വിവാഹം കഴിഞ്ഞ ആദ്യ നാളിൽ തന്നെ ഞാനും അത് ശീലമാക്കി തുടങ്ങി...

Valappottukal
വിവാഹം കഴിഞ്ഞ ആദ്യ നാളിൽ തന്നെ ഞാനും അത് ശീലമാക്കി തുടങ്ങി...







എഴുന്നേറ്റ ഉടനെ തന്നെ കുളിക്കണം ...വിനുവേട്ടന്റെ അമ്മക്ക് അത്‌ നിർബന്ധമാണ് ...വിവാഹം കഴിഞ്ഞ ആദ്യ നാളിൽ തന്നെ ഞാനും അത് ശീലമാക്കി തുടങ്ങി ...തുടക്കത്തിൽ അതെനിക്ക് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ...ബാംഗ്ലൂരിൽ വിനുവേട്ടനുമായി ഇഷ്ടത്തിലായിരുന്ന കാലം തൊട്ടെ വർക്ക് കഴിഞ്ഞു വന്നായിരുന്നു കുളി ..ഒരു പക്ഷേ അതുകൊണ്ടായിരിക്കാം ...   
പോരാത്തതിന് വീട്ടുജോലി ചെയ്യണ്ട കാര്യം പറഞ്ഞാൽ ഞാൻ കുഴഞ്ഞു പോകും ...

അവിടെ ഫ്ലാറ്റിലായിരുന്നപ്പോൾ വാസു മാമ്മ ഒരു സർവെന്റിനെ തുണക്ക് ആക്കിയിരുന്നു . ഞാൻ കമ്പനിയിലേക്ക് ഇറങ്ങുമ്പോഴേക്കും ലഞ്ചിനുള്ള കാര്യങ്ങൾ വരെ ആ സ്‌ത്രീ ചെയ്‌തു തരുമായിരുന്നു . വീട്ടിലായിരുന്നപ്പോഴാകട്ടെ ഏക മകളെന്ന ലാളനയിൽ ഒരു പണിയും ചെയ്യിപ്പിക്കിലായിരുന്നു ...അതുകൊണ്ടു തന്നെ അടുക്കള പണിയൊന്നും വല്ല്യേ വശമില്ല ...   
  ''നീ അടുക്കളേല് കേറാതിരിക്കയാണ് നല്ലത് കൃഷ്ണേ ...വെറുതെ വയറ് കേടാക്കാൻ വയ്യാഞ്ഞിട്ടാണ്...'' കളിയാക്കാനാണെങ്കിലും വിനുവേട്ടൻ ഇടക്കിടെ അതെന്നെ ഓര്‍മ്മപ്പെടുത്താറുണ്ട് ... 

ഒന്നും ചെയ്യാനറിയില്ലെങ്കിലും അടുക്കളേല് കേറി ..എന്തിൽ തുടങ്ങണം എന്നറിയാതെ  തട്ടി തടഞ്ഞ് അമ്മ ചെയ്യുന്നതും നോക്കി നിന്നു ...
 ''അമ്മ ഒരു പ്രത്യേക സ്വഭാവക്കാരിയാണ് ... ദേഷ്യം വന്നാൽ പ്രകടിപ്പിക്കാൻ മടിക്കില്ല ...പക്ഷേ മനസ്സിലൊന്നും വെക്കില്ലെടോ ...'' ഒരിക്കൽ അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ വിനുവേട്ടൻ പറഞ്ഞത്‌ ഓർമ്മ വന്നു . 
 ''നോക്കി നിൽക്കാതെ നീ ആ സാമ്പാറുകഷ്ണം അരിയൂ  കൃഷ്ണേ ....''  അമ്മ പറഞ്ഞു ... 
അത് കേട്ടതും എനിക്കൊരു വെപ്രാളം ആയിരുന്നു ... സാമ്പാറുകഷ്ണങ്ങൾ ഏതൊക്കെ ആണെന്ന്  പോലും നന്നായി അറിയില്ലായിരുന്നു എന്നതാണ് സത്യം .

 പച്ചക്കറികളെല്ലാം ഒരു വിധത്തിലാണ് മുറിച്ചു കഴുകി കൊടുത്തത് . അപ്പോഴേക്കും തേങ്ങ ചുട്ടരച്ചു വെച്ച ഒരു ചമ്മന്തിയും നെയ്മീൻ കറിയും അമ്മ പാകമാക്കി കഴിഞ്ഞിരുന്നു ...എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി പോയി ...വിനുവേട്ടനെ നാണം കെടുത്താതിരിക്കാനെങ്കിലും ഇതൊക്കെ ഒന്ന് പഠിച്ചെടുക്കണമെന്നു കരുതി ...
മേശ പുറത്ത് വിഭവങ്ങളെല്ലാം നിരത്തി വെച്ചതിന് ശേഷമാണ് അമ്മ അച്ഛനെയും വിനുവേട്ടനെയും വിളിക്കാനായി എന്നെ പറഞ്ഞയച്ചത് ... 

കല്യാണം ഉറപ്പിക്കാൻ വന്നതിൽ പിന്നെ  ഇവിടത്തെ അച്ഛന്‍ എന്നോട് ഒന്ന് സംസാരിച്ചിട്ട് പോലുമില്ല...കണ്ടാൽ ഗൗരവം  വിടാതെ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്യാറ് ...പതിവ് തെറ്റിക്കാതെ ഇപ്രാവശ്യവും അതാവർത്തിച്ചു ... 

''അച്ഛനും വിനുവും കഴിച്ചതിന് ശേഷം നമുക്കിരിക്കാം... ''

അതെന്താ അമ്മേ ..ഇനി പണിയൊന്നും ഇല്ലാലോ  ..നമുക്ക് എല്ലാർക്കും കൂടി ഒരുമിച്ചിരിക്കാം...

ഇവിടെ അങ്ങനെയാണ് പതിവ് ...പുതിയ ആചാരങ്ങളൊന്നും വേണ്ട ... അമ്മ പറഞ്ഞു നിർത്തി . 

ഇങ്ങനെ ഒരു വേർത്തിരിവിന്റെ ആവശ്യം ഇവിടെ ഉണ്ടോ ... ആരോടെന്നില്ലാതെ എന്റെ ആ ചോദ്യത്തിന് മറുപടി എന്നോണം വിനുവേട്ടൻ കടുപ്പിച്ചൊന്നു നോക്കി .
അതെന്നെ വളരെ അധികം വേദനിപ്പിച്ചു ...ഇതാദ്യമായാണ് ഞാൻ ഇങ്ങനെ ഒഴിഞ്ഞു മാറി നിക്കേണ്ടി വരുന്നത് ...വീട്ടിലെല്ലാവരും ഒരുമിച്ചിരുന്നായിരുന്നു  കഴിക്കാറ് ... 
പിന്നെ അമ്മയെ കൂടുതലായി എതിർക്കാൻ ഞാനും  ഒരുക്കം അല്ലായിരുന്നു ...

 ''കൃഷ്ണ ...കുറച്ചു സാമ്പാർ ഇങ്ങു ഒഴിച്ചേ ...''  വിഷയം മാറ്റാൻ എന്നോണമായിരുന്നു വിനുവേട്ടൻ അത് പറഞ്ഞത് . 

അബദ്ധമെന്ന് പറഞ്ഞാൽ മതിയാവില്ല... കയ്യിൽ നിന്നു പാത്രം വഴുതി നിലത്തു വീണതും അച്ഛന്റെ ദേഹത്തേക്ക് തെറിച്ചതും ഒരുമിച്ചായിരുന്നു ...ഒരു നിമിഷം എന്റെ ശ്വാസം നിലച്ചെന്ന് തോന്നി പോയി ...

 ഒന്നും മിണ്ടാൻ നിന്നില്ല ...ഊണ് മുഴുവിപ്പിക്കാതെ അച്ഛൻ എഴുനേറ്റ് കയ്യ് കഴുകി ഉമ്മറത്തേക്ക് പോയി ..

 '' ഒരു കാര്യം കണ്ടറിഞ്ഞു ചെയ്യില്ല  ....'' ബാക്കിയെന്നോണം അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു .
അതും കൂടി ആയപ്പോൾ കണ്ണുനീരിനെ അടക്കി നിർത്താനായില്ല ...നിയന്ത്രണം നഷ്ട്ടപെട്ട് അവ പുറത്തേക്ക് ഇറങ്ങും മുന്നേ ഞാൻ റൂമിലേക്ക് ഓടി ...
അന്നേരം ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഓർത്തുപോയി ...എന്തു കാര്യമായിട്ടായിരുന്നു അവര്‍ എന്നെ നോക്കിയിരുന്നത് ...ഒരു തേങ്ങൽ എന്നിൽ അവശേഷിക്കുന്നുണ്ടായിരുന്നു ...

''എന്റെ മോള് അത് കാര്യം ആക്കണ്ട ...'' വിനുവേട്ടൻ ഡോർ അടച്ച് അകത്തേക്ക് വന്നിട്ടുണ്ടായിരുന്നു ... എനിക്ക് ചീത്ത വാക്കു കേട്ടതിന്റെ വിഷമം ആ മുഖത്ത് വ്യക്തമായി അറിയാൻ കഴിഞ്ഞിരുന്നു .

 '' അച്ഛന്റെ മുന്നിൽ വെച്ച് ഞാൻ പോലും ശബ്ദം ഉയർത്തി സംസാരിക്കാറില്ല ... അത് കൊണ്ടാണ് അമ്മയങ്ങനെ പെരുമാറിയത് . ''

 എനിക്ക് മനസിലാകും നിന്നെ ..സിറ്റിയിൽ പഠിച്ചു വളർന്ന നിനക്ക് ഇതൊന്നും കേട്ടുനിൽക്കാൻ സാധിച്ചെന്നു വരില്ല ...'' 

 '' ഏയ്യ് ഇല്ല വിനുവേട്ടാ ... എനിക്ക് മനസിലാകും പെട്ടന്നുള്ള ഈ മാറ്റം അഡ്ജസ്റ്റ് ചെയ്യാൻ ആർക്കായാലും ഒരു ബുദ്ധിമുട്ട് കാണില്ലേ ...അത്രേയുള്ളൂ...'' 

''ഹും ..സാരല്ല്യടോ ..ശരി ആവും . പിന്നെ അമ്മ ... അതൊരു പാവം ആണ് .ഈ കാട്ടണ കോലാഹലം മാത്രേ ഉള്ളു .നീ  കണ്ടോ ... വൈകുന്നേരം ആവുമ്പോഴേക്കും മോളെന്നും വിളിച്ചു നിന്റെ അടുത്തെത്തും ...'' 

വിനുവേട്ടന്റെ ചിരിച്ചുകൊണ്ടുള്ള ആ വാക്കുകൾ കേട്ടതും എനിക്ക് പകുതി  ആശ്വസമായി .പിന്നെ കുറച്ചു നേരം ആ നെഞ്ചത്ത് കാതമർത്തി കിടന്നു ..
* * * * * * * * * * * * * * * *

പിറ്റേ ദിവസം പതിവുതെറ്റിക്കാതെ ഊണ് വിളമ്പി.. അച്ഛനും ഏട്ടനും വന്നിരുന്നു .  ടേബിളിന്റെ ഇരുവശത്തായി കിടന്ന കസേരയിൽ പിടിച്ചു ഞാനും അമ്മയും നിൽക്കുന്നുണ്ടായിരുന്നു ...

''ദേവു ..നീയ്യും മോളും കൂടി ഇരിക്ക് ...'' അമ്മയോടായി അച്ഛൻ അത് പറഞ്ഞപ്പോൾ കൗതുകമായിരുന്നു അവർക്ക് . ആ കണ്ണുകൾ ഈറഞ്ഞണിയുന്നുണ്ടായിരുന്നു ...

 ''കാലം ഇത്ര കഴിഞ്ഞില്ലേ ...ഇനി ചില പതിവുകളൊക്കെ അങ്ങ് തെറ്റട്ടെ ....''  അതും പറഞ്ഞ് ചിരിച്ചുകൊണ്ട് അച്ഛൻ അമ്മയുടെ പാത്രത്തിലേക്ക് ചോറു വിളമ്പി ...
അതിശയം തോന്നി ..അതിലേറെ എനിക്ക്  പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു .

''പക്ഷേ ..ഇതെല്ലാം കണ്ടിട്ടും വിനുവേട്ടൻ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു ...''

  പെട്ടന്നുണ്ടായ അച്ഛന്റെ ഈ മാറ്റത്തിന് കാരണം എന്താണെന്നും  .. ഇതിനിടയില്‍ എന്തു സംഭവിച്ചു എന്നും എത്ര ചിന്തിച്ചിട്ടും എനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ല  ..

 രചന: മാളവിക ശ്രീകൃഷ്ണ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top