കസേരയിലെ ഹാൻഡ് റെസ്റ്റിൽ വച്ചിരുന്ന അവളുടെ കൈക്കുമേൽ അപ്പുവിന്റെ കൈകൾ അമർന്നു...... കണ്ണുകൾ അവനിൽ മാത്രം തറഞ്ഞുനിന്നു.....
"""പറയുന്നത് ശെരിയാണോന്നോ ഇത് പറയാൻ പറ്റിയ സമയമാണോന്നോ എനിക്കറിയില്ല ദച്ചൂ... പക്ഷേ ആ അകത്തുകിടക്കുന്നത് എന്റെ മോളാ എന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് എന്റെ കയ്യിൽപിടിച്ച് പിച്ചവെച്ച് നടന്ന എന്റെ കുഞ്ഞാ അത്...
ഇനി എന്റെ മോൾക്ക് പേടിയില്ലാതെ ഒരു ദിവസം പോലും ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.... അവൾക്കിനി ഞാൻ വേണം ദച്ചൂ.... കൂടെ കൂട്ടുവാ നിന്നെയും മോളെയും ഞാൻ.....""" ഒരു നിമിഷം സ്തംഭിച്ചിരുന്നു.... കൈകൾ വലിച്ചെടുത്തു...
""ഇപ്പഴും ഞാൻ പറയുന്നു ഒന്നും പിടിച്ച് വാങ്ങില്ല നിന്റെ സ്നേഹമോ ഇഷ്ടമോ പ്രണയമോ ഒന്നും..... പക്ഷേ എന്റെ മോള് സുരക്ഷിതയായിരിക്കണം നീയും....""
""മോൾക്ക് ബോധം വന്നു ആ കുഞ്ഞിന്റെ അച്ഛനാരാ അന്വേഷിക്കുന്നുണ്ട്.... രണ്ട് പേർക്ക് കയറി കാണാം..."" അപ്പു അവിടെ കൂടി നിൽക്കുന്ന എല്ലാവരെയും നോക്കിക്കൊണ്ട് ദച്ചുവിന്റെ കയ്യിൽ കൈചേർത്തുപിടിച്ചു... എല്ലാവരിലും പുഞ്ചിരി മാത്രമായിരുന്നു.....
""മാളൂഷേ....""
അ...ച്ഛേ...
""ഉവ്വാവ് മാറിയോ അച്ഛേടെ പൊന്നിന്റെ....??? "" കുഞ്ഞുകണ്ണുകളിൽ പുഞ്ചിരി തിളങ്ങി
""മഹിമാമ മോളേ അടിച്ചു... നല്ല അടി കൊടുക്കണേ അച്ഛേ മാമയ്ക്ക്....""
""ഹാ ബെസ്റ്റ് അച്ഛയ്ക്ക് ഒരടി അടിക്കാൻ പോലും പറ്റാത്ത കോലത്തിൽ ആക്കിയില്ലേ നിന്റെ മഹിമാമയെ ഈ അമ്മ..."" ദച്ചുവപ്പോൾ മാളൂട്ടിടെ തലമുടിയിഴകളിലൂടെ വിരലോടിക്കുകയായിരുന്നു....
""കൊന്നോ..."" ചാടി എഴുന്നേറ്റ് കൊഞ്ചി വാപൊത്തി ചിരിച്ചുകൊണ്ടവള് ചോദിച്ചു.... ബെഡിൽ എഴുന്നേറ്റ് നിന്ന് അപ്പുവിന്റെ മേലേക്ക് ചാഞ്ഞു....
""കൊന്നില്ല ഏകദേശം ആ പരുവത്തിൽ ആക്കി വച്ചിട്ടുണ്ട് നമ്മടെ അമ്മ.....""" നോട്ടം ദച്ചുവിൽ തന്നെ ഉടക്കി നിന്നു.... ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു... ഒരു കൈകൊണ്ട് അവളെയും ചേർത്ത് നിർത്തി....
""അച്ഛേ.... നമ്മക്ക് നമ്മടെ വീട്ടിൽ പോകാമേ.... മോളെ ആർക്കും ഇഷ്തല്ല വെറുതെ അടിച്ചും ചീത്തേം പറയും... കൊന്തോവ്വോ മാളൂട്ടീനേം...."" അവള് അപ്പുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു...
""കൊണ്ടോവും മാളൂട്ടിനെയും അമ്മേനേം കൊണ്ടോവും ട്ടോ...."" വാക്കുകൾ ഉറച്ചതായിരുന്നു....
ദച്ചു മുഖമുയർത്തി അവനെത്തന്നെ നോക്കി....
റൂമിലേക്ക് മാറ്റിയപ്പോ ഓരോരുത്തർ മംഗലത്തേക്ക് പോകാനായി നിന്നു....
""അച്ഛാ....""
ആദ്യമായിട്ടായിരുന്നു ശ്രീധരനെ അപ്പു അങ്ങനെ വിളിക്കുന്നത്...
""എനിക്ക് വേണം ഇവളെയും മോളെയും... ദച്ചു സമ്മതിക്കും.... തന്നേക്കാവോ...."" ശ്രീധരൻ അവന്റെ തോളിൽ ഒന്ന് തട്ടി അവന്റെ കൈകളെ കൈകളിൽ എടുത്തുപിടിച്ചു..... അതിലുണ്ടായിരുന്നു പൂർണ്ണസമ്മതം.... ദച്ചു എല്ലാം കണ്ട് അനക്കമറ്റിരുന്നു....
❇️❇️❇️
മോൾക്ക് എന്തായിരുന്നു...??? കൊടുത്തുകൊണ്ടിരിക്കുന്ന നാരങ്ങയല്ലി മാളൂട്ടിടെ കൈകളിൽ കൊടുത്ത് അപ്പു ദച്ചുവിനെ തിരിഞ്ഞുനോക്കി.... ജനലഴികളിൽ പിടിച്ച് പുറത്തേക്കാണ് നോട്ടം....
""പനിയല്ലായിരുന്നോ കുഞ്ഞി കുട്ടികളിൽ ചിലപ്പോ ഇങ്ങനെ ഉണ്ടാകും ചെറിയൊരു അപസ്മാരം പോലെ... പേടിക്കണ്ട ഇനി ഉണ്ടായിക്കോളണം എന്നൊന്നുമില്ല പെട്ടന്ന് അവൻ നിന്നെ ഉപദ്രവിക്കുന്നതൊക്കെ കണ്ടതുകൊണ്ടാകും....."" ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ദച്ചു ജനൽകമ്പികളിൽ മുറുകെ പിടിച്ച് നിൽക്കുകയായിരുന്നു.....
""ദച്ചൂ...."" കൈകൾ തോളിലമർന്നു....
""ഇനിയൊരു പ്രണയം എന്നിലുണ്ടാകുമെന്ന് അപ്പുവേട്ടന് തോന്നുന്നുണ്ടോ...???
പ്രണയം അതിന്റെ എല്ലാ തീവ്രതയോടും കൂടി ഞാൻ അനുഭവിച്ച് കഴിഞ്ഞിരിക്കുന്നു, പ്രണയം അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി തിരിച്ച് പകർന്നും കഴിഞ്ഞിരിക്കുന്നു...
ഇനിയെന്നിൽ ഒരുനുള്ള് പ്രണയംപോലും അവശേഷിക്കുന്നില്ല അപ്പുവേട്ടാ....."" തീർത്തും സൗമ്യമായിരുന്നു ഓരോ വാക്കുകളും...
മറുപടിയൊന്നും കേൾക്കാഞ്ഞപ്പോ തിരിഞ്ഞുനോക്കി ഡോർ തുറന്ന് ഇറങ്ങിപ്പോകുന്ന അപ്പുവേട്ടനെയാണ് കണ്ടത്...... മാളൂട്ടിയുടെ അരുകിൽ ചെന്നിരുന്ന് ബാക്കിവന്ന നാരങ്ങ പൊളിച്ചു കൊടുത്തു...
""അച്ഛ കൂടെ പോകാമേ അമ്മേ സാവിയച്ചമ്മേം മഹിമാമയും ഒന്നും ചെയ്യില്ല അച്ഛാ പോലീസ് അല്ലേ... അവരൊക്കെ ഓടിക്കോളും..."" കണ്ണ് ചിമ്മി വാപൊത്തി ചിരിച്ചുകൊണ്ടവള് വീണ്ടും കിണുങ്ങി പറഞ്ഞു..... ദച്ചു ആ കുഞ്ഞുമുഖത്താകെ തലോടി.. താടിയിലെ കുഞ്ഞു ചുഴിയിൽ ഒന്ന് വിരലോടിച്ചു....
""മഹി റിക്കവർ ആയിട്ടുണ്ട് പേടിക്കാനൊന്നും ഇല്ലാന്നാ പറഞ്ഞത് തലയ്‌ക്കേറ്റ അടികൊണ്ടാണെന്ന് തോന്നുന്നു വലതുഭാഗത്തിന് തളർച്ചയുണ്ടെന്നാ പറഞ്ഞത്...."" പിറകിൽ നിന്നുമുള്ള ശബ്ദംകേട്ട് തിരിഞ്ഞുനോക്കി
""രക്ഷിച്ചു ല്ലേ അപ്പുവേട്ടാ..... എന്തിനായിരുന്നു അവിടെ കിടന്ന് ചത്തോട്ടെന്ന് വിചാരിച്ചാൽ പോരായിരുന്നോ....."" കൂസലില്ലാത്ത പറിച്ചിൽ ഒപ്പംതന്നെ അവള് മാളൂട്ടിക്ക് നാരങ്ങ കൊടുത്തോണ്ട് നിന്നു...
""ഇന്നലയെ ചോദിക്കണമെന്ന് വിചാരിച്ചു എന്താ സംഭവിച്ചത് അവനെങ്ങനെയാ അകത്തുകടന്നത്..?? താൻ കതക് അടച്ചില്ലായിരുന്നോ....""
""കതക് എല്ലാം അടച്ചതാ ഒന്നിനുവേണ്ടിയും പിന്നെ തുറന്നിട്ടുമില്ല..... ജോലിക്കായി പുറത്തേക്ക് പോയെന്ന് വിശ്വസിപ്പിച്ചവൻ അതിനകത്തുതന്നെ ഉണ്ടായിരുന്നു അച്ഛമ്മേടെ മുറിയിലെ കട്ടിലിന്റെ ചുവട്ടിൽ അതും രാവിലെമുതൽ.....
മോൾക്ക് സുഖമില്ലാതെ രാവിലെ ഹോസ്പിറ്റലിൽ കൊണ്ടുപോണത് കണ്ടപ്പോഴാ അവന് സംശയം തോന്നിയതത്രെ ഞങ്ങൾ രണ്ടും വീട്ടിൽ തന്നെ നിൽക്കുമെന്ന്....."" പറയുമ്പോൾ തീർത്തും ശാന്തതയായിരുന്നു.... എല്ലാത്തിനെയും എല്ലാവരെയും ഭയന്നിരുന്നു ആ പെൺകുട്ടിയിലെ മാറ്റത്തെ നോക്കി കാണുകയായിരുന്നു അപ്പു....
അച്ഛേ പൂവാം...?? നടന്ന് ചെന്ന് മാളൂട്ടിടെ അരികിലിരുന്നു....
""പോവാട്ടോ വൈകീട്ടാവുമ്പോഴേക്കും പോകാം....""
❇️❇️❇️❇️
""മോളെ ഡിസ്ചാർജ് ചെയ്തു ഞങ്ങൾ വീട്ടിലേക്ക് പോകുന്നു...."" ഓപ്പറേഷൻ തിയേറ്ററിനുമുന്പിലെ കസേരയിൽ സാവിത്രിക്കൊപ്പം ദച്ചു ഇരുന്നു....
""കൊല്ലണം എന്ന് കരുതിതന്നെ ചെയ്തതാ... ചാവാഞ്ഞത് നന്നായി അത്ര പെട്ടന്ന് ചത്താൽ പിന്നെന്താ ഒരു രസം അല്ലേ അപ്പേ.... നരകിച്ച് ചാവണം.... ഇനി ഒരു പെണ്ണിന്റെയും ഉടുമുണ്ടൂരരുത് അവൻ....
നിങ്ങടെ തെറ്റാണ് സാവിത്രിയപ്പേ ഇരുപത്താറ് വയസ്സുള്ള സ്ത്രീയും നാല് വയസ്സുള്ള പെൺകുഞ്ഞും ആ ചെകുത്താന് ഒരുപോലെയാ....
ഭർത്താവില്ലാതെ അച്ഛനില്ലാതെ ജീവിക്കുന്ന പെൺകുട്ടികളെ കാണുമ്പോ അതൊരു അവസരമായിട്ടല്ല കാണേണ്ടതെന്ന് മകനെ ഒന്ന് പറഞ്ഞ് മനസിലാക്കിയേക്ക്...""" നടന്നകലുന്ന ദച്ചുവിനെ സാവിത്രി ഇരുന്നിടത്തുനിന്നും എഴുന്നേറ്റുനിന്ന് നോക്കികൊണ്ടിരുന്നു....
❇️❇️❇️❇️
കുഞ്ഞാവ വലുതായോ അച്ഛേ...???
""പിന്നേ ഒറ്റ ദിവസം കൊണ്ട് എന്റെ മാളൂഷിനേക്കാൾ പൊക്കം വച്ചു... പിന്നെ ഉക്കൂളിലും പോയിത്തുടങ്ങി....""
""ആണോ അച്ഛേ...."" കറുത്ത പീലികൾ തിങ്ങിനിറഞ്ഞ കണ്ണുകൾ വിടർത്തിപ്പിടിച്ച് ചിമ്മിക്കൊണ്ടവൾ അപ്പുവിനെ നോക്കി..
""പിന്നല്ലാതെ.... മാളൂഷിന് നാളെ മുതൽ വാവാച്ചിടെ കൂടെ തന്നെ നിൽക്കാമേ...."" പറഞ്ഞുകൊണ്ട് ഇടംകണ്ണിട്ടൊന്ന് ദച്ചുവിനെ നോക്കി വഴിയോരകാഴ്ചകളിലേക്കാണ് കണ്ണുകൾ... കാർ മംഗലത്തെ ഗേറ്റിനു പുറത്ത് നിർത്തി....
""നാളെ ഞാൻ കൂടെ കൂട്ടുവാ നിങ്ങളെ രണ്ടാളെയും.... നിന്റെ സമ്മതം ഞാൻ ചോദിക്കുന്നില്ല ദച്ചു.... നിനക്കും മോൾക്കും ആരെയും ഭയക്കാതെ എന്റെ വീട്ടിൽ നിൽക്കാം... എനിക്ക് ട്രാൻസ്ഫർ ആണ് എറണാകുളത്തേക്ക്... പക്ഷേ ഒരുത്തനും നിന്നെ മോശമായ കണ്ണുകൊണ്ട് കാണരുത് അതുകൊണ്ട് മാത്രം ചെറിയൊരു ചടങ്ങ്.. ഒരിക്കലും നിന്നെ ഞാൻ ഉപദ്രവിക്കില്ല "" തിരിച്ചൊന്നും പറഞ്ഞില്ല മോളെയും തോളിലിട്ട് വീട്ടിലേക്ക് കയറി....
കല്യാണത്തിനുള്ള കുഞ്ഞുകുഞ്ഞൊരുക്കങ്ങൾ ആ വീട്ടിനുള്ളിൽ നടക്കുന്നുണ്ടായിരുന്നു... ഊണ് മേശയ്ക്കരുകിൽ സുഭദ്രാപ്പയെയും ദാസവല്യച്ഛനെയും കണ്ടു....
"""കല്യാണം കൂടാൻ വന്നതാവുംലെ....??? മോളെ സുഭദ്രാപ്പയുടെ കൈകളിലേക്ക് വച്ചുകൊടുത്തു....
വല്യച്ഛൻ ഭക്ഷണം ഒന്നും കഴിക്കാറില്ലേ ആകെ ക്ഷീണിച്ചല്ലോ.... നിങ്ങളിരിക്ക് ഞാനൊന്ന് പോയി കുളിച്ച് മാറ്റിവന്ന് ചായ ഇട്ടുതരാം...."""" പടികൾ കയറിപ്പോകുന്ന ദച്ചു അവിടാർക്കും പരിചയം ഇല്ലാത്തൊരുവളായിരുന്നു.....
രാത്രി എല്ലാവർക്കൊപ്പവും നടുമുറിയിൽ ഇരുന്നു... ധനു അവളുടെ കൈകളിൽ മൈലാഞ്ചി അണിഞ്ഞുകൊടുത്തു... മറുത്തൊരക്ഷരം മിണ്ടിയില്ല എല്ലാത്തിനും കൂടികൊടുത്തു... മാളൂട്ടിടെ നീട്ടി പിടിച്ച കുഞ്ഞുകൈവെള്ളയിൽ സുഭദ്രയും..
ശ്രീധരൻ ദച്ചുവിന്റെ കൈകളിലേക്ക് ഒരു കവർ വച്ചുകൊടുത്തു.. തുറന്നുനോക്കി ചുവന്ന പട്ടുസാരി.... വാങ്ങി കയ്യിലേക്ക് പിടിച്ചു.... ഫ്രിഡ്ജിലേക്ക് എടുത്ത് വയ്ക്കാൻ ഒരുകെട്ട് മുല്ലപ്പൂ ധനുവിനെയും ഏല്പിച്ചു.... പതിയെ എഴുന്നേറ്റ് നടന്നു.... തിരിഞ്ഞുനിന്ന് മാളൂട്ടിയെ ഒന്ന് നോക്കി.... കൈകളിലെ മൈലാഞ്ചി ചുവക്കാൻ കാത്തിരിക്കുകയാണ്.... കുഞ്ഞുകൈവെള്ളയിലേക്ക് ഊതി ഊതി കൊടുക്കുന്നുണ്ട്.....
""ഇത് ചോക്കുമല്ലോ മുത്തച്ചീ ഇത്തിരി കയ്യട്ടെ മോള് കാണിച്ച് തരാമേ...."" ചവച്ചരച്ച വെറ്റില കൊളാംമ്പിയിലേക്ക് മുറുക്കിത്തുപ്പുന്ന ജാനകിയെ നോക്കി മാളൂട്ടി കളിപറയുകയാണ്.... ആ വയസ്സായ സ്ത്രീ ആ കുരുന്നിനെനോക്കി ചിരിച്ചുകൊണ്ട് തലകുലുക്കുന്നുണ്ട്....
ഒരിക്കൽക്കൂടി എല്ലാവരുടെ മുഖത്തേക്കും മാറി മാറി നോക്കി എല്ലാവരിലും നിറഞ്ഞ സന്തോഷം.... മുറ്റത്ത് നിലാവെളിച്ചത്ത് വിച്ചു നിൽക്കുന്നതുപോലെ.... അവൻ ഉയർന്നുയർന്ന് മുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.... ഓടി പടികൾ കയറി വിച്ചുവിന്റെ മുറിയുടെ കതകടച്ചു.... ജനൽ പാളികൾ തുറന്നിട്ടു....
"""വിച്ചേട്ടാ....""" ഉമിനീർവറ്റിയ ചുണ്ടുകൾ തുരുമ്പിച്ച ഇരുമ്പുകമ്പിയിൽ അമർന്നു...
"നോവുന്നു വിച്ചേട്ടാ.... പ്രാണൻ പോകുന്ന വേദന.... സ്വയം ശപിച്ചുപോകുന്നു... എന്നെപ്പോലൊരു പാഴ്ജന്മം.... ആരുമാരും എന്നെ കേൾക്കുന്നില്ല.... ഇനിയൊരിക്കലും നാമ്പിടാൻ കഴിയാത്തവണ്ണം നശിച്ചുപോയൊരു പ്രണയത്തെ ഞാൻ എങ്ങനെ അപ്പുവേട്ടന് നൽകും.... അപ്പുവേട്ടന്റെ ഒന്നും പ്രതീക്ഷിക്കാതെയുള്ള പ്രണയത്തിനുമുൻപിൽ നീറി നീറി ഞാൻ മരിച്ചുപോകും...." ഹൃദയം ഉറക്കെ നിലവിളിച്ചു....
ചുണ്ടിൽ നേർത്തൊരു പുഞ്ചിരി തെളിഞ്ഞു.... എന്തോ ഒരു മന്ദഹാസം....
""ദച്ചൂട്ടിയെ കിടന്നോ നീയ്യ്...??? ഇല്യാച്ചാൽ കിടന്നോ നാളെ രാവിലെ അപ്പു കൂട്ടാൻ വരും....""
"മ്മ്മ്ഹ്ഹ്..." ഒന്ന് മൂളി മുറിയിലെ ലൈറ്റ് അണച്ചു......
തുടരും....
©️Anjali mohan
രചന :: അഞ്‌ജലി മോഹൻ
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
