എന്നും രവണനായ് മാത്രം, ഭാഗം: 25

Valappottukal


"ടീ...... താഴെ ഇറങ്ങെടീ....."

"കമ്പ് കളഞ്ഞാൽ ഇറങ്ങാം..... പ്ലീസ് കണ്ണേട്ടാ.... കമ്പ് കളയ്....."

"നിന്നോട് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് ഈ മാവിന്റെ മണ്ടയിൽ കേറരുതെന്ന്.... എടീ താഴെയിറങ്ങ്.... ഇല്ലേൽ ഞാൻ കേറി വരും...."

"എങ്കിൽ ഞാൻ ചാടും...... സത്യായിട്ടും..."

"നീ ചാടണ്ട.... ഞാൻ എറിഞ്ഞിട്ടോളാം..."

"നിങ്ങളെന്തൊരു കെട്യോനാ മനുഷ്യാ.... ഞാൻ വീണ് കാലൊടിഞ്ഞാൽ നിങ്ങടെ കാര്യം ആര് നോക്കും...."

"നീ വരും മുമ്പേ എന്റെ അമ്മയല്ലേ ചെയ്തേ... അമ്മ ചെയ്തോളും..."

"അപ്പോ എന്നെ ആര് നോക്കും...."

"നിന്നെ ഞാൻ സർക്കാരാശുപത്രിയിൽ കൊണ്ട് പോയി ഇടും....."

"അയ്യോ..... എന്റെ കെട്യോൻ എന്നെ കൊണ്ട് കളയാൻ പോണേ.... നാട്ടുകാരേ ഓടി വായോ...... അയ്യോ ദേ എന്നെ എറിയുന്നേ....."

"ടീ.... വായടക്കെടീ..... നീ ഇറങ്ങിവരുന്നോ  അതോ ഞാൻ എറിഞ്ഞിടണോ...."

"വേണ്ട.... മീനൂട്ടീ.... ആ കമ്പ് കളയാൻ പറ......"

മീനൂട്ടി - കണ്ണാ.... മോള് പാവല്ലേ... നീ ക്ഷമിക്ക്....

ഞാൻ - അതേ.... മോള്.... ഛേ... ഞാൻ പാവല്ലേ കണ്ണേട്ടാ.... ദേ ഈ അപ്പ പറഞ്ഞിട്ടാ ഞാൻ കേറിയേ....

പട്ടാളം - ഞാനോ.... ഞാനെപ്പോഴാടീ കാന്താരി പറഞ്ഞേ....

കണ്ണൻ - അപ്പ പറഞ്ഞോ....

കണ്ണേട്ടൻ അപ്പ എന്ന് വിളിച്ചു ചോദിക്കുന്നത് കേട്ടിട്ട് അപ്പ ആദ്യം ഒന്ന് ഞെട്ടി.... കാരണം കണ്ണേട്ടൻ അപ്പയോട് സംസാരിച്ചിട്ട് കാലങ്ങളായി.... രണ്ട് പേരും മൗനവൃതത്തിലായിരുന്നല്ലോ... അപ്പയുടെ കണ്ണിലെ നീർത്തിളക്കം ഞാൻ കണ്ടു... മീനൂട്ടിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.... കണ്ണ് തുടച്ച ശേഷം അപ്പ പറഞ്ഞു....

പട്ടാളം - ഇല്ലെടാ മോനേ....

ഞെട്ടി....ഞെട്ടി കടുവ ഞെട്ടി.... മഞ്ഞുമല ഉരുകി.... ആ കണ്ണുകളും നിറഞ്ഞു... പക്ഷേ ആരും കാണാതെ അതൊളിപ്പിച്ച് വച്ചു....

കണ്ണൻ - ടീ... അപ്പ പറഞ്ഞില്ലെന്നല്ലേ പറയുന്നേ....

ഞാൻ - അതുണ്ടല്ലോ.... അച്ചാറിടാൻ മാങ്ങ വേണമെന്ന് മീനൂട്ടി പറഞ്ഞു... അപ്പോഴേ ഞാനും താഴെ ഇരിക്കുവാർന്നു.... അപ്പ പാവം അല്ലേ... വലിയ തോട്ടയൊക്കെ എടുത്തു പൊക്കണ്ടേ.... അതുകൊണ്ട് ഞാനൊന്നു സഹായിച്ചതാ.....

പട്ടാളം - ഇതിൽ ഞാനെപ്പോഴാ നിന്നോട് പറഞ്ഞത്....

ഞാൻ - ഞാൻ കേറിയപ്പോൾ മോളേ നീ വീഴും എന്നല്ലേ പറഞ്ഞേ.... എന്നോട് കേറണ്ടെന്ന് പറഞ്ഞില്ലല്ലോ.... അതിനർത്ഥം ഞാൻ കേറിയാൽ കുഴപ്പമില്ലെന്നല്ലേ.... അത് ഒരു തരത്തിൽ കേറാനുള്ള അനുവാദമല്ലേ.... അപ്പോ ആരാ കേറാൻ മനസ്സ് കൊണ്ട് പറഞ്ഞേ....

സച്ചു - അപ്പ.....

ഞാൻ - അതാണ്.... ഇത്രേം നേരം മുറിയിൽ അടകിടന്നിട്ട് ഇറങ്ങി വന്ന സച്ചുവേട്ടന് വരെ മനസ്സിലായി....

കണ്ണൻ - ചക്കീ... നീ ഇറങ്ങണ്ട.... ഞാൻ കേറാം....  ചാടുവാണേൽ താഴെ കിടക്കും.... ഞാൻ അവിടെയിട്ട് രണ്ട് ചവിട്ടും തരും....

ഞാൻ - വേണ്ട.... ഞാൻ വന്നോളാം... പക്ഷേ എനിക്ക് കേറാനല്ലേ അറിയൂ... ഇറങ്ങാനറിയൂലല്ലോ....

കണ്ണൻ - പതിയെ വാ.... ഞാൻ പിടിക്കാം.....

ഞാൻ - ആദ്യം കമ്പ് കളയ്.....

കണ്ണൻ - ദേ കമ്പ് കളഞ്ഞു.... ഇനി വാ.....

ഞാൻ പതിയെ കണ്ണേട്ടന്റെ കൈപിടിച്ച് താഴെ എത്തിയതും അങ്ങേരെന്റെ ചെവി പിടിച്ച് തിരിച്ചു..... അതോണ്ട് ഞാൻ കടുവയോട് മിണ്ടില്ലെന്ന് പ്രഖ്യാപിച്ച് അകത്തേക്ക് ഓടി..... എല്ലാവരും എന്റെ പോക്ക് കണ്ട് ചിരിച്ചു.....

*****************************

ദിവസങ്ങൾ കൊഴിഞ്ഞു വീണു.... ഇണക്കവും പിണക്കവും നെഞ്ചിൽ നിറയെ പ്രണയവുമായി ഞങ്ങൾ മത്സരിച്ചു സ്നേഹിച്ചു.... ഇതിനിടയിൽ സച്ചുവേട്ടൻ ലൈനടിച്ച പെണ്ണിനെ അങ്ങ് കെട്ടി.... അത് വല്യ ബഹളമൊക്കെ ഉണ്ടായെങ്കിലും ഇപ്പോൾ ഒരു വിധം പ്രശ്നമൊതുങ്ങി....

അങ്ങനെ ഓണവും വന്നെത്തി.... കണ്ണേട്ടനോടൊപ്പമുള്ള ആദ്യത്തെ ഒാണമാണ്.... അപ്പ മുറ്റത്തെ മാവിൽ എനിക്ക് ഊഞ്ഞാൽ കെട്ടിത്തന്നു... ആടിക്കളിക്കാൻ രാജിയും ചിഞ്ചുവും ഉണ്ടായിരുന്നു... രാജിയെയും അഞ്ചനയെയും (സച്ചുവേട്ടന്റെ ഭാര്യ) പോലെ ചിഞ്ചുവും എന്നെ ഏട്ടത്തിയാക്കി ദത്തെടുത്തു....

അത്തപ്പൂക്കളം ഒരുക്കാനും എല്ലാവരും ഒരുമിച്ചുണ്ടായിരുന്നു.... ബാക്കി പെൺപ്രജകളൊക്കെ സദ്യയുണ്ടാക്കുന്ന തിരക്കിലും.... പുരുഷ കേസരികൾ വാഴയില വെട്ടാനും അങ്ങനുള്ള കാര്യങ്ങൾക്ക് ഓടി നടക്കുന്നു.... ഞങ്ങളുടെ വീടിന്റെ ഹാൾ നല്ല വലുതായതിനാൽ അവിടെ തറയിൽ പുൽപായ വിരിച്ച ശേഷം എല്ലാവരെയും നിരയായി ഇരുത്തി....

ഞാനും അഞ്ചുവും (അഞ്ചന) രാജിയും വിളമ്പാൻ നിന്നു.... അപ്പയുടെ രണ്ട് സൈഡിലുമായി സച്ചുവേട്ടനെയും കണ്ണേട്ടനെയും ഇരുത്തി... കണ്ണേട്ടന്റെ അപ്പുറത്ത് മീനൂട്ടിയും..... അപ്പയ്ക് ഞാൻ ആരും കാണാതെ ഒരു സിഗ്നൽ കൊടുത്തു.... അപ്പ ഒരു ഉരുള ചോറ് കണ്ണേട്ടന് നേരേ നീട്ടി... ആദ്യം ഒന്നമ്പരന്ന ശേഷം കണ്ണേട്ടൻ അത് കഴിച്ചു.... ആ മുഖത്ത് സന്തോഷവും സങ്കടവും ഒക്കെ കലർന്നൊരു ഭാവമായിരുന്നു...

അത് പോലെ സച്ചുവേട്ടനും അപ്പ ഉരുള  കൊടുത്തു... അതിനിടയിൽ ഞാനും രാജിയും അഞ്ചുവും അടികൂടി മേടിച്ചു കഴിച്ചു.... കണ്ണേട്ടൻ ആദ്യം അമ്മയ്ക് കൊടുത്തു.... രണ്ടാമത് രാജിക്ക്... മൂന്നാമത് എനിക്ക് നീട്ടിയെങ്കിലും ഞാൻ കണ്ണുകൊണ്ട് അപ്പയ്ക് കൊടുക്കാൻ പറഞ്ഞു.... മടിച്ച് മടിച്ച് അപ്പയ്ക് നേരേ  നീട്ടി.... ആ ഉരുളച്ചോറ് വായിൽ വെച്ചപ്പോഴേക്കും അപ്പയുടെ കണ്ണും മീനൂട്ടിയുടെ കണ്ണും ഒരു പോലെ നിറഞ്ഞിരുന്നു...

എനിക്ക് എന്റെ കുടുംബത്തിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ഈ സന്തോഷം മാത്രമായിരുന്നു.... സന്തോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു... കണ്ണേട്ടന്റെ ഉരുളയും കഴിച്ച് ഞാൻ ചിഞ്ചൂന്റെ അടുത്ത് പോയിരുന്നു... അവളെനിക്ക് വാരിത്തന്നു... ചിഞ്ചുവും ഞാനും ഒരിലയിൽ ഒരമ്മപെറ്റ അളിയന്മാരെ പോലെ കഴിച്ചെഴുന്നേറ്റു....

അതിന് ശേഷം കുറേ സാധനം മേടിക്കണമെന്നും പറഞ്ഞ് കരഞ്ഞു പിഴിഞ്ഞ് ബഹളം വെച്ച് കണ്ണേട്ടനെക്കൊണ്ട് പോകാൻ സമ്മതിപ്പിച്ചു.... കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതിയിട്ട് അപ്പയുടേൽ കൊടുത്തു.....

"ഇതെന്തിനാ എന്റേൽ തരുന്നേ... നീയല്ലേടീ കാന്താരി ഇവിടെക്കിടന്ന് ബഹളം വെച്ചത്...."

"അതേ..... അപ്പയെ പിറകിലിരുത്തി കണ്ണേട്ടനെക്കൊണ്ട് ടൗൺ മുഴുവൻ ചുറ്റിക്കും എന്ന് പറഞ്ഞത് മറന്നുപോയോ.... അതിനൊരു ചാൻസ് ഉണ്ടാക്കിത്തന്നതാ.... ഒന്നടിച്ചു പൊളിക്ക് അപ്പേ....."

"കയ്യിൽ മുഴുവൻ കുരുട്ടു ബുദ്ധി ആണല്ലോടീ വായാടീ....."

"ഓഹോ... ഞാൻ ഇത് കേൾക്കണം... കണ്ണിൽ ബ്ലഡ് ഉണ്ടോ അപ്പയ്ക്...."

"ഇനി എന്റെ കണ്ണ് കുത്തിപ്പൊട്ടിക്കാനാണോ നിന്റെ പ്ലാൻ..."

"അപ്പേ...!!!!!!"

"ഓഹ്.... സോറി..... എന്റെ പൊന്നു മോളേ.... അപ്പയ്ക് മനസ്സ് നിറഞ്ഞെടീ..."

"സോറി കയ്യിൽ വെച്ചോ.... വരുമ്പോൾ എനിക്ക് എനിക്ക് ഒരു പാക്കറ്റ് ഡയറി മിൽക് മേടിച്ച് വരണം...."

അപ്പ എന്റെ തലയിൽ തഴുകിയ ശേഷം കണ്ണേട്ടന്റെ ബുള്ളറ്റിന്റെ പുറകിൽ കയറി... ആദ്യം ഒന്നമ്പരന്നെങ്കിലും ഞാൻ കണ്ണേട്ടനെ നോക്കി കണ്ണ് ചിമ്മി കാണിച്ചപ്പോൾ തിരിച്ചു എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവർ ടൗണിലേക്ക് പോയി.... മീനൂട്ടി എന്റെ നെറുകയിൽ മുത്തമിട്ടു....

****************************

പെണ്ണ് ഇപ്പോഴും ഒരത്ഭുതമാണ്.... എന്റെ ഉള്ളിലെ ഈഗോയെ പോലും ഒരു നോട്ടത്തിൽ എന്റെ സന്തോഷമാക്കി തീർക്കും.... എനിക്ക് എന്റെ അപ്പയെ തിരിച്ചു കിട്ടി.... ഒരായുസ്സിൽ ഉള്ളിലൊതുക്കി വച്ച സ്നേഹം പട്ടാളക്കാരന്റെ കാർക്കശ്യമേതുമില്ലാതെ എനിക്ക് അപ്പ വാരിയും കോരിയും തരണുണ്ട്.... വീട്ടിൽ പിള്ളേരില്ലാത്ത കുറവ് എന്റെ കെട്ട്യോളായിട്ട് നികത്തുന്നുണ്ട്....

രാത്രി കുറേ നേരം ആയിട്ടും ചക്കിയെ പുറത്തേക്ക് കണ്ടില്ല.... സാധാരണ രാത്രി എല്ലാവരും കൂടി ഒരുമിച്ചു ഇരുന്നു വർത്താനം പറയാറുണ്ട്... ചക്കിയായിരിക്കും മുൻപന്തിയിൽ... ഞാൻ റൂമിലേക്ക് ചെന്നപ്പോൾ കമിഴ്ന്നു കിടപ്പുണ്ട്...

"ചക്കീ.... എന്താടാ എണീക്കുന്നില്ലേ...."

അവളെന്നെ തിരിഞ്ഞ് നോക്കി... കണ്ണൊക്കെ കലങ്ങിച്ചുമന്നിരിക്കുന്നു.... എന്റെ നെഞ്ച് വിങ്ങി....

"എന്താടീ പെണ്ണേ...."

"പീരീഡ്സ് ആയി കണ്ണേട്ടാ..... വേദന സഹിക്കാൻ വയ്യ...."

"നീ കിടക്ക്.... ഞാനിപ്പോൾ വരാം..."

ഞാൻ വാട്ടർബാഗിൽ ചൂട് വെള്ളം കൊണ്ട് വന്നു... എന്നിട്ട് വയറിന് പുറത്ത് കൂടി ചൂട് പിടിച്ചു കൊടുത്തു... ആ ചൂടിന്റെ സുഖത്തിൽ അവൾ പതിയെ കണ്ണടച്ചു....

"കണ്ണേട്ടാ എന്റെ കാലൊന്ന് ഉഴിഞ്ഞ് തരോ...."

"മ്.... നീ കിടക്ക്...."

ഞാനവളുടെ കാല് തടവിക്കൊടുത്തു... പല മാസങ്ങളിലും ഇങ്ങനെയാണ്.... കല്യാണത്തിന് മുമ്പ് ഇതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല... ചക്കിയാണ് എനിക്ക് എന്താണ് ആർത്തവം എന്ന് മനസ്സിലാക്കി തന്നത്....

ഓരോ സ്ത്രീയും അമ്മയാകാൻ ശരീരം കൊണ്ട് പ്രാപ്തയാണ് എന്ന് തെളിയിക്കുന്ന പ്രക്രിയ... ദൈവം കനിഞ്ഞനുഗ്രഹിച്ച് നൽകിയ വരദാനം... അതിനവർ കൊടുക്കുന്ന വില ഓരോ മാസവും അനുഭവിക്കുന്ന കടുത്ത വേദനയാണ്... വയറുവേദന, നടുവേദന, ഛർദ്ദി, തലചുറ്റൽ, കൈകാൽ കഴപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ....

അങ്ങനെ ഉള്ള സമയങ്ങളിൽ അവർക്ക് ആവശ്യം ഭർത്താവിന്റെ കരുതലാണ്.... ചിലപ്പോൾ ചെറിയ കാര്യങ്ങൾക്ക് പോലും അവർ ദേഷ്യപ്പെടും..... അതൊക്കെ മനസ്സിലാക്കി അവരെ ചേർത്ത് പിടിക്കുക... ആ കരുതലിനേക്കാൾ വലിയ ഒരു മരുന്നുമില്ല എന്നാണ് എന്റെ കെട്ട്യോളുടെ അഭിപ്രായം....

"മണ്ണിന് വസന്തം തീർക്കാനായ് ചുവന്ന് പൂത്ത വാകയെപ്പോലെ നീയും ചുവന്ന് പൂക്കണം പെണ്ണേ ഒരു മനുഷ്യായുസ്സിന് വസന്തം തീർക്കാനായ്...."

ഞാനവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ച ശേഷം പെണ്ണിനെ നെഞ്ചോട് ചേർത്ത് കിടന്നു....

****************************

"മീനൂട്ടി.... ചക്കി എവിടെ....."

"മുകളിലുണ്ട്..... ചെല്ല്...."

"എന്താ അമ്മേ ഉണ്ടായത്...."

"മോളെന്റെ കൂടെ ആശുപത്രിയിൽ വന്നതായിരുന്നു.... അവിടെ വച്ച് അവൾ ഒന്ന് തലകറങ്ങി വീണു.... അങ്ങനെ ഞാൻ ഡോക്ടറിനെ കാണിച്ചു...."

"ഡോക്ടർ എന്ത് പറഞ്ഞു...."

"അത് നിന്റെ കെട്ട്യോൾ പറയും...."

വേഗത്തിൽ കണ്ണൻ റൂമിലേക്ക് ഓടി... ചക്കി ജനാലയിലൂടെ പുറത്തേക്കു നോക്കി നിൽക്കുവായിരുന്നു.... കണ്ണൻ അവളുടെ ചുമലിൽ പിടിച്ച് തിരിച്ചു... നിറഞ്ഞ കണ്ണുകൾ കണ്ട് അവനൊന്ന് ഞെട്ടി....

"എന്താ മോളേ..... എന്തിനാ നീ കരഞ്ഞത്...."

ചക്കി ഒന്നും മിണ്ടാതെ അവന്റെ കൈ പിടിച്ച് വയറിനോട് ചേർത്തു.... ആദ്യമൊന്ന് അമ്പരന്ന ശേഷം അവൻ ചോദിച്ചു....

"സത്യമാണോ......"

"മ്....."

അവന്റെ കണ്ണുകൾ ഈറനണിഞ്ഞു....
കണ്ണൻ അവൾക് മുന്നിൽ മുട്ട് കുത്തി ഇരുന്നശേഷം വയറിൽ ചുംബിച്ചു....

"അപ്പേട മോള് വേഗം വരണം ട്ടോ...."

"മോളാണെന്ന് ഉറപ്പിച്ചോ...."

"മനസ് പറയുന്നു... ഇനി മോനായാലും എനിക്ക് സന്തോഷമേ ഉള്ളൂ..."

ഓടി നടന്ന് ആഹാരം കഴിച്ചിരുന്ന ചക്കി ആഹാരം കാണുമ്പോഴേ വാള് വെയ്ക്കാൻ തുടങ്ങി.... അന്നേ വരെ അവൾ ജീവനായി കരുതിയ പല ആഹാരങ്ങളും ചക്കിയുമായി ശത്രുത പ്രഖ്യാപിച്ചു മസാലദോശ ഒഴികെ.... പിന്നെ കണ്ണൻ മരത്തിൽ കയറാൻ സമ്മതിക്കാത്തതിന് അവൾ പ്രതികാരം ചെയ്തു.... ഇടയ്ക്ക് ഇടയ്ക്ക് പച്ചമാങ്ങ വേണമെന്ന് വാശി പിടിക്കാൻ തുടങ്ങി... അതും കണ്ണേട്ടൻ തന്നെ കയറിപ്പറിക്കണം.....
എല്ലാവരും ചക്കിയെ മത്സരിച്ച് സ്നേഹിച്ചു....

****************************

ഗർഭകാലം പോലെ മനോഹരമായ മറ്റൊരു കാലവും ഇല്ലെന്ന് തോന്നുന്നുണ്ട്... ആഹാരം കഴിക്കാൻ കഴിയില്ലെങ്കിലും അവശതയിലും വല്ലാത്തൊരു സുഖം തോന്നുന്നുണ്ട്... കണ്ണേട്ടന്റെ സാമിപ്യം അതായിരുന്നു ഓരോ നിമിഷവും എനിക്ക് ആവശ്യം... ഒഴിവ് കിട്ടുന്ന സമയമെല്ലാം ഫൈനാൻസിൽ നിന്നും കണ്ണേട്ടൻ ഓടി വരാറുണ്ട്....

പാവം പണി കിട്ടിയത് കണ്ണേട്ടനാ.... പാതിരാത്രി ഞാൻ പെട്ടെന്ന് കണ്ണുതുറന്നു... എനിക്കന്ന് മൂന്നാം മാസം... രാത്രി രണ്ടു മണി കഴിഞ്ഞു... അപ്പോഴാ മസാലദോശ തിന്നാൻ മോഹം.....

ഞാൻ കണ്ണേട്ടനെ വിളിച്ചു കാര്യം പറഞ്ഞു.... ഈ അവസ്ഥ അല്ലായിരുന്നെങ്കിൽ അങ്ങേരെന്നെ കിണറ്റിൽ ഇട്ടേനേ.... ഈ നേരത്ത്... അതും മസാലദോശ....

പാവം ഒന്നും മിണ്ടാതെ അടുക്കളയിൽ പോയി.... ഫ്രിഡ്ജിൽ വച്ചിരുന്ന ദോശ മാവ് തണുപ്പ് മാറാൻ വെച്ചു.... എന്നിട്ട് പച്ചക്കറി കട്ട് ചെയ്യാൻ തുടങ്ങി.... ഞാൻ വാതിൽക്കൽ പോയി നിന്നു.... എന്നെ കണ്ടപ്പോൾ ഒരു കസേര വലിച്ചിട്ട് അതിലിരുത്തി.... മിണ്ടാതെ ഭയങ്കര കുക്കിംഗ്.... മുക്കാൽ മണിക്കൂറിനുള്ളിൽ മസാലദോശ ഉണ്ടാക്കി ഒരു പ്ലേറ്റിലിട്ട് എനിക്ക് വാരി തന്നു.... ശരിക്കും തൊഴുവാൻ തോന്നിപ്പോയി ഇങ്ങനെ സ്നേഹിക്കുന്നതിന്....

മുറിയിൽ അബദ്ധത്തിൽ വീഴുന്ന ഛർദ്ദി പോലും യാതൊരു അറപ്പും കൂടാതെ വാരിക്കളയാറുണ്ട്.... എന്നെ കുളിപ്പിക്കുകയും മുടി ഉണക്കിത്തരികയും അങ്ങനെ എല്ലാം യാതൊരു മടിയും കൂടാതെ ചെയ്തു.... എല്ലാ ദിവസവും കണ്ണാടിയിൽ ഉദരത്തിന് മാറ്റമുണ്ടോ എന്നറിയാൻ എന്റെ കൂടെ കണ്ണേട്ടനും കൂടും.... ഉറങ്ങുമ്പോളും ഒരു കൈ എന്റെ ഉദരത്തിന് മേലേ വച്ചിരിക്കും....

വയറ് വീർക്കുന്നതിന് അനുസരിച്ച് എനിക്ക് വസ്ത്രങ്ങളൊക്കെ ചെറുതായി... സൗകര്യത്തിനായി പിന്നീട് നൈറ്റികൾ മേടിച്ചു.... സ്കാനിങിൽ ഒക്കെ എല്ലാം പെർഫെക്റ്റ് ആയിരുന്നു... പതിനാറാമത്തെ ആഴ്ചകളിൽ എനിക്ക് കുഞ്ഞിന്റെ തുടിപ്പ് അറിയാൻ സാധിച്ചു.... ദിവസങ്ങൾ കഴിയുന്തോറും വയറ് വലുതായി.... ഞരമ്പുകളൊക്കെ ഭൂപടത്തിലെ നദികളെ പോലെ തെളിഞ്ഞു വന്നു....

എല്ലാ രാത്രിയും കണ്ണേട്ടൻ എന്റെ ഉദരത്തോട് ചേർന്ന് നിന്ന് പാട്ട് പാടുകയും കിന്നാരം പറയുകയും ചെയ്തു.... അതിന് മറുപടിയായി കുഞ്ഞ് വയറ്റിൽ തൊഴിക്കാൻ തുടങ്ങി... വയറിന് മീതേ കുഞ്ഞിക്കാലുകളും കൈകളും പതിയുന്നത് അത്ഭുതത്തോടെ ഞങ്ങൾ കണ്ടു..... ഏഴാം മാസത്തിൽ വീട്ടിൽ കൊണ്ട് പോകുന്ന ചടങ്ങ് ഉണ്ടെങ്കിലും കണ്ണേട്ടൻ പിറ്റേന്ന് തന്നെ എന്നെ വിളിച്ചോണ്ട് വന്നു.... ഒരിക്കലും ആ സാമിപ്യം എന്നിൽ നിന്നും മാറാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.....

മെലിഞ്ഞിരുന്ന ഞാൻ കുറച്ചു തടിയും വെച്ചു.... കളറും വെച്ചു.... കാലുകളിലൊക്കെ നീരു വച്ചു.... റൂമിലെ ജനാല തുറന്നിട്ട ശേഷം വയറിൽ വെയില് കൊള്ളിക്കും... വയറും താങ്ങി നടക്കാൻ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും കണ്ണേട്ടൻ എന്നും രാവിലെയും വൈകിട്ടും പറമ്പിലൂടെ നടത്തിക്കും.... നമ്മുടെ പറമ്പിലെ ചെമ്പകമരത്തിന് താഴെ പത്ത് മിനുട്ട് ഇരിക്കും.... ചുറ്റും വീശിയടിക്കുന്ന കാറ്റിൽ ചെമ്പകഗന്ധം കലർന്നിരിക്കും.... ഇടയ്ക്ക് കണ്ണേട്ടൻ ചെമ്പകപ്പൂവ് പറിച്ചെന്റെ മുടിയിൽ ചൂടി തരും.....

വല്ലാത്ത സുഗന്ധമാണതിന്.... മുടിയ്ക് ഇപ്പോൾ അതേ സുഗന്ധമാണ്.... പലപ്പോഴും നീരുള്ള കാലൊക്കെ ഉഴിയുമ്പോളാകും ഞാൻ ഒന്ന് ഉറങ്ങുന്നത്.... രാവിലെ എന്റെ മുടിയിൽ മുഖം പൂഴ്ത്തി കിടക്കുന്ന കണ്ണേട്ടനാണ് എന്റെ മനം നിറയ്ക്കുന്ന കണി....

എട്ടാം മാസം കഴിഞ്ഞു.... എനിക്ക് ഭയങ്കര അസ്വസ്ഥത ഉണ്ടായിരുന്നത് കാരണം ആരെങ്കിലും ഒക്കെ എപ്പോഴും എന്റെ അടുത്ത് കാണുമായിരുന്നു..... രാത്രി അത്താഴം കഴിഞ്ഞു ഞാൻ കിടന്നു.... കണ്ണേട്ടൻ എന്റെ തലയിൽ തലോടിക്കൊണ്ട് ഇരുന്നു.... പതിയെ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണു... ഒരു പതിനൊന്നു മണി സമയത്ത് കിടക്കയിൽ നനവ് അനുഭവപ്പെടാൻ തുടങ്ങി....

ഞാൻ കയ്യെത്തിച്ച് ലൈറ്റിട്ടു നോക്കുമ്പോൾ ഞാൻ കിടന്ന സ്ഥലം മുഴുവൻ നനഞ്ഞു കുതിർന്നിരുന്നു.... എന്റെ നെഞ്ചിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി.... ഞാൻ പേടിച്ചു കണ്ണേട്ടനെ വിളിച്ചു.....

"കണ്ണേട്ടാ.....!!!!!!"

"എന്താ.... എന്ത്പറ്റി...."

"കണ്ണേട്ടാ.... നോക്ക്.... വെള്ളം പൊട്ടീന്ന് തോന്നണു.... എന്റെ കുഞ്ഞ്.... കണ്ണേട്ടാ..."

"കരയല്ലേ.... മ്മക്ക് ഹോസ്പിറ്റൽ പോകാം..... സച്ചൂ....!!!!!"

ബഹളം കേട്ട് എല്ലാവരും ഓടി വന്നു....

"വണ്ടിയിറക്കെടാ....!!!"

സച്ചുവേട്ടൻ ഓടിപ്പോയി കാറെടുത്തു.... അപ്പോഴേക്കും കണ്ണേട്ടൻ എന്നെ കോരിയെടുത്തു കൊണ്ട് പുറത്തേക്ക് പാഞ്ഞു.... എന്നെയുംകൊണ്ട് പുറകെയാണ് കയറിയത്.... ഹോസ്പിറ്റൽ എത്തും വരെ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.... കണ്ണേട്ടന്റെ കണ്ണിൽ നിന്നും കണ്ണീർ എന്റെ മുഖത്തേക്ക് ഇറ്റുവീണു....

****************************

പെട്ടെന്ന് എത്തിച്ചത് കൊണ്ട് തന്നെ വലിയ പ്രശ്നമൊന്നും ഉണ്ടായില്ല.... എപ്പോൾ വേണമെങ്കിലും പ്രസവം നടക്കുമെന്നതിനാൽ അവിടെ അഡ്മിറ്റ് ആക്കി.... മീനൂട്ടിയും കണ്ണനും നിന്ന ശേഷം ബാക്കി എല്ലാവരും വീട്ടിലേക്ക് മടങ്ങി.... മൂന്നാം ദിവസമായിരുന്നു അന്ന്.... മീനൂട്ടി ബൈസ്റ്റാൻഡർ ബെഡിൽ കിടന്നു... കണ്ണൻ ചക്കിയുടെ അടുത്ത് കസേരയിട്ടിരുന്ന ശേഷം ആ ബെഡിൽ തല വെച്ച് കിടന്നു....

വെളുപ്പാൻ കാലം ഒരു മണിക്ക് ചക്കിയ്ക് വല്ലാത്ത അസ്വസ്ഥത തോന്നി... പെട്ടെന്ന് തന്നെ വയറ് കൊളുത്തി പിടിക്കും പോലെ തോന്നി....

"കണ്ണേട്ടാ.....!!!!"

"എന്താടാ.... വയ്യേ...."

"വേദന തുടങ്ങിയെന്നാ തോന്നുന്നേ..."

കണ്ണൻ ഡോക്ടറിനെ വിളിക്കാൻ പോയി... പെട്ടെന്ന് തന്നെ ചക്കിയെ ലേബർ റൂമിൽ കയറ്റി.... അവൾക്ക് തന്റെ എല്ലുകളെല്ലാം നുറുങ്ങുന്ന പോലെ തോന്നി.... ഞരമ്പുകൾ വലിഞ്ഞ് മുറുകി... അവളലറി വിളിച്ചു... ഒടുവിൽ ശരീരത്തിൽ നിന്നും എന്തോ വേർപെട്ട് പോകും പോലെ തോന്നി.... അപ്പോഴേക്കും വേദന ശമിക്കാൻ തുടങ്ങി.... ശരീരത്തിന്റെ തളർച്ചയിലും കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... അവൾ വിറയാർന്ന ചുണ്ടുകളോടെ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു....

പുറത്ത് അക്ഷമയോടെ നിന്ന കണ്ണന് റോസ് ടൗവ്വലിൽ പൊതിഞ്ഞ ഒരു മാലാഖക്കുഞ്ഞിനെ നേഴ്സ് കയ്യിൽ കൊടുത്തു....

"പെൺകുഞ്ഞാണ്....."

"എന്റെ ചക്കി....."

"സുഖമായിരിക്കുന്നു....."

അവൻ തന്റെ ജീവന്റെ തുടിപ്പിനെ നെഞ്ചോട് ചേർത്ത് നെറുകയിൽ ഉമ്മ വച്ചു......

****************************"

ഒന്നര വർഷത്തിന് ശേഷം.....

"കിങ്ങിണി....... ഓടരുത്..... അമ്മേടേന്ന് കിട്ടും നിനക്ക്....."

രാവിലെ ചക്കിയുടെ വർത്താനം കേട്ടാണ് ഉണർന്നത്.... ഇതെന്നത്തേയും പതിവാണ്.... ഞങ്ങളുടെ കുഞ്ഞു മാലാഖ.... വേദ എന്ന കിങ്ങിണി.... കുസൃതിയുടെ ഉസ്താദാണ്.... അവളുടെ അമ്മയെപ്പോലെ.... പല്ലുതേപ്പിക്കാനുള്ള ഓട്ടമാണ് ഇപ്പോൾ നടക്കുന്നത്....

മോളോടി വന്ന് എന്റെ മേലേ കയറിയ ശേഷം ചക്കിയെ കുഞ്ഞരിപ്പല്ല് കാട്ടി ചിരിച്ചു കാണിച്ചു....

"കണ്ണേട്ടാ.... അവളെ ഇങ്ങോട്ട് വിട്.... അവൾ സ്വയം ചെയ്താൽ വൃത്തിയാകില്ല.... അതിനാ ഈ ഓട്ടം...."

"അവളെ ഞാൻ തേപ്പിച്ചോളാം.... നീ നിന്റെ പണി നോക്കെടീ അടയ്കാ കുരുവി....."

"ഓഹ്.... ഒരു അപ്പയും മോളും... ഹും..."

"മോളേ.... അച്ഛമ്മേട അടുത്ത് പോ..... അപ്പ അമ്മേട പിണക്കം മാറ്റി വരാട്ടോ...."

അവളെനിക്ക് കവിളിൽ ഒരു ഉമ്മയും തന്നിട്ട് നിറയെ മുത്തുള്ള കൊലുസും കിലുക്കി പുറത്തേക്ക് ഓടി....

"എടീ കെട്ട്യോളേ.... വന്ന് വന്ന് നിനക്കൊട്ടും റൊമാൻസ് ഇല്ലല്ലോടീ...."

"ആണോ.... കാര്യായിപ്പോയി.... ദേ പോയി കുളിക്ക് മനുഷ്യാ...."

"എന്റെ പതിവ് കിട്ടിയാൽ പോകാം..."

അവളെന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു....

"ഇനി കൊഞ്ചാതെ പോ എന്റെ രാവണാ....."

****************************

"അങ്ങനെ ഞങ്ങളുടെ പ്രണയകാലം അതേ പോലെ ഒരു മാറ്റവുമില്ലാതെ കടന്നു പോകുന്നു.... ഇണക്കവും പിണക്കവുമായി.... അവസാനിച്ചു എന്ന് പറയുന്നില്ല.... എത്ര ജന്മമെടുത്താലും ഈ പ്രണയവും കരുതലും അവസാനിക്കാൻ പോകുന്നില്ല.... ജീവന്റെ അവസാന ശ്വാസം വരെയും "എന്നും എന്റെ രാവണനായ് മാത്രം...."

          ശുഭം....

            കണ്ണന്റെ ചക്കി(ജീന)
ഇതുവരെ അഭിപ്രായങ്ങൾ പറയാത്തവർ കമന്റ് ചെയ്യണേ...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top