എൻ ജീവൻ❤️[The Conclusion] ഭാഗം- 18

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 18

'ഓ മൈ ഗോഡ്... ഞാൻ പെട്ടു...'
നീരജ് മനസ്സിൽ പറഞ്ഞു.

"നീയിത് എവിടേക്കാ ഓടുന്നേ? ജഗ്ഗ്  എടുത്തോണ്ട് വരാനല്ലേ നിന്നെ പറഞ്ഞു വിട്ടത്?"

"അ..അത് അതെ. അത്‌ പിന്നെ രണ്ടു ജഗ്ഗ് ഉണ്ടല്ലോ. വലുത് വേണോ ചെറുത്‌ വേണോ എന്ന് ചോദിക്കാനായി ഓടിയതാ മാമാ?"

"ആഹാ... അതിനായിരുന്നോ?"

"മ്മ്... മാമൻ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്?"
നീരജ് കുറച്ചു ഉച്ചത്തിൽ ചോദിച്ചു.
ഇത് രഞ്ജുവും നിവിയും കേട്ടു.

" രഞ്ജുവേട്ടാ... നീരജിന്റെ സൗണ്ടല്ലേ കേൾക്കുന്നേ? അവൻ ആരോടാ സംസാരിക്കുന്നെ?"

"ഇങ്ങോട്ടാണ് വരുന്നതെന്ന് തോന്നുന്നു"
എന്ന് പറഞ്ഞിട്ട് അവനുടനെ അവളുടെ അടുത്ത് നിന്നും മാറി നിന്നു. അപ്പോഴേക്കും കാർത്തിയും നീരജും വന്നു.

"കഴിയാറായില്ലേ നിവി?"

കാർത്തിയെ കണ്ടതും നിവി ചെറുതായൊന്നു ഞെട്ടി.

"ഇ..ഇപ്പോൾ കഴിയും അച്ഛാ..."

"മ്മ്... രഞ്ജു എന്തിനാ ഇവിടെ നിൽക്കുന്നേ? ഇവളെ സഹായിക്കാനാണോ?"

"അതിന് ഇവള് സമ്മതിക്കുന്നില്ല മാമാ... സഹായിക്കാനായി പോയതും ദേ ഈ പൊടിയെടുത്ത് എന്റെ മൂക്കിൽ തേച്ചു"

"ആണോ? എങ്കിൽ ഇങ്ങ് പോന്നേക്ക്. മോളെ... ഞാൻ രെച്ചുവിനെ പറഞ്ഞു വിടാം. ഇത് ചുട്ടെടുക്കാൻ ആള് വേണ്ടേ... സദ്യ കഴിക്കാനുള്ള സമയമായി"

"ശെരി അച്ഛാ..."

നീരജ് ഉടനെ ചെറിയ ജഗ്ഗ് കയ്യിലെടുത്തു.

"മാമാ...  ഈ വലിയ ജഗ്ഗ് മാമൻ എടുത്തോ... ഞാൻ എടുത്താൽ ചിലപ്പോ വെള്ളം കളയും"

"ഹ്മ്മ്..."

അവർ മൂന്നുപേരും അടുക്കളയിൽ നിന്ന് പോയി. പോകാൻ നേരം നിവിയെ നോക്കി ചിരിക്കാൻ രഞ്ജു മറന്നില്ല. രശ്മി കൂടെ വന്നപ്പോൾ പെട്ടന്ന് തന്നെ ബോളി റെഡിയാക്കി എടുത്തു. വൈകാതെ തന്നെ എല്ലാവരും ഇരുന്ന് സദ്യ കഴിച്ചു.

"ബോളി കൊള്ളാമോ അമ്മായി?"
നിവി കീർത്തിയോട് ചോദിച്ചു.

"പിന്നേ... അടിപൊളി ആയിട്ടുണ്ട്. രെച്ചു ചേച്ചിയെ പോലെ നിവി മോൾക്കും കുക്കിംഗ്‌ ഇഷ്ടമാണല്ലേ?"

അതിന് മറുപടിയായി നിവിയൊന്നു ചിരിച്ചു. എന്നിട്ട് രഞ്ജുവിനോട് ബോളി എങ്ങനെയുണ്ടെന്ന് കണ്ണുകൊണ്ട് ചോദിച്ചു. അവൻ സൂപ്പെറെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.

സദ്യ കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുന്ന നേരത്താണ് കീർത്തി കുറച്ചു കവറുമായി വന്നത്.

രാജീവ്‌: ഇത് നീ ഇവർക്ക് വാങ്ങിയ ഓണക്കോടിയല്ലേ?"

കീർത്തി: അതെ. രാവിലത്തെ തിരക്കിൽ കൊടുക്കാൻ മറന്നുപോയി.

രാജീവ്‌: ബെസ്റ്റ്...

കീർത്തി രാജീവിനെ നോക്കി ഇളിച്ചുകൊണ്ട് എല്ലാവർക്കും ഡ്രസ്സ്‌ കൊടുത്തു.

കീർത്തി: നിവി മോളേ... മോൾക്ക് ജീൻസിന്റെ ഡ്രസ്സ്‌ നല്ല ഇഷ്ടമല്ലേ? അതുകൊണ്ട് അമ്മായി ജീൻസും ടോപ്പുമാ വാങ്ങിയത്.

നിവി: ആണോ?
നിവിയുടനെ അവൾക്ക് കൊടുത്ത കവർ എടുത്തു നോക്കി. ജീൻസിന്റെ ഷർട്ടും മിഡിയുമായിരുന്നു അത്.

കീർത്തി: ഇഷ്ടമായോ?

നിവി: ഇഷ്ടമായെന്നോ? ഒത്തിരി ഇഷ്ടമായി. ജീൻസിന്റെയൊരു മിഡി വേണമെന്ന് ഞാൻ രെച്ചുമ്മയോട് പറയാനിരുന്നതാ.

കീർത്തി: അതാണ് ഈ കീർത്തി. അമ്മ വാങ്ങി തരും മുൻപ് അമ്മായി വാങ്ങി തന്നില്ലേ?

രശ്മി: ഓഹോ... അവൾ ഒട്ടും പ്രതീക്ഷിക്കാത്ത ഓണക്കോടി കൊടുത്തത് ഞാനാ...

നിക്കു: അതേ... നിങ്ങൾ രണ്ടുപേരും ഇനി ഇതും പറഞ്ഞുകൊണ്ട് അടി കൂടുമോ?"

നീരജ്: എനിക്കൊരു അടിയുടെ മണം കിട്ടുന്നുണ്ട്.

കീർത്തി: ഒന്നു പോയെടാ... നീ അടി ഉണ്ടാക്കാൻ നോക്കുവാണോ? കേട്ടോ രെച്ചു ചേച്ചി... ഞാനും രാജീവേട്ടനും എന്തേലും പറഞ്ഞുകൊണ്ട് നിൽക്കുമ്പോൾ ഈ ചെറുക്കൻ വന്ന് അതിൽ അലമ്പുണ്ടാക്കും. ലാസ്റ്റ് ഞങ്ങൾ തമ്മിൽ അടിയാകും.

'എനിക്കെന്തിന്റെ കേടായിരുന്നു'
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നീരജ് നിക്കുവിനെ നോക്കി.

നിക്കു: സാരമില്ലെടാ... നമുക്ക് ഇവിടുന്ന് പോകാം.

രശ്മി: നിങ്ങളിത്‌ എവിടെ പോകുന്നു.

നിക്കു: ഞങ്ങളേ... ആ കായലിന്റെ അങ്ങോട്ട്‌ പോവാ... എന്താ വരുന്നുണ്ടോ?

രശ്‌മി: ഒറ്റക്കോ... മര്യാദക്ക് വീട്ടിൽ ഇരുന്നേ... ഒറ്റക്ക് ഒരിടത്തും പോണ്ടാ...

നീരജ്: അതിന് ഒറ്റക്കല്ലാലോ മാമി.. ഞങ്ങൾ രണ്ടുപേരില്ലേ?

നിവി: രണ്ടുപേരാണെങ്കിലും നിങ്ങൾ കുട്ടികളല്ലേ?

നീരജ്: എങ്കിൽ ചേച്ചിയുമായി രഞ്ജുവേട്ടനും ഞങ്ങളുടെ ഒപ്പം വാ... അല്ലേടാ?

നിക്കു: അതെ. ഞാൻ പറയാൻ വരുവായിരുന്നു.

ഇത് കേട്ട് നിവിയും രഞ്ജുവും പരസ്പരം നോക്കി.

നിവി: ഞങ്ങൾ പൊയ്ക്കോട്ടെ അച്ഛാ?

കാർത്തി: മ്മ്... ഞങ്ങളും കൂടി വരാം. എന്താ രെച്ചു?

രശ്‌മി: ഞാൻ റെഡി.

കീർത്തി: ഞാനും പറയാൻ വരുവായിരുന്നു. കുറേ നാളായി കായലൊക്കെ കണ്ടിട്ട്... നമുക്കും കൂടി പോകാം രാജീവേട്ടാ...

രാജീവ്‌: മ്മ്... ശെരി പോകാം.

കീർത്തി: നിങ്ങൾ വരുന്നില്ലേ?
 കീർത്തി മറ്റുള്ളവരോട് ചോദിച്ചു. അവരാരും വരുന്നില്ലെന്ന് പറഞ്ഞു.

"മോളേ കീർത്തി..."
രാജീവിന്റെ അമ്മ കീർത്തിയെ വിളിച്ചു.

"എന്താ അമ്മേ?"

"എനിക്ക് ഒരു ബോളി കൂടി കഴിക്കണമെന്നുണ്ട്. നല്ല രുചിയുണ്ട്.  ഒന്നു എടുത്ത് തരാവോ?"

"അമ്മക്ക് ഷുഗറല്ലേ... ഷുഗർ ചിലപ്പോൾ കൂടിയാലോ?"

"അങ്ങ് എടുത്തുകൊടുക്ക് കീർത്തി... അല്ലേൽ ഞാൻ എടുത്തു തരാം ചേച്ചി... ഒരു ബോളി കൂടി കഴിച്ചെന്ന് വെച്ച് ഷുഗറൊന്നും പെട്ടന്ന് കൂടത്തില്ല"
എന്നും പറഞ്ഞ് രേവതി അടുക്കളയിലേക്ക് പോകാനൊരുങ്ങി.

"എന്നാൽ എനിക്കും കൂടി ഒന്നു എടുത്തോണ്ട് വാ രേവു..."
രവി പറഞ്ഞു.

"എങ്കിൽ ഞങ്ങൾക്കും കൂടി..."
കൃഷ്ണനും രാജീവിന്റെ അച്ഛൻ രാജേന്ദ്രനും ഒരുമിച്ചു പറഞ്ഞു.

"ചേച്ചിയുടെ പരീക്ഷണം ഇന്ന് വിജയിച്ചല്ലോ... ബോളിക്ക്‌ ഫാൻസ്‌ കൂടി..."
നീരജ് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

നിവിക്കത്‌ ഒരുപാട് സന്തോഷമേകി. രേവതി അടുക്കളയിൽ പോയതും അവർ കായലിന്റെ അങ്ങോട്ടേക്ക്‌ നടക്കാൻ തുടങ്ങി. നിക്കുവും നീരജും മുന്നിലും തൊട്ടുപിറകെ കീർത്തിയും രാജീവും അതിന്റെ പിറകെ കാർത്തിയും രശ്മിയും ഏറ്റവും അവസാനം നിവിയും രഞ്ജുവും. അങ്ങനെയാണ് നടക്കുന്നത്. വയലിന്റെ അവിടെ കൂടി നടന്നപ്പോൾ രശ്‌മി പെട്ടന്ന് കാർത്തിയുടെ കൈ പിടിച്ചു. അവൻ ചിരിച്ചുകൊണ്ട് അവളുടെ കൈ മുറുകെ പിടിച്ചു. ഇത് പുറകിൽ  നടന്നു വരുന്ന നിവിയും രഞ്ജുവും കണ്ടു.

കായലിന്റെ അടുത്ത് എത്തും മുന്നേ കാറ്റ് വന്ന് അവരെ തഴുകാൻ തുടങ്ങി. അവിടെയവിടെയായി കുറച്ചു ചെളി വെള്ളം കെട്ടിക്കിടപ്പുണ്ടായിരുന്നു.

"അന്നത്തെ പോലെ ഒന്നു തള്ളിയിടട്ടേ? ഈ വെള്ള സാരിയിൽ കാണാൻ നല്ല രസമായിരിക്കും"
കാർത്തി ചിരിച്ചുകൊണ്ട്  പതിയെ രശ്മിയുടെ ചെവിയിൽ പറഞ്ഞു.

"പോ അവിടെന്ന്..."
അവൾ അവന്റെ കയ്യിലൊരു നുള്ള് കൊടുത്തു.
അപ്പോഴേക്കും കായലിന്റെ അവർ അരികിൽ എത്തിയിരുന്നു. വേറെയാരും ആ പരിസരത്ത് ഉണ്ടായിരുന്നില്ല.

"നിവി... സൂക്ഷിച്ചു നടക്കണേ... സാരിയിൽ ചെളിവെള്ളം പറ്റാതെ നോക്കണം"

"ഞാൻ ശ്രദ്ധിക്കുന്നുണ്ട് രെച്ചുമ്മേ... നമുക്ക് ആദ്യം ഒരു സെൽഫിയെടുക്കാം"

"അതിന് ചേച്ചി ഫോൺ കൊണ്ടുവന്നില്ലാലോ"

നിക്കു പറഞ്ഞപ്പോഴാണ് നിവിക്ക്‌ ഫോണിന്റെ കാര്യം ഓർമ വന്നത്.

"എന്റെ ഫോണിൽ എടുത്തോ..."
എന്നും പറഞ്ഞ് രഞ്ജു തന്റെ പോക്കറ്റിൽ കിടന്ന ഫോൺ നിവിക്ക് കൊടുത്തു. അവൾ അത്‌ വാങ്ങി കായൽ ബാക്ക്ഗ്രൗണ്ട് ആയി വരും വിധം എല്ലാവരെയും നിർത്തി സെൽഫി എടുത്തു.

"മോളേ... എന്റെയും രാജീവേട്ടന്റെയും ഫോട്ടോ ഒന്നു എടുത്തു തരോ..."

"അതിനെന്താ അമ്മായി... ഞാൻ എടുത്തു തരാം"

നിവി അവരുടെ ഫോട്ടോ എടുക്കുന്നത് കണ്ട് രശ്‌മി കാർത്തിയുടെ മുഖത്തേക്ക് നോക്കി.

"എന്താ നിനക്കും എടുക്കണോ?"
അവന്റെ ചോദ്യത്തിന് അവളൊന്നു ചിരിച്ചു കാണിച്ചു.

കാർത്തി ഉടനെ അവന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് രശ്മിയെ തോളിൽ കൂടി ചേർത്ത് പിടിച്ച് സെൽഫി എടുത്തു.

"ഇത് എന്താ നിങ്ങൾക്കാർക്കും മക്കളെ വേണ്ടേ?"
നീരജ് അവരോട് ചോദിച്ചു.

"അവർ എടുക്കട്ടെ....നമുക്ക് നാലു പേർക്കും എടുക്കാം. വാ..."

നിവി പറഞ്ഞത് കേട്ട് നീരജ് അവളുടെ അടുത്തേക്ക്  വന്ന് സെൽഫിക്ക്‌ പോസ് ചെയ്തു.

"ഇപ്പോൾ താമര കുറവാ... അല്ലേ ഏട്ടാ?"

"എന്റെ പെണ്ണിനിപ്പോൾ താമര വേണോ? ഏഹ്?"

"ഏയ്... ഞാൻ പറഞ്ഞെന്നേ ഉള്ളു"

കാർത്തിയുടെയും രശ്മിയുടെയും കണ്ണുകൾ തമ്മിലുടക്കി. അവരുടെ മനസ്സുകൾ പഴയകാല ഓർമ്മകളിലേക്ക് പോയി.

"ഹലോ... രണ്ടു പേരും കൂടി പണ്ട് പ്രേമിച്ചു നടന്നത് ഓർക്കുവായിരിക്കുമല്ലേ?"

കീർത്തി പറഞ്ഞത് കേട്ട് അവർ രണ്ടുപേരും അവളെ തിരിഞ്ഞു നോക്കി. രാജീവ്‌ ഉടനെ അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു.

"പിള്ളേര് നിൽക്കുന്നുവെന്ന് നിനക്ക് വല്ല ശ്രദ്ധയുമുണ്ടോ?"

"അയ്യോ... ഞാനത് ഓർത്തില്ല. സോറി ഏട്ടാ... സോറി രെച്ചു ചേച്ചി..."

കാർത്തിയും രശ്മിയും കീർത്തിയെ നോക്കി ചിരിച്ചു.

"അയ്യോ..."

"ഇനിയെന്ത്‌ അയ്യോ??"

" ഇപ്പോഴാ ഞാനൊരു കാര്യം ഓർത്തെ... രണ്ടു ദിവസം കഴിഞ്ഞാൽ ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിയല്ലേ..."
കീർത്തി പറഞ്ഞു.

"ഹാ... ഞാൻ കരുതി കഴിഞ്ഞു കാണുമെന്ന്. നമ്മുടെ കല്യാണം കഴിഞ്ഞിട്ടായിരുന്നല്ലേ തിരുവോണം. അതുകൊണ്ട് എപ്പോഴും ആ ഓർമയാ..."

"ആഹ്... അല്ലെങ്കിലും ഞാനല്ലേ എല്ലാ കൊല്ലവും ഓർമിപ്പിക്കുന്നേ... നിങ്ങൾക്ക് അതൊക്കെ ഓർത്തിരിക്കാൻ എവിടെയാ സമയം?"

"ദേ ദേ... അടി ഉണ്ടാക്കാനാണ് അമ്മയുടെ ഉദ്ദേശമെങ്കിൽ ഇവിടെ നിൽക്കണ്ട. വീട്ടിൽ പൊയ്ക്കോ... ഞങ്ങള് പിള്ളേര് മാത്രം മതി. അയ്യോ... മാമനും മാമിയും ഇവിടെ നിന്നോട്ടോ..."
നീരജ് ഇളിച്ചോണ്ടു പറഞ്ഞു.

"ഞങ്ങൾ പോവാ... വാ രെച്ചു. നിങ്ങൾ കുറേ സെൽഫിയൊക്കെ എടുത്തിട്ട് വന്നാൽ മതി. പക്ഷേ, അധികം താമസിക്കരുത്. കേട്ടല്ലോ നിവി?"

"ശെ.. ശെരി അച്ഛാ..."

അവർ നാലുപേരും അവിടെന്ന് തിരികെ നടന്നു. അവർ പോയിക്കഴിഞ്ഞപ്പോൾ നിവി രഞ്ജുവിന്റെ കൈ പിടിച്ച് കുറച്ചും കൂടി കായലിന്റെ അടുത്തേക്ക് പോയി.

"അവര്  നിൽക്കുമ്പോൾ എങ്ങനെ സെൽഫി എടുക്കുമെന്ന് വിചാരിച്ച് നിന്നതാ..."
എന്നും പറഞ്ഞുകൊണ്ട് നിവി ഉടനെ തന്നെ ഒരു സെൽഫി എടുത്തു.

നീരജ്: അതേ... ഞാൻ കണ്ടു. നിവി ചേച്ചി സെൽഫി എടുക്കാനായി രഞ്ജുവേട്ടനെ നോക്കുന്നത്. അതാ ഞാൻ അവരോട് അങ്ങനെ പറഞ്ഞെ. എങ്ങനെയുണ്ട് എന്റെ ഐഡിയ?

നിക്കു: ഒന്നു പോടാ... അവർ നിന്നാലും ചേച്ചിക്ക്‌ എടുക്കാമായിരുന്നല്ലോ... ചേച്ചി എടുക്കാത്തതല്ലേ...

നീരജ്: എങ്കിൽ ചിലപ്പോൾ മാമന് ഡൌട്ട് വന്നേനെ...

നിവി: ഡൌട്ടോ?

നീരജ്: അതെ. നേരത്തെ ഞാൻ അടുക്കളയിൽ വന്നപ്പോൾ കണ്ടു രഞ്ജുവേട്ടൻ ചേച്ചിയുടെ അടുത്ത് നിൽക്കുന്നത്‌. അപ്പോൾ തന്നെ മാമനും അവിടെ വന്നു. ഞാനുറക്കെ പറഞ്ഞത് കേട്ടിട്ടല്ലേ  രഞ്ജുവേട്ടൻ മാറി നിന്നത്. അല്ലെങ്കിൽ അല്ലെന്ന് പറയ് രണ്ടുപേരും...

നീരജ് പറഞ്ഞത് കേട്ട് നിവിയും രഞ്ജുവും ചമ്മലോടെ പരസ്പരം നോക്കി.

നീരജ്: ഇനി ചമ്മണ്ട.  ഞാനേ കണ്ടുള്ളു ഞാൻ മാത്രേ കണ്ടുള്ളു.  രണ്ടുപേർക്കും എന്തെങ്കിലും സംസാരിക്കാൻ കാണില്ലേ? നമ്മളെത്ര സിനിമ കണ്ടതാ... എന്താന്ന് വെച്ചാൽ പെട്ടന്ന് പറഞ്ഞിട്ട് വാ... ഞങ്ങളവിടെ വയലിന്റെ അടുത്ത് കാണും. വാടാ നിക്കു..."

നിക്കു: മ്മ്... പെട്ടന്ന് വരണം രണ്ടുപേരും. വേണമെങ്കിൽ ഒരു സെൽഫി കൂടെ എടുത്തോ...

ഇതൊക്കെ കേട്ട് നിവി രഞ്ജുവിനെ നോക്കി ചിരിച്ചു. അവർ പോയി കഴിഞ്ഞപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു.

"നീയെന്താ രാവിലെ അമ്പലത്തിൽ പോയപ്പോൾ ഇട്ടിരുന്ന നെക്ക്ളേസ് ഊരി വെച്ചത്. ഇത് ചോദിക്കാൻ പോയപ്പോഴാ മാമൻ കേറി വന്നത്"

"അത് രാവിലെ രെച്ചുമ്മ പറഞ്ഞതുകൊണ്ട് ഇട്ടതാ. കഴുത്തിൽ മാല ഇടാതെ ഇരിക്കുന്നത് ഒരു ഫാഷനല്ലേ രഞ്ജുവേട്ടാ"

"മ്മ്... പക്ഷേ..."

"പക്ഷേ?"

"ഒന്നുല്ല... മാമൻ പണ്ട് മാമിയുമായി ഇവിടെയൊക്കെ വന്ന് നിൽക്കാറുണ്ടായിരുന്നുവെന്ന് അമ്മ അച്ഛനോട്‌ പറയുന്നത് കേട്ടിട്ടുണ്ട്"
രഞ്ജു കുറച്ചു മുന്നോട്ട് നടന്നിട്ട് പറഞ്ഞു.

"മ്മ്... ഞാനിന്ന് രാവിലെ അമ്മായിയോട് അവരുടെ ലവ് സ്റ്റോറിയെ പറ്റി ചോദിച്ചിരുന്നു. അങ്ങനെ കുറച്ചു അറിയാൻ പറ്റി. ഇപ്പോഴും അവർക്കിടയിൽ റൊമാൻസൊക്കെ അതുപോലെയുണ്ട്. പൂക്കളം ഇട്ടുകൊണ്ടിരിക്കെ അച്ഛൻ അമ്മയെ നോക്കി കണ്ണിറുക്കുന്നത് ഞാൻ കണ്ടു. ഇപ്പോൾ ദേ ഇവിടെ വന്നപ്പോള് കണ്ടില്ലേ... നമുക്കും അവരെപ്പോലെ ഇങ്ങനെ സ്നേഹിച്ചു കഴിയണം"

"അവരെപ്പോലെ അവര് മാത്രേ കാണുള്ളു നിവി... നമ്മളെ പോലെ നമ്മൾ മാത്രം... അല്ലാ... നമുക്ക് പോയാലോ. കൂടുതൽ സമയം ഇവിടെ നിന്നാൽ രണ്ടും കൂടി നമ്മളെ കളിയാക്കും. നിക്കു പിന്നെയും കുഴപ്പമില്ല. എന്റെ അനിയൻ...ഹോ..."

"അവൻ പാവമല്ലേ..."

"ഉവ്വാ... വീട്ടിലിപ്പൊ എന്നെ എപ്പോഴും കളിയാക്കുന്നതാ അവന്റെ ഹോബി. അതും ഏതേലും സിനിമയിലെ ഡയലോഗ് വെച്ചിട്ട്..."

"ആഹാ... കൊള്ളാലോ"
എന്നും പറഞ്ഞ് നിവി തിരികെ നടന്നു. രഞ്ജു പതിയെ വന്ന് അവളുടെ പിൻകഴുത്തിലൊന്നു ചുംബിച്ചിട്ട് വേഗത്തിൽ മുന്നോട്ട് നടന്നു. നിവി അവന്റെ ഷർട്ടിന്മേൽ പിടിച്ച് അവനെ പുറകിലേക്ക് വലിച്ചു. അപ്പോഴേക്കും നിക്കുവും നീരജും അവിടേക്ക് വന്നു. അവളുടനെ ഷർട്ടിലുള്ള പിടി വിട്ടു.

"നിങ്ങൾ വരുന്നില്ലേ?"

"ദാ വരുന്നു നിക്കു... നടക്ക് അങ്ങോട്ട്‌..."
എന്ന് പറഞ്ഞിട്ട് രഞ്ജുവിന്റെ തോളിലൊരു ഇടി കൊടുത്തു. അവൻ ചിരിച്ചുകൊണ്ട് നടന്നു. ആ ദിവസം സന്തോഷമായി കടന്നുപോയി. പിറ്റേന്ന് കീർത്തിയും രാജീവും രശ്മിയും രഞ്ജുവും നിവിയും കൂടി സിറ്റിയിലെ ഒരു ടെക്സ്റ്റൈൽസിൽ പോയി. അവിടെ തന്നെ മണികണ്ഠനും ഫാമിലിയും പിന്നെ മനോജും ഉണ്ടായിരുന്നു.

'വർഷങ്ങൾക്ക് മുൻപ് ഞാൻ രശ്മിയെ കണ്ടതും അമ്പലത്തിൽ വെച്ച്... വർഷങ്ങൾക്ക് ശേഷം കണ്ടതും അവിടെ തന്നെ... ദൂരെ നിന്നാണ് കണ്ടതെങ്കിലും അവൾക്കൊരു മാറ്റവും ഇല്ലെന്ന് തോന്നുന്നു. അടുത്തൊന്നു കാണാൻ പറ്റിയിരുന്നെങ്കിൽ... അല്ലേൽ വേണ്ടാ... ഞാൻ എന്തിനാ അവളെ കാണുന്നെ...'

"ഹെലോ ഏട്ടാ... എന്താണ് ആലോചിച്ചു നിൽക്കുന്നേ? ഇന്നലെ രാവിലെ അമ്പലത്തിൽ പോയിട്ട് വന്നത് മുതൽ ആലോചനയാണല്ലോ..."

"ഒ..ഒന്നുല്ലടാ... മോൾക്ക് ഡ്രസ്സ്‌ സെലക്ട്‌ ചെയ്തോ?"

"ചെയ്തു. ദേ... ഏട്ടൻ എടുത്ത് തന്നതും കയ്യിലെടുത്തു. ഇനി ഏട്ടന് ഷർട്ട്‌ എടുക്കണം. പിന്നെ കുറച്ചു പാന്റ്സും. ഇപ്പോൾ മുണ്ടല്ലേ ഏട്ടൻ ഉടുക്കുന്നെ"

"എനിക്കോ? എനിക്ക് ഉള്ളതൊക്കെ മതിയെടാ... ഓണക്കോടി നീയൊരെണ്ണം എടുത്ത് തന്നല്ലോ... അത്‌ മതി"

"അതൊന്നും പറഞ്ഞാൽ പറ്റില്ല. ഞാനത് സമയമില്ലാത്തോണ്ട് നമ്മുടെ അവിടെത്തെ കടയിൽ നിന്ന്  പെട്ടന്ന് ഒരെണ്ണം സെലക്ട്‌ ചെയ്ത് എടുത്തതാ. ഇന്നിപ്പോൾ ഒരിടത്തും പോണ്ടല്ലോ. നല്ല വില കൂടിയ ഒരെണ്ണം തന്നെ എനിക്ക് എടുത്ത് തരണമെന്നുണ്ട്"

"എന്തിനാടാ വെറുതെ? ആ പൈസക്ക് ലക്ഷ്മിക്കൊരു സാരി വാങ്ങി കൊടുക്ക്. ഞാൻ ഇതുവരെ നിനക്കൊന്നും എടുത്ത് തന്നില്ലല്ലോ"

"അതിന് ഏട്ടന് ജോലി കിട്ടിയ ശേഷം ഇങ്ങോട്ട് വന്നില്ലാലോ... കോളേജില് എക്സാം ഡ്യൂട്ടി കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞ ആളല്ലേ..."

"അന്ന് പറഞ്ഞതൊക്കെ നിനക്ക് ഇപ്പോഴും ഓർമ്മയുണ്ടോ?"

"ആഹ്... ഓർമ്മയുള്ളതുകൊണ്ടല്ലേ പറഞ്ഞെ. അന്ന് വീട്ടിൽ വന്നിരുന്നുവെങ്കിൽ ഏട്ടന്റെ കയ്യിൽ എനിക്കും അച്ഛനുമുള്ള ഡ്രസ്സ്‌ കാണുമായിരുന്നുവെന്ന് എനിക്കുറപ്പാ... "
മണികണ്ഠൻ പറഞ്ഞത് കേട്ട് മനോജിന്റെ കണ്ണു നിറഞ്ഞു.

"വാ വല്യച്ഛാ..."
മണികണ്ഠന്റെ മകൾ മനോജിന്റെ കയ്യിൽ പിടിച്ച് വലിച്ചു.

"വരാം മോളെ..."
മനോജ്‌ അവരുടെയൊപ്പം ഷർട്ടിന്റെ സെക്ഷനിലേക്ക് പോയി.

ഈ സമയം ആദ്യം എവിടേക്ക് പോകുമെന്ന കൺഫ്യൂഷനിലായിരുന്നു കീർത്തിയും രശ്മിയും.

രാജീവ്‌:  അതേ... നിങ്ങൾക്ക്‌ സാരിയെടുക്കാൻ ഒരുപാട് സമയം വേണ്ടി വരും. അതുകൊണ്ട് ആദ്യം ഷർട്ട്‌ എടുക്കാൻ പോകാം.

രഞ്ജു: അത്‌ അച്ഛൻ പറഞ്ഞത് ശെരിയാ.

കീർത്തി: മ്മ്... ശെരി.

നിവി: രെച്ചുമ്മേ... ദേ ഇതുപോലൊരു ജീൻസിന്റെ മിഡി എടുത്തു തരോ? കോളേജിൽ ഇട്ടുകൊണ്ട് പോകാലോ...

രശ്മി: ആഹ് നോക്കാം.

"അതേ... മിഡിയും ഇട്ടുകൊണ്ട് കോളേജിൽ വരണ്ടാട്ടോ... വന്നാൽ എന്റേന്ന് മേടിക്കും..."
രഞ്ജു നിവിയുടെ ചെവിയിൽ പതിയെ പറഞ്ഞു. അവനെ ആരും കാണാതെ അവൾ കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

തേർഡ് ഫ്ലോറിലായിരുന്നു അവിടെ ഷർട്ടിന്റെയും പാന്റ്സിന്റെയും സെക്ഷൻ. അവിടെ വെച്ച് നിവി മനോജിനെ കണ്ടു. അവളുടനെ രശ്മിയുടെ കൈ പിടിച്ച് വലിച്ചു.

"രെച്ചുമ്മ ഇങ്ങ് വന്നേ... ഞാനൊരാളെ കാണിച്ചു തരും?"

"ആരെ? ഞാൻ ദേ ഏട്ടന് ഷർട്ട്‌ സെലക്ട്‌ ചെയ്തുകൊണ്ടിരിക്കുവാ..."

"ആളെ കണ്ടിട്ട് അച്ഛന് ഷർട്ട്‌ എടുക്കാം. ചിലപ്പോൾ ആള് പോയാലോ..."

"ശേ... ഈ പെണ്ണിന്റെ കാര്യം... ആരെയാണാവോ കാണിച്ചു തരാൻ പോകുന്നെ?"

"ദേ അങ്ങോട്ട്‌ നോക്ക്. ബ്ലാക്ക് ഷർട്ടും മുണ്ടും ഉടുത്തുനിൽക്കുന്ന ഒരാളെ കണ്ടോ?"

"ആഹ് കണ്ടു. ആരാ അത്? അയാള് തിരിഞ്ഞു നിൽക്കുവാണല്ലോ..."

"അതിപ്പൊ തിരിഞ്ഞോളും. ദേ തിരിഞ്ഞു..."

തിരിഞ്ഞു നോക്കിയ ആളെ കണ്ട രശ്മി ഞെട്ടി. മനോജായിരുന്നു അത്‌. അവനും അവളെ കണ്ടുകഴിഞ്ഞു. അന്ന് മനോജിന്റെ മുൻപിൽ എങ്ങനെ ഭയപ്പെട്ടു നിന്നോ അതുപോലെ രശ്മി അവനെ നോക്കി നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[ഇന്നലെ എഴുതാൻ പറ്റിയില്ല. സോറിട്ടോ... ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യണേ...]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top