എൻ ജീവൻ❤️[The Conclusion] ഭാഗം -7

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം -7

"ചേട്ടോ... ഇവളെ പെട്ടന്ന് തിരിച്ചു അടിക്കാമെന്ന് കരുതണ്ടാട്ടോ... ഇവളേ കരാട്ടെ ബ്ലാക്ക് ബെൽറ്റാ..."

മരിയ പറഞ്ഞത് കേട്ട് അവൻ നിവിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ പതിയെ കൈ താഴ്ത്തി.

"ചേട്ടന് തൊടാൻ നിന്നു തരുന്ന വേറെ പെൺപ്പിള്ളേര് ചിലപ്പോൾ ഇവിടെ കാണുമായിരിക്കും. എനിക്ക് അടിയുണ്ടാക്കാനൊന്നും താല്പര്യമില്ല. പക്ഷേ, എന്റെ ദേഹത്ത് എങ്ങാനും തൊടാൻ വന്നാൽ..."
നിവി അവിടെ വെച്ച് നിർത്തി.

"ബാക്കി ഞാൻ പറയാം... ഷൂവിട്ട ഇവളുടെ കാല് ചേട്ടന്റെ നെഞ്ചിൽ ഇരിക്കും. അപ്പൊ ഓക്കേ. വരട്ടെ ചേട്ടാ..."
മരിയ നിവിയുടെ കൈ പിടിച്ച് നടന്നു. അവനവിടെ തന്നെ അവരെ നോക്കി നിന്നു. അപ്പോഴേക്കും അവന്റെ മൂക്കിൽ നിന്നും ചോര പതിയെ ഒലിച്ചിറങ്ങി.

"ഡാ... ഞാൻ പറഞ്ഞില്ലേ... ഇവള് കരാട്ടെയാ..."

"പതുക്കെ പറ... ഇങ്ങോട്ട് വരുന്നുണ്ട്"

നിവിയെ അടുത്ത് കണ്ടതും കിരൺ അവളെ നോക്കിയൊന്നു ഇളിച്ചു കാണിച്ചു.

"ഹൈ മോളേ... എന്നെ ഓർമ്മയുണ്ടോ?"

"പിന്നേ... ഇന്നലെ എനിക്ക് ക്ലാസ്സ്‌ കാണിച്ചു തന്നെ ചേട്ടനല്ലേ... പെട്ടന്ന് എങ്ങനെയാ ബ്രോ മറക്കുന്നേ? അല്ലാ... നിങ്ങളിവിടെ എന്തിനാ നിൽക്കുന്നെ?"

"അത്... ഞങ്ങൾ വെറുതെ പുറത്തിറങ്ങാമെന്ന് വെച്ചു. മോളുടെ കൂട്ടുകാരിയാണോ ഇത്?"

"എന്താ പേര്?"
മെൽവിൻ ഉടനെ ചാടിക്കേറി ചോദിച്ചു.

"ആൻ മരിയ..."

"നല്ല പേര്..."
മെൽവിൻ പറഞ്ഞത് കേട്ട് കിരൺ അവന്റെ മുഖത്തേക്ക് നോക്കി.

"അതേ... എന്തായിരുന്നു അവിടെ പ്രോബ്ലം?"

"ഏയ് ഒന്നുല്ല ബ്രോ. എല്ലായിടത്തും കാണും ഇതുപോലൊരെണ്ണം"

"ഓ... കോഴി..."

"എനിക്കവന് കണ്ടിട്ട് വെറുമൊരു കോഴിയെ പോലെ തോന്നുന്നില്ല ബ്രോ... ആഹ് അത് പോട്ടെ... ബ്രോയുടെ പേരെന്താ?"

"ഞാൻ കിരൺ..."
പേര് പറഞ്ഞയുടനെ അവൻ നിവിക്ക് നേരെ കൈ നീട്ടി. യാതൊരു മടിയും കൂടാതെ അവൾ ഷേക്ക്‌ ഹാൻഡ് കൊടുത്ത് പേര് പറഞ്ഞു. മെൽവിൻ അവന്റെ പേര് പറയാൻ തുടങ്ങിയതും കിരൺ അവനെ അവർക്ക് പരിചയപ്പെടുത്തി.

"നിവി... കൊള്ളാട്ടോ... നല്ല പേര്. വിളിക്കാൻ ഒരു സുഖമുണ്ട്. നിവിയുടെ ഫുൾ നെയിം എന്താ?"

"നിവി കാർത്തിക്..."

"ഓക്കേ... മോളിപ്പോൾ ഫസ്റ്റ് ഇയർ ക്ലാസ്സിലേക്ക് പോവുകയല്ലേ... അങ്ങോട്ട്‌ പോയിട്ട് കാര്യമില്ല. അവർക്കിന്ന് ക്ലാസ്സില്ല"

കിരൺ പറഞ്ഞത് കേട്ട് നിവിയുടെ മുഖമുടനെ മങ്ങുന്നത് അവൻ ശ്രദ്ധിച്ചു.

"സത്യാണോ ബ്രോ?"

"ആഹ്... എന്റെ ഒരു കസിൻ അനിയൻ ഫസ്റ്റ് ഇയർ ക്ലാസ്സിലുണ്ട്. അവൻ പറഞ്ഞതാ..."

"ഹ്മ്മ്... അപ്പൊ ഞങ്ങൾ പോവാ... ബൈ..."
നിവി ഒരു നിരാശയോടെ പറഞ്ഞുകൊണ്ട് തിരിച്ചു നടന്നു.

"മറിയേ... അല്ല മരിയേ റ്റാറ്റാ..."
മരിയ മെൽവിനെ തിരിഞ്ഞുനോക്കി ചിരിച്ചു.

"എടി... ആ ചേട്ടന് എന്നോടൊരു ഇഷ്ടം തോന്നിയിട്ടില്ലേ എന്നൊരു ഡൌട്ട്..."

"ഹ്മ്മ്..."

"കാണാനും അത്ര കുഴപ്പമില്ല. പോരാത്തതിന് ക്രിസ്ത്യനും... ഡി..  ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ"
മരിയ നിവിയെ കയ്യിൽ പിടിച്ചു നിർത്തി.

"ഓഹോ... അപ്പോഴേക്കും ഈ മുഖം വാടിയോ? സാരല്ല... നാളെ ക്ലാസ്സുണ്ടെങ്കിലോ... അപ്പൊ കാണാം"

"ശനിയാഴ്ച നിന്റെ അപ്പാപ്പൻ കൊണ്ടുവെച്ചേക്കുന്നോ ക്ലാസ്സ്‌?"

"ശോ... ഞാനത് ഓർത്തില്ല. നീ ചൂടാവല്ലേ... തിങ്കളാഴ്ച കാണാലോ..."

"അതല്ല... ഇന്ന് കാണാമെന്ന് പ്രതീക്ഷിച്ചു വന്നതാ. അതാ... സങ്കടം വരുന്നേ..."

"ആഹ്... അല്ലേലും നിനക്ക് സങ്കടം വന്നാല് അതാദ്യം ദേഷ്യമായിട്ടല്ലേ പുറത്തു വരുന്നേ... നിന്റെ നമ്പർ രഞ്ജുവേട്ടന് കൊടുത്തോ?"

"ഇല്ലാ... എന്റെ ഫോൺ കാണിച്ചിട്ട് കൊടുക്കാമെന്ന് വെച്ചു"

"എന്നിട്ട് ഇന്നലെ കാണിച്ചോ?"

"ഇല്ലാ..."

"ബെസ്റ്റ്... ഫോൺ നമ്പർ നിനക്കറിയാലോ... കൊടുത്തിരുന്നെങ്കിൽ ചുമ്മാ മെസ്സേജ് അയച്ച്  ചോദിക്കാമായിരുന്നല്ലോ... "

"മ്മ്..."

"ആഹ്... പോട്ടെ... തിങ്കളാഴ്ച കാണുമ്പോൾ നമ്പർ അങ്ങ് കൊടുത്തേക്ക്. പിന്നെ, നമുക്ക് ലൈബ്രറിയിൽ പോണ്ടേ? ഇപ്പൊ സാറ് വന്നുകാണും"

"ഇന്നിനി പോകാൻ മൂഡില്ല"

"ഓക്കേ ഓക്കേ... വാ ക്ലാസ്സിൽ പോകാം"

ക്ലാസ്സ്‌ അറ്റൻഡ്സ് എടുത്ത് കഴിഞ്ഞതും  സ്ട്രൈക്ക് ആണെന്നും പറഞ്ഞ്  കുറച്ചു പേര് ക്ലാസ്സിൽ വന്നു. അതിലൊരുത്തന്റെ കണ്ണുകൾ നിവിയിൽ ഉടക്കി. മിസ്സ്‌ വീട്ടിൽ പോകാൻ പെർമിഷൻ കൊടുത്തതും എല്ലാവരും ക്ലാസ്സിൽ നിന്നുമിറങ്ങി.
നിവി വീട്ടിൽ ചെന്നപ്പോൾ മുറ്റത്ത് നല്ല പരിചയമുള്ള ബൈക്ക് കണ്ടു. അവൾക്കുടനെ ആ ബൈക്കിന്റെ ഉടമയെ മനസ്സിലായി. അവൾ വേഗം അകത്തേക്ക് ഓടിക്കയറി.

"ദേ... നിവി മോള് വന്നല്ലോ... മോള് ഇവിടുന്ന് പോയി ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ രഞ്ജു മോൻ  വന്നു. ഇവൻ ഞായറാഴ്ചയേ പോകുന്നുള്ളുവെന്ന്... മോള്  ഇന്നെന്താ നേരത്തെ?"

"അത് അച്ഛമ്മേ... സ്ട്രൈക്ക് ആയിരുന്നു"

"ആണോ? മ്മ്... കഴിക്കാൻ വല്ലതും എടുക്കണോ? അച്ചപ്പവും അരിമുറുക്കുമുണ്ട്. പിന്നെ, വറ്റലുമുണ്ട്. ഏത് വേണം?"

"ചിപ്സ് മതി. രെച്ചുമ്മയും അമ്മാമ്മയും എവിടെ?"

"മുറി വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞു ഇപ്പോഴായിട്ട് മുകളിൽ പോയതേ ഉള്ളു. ഏട്ടത്തി തുണി കഴുകുവാ...ഞാൻ വറ്റല്  എടുത്തിട്ട് വരാം"
രേവതി അടുക്കളയിലേക്ക് പോയി.

സോഫയിൽ ഇരുന്ന് ടി.വി. കാണുവായിരുന്നു രഞ്ജു. നിവി അവന്റെ അടുത്ത് വന്നിരുന്നു. അവൻ ഉടനെ ടി.വി. റിമോട്ട് അവൾക്ക് നേരെ നീട്ടി.

"രഞ്ജുവേട്ടൻ കണ്ടോ... എനിക്ക് വേണ്ടാ..."

രഞ്ജു അവളെ നോക്കിയൊന്നു ചിരിച്ചിട്ട് ടി.വി.യിലേക്ക് ശ്രദ്ധ തിരിച്ചു.

"അതേ... രഞ്ജുവേട്ടന് ഞാനെന്റെ ഫോൺ കാണിച്ചു തന്നില്ലാലോ"
എന്നും പറഞ്ഞ് നിവി ബാഗ് തുറന്ന് അവളുടെ മൊബൈൽ ഫോൺ രഞ്ജുവിന് കൊടുത്തു. അവനത് നോക്കിയിട്ട് പെട്ടന്ന് തന്നെ തിരിച്ചു കൊടുത്തു.

"എങ്ങനെയുണ്ട്? കൊള്ളാമോ?"

"മ്മ്... നൈസ്..."
വീണ്ടും പഴയ പോലെ രഞ്ജു ടി.വി.യിൽ ശ്രദ്ധ തിരിച്ചപ്പോൾ നിവിക്ക് ദേഷ്യം വന്നു. അപ്പോഴേക്കും ഒരു പ്ലേറ്റിൽ നിറയെ ചിപ്സുംമായി രേവതി വന്നു.

"ദാ മോളെ കഴിക്ക്... ഞാൻ ചീര പോയി പറിച്ചിട്ട് വരാം"
രേവതി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ നിവി എണീറ്റു.

"നീ ചിപ്സ് കഴിക്കുന്നില്ലേ?"

"മ്മ്... രഞ്ജുവേട്ടൻ ടി.വി. കാണ്. ഞാൻ പോയി ഡ്രസ്സ്‌ മാറ്റിയിട്ട് വരാം"
എന്ന് പറഞ്ഞിട്ട് നിവി അവളുടെ റൂമിലേക്ക് പോയി.

"എന്നോട് സംസാരിക്കാൻ വയ്യാ...  ഇരുന്ന് ടി. വി. കാണുവാ... ഹും..."
അവൾ സ്വയം ഇരുന്ന് ഓരോന്ന് പിറുപിറുത്തു. ഈ പറഞ്ഞത് അവളുടെ പിന്നാലെ വന്ന രഞ്ജു കേട്ടു. ഉള്ളിൽ ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ അവൻ തിരികെ പോയി. നിവി പിന്നെ രഞ്ജുവിനോട് അധികം മിണ്ടാനേ പോയില്ല.

രാത്രി ഒരു എട്ടു മണി കഴിഞ്ഞപ്പോൾ കാർത്തി വീട്ടിലേക്ക് വന്നു. അവനെ കണ്ടതും രശ്മി മുഖം വീർപ്പിച്ചു. അത്താഴം കഴിഞ്ഞ ശേഷം രശ്മി ആദ്യം അവരുടെ റൂമിലേക്ക് പോയി. രഞ്ജുവിനോട് കുറച്ചു നേരം കാര്യം പറഞ്ഞിരുന്ന ശേഷം കാർത്തിയും റൂമിലേക്ക് പോയി. രഞ്ജുവും നിക്കുവും ടി.വി. കാണാൻ ഇരുന്നപ്പോൾ നിവിയും അവിടെന്ന് എണീറ്റു. ബെഡ് ഷീറ്റ് വിരിച്ചു കൊണ്ടിരിക്കെ കാർത്തി വന്ന് കട്ടിലിൽ കിടന്നു.

"ഏട്ടാ... എണീറ്റേ... ഞാനിതൊന്നു വിരിക്കട്ടെ"

"എണീക്കാം... ആദ്യം ഈ മുഖം വീർപ്പിച്ചു വെച്ചിരിക്കുന്നത് മാറ്റ്"
കാർത്തി എണീറ്റ് രശ്മിയെ പിടിച്ച് അവന്റെ  അരികിൽ ഇരുത്തി.

"രെച്ചു..."

"മ്മ്..."

"നീ എന്തിനാ വെറുതെ നിസ്സാര കാര്യത്തിന് പിണങ്ങുന്നേ? "

"എനിക്കത് നിസ്സാരമല്ല..."

"ശോ... എടി.. ഇത്രയും വർഷം അവൻ ഒറ്റക്ക് അവിടെ കഴിഞ്ഞില്ലേ? ഇനിയും അവനെ തനിയെ വിട്ടാൽ ശെരിയാവില്ല. പഴയതൊക്കെ ഓർത്ത് വീണ്ടും അവൻ... "

"ഇവിടെ വന്നാൽ നമ്മളെയൊക്കെ കാണില്ലേ... അപ്പോൾ പഴയതൊന്നും ഓർമ വരില്ലേ?"

"ഓർമ വരുമായിരിക്കും. പക്ഷേ,  ചെറിയച്ഛന്റെ മരണം അവനെ കുറച്ചെങ്കിലും മാറ്റം വരുത്താതെ ഇരിക്കില്ല. അവൻ നഷ്ടപ്പെടുത്തിയ ജീവിതത്തിന്റെ വില അവൻ മനസ്സിലാക്കണം. ആ മനുഷ്യൻ എത്ര മാത്രം നീറി ജീവിച്ചെന്ന് അവൻ അറിയണം.  അവൻ ഇവിടെ വന്നാലേ അതൊക്കെ മനസ്സിലാകുള്ളു. അവന്റെ ഏട്ടനെ പഴയത് പോലെയാക്കില്ലെന്ന് പറഞ്ഞിരിക്കുവാ മണികണ്ഠൻ"

"എന്നാലും ഏട്ടാ... "

"നീയെന്തിനാ രെച്ചു പേടിക്കുന്നെ? അവൻ നിന്നെ വല്ലതും ചെയ്യാൻ ഇവിടെ വരുമെന്ന് ഓർത്തിട്ടാണോ? രെച്ചു... ചെറിയമ്മ മരിച്ചതിൽ പിന്നെയാ അവന്റെ സ്വഭാവം മാറി തുടങ്ങിയത്. പണ്ട് സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ക്ലാസ്സിൽ വെച്ച് എന്നോട് എന്തേലും വഴക്കുണ്ടാക്കുന്നതിന്റെ പിറ്റേന്ന് അവൻ വന്ന് സോറി പറയുമായിരുന്നു. അവനെല്ലാം ചെറിയമ്മയോട് തുറന്നു സംസാരിക്കുമായിരുന്നു. ചെറിയമ്മ പാവമാ... അവനെ നന്നായി വളർത്തിക്കൊണ്ടു വന്നതാ. പക്ഷേ, ചെറിയമ്മക്ക് അസുഖം വന്ന് കിടപ്പിലായി. വൈകാതെ മരിക്കുകയും ചെയ്തു. പിന്നെ, ചെറിയച്ഛൻ ചെറിയച്ഛനെ പോലെ അവനെ വളർത്തി കൊണ്ടു വന്നു. ചെറിയച്ഛന് മനോജിനോടായിരുന്നു കൂടുതൽ സ്നേഹം. അവന്റെ ആഗ്രഹങ്ങളാണ്‌ കൂടുതലും സാധിച്ചു കൊടുത്തിട്ടുള്ളത്. മണികണ്ഠൻ ചെറിയമ്മയെ പോലെ പാവമായത്കൊണ്ട് പരാതികളൊന്നും പറയുമായിരുന്നില്ല. അവന്റെ ജീവിതം താൻ കാരണമാണ് നശിച്ചതെന്ന് പറഞ്ഞ് മരിക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് വരെ ചെറിയച്ഛൻ എന്നെ കണ്ടപ്പോൾ കരഞ്ഞു പറഞ്ഞു. അവൻ ഇനിയും നന്നായില്ലെങ്കിൽ പിന്നെ..."

"പിന്നെ??"

"പിന്നെ ഒന്നുല്ലാ... അതേ... ഇന്നലെ രാവിലെ കഴിച്ചിട്ടാണോ വീട്ടിൽ വന്നേ?"

"മ്മ്..."

"എന്താ കഴിച്ചേ?"

"മസാല ദോശ..."

"മസാല ദോശയോ?"

"ആഹ്... എന്തോ മസാല ദോശ കഴിക്കാനപ്പോഴൊരു കൊതി തോന്നി. ഒരു വെജിറ്റേറിയൻ ഹോട്ടലായിരുന്നു ഏട്ടാ... നന്നായിരുന്നു..."

"അതെന്താ മസാല ദോശ കഴിക്കാൻ  ഇപ്പോഴൊരു കൊതി?ഇനി എങ്ങാനും? ഏഹ്?"
കാർത്തി രശ്മിയെ കളിയാക്കിക്കൊണ്ട് ചോദിച്ചു.

"ശേ... ഈ ഏട്ടൻ... പ്രസവമൊക്കെ നിർത്തിയതാ എന്ന് മറന്നു പോയോ? അതിന് മാത്രേ കൊതി തോന്നാൻ പാടുള്ളു എന്നുണ്ടോ?"

"അല്ലാ... പ്രസവം നിർത്തിയാലും ചിലർ ആകാറുണ്ട്. അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു"

"അയ്യോ..."

"എന്തയ്യോ...  എനിക്കൊരു കുഴപ്പവുമില്ല. നാണക്കേടുമില്ല. പറയ്... അതിന്റെ വല്ലതുമാണോ?"

"ഏയ്... ഒന്നു പോയേ... അതൊന്നുമല്ല"

"ഇനി അല്ലെങ്കിലും ഞാൻ റെഡിയാട്ടോ..."
കാർത്തി ഒരു കള്ളച്ചിരിയോടെ പറഞ്ഞതും രശ്മി അവനെ തള്ളിമാറ്റി.

"അയ്യടാ... എന്റെ പൊന്നുമോൻ എണീറ്റെ... ബെഡ് ഷീറ്റ് വിരിച്ചു കഴിഞ്ഞില്ല"
കാർത്തി ഉടനെ എണീറ്റ് കൊടുത്തു.

"ഏട്ടൻ ഇന്നലെ എവിടെ പോയേക്കുവായിരുന്നു?"

"ഞാൻ ഒരിടത്തും പോയില്ല. ക്വാർട്ടർസിൽ തന്നെ ഉണ്ടായിരുന്നു"

"ആണോ? മ്മ്... പിന്നെ, ഇന്ന് നിവി രാവിലെ തന്നെ തിരികെ വന്നു. കോളേജിൽ സ്ട്രൈക്ക് ആയിരുന്നുവത്രേ... കാരണം ചോദിച്ചപ്പോൾ അവൾക്കറിയില്ലെന്നാ പറഞ്ഞത്"

"ഹ്മ്മ്..."

കാർത്തിയുടെ മനസ്സിലപ്പോൾ സുകുമാരൻ പറഞ്ഞ പയ്യനെ പറ്റി ഓർമ വന്നു.

ഈ സമയം ഉറക്കം വരാതെ നിവി കയ്യിൽ ഫോണും പിടിച്ച് വലിയ ആലോചനയിലായിരുന്നു.

'ഞാൻ മിണ്ടാതെ നടന്നിട്ട് പോലും എന്നെ മൈൻഡ് ചെയ്തില്ലാലോ... ദുഷ്ടൻ... വന്ന നേരം തൊട്ട് ടി.വി. കാണല് തന്നെ. എല്ലാവരും കിടന്നിട്ടും ഇരുന്ന് കാണുവാ... അവിടെയെന്തോ ടി.വി. കാണാൻ സമ്മതിക്കാത്തത് പോലെ... ഹും... ഒന്നു താഴേക്ക് ചെന്ന് നോക്കിയാലോ...'

കീർത്തിയുടെ റൂമിലാണ് നിവി കിടക്കുന്നത്. അതാണ് ഇപ്പോൾ നിവിയുടെ റൂം. നിവി ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് കാർത്തിയുടെ റൂമിനു നേരെ നോക്കി.

'ദൈവമേ... അച്ഛനും രെച്ചുമ്മയും ഉറങ്ങിയിരിക്കണേ..."
എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് അവൾ പതിയെ സ്‌റ്റെപ്സ് ഇറങ്ങി താഴേക്ക് ചെന്നു. ഹാളിൽ ലൈറ്റ് ഒന്നും ഇല്ലായിരുന്നു. ആകെ ടി.വി. യുടെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു.  അവിടെ ആരെയും അവൾ കണ്ടില്ല.

'ഏഹ്?! രഞ്ജുവേട്ടൻ ടി.വി. ഓഫ്‌ ആക്കാതെ പോയി കിടന്നോ?'

നിവി ടി.വി. ഓഫ്‌ ആക്കാനായി ചെന്നതും പെട്ടെന്നൊരാൾ അവളുടെ കയ്യിൽ പിടിച്ചു. രഞ്ജുവായിരുന്നു അത്...

"രഞ്ജുവേട്ടനിത് എവിടെ പോയതാ?"

"ശൂ... പയ്യെ പറയ്. പുറത്ത് എന്തോ സൗണ്ട് കേട്ടു... അത് നോക്കി പോയതാ"

"പുറത്തോ?"
നിവി ചോദിച്ചപ്പോഴേക്കും ആരോ ഒരാൾ മുൻവശത്തെ വാതിലിൽ തട്ടി.
(തുടരും)

©ഗ്രീഷ്മ. എസ്
[കുറച്ചു ബിസി ആയി പോയിട്ടോ😬. അതാ പാർട്ട്‌ ഷോർട്ട് ആയി പോയത്..  സോറി😐.
നിവി❤️നിരഞ്ജൻ On The Way😉... ]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top