഞ്ഞ ദിവസം, അവിചാരിതമായി ചേർത്ത് പിടിച്ചു കഴുത്തിലേക്ക് മുഖം ചേർത്തപ്പോൾ പതറി പോയിരുന്നു.. അതാണ് പെട്ടന്ന് തള്ളി മാറ്റി ബാത്‌റൂമിൽ കയറി ലോക്ക് ചെയ്തത് ..

പിന്നെ പരസ്പരം മുഖം കൊടുത്തതെ ഇല്ല.. എന്നിൽ നിന്ന് ഒളിച്ചോടാൻ ആവും പെട്ടന്ന് ഒരു മീറ്റിംഗ് എന്ന് പറഞ്ഞു പോയത്..

പോകും മുൻപ് പറഞ്ഞതോ.. അനിയന്റെ  ഒപ്പം കഴിയാൻ ചേട്ടന്റെ താലി സ്വീകരിക്കേണ്ടി ഇരുന്നില്ലെന്ന്.. ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്.. അവനെ കാണുമ്പോൾ കൊഞ്ചൽ അൽപ്പം കൂടുതൽ ആണെന്ന്.. അന്നൊന്നും ഒന്നും തോന്നിയിരുന്നില്ല.. പക്ഷെ.. ഇത് ...ഇതിന്റെ അർത്ഥം അങ്ങനെ അല്ലല്ലോ... 

ചുട്ടു പൊള്ളിപ്പോയി ആ വാക്കുകളിൽ...കരയ്ക്ക് പിടിച്ചിട്ട മീനിന്റെ അവസ്ഥയായിരുന്നു..  ഒരിക്കലും സ്നേഹത്തോടെ ഒന്ന് സംസാരിക്കാത്ത ആള് ഉമ്മവെച്ചാൽ എങ്ങനെ അംഗീകരിക്കാനാണ്.. അഖിയോട് ആ നിമിഷം ദേഷ്യം തോന്നി.. അവന്റെ നിർബന്ധം കൊണ്ട് ഇങ്ങനെ ഒന്ന് വേണ്ടിയിരുന്നില്ല എന്ന്.. എത്ര സ്വാതന്ത്ര്യത്തോടെ സംസാരിച്ചിരുന്നതാണ് അവനോട്..

ഒരിക്കൽ സംസാരിച്ചു ഫോൺ വെച്ച ഉടനെ പറഞ്ഞു, അവന്റെ കൂടെ കൊഞ്ചാൻ ആയിരുന്നെങ്കിൽ എന്റെ ഭാര്യ ആവേണ്ട കാര്യം എന്താണെന്ന്?? വാക്കുകൾ മുൾക്കിരീടം പോലെ അന്നുമുതൽ ഏറ്റി തുടങ്ങി..

ഇപ്പോൾ ഫോണിൽ പോലും സംസാരിക്കാൻ മടിയായിരിക്കുന്നു..

ഓരോന്ന് ഓർത്തു കണ്ണുനീരൊഴുക്കി അവൾ നെടുവീർപ്പെട്ടു ..


"ഉണ്ണി....!"

പിന്നിൽ നിന്ന് അഖിലേഷ് എന്ന അഖിയുടെ വിളി തേടി എത്തിയപ്പോൾ അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പുഞ്ചിരി വിടർത്താൻ ശ്രമിച്ചു കൊണ്ട് ഒന്ന് മൂളി....


"എന്താടീ രാവിലെ ഇവിടെ വന്നു നിൽക്കുന്നത്.. പ്രാണനാഥൻ പോയതിന്റെ വേദനയാണോ.?"

അങ്ങനെ ഒരു കാരണം ഉള്ളത് കൊണ്ട് തന്റെ കണ്ണീരിനു മുൻപിൽ മറ്റു ചോദ്യങ്ങൾ ഉണ്ടാവില്ലല്ലോ എന്നവൾ വേദനയോടെ ഓർത്തു..

ഇടറിയ ശബ്ദം ഒതുക്കിപ്പിടിച്ചുകൊണ്ട് അവനെ നോക്കാൻ മടിച്ചു ചോദിച്ചു..

"നീയെപ്പോ എത്തി..?"

മറുപടി കൈയ്യിൽ പിടിച്ചൊരു വലി ആയിരുന്നു...
ചെന്നവന്റെ നെഞ്ചിൽ തട്ടി നിൽകുമ്പോൾ മുൻപ് ഇല്ലാത്ത പരവേശം ഉടലിനെ മൂടി.. ചെവിയിൽ അഭിയേട്ടന്റെ വാക്കുകൾ വീണ്ടും മുഴങ്ങി... അവനെ ആയിരുന്നില്ല നോക്കിയത്.. ചുറ്റും ആയിരുന്നു.. ആരെങ്കിലും കാണുന്നുണ്ടോ എന്ന്.. അഭിയേട്ടൻ എവിടെയോ നിന്ന് നോക്കുന്നത് പോലെ.. വീണ്ടും ശപിക്കപ്പെട്ട വാക്കുകൾ ചാട്ടുളി പോലെ ചെവിയിൽ തുളഞ്ഞു കയറുമോ എന്നുള്ള ഭയം..


അഖി മറുപടി നൽകി, തിരിച്ചെന്തോ ചോദിച്ചിട്ടും അതൊന്നും കേൾക്കാതെ  വേറെന്തോ ഓർത്തു ചുറ്റും നോക്കി നിൽക്കുന്ന ഉണ്ണിയെ അവൻ തട്ടി..



"ഡീ.. നീയിത് ഏത് ലോകത്ത് ആണ്..?"

"എന്ത്..? നീ..നീ  കൈ വിട്ടേ.. അഖി.. അമ്മ തിരക്കുന്നുണ്ടാകും..."

തന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു നിർത്തുമ്പോൾ പണ്ട് കള്ളം ചെയ്തു തനിക്ക് മുൻപിൽ മുഖം കുനിച്ചു നിൽക്കുന്ന സമയങ്ങളിൽ കൊടുക്കാറുള്ളത് പോലെ ഒന്ന് പുറം നെടുകെ കൊടുത്തു..

അവൾ പിന്നിലേക്ക് വളഞ്ഞു നിലവിളിച്ചപ്പോഴാണ് അടിയുടെ ശക്തി അൽപ്പം കൂടി പോയെന്ന് മനസ്സിലായത്.

"സോറി.. ഡീ.. പെട്ടന്ന്..."

അവൾ  ഒന്ന് ചിരിച്ചെന്ന് വരുത്തി...

"ഉണ്ണി...!!"

"സാരമില്ല അഖി... !! ഞാൻ ചെല്ലട്ടെ ഏട്ടൻ വിളിച്ചിട്ടുണ്ടാകും.."

"ഡീ പുല്ലേ.. കൂടുതൽ ജാഡ കാണിച്ചാൽ ഈ കുളത്തിൽ പിടിച്ചു മുക്കും ഞാൻ.... !"

"നീ മോങ്ങി നിന്നതിന്റെ കാര്യം പറ.. ഏട്ടൻ പോയതിനു അല്ലെന്ന് എനിക്ക് ഉറപ്പാ.. കുറെ നാളായി നിന്റെ ഫോണിൽ വിളിച്ചാൽ എടുക്കില്ല. അമ്മ ഫോൺ കൊണ്ട് തന്നാൽ തന്നെ നീ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ കട്ട് ചെയ്യും.. നീ കാര്യം പറഞ്ഞിട്ട് പോയാൽ മതി.. എവിടെ ആയാലും.."

"ഒന്നും ഇല്ലെട... വീട്ടിൽ പോകാൻ തോന്നുന്നു..."

"ഞാൻ വന്നപ്പോഴോ.. സാധാരണ നീ എല്ലാ മാസത്തിലും  എനിക്ക് വേണ്ടി കാത്തിരിക്കാറുണ്ടല്ലോ.. ഇത്തവണ ഞാൻ  രണ്ടാഴ്ച കഴിഞ്ഞേ പോകൂ..."

അത് കേൾക്കെ ഉണ്ണിയുടെ മുഖത്തെ ഞെട്ടലിൽ അഖിയുടെ ഹൃദയം പിളർന്നു..

അവന് മുഖം നൽകാതെ പടിക്കെട്ട് കയറാൻ തുടങ്ങിയ അവളെ അവൻ വലിച്ച് തന്റെ അരികിൽ ഇരുത്തി..

"കാര്യം പറ ഉണ്ണി.."

അവൾ അവനോട് തന്റെ വ്യഥ പറയാൻ കഴിയാതെ മുഖം കുനിച്ചു..

"വീട്ടിൽ പോണം അഖി.."

"എത്രനാൾ നീയിങ്ങനെ ഒളിച്ചോടും ഉണ്ണി... എനിക്കെല്ലാം അറിയാം... നീ പറഞ്ഞില്ലെങ്കിലും.."

അഖി അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു.. തിരികെ അവളും.

"അഞ്ചു കൊല്ലത്തെ നമ്മുടെ സൗഹൃദമാണ് നിന്റെ വിങ്ങിയ മുഖം കൊണ്ട് വിള്ളൽ വീഴ്ത്തുന്നത്.. കഴിഞ്ഞ തവണ വന്നപ്പോഴും നിന്റെ ഈ പെരുമാറ്റം കണ്ടാണ് ഞാൻ നിന്നേ കുളത്തിൽ പിടിച്ചു തള്ളി ഇട്ടത്.. "

"നീ അതിനെ തെറ്റായി കണ്ടോ ഉണ്ണി..? "

അഖി നിറഞ്ഞ കണ്ണുകളോടെ ചോദിക്കുമ്പോൾ ആ ചോദ്യം അവളെ പൊള്ളിച്ചത് പോലെ അവളുടെ നഖം അവന്റെ കൈത്തണ്ടയിൽ ആഴ്ന്നിറങ്ങി...


"എനിക്ക് വയ്യ അഖി... മടുത്തു.. നിന്റെ സൗഹൃദം നഷ്ടമാവാതെ ഇരിക്കാൻ നിന്റെ ഏട്ടത്തിയായി വന്നു.. പക്ഷെ ഇപ്പോൾ അതെ സ്ഥാനം തന്നെ നമ്മുടെ ബന്ധത്തെ തെറ്റായി കാണുമ്പോൾ എന്ത് ചെയ്യും ഞാൻ.. ദാ.. ഈ താലി നിന്റെ ഏട്ടന്റെ മുഖത്തേക്ക് വലിച്ചെറിയാൻ തോന്നി തുടങ്ങി.. പക്ഷേ ചെയ്യാത്തത്.. ഈ വീട്ടിൽ ഉള്ളവരെയും നിന്നെയും ഓർത്തിട്ടാണ്..."


"ഞാൻ.... ഞാനിങ്ങോട്ട് വരാതെ ഇരുന്നാൽ ഒക്കെ ശരിയാകുമോ ഉണ്ണി...?"

"എനിക്ക് എന്റെ താലി നിലനിർത്താൻ നീ സ്വന്തം വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകാം എന്നാണോ..?"

"ഞാനല്ലേ നിന്നോട് എന്റെ ഏട്ടനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചത്... ഞാൻ കാരണം അല്ലേ ഉണ്ണി....."

"ഞാൻ ഇങ്ങനെ ഒക്കെ നിന്നോട് പറഞ്ഞാൽ മതിയോടി പുല്ലേ...?"

അവന്റെ സ്വരം പെട്ടന്ന് മാറിയപ്പോൾ ഉണ്ണി ഞെട്ടി അഖിലേഷിനെ നോക്കി...


അഖി ഉണ്ണിയുടെ പുറം നെടുകെ ഒന്ന് കൂടി കൊടുത്തു...

"എന്നോട് മിണ്ടി വരുന്നത് പോലെ അങ്ങേരോട് മിണ്ടാതെ മുഖം വീർപ്പിച്ചു നടക്കുന്നത് ആരാടീ.. ഞാനാണോ?"

"അഖീ... !"

"അത് നിന്റെ ഭർത്താവ് ആണ്.. അയാളുടെ ചിന്തയിൽ തെറ്റായി എന്തെങ്കിലും വന്നാൽ തിരുത്തേണ്ടത് നിന്റെ കടമയാണ്.. നീ ശരിക്കും നല്ലൊരു ഭാര്യ ആയിട്ടുണ്ടോ ഉണ്ണി...?"

ഉണ്ണി പെട്ടന്ന് മുഖം കുനിച്ചു...

"പറ്റുന്നില്ലെട.. എന്നോട് ഒന്ന് ചിരിച്ചു കൊണ്ട് സംസാരിക്കാറില്ല.. പിന്നെ ഞാൻ എങ്ങനെ ആണ്..."

നിസ്സഹായതയോടെ അവൾ വാക്കുകൾക്കായി പരതി..


"ഡീ.. പെണ്ണെ.. നിന്റെ മുൻപിൽ പ്രേമിക്കുന്നത് കാണിച്ചു തരാൻ ആ കുരിപ്പിനെ ഞാനിങ്ങു വിളിച്ചോണ്ട് വരട്ടെ...?"

ഉണ്ണി അവനെ മിഴിച്ചു നോക്കി..


"കണ്ണ് ഉരുട്ടാതെടി ഉണ്ടക്കണ്ണി... ഭക്ഷണം എടുത്തു കൊടുക്കുന്നതും ഡ്രസ്സ്‌ തേച്ചു വെയ്ക്കുന്നതും അല്ല ഭാര്യയുടെ കടമ.. അതിനും അപ്പുറം ഹൃദയം കൊണ്ടൊരു ബന്ധം സ്ഥാപിക്കാൻ കഴിയണം. ആ ബന്ധം സൗഹൃദത്തിനും മുകളിലാണ്.. കെട്ടുപാടുകളിൽ ചുറ്റപ്പെട്ടതുമാണ്. അത് മനസ്സിലാക്കി മുൻപോട്ട് പോകുമ്പോൾ ആണെടി നമ്മുടെ സൗഹൃദം വിജയിക്കുന്നത്.. അങ്ങേര് മിണ്ടാപ്പൂച്ച ആണെന്ന് നിനക്ക് അറിയാലോ..എന്നോട് വരെ കുറച്ചേ സംസാരിക്കൂ... പാവം ആണെടി..  നീ സംസാരിച്ച് ഏട്ടനെ തന്നെ മാറ്റിയെടുക്കും എന്നാ ഞാൻ കരുതിയെ.. ഇതിപ്പോ..."


"നീ വാ.."


അവൻ എഴുന്നേറ്റു നിന്ന് മുണ്ട് മടക്കി കുത്തി അവളുടെ കൈ പിടിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു..


ആറുമാസം മുൻപായിരുന്നു അഭിലാഷുമായി ഉണ്ണിമായയുടെ വിവാഹം.. ഉണ്ണിക്ക് അത്ര താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല..


"എന്റെ വീട്ടിലേക്ക് അല്ലെടി.. നോ പറയല്ലേ" എന്ന അഖിയുടെ ഒറ്റ വാക്കിൽ അവൾ തന്റെ ജീവിതം തീറെഴുതി കൊടുത്തു.. കഴിഞ്ഞ അഞ്ചു കൊല്ലം കൂടെ പിറക്കാത്ത കൂടപ്പിറപ്പായി ഏറ്റവും അടുത്ത സുഹൃത്തായി നിന്നതിന്റെ വിശ്വാസം.. അതിനേക്കാൾ തന്നെ സ്നേഹിക്കാൻ  കഴിയുന്നൊരു കുടുംബം കിട്ടിയ സന്തോഷം...


വനജ ബാബു ദമ്പതികളുടെ മൂത്ത പുത്രൻ അഭിലാഷ്, ഇളയത് അഖിലേഷ്,  അണുകുടുംബം... ഉണ്ണിമായ അച്ഛനും അമ്മയ്ക്കും ഉള്ള  ഒരേ ഒരു പെൺതരി. ഒരിക്കലും പിരിയാതെ ഇരിക്കാൻ സൗഹൃദം കണ്ടെത്തിയ വഴി ആയിരുന്നു ഈ  വിവാഹം.


ഏട്ടന് വിവാഹം ആലോചിച്ചപ്പോൾ അനിയൻ തന്നെയാണ് ഉണ്ണിയെ ആലോചിച്ചാലോ എന്ന് പറഞ്ഞത്.. പക്ഷെ ഉണ്ണിക്ക് താല്പര്യം ഉണ്ടായിരുന്നില്ല,  കാരണം അഭിലാഷിന്റെ  അൽപ്പം ഉൾവലിഞ്ഞ പ്രതീകം ആയിരുന്നു.. അവളുടെ  സ്വഭാവത്തിന്റെ നേരെ വിപരീതം..


ഉണ്ണിയുടെ ഇഷ്ടം എന്ന് വീട്ടുകാർ ആദ്യം തന്നെ വിധിയെഴുതിയപ്പോൾ പ്രതിസന്ധിയിലായ അവളെ  കെഞ്ചി തന്റെ ഏട്ടത്തി ആക്കിയത് അഖി ആയിരുന്നു.

പിന്നീട് അവർക്കിടയിലെ കളിയും ചിരിയും ആ വീടിനെ ഉണർത്തി...


നാല്  മാസം മുൻപ് ഏട്ടൻ ചിരിച്ചു കൊണ്ട് "എന്റെ ബെഡ്‌റൂമിൽ പോലും നീ പ്രൈവസി തരില്ലെടാ" എന്ന് ചോദിച്ചപ്പോഴാണ് തന്റെ തെറ്റ് മനസിലായത്. പക്ഷെ താൻ ചെല്ലാതെ ഇരിക്കുമ്പോൾ ഉണ്ണി തന്റെ അടുത്ത് വന്നിരുന്നു കാര്യം പറയും. ഏട്ടൻ അവിടെ വന്നിരുന്നാലും ഉണ്ണി ഇരിക്കുക തനിക്കൊപ്പം ആയിരുന്നു.. അതിനൊക്കെയുള്ള ദേഷ്യം ഏട്ടൻ ചെറിയ കാര്യങ്ങൾക്ക് പൊട്ടിത്തെറിച്ചു കൊണ്ട് തീർത്തു.

അമ്മയാണ് പറഞ്ഞത് അവർ രണ്ടും ഒന്ന് മനസ് തുറക്കണമെങ്കിൽ നീ ഒന്ന് മാറി നിൽക്കണമെന്ന്.. അങ്ങനെ കിട്ടിയ ജോലിയുമായി താൻ മാറി നിന്നു..

മാസത്തിൽ ഒരിക്കൽ വരുമ്പോൾ രണ്ട് മൂന്ന് ദിവസം നിന്നിട്ട് പോകും. അവൾ താൻ വരാൻ വേണ്ടി കാത്ത് നിൽക്കും. എന്നാൽ കഴിഞ്ഞ തവണ ഒഴിഞ്ഞു മാറുന്നത് പോലെ തോന്നി..

ചോദിച്ചിട്ട് ഒന്നും മിണ്ടാതെ ഊമയെപ്പോലെ ഇരുന്നു.. ദേഷ്യം വന്നു പിടിച്ചൊരു തള്ള് കൊടുത്തു.. പെണ്ണ് കുളത്തിലും വീണു നനഞ്ഞൊലിച്ചു കേറി വന്നു.. ഈ പരിപാടി മുൻപും ചെയ്തിട്ടുള്ളത് കൊണ്ട് ഒന്നും തോന്നിയില്ല..

ഇന്നലെ അമ്മയെ വിളിച്ചപ്പോഴാണ് പറഞ്ഞത് ഏട്ടൻ രണ്ട് ദിവസത്തേക്ക് എവിടെയോ മീറ്റിങ്ങിനു വേണ്ടി പോകുവാണെന്നു.. അത് പതിവാണ്.. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു. വീട്ടിൽ വിളിച്ചപ്പോൾ ഏട്ടൻ പോയെന്ന് അറിഞ്ഞു.

ഏട്ടനെ കൊണ്ട് വിടുന്നത് അടുത്തുള്ള പയ്യനാണ്. തിരിച്ചു വരുമ്പോൾ തന്നെ കൂടി പിക് ചെയ്യാൻ അവനോട് പറയണം എന്ന് ഏട്ടനോട് വിളിച്ചു പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഏട്ടൻ മുന്നിൽ...


"പോയില്ലേ.."എന്ന് ചോദിച്ചപ്പോൾ മീറ്റിംഗ് ക്യാൻസൽ ആയെന്ന് പറഞ്ഞു..

"നമുക്കൊന്ന് കൂടിയാലോ"എന്ന് ചോദിച്ചപ്പോൾ ഏട്ടനും സമ്മതിച്ചു..അവർക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന് അറിയുക തന്നെ ആയിരുന്നു എന്റെ ലക്ഷ്യം.  ഇടയ്ക്ക് ഓവർ ആകാതെ ഇങ്ങനെ കുറച്ചു കലാപരിപാടികൾ ഉണ്ടാകാറുണ്ട്..


തലയ്ക്കു പിടിച്ചപ്പോഴാണ് ഏട്ടന്റെ ഉള്ളിൽ നിന്ന് ചോദിക്കാതെ തന്നെ ഓരോന്ന് പുറത്തു വന്നത്.. അവളിതുവരെ ഏട്ടന്റെ ഭാര്യ ആയിട്ടില്ല പോലും.

അവളുടെ മനസ്സിൽ ഞാനാണ് എന്നൊക്കെ പറഞ്ഞിരുന്നു കരയുന്നു.. അത് കേട്ടപ്പോൾ സ്വന്തം ഏട്ടൻ ആണെന്ന് ഓർക്കാതെ കുത്തി മലർത്താൻ തോന്നിയതാണ്.. പക്ഷെ എന്റെ ചെവിയിൽ ഇരുന്ന ബ്ലൂടൂത്ത് ഹെഡ് സെറ്റിന്റെ അങ്ങേ തലയ്ക്കൽ ഒരാളുണ്ടായിരുന്നു.. എന്റെയും ഉണ്ണിയുടെയും സൗഹൃദത്തിൽ കുശുമ്പ് കുത്തുന്നവൾ.. അതിനേക്കാൾ ഞങ്ങളെ മനസ്സിലാക്കി കൂടെ നിൽക്കുന്നവൾ.. എന്റെ കുറുമ്പി.. ശീതൾ..

അവള് പറഞ്ഞത് കേട്ടാണ് ഇഷ്ടം ഇല്ലെങ്കിൽ പോലും ഞാൻ ഓരോന്ന് ചിക്കി ചികഞ്ഞത്...


മുറിയിൽ ഇരുവരും മൗനത്തിൽ ആണെന്നും ഇതുവരെ ശരിക്കൊന്നു സംസാരിച്ചിട്ട് കൂടി ഇല്ലെന്ന് ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി.. ഏട്ടന് അവളോട് അടുക്കാൻ അവസരങ്ങൾ ഒന്നും കിട്ടാറില്ല.. ഞാൻ അവിടെ ഇല്ലാത്തപ്പോൾ അവൾ സ്വന്തം വീട്ടിലേക്ക് ഓടും.. ഒറ്റ പുത്രി ആയതുകൊണ്ടാണ്  അവൾ വീട്ടിലേക്ക് ഓടുന്നത് എന്നായിരുന്നു  എല്ലാവരുടെയും വിചാരം. ഹോം സിക്ക്നെസ്സ്. പക്ഷെ ഏട്ടനിൽ നിന്ന് ഓടി ഒളിച്ചത് ആണെന്ന് കേട്ടപ്പോൾ വല്ലാതെ ഫീലായി..


ഞങ്ങൾ ഒരുമിച്ച് ഇരിക്കുന്നത് കാണുമ്പോൾ ഏട്ടന്റെ കുശുമ്പ് വർക്ക്‌ ഔട്ട് ആകും. അങ്ങനെ ഒരവസരത്തിലാണ് അവളോട്‌ അവന്റെ കൂടെ കൊഞ്ചാൻ ആയിരുന്നെങ്കിൽ എന്റെ ഭാര്യ ആവേണ്ട കാര്യം എന്താണെന്ന് ചോദിച്ചത് ....

അതവളെ തകർത്തു കളഞ്ഞിരുന്നു . അതോടെ ഉണ്ണി അഖിയോട് മിണ്ടാൻ ഭയപ്പെട്ടു.. തന്നോട് രഹസ്യമായി പറഞ്ഞത് അഭി ഉറക്കെ വിളിച്ചു കൂവിയാലോ എന്നോർത്ത്.. അതിനേക്കാൾ തങ്ങളുടെ സൗഹൃദത്തിൽ കളങ്കം ചാർത്താൻ ശ്രമിക്കുന്നതിലെ ഭയം ഒക്കെ കൊണ്ട് അവൾ തന്നിലേക്ക് ഒതുങ്ങി കൂടി..

അന്ന് കുളത്തിൽ നിന്ന്  നനഞ്ഞൊലിച്ചവൾ കയറി വന്നപ്പോൾ താൻ കളിയാക്കി അകത്തേക്ക് ഓടി. ഇല്ലെങ്കിൽ പെണ്ണ് എന്നെയും പിടിച്ചു തള്ളിയിടും.. അതെ സമയം ഏട്ടൻ വന്നതോടെ അത് അവരുടെ ലോകം എന്ന് കരുതി പിന്നെ അതിന്റെ പിന്നാലെ പോയില്ല.. പക്ഷെ അന്ന് ഏട്ടന്റെ വായിൽ നിന്ന് തന്നെയും അവളെയും ചേർത്ത് മോശമായ വാക്കുകൾ വന്നിരുന്നു എന്നും  അവൾ അടിക്കാൻ കൈ ഉയർത്തിയ നിമിഷം അവളുടെ കൈകൾ പിടിച്ചു താഴ്ത്തി ഏട്ടൻ അടിച്ചിരുന്നു എന്നും കേട്ടപ്പോൾ വീണ്ടും ഞാൻ ഞെട്ടി..


എനിക്ക് പെട്ടന്ന് തിരിച്ചു പോകേണ്ടി വന്നത് കൊണ്ട് ഞാനൊന്നും അറിഞ്ഞിരുന്നില്ല. അവളുടെ കവിളിലെ പാട് കണ്ടു അമ്മ ചോദിച്ചപ്പോഴാണ് ഏട്ടൻ പൊട്ടിത്തെറിച്ചത്.. അതോടെ അമ്മ ഓരോ ദിവസവും അവളുടെ കാര്യങ്ങൾ എന്നേ വിളിച്ചു പറയാൻ തുടങ്ങി.. ഭക്ഷണം കഴിക്കുന്നില്ല..ചിരിക്കുന്നില്ല.. മിണ്ടുന്നില്ല... എന്നിങ്ങനെ..

അപ്പോഴും ആർക്കും കാര്യമൊന്നും അറിയില്ലായിരുന്നു. അവളോട് സംസാരിച്ചു രണ്ടിനെയും ഒന്ന് സെറ്റ് ആക്കാൻ വേണ്ടി വന്ന എനിക്ക് മുൻപിൽ ബോധം ഇല്ലാതെ ഏട്ടൻ വിളിച്ചു കൂവിയത് ഒക്കെ കേട്ട് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു.  ഒക്കേത്തിനും കാരണം ഞാൻ ആണല്ലോ എന്നോർത്തിട്ട് ഉള്ള് വിങ്ങി ..

അവളോട് തുറന്നു സംസാരിക്കാൻ മനസ്സിൽ തോന്നിയെങ്കിലും ഒക്കെ അവൾ മറച്ചു പിടിച്ചല്ലോ എന്നൊരു വേദന ഉള്ളിൽ ഉണ്ടായിരുന്നു. അതിന്റെ ഇടയ്ക്കാണ് അവളുടെ മിണ്ടാപ്പൂച്ച നയം.. ദേഷ്യം വന്നു പോയി അതാണ് അടിച്ചത്.. നല്ലോണം വേദനിച്ചിട്ടുണ്ടാകും ..


ഏട്ടന്റെ കരച്ചിൽ ഇന്നലെ രാത്രി കണ്ടതോടെ മനസിലായി അവളോട്‌ എത്ര ഇഷ്ടം ഉണ്ടെന്ന്.. ഒന്ന് സംസാരിച്ചു തുടങ്ങാൻ ഇരുവർക്കും ഉള്ള ബുദ്ധിമുട്ട് ഇതുവരെ ശ്രദ്ധിക്കാതെ പോയതിൽ വേദന തോന്നി.. മുന്നെ തനിക്കിവളെ പറഞ്ഞു തിരുത്തമായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ.. അച്ഛനും അമ്മയും ഹാളിൽ ഉണ്ടായിരുന്നു...


"അഭിയേട്ട..."

അഖിയുടെ ശബ്ദം ഹാളിൽ മുഴങ്ങി.. ഉണ്ണി വേണ്ടെന്ന മട്ടിൽ കണ്ണീരോടെ  അവനെ നോക്കി..

എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ കാര്യം മനസ്സിലാകാതെ അഭി അഖിയെ നോക്കി..

"ഇവൾക്ക് ഏട്ടൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞിട്ട് വിശ്വാസം ഇല്ല.. അതാണ് വിളിച്ചു കാണിച്ചത്.."

അഖി എന്തെങ്കിലും വിളിച്ചു കൂവുമോ എന്ന് ഭയന്ന് നിന്ന ഉണ്ണിയുടെ ഉള്ളിൽ അത് കേൾക്കെ ഒരു തണുപ്പ് നിറഞ്ഞു. അഖി അവളെ നോക്കി കണ്ണിറുക്കി.. 


അഭി കാര്യം മനസ്സിലാവാതെ അവനെ നോക്കി..

"മീറ്റിംഗ് ക്യാൻസൽ ചെയ്തു ഏട്ടൻ തിരിച്ചു വന്ന  കാര്യം ഈ പൊട്ടി അറിഞ്ഞില്ല.."

അഖി അവളുടെ തലയ്ക്കിട്ടു കൊട്ടി.. അഭിലാഷിന്റെ കണ്ണുകൾ ഉണ്ണിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ തറഞ്ഞു നിന്നു..

ബോധം തെളിഞ്ഞ ഉടനെ ഏട്ടന്റെ ഉള്ളിലെ കരട് അഖി പൂർണമായും തുടച്ചു മാറ്റിയിരുന്നു.. അവന്റെ പക്കലുള്ള സ്യമന്തകമാണ് തനിക്ക് നൽകിയത് എന്ന് തിരിച്ചറിഞ്ഞ നിമിഷം അഭി അവരുടെ സൗഹൃദത്തെ സംശയിച്ചതിൽ ക്ഷമ ചോദിച്ചിരുന്നു.  താൻ പറഞ്ഞ വാക്കുകളിലെ മുള്ളുകളാണ് അവളെ ഇങ്ങനെ തളർത്തിയതെന്ന് ഓർക്കവേ അവന്റെ നെഞ്ചിടം പൊള്ളി..


അഖി അവളെ അഭിയുടെ നേർക്ക് തള്ളി.. അവളെ ഒന്ന് ചേർത്ത് നിർത്താൻ തന്റെ ഏട്ടൻ ആഗ്രഹിക്കുന്നത് പോലെ തോന്നിയിട്ട്..
അതിനെ ശരി വെയ്ക്കുന്നത് പോലെ തന്റെ നെഞ്ചിലേക്ക് ഇടിച്ചു നിന്നവളെ അഭി ഇരുകൈകൾ കൊണ്ടും മൂടി.. ആദ്യമായി അവരുടെ മിഴികൾ കൊരുത്തു..


"അച്ഛനും അമ്മയ്ക്കും ഇന്ന് എവിടെയോ പോകണം എന്ന് പറഞ്ഞില്ലേ? "

അഖി ചോദിച്ചപ്പോൾ.. കാര്യം മനസ്സിലായത് പോലെ വനജ ഭർത്താവിനെ തട്ടിക്കൊണ്ടു ഉടനെ ഇറങ്ങും എന്ന് പറഞ്ഞു..

ഉണ്ണി അഭിയെ അഭിമുഖീകരിക്കാൻ കഴിയാതെ മുറിയിലേക്ക് പോയി..

പിന്നാലെ മുറിയിലേക്ക് നടന്ന അഭിയെ അഖി പിടിച്ചു നിർത്തി ചെവിയിൽ പറഞ്ഞു..

"ഇനി ഒരിക്കൽ കൂടി ഞാനും ഇവളും തമ്മിലുള്ള സൗഹൃദത്തെ മോശമായി കണ്ട് എന്തെങ്കിലും പറഞ്ഞാൽ..  ഇവൾ എന്റെ കൂടെ ഉണ്ടാകാൻ വേണ്ടി നൽകിയ ഏട്ടത്തി സ്ഥാനം തിരിച്ചു മേടിച്ചിട്ട് നല്ല കിളി പോലെ ഉള്ള ആൺപിള്ളേരെ കൊണ്ട് കെട്ടിക്കും... കാണണോ..?"   

അഭി തെളിമയോടെ ഒന്ന് ചിരിച്ചു കൊണ്ട് തന്റെ ചെവിയിൽ പിടിച്ചു സോറി പോലെ  കാണിച്ചു..



"അവൾ ഒരു പൊട്ടി പെണ്ണാണ് ഏട്ടാ .. കലപില വെച്ച് നടക്കും എന്നേ ഉള്ളൂ.. എന്നെയും അവളെയും ചേർത്ത് ആരെന്തു പറഞ്ഞാലും അവൾ പതറും.. കാരണം അവളുടെ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരനും കൂടപ്പിറപ്പും ഞാൻ തന്നെയാ.. എനിക്ക് ഏട്ടനേക്കാൾ ഇഷ്ടം അവളെയാണ്.. ഏട്ടന്റെ സ്വഭാവത്തിന് ഒത്ത് അവൾക്ക് ഉയരാൻ കഴിയില്ല. അങ്ങനെ ഉയർന്നാൽ ചിരിച്ചു കളിച്ചു നടക്കുന്ന ഉണ്ണിയെ എനിക്ക് നഷ്ടപ്പെടും. അവൾ ഈ വീട്ടിൽ വന്നു കയറിയപ്പോൾ നിറഞ്ഞു നിന്ന സന്തോഷം എന്തോ അതെപ്പോഴും അവളിൽ ഉണ്ടാകണം.."

"മസിൽ പെരുപ്പിച്ചു.. ശ്വാസം വിടാതെ അവളോട് സംസാരിക്കാതെ, ഒരല്പം ചിരിയോടെ അവളുടെ കുഞ്ഞു കുഞ്ഞു കാര്യങ്ങളെ കുറിച്ച് ചോദിക്ക്... ഫോർ എക്സാമ്പിൾ.. വള.. മാല.. പൊട്ട്.. ഇജ്ജാതി കാര്യങ്ങൾ.."   

"ആ പെണ്ണ് വാ തുറന്നു കഴിഞ്ഞാൽ പിന്നെ പൂട്ടില്ല.. സത്യം.. ഞങ്ങൾ രാത്രി മുഴുവൻ പറഞ്ഞിരിക്കുന്നത് ഇത്തരം ഒരു അന്തവും കുന്തവും ഇല്ലാത്ത കാര്യങ്ങളാണ്.."

"ഞാനിപ്പോ അവളോട് എന്ത് ചോദിക്കാനാണ് അഖി.. എനിക്കതൊന്നും ശീലമില്ല..."

"ഒരു കാര്യം ചെയ്യൂ.. ഫോണിൽ ഡോറയോ ടോം ആൻഡ് ജെറിയോ പ്ലേ ചെയ്തിട്ട് ബെഡ്‌റൂമിൽ ഇരുന്നോ.. പെണ്ണ് പൊട്ടി ചിരിച്ചു കൊണ്ട് അടുത്ത് കൂടിക്കോളും..."

"പിന്നെ മെല്ലെ കെമിസ്ട്രിയും ബയോളജിയും ഒക്കെ തുടങ്ങിക്കോ..."

നവദമ്പതികൾക്ക് ക്ലാസ്സ്‌ നൽകിയ ചാരിതാർഥ്യത്തോടെ ജാഡ ഇട്ടുകൊണ്ട് അഖി റൂമിലേക്ക് പോയി.. അപ്പോഴും അവന്റെ ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഓൺ ആയിരുന്നു..


പിന്നിൽ അടഞ്ഞ വാതലിൽ അഭി ചാരി നിൽക്കുന്നത് ഏറു കണ്ണാലെ കണ്ട ഉണ്ണി വെപ്രാളത്തോടെ പറഞ്ഞു...

"എനിക്ക് എന്നും അഖി നല്ല ഫ്രണ്ടാണ്. ഞാൻ ഇനിയും അവന്റെ ഒപ്പം പോയിരിക്കും.. സംസാരിക്കും..."

അവളുടെ വാക്കിൽ നിറഞ്ഞു നിന്ന വേദന തിരിച്ചറിഞ്ഞ അഭി അവളെ പിന്നിലൂടെ പുണർന്നു കൊണ്ട് പറഞ്ഞു..

"എന്നോട് കാര്യം ഒന്നും പറയില്ലെന്നാണോ പെണ്ണെ... സോറി... ക്ഷമിക്കെടി.. ഒരു ചെറിയ ഈഗോ വന്നു പോയി..."

അഖി കൊടുത്ത വിശേഷപ്പെട്ട രക്നത്തെ അഭിലാഷ് തിരിച്ചറിഞ്ഞിരുന്നു..


നിറഞ്ഞ കണ്ണുകളോടെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു നിന്നു... പ്രണയവും സൗഹൃദവും രണ്ടാണെന്ന് അഭി തിരിച്ചറിഞ്ഞതിന്റെ ആനന്ദത്തോടെ ഇത്തവണ  അവൾ അവനോട് ചേർന്ന് നിന്നു.. ശുഭം.. ഒരാണും പെണ്ണും തമ്മിലുള്ള,  പ്രണയം തോന്നാത്ത സൗഹൃദവും ഉണ്ട്... എല്ലാ സൗഹൃദങ്ങളും പ്രണയം ആവുകയും ഇല്ല... സൗഹൃദം ഒരു സ്യമന്തകമാണ്... അമൂല്യമായ ഒന്ന്...


ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: Dp'S Writings


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top