എൻ ജീവൻ❤️[The Conclusion] Part 8

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 8

രഞ്ജുവും നിവിയും പരസ്പരം മുഖത്തോട് മുഖം നോക്കി.

"രഞ്ജുവേട്ടാ... ഞാൻ പോയി അച്ഛനെ വിളിച്ചുകൊണ്ടു വരാം"

"വേണ്ടാ... നീ റൂമിലേക്ക് പൊയ്ക്കോ. ഞാൻ വിളിച്ചോളാം..."

"മ്മ്... അതേ... അച്ഛനെ ഇപ്പൊ വിളിക്കണ്ട. അച്ഛാച്ചനെ വിളിച്ചാൽ മതി"

"ഹ്മ്മ്..."

നിവി വേഗം അവളുടെ റൂമിലേക്ക് പോയി. അപ്പോഴും വാതിലിൽ നിർത്താതെ കൊട്ടുന്നുണ്ടായിരുന്നു. രഞ്ജു കൃഷ്ണൻ കിടക്കുന്ന റൂമിലേക്ക് ചെന്നു.

"അച്ഛാച്ചാ..."

രഞ്ജുവിന്റെ ശബ്ദം കേട്ട് ഉറക്കമായിരുന്ന കൃഷ്ണൻ കണ്ണു തുറന്നു. അയാൾ പതിയെ എണീറ്റ് റൂമിനുള്ളിലെ ലൈറ്റിട്ടു.

"എന്താ മോനെ?"

"പുറത്താരോ ഡോറിൽ തട്ടുന്നു അപ്പൂപ്പാ..."

"ഇപ്പോൾ സമയം എന്തായി?"

"11 മണി ആകാറായി..."

"മ്മ്... മോൻ നടക്ക്. നമുക്ക് ആരാന്ന് നോക്കാം..."
കൃഷ്ണനും രഞ്ജുവും മുൻവശത്തേക്ക് പോയി. കൃഷ്ണനാണ് വാതിൽ തുറന്നു നോക്കിയത്. കോൺസ്റ്റബിൾ സുകുമാരൻ ആയിരുന്നു അത്.

"ആരാ?"

"കാർത്തിക് സാറില്ലേ? കോൺസ്റ്റബിൾ സുകുമാരൻ വന്നിട്ടുണ്ടെന്ന് ഒന്നു പറയാമോ? അത്യാവശ്യ കാര്യമാ..."

"സുകുമാരൻ സാറോ? സാറ് അകത്ത് വന്നിരിക്ക്. ഞാൻ മോനെ വിളിക്കാം... രഞ്ജു... മാമനെ പോയി വിളിച്ചിട്ട് വാ... "

രഞ്ജു തലയാട്ടിക്കൊണ്ട് മുകളിലെ റൂമിലേക്ക് പോയി. കാർത്തി അപ്പോഴും ഉറങ്ങിയിരുന്നില്ല. രഞ്ജു ചെന്ന് വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവന്റെയൊപ്പം താഴേക്ക് ചെന്നു. കാർത്തിയെ കണ്ടതും സുകുമാരൻ കസേരയിൽ നിന്നും എണീറ്റു. അയാളുടെ കയ്യിലൊരു കവർ ഉണ്ടായിരുന്നു.

"രഞ്ജു... ടി.വി. ഓഫ്‌ ചെയ്തിട്ട് പോയി കിടന്നുറങ്ങ്. അച്ഛാ... അച്ഛനും പൊയ്ക്കോ. പേടിക്കാനൊന്നുമില്ലച്ഛാ... ഞാൻ വിളിച്ചിട്ട് തന്നെയാ വന്നത്. സ്റ്റേഷനിലെ ഒരു അത്യാവശ്യകാര്യമുണ്ട്"

"മ്മ്... ശെരി മോനെ..."

അവരെ ഒന്നു നോക്കിയശേഷം കൃഷ്ണനും രഞ്ജുവും അവരവരുടെ റൂമിലേക്ക് പോയി. കാർത്തി സുകുമാരനോട്‌ ഇരിക്കാൻ പറഞ്ഞിട്ട് അവനും അവിടെയൊരു കസേരയിലിരുന്നു.

"സർ എന്തിനാ അദ്ദേഹത്തോട് കള്ളം പറഞ്ഞെ?"

"വെറുതെ എന്തിനാ ഒരു ടെൻഷൻ കൊടുക്കുന്നെ? ചില കള്ളങ്ങൾ പറയുന്നത് നല്ലതിനായിരിക്കും. എന്താ കയ്യിൽ കവറുമായിട്ട്? അല്ലാ... ഇത്രയും ദൂരം എങ്ങനെ വന്നു?"

"ഇത് ആ ഫയലാണ് സർ... ഷിബു സാർ..."
പറഞ്ഞു തുടങ്ങിയത് മുഴുവനാക്കാതെ സുകുമാരൻ കവറിൽ നിന്നും കാർത്തിക്കു ഫയലെടുത്ത് കൊടുത്തു.

"ഞാൻ വീട്ടിലേക്ക് പോകുന്നതിന് മുൻപ് ഷിബു സാർ സ്റ്റേഷനിൽ വന്നിരുന്നു. അപ്പോൾ ആർക്കോ കാൾ ചെയ്ത് സംസാരിക്കുന്നത് കേട്ടു. ഫയൽ രാത്രി വീട്ടിലെത്തിക്കാമെന്ന് എന്നോ മറ്റോ... ഉടനെ തന്നെ ബൈക്കെടുത്ത് പോവുകയും ചെയ്തു. ഞാൻ ആണേൽ മൊബൈൽ ഫോണും വീടിന്റെ ചാവിയും സ്റ്റേഷനിൽ വെച്ചിട്ടാ വീട്ടിലേക്ക് പോയത്. അവിടെന്ന് നേരെ പോയത് എന്റെ അനിയന്റെ വീട്ടിലാ... അവിടെ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. വീട്ടിലേക്ക് വന്ന് വാതിൽ തുറക്കാൻ പോയപ്പോഴാ ചാവി മറന്നുവെച്ചെന്ന് മനസ്സിലായത്"

"അപ്പോൾ ഭാര്യയും മക്കളും?"

"അവരിന്നലെ അവളുടെ ചേട്ടന്റെ വീട്ടിലേക്ക് പോയി. പിന്നെ, ഞാൻ  വീണ്ടും സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചു. അപ്പോഴാ റോഡിലൊരു ആൾക്കൂട്ടം കണ്ടേ... ആക്‌സിഡന്റ് ആണെന്ന് തോന്നി. അവിടെ നിന്ന ഒരാളാ പറഞ്ഞത് ഇവിടെത്തെ S.I. ആണെന്ന്. പെട്ടന്ന് തന്നെ ആംബുലൻസ് വന്ന് കൊണ്ടു പോയത്രേ. എന്നെ കണ്ടപ്പോൾ ഈ കവർ എന്റെ കയ്യിൽ തന്നു. വണ്ടി ഇടിച്ചപ്പോൾ തെറിച്ചു വീണതായിരിക്കാം. ഞാൻ തുറന്നു നോക്കിയപ്പോൾ ഈ ഫയൽ. പിന്നെ, ഒന്നും നോക്കിയില്ല. നേരെ ഇങ്ങ് വന്നു"

"ഹ്മ്മ്... ഷിബുവിന് എങ്ങനെയാ ആക്‌സിഡന്റ് ഉണ്ടായതെന്നറിയാമോ?"

"ഇല്ല സർ..."

"മ്മ്... താങ്ക് യൂ വെരി മച്ച്..."

"ഞാൻ പോട്ടെ സർ? ഇനി ഇവിടെ നിന്നും സ്റ്റേഷനിൽ പോയിട്ട് വേണം വീട്ടിൽ പോകാൻ..."

"നാളെ വേണമെങ്കിൽ ലീവ് എടുത്തോളൂ..."

"എന്തിനാ സർ ലീവോക്കെ? അതിന്റെ ആവശ്യമൊന്നുമില്ല. കുറച്ചു ഉറങ്ങിയൊക്കെ ശീലിച്ചതല്ലേ..."
എന്നും പറഞ്ഞ് സുകുമാരൻ എണീറ്റു.

"ഇതുവരെ വണ്ടിയോടിച്ച് വന്നതല്ലേ... നിൽക്ക്. വെള്ളം കുടിച്ചിട്ട് പോകാം"

കാർത്തി എണീറ്റ് ചെന്ന് ഫ്രിഡ്ജ് തുറന്ന് ഒരു ബോട്ടിൽ വെള്ളമെടുത്ത് സുകുമാരന് കൊടുത്തു. അയാളത് കുടിച്ച ശേഷം യാത്ര പറഞ്ഞ് അവിടെന്ന് ഇറങ്ങി. വാതിൽ പൂട്ടിയ ശേഷം ഫയലുമായി കാർത്തി റൂമിലേക്ക് ചെന്നു. ഫയൽ മേശയുടെ ഡ്രോയർ തുറന്ന് അതിൽ വെച്ചു.

"ആരാ വന്നത് ഏട്ടാ?"

"സ്റ്റേഷനിലെ കോൺസ്റ്റബിളാ... ഒരു ഫയൽ കൊണ്ടുവരാൻ വന്നതാ..."

"അത് നാളെ സ്റ്റേഷനിൽ കൊണ്ടു വന്നാൽ പോരെ?"

"സ്റ്റേഷനിൽ വെച്ച് തരാൻ പറ്റാത്തോണ്ടാ അയാൾ ഇവിടെ കൊണ്ടു വന്ന് തന്നത്. നീ ഓരോന്നും ചികഞ്ഞു ചോദിക്കാതെ കിടന്നുറങ്ങിയേ..."

"ഓ... ഞാനൊന്നും ചോദിക്കുന്നില്ലേയ്..."
എന്നും പറഞ്ഞ് രശ്മി തിരിഞ്ഞു കിടന്നു.

"ഡി... നിന്നോടാരാ പറഞ്ഞത് തിരിഞ്ഞു കിടക്കാൻ?"

"ആരും പറഞ്ഞില്ല..."

"എങ്കിൽ നേരെ കിടക്ക്..."

"ഇല്ലാ... മോനാ ഫയലും കെട്ടിപ്പിടിച്ച് കിടന്നുറങ്ങ്.... അല്ല പിന്നേ..."

"ഓഹ്... എന്നാൽ നാളെ മുതൽ എന്റെ ഉറക്കം ക്വാർട്ടർസിലേക്ക് ആക്കിയാലോ എന്നാലോചിക്കേണ്ടിയിരിക്കുന്നു"

ഇത് കേട്ട് രശ്മി വേഗം തിരിഞ്ഞു കിടന്നു. എന്നിട്ട് കാർത്തിയെ സൂക്ഷിച്ചു നോക്കി.

"എന്താടി നോക്കുന്നെ?"

"എണീറ്റ് ലൈറ്റ് അണക്ക്..."

"ഓഹ്..."

കാർത്തി എണീറ്റ് ലൈറ്റ് ഓഫ്‌ ചെയ്തിട്ട് രശ്മിക്ക് എതിരെ തിരിഞ്ഞു കിടന്നു.

"അതേ... ഏട്ടനോടാരാ പറഞ്ഞത് അങ്ങോട്ട്‌ തിരിഞ്ഞു കിടക്കാൻ? ഏഹ്?"

"എന്നോടാരും പറഞ്ഞില്ല..."

"എങ്കിൽ ഞാൻ പറയുവാ... ഇങ്ങോട്ട് തിരിഞ്ഞു കിടക്ക്..."

കാർത്തി രശ്മി പറഞ്ഞതനുസരിച്ചു. അവളുടനെ അവനെ കെട്ടിപ്പിടിച്ചു കിടന്നു. അവൻ ചിരിച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ചു ഉറങ്ങാൻ തുടങ്ങി...
ആരാ വന്നതെന്ന് ആലോചിച്ചുകിടന്ന് നിവിയും ഉറങ്ങി.

പിറ്റേന്ന് രാവിലെ നിവി ഉറക്കമെണീറ്റ് താഴേക്ക് ചെന്നപ്പോൾ രഞ്ജുവും നിക്കുവും ഇരുന്ന് ടി.വി. കാണുകയാണ്.

'ഓഹ്... രാവിലെ തന്നെ തുടങ്ങിയല്ലോ ടി.വി. കാണാൻ... ടി.വി. കാണാൻ വേണ്ടിയാണോ ഇങ്ങോട്ടേക്ക് വന്നത്? ഹും... അമ്മായിയോട് വിളിച്ചു ചോദിക്കണം അവിടെ ടി.വി. കാണാൻ സമ്മതിക്കുന്നില്ലേയെന്ന്... "

"ഡാ... നിക്കൂ... രാവിലെ തന്നെ നിന്നോടാരാ പറഞ്ഞത് ടി.വി.യുടെ മുമ്പിലിരിക്കാൻ? ഏഹ്? നീ പല്ലു തേച്ചോ?"

"ഞാൻ പല്ലൊക്കെ തേച്ചു. ചേച്ചി പോയി പല്ലു തേക്ക്... ഇന്ന് സ്കൂളിലൊന്നും പോകണ്ടല്ലോ... പിന്നെന്താ ടി.വി. കണ്ടാൽ?"

"ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും..."

"അമ്മ എന്നെ വഴക്കൊന്നും പറയില്ല"

"അമ്മയുടെ പുന്നാര മോനല്ലേ നീ... അപ്പൊ പിന്നെ വഴക്ക് പറയില്ലാലോ..."

"അതെ... ചേച്ചിക്ക് ഇപ്പൊ എന്താ? അല്ലെങ്കിൽ അവധി ദിവസം എന്നേക്കാൾ നേരത്തെ എണീറ്റ് ടി. വി. കാണുന്നത് ചേച്ചിയല്ലേ? ചേച്ചി പോയി പല്ലു തേച്ചിട്ട് വാ... നമുക്കൊരുമിച്ചിരുന്ന് കാണാം"

"എന്താ ഇവിടെ രണ്ടുപേരും കൂടി?"
രശ്മി അടുക്കളയിൽ നിന്നും വന്ന് ചോദിച്ചു.

"ഒന്നുമില്ലമ്മാ... ചേച്ചിക്ക് ഞങ്ങളിരുന്ന് ടി.വി. കാണുന്നത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു..."

"എന്താ നിവി? ഇവർ ഇരുന്ന് കാണട്ടെ... നീ പോയി പല്ലു തേച്ചിട്ട് വാ... എല്ലാർക്കും കഴിക്കാനുള്ള പുട്ട് റെഡിയായി..."

"ഹ്മ്മ്..."
രഞ്ജുവിനെ നോക്കിയൊന്നു അമർത്തി മൂളിക്കൊണ്ട് നിവി അവിടെ നിന്നും പോയി. താനവളോട് അധികം സംസാരിക്കാത്തതു കൊണ്ടുള്ള പരിഭവമാണ് ഈ കാണിക്കുന്നതെന്ന് രഞ്ജുവിന് മനസ്സിലായി.

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചുക്കൊണ്ടിരുന്നപ്പോൾ  നിക്കു അവന്റെ പേര് ഇന്നലെയൊരാൾ ചോദിച്ചുവെന്ന് രശ്മിയോട് പറഞ്ഞു.

"പേര് ചോദിച്ചുവെന്നോ? ആര്?"

"എനിക്കയാളെ അറിയില്ലമ്മാ... ഞാനിത് വരെ കണ്ടിട്ടില്ല. സ്കൂളിൽ പോയിട്ട് വരുമ്പോഴാ ചോദിച്ചത്.  നല്ല പൊക്കമൊക്കെ ഉണ്ട്. പിന്നെ കട്ടി മീശയാ... ചെറിയച്ഛന്റെ കടയില്ലേ? അവിടെ നിന്നാ എന്റെയടുത്ത് വന്നത്"

രശ്മിക്ക് അതാരാണെന്ന് മനസ്സിലായി. അവൾ പേടിയോടെ കാർത്തിയെ നോക്കി. ഹെഡ് ക്വാർട്ടർസിൽ പോകുന്നതിന് മുൻപ് അവൻ അവളോട് പേടിക്കെണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.
കുളി കഴിഞ്ഞ ശേഷമാണ് നിവി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ താഴേക്ക് വന്നത്. വേഗം കഴിച്ചു തീർത്ത് അവൾ റൂമിൽ തന്നെ തിരിച്ചുപോയി ഫോൺ എടുത്ത് മരിയയെ കാൾ ചെയ്തു.

"ഹെലോ..."

"ഹലോ......."

"നീ ഇതുവരെ ഉറക്കമെണീറ്റില്ലേ?"

"നേരം വെളുക്കുന്നതിന് മുൻപ് നീ എന്തിനാടി എന്നെ വിളിച്ചത്?"

"ആഹ് ബെസ്റ്റ്. മണി ഒൻപതായി. എണീക്കടി..."

"എനിക്ക് വയ്യാ... നീ കാര്യം പറയ്..."

"അത്... രഞ്ജുവേട്ടനിപ്പോൾ വന്ന നേരം തൊട്ട് ടി.വി. കാണുവാടി... എന്നോട് പണ്ടത്തെ പോലെ മിണ്ടുന്നില്ല. അല്ലേൽ രഞ്ജുവേട്ടൻ വരുമ്പോൾ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്ന് എന്തേലും കളിക്കുന്നതാ..."

"ആഹാ... നീ തന്നെ നിന്റെ രഞ്ജുവേട്ടനോട്‌ ചോദിക്ക്. അല്ല പിന്നെ... ഓക്കേ ഗുഡ് നൈറ്റ്..."
എന്നും പറഞ്ഞ് മരിയ കാൾ കട്ട്‌ ചെയ്തു.

"ഹെലോ... ഡി മരിയേ... ഹെലോ... ശേ വെച്ചുകളഞ്ഞോ?"

നിവി മൊബൈൽ മേശപ്പുറത്ത് വെച്ചിട്ട് ബാൽക്കണിയിലേക്ക് പോയി നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആരോ തനിക്ക് പുറകിലായി നിൽക്കുന്നത് പോലെ അവൾക്ക് തോന്നി. രഞ്ജുവാണെന്ന് അവളുടെ മനസ്സ് പറഞ്ഞു. നിവി തിരിഞ്ഞു നോക്കാതെ പുറത്തേക്ക് തന്നെ നോക്കി നിന്നു. അവളുടെ മനസ്സ് പറഞ്ഞത് പോലെ അത് രഞ്ജു തന്നെയായിരുന്നു. അവൻ അവളുടെ അടുത്ത് വന്ന് കൈവരിയിൽ രണ്ടു കയ്യും ഊന്നി നിന്ന് ഒന്നും മിണ്ടാതെ അവളെ നോക്കി. അവൾ നേരെ നോക്കാതെ അവനെ ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു.

"ഡി... നേരെ നോക്കടി... ഇല്ലേൽ കോങ്കണ്ണായി പോകും"
രഞ്ജു ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഓഹ്..."

അവനെ നോക്കി ചുണ്ടു കോട്ടിയിട്ട് നിവി അവിടെന്ന് പോകാനൊരുങ്ങിയപ്പോൾ അവൻ അവളുടെ കയ്യിൽ പിടിച്ചു.

"എങ്ങോട്ട് പോണു?"

"ടി.വി. കാണാൻ... എനിക്കും കാണണ്ടേ?"

"ഇനി കുറച്ചുനേരത്തേക്ക് കാണാൻ പറ്റില്ല"

"അതെന്താ? കറന്റ്‌ പോയോ?"

"ഇല്ല. മാമി വന്ന് ടി.വി. ഓഫ്‌ ചെയ്തിട്ട് നിക്കുവിനോട്‌ പോയി പഠിക്കാൻ പറഞ്ഞു"

"ഓ... അപ്പൊ അതാണ് കാര്യം. സാരല്ല... ഞാൻ റൂമിൽ പോകുവാ..."

"എന്തിന്?"

"പിന്നെ ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നെ? നമ്മളോട് സംസാരിക്കാനൊന്നും ഇപ്പൊ വയ്യാലോ..."

"നിനക്കും അങ്ങനെ തന്നെയല്ലേ? അല്ലേൽ മൊബൈൽ ഫോൺ കിട്ടിയിട്ട് അന്ന് വേണ്ട പിറ്റേന്ന് എന്നെ വിളിക്കാലോ? നിനക്ക് എന്റെ നമ്പർ അറിയാവുന്നതല്ലേ?"

'ഏഹ്?!... ഫോൺ കിട്ടിയിട്ടും ഞാൻ വിളിക്കാത്തത്  കൊണ്ടാണോ എന്നെ മൈൻഡ് ചെയ്യാതെ ഇരുന്നത്... ശേ... ഇതായിരുന്നോ കാരണം...'

"നീയെന്താ ആലോചിക്കുന്നേ?"

"ഏയ്... ഒന്നുല്ലാ... രഞ്ജുവേട്ടന് എന്റെ ഫോൺ കാണിച്ചു തന്നിട്ട് നമ്പർ തരാമെന്ന് വിചാരിച്ചു. മെനിഞ്ഞാന്ന് ഞാൻ മറന്നു പോയി. മരിയക്കല്ലാതെ വേറെ ആർക്കും ഞാൻ നമ്പർ കൊടുത്തിട്ടില്ല"

"ഹ്മ്മ്... നീ പോയി കാരം ബോർഡ് എടുത്തിട്ട് വാ... നിക്കുവിനെയും വിളിക്ക്"

"മ്മ്... ശെരി. പിന്നേ... ഇന്നലെ രാത്രി ആരാ വന്നേ? "

"അത് സ്റ്റേഷനിൽ നിന്ന് മാമനെ കാണാൻ വന്നതാ..."

"ആഹ്..."

"നീ പോയി വേഗം അതെടുത്തോണ്ട് വാ..."

"ഓക്കേ... ഞാൻ ദാ വരണൂ..."

നിവി സന്തോഷത്തോടെ കാരം ബോർഡ് എടുക്കാൻ താഴേക്ക് പോയി. പിന്നെ അങ്ങോട്ട്‌ നിവിയും രഞ്ജുവും പഴയത് പോലെയായി. ആ ദിവസം കടന്നുപോയി. ഷിബുവിന്റേത് സാദാ ഒരു ആക്‌സിഡന്റ് ആണെന്ന് കാർത്തി അന്വേഷിച്ചറിഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ കൂട്ടുകാരന്റെ ബർത്ത് ഡേ ഫങ്ക്ഷന് പോകണമെന്ന് പറഞ്ഞുകൊണ്ട് രഞ്ജു അവന്റെ വീട്ടിലേക്ക് പോയി. വീട്ടിൽ വന്ന ശേഷം കാർത്തി ആ ഫയൽ വിശദമായി പരിശോധിക്കാൻ തുടങ്ങി.

തിങ്കളാഴ്ച രാവിലെ നിവിയും മരിയയും കൂടി കോളേജിലേക്ക് സംസാരിച്ചുകൊണ്ട് നടന്നു വരികയായിരുന്നു.

"ആഹാ... എന്നിട്ട് നീ നമ്പർ അപ്പോൾ തന്നെ പറഞ്ഞു കൊടുത്തോ?"

"ഏയ് ഇല്ലാ... ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയപ്പോൾ വാട്ട്‌സാപ്പിലേക്ക് ഞാനെന്റെയൊരു സെൽഫി അയച്ചു. അത് കണ്ടയുടനെ തന്നെ രഞ്ജുവേട്ടൻ എനിക്ക് ഹാർട്ട്‌ അയച്ചു തന്നു"

"ഹാർട്ടോ?"

"ലവ് സിംബലില്ലേ... അത്..."

"ഓഹ്... പക്ഷേ, അത് നിന്റെ രഞ്ജുവേട്ടന്റെ ഹാർട്ട് തന്നെയാ. ആളുടെ വായിൽ നിന്നു തന്നെ നിന്നോടുള്ള ഇഷ്ടം തുറന്നു പറയാൻ ഒരു വഴിയുണ്ട്"

"എന്തു വഴി?"

"ഒരല്പം വളഞ്ഞ വഴിയാ..."
മരിയ പറഞ്ഞു കഴിഞ്ഞതും ഒരഞ്ചു പേർ വന്ന് അവരെ വളഞ്ഞു.

'എന്റെ മാതാവേ... വളഞ്ഞ വഴിയെ പറ്റി പറഞ്ഞതേ ഉള്ളു. അപ്പോഴേക്കും ഞങ്ങളെ വളഞ്ഞോ...'
മരിയ മനസ്സിൽ പറഞ്ഞു.

"ആദിയേട്ടാ... ഇവളാ എന്നെ മൂക്കിനിട്ട് ഇടിച്ചത്"

"അന്ന് നീ പറഞ്ഞത് വെച്ച് ഇവരുടെ ക്ലാസ്സിൽ പോയപ്പോൾ തന്നെ എനിക്ക് മനസ്സിലായെടാ... ഇവളാ ആളെന്ന്... അബിൻ ഒന്നു വന്നോട്ടെ... അവൻ അന്നിവിടെ ഇല്ലാതായി പോയി. ഇല്ലേൽ സ്ട്രൈക്കിന്റെ സമയത്ത് എല്ലാരും പോയപ്പോൾ ഇവളെ പൊക്കാമായിരുന്നു"

ഇതൊക്കെ കേട്ടിട്ട് മരിയക്ക് ചെറിയ പേടി തോന്നിയെങ്കിലും നിവി ഒരു കൂസലുമില്ലാതെ നിന്നു.

"അവൻ വരുന്നതിന് മുൻപ് നമുക്കൊന്നു പരിചയപ്പെടാം. ഞാൻ ആദി... ആദിദേവ്..."

"ഹലോ... എക്സ്ക്യൂസ് മി... എന്താ ഇവിടെ?"

രഞ്ജുവിന്റെ ശബ്ദം കേട്ട് നിവി തിരിഞ്ഞുനോക്കി. അവൻ അവരുടെ ഇടയിലേക്ക് കയറി.

"നീ ആരാടാ? നിനക്കെന്താ ഇവിടെ കാര്യം?"

"നിന്നെ ഇവിടെ ആരേലും വിളിച്ചോ?"

"ഇവിടെ വളഞ്ഞു നിൽക്കുന്നത് കൊണ്ട് ചോദിച്ചതാ... പിന്നെ ഈ നിൽക്കുന്നത് എന്റെ പെണ്ണാ... അപ്പൊ പിന്നെ എന്തായാലും കാര്യം അറിയേണ്ടേ?"

രഞ്ജു പറഞ്ഞത് കേട്ട് നിവിയുടെ കണ്ണുകൾ തിളങ്ങി. അവൾ അവനെ അതിശയത്തോടെ നോക്കി നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[ഇന്നലെ രാത്രി ഫോൺ പണി തന്നതാ☹️. പിന്നെ, ഇന്ന് എൻ  ജീവൻ എന്നെ കല്യാണം കഴിച്ച ദിവസമാട്ടോ😌. അതായത് എന്റെ വെഡിങ് ആനിവേഴ്സറി(2nd)😇. ഞങ്ങളുടെ കുട്ടിക്കുറുമ്പി നിവി വന്നതിൽ പിന്നെയുള്ള ആദ്യത്തെ വെഡിങ് ആനിവേഴ്സറി👨‍👩‍👧❤️💓💗]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top