എൻ ജീവൻ❤️[The Conclusion] ഭാഗം- 17

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 17

'നിക്കു...'
നിവി അവനെ നോക്കി പല്ലിളിച്ചു.

"നീ ഇവിടെ ഉണ്ടായിരുന്നോ?"

"പിന്നേ... ഞാൻ ഉച്ചക്ക് തന്നെ വന്നു. ഞാനും കൂടി അമ്മയുടെ കൂടെ പോയെന്ന് നിങ്ങൾ വിചാരിച്ചോ?"

"ഡാ നിക്കു... നിങ്ങൾ തമ്മിൽ സംസാരിക്ക്... ഞാനിപ്പൊ വരാം..."
എന്നും പറഞ്ഞ് രഞ്ജു അവിടെ നിന്ന് പോകാനൊരുങ്ങി.

"അതേ... ഇവിടെന്ന് അങ്ങനെ എസ്‌കേപ്പ് ആകാൻ നോക്കണ്ട രഞ്ജുവേട്ടാ... നിങ്ങള് തമ്മിൽ എന്തോ ഒരു ഇതില്ലേ എന്നെനിക്കൊരു ഡൌട്ട് ഉണ്ടായിരുന്നു. ഞാനത് നീരജിനോട് പറഞ്ഞപ്പോൾ അവൻ പറയാ,  അതേ ഡൌട്ട് അവന് എന്നേക്കാൾ നേരത്തെ രഞ്ജുവേട്ടന്റെ കാര്യത്തിൽ തോന്നിയിരുന്നുവെന്ന്. അന്ന് ബർത്ത് ഡേക്ക്‌ നിങ്ങള് കണ്ണും കണ്ണും നോക്കി കളിച്ചപ്പോൾ ആ ഡൌട്ട് ക്ലിയർ ആയി"

നിക്കു പറഞ്ഞത് കേട്ട് നിവിയും രഞ്ജുവും  ചെറിയ ചമ്മലോടെ അവനെ നോക്കി.

"നിക്കു... ഡാ... നീയിത് വേറെ ആരോടും പറഞ്ഞ് ഇപ്പൊ പ്രശ്നമുണ്ടാക്കല്ലേ പ്ലീസ്..."

"അതേ എനിക്കും പറയാനുള്ളു. ഞാനായിട്ട് തന്നെ ഈ കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞോളാം. ഇപ്പോഴല്ല എന്റെ സ്റ്റഡീസ് കഴിഞ്ഞിട്ട്... ഓക്കേ? പിന്നെ, ഞങ്ങൾ തമ്മിൽ ഇപ്പൊ സെറ്റ് ആയതേ ഉള്ളു. ഇതിൽ ഡൌട്ട് ഉണ്ടെങ്കിൽ നീ നിന്റെ  ചേച്ചിയോട് ചോദിച്ചു നോക്ക്"

"മ്മ്... നല്ലൊരു അളിയനെ എനിക്ക് കിട്ടുന്നത് കൊണ്ട് ഞാൻ ആരോടും പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നില്ല. എന്നാലും രഞ്ജുവേട്ടാ... എന്ത് കണ്ടിട്ടാ ചേട്ടൻ ഈ സെൽഫി പ്രാന്തിയെ ഇഷ്ടപ്പെട്ടേ?"

"ഞാൻ സെൽഫി പ്രാന്തി ആണെന്നോ... നിന്നെ ഇന്ന് ഞാൻ..."

നിവി ഉടനെ നിക്കുവിനെ അടിക്കാനായി വന്നപ്പോൾ അവൻ ഓടി മുറ്റത്തേക്ക് ചെന്നു. അവൾ ചെന്ന് അവനെ പിടിച്ചപ്പോൾ ഒരു കാർ അവിടെ വന്നു. രശ്മിയും സീതയുമായിരുന്നു അത്‌.

രശ്മി: നീ കോളേജിൽ നിന്നും ഇപ്പോഴാണോ വരുന്നേ?

നിവി: മ്മ്... കുറച്ചു നേരമായി.  രെച്ചുമ്മയും അമ്മമ്മയും എവിടെപ്പോയതാ?

രശ്മി: ഞങ്ങൾ എല്ലാവർക്കും ഓണക്കോടി എടുക്കാൻ പോയതാ...

നിവി: കഷ്ടമുണ്ട്ട്ടോ അമ്മേ ഞങ്ങളെ കൂട്ടാതെ പോയത്. നാളെ പോയാൽ പോരായിരുന്നോ?

സീത: രണ്ടു ദിവസം കഴിഞ്ഞാൽ തിരുവോണമല്ലേ നിവി മോളെ... നാളെ ഇന്നത്തേക്കാൾ നല്ല തിരക്കായിരിക്കും. രെച്ചു പോകാമെന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. മോൾക്ക് എടുത്തത് എന്തായാലും നല്ല ഇഷ്ടപ്പെടും. അത്‌ ഈ അമ്മാമ്മ ഗ്യാരണ്ടി.

നിവി: ഹ്മ്മ്... ശെരി. എങ്കിൽ കവർ തന്നേ... ഞാൻ നോക്കട്ടെ...

രശ്‌മി: തിരുവോണത്തിന്റെ അന്ന് രാവിലെ നീ കുളിച്ചു റെഡി ആയി വരുമ്പോൾ ഈ ഓണക്കോടി നിന്റെ കയ്യിൽ തരും. അപ്പൊ കണ്ടാൽ മതി"

നിവി: ശോ... ഈ രെച്ചുമ്മയുടെ കാര്യം...
അപ്പോൾ രഞ്ജു അവിടേക്ക് വന്നു.

രശ്‌മി: ആഹാ... രഞ്ജു ഇവിടെ ഉണ്ടായിരുന്നോ?

രഞ്ജു: ആഹ് മാമി. ഇവിടെയൊന്നു കേറിയിട്ട് പോകാമെന്ന് വിചാരിച്ചു.

സീത: അപ്പൊ മോൻ ഇന്ന് പോവാണോ?

രഞ്ജു: മ്മ്... മറ്റന്നാൾ വൈകുന്നേരം ഞങ്ങൾ മൂന്നുപേരും വരും. അച്ഛാച്ചനെയും അച്ഛമ്മയും കൂട്ടിക്കൊണ്ടു അച്ഛൻ വരുമ്പോൾ രാത്രിയാകും.

രശ്‌മി: മ്മ്... നിങ്ങൾ ചായ കുടിച്ചോ? ഇല്ലാലോ... വാ... അകത്തേക്ക് പോകാം
അവർ എല്ലാവരും അകത്തേക്ക് കയറിപ്പോയി. ചായ കുടിച്ചു കഴിഞ്ഞ് രഞ്ജു നിവിയെ നോക്കി കണ്ണുകൊണ്ട് യാത്ര ചോദിച്ചു. അവൾ ശെരിയെന്ന് തലയാട്ടി.

"പോട്ടെടാ... അപ്പൊ മറ്റെന്നാൾ കാണാം..."

"ഓക്കേ... വെക്കേഷൻ നമുക്കിവിടെ പൊളിക്കാം"
നിക്കു രഞ്ജുവിന് ഷേക്ക്‌ ഹാൻഡ് കൊടുത്തു. രഞ്ജു ചിരിച്ചുകൊണ്ട് അവന്റെ തലമുടിയിലൊന്നു തലോടി. അന്ന് രാത്രി തന്റെ കവിളിൽ പതിഞ്ഞ സ്നേഹമുദ്രണത്തെ കുറിച്ചോർത്തു കൊണ്ട് നിവി കിടന്നുറങ്ങി.
*****❤️*****
"ഡാ മോനെ ഇത് കഴിക്ക്"
മുറിയിൽ തറയിലിരിക്കുന്ന അബിന്റെ മുന്നിലേക്ക് ചോറും കറികളും അടങ്ങിയ പ്ലേറ്റ് നീക്കിക്കൊണ്ട് മേരി പറഞ്ഞു.

"എനിക്ക് വേണ്ടാ... അമ്മച്ചി നിങ്ങള് എടുത്തോണ്ട് പോ..."

"എപ്പോഴും ഇങ്ങനെ കുടിച്ചു കൊണ്ടിരുന്നാൽ കൂമ്പ് വാടത്തില്ലേ മോനെ... കുറച്ചു എങ്കിലും കഴിക്ക്"

"ആദ്യം അപ്പച്ചനോട്‌ പറയ് എന്നെ പുറത്തോട്ട് വിടാൻ... ഇവിടെ ഇരുന്നാൽ ഞാൻ കുടിച്ചു കുടിച്ചു ചാകും... എനിക്കാകെ പ്രാന്ത് പിടിക്കുന്നു..."

"ഇച്ചായനോട്‌ ഞാൻ പറയാം. മോനീ ചോറ് കഴിക്ക്"

"എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ..."
അബിൻ ദേഷ്യത്തോടെ പ്ലേറ്റ് കാല് കൊണ്ട് തട്ടിയെറിഞ്ഞു. ഇത് കണ്ടുകൊണ്ടാണ് ഷിന്റോ മുറിയിലേക്ക് വന്നത്.

"ഡാ...."
ഷിന്റോ അബിന്റെ അടുത്ത് വന്ന് അവന്റെ തോളിൽ ആഞ്ഞു ചവിട്ടി.  അവൻ ഒരു വശത്തേക്ക് ചെരിഞ്ഞു വീണു.

"ചോറ് തട്ടിക്കളയുന്നോടാ??? നിനക്ക് വേണ്ടെങ്കിൽ കഴിക്കണ്ട. ഇതൊന്നും നീ അധ്വാനിച്ചു ഉണ്ടാക്കിയതല്ല. നിനക്ക് വേണ്ടതൊക്കെ ഈ റൂമിലിരിപ്പുണ്ടല്ലോ..."

"അപ്പച്ചാ എന്നെയൊന്നു പുറത്തേക്ക് വിട്. ഇവിടെയിരുന്നിട്ട് വട്ടു പിടിക്കുന്നു. എനിക്കിനി ഇവിടെ ഇരിക്കണ്ടാ... "

"പുറത്തേക്ക് പോകുന്നത് എന്നാത്തിനാ? എന്നെ വട്ട് പിടിപ്പിക്കാനോ? അല്ലേൽ റൂമിന് വെളിയിൽ ഇറങ്ങണ്ടായിരുന്നല്ലോ നിനക്ക്... ഇപ്പോൾ നിനക്ക് കഞ്ചാവൊന്നും വേണ്ടേ?  അവൻ... ആ കമ്മീഷണറ് പണി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ എനിക്ക് എന്തൊക്കെ എവിടെയൊക്കെ സ്വത്തുണ്ടെന്നാ അവനിപ്പോൾ അന്വേഷിക്കുന്നെ. എന്റെ പത്തി മടക്കിയിട്ട് ഇങ്ങോട്ട് വന്ന് നിന്നെ കൊണ്ടുപോകാനുള്ള പ്ലാൻ ആണെന്നാ ഷിബു പറഞ്ഞത്. ഇനി നിന്നെ പുറത്ത് വിട്ടാൽ വീണ്ടും നീ ഓരോന്ന് ഉണ്ടാക്കും. അതിന്റെ പുറകേ പോകാൻ വയ്യാ. നീ പൊന്മുടിയിൽ പോയപ്പോൾ ഉണ്ടാക്കി വെച്ചത് ഓർമയുണ്ടല്ലോ... ആ ഒരൊറ്റ കേസ് മതി അവന് നിന്നെ എന്നന്നേക്കുമായി പൂട്ടാൻ... അത്‌ ചെയ്തത് നീ എങ്ങാനും ആണെന്ന് തെളിഞ്ഞാൽ പിന്നെ ഒതുക്കി തീർക്കാൻ ഞാൻ കിടന്ന് ഓടേണ്ടി വരും. ഇല്ലേൽ കമ്മീഷണറെ ഒതുക്കേണ്ടി വരും"

"ഇച്ചായൻ ഇപ്പൊ എന്തിനാ ഇതൊക്കെ പറയുന്നേ? ഇവനെ നേരാ വണ്ണം നോക്കിയിരുന്നെങ്കിൽ ഇങ്ങനെ പ്രശ്നങ്ങള് വരുമായിരുന്നോ? ഇപ്പൊ സ്വന്തം നിലനിൽപ്പിനെയും ബാധിക്കുമെന്ന് കണ്ടപ്പോൾ ഇവനെ അടക്കി നിർത്താൻ നോക്കുന്നു. അല്ലേ?"

"അതേടി... ചോദിക്കുന്നതെല്ലാം കൊടുത്ത് ഇവനെ വഷളാക്കിയത് ഞാൻ തന്നെയാ. പക്ഷേ, എനിക്ക് നേരെ പണി വരുമെന്ന് വിചാരിച്ചില്ല. കുറേ കഷ്ടപ്പെട്ടിട്ടാ ഞാനിതൊക്കെ നേടിയെടുത്തത്"

"ഇതൊന്നും ഇച്ചായൻ നേരായ മാർഗ്ഗത്തിൽ ഉണ്ടാക്കിയതല്ലാലോ"

"മേരി നീ കൂടുതൽ സംസാരിക്കാൻ വരണ്ട. എന്തു വേണമെന്ന് എനിക്കറിയാം. ഇവിടെ ക്ലീൻ ചെയ്യാൻ ആളെ പറഞ്ഞു വിട്"
അത്രയും പറഞ്ഞ് ഷിന്റോ അവിടെന്ന് പോയി. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവർ അബിനെ നോക്കി. അവൻ ഒരു വശത്തേക്ക് മുഖം തിരിച്ചു ഇരിക്കുകയാണ്. കൈകൾ തമ്മിൽ കൂട്ടി തിരുമ്മുന്നുണ്ട്. ഒന്നും മിണ്ടാതെ മൗനമായി അവർ മുറിയുടെ പുറത്തേക്കിറങ്ങി.
*****❤️*****
"എന്റെ ചേച്ചി... മതി ഇങ്ങനെ നോക്കി നിന്നത്. അവർ ഇന്ന് തന്നെ വരുമല്ലോ. പിന്നെന്താ?"

"എന്നാലും..."

"എന്ത് എന്നാലും? ചേച്ചിയെ ദേ അമ്മ അന്വേഷിച്ചു"

"എന്തിന്?"

"ചേച്ചിക്ക്‌ വേണ്ടി അമ്മ അടുക്കളയിൽ അവലും ശർക്കരയുമായി കുഴക്കുവാ..."

"ആണോ? മ്മ്... ശെരി. ഞാനിപ്പോ വരാം.. നീ അവര് വരുന്നുണ്ടോ എന്ന് നോക്ക്"

"ഹോ... അവർ വന്നാൽ ഓടിപ്പോകത്തില്ലാലോ... ഇനി ഇവിടെ തന്നെയല്ലേ?"

"ഈൗ..."

നിക്കുവിനെ നോക്കി ഇളിച്ചുകൊണ്ട് നിവി അടുക്കളയിലേക്ക് പോയി.

"ആഹ്... നീ വന്നോ? നിനക്കിതിൽ പഴം ചേർക്കണ്ടേ? അച്ഛൻ ഇന്നലെ നമ്മുടെ വാഴത്തോട്ടത്തിൽ നിന്നും കൊണ്ടു വന്ന നല്ല പൂവൻപഴം ഇരിപ്പുണ്ട്. അത്‌ എടുക്കട്ടെ?"

"അവിലില് പൂവൻ പഴം വേണ്ടമ്മേ... അച്ഛാച്ചൻ കടയിൽ നിന്നും ഒരു കുല രസകദളി എടുത്തുകൊണ്ട് വന്നല്ലോ... അത്‌ മതി"

"മ്മ്... ശെരി ശെരി"

"തേങ്ങ ഇട്ടില്ലേ രെച്ചുമ്മേ?"

"ഓഹ്... അതൊക്കെ ഇട്ടു. നീ നോക്ക്"

പെട്ടെന്നൊരു കാർ വന്നതിന്റെ ശബ്ദം കേട്ടപ്പോൾ നിവി ഉടനെ മുറ്റത്തേക്ക് ഓടി. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡോർ തുറന്ന് രഞ്ജു ആദ്യം ഇറങ്ങി. പിന്നാലെ നീരജും കീർത്തിയും.

"ഹായ് നിക്കു... "

"ഹായ് ടാ... അകത്തേക്ക് വാ..."

നിക്കു നീരജിന്റെ തോളിൽ കയ്യിട്ടുകൊണ്ട് അകത്തേക്ക് കയറി.

"നിവി മോളെ..."

"അമ്മായി..."
നിവി ചിരിച്ചുകൊണ്ട് കീർത്തിയെ പോയി കെട്ടിപ്പിടിച്ചു. രഞ്ജു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

"മോനേ രഞ്ജു... ബാഗ് എടുത്തോണ്ട് വാ... ഹാളിൽ വെച്ചാൽ മതി. അമ്മ പിന്നെ മുറിയിലേക്ക് എടുത്തു വെക്കാം"

"ശെരി അമ്മാ..."
രഞ്ജു കാറിന്റെ പിന്നിലേക്ക് പോയി.

"അമ്മായി അകത്തേക്ക് പൊയ്ക്കോ... ഞാനും കൂടി ബാഗ് എടുക്കാൻ സഹായിക്കാം..."

"അത്രക്കൊന്നും ഇല്ല മോളെ..."

"എങ്കിലും കാണുമല്ലോ... ഞാൻ എടുത്തോളാം..."

"ശെരി മോളെ...
കീർത്തി അവിടെ നിന്നും പോയതും നിവി വേഗം രഞ്ജുവിന്റെ അടുത്തേക്ക് ചെന്നു.

"ഇവിടെ എന്താ?  എന്നെ ഹെൽപ്പ് ചെയ്യാൻ വന്നതാണോ?"

"ഏയ്... ചുമ്മാ ഇങ്ങനെ അടുത്ത് കാണാൻ... "

"ഓഹോ... മര്യാദക്ക്‌ ഈ ബാഗ് പിടിക്കടി"
എന്ന് പറഞ്ഞിട്ട് അവൻ അവളുടെ കയ്യിൽ ചെറിയൊരു ബാഗെടുത്ത് കൊടുത്തു.

"ഹലോ... രണ്ടു പേരും കൂടി അവിടെയെന്താ?"
നീരജാണ്.

"ഒന്നുല്ലടാ..."
രഞ്ജു കാറിന്റെ ഡിക്കി അടച്ചുകൊണ്ട് പറഞ്ഞു.

"ചേച്ചി ഈ കുഞ്ഞുബാഗ് എടുക്കാനാണോ പോയത്?"
നിക്കു ചോദിച്ചു.

"ആഹ്... ബാക്കി ദേ രഞ്ജുവേട്ടൻ എടുത്തു. കൂടുതൽ ചോദ്യം ചോദിക്കാതെ രണ്ടും അകത്തേക്ക് കയറ്"

"ഓ ശെരി. ഞാൻ വിചാരിച്ചു അന്നത്തെ പോലെ..."
നിക്കു പകുതിക്ക് വെച്ച് നിർത്തി.

"എന്താടാ?"

"അത്‌ ഞാൻ നിനക്ക് പിന്നെ പറഞ്ഞു തരാം. നീ ഇപ്പൊ വാ... നല്ല അവല് കുഴച്ചത് ഉണ്ട്"

"ഓക്കേ..."
അവർ രണ്ടുപേരും അകത്തേക്ക്‌ കയറി. പിന്നാലെ നിവിയും രഞ്ജുവും.

കീർത്തി അടുക്കളയിൽ നിന്ന് നല്ല വർത്തമാനമാണ്. രശ്മി അവർ നാലു പേർക്കും കഴിക്കാൻ അവൽ കൊടുത്തു.

"പിള്ളേർക്ക്‌ മാത്രേ ഉള്ളോ രെച്ചു ചേച്ചി?"

"എന്റെ പൊന്നേ... അവർക്ക് കൊടുത്തിട്ട് നിനക്ക് തരാമെന്ന് വെച്ചു. ഇതാ കഴിക്ക്"
രശ്മി ഒരു ചെറിയ പ്ലേറ്റിൽ കുറച്ചു അവിലെടുത്ത് കൊടുത്തു.

"അല്ലെങ്കിലും എനിക്കറിയാം രെച്ചു ചേച്ചി എനിക്ക് തരുമെന്ന്..."
വായിൽ അവിൽ വെച്ചുകൊണ്ട് കീർത്തി പറഞ്ഞത് കേട്ട് രശ്മി അവളുടെ തലയിൽ ചെറുതായൊന്നു കൊട്ടി.

"രാജീവും കുടുംബവും ഇവളെ എങ്ങനെ സഹിക്കുന്നോ ആവോ..."
രേവതി പറഞ്ഞു.

"രാജേഷും ഫാമിലിയും ഓണത്തിന് വരുമോ മോളെ?"
സീത ചോദിച്ചു.

"അവർ ഇനി ക്രിസ്മസ്സിന് വരുമെന്നാ പറഞ്ഞെ"

"മ്മ്..."

അപ്പോഴേക്കും കുറച്ചു പ്ലേറ്റുമായി നിവി അടുക്കളയിൽ വന്നു.

"ഇത്ര പെട്ടന്ന് നിങ്ങൾ എല്ലാരും കഴിച്ചോ?"

"അവര് കഴിച്ചെന്ന് ഈ കാലി പ്ലേറ്റ് കണ്ടിട്ട്  രെച്ചു ചേച്ചിക്ക്‌ മനസ്സിലായില്ലേ?"

"അങ്ങനെ പറഞ്ഞുകൊടുക്ക് അമ്മായി..."

"ഓഹ്... അമ്മായിയും മരുമോളും ഒറ്റക്കെട്ടാണല്ലോ... അവർക്ക് ഇനി വേണോന്ന് ചോദിക്കാൻ വന്നതാ..."

"നിവി എനിക്ക് മരുമോളല്ല ചേച്ചി... ഇവളെന്റെ മോളാ... ആകെയുള്ള പെണ്ണല്ലേ... രാജേഷേട്ടനും രണ്ടു ആൺമക്കളല്ലേ..."

"ഹാ... അത്‌ ശെരിയാ..."
രേവതി പറഞ്ഞു.

"നമ്മുടെ നിവി മോളുടെ കല്യാണം നല്ലൊരു പയ്യനുമായി അതി ഗംഭീരമായി തന്നെ നടത്തണം. അല്ലേ ചേച്ചി?"

കീർത്തി ചോദിച്ചപ്പോൾ രശ്മി നിവിയെ നോക്കി ചിരിച്ചു. പക്ഷേ, നിവിയുടെ മുഖത്ത് അത്ര ചിരിയില്ലായിരുന്നു. അവൾ ഉടനെ തന്നെ അവിടെ നിന്നും അവളുടെ റൂമിലേക്ക് പോയി. രഞ്ജു അവളുടെ മുഖം ശ്രദ്ധിച്ചായിരുന്നു. കാര്യമെന്താന്നറിയാൻ അവൻ  പിന്നാലെ ചെന്ന് നോക്കിയപ്പോൾ കട്ടിലിൽ വിഷമിച്ചിരിക്കുന്ന നിവിയെയാണ് കണ്ടത്. രഞ്ജു ഡോറിന്മേൽ തട്ടി. ശബ്ദം കേട്ടതും അവൾ അവനെ നോക്കി.

"നിവി..."

"മ്മ്..."

"നിനക്കെന്ത് പറ്റി പെട്ടന്ന്? ഇത്രയും നേരം മുഖത്ത് ഉണ്ടായ സന്തോഷം എവിടെപ്പോയി?"

"എനിക്കൊന്നുല്ല രഞ്ജുവേട്ടാ..."

"നിവി... നീ ആരോടാ കള്ളം പറയുന്നതെന്ന് ഓർക്കണം. നിന്നെ അറിയാത്ത ആളൊന്നുമല്ല ഞാൻ..."
നിവി മൗനമായി അവനെ നോക്കി.

"ഡി... നീ പറയുന്നുണ്ടോ? ഇല്ലേൽ ഞാൻ മാമിയോട് കാര്യമെന്താന്ന് ചോദിക്കും"

"വേണ്ടാ... രെച്ചുമ്മയോടൊന്നും ചോദിക്കണ്ടാ..."

"എങ്കിൽ പറയ്..."

"അത്‌ രഞ്ജുവേട്ടാ... അമ്മായി പറഞ്ഞു എന്റെ കല്യാണം നല്ലൊരു പയ്യനുമായി ഗംഭീരമായി നടത്തണമെന്ന്..."

"അതാണോ കാര്യം? അതിനിപ്പോൾ എന്താ? ഞാൻ നല്ലൊരു പയ്യനല്ലേ?"

"അതല്ല... വേറെ ആരെയെങ്കിലും കൊണ്ട് എന്നെ കെട്ടിക്കുന്ന കാര്യമായിരിക്കോ അമ്മായി ഉദ്ദേശിച്ചേ?"

"നീ വെറുതെ ആവശ്യമില്ലാത്തത് ആലോചിച്ച് നിന്റെ മുഖത്തെ ചിരി കളയല്ലേ പെണ്ണേ... ഞാൻ പിന്നെ എന്തിനാ നിൽക്കുന്നെ? ഞാൻ ഉള്ളപ്പോൾ നീ എന്തിനാ ഇതാലോചിച്ച് ടെൻഷൻ ആകുന്നെ? ഈ നിവി നിരഞ്ജനുള്ളതാ... വേറെ ഒരുത്തനും നിന്നെ കൊണ്ടുപോകാൻ വരില്ല. ഓക്കേ?"
രഞ്ജു പറഞ്ഞത് കേട്ട് നിവി അവനെ നോക്കി ചിരിച്ചു.

"ഗുഡ്... ഈ ചിരി നിന്റെ മുഖത്ത് എന്നും വേണം... ഓക്കേ? ഞാൻ പോയി ഡ്രസ്സ്‌ മാറ്റിയിട്ട് വരാം"

രഞ്ജു പോകാനൊരുങ്ങിയപ്പോൾ നിവി അവന്റെ കയ്യിൽ പിടിച്ച് കട്ടിലിൽ നിന്നും എണീറ്റു. എന്നിട്ടവന് അഭിമുഖമായി നിന്നുകൊണ്ട് അവന്റെ വലത്തെ  കവിളിൽ അമർത്തി ചുംബിച്ചു.

"നേരത്തെ എനിക്ക് അങ്ങോട്ട്‌ തരാൻ പറ്റിയില്ലാലോ... അതാ..."
അവൾ തെല്ലുനാണത്തോടെ പറഞ്ഞു.

നിവിയുടെ മുഖത്ത് കൂടി കിടക്കുന്ന മുടിയിഴകളെ രഞ്ജു അവളുടെ ചെവിക്ക് പിന്നിലായി മാറ്റി വെച്ചു. എന്നിട്ടവളുടെ മുഖം കൈക്കുമ്പിളിൾ എടുത്തുകൊണ്ട് താടിയിലൊരു ഉമ്മ കൊടുത്തു.

"മൈ ക്യൂട്ട് ബേബി..."
രഞ്ജു നിവിയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. അവളുടെ കവിളുകൾ നാണത്താൽ ചുവക്കാൻ തുടങ്ങിയപ്പോൾ അവൻ കൈ അയച്ചു.

"ഞാൻ താഴേക്ക് പോവാ... നിന്റെ കവിളിങ്ങനെ ചുവക്കാൻ തുടങ്ങിയാൽ പിന്നെ ഞാൻ ചിലപ്പോൾ കടിച്ചെന്നു വരും"
രഞ്ജു അങ്ങനെ പറഞ്ഞപ്പോൾ നിവിയുടെ കവിളുകൾ ഒന്നും കൂടി ചുവന്നു തുടുത്തു. അവൻ വേഗം മുറിയിൽ നിന്നും ഇറങ്ങിപ്പോയി. അവിടെയുള്ള കണ്ണാടിയിൽ  അവൾ തന്റെ മുഖം നോക്കി ചിരിച്ചു.

ഒരു എട്ടു മണി കഴിഞ്ഞപ്പോഴാണ് രാജീവ് തന്റെ അച്ഛനും അമ്മയുമായി വന്നത്. കാർത്തി വന്നപ്പോൾ പത്തുമണി അടുപ്പിച്ചായി. അപ്പോഴും ആരും ഉറങ്ങിയിരുന്നില്ല. തിരുവോണസദ്യക്ക്‌ വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോഴേ നടത്തുകയാണ് മുതിർന്നവർ എല്ലാവരും. നിവിയും രഞ്ജുവും അവരുടെ അനിയന്മാരുടെയൊപ്പം ഹാളിൽ തറയിലിരുന്ന് തിരുവോണത്തിന് പൂക്കളമിടാൻ വേണ്ടി പൂക്കൾ ഇറുക്കുകയാണ്.

"അച്ഛനെന്താ ഇന്ന് ലേറ്റ് ആണല്ലോ... അല്ലേൽ ഈ ദിവസം ഇതിന് മുൻപ് എത്താൻ നോക്കുമായിരുന്നല്ലോ... ഏതെങ്കിലും കേസിന്റെ കാര്യത്തിൽ ലേറ്റ് ആയതാണോ അച്ഛാ?"

"അത്‌... ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു. അമ്മ എവിടെയാ മോളെ?"

"അമ്മ അടുക്കളയിൽ ഉണ്ട്. ഇതെന്താ അച്ഛാ കയ്യിലൊരു കവറൊക്കെ?"

"ഇ.. ഇതൊരു ഇമ്പോർട്ടന്റ് കാര്യാ..."

"രെച്ചുമ്മക്ക് കൊടുക്കാനാണോ? മ്മ്...  മ്മ്.. മനസ്സിലായി. ഞാൻ അമ്മയെ ചെന്ന് വിളിക്കാം"
നിവി എണീറ്റ് അടുക്കളയിലേക്ക് പോയി.

"നിങ്ങൾ എല്ലാവരും ഫുഡ്‌ കഴിച്ചോ?"
അതെയെന്ന് മൂവരും തലയാട്ടി.

"രാജീവ്‌ എവിടെ രഞ്ജു?"

"അച്ഛനെ കൊണ്ട് അമ്മ അടുക്കളയിലെന്തോ പണി എടുപ്പിക്കുകയാണെന്നാ തോന്നുന്നെ..."

"വീട്ടിലായാലും അമ്മ അച്ഛനെ കൊണ്ട് പണി എടുപ്പിക്കും. അല്ലേ ചേട്ടാ..."

അവർ പറഞ്ഞത് കേട്ട് ചിരിച്ചുകൊണ്ട് കാർത്തി മുകളിലേക്ക് പോയി. കവർ കട്ടിലിൽ വെച്ചിട്ട് യൂണിഫോം ഷർട്ടിന്റെ ബട്ടൺസ് ഊരിക്കൊണ്ടിരിക്കെ രശ്മി മുറിയിലേക്ക് വന്നു.

"സർന് എങ്ങനെയെങ്കിലും ഇന്ന് നേരത്തെ വന്നൂടായിരുന്നോ? കീർത്തി അന്ന് പറഞ്ഞത് പോലെ ഈ പോലീസ് ജോലി വേണ്ടായിരുന്നു. തെരിയിൽ സാമന്ത പറഞ്ഞത് പോലെ ലേറ്റ് ആയി പോയിട്ട് നേരത്തെ വരാൻ പറ്റുന്ന ഒരു ജോലി മതിയായിരുന്നു ഏട്ടന്..."
ഷർട്ടിന്റെ ബാക്കി ബട്ടൺസ് ഊരിക്കൊടുത്ത് കൊണ്ട് രശ്മി പറഞ്ഞു.

"അതിനിപ്പോൾ എന്താ നാളെ ഞാൻ ലീവ് എടുത്തല്ലോ... തിരുവോണമായിട്ട് ഞാൻ ഇനി കേസിന്റെ പിന്നാലെ പോയെന്ന് പറയില്ലാലോ..."
കാർത്തി രശ്മിയെ  ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ് കട്ടിലിൽ ഇരിക്കുന്ന കവർ അവൾ ശ്രദ്ധിച്ചത്.

"ഈ കവറിലെന്താ ഏട്ടാ?"

"എടുത്ത് നോക്ക്. എന്റെ ശ്രീമതി വീട്ടിൽ ഉള്ളവർക്കെല്ലാം ഓണക്കോടി എടുത്തെന്ന് എന്നെ വിളിച്ചു പറഞ്ഞു. പക്ഷേ, നിനക്ക് എടുത്തെന്ന് നീ പറഞ്ഞില്ലാലോ"

"അത്‌... എല്ലാ കൊല്ലവും ഏട്ടനല്ലേ എനിക്ക് എടുത്തു തരുന്നേ... അതുകൊണ്ടെന്തോ എനിക്ക് എടുക്കാൻ തോന്നിയില്ല. ഇത് എനിക്കുള്ള ഓണക്കോടിയാണോ ഏട്ടാ?"

"മ്മ്... എന്റെ പെണ്ണിന് ഞാൻ തന്നെ കടയിൽ പോയി എടുത്തു. അതാ വരാൻ ലേറ്റ് ആയത്. ഞാൻ യൂണിഫോമിൽ കേറി ചെന്നപ്പോൾ കടയിലെ ഓണർ ആദ്യമൊന്നു പേടിച്ചു. പിന്നെ,  കാര്യം പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് എന്നെ സാരിയുള്ള ഫ്ലോറിലേക്ക് കൊണ്ടുപോയി. ഇപ്പോൾ ഞാനിത് മേടിച്ചില്ലായിരുന്നുവെങ്കിൽ നാളെ എന്ത് ഉടുക്കുമായിരുന്നു. ഏഹ്?"

"എന്റെ ഏട്ടൻ വാങ്ങിത്തരുമെന്ന് എനിക്ക് അറിയായിരുന്നു"

"ഓഹോ"

കാർത്തിയെ നോക്കിയൊന്നു ചിരിച്ചിട്ട് അവൾ കവർ തുറന്നു നോക്കി. വൈറ്റ് കളറിൽ ഗോൾഡൻ എംബ്രോയ്ഡറിയുള്ള ഒരു സാരിയായിരുന്നു അത്‌.

"ഇഷ്ടപ്പെട്ടോ നിനക്കിത്?"

"ഇതെന്തൊരു ചോദ്യാ ഏട്ടാ? ഏട്ടൻ വാങ്ങി തരുന്ന എന്തും എനിക്ക് ഇഷ്ടാ..."

"ആണോ? ഇതിന്റെ അടുത്ത് ഇരുന്നത് ഒരു ചാണകപച്ച കളറിലുള്ള ഒരു സാരിയായിരുന്നു. അത്‌  എടുക്കാമായിരുന്നല്ലേ?"

"ഓഹ്... അതിനെന്താ... അതെടുക്കാമായിരുന്നല്ലോ. ചാണകപച്ച നല്ല കളർ ആണല്ലോ..."

"ആ സാരിയാണ് ഞാൻ കൊണ്ടു വന്നതെങ്കിൽ എന്റെ പെണ്ണിന്റെ മുഖത്ത് ഇത്ര സന്തോഷം കാണില്ലെന്ന് എനിക്കല്ലേ അറിയൂ..."
അവനത് പറഞ്ഞപ്പോൾ രശ്മി ചുണ്ടു കോട്ടി കാണിച്ചു.

"അയ്യോ ഏട്ടാ... ഇതിന് മാച്ച് ആയ ബ്ലൗസ് ഒന്നും എന്റെയിൽ ഇല്ലാ. നാളെ ഇതെങ്ങനെ എടുക്കും. ഒരു ഗോൾഡൻ കളർ ഇരിപ്പുണ്ട്. പക്ഷേ,  അത്‌ ഈ സാരിക്ക്‌ മാച്ച് ആകില്ല"

"ഞാൻ ഇതിന് വേണ്ടി ഒരു റെഡിമെയ്‌ഡ് ബ്ലൗസ് എടുത്തിട്ടുണ്ട്. മാച്ച് ആണോന്ന് നോക്ക്. കവറിൽ തന്നെയുണ്ട്"

"ആണോ?"
അവളുടനെ അതെടുത്തു നോക്കി.

"വൗ... നല്ല വർക്ക്‌. ഈ മുത്ത് പിടിപ്പിച്ചത് നന്നായിട്ടുണ്ട്. അല്ലാ... ഇതെനിക്ക് കറക്റ്റ് ആകുമോ?"

"എന്റെയൊരു ഊഹം വെച്ച് ഇത് തെറ്റാൻ ചാൻസില്ല"
കാർത്തിയൊരു കള്ളച്ചിരിയോടെ പറഞ്ഞു.

"അതേ... പോയി കുളിച്ചാട്ടെ... ഞാൻ ഫുഡ്‌ എടുത്ത് വെക്കാം"

"മ്മ്... ഓക്കേ.. ഓക്കേ. പിന്നേ... ഇത്രയും നേരം അടുക്കളയിൽ എന്ത് ജോലിയായിരുന്നു?"

"ഞാൻ നാളെ സദ്യക്ക്‌ വേണ്ടി മാങ്ങാ അച്ചാറിനായി മാങ്ങ അരിയുവായിയിരുന്നു. ബാക്കി അച്ചാറൊക്കെ റെഡിയായി"

"മ്മ്... ശെരി. ഞാൻ പോയി കുളിച്ചിട്ട് വരാം"

"ഒരു മിനിറ്റ്"
രശ്‌മി കാർത്തിയുടെ തോളിലൂടെ കയ്യിട്ട് അവന്റെ കവിളിലൊരു ഉമ്മ കൊടുത്തു. അവൻ ചിരിച്ചുകൊണ്ട് തിരിച്ചും ഒരുമ്മ കൊടുത്തു. എന്നിട്ട് ഡ്രസ്സ്‌ മാറ്റി ടവ്വൽ ഉടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറി. സാരിയും ബ്ലൗസും തിരികെ കവറിലാക്കി അലമാരയിൽ വെച്ചിട്ട് താഴേക്ക് ചെന്നപ്പോൾ അവളുടെ മുഖത്തെ സന്തോഷം നിവി ശ്രദ്ധിച്ചിരുന്നു.

തിരുവോണത്തിന് പൂക്കളമിടാൻ വേണ്ടി പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ് കുളിച്ചത് നിവിയാണ്. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിലൊരു കവറുമായി രശ്മി അവളുടെ മുറിയിലേക്ക് വന്നു. ഓണക്കോടി എന്താന്ന് അറിയാനുള്ള ആകാംഷയിൽ നിവി വേഗം കവർ  വാങ്ങി നോക്കി. ഒരു ഗോൾഡൻ കളർ സാരിയായിരുന്നു അത്‌. കൂടെ അതിന് മാച്ച് ആയ ഗോൾഡൻ വർക്കുള്ള റെഡി മെയ്‌ഡ് ബ്ലൗസും.

"എന്റെ രെച്ചുമ്മേ... സാരിയോ?! ഉമ്മാ..."
നിവി രശ്മിയെ കെട്ടിപ്പിടിച്ച് അവളുടെ കവിളിലൊരു ഉമ്മ കൊടുത്തു. അപ്പോഴേക്കും കീർത്തി അവിടെ വന്നു.

"രെച്ചു ചേച്ചി പോയി കുളിക്ക്. നിവി മോളെ ഞാൻ സാരി ഉടുപ്പിക്കാം"

"മ്മ്.. ശെരി. ഇപ്പൊ നീ ഹാപ്പി ആയില്ലേ... "
നിവിയുടെ കവിളിൽ ഒന്നു തട്ടിക്കൊണ്ട് അവളെ നോക്കി ചിരിച്ചിട്ട് രശ്മി പോയി.

സാരി ഉടുപ്പിക്കുന്നതിനിടയിൽ നിവി കീർത്തിയോട് കാർത്തിയുടെയും രശ്മിയുടെയും ലവ് സ്റ്റോറി ചോദിച്ചു. ആദ്യം പറയാൻ മടിച്ചെങ്കിലും നിവിയുടെ നിർബന്ധത്തിന് വഴങ്ങി കീർത്തിക്ക് അറിയാവുന്ന കാര്യങ്ങൾ ചുരുക്കി പറഞ്ഞു.

"ഇത്രേ എനിക്ക് അറിയുള്ളു. ബാക്കി അനു ചേച്ചിക്ക് അറിയാമായിരിക്കും"

"മ്മ്..."

"ദാ സാരി ഉടുത്തു കഴിഞ്ഞു... കുളിപിന്നൽ കെട്ടിയിട്ട് അമ്പലത്തിൽ പോകാം. പോയി വന്നിട്ട് രെച്ചു ചേച്ചി സ്റ്റൈൽ ആയിട്ട് കെട്ടി തരും"

"ശെരി അമ്മായി"

രശ്മി കുളി കഴിഞ്ഞ് നിവിക്ക്‌ വാങ്ങിയ ഒർണമെന്റ്സും കൊണ്ടു വന്നു.

"ഈ സാരി അച്ഛൻ വാങ്ങി തന്നതല്ലേ? അടിപൊളി..."
നിവിയുടെ ചോദ്യത്തിന് രശ്മി അവളെ നോക്കി പുഞ്ചിരിച്ചു.

"എന്റെ ഏട്ടന്റെ സെലെക്ഷൻ അല്ലേലും സൂപ്പറാ... ഇനി ഞാൻ പോയി റെഡി ആകട്ടെ"
എന്നും പറഞ്ഞ് കീർത്തി പോയി.

രശ്‌മി കാർത്തിക്കു വാങ്ങിയത് ഒരു സിൽവർ കളർ ഷർട്ട്‌ ആയിരുന്നു. എല്ലാവരും റെഡി ആയപ്പോൾ തൊട്ടടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ പോയി തൊഴുതു വന്നു. ആദ്യമായി സാരി ഉടുത്തതിന്റെ ഒരു ബുദ്ധിമുട്ട് നിവിക്ക് ഉണ്ടായിരുന്നു. രഞ്ജു ചന്ദന കളർ ഷർട്ടും മുണ്ടുമായിരുന്നു. അവന്റെ കണ്ണുകൾ നിവിയിലായിരുന്നു. വീട്ടിൽ വന്നയുടനെ രശ്‌മി നിവിക്ക്  തലമുടി വട്ടത്തിൽ ചുറ്റി മുല്ലപ്പൂവ് വെച്ചു കൊടുത്തു. രശ്മിയും അങ്ങനെ തന്നെ വെച്ചു. പിന്നെ,  രണ്ടുപേരും കൂടി മുറ്റത്ത് പൂക്കളമിടാനായി ചെന്നു. രഞ്ജുവിന് അവളോട് തനിച്ചു സംസാരിക്കാനുള്ള അവസരം കിട്ടിയില്ല. പൂക്കളം ഇട്ടു കഴിഞ്ഞപ്പോൾ നിവി എല്ലാവരെയും നിർത്തി സെൽഫി എടുത്തു.

"രെച്ചുമ്മേ ഇന്ന് എന്ത് പായസമാ?"

"സേമിയ..."

"അപ്പൊ ബോളി വാങ്ങിച്ചോ?"

"അയ്യോ... അതിന്റെ കാര്യം മറന്നു പോയി. സാരല്ല..."

"ശേ... ബോളി ഇല്ലാതെ സേമിയ പായസം കഴിക്കാൻ ഒരു സുഖമില്ല. കൂടെ എപ്പോഴും കഴിച്ച് കഴിച്ച് അതില്ലാതെ പറ്റില്ല"

"എവിടുന്ന് വാങ്ങാൻ? നമ്മുടെ കടയിൽ ബോളിയില്ലാലോ..."

"ബോളി ഉണ്ടാക്കുന്നത് ഞാൻ യൂട്യൂബിൽ കണ്ടിട്ടുണ്ട്. രെച്ചുമ്മ എന്നെയൊന്നു ഹെല്പ് ചെയ്താൽ മാത്രം മതി"

"മ്മ്... ശെരി"

അങ്ങനെ നിവി യൂട്യൂബിൽ നോക്കി ബോളി ഉണ്ടാക്കാൻ തുടങ്ങി.

"ഹോ... ഓക്കേ ആയി. ഇനി ഇതൊന്നു പരത്തിയാൽ മാത്രം മതി. പായസം റെഡി ആയോ?"

"മ്മ്... ആയി"

"എങ്കിൽ ഗ്യാസ് ഓഫ്‌ ചെയ്തിട്ട് രെച്ചുമ്മ പൊയ്ക്കോ. ഞാൻ പരത്തിക്കോളാം. പോയി റസ്റ്റ്‌ എടുക്ക്. ഇത് ഉണ്ടാക്കി കഴിഞ്ഞിട്ട് ഞാൻ വിളിക്കാം"

"മ്മ്... വേഗം വേണം"

"ഓക്കേ..."

രശ്മി പോയി ഒരു പത്തു മിനിറ്റ് ആയപ്പോൾ രഞ്ജു അവിടേക്ക് വന്നു. ബോളി പരത്തുന്നതിന്റെ തിരക്കിൽ നിവി ശ്രദ്ധിച്ചില്ല. അവൻ പതിയെ അവളുടെ തോളിൽ കൈ വെച്ചു.

"ശോ... ഇതെപ്പോൾ വന്നു?"

"ഇത് ഇപ്പോഴെങ്ങാനും കഴിയോ? എനിക്ക് വിശന്നിട്ടു വയ്യാ... അല്ലാ... ഇത് കഴിച്ചിട്ട് വയറിനു ഒന്നും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു"
രഞ്ജു അവളെ കളിയാക്കി പറഞ്ഞു. നിവി ഉടനെ അവിടെ വെച്ചിരുന്ന മൈദാപ്പൊടി കുറച്ചെടുത്ത് അവന്റെ മൂക്കിൽ തേച്ചു. അവൻ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ മുഖം അമർത്തി. അപ്പോഴാണ് നീരജ് വെള്ളം കുടിക്കാനായി അവിടേക്ക് വന്നത്.

"ശോ... ഇവിടെ റൊമാൻസ് ആയിരുന്നോ?"
അവൻ കണ്ണുപ്പൊത്തിക്കൊണ്ട് തിരിഞ്ഞു ഓടിയതും കാർത്തിയുടെ നെഞ്ചിൽ ചെന്നിടിച്ചു നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[ലോങ്ങ്‌ പാർട്ട്‌ തന്നിട്ടുണ്ടേ😉. ഇഷ്ടമായെങ്കിൽ ലൈക്കും കമെന്റും തന്ന് സപ്പോർട്ട് ചെയ്താട്ടെ😜]
To Top