ഒരകലം പാലിച്ച് ബൈക്കിൽ കയറി ഇരുന്നവളെ അപ്പു ഒന്ന് നോക്കി....
""ഇങ്ങനെ ഇറുകെ പിടിക്കല്ലേ ദച്ചൂ ശ്വാസം മുട്ടിയിട്ട് ഏട്ടൻ എങ്ങനെയാ വണ്ടി എടുക്കുവാ...?? പിന്നെയും കണ്ണുകൾ മുറുക്കെ ചിമ്മിയവൾ അവന്റെമേൽ ചാഞ്ഞുകിടന്നു.... 'പേടിയാ നിക്കി'...""" നിറഞ്ഞ കണ്ണുകൾ തുടച്ചവൻ ഓർമകൾക്ക് വിട നൽകി....
ബേബിയമ്മയും അമ്മുവും ആ കാഴ്ച കണ്ടുനിൽക്കാനാവാതെ കണ്ണീരോടെ അകത്തേക്ക് കടന്നു....
""ച്ഛാ.. ച്പീഡിൽ പോ...""
""വേണ്ട വാവേ മെല്ലെ പോകാം ഇപ്പം എത്തും..."" കണ്ണിനുമുന്നിലെ കാഴ്ചകൾക്ക് മങ്ങലേറ്റ് കണ്ണുനിറഞ്ഞ് ഒഴുകിയിറങ്ങി... രണ്ട് വളവിനപ്പുറമുള്ള മംഗലത്ത് തറവാടിനുമുന്നിൽ ബൈക്ക് ചെന്ന് നിന്നു.... വണ്ടിക്കുമേൽ തന്നെ ഇരുന്ന് അപ്പു മാളൂട്ടിയെ മുറ്റത്തേക്ക് ഇറക്കി..... ദച്ചു ഇറങ്ങി വീടിനുചുറ്റും ഒന്ന് നോക്കി.... കലങ്ങി മറിഞ്ഞൊഴുകിയ കണ്ണുകൾ ഷർട്ടിന്റെ കോളറിൽ തുടച്ചുകൊണ്ടവൻ ദച്ചുവിനെതന്നെനോക്കി.....
പോട്ടെടോ....???
മ്മ്മ്ഹ്ഹ്... അപ്പുവേട്ടനെ ഞാൻ ഒത്തിരി ബുദ്ധിമുട്ടിച്ചൂലെ..?? ചെയ്ത് തന്ന എല്ലാസഹായങ്ങൾക്കും നന്ദി.... എന്റെമോളെ പൊന്നുപോലെ നോക്കിയതിന്, ഒരു ബന്ധവും ഇല്ലാഞ്ഞിട്ടുകൂടെ എനിക്കൊപ്പം നിന്നതിന്.... എല്ലാത്തിനും നന്ദി...
""മ്മ്മ്ഹ്ഹ്..."" ഒട്ടും തെളിച്ചമില്ലാത്ത ഒരു ചിരി ചുണ്ടുകളിൽ തങ്ങി നിന്നു.... മോളെ ഒന്നുകൂടി എടുത്തുയർത്തി വണ്ടിക്കുമുന്നിൽ അവനെ നോക്കികൊണ്ടിരുത്തി....
അച്ഛ പോട്ടെ....??? കുഞ്ഞുകവിൾത്തടങ്ങളിൽ ഉമ്മ വച്ചു.... ഒളിപ്പിച്ചുനിർത്തിയ കണ്ണുനീർ അറിയാതെ താഴേക്ക് പതിച്ചു.... ഒരുതരം നിർവികാരതയോടെ ദച്ചു ആ കാഴ്ച കണ്ടുനിന്നു.... നോട്ടം തന്നിലേക്ക് പതിക്കുമെന്ന് തോന്നിയപ്പോൾ കണ്ണുകൾമാറ്റി തുളസിത്തറയിലേക്ക് നോക്കി......
ഒരാഴ്ച മുമ്പ് വരെ തന്നെമാത്രം നോക്കികൊണ്ടിരുന്നു കണ്ണുകൾ മനഃപൂർവം തന്നിൽനിന്നും ഒഴിഞ്ഞുമാറുന്നത് കണ്ടപ്പോൾ മുറിഞ്ഞ ഹൃദയത്തിൽ സൂചി കുത്തിയിറങ്ങുന്നപോലൊരു വേദന.... മോളെ മുറ്റത്തേക്ക് തന്നെ ഇറക്കിവച്ചു.....
""ഇടയ്ക്ക് അങ്ങോട്ടേക്ക് വരണം.... മോളില്ലാതെ ഇനി അങ്ങോട്ട് എങ്ങനെയാണെന്ന് പോലും ചിന്തിക്കാൻ വയ്യെനിക്ക്...."" കുഞ്ഞിനെ വിട്ടുപിരിയേണ്ടി വരുന്ന ഒരച്ഛന്റെ മാനസിക പ്രയാസം തന്നെയായിരുന്നു വാക്കുകളിൽ....
"മ്മ്മ്ഹ്ഹ്...." തലതാഴ്ത്തി ഒന്ന് മൂളി
അവൻ പോകുന്നതും നോക്കി മോളെ കൈകളിലേക്ക് എടുത്തു.......
എന്റമ്മോ... ഈ മനുഷ്യൻ ഇപ്പം തന്നെ കൊന്നേനെലോ എന്താണ് മനുഷ്യ കണ്ണ് കാണണില്ലേ....??? ക്ലാസ്സ് കഴിഞ്ഞ് വന്ന ധനു അപ്പുവിന്റെ വണ്ടിക്കുമുൻപിലാണ് വന്ന് ചാടിയത്...
എന്തുപറ്റി...??? അവന്റെ നിറഞ്ഞിരിക്കുന്ന കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..... എന്തേലും പ്രശ്നം ഉണ്ടോ... എന്തേലും വിഷമം ഉണ്ടായോ അപ്പുവേട്ടാ...???
""വിഷമം അല്ല സന്തോഷം ഉള്ള കാര്യാ... നിന്റെ ദച്ചുച്ചേച്ചിടെ അസുഖൊക്കെ മാറി തിരിച്ചുവന്നിട്ടുണ്ട്.... ഞാൻ അവളേം മോളെയും കൊണ്ടാക്കാന വന്നത്....""
അപ്പം സന്തോഷം കൊണ്ടാണോ പോലീസുകാരന്റെ കണ്ണിങ്ങനെ നിറഞ്ഞിരിക്കുന്നത്....???
""അത് പൊടി അടിച്ചിട്ടാ കൊച്ചേ.... വീട്ടിലേക്ക് കയറിപൊക്കോ ചേച്ചി അവിടെ കാത്തിരിക്കുന്നുണ്ടാകും..... ഞാൻ പോട്ടെ ഒന്ന് രണ്ടിടങ്ങളിൽ പോകാനുണ്ട്.....""
""അന്നും അവള് ഒരാളെ മാത്രമേ സ്നേഹിച്ചിരുന്നുള്ളു അപ്പുവേട്ടാ അവളുടെ വിച്ചേട്ടനെ.... ചേച്ചിടെ മനസ്സിൽ ഈ അപ്പു ഉണ്ടായിട്ടേയില്ലാ....""" പോവാൻ തുടങ്ങിയ അവനുമുന്നിൽ തടസ്സമായി നിന്നുകൊണ്ട് ധനുവത് ഓർമിപ്പിച്ചു... വീണ്ടും കണ്ണുകൾ അനുസരണക്കേട് തുടങ്ങുമെന്ന് മനസിലായി.....
""ഞാൻ പോട്ടെ...?? എന്ത് ആവശ്യണ്ടേലും വിളിച്ചാമതി..."" ദൂരേക്ക് മറയുന്നതിനിടയിൽ നിറഞ്ഞ കണ്ണുകളവൻ തുടച്ചുമാറ്റുന്നത് ധനു കണ്ടുനിന്നു....
❇️❇️❇️❇️
""ഡീ ചേച്ചീ...."" ഓടിചെന്ന് ധനുവവളെ വാരിപ്പുണർന്നു.... രണ്ടുപേരും സന്തോഷം കൊണ്ട് കരഞ്ഞുപോയി....
""ചിറ്റേടെ മാളൂഷേ എന്താണ് പന്തംകണ്ട പെരുച്ചാഴിയെപ്പോലെ.... ബാ.... നൊച്ചട്ടേ... """ ഒക്കത്തേക്ക് എടുത്തപാടെ മാളൂട്ടി ധനുവിന്റെ കഴുത്തിൽ ചുറ്റിപിടിച്ചു....
""ഇടയ്ക്ക് അപ്പുവേട്ടൻ ഇങ്ങോട്ട് കൊണ്ടോരും അതാ ഈ അടുപ്പം..... ഇവള് ജനിച്ചപ്പോ സുഭദ്രാപ്പ ഇങ്ങോട്ടേക്കു കൊണ്ടുവരാൻ കുറെ നോക്കി..... പക്ഷേ നീ സമ്മതിച്ചില്ല.... പിന്നെ നിന്നെ ചികിത്സാലയത്തിൽ ആക്കിയപ്പോ ഇവളെ ഇങ്ങോട്ട് കൂട്ടി... അപ്പുവേട്ടനെ കാണാതെ കരഞ്ഞു കരഞ്ഞവസാനം പനി പിടിച്ച് ആശുപത്രിയിൽ കിടന്നു ഈ കുറുമ്പി.... ഒടുക്കം അപ്പുവേട്ടൻ തന്നെ കൊണ്ടോയി...
അത്രയ്ക്കുള്ള അടുപ്പമുണ്ട് ഈ കുരുന്നുമായിട്ട് ആാാ പോയ മനുഷ്യന്...."" ധനു പറഞ്ഞുകഴിഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ വഴിയിലേക്ക് നീണ്ടു.....
ഇവിടാരും ഇല്ലേ ധനുമോളെ...??
""ഇപ്പം ആരുമില്ല എല്ലാരും രാവിലെ കുടുംബക്ഷേത്രത്തിൽ പോയതാ... എത്താൻ ആവുന്നു നീ വാ.... കുറെ പറയാനുണ്ട്.... ഇവിടെ എന്തൊക്കെ സംഭവിച്ചെന്നോ..... കുറച്ച് നാളായി സുഭദ്രാപ്പയും വല്യച്ചനും ഇവിടെ ഉണ്ട്... പിന്നേ എന്താന്ന് വച്ചാൽ മഹിയേട്ടനും സാവിത്രിയപ്പേം വരെ തിരികെ വന്നു ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട്...."" കേട്ടിട്ടും ഒന്നും തോന്നിയില്ല കാലങ്ങൾ മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ..... മാളൂട്ടി വീട് പരിചിതമായതുകൊണ്ട് അവിടമാകെ ഓടി കളിക്കുന്നുണ്ട്....
പതിയെ നടന്ന് മുകളിലെ വിച്ചുവിന്റെ മുറിക്കുള്ളിലേക്ക് ചെന്നു..... അവന്റെ ഗന്ധം നാസികയ്ക്കുള്ളിലൂടെ തുളഞ്ഞു കയറി....
ഇനി തന്റെ തോന്നലായിരിക്കുമോ..... അറിയില്ല എങ്കിലും കണ്ണടച്ച് തന്റെ പ്രിയപ്പെട്ടവന്റെ ഗന്ധം ആസ്വദിച്ചു.... അലമാര തുറന്ന് അവന്റെ വസ്ത്രങ്ങളിലൂടെ കയ്യോടിച്ചു..... ആ മുറിക്കുള്ളിലെ ചുമരിൽ ചിരിച്ചു നിൽക്കുന്ന മീനുട്ടിടേയും വിച്ചേട്ടന്റെയും തന്റെയും ഫോട്ടോയിലൂടെ കൈകൾ ഓടിച്ചു.... ഉടുത്തിരുന്ന സാരിത്തുമ്പുകൊണ്ട് അതിൽ പറ്റിപിടിച്ചിരുന്ന പൊടി തുടച്ചുമാറ്റി...
കിലുങ്ങുന്ന പാദസരവും ഇട്ടവൾ ഓടിവന്ന് ദച്ചുവിന്റെ കാലിൽ ചുറ്റിപിടിച്ചു.... ദച്ചു കുനിഞ്ഞ് മാളൂട്ടിയെ എടുത്തു....
ഇതാരാണെന്ന് അറിയാമോ അമ്മേടെ വാവയ്ക്ക്....??? ഫോട്ടോയിലേക്ക് ചൂണ്ടി കാണിച്ച് വെറുതെ ചോദിച്ചു....
""അമ്മാ, ച്ഛാ , കുഞ്ഞാബാ...."" പറഞ്ഞുകൊണ്ട് കുഞ്ഞിപ്പല്ല് കാണിച്ചവൾ ചിരിച്ചു.....
""അവൾക്കറിയാം ദച്ചുചേച്ചി അപ്പുവേട്ടൻ തന്നെയാ പറഞ്ഞുകൊടുത്തത്.... ഇങ്ങോട്ടേക്കു വന്ന് കഴിഞ്ഞാൽ പത്തു മിനിട്ടോളം ഈ മുറിയിൽ വന്നിരിക്കും.... ആരുടേയും ഒന്നും തട്ടിയെടുത്ത് സ്വന്തമാക്കാൻ ആ മനുഷ്യനാവില്ല...."" അവളവസാനമായി പറഞ്ഞ വരികളിൽ കെട്ട് പിണഞ്ഞുകിടന്നു ദച്ചുവിന്റെ ചിന്തകൾ....
വാ താഴെ അവര് വന്നുവെന്ന് തോന്നുന്നു.... മോളെയുമെടുത്ത് ധനു മുന്നിൽ ഇറങ്ങി.... ദച്ചു പിന്നാലെയും.... തന്നെ കാണുമ്പോൾ സന്തോഷം കൊണ്ട് പ്രകാശം നിറയുമെന്ന് കരുതിയ മുഖങ്ങളിലൊന്നും അത് കണ്ടില്ല.... ഓടിച്ചെന്ന് അച്ഛനെ വാരിപ്പുണർന്നു....
""അസുഖൊക്കെ മാറിയോ ആവോ....."" ജാനകി ആയിരുന്നു.... വാക്കുകളിലെ പുച്ഛം കേട്ടവൾ അച്ഛമ്മയെ തന്നെ നോക്കി... നടന്ന് അരികിൽ ചെന്നു....
""മാറി..."" ആ ചുളിവുവീണ കൈകളിൽ ഒന്ന് പിടിച്ചു... അവരാ കൈകൾ തട്ടിയെറിഞ്ഞു....
""ആർക്കറിയാം രണ്ടാമത്തെ തവണയാ ഇത്.... ഇനിയും ചിലപ്പോ വരില്ലാന്ന് ആരുകണ്ടു...."" അവരിലെ ഭാവമാറ്റം കണ്ട് വിശ്വസിക്കാനാകാതെ നിന്നു.... അച്ഛമ്മേടെ മടിയിൽ തലചായ്ച്ച് കിടന്നത് ഓർമയിലേക്ക് വന്നു.... സങ്കടത്തോടൊപ്പം ഇത്തിരി ദേഷ്യത്തോടെ സാവിത്രിയപ്പയെയും മഹിയേട്ടനെയും ഒന്ന് നോക്കി..... അകത്തേക്ക് മുട്ടിൽ കൈചേർത്ത് വച്ച് ജാനകി കയറിപ്പോയി....
വർഷങ്ങൾക്ക് മനസിലെ സ്നേഹത്തെയും മായ്ച്ചുകളയാനുള്ള കഴിവുണ്ടായിരുന്നുവോ..... കണ്ണുകൾ വീണ്ടും ഈറനായി.... സുഭദ്രാപ്പയ്ക്കും ദാസവല്യച്ചനും അമ്മയ്ക്കും ആർക്കും മുഖത്തൊരു തെളിച്ചം ഇല്ല.... മാളൂട്ടിയെ കൊഞ്ചിക്കുന്നുണ്ട് അവള് അവരോട് വാ തോരാതെ എന്തൊക്കെയോ പറയുന്നുണ്ട്.... ഒന്ന് ചിരിച്ച് കാണിച്ച് എല്ലാവരും തനിക്കരുകിലൂടെ ഉള്ളിലേക്ക് പോയി...... നിശ്ചലമായി അൽപനേരം നിന്നുപോയി......
"""ചേച്ചീ.....""" ധനു അവളുടെ തോളിൽ കൈവച്ചു
ഭർത്താവ് മരിച്ച് വീട്ടിൽ വന്നു നിൽക്കണ പെങ്കുട്യോള് വീട്ട്കാർക്ക് ഒരു ബാധ്യതയാണ് അല്ലേ മോളെ....??? ശബ്ദം മുറിഞ്ഞുപോയി..... പതിയെ അകത്തേക്ക് നടന്നു...... എല്ലാവർക്കും ഒപ്പം കൂടാൻ ശ്രമിച്ചു.... എന്തോ ആരും ശ്രദ്ധിക്കാത്തതുപോലെ.... നടന്ന് വിച്ചേട്ടന്റെ മുറിയിൽ പോയി......
ആർക്കും വേണ്ടാത്തോളായോ വിച്ചേട്ടാ ഞാൻ....??? എന്നെ ബോധിപ്പിക്കാൻ വേണ്ടിയെന്നോണം ഒരു ചിരിയല്ലാതെ ആരും എനിക്കൊന്നും നൽകിയില്ല.... ഒരു ചേർത്തുനിർത്തൽ പോലും....
രാത്രി ഭക്ഷണ സമയത്തും ആരുമാരും ഒന്നും മിണ്ടിയില്ല.... കഴിക്കുന്ന അന്നം തൊണ്ടയിൽ കുടുങ്ങി കിടക്കുന്നതുപോലെ..... ഇരുട്ടി തുടങ്ങിയപ്പോഴേ മോൾക്കൊരു ചിണുക്കം തുടങ്ങിയിരുന്നു..... അത് പിന്നെ കരച്ചിലായി.... അമ്മയാണെന്ന് പറഞ്ഞുകൊടുത്തതല്ലാതെ ആാാ കുഞ്ഞിന് തന്നെ ഓർമ്മപോലും ഇല്ലെന്ന കാര്യം എടുത്ത് നടന്നിട്ടും കരച്ചിൽ നിർത്താതെ കണ്ടപ്പോഴാണ് മനസിലായത്..... ധനു മാറി എടുത്തപ്പോൾ കുറച്ചൊന്നു കുറഞ്ഞു......
അന്നും പനിച്ചു ആാാ കുരുന്നിന്..... വിറയ്ക്കുന്ന പനിയിലും ആാാ കുഞ്ഞിളം ചുണ്ട് ""ച്ഛാ... "" എന്ന് മാത്രം മൊഴിഞ്ഞു...
""ധനൂ... എഴുന്നേൽക്ക് മോൾക്ക് നല്ല പനി... എനിക്ക് പേടിയാവുവാ....""
ധനു മാളൂട്ടിയുടെ നെറ്റിയിൽ കൈവച്ചുനോക്കി പൊള്ളുന്ന പനി...
""ച്ഛാ.. "" വീണ്ടും വീണ്ടും വാവ അതുതന്നെ പറഞ്ഞോണ്ടിരുന്നു....
"""ആരാപ്പം ഇവിടെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ മഹിയേട്ടൻ വൈകീട്ട് തന്നെ പോവേം ചെയ്തു....."""
""നിക്കി അറിയില്ല... എന്തേലും ഒന്ന് ചെയ് എന്റെ മോള്..."" അവളുടെ കണ്ണുകൾ ആാാ കുഞ്ഞു ശരീരത്തിലൂടെ പാഞ്ഞുനടന്നു..... മുൻപൊരു മകളെ നഷ്ടപെട്ട അമ്മയുടെ ആധിയായിരുന്നു അവൾക്കുള്ളിൽ.... ഇനിയും ഒരു നഷ്ടം കൂടെ താങ്ങാൻ സാധിക്കാത്ത ഒരമ്മയുടെ ആധി....
ധനു വേഗം താഴേക്കിറങ്ങി.... ദച്ചു മാളൂട്ടിയെ ഇറുകെ പിടിച്ചു.....
""മോളെവിടെ...???"" അപ്പുവേട്ടന്റെ ശബ്ദം താഴെനിന്നും കേട്ടു.. ഓടി പടികൾ കയറി വരുന്നതറിഞ്ഞു....
""ഒന്നുല്ലാട്ടോ അച്ഛ വന്നൂലോ പേടിക്കണ്ടാട്ടൊ..."" അവനാ കുഞ്ഞുമുഖത്ത് ഉമ്മ വച്ചു.... കണ്ണുതുറന്നു ആാാ കുറുമ്പി ഒന്ന് ചിരിച്ചു... ദച്ചു കൗതുകത്തോടെ ആ അച്ഛനെയും മകളെയും നോക്കിനിന്നു...
""താൻ വരുന്നുണ്ടോടോ പ്രകാശിനി ഡോക്ടറെ ഒന്ന് കാണിക്കാം ഹോമിയോ ആയതോണ്ട് ഇവളങ്ങ് കഴിച്ചോളും.... മധുരിക്കുമല്ലോ.... അല്ലേടി കുറുമ്പീ..."" അപ്പു മാളൂട്ടീടെ മൂക്കിൽ മൂക്കുരസി....
മോളെയുമെടുത്ത് ഉമ്മറത്തെത്തിയതും പിറകിൽ നിന്നും കേട്ടു...
""ഇതൊക്കെ എന്ത് ബന്ധമാണെന്ന് ആർക്കറിയാം.... ലോകത്തെവിടെയും കാണാത്ത ഓരോന്നാ ഇവിടത്തെ കഥ..... ഇതിനി ഇവന്റേത് തന്നെ....""
"""സാവിത്രീത്രീത്രീ.... കേറിപോടി അകത്ത്... പണ്ട് നടന്നതൊന്നും മറന്നിട്ടല്ല ഞങ്ങള് നിന്നെ വീണ്ടും ഇങ്ങോട്ട് കയറ്റിയതും, പകൽ സമയങ്ങളിൽ നിന്റെ മോനെ ഇവിടെ കയറാൻ സമ്മതിച്ചതും.... വെറുതെ അതില്ലാതെയാക്കണ്ട..""" ശ്രീധരന്റെ ശബ്ദമുയർന്നു....
""ചെല്ല് ചെന്ന് കുഞ്ഞിനെ ഡോക്ടറെ കാണിച്ച് വാ...."" ചവിട്ടിത്തുള്ളി പോകുന്ന സാവിത്രിയെ നോക്കി ശ്രീധരൻ അപ്പുവിനോട് പറഞ്ഞു....
"""കാറിൽ മോളെയും മടിയിൽ വച്ചവൾ മുന്നിൽ ഇരുന്നു.... എന്തോ ഭയം... ഇത്രയധികം അച്ഛനെ സ്നേഹിക്കുന്ന മകളെയെങ്ങനെ ഇനിയുള്ള ദിവസങ്ങളിലും നോക്കുമെന്ന ചിന്തകളായിരുന്നു മനസ്സിൽ....."""
""താൻ പേടിക്കണ്ടാടോ ഒരു രണ്ട് മൂന്ന് ദിവസം ഇതുപോലൊക്കെ കാണും.... മാറി കിടന്നതല്ലേ.... പിന്നെ അതങ്ങ് ശെരിയായിക്കോളും..... മൂന്ന് ദിവസത്തേക്കുള്ള മരുന്ന് കൂടെ ഇന്ന് വാങ്ങാം...."" ഒന്നും പറയാതെ തന്നെ അവളുടെ മനസ്സിനെ അലട്ടുന്ന പ്രശ്നത്തിന് അവൻ പരിഹാരം നൽകി.... അത്ഭുതത്തോടെ അവള് അപ്പുവിനെ നോക്കി....
കാറിൽ തിരികെ കൊണ്ടിറക്കുമ്പോഴേക്കും മാളൂട്ടി ഉറങ്ങി തൂങ്ങിയിരുന്നു.... അവര് ഉമ്മറത്തേക്ക് കയറുമ്പോൾ എല്ലാവരും ഉറങ്ങാതെ അവിടെത്തന്നെ ഉണ്ടായിരുന്നു.... അപ്പു കാറിൽ തന്നെ ഇരുന്ന് അവരെ നോക്കി യാത്ര പറഞ്ഞു
"""സിദ്ധാർഥ് ഒന്ന് നിന്നെ... ധനുവാണ് ഇന്ന് വിവരം അറിയിച്ചതെന്ന് പറഞ്ഞു... ഇനി ഇതുപോലെ ആര് വിളിച്ചാലും ഇങ്ങോട്ട് വരണമെന്നില്ല പ്രത്യേകിച്ച് അസമയത്ത്....""" ഒരു നടുക്കത്തോടെ ദച്ചു അത് കേട്ട് തിരിഞ്ഞുനോക്കി..... എല്ലാവരിലും അതേ ഭാവമായിരുന്നു..... കാറിലെ മഞ്ഞവെളിച്ചത്തിൽ അപ്പുവേട്ടന്റെ മുഖം മങ്ങിയത് വ്യക്തമായി കണ്ടു.....
മറുത്തൊന്നും പറയാതെ അവൻ കാറുമെടുത്ത് പോയി....
നിലാവെളിച്ചത്ത് റോഡരികിലെ തണൽമരച്ചുവട്ടിൽ കാർ നിർത്തി സ്റ്റീയറിംഗിലേക്ക് തലചായ്ച്ചു കിടന്നു.... ""ച്ഛാ..."" ഒരു കുഞ്ഞു സ്വരം കാതിനുള്ളിൽ അലയടിച്ചു.... ""വിച്ചേട്ടാ...."" കിണുങ്ങിക്കൊണ്ട് തന്റെ മാറിലേക്ക് പറ്റിച്ചേർന്നുനിന്ന ഒരു പെൺകുട്ടിയുടെ മുഖം കണ്മുന്നിൽ തെളിഞ്ഞുവന്നു....
തുടരും...
©️ Anjali mohan
രചന : അഞ്‌ജലി മോഹൻ
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
