എൻ ജീവൻ❤️[The Conclusion] ഭാഗം- 10

Valappottukal

മരിയയെ വിളിക്കാൻ നിവി  ഫോൺ കയ്യിലെടുത്തതും മരിയയുടെ കാൾ ഇങ്ങോട്ട് വന്നു.

"ഹെലോ... ഡി മരിയേ... ഞാനിപ്പോ നിന്നെ വിളിക്കാൻ ഫോൺ എടുത്തതേ ഉള്ളു"

"ആണോ? ഞാൻ കരുതി നീ കുളിക്കാനോ മറ്റോ കേറിക്കാണുമെന്ന്"

"ഞാൻ ചായ പോലും കുടിച്ചില്ല"

"ആഹ്... ഞാനിപ്പൊ നിന്നെ വിളിച്ചതേ രഞ്ജുവേട്ടന്റെ കാര്യം പറയാനാ..."

"രഞ്ജുവേട്ടന്റെ കാര്യമോ? ഞാനും അത് പറയാനാ വിളിച്ചേ..."

"അതിനേ നീ വിളിക്കുള്ളു എന്നനിക്കറിയാലോ... ആഹ്... ഞാൻ കാര്യം പറയാം. അച്ചു ഇപ്പോൾ എന്നെ വിളിച്ചിരുന്നു. അവൾ പറഞ്ഞത് നിവിയുടെ കസിൻ ചേട്ടൻ ഏതോ താടി വെച്ച ഒരുത്തനെ തല്ലുന്നത് കണ്ടെന്ന്"

"ഏഹ്? തല്ലിയെന്നോ? ആരെ? എവിടെ വെച്ച്?"

"പുറകിലെ ഗ്രൗണ്ടിന്റെ അവിടെ വെച്ചെന്നാ പറഞ്ഞത്. എനിക്ക് തോന്നുന്നു രാവിലെ നമ്മളെ വളഞ്ഞില്ലേ അതിൽ രഞ്ജുവേട്ടനെ അടിക്കാൻ ഓങ്ങിയില്ലേ... ആ കലിപ്പൻ ചേട്ടന് നല്ല താടിയുണ്ടല്ലോ. ആ പുള്ളിക്കാരനെ ആണെന്നാ തോന്നുന്നുന്നെ"

"അല്ലാ... തല്ലിയെന്ന് പറയുമ്പോൾ..."

"കൈ പിടിച്ചെന്തോ വെച്ചിട്ട് കവിളിൽ തല്ലുന്നതാ കണ്ടെന്നാ പറഞ്ഞത്. എന്നിട്ട് എന്തൊക്കെയോ സംസാരിച്ചിട്ട് പോയത്രേ... അച്ചു അവളുടെ ചേച്ചിയെ വിളിക്കാൻ പോയപ്പോഴാ കണ്ടത്. ഹിസ്റ്ററി ബ്ലോക്ക്‌ അവിടെയാ..."

"ഹ്മ്മ്..."

"നീ ഇത് ഇനി ചേട്ടനോട് ചോദിക്കാനൊന്നും പോണ്ടാട്ടോ..."

"മ്മ്..."

"അല്ലാ... നീ എന്ത് കാര്യം പറയാനാ എന്നെ വിളിക്കാൻ പോയേ?"

"അത്... മറ്റന്നാള് രഞ്ജുവേട്ടന്റെ ബർത്ത് ഡേ ആണ്. അപ്പൊ ഗിഫ്റ്റ് എന്തു വാങ്ങി കൊടുക്കുമെന്ന് ചോദിക്കാൻ വേണ്ടി..."

"ഓ... അതാണോ? ഞാൻ ആലോചിച്ചിട്ട് നാളെ കാണുമ്പോൾ പറയാം. ഓക്കേ? നീ പോയി ചായ കുടിക്ക്..."

"മ്മ്... ശെരി"

നിവി കാൾ കട്ട്‌ ചെയ്തിട്ട് ഒരു നിമിഷം ആ ഫോട്ടോയിൽ തന്നെ നോക്കി നിന്നു. എന്നിട്ട് അത് തിരികെ വെച്ച ശേഷം താഴേക്ക് പോയി.

പിറ്റേന്ന് രാവിലെ കോളേജിൽ  മരിയ നിവിയും കൊണ്ട് ഗ്രൗണ്ടിന്റെ അവിടേക്ക് പോയി.

"ഇവിടെ കാണാൻ നല്ല രസമുണ്ടല്ലേ?"

"മ്മ്..."

"ഇത് വോളിബോൾ കളിക്കുന്ന ഗ്രൗണ്ട് ആണെന്ന് തോന്നുന്നു. വേറെയും ഒരു ഗ്രൗണ്ട് കൂടി ഉണ്ട്"

"അത് നിനക്കെങ്ങനെ അറിയാം?"

"അതൊക്കെ അറിഞ്ഞു. ഇവിടെ എവിടെ വെച്ചാണെന്തോ രഞ്ജുവേട്ടൻ അവനിട്ട് കൊടുത്തത്. ശേ... നേരിട്ട് കാണണമായിരുന്നു"

"നീ അത് വിട്. നാളെ രഞ്ജുവേട്ടന് എന്ത് ഗിഫ്റ്റ് വാങ്ങി കൊടുക്കുമെന്ന് പറയ്..."

"അത്... ഹ്മ്മ്... നീ ഇതുവരെ എന്തൊക്കെയാ കൊടുത്തിട്ടുള്ളത്? അത് പറയ്..."

"നിനക്ക് അറിയാവുന്നതല്ലേ... കാർഡ് കൊടുത്തിട്ടുണ്ട്. പിന്നെ, അച്ഛൻ കണ്ണൂരിൽ ആയിരുന്നപ്പോൾ ഒരു കാർ കൊടുത്തിട്ടുണ്ട്. പിന്നെ, കഴിഞ്ഞ ബർത്ത് ഡേക്ക് രെച്ചുമ്മയെ സോപ്പിട്ട് ഒരു വാച്ച് വാങ്ങി കൊടുത്തു"

"ആ വാച്ചാണോ ഇപ്പൊ രഞ്ജുവേട്ടന്റെ കയ്യിൽ കിടക്കുന്നത്? "

"അല്ലാ... ആ വാച്ച് രഞ്ജുവേട്ടൻ ഡെയിലി യൂസ് ചെയ്യാറില്ല. വേറെ എവിടെയെങ്കിലും പോകുമ്പോഴേ കെട്ടുള്ളു"

"മ്മ്... രഞ്ചുവേട്ടൻ നിനക്ക് തന്ന കാറിപ്പോഴും ഇല്ലേ?"

"അതൊക്കെ എന്റെ ഷെൽഫിലുണ്ട്. നീ പറയ് വേഗം..."

"ശ്ശെടാ... നിന്റെ ആൾക്ക് എന്തു ബർത്ത് ഡേ ഗിഫ്റ്റ് വാങ്ങി കൊടുക്കുമെന്ന് നീ എന്നോടാണോ ചോദിക്കുന്നേ? നീ തന്നെ ആലോചിക്ക്..."

"ങേ? അപ്പൊ ഇന്നലെ വിളിച്ചപ്പോൾ നീ ഇന്ന് പറയാമെന്നാണല്ലോ പറഞ്ഞത്"

"ആ... അത് പറഞ്ഞു. എന്നാലൊരു ഷർട്ട്‌ വാങ്ങി കൊടുക്ക്"

"അതൊക്കെ ഞാൻ ജോലിക്ക് പോയിട്ട് എന്റെ കാശിന് വാങ്ങി കൊടുക്കണമെന്നാ ആഗ്രഹം"

"ഓഹോ... അപ്പൊ പിന്നെ..."

"അപ്പൊ പിന്നെ?"

"എന്താണെന്ന് വെച്ചാൽ നീ കൊടുക്ക്"

"ഡി മറിയാമ്മേ... എന്റേന്ന് നിനക്ക് കിട്ടും കേട്ടോ..."

"ആ... ഇപ്പോഴാ ഓർത്തെ... നീ പഠിച്ച കരാട്ടെയിൽ നിന്ന് ആൾക്കാരെ ബ്ലോക്ക്‌ ചെയ്യുന്നത് എങ്ങനെയാ എന്ന് ഒന്നു ഈസിയായി പറഞ്ഞു തരണേ..."

"ബ്ലോക്ക്‌ ചെയ്യുന്നതൊക്കെ കരാട്ടെ ക്ലാസ്സിനു പോകും മുന്നേ അച്ഛൻ പഠിപ്പിച്ചു തന്നതാ..."

"ആണോ? മ്മ്... ദേ നോക്ക് ആ കലിപ്പനും കൂട്ടരുമല്ലേ  വരുന്നേ... നമുക്ക് അങ്ങോട്ട്‌ മാറി നിൽക്കാം"

നിവിയും മരിയയും അവർ കാണാതെ അവിടെ മാറി നിന്നു. അവർ നാലു പേർ ഉണ്ടായിരുന്നു.

"ഡാ ആദി... കൈക്ക് ഇപ്പൊ എങ്ങനെയുണ്ട്? ഇപ്പോഴും നല്ല വേദനയുണ്ടോ?"

"ഉണ്ടെന്നോ? അമ്മാതിരി പിടി ആയിരുന്നില്ലേ... കൈക്കകത്തെ എല്ലൊക്കെ പൊടിയുന്നത് പോലെ തോന്നി. ഇന്നലെ ചോറ് വാരി കഴിക്കാൻ പെട്ട പാട്... കൈ വേദനിക്കുന്നു എന്ന് പറഞ്ഞപ്പൊ അമ്മ എന്തോ എണ്ണയോ കുഴമ്പോ ഇട്ടു തന്നു. അതിന് ശേഷം കുറച്ചൊരു ആശ്വാസമുണ്ടായി. രാവിലെ വീണ്ടും പഴയത് പോലെ..."

"ചേട്ടനെന്താ പറഞ്ഞേ? അവനെ കണ്ടാൽ ഒരു ചോക്ലേറ്റ് പയ്യനെ പോലെയുണ്ട്. അവനൊന്നും നമ്മുടെ ഏഴയലത്ത് വരില്ലെന്ന്. അല്ലേ? രണ്ടും കൂടി കരാട്ടെയുമായി ഇറങ്ങിയേക്കുവാ... എന്റെ മൂക്ക്..."

"അവനെ കണ്ടാൽ അങ്ങനെയല്ലേടാ തോന്നുക? അവന്റെ പെണ്ണിന്റെ അടുത്ത് ഇനിയെങ്ങാനും കണ്ടു പോയാൽ എന്നെ ശെരിയാക്കി കളയുമത്രെ... അബിൻ വന്നിരുന്നെങ്കിൽ... അവനിപ്പൊ വീട്ടിലിരുന്ന് നല്ല വലിയായിരിക്കും"

"എന്തൊക്കെയായാലും അവളൊരു മുതല് തന്നെയാ..."

"ഹ്മ്മ്... അവൾക്കിട്ടു ഞാൻ നല്ല പണി കൊടുക്കും. നീ കണ്ടോ... ഇല്ലെങ്കിൽ എന്റെ പേര് ആദി എന്നല്ല"

ഇത് കേട്ട് നിവി അവരുടെ അടുത്തേക്ക് പോകാനൊരുങ്ങിയപ്പോൾ മരിയ വേണ്ടെന്ന് പറഞ്ഞു. ഫസ്റ്റ് ബെൽ അടിച്ചപ്പോഴാണ് അവന്മാർ അവിടെ നിന്നും പോയത്.  നിവിയും മരിയയും ക്ലാസ്സിനു മുന്നിലെത്തിയപ്പോൾ പ്രയർ തുടങ്ങിയിരുന്നു.
     ******❤️❤️❤️❤️❤️*****
"ഡാ ഷിബു... നീ പറഞ്ഞ സ്ഥലത്ത് എന്റെ ആൾക്കാര് മൊത്തം അരിച്ചുപെറുക്കി. ഫയൽ ആ കുറ്റിക്കാടിലൊന്നും ഇല്ലാ. നീ എന്നാത്തിനാടാ കുടിച്ചിട്ട് ബൈക്കോടിച്ചേ?"

"അത് ഇച്ചായാ... ഒരു വെഡിങ് റിസപ്ഷൻ ഉണ്ടായിരുന്നു. അവിടെ നിന്നും കുറച്ചകത്താക്കി. അതാ പറ്റി പോയേ..."

"നിന്റെ തലക്കൊന്നും പറ്റാത്തത് കർത്താവിന്റെ കൃപ... നിനക്ക് ആ ഫയൽ എന്റേൽ ഏൽപ്പിച്ചിട്ട് പോയി കുടിച്ചൂടായിരുന്നോ? ഇനിയിപ്പോ ഞാൻ എവിടുന്ന് അത് കണ്ടുപ്പിടിക്കും? ഇനി ആരെങ്കിലും അത് കണ്ടിട്ട് സ്റ്റേഷനിൽ ഏൽപ്പിച്ചോ എന്തോ..."

"ഇച്ചായന് അവിടെ അടുത്താരോടെങ്കിലും ചോദിക്കാൻ മേലായിരുന്നോ?"

"ഞാൻ എന്തും പറഞ്ഞ് അന്വേഷിക്കുമെടാ? നമ്മള് പോലീസൊന്നും അല്ലാലോ..."

"ഹ്മ്മ്... ഇപ്പോൾ തന്നെ ഇവിടുന്ന്  ഡിസ്ചാർജ് ആകുമല്ലോ... എന്നിട്ട് ആ വഴിയൊന്നു പോയി അന്വേഷിക്കാം. എന്നിട്ട് സ്റ്റേഷനിൽ പോകാം. അബിൻ ഇപ്പോൾ കോളേജിൽ പോകുന്നില്ലേ?"

"നാളെ പോകാമെന്നാ പറഞ്ഞെ. വല്യ മാറ്റമൊന്നും ഇല്ലെങ്കിലും ചെറിയ മാറ്റമൊക്കെ ഉണ്ട്. എന്നാലും ഉപയോഗിക്കാതെ ഇരിക്കുന്നില്ല"

"അത് ഇച്ചായൻ കാണിച്ച അബദ്ധമല്ലേ... ചെക്കന് ടേസ്റ്റ് ചെയ്യാൻ കൊടുത്തേക്കുന്നു... കള്ള് പോലെയല്ല കഞ്ചാവ് എന്നറിയില്ലേ?"

"ആടാ... അന്നങ്ങനെ പറ്റി പോയി. അവൻ വന്ന് ചോദിച്ചപ്പോൾ കുറച്ചങ്ങു കൊടുത്തു പോയി"

"ഹ്മ്മ്... ഇനി പറഞ്ഞിട്ട് കാര്യമില്ല. അവൻ വരുത്തിവെച്ചതെല്ലാം തുടച്ചു മാറ്റിയേ പറ്റുള്ളു. ആ ബാലുവും കമ്മീഷണറും തമ്മിൽ നല്ല അടുപ്പമുണ്ട്. ഇവിടെന്ന് ട്രാൻസ്ഫർ ആയി പോയപ്പോൾ പറഞ്ഞോ എന്തോ... കമ്മീഷണറോട്  നമുക്കൊന്നും ചോദിക്കാനൊന്നും പറ്റില്ല. ആള് നമ്മള് വിചാരിക്കും പോലെത്തെ ടൈപ്പ് ഒന്നും അല്ലാ..."

"ഏത് ടൈപ്പ് ആണെങ്കിലും പണം കണ്ടാൽ വീഴാത്ത കമ്മീഷണർ കാണോ?"

"ഇനി അബിന്റെ പേരിൽ കേസ് വല്ലതും വന്നാൽ ഞാൻ നോക്കില്ല കേട്ടോ... അവൻ കാരണം പെങ്ങള്ക്കൊച്ച്  അന്നക്കുട്ടിയുടെ ജീവിതം നശിക്കരുത്"

"ഇനി ഒന്നും വരാതെ ഞാൻ നോക്കാടാ... അബിനെന്റെ ആദ്യ സന്താനം അല്ലയോ... കുറച്ചു കൂടുതൽ കൊഞ്ചിച്ചു... പറയുന്നതെല്ലാം സാധിച്ചു കൊടുത്തു"

"ഹ്മ്മ്... ആദ്യം കള്ള്. പിന്നെ,  കഞ്ചാവ്... ഇനി പെണ്ണിനെ ആയിരിക്കും അവൻ ചോദിക്കുക. അതും ഇച്ചായൻ സാധിച്ചു കൊടുക്കോ?"

"എടാ ഉവ്വേ... നീയൊന്നു നിർത്ത്... നിന്റെ ഷിന്റോച്ചായൻ നോക്കിക്കോളാമെന്ന് പറഞ്ഞില്ലേ? നീ ആദ്യം ആ ഫയൽ എങ്ങനെയെങ്കിലും കണ്ടെത്താൻ നോക്ക്"

"മ്മ് ശെരി ശെരി"

ഷിബു ഡിസ്ചാർജ് ആയ ശേഷം ഹോസ്പിറ്റലിൽ നിന്നും അയാൾക്ക് ആക്‌സിഡന്റ് പറ്റിയ സ്ഥലത്തേക്ക് പോയി. അവിടെയടുത്ത് ഒരു തയ്യൽക്കട ഉണ്ടായിരുന്നു. അന്ന് കോൺസ്റ്റബിൾ സുകുമാരന് ഫയൽ എടുത്ത് കൊടുത്തത് ആ തയ്യൽക്കടയിൽ ഇരിക്കുന്ന ആളായിരുന്നു. അയാളോട് ഷിബു ആക്‌സിഡന്റ് നടന്ന സമയത്ത് ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു. ഫയലിന്റെ കാര്യം ചോദിച്ചപ്പോൾ താനാണ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളിന് കൊടുത്തതെന്നും പറഞ്ഞു. ഇത് കേട്ടതും ഷിബു നേരെ ഹെഡ് ക്വാർട്ടർസിലേക്ക് ബൈക്ക് പറപ്പിച്ചു. സുകുമാരനെ കണ്ടതും ആ ഫയൽ എവിടെയാ എന്നു ചോദിച്ചതും അയാൾ നിന്ന് പരുങ്ങി. ആ സമയത്ത് കാർത്തി പുറത്തേക്ക് എവിടെയോ ഇറങ്ങാൻ തുടങ്ങുകയായിരുന്നു.

"എന്താ ഷിബു? ഏത് ഫയലിന്റെ കാര്യമാ സുകുമാരനോട്‌ ചോദിക്കുന്നേ?"

"അത് സർ..."

"താൻ ഓക്കേ ആയോ? ഇപ്പോൾ കുഴപ്പമൊന്നും ഇല്ലാലോ അല്ലേ?"

"ഇല്ല സർ... ഇന്ന് ഡിസ്ചാർജ് ആയതേ ഉള്ളു. അന്ന് ആക്‌സിഡന്റ് നടക്കുമ്പോൾ എന്റെ കയ്യിലൊരു ഫയൽ ഉണ്ടായിരുന്നു. അവിടെ വീണു കിടക്കുന്നത് കണ്ടപ്പോൾ അത് എടുത്ത് ഒരാൾ ഇവിടെത്തെ കോൺസ്റ്റബിളിനെ  ഏൽപ്പിച്ചുവെന്ന് പറഞ്ഞു"

"ഓഹോ... ഇവിടെത്തെ കോൺസ്റ്റബിളിനാണ് കൊടുത്തതെന്ന് പറഞ്ഞോ? ഇവിടെ തൊട്ടടുത്തും ഒരു പോലീസ് സ്റ്റേഷനില്ലേ? അവിടെ അന്വേഷിച്ചോ?"

"നോ സർ..."

"എങ്കിൽ ആദ്യം പോയി അവിടെ അന്വേഷിച്ചിട്ട് വരൂ..."

"ശെരി സർ..."

ഷിബു പെട്ടന്ന് തന്നെ ബൈക്കും എടുത്തുകൊണ്ട് അവിടെ നിന്നും പോയി.

"ഞാനൊന്നും പറയാതെ സുകുമാരൻ ആ ഫയലിനെ പറ്റി ഒന്നും മിണ്ടരുത്. ഓക്കേ?"

"ഓക്കേ സർ..."

"ഹ്മ്മ്... ഞാൻ ട്രാഫിക് സ്റ്റേഷൻ വരെ ഒന്നു പോയിട്ട് വരാം"
അത്രയും പറഞ്ഞ് കാർത്തി ഉടനെ കാറിൽ കയറി പോയി.             
      *****❤️❤️❤️❤️❤️*****
ഉച്ചക്കുള്ള ഇന്റെർവെല്ലിനു നിവി മരിയയേയും കൂട്ടി രഞ്ജുവിനെ കാണാൻ പോയി. ആദിയെ തല്ലാൻ പോയ കാര്യമൊന്നും അവൾ ചോദിച്ചില്ല. തിരികെ വരുമ്പോൾ കിരണിനോനും മെൽവിനോടും കുറച്ചു നേരം നിന്ന് സംസാരിച്ചിട്ടാണ് ക്ലാസ്സിൽ പോയത്.

"എടാ രഞ്ജു... നിനക്ക് ഇനിയെങ്കിലും അവളോട് നേരിട്ട് നിന്റെ ഇഷ്ടം പറഞ്ഞൂടെ? ഇത്രയും വർഷം അവൾ സ്കൂളിൽ പഠിക്കുവല്ലേ കൊച്ചല്ലേ എന്നും പറഞ്ഞ് നടന്നു. ഇപ്പോൾ ദേ അവൾ കോളേജിലായി. പതിനെട്ടു വയസ്സും ആയി. അല്ലേ?"

"മ്മ്..."

"നീയെന്താ മൂളിക്കളഞ്ഞേ?"

"ഒന്നുല്ലടാ..."

"നാളെ നിന്റെ ബർത്ത് ഡേ അല്ലേ? അപ്പോൾ അവരൊക്കെ നാളെ നിന്റെ വീട്ടിൽ ആയിരിക്കല്ലേ?"

"അതെ. നാളെ എങ്കിലും പറയെടാ..."

"നോക്കാം..."

"ഇവന്റെ സംസാരം കേട്ടാൽ തോന്നും എനിക്ക് വേണ്ടി ഞാനെന്തോ പറയുന്നതാണെന്ന്..."

"എടാ ആദർശേ... ഞാൻ പറഞ്ഞില്ലെങ്കിലും അവളെ എനിക്ക് നഷ്ടപ്പെടില്ല"

"മുറപ്പെണ്ണ് ആയത് കൊണ്ട് നിനക്ക് തന്നെ കെട്ടിച്ചു തരും എന്നുള്ള കോൺഫിഡൻസ് കൊണ്ടാണോ? എങ്കിൽ അത് വേണ്ട മോനെ... അങ്ങനെ കെട്ടി തരുന്നതൊക്കെ പണ്ട്... നിവിയെ അവളുടെ അച്ഛൻ വേറെ നല്ല പയ്യന്മാർക്കും കെട്ടിച്ചു കൊടുക്കും"

ആദർശ് പറഞ്ഞത് കേട്ട് രഞ്ജു ദേഷ്യം കൊണ്ട് ഡെസ്കിന്റെ പുറത്തടിച്ചു.

"എടാ നിനക്ക് ദേഷ്യപ്പെടാൻ പറഞ്ഞതല്ല. കാര്യം പറഞ്ഞതാ..."

"അവളെന്റെ മുറപ്പെണ്ണ് ആയതുകൊണ്ട് സ്നേഹിച്ചു തുടങ്ങിയതല്ല ഞാൻ...  അവളെ കുഞ്ഞിലേ കണ്ടു കണ്ടു ഇഷ്ടായി. അവളുടെ സ്ഥാനത്ത് വേറെയൊരു പെണ്ണിനെ പോലും എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അവളുടെ ചിരിയും കളിയും കുസൃതിയുമൊക്കെ ഈ നിരഞ്ജനുള്ളതാ... നിവി നിരഞ്ജന്റെ പെണ്ണാ..."

"ഡാ നീ ഇത്ര ഇമോഷണൽ ആകല്ലേ... എനിക്കറിയാം നീ അവളെ എന്തുമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്... നീ പറഞ്ഞില്ലേൽ അവൾ കരുതും നിനക്ക് അവളോടുള്ള ഇഷ്ടം ലൈക്ക് ഒരു സഹോദരിയോടുള്ളതാണെന്ന്... മെയ്‌ ബി കേട്ടോ..."

"അവൾക്ക് എന്നെ അറിയാടാ... എന്റെയുള്ളിലെ സ്‌നേഹം മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ അവൾക്കുണ്ട്. M.Sc. കഴിഞ്ഞ് ജോലിയായി മാമനോടും മാമിയോടും പറയണമെന്നാ എന്റെ ആഗ്രഹം"

"അവരോട് നീ അപ്പോൾ പറഞ്ഞാൽ മതി. ഇപ്പോൾ നീ അവളോട് പറയ്. കുറച്ചും കൂടി സ്ട്രോങ് ആകാൻ വേണ്ടി ഞാൻ പറഞ്ഞെന്നെ ഉള്ളു. നീ ആലോചിക്ക്..."

"മ്മ്..."
    ******❤️❤️❤️❤️❤️*****
"നിവി... ബസ്സ് സ്റ്റോപ്പിന് അടുത്തായി ഒരു നല്ല കടയുണ്ട്. രഞ്ജുവേട്ടന് കൊടുക്കാൻ പറ്റിയ ഗിഫ്റ്റ് ചിലപ്പോൾ അവിടെ കാണും"

"ഞാൻ ഇവിടെന്നൊന്നും വാങ്ങിക്കുന്നില്ല"

"പിന്നെ?"

"ആ... ആലോചിക്കാം"

"ആഹ് ശെരി. നീയാലോചിക്ക്. ഇനി ബസ്സിൽ ഇരുന്ന് ആലോചിക്കാം. നടക്ക്..."
നിവിയും മരിയയും ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.

രാത്രി വരെ ആലോചിട്ടും നിവിക്ക് ഒന്നും കിട്ടിയില്ല. അങ്ങനെ ആലോചിച്ചു കിടന്ന് അവൾ ഉറങ്ങിപ്പോയി. രാവിലെ ഒരു സ്വപ്നം കണ്ട് അവൾ ഞെട്ടിയുണർന്നു.

"എന്റെ ഈശ്വരാ... എന്താ ഇപ്പൊ ഇങ്ങനെ സ്വപ്നം കണ്ടേ?! ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ലാലോ... ഓഹ് മണി ആറായോ?"

കട്ടിലിൽ നിന്നും എണീറ്റ് നിവി വേഗം ബാത്‌റൂമിൽ കയറി. കുളിയും പല്ലു തേപ്പും കഴിഞ്ഞ് അവൾ അലമാരയിൽ നിന്ന് ഇടാനുള്ള ഡ്രസ്സ്‌ എടുത്തു.

'ഇന്ന്...  ജീൻസും ടോപ്പും വേണ്ടാ... ഹ്മ്മ്... വേറെ ടോപ്പ് എടുക്കാം'

നിവി ഒരു ഡാർക്ക് റെഡും ബ്രൗണും ചേർന്ന ഒരു ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസും എടുത്തു.

'ഈ ഡ്രസ്സ്‌ ഇട്ട സ്ഥിതിക്ക് കുറച്ചു ഒരുങ്ങി കളയാം'

നിവി കണ്ണെഴുതി ചെറിയ ഒരു കറുത്ത പൊട്ട് കുത്തി. എന്നിട്ട് കണ്ണാടിയിൽ നോക്കി ചിരിച്ചു.

'ഇപ്പൊ എന്നെ കാണാൻ രെച്ചുമ്മയെ പോലെയുണ്ട്'

നിവി ഉടനെ രശ്മിയെ വിളിച്ച് അവൾക്ക് തലമുടി കെട്ടി കൊടുക്കാൻ പറഞ്ഞു.

"ഇന്ന് എന്താ തല മുടി കെട്ടി തരാനൊക്കെ പറയുന്നെ??"

"ഈ ഡ്രെസ്സിനു മുടി അഴിച്ചിട്ടാൽ കൊള്ളില്ലമ്മേ... അതാ... രെച്ചുമ്മക്ക് നല്ല സ്റ്റൈൽ ആയി തല മുടി കെട്ടാൻ അറിയാലോ..."

"ഓഹോ..."

രശ്മി അവൾക്ക് രണ്ടു സൈഡിലായിട്ട് മുടി മേലേക്ക് ചുരുട്ടി വെച്ച് നല്ല സ്റ്റൈൽ ആയി തന്നെ കെട്ടി കൊടുത്തു. വീട്ടിൽ നിന്നും ഇറങ്ങാൻ നേരം നിവി കാർത്തിയോട് എങ്ങനെയുണ്ടെന്ന് ചോദിച്ചു.

"അച്ഛാ... എന്നെ കാണാൻ ഇപ്പോൾ രെച്ചുമ്മയെ പോലെ ഇല്ലേ?"

കാർത്തി ചിരിച്ചുകൊണ്ട് അതെയെന്ന് തലയാട്ടി.

"ഇന്ന് സുന്ദരിക്കുട്ടിയായി എവിടെ പോണു?"
സീത ചോദിച്ചു.

"കോളേജിൽ തന്നെയാ പോകുന്നത് എന്റെ സീതമ്മേ... മരിയ ഇന്ന് ഇതുപോലെയൊരു ടോപ്പ് ആണ് ഇടുന്നതെന്ന് പറഞ്ഞു. അപ്പൊ ഞാനും ഇടാമെന്നു പറഞ്ഞു. ഈ ടോപ്പിനു മാച്ച് ആയി ഒന്നു ഒരുങ്ങി. അത്രേ ഉള്ളു"

"അത്രേ ഉള്ളോ?"
കാർത്തി പെട്ടന്ന് ചോദിച്ചത് കേട്ടപ്പോൾ നിവി അവനെ നോക്കിയൊന്നു ഇളിച്ചു കാട്ടി.

"പോകാൻ സമയമായി അച്ഛാ... ഞാൻ പോട്ടെ?"

"ശെരി ശെരി"

അവരോടൊക്കെ യാത്ര പറഞ്ഞ് നിവി വേഗം അവിടെന്ന് ഇറങ്ങി. ബസ്സ് സ്റ്റോപ്പിൽ അവൾക്ക് വേണ്ടി കാത്തുനിൽക്കുകയായിരുന്നു മരിയ.

"എന്റെ മാതാവേ... ഇതാരാ വരുന്നേ..."

"എങ്ങനെയുണ്ട്?"

"പൊളിച്ചു മുത്തേ... ഇപ്പോൾ നിന്നെ കണ്ടാൽ രശ്മി ആന്റി തന്നെ..."

"ഐ നോ..."
നിവി ഒരു കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

ഈ സമയം കടയിൽ ഇരുന്ന മനോജ്‌ നിവിയെ കണ്ടു. ഒരു നിമിഷത്തേക്ക് അത് രശ്മി ആണെന്ന് അവന് തോന്നിപ്പോയി. പക്ഷേ,  നിവിയാണെന്ന് അവൻ മനസ്സിലാക്കി.

കോളേജിൽ അവർ എത്തിയപ്പോൾ രഞ്ജു ബൈക്ക് പാർക്ക് ചെയ്തിട്ട് നടന്നു വരികയായിരുന്നു. നിവിയെ കണ്ടതും അവൻ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു പോയി. അവൾ അവനെ നോക്കി നല്ല വണ്ണം ചിരിച്ചു കാണിച്ചു. നിവിയെ മൊത്തത്തിൽ ഉഴിഞ്ഞുകൊണ്ട് രണ്ടു കണ്ണുകൾ കുറച്ചു മാറി അവിടെ നിൽക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളുടെ ഉടമ അവളുടെ അടുത്തേക്ക് വരാൻ തുടങ്ങി.
(തുടരും)
©ഗ്രീഷ്മ. എസ്
[എഴുതി തീർന്നപ്പോൾ ഉച്ച ആയി😬🙏.  എന്നാലും രാത്രി ഒരു പാർട്ട്‌ കൂടി ഉണ്ട് കേട്ടോ😉.  ലൈക്കും കമെന്റും പിശുക്കല്ലേ... ]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top