ഇനിയെന്നും നിനക്കായി.. 31

Valappottukal
ഇനിയെന്നും നിനക്കായി.. 31


ശ്വേതയെ നോക്കി നന്നായി ഒന്നു കണ്ണിറുക്കി കാണിച്ചു.. ശേഷം പുഞ്ചിരിയോടെ അവൾ കൈവീശി കാണിച്ചു..

സന്തോഷത്തോടെ നവിയുടെ വീട്ടിലേയ്ക്ക് അവന്റെ മനസ്സിലേയ്ക്കുള്ള പുതിയൊരു യാത്ര ആദി തുടങ്ങിവെച്ചു..

നവനീതത്തിന്റെ ഗേറ്റ് കടന്നു കാർ കടന്നു വന്നതും ആദി കണ്ടു വാതിൽക്കൽ നിൽക്കുന്ന പ്രഭാകറിനെയും പാർവതിയെയും..

അപ്പച്ചി.. അപ്പച്ചി എപ്പൊ  വന്നു നവി.

ആദി ചോദിച്ചു..

മിനിഞ്ഞാന്ന്..

അവൻ പറഞ്ഞുകൊണ്ട് കാർ പോർച്ചിലേയ്ക്ക് കയറ്റി..

കാർ നിന്നതും ആദി ചാടിയിറങ്ങി പാർവതിയുടെ അരികിലേക്കോടി..

അപ്പച്ചി..

അവൾ ഓടി അവരുടെ അരികിൽ ചെന്നതും പാർവതി അവളെ നെഞ്ചോരം ചേർത്തു..

പതിയെ മോളെ..

പ്രഭാകർ പറഞ്ഞു.

പാർവതി അവളെ ചേർത്തു പിടിച്ചു.. അവളെ മൊത്തത്തിൽ ഒന്നു നോക്കി.  അവളുടെ നെറ്റിയിലും കവിളിലും തുരുതുരെ ചുംബിച്ചു..

മോളെ..

അവർ അവളുടെ തലയിൽ തഴുകിക്കൊണ്ട് ചേർത്തു പിടിച്ചു..

കാറിൽ നിന്നിറങ്ങിയ നവീൻ കുറച്ചു നിമിഷം രണ്ടുപേരെയും നോക്കി നിന്നു..പിന്നെ ഒന്നും മിണ്ടാതെ അവരെ കടന്ന് അകത്തേയ്ക്ക് പോയി.. .

ആദി അവനെ നോക്കി.

മോള് സങ്കടപ്പെടേണ്ട... അവന്റെ ചില നേരത്തെ സ്വഭാവം ഇങ്ങനെയാണ്.

പ്രഭാകർ പറഞ്ഞു..ഞാൻ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലല്ലോ ചിറ്റപ്പാ നവിയെ... തെറ്റു എന്റെ ഭാഗത്താണ്..

ആദി പറഞ്ഞു..

ഇപ്പൊ ആരും തെറ്റും ശെരിയും ഒന്നും നോക്കേണ്ട.  മോള് വാ...

പാർവതി പറഞ്ഞു..

അവൾ അകത്തേയ്ക്കു കയറി..

മോള് ഇരിക്ക്.. അപ്പച്ചി കുടിക്കാൻ വല്ലോം എടുക്കാം..

പാർവതി പറഞ്ഞു..

ഇപ്പൊ വേണ്ട അപ്പച്ചി.. എനിക്കൊന്നു കുളിക്കണം..

ആദി പറഞ്ഞു..

എന്നാൽ എന്റെ കുട്ടി കുളിച്ചിട്ടു വാ. അപ്പോഴേയ്ക്കും ഞാൻ എന്തെങ്കിലും ഉണ്ടാക്കി വെയ്ക്കാം.. ഈ സമയത്താ വല്ലോക്കെ കഴിക്കേണ്ടത്..

പാർവതി കളിയായി പറഞ്ഞതും.ആദി മുഖം കുനിച്ചു..

അയ്യോ.  എന്റെ ബാഗ്..

ആദി പെട്ടെന്ന് ഓർത്തതുപോലെ പറഞ്ഞു തിരിഞ്ഞതും നവീൻ സ്റ്റെപ്പിറങ്ങി വന്നു.. അവൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി..

ആദി പാർവതിയെ നോക്കി..

5 മിനിറ്റ് തികയും മുൻപേ ആദിയുടെ ബാഗും മറുകയ്യിൽ അവളുടെ ഫോണുമായി നവീൻ കയറി വന്നു.. ബാഗും ഫോണും മുൻവശത്തുകിടന്ന ടിപ്പോയിൽ വെച്ചു അവൻ മുകളിലേയ്ക്ക് കയറി പോയി..

പാർവതിയും പ്രഭാകറും പരസ്പരം നോക്കി പുഞ്ചിരിച്ചു..

മോള് ചെല്ലു.. പോയി ഫ്രഷായി വാ .

പ്രഭാകർ പറഞ്ഞു..

ആദി എഴുന്നേറ്റുപോയി തന്റെ ബാഗ് എടുത്തു.. സ്റ്റെപ്പ് കയറി മുകളിലേയ്ക്ക് നടന്നു..

നവീന്റെ മുറിയിൽ വാതിൽ ചാരിയിരിക്കുകയായിരുന്നു..

ആദി വാതിൽ തുറന്നതും നവീൻ വെട്ടിത്തിരിഞ്ഞു..

അവൻ കുളി കഴിഞ്ഞു മുടി ചീകുകയായിരുന്നു..

മുണ്ട് മാത്രമുടുത്തു തോർത്തും തോളിലിട്ടു നിൽക്കുന്ന അവനെ കണ്ടതും അവൾ ഒന്നു ചിരിച്ചു.

എന്താ..

അവൻ ചോദിച്ചു..

എനിക്ക് കുളിക്കണം..

ആദി പറഞ്ഞു..

എന്താ ഞാൻ കുളിപ്പിക്കണോ..

അവൻ ചോദിച്ചു...

ഒരാവിശ്യോമില്ല.. എനിക്ക് കുളിക്കാൻ അറിയാം..

ആദി അകത്തേയ്ക്ക് കയറി ബാഗ്  മേശപ്പുറത്തു വെച്ചുകൊണ്ട് പറഞ്ഞു..

ഇതൊക്കെ എടുത്തോണ്ടെങ്ങോട്ട് പോകുവാ..

അവൻ ചോദിച്ചു..

ആഹാ.. പിന്നെ ഞാനെവിടെ  കിടക്കും..

ആദി ചോദിച്ചു..

താഴെ ഒന്നു രണ്ടു മുറികളില്ലേ.. അതിൽ ഏതിൽ വേണമെങ്കിലും കിടന്നോളൂ.. ഈ മുറിയിൽ വേണ്ട.

അവൻ പറഞ്ഞു..

ആദി അവനെ സങ്കടത്തോടെ നോക്കി..

എങ്കിൽ ഞാനീ നിലത്തു കിടന്നോട്ടെ..

ആദി ചോദിച്ചു..

എന്തിനാ.. ഈ വീട്ടിൽ ആവശ്യത്തിനു മുറിയും കട്ടിലുകളും ഒക്കെയുണ്ട്.. അതുകൊണ്ടാരും നിലത്ത് കിടക്കേണ്ട.  പിന്നെ വന്നപ്പോ പറഞ്ഞത് ജോലിക്കാരിയായിട്ടാണെങ്കിലും നിന്നോളാം എന്നല്ലേ.  ഞാൻ ജോലിക്കാരികളുടെ കൂടെ കിടന്നു ശീലിച്ചിട്ടില്ല..

നവീൻ പറഞ്ഞു..

ആദി സങ്കടത്തോടെ അവനെ നോക്കി നിന്നു..

നീയിറങ്ങി പോകുന്നോ അതോ ഞാനായിട്ടിറക്കണോ..

നവീൻ ചോദിച്ചു..

ആദി ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി..

നവീൻ ആദിയുടെ ബാഗ് കൊണ്ടു വെളിയിൽ വെച്ചു..വാതിൽ അകത്തുനിന്നും അടച്ചു കുറ്റിയിട്ടു..

ആദി ദൈന്യമായി അകത്തേയ്ക്ക് നോക്കി നിന്നു.. ശേഷം സൈഡിലെ അടച്ചിട്ട മുറിയിലേയ്ക്ക് നോക്കി..

ഒരുപാടോർമ്മകൾ  ഉറങ്ങുന്ന ആ മുറിയുടെ വാതിൽക്കലേയ്ക്കു അവൾ നോക്കി..

ഇല്ല നവീൻ നിന്റെ വാശി അധികം ഞാൻ നീട്ടില്ല.. എനിക്കറിയാം നിന്നെ എന്റെ വഴിക്ക് കൊണ്ടുവരാൻ..

ആദി മനസ്സിൽ പറഞ്ഞു...

ആഹാ.. കുളിക്കാൻ പറഞ്ഞിട്ട് ഇവിടെ വന്നു നിൽക്കുവാണോ..

പാർവതിയുടെ ശബ്ദം കേട്ടതും ആദി തിരിഞ്ഞു നോക്കി..

അത്.. കുളിക്കാൻ.. നവീൻ..

മോളേന്തിനാ ഇക്കണ്ട പടിയൊക്കെ കേറി ഈ കണ്ടാമൃഗത്തിന്റെ അടുത്തോട്ട് വന്നത്.. നിനക്കാ താഴത്തെ മുറിയിൽ കിടന്നൂടെ.. ഇതിപ്പോ ഈ സമയത്തു ഇങ്ങനെ സ്റ്റെപ്പ് കയറിയിറങ്ങുന്നത് നല്ലതുമല്ല..

പാർവതി പറഞ്ഞു..ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

ഇനിയിപ്പോ ഇവന്റെ വാശി നോക്കിക്കൊണ്ട് നിന്നാൽ നിന്റേം കുഞ്ഞിന്റേം ആരോഗ്യമാ പോകുന്നത്.. ഇനിയിപ്പോ വേണ്ടത് സമയത്തുള്ള നല്ല ആഹാരവും ഉറക്കവും സന്തോഷവുമാ.. അതിനേ മോള് താഴെ കിടക്കുന്നതാ നല്ലത്..

ഞാനും അങ്ങോട്ട് മാറുവാ... വന്നേ..

അതും പറഞ്ഞു പാർവതി ബാഗ് എടുത്തു..

ആദി മുറിയിലേയ്ക്ക് ഒന്നു നോക്കി നിന്നു ശേഷം പുഞ്ചിരിയോടെ പാർവതിക്കൊപ്പം
നടന്നു..

ആദി മുറിയിൽ വന്നു കുളിച്ചിറങ്ങിയപ്പോഴേയ്ക്കും ഒരു കയ്യിൽ ജ്യൂസും മറു കയ്യിൽ ഫ്രൂട്ട്സുമായി പാർവതി കയറി വന്നു..

ഇതെന്താ ഇത്..

ആദി ചോദിച്ചു..

അതൊക്കെയുണ്ട്.  നീയാ മുടിയിലെ തോർത്തഴിച്ചു നന്നായി തോർത്തിക്കെ.. വെള്ളം താഴ്ന്നു പനി കൊള്ളേണ്ട... ഈ സമയത്ത്‌ പനി വന്നാൽ പാടാ.. അധികം മരുന്നൊന്നും വേറെ കഴിക്കേണ്ട..

പാർവതി പറഞ്ഞു..

ആദി ചിരിച്ചു..

അവൾ തോർത്തു മുടിയിൽ നിന്നഴിച്ചതും പാർവതി അതു വാങ്ങി അവളുടെ തല തോർത്തിക്കൊടുത്തു...

അല്ല ഇതെന്താ ഏർപ്പാട്..

വാതിൽക്കൽ നിന്നു പ്രഭാകർ ചോദിച്ചു..

പാർവതിയും ആദിയും അയാളെ നോക്കി ചിരിച്ചു..

അപ്പച്ചി ഇപ്പോഴേ കുഞ്ഞാവേ നോക്കാൻ പരിശീലിക്യാ ചിറ്റപ്പാ...

ആദി കളിയായി പറഞ്ഞു..

പാർവതി ചിരിച്ചു..

കൊള്ളാമല്ലോ..

പ്രഭാകർ അകത്തേയ്ക്ക് വന്നു..

ആ ഏട്ടാ ആ ജ്യൂസ് ഇങ്കെടുത്തോ..

പാർവതി പറഞ്ഞു. പ്രഭാകർ ജ്യൂസ് എടുത്തു കൊടുത്തു..

ഓറഞ്ച് ജ്യൂസാ..

പാർവതി പറഞ്ഞു..

ആദി അതു വാങ്ങി കുടിച്ചു..

ആ ഏട്ടാ.. നമുക്ക് നാളെ സിറ്റിയിൽ ഒന്നു പോണം.  മോൾക്കായി കുറച്ചു ഫ്രൂട്ട്സോക്കെ വാങ്ങണം.. പിന്നെ ആദിമോൾക്ക് കുറച്ചു ഡ്രെസ്സ് ഒക്കെ വാങ്ങണം.. ആറ്റുകാല് പോയി ഒന്നു തൊഴണം.. പിന്നെ കോവിലിന്ന് ഒരു ചരട് ജപിച്ചു വാങ്ങണം.. ഒരു പഞ്ചലോഹത്തിന്റെ മോതിരവും വാങ്ങണം..

ആദിയും പ്രഭാകറും അത്ഭുതത്തോടെ അവരെ നോക്കി...

അയ്യോ ഞാൻ ചപ്പാത്തി ഉണ്ടാകട്ടെ.  ദേ മോൾക്കാ ഫ്രൂട്ട്സ് ഒന്നു കൊടുത്തേക്കണേ ഏട്ടാ..

അതും പറഞ്ഞോടി പോകുന്ന പാർവതിയെ നോക്കി പ്രഭാകറും ആദിയും ചിരിച്ചു..

കല്യാണം കഴിഞ്ഞ നാൾ മുതൽ അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നിങ്ങൾക്കൊരു കുഞ്ഞുണ്ടാകുക എന്നത്.  ഇപ്പൊ അവൾ ഭയങ്കര ത്രില്ലിലാ.. അതല്ലേ ഇക്കാര്യം അറിഞ്ഞപ്പോ തന്നെ മോനോടുള്ള വാശിയൊക്കെ കളഞ്ഞു ഇങ്ങു പോന്നത്..

പ്രഭാകർ പറഞ്ഞു. ആദി പുഞ്ചിരിച്ചു..

അപ്പൊ ഞാൻ ദേ ഈ ഫ്രൂട്ട്സ് തരട്ടെ..

അയാൾ ചോദിച്ചു..

മ്മ്.. ഇപ്പൊ വേണ്ട ചിറ്റപ്പാ.. ഇച്ചിരി കഴിയട്ടെ.. ഞാൻ കഴിച്ചോളാം..

ആദി പറഞ്ഞു..

മ്മ്.  കഴിക്കണം.  വയറു വിശന്നിരിക്കരുത്.. കേട്ടോ..

അയാൾ പറഞ്ഞു.. അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി അയാൾ പുറത്തേയ്ക്ക് ഇറങ്ങി.  ആദി സന്തോഷം കൊണ്ട് കുറച്ചുനേരം ആ വാതിൽക്കലേയ്ക്കു നോക്കി നിന്നു..

ശേഷം തന്റെ വയറിലേയ്ക്ക് കൈ ചേർത്തു..

********************************

നവീ.. ഇറങ്ങി വരുന്നുണ്ടോ..

പാർവതി ലാസ്റ്റ് വാണിംഗ് എന്ന പോലെ വിളിച്ചു..

ഓ.. ഞാൻ ദേ വരുന്നു..

നവീൻ താഴേയ്ക്കിറങ്ങി വന്നു .

എത്ര നേരമായി നവി ഞാൻ വിളിക്കുന്നു..

പാർവതി ചോദിച്ചു..

ഞാനൊരു കോളിൽ ആയിരുന്നു അമ്മേ..

അതും പറഞ്ഞു നവീൻ ഇരുന്നു. അപ്പോഴേയ്ക്കും ആദി കറി കൊണ്ടു വെച്ചിരുന്നു..

പാർവതി പ്രഭാകറിനും നവീനും ചപ്പാത്തി എടുത്തു നൽകി.. ആദി പ്രഭാകറിന് കറി വിളമ്പി നവീനെ നോക്കി..

അവൻ അപ്പോഴും ഫോണിൽ എന്തോ തിരയുകയാണ്..

പാർവതി തനിക്കും അവർക്കുമുള്ള പാത്രം എടുത്തു വെയ്‌ക്കുകയാണ്..രണ്ടും കല്പിച്ചു അവൾ അവനായി കറി വിളമ്പി..

മതി..

അവൻ പാത്രത്തിൽ നോക്കി പറഞ്ഞു..

നിനക്കീ കഴിക്കാൻ നേരത്തെങ്കിലും ഈ ഫോൺ മാറ്റി വെച്ചൂടെ നവി..

പ്രഭാകർ ചോദിച്ചു..

അതച്ഛാ ഇപ്പൊ ന്റെ കമ്പനി ഹെഡുകളുടെ ഒരു മീറ്റിങ് ഉണ്ട്.  അതിനുള്ള പ്രീപറേഷൻ നടന്നുകൊണ്ടിരിക്കുവാ..

നവീൻ പറഞ്ഞു..

മ്മ്..

പാർവതി മൂളി..

അവൻ ഫോൺ എടുത്തു വെച്ചു കഴിക്കാൻ ഇരുന്നു.

അല്ല നവി . നാളെ മുതൽ ആദിമോൾ ഓഫീസിൽ വരില്ല കേട്ടോ..

പാർവതി പറഞ്ഞു..

അവൻ ആദിയെ നോക്കി. അവളും അത്ഭുതത്തോടെ അവരെ നോക്കി..

അതെന്താ..

നവീൻ ചോദിച്ചു..

മോൾക്കിപ്പോ വേണ്ടത് റെസ്റ്റാ.. നിന്റെ കൂടെ വന്നാൽ അതു കിട്ടില്ല അത്ര തന്നെ..

പാർവതി പറഞ്ഞു..

അതെന്താ ഓഫീസിൽ വല്ല ചുമടെടുപ്പും ഉണ്ടോ...

നവീൻ ആദിയോടായി ചോദിച്ചു..

നീ മോളോട് ചൂടാകേണ്ട.. ഇത് ഞങ്ങളുടെ തീരുമാനമാണ്..

പ്രഭാകർ പറഞ്ഞു..

ഞാൻ ആരോടും ചൂടാകുന്നില്ല.  നിലവിൽ ഇവൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ.  അതുമല്ല ഇപ്പോൾ നല്ല റഷുള്ള സമയമാണ്..

നവീൻ പറഞ്ഞു..

എന്നാലും ഇത്രേം ദൂരം യാത്ര ഒക്കെ അല്ലെ നവി..

പാർവതി ചോദിച്ചു..

അതിനിപ്പോ എന്താ അമ്മേ.  ലോകത്തിൽ ആദ്യമായി ഗർഭിണി ആകുന്ന ആളൊന്നും അല്ലല്ലോ ആദി.. മെറ്റേർണിറ്റി ലീവ് 6 മാസമുണ്ട്.  ഒരു 7 മാസം ആകുമ്പോൾ ലീവിന് അപ്ലൈ ചെയ്.. ഞാൻ സാങ്കഷൺ ചെയ്യാം.

നവീൻ പറഞ്ഞു..

നീ എന്തിനാ വാശി പിടിക്കുന്നത് നവി.  അവൾ ഞങ്ങളോടൊപ്പം നിൽക്കട്ടെ.. നീ ഓഫീസിൽ പോകുന്നുണ്ടല്ലോ..

പ്രഭാകർ ചോദിച്ചു..

ഞാൻ പോകുന്നുണ്ട്.  ആദിക്ക് ബോണ്ട് ഉണ്ടല്ലോ.. അതു കഴിയാതെ റീസൈൻ ചെയ്യാൻ പറ്റില്ല..

നവീൻ പറഞ്ഞു..

ബോണ്ടോ.. എത്ര വർഷത്തേക്ക്..

പാർവതി ചോദിച്ചു..

5 വർഷം..

നവീൻ പറഞ്ഞു.

അതെന്തു ബോണ്ടാടാ..

പ്രഭാകർ ചോദിച്ചു..

മാക്സിമം 2 കൊല്ലമൊക്കെ പോട്ടെന്നു വെയ്ക്കാം.. 5 കൊല്ലമൊക്കെ ബോണ്ട് വെയ്ക്കുമോ..

പാർവതി ചോദിച്ചു..

10 വർഷം വേണമെങ്കിലും ബോണ്ട് വെയ്ക്കും.  ചുമ്മാതല്ലല്ലോ.. 50000 രൂപ സാലറി.. വിത് ഇൻസെന്റീവ്‌സ്.. പിന്നെ എന്തോ വേണം..

നവീൻ ചോദിച്ചു .

ബോണ്ടൊക്കെ അവിടെ നിൽക്കട്ടെ.  അതു ബ്രേക്ക് ചെയ്യേണ്ടി വന്നാൽ ചെയ്യും.  അതിനുള്ള നഷ്ടപരിഹാരം അടച്ചാൽ പോരെ.  തൽക്കാലം ഞങ്ങളുടെ പേരക്കുട്ടിക്കുവേണ്ടി ഇപ്പൊ 50 ലക്ഷം മുടക്കേണ്ടി വന്നാലും ഞങ്ങൾ മുടക്കും..

പ്രഭാകർ പറഞ്ഞു..

നിങ്ങളൊക്കെ എന്താന്നു വെച്ചാൽ അങ്ങു ചെയ്.. ഇപ്പോഴും എപ്പോഴും നിങ്ങൾക്കെന്നെക്കാൾ വലുത് നിങ്ങളുടെ വാശിയും മറ്റു പലരും ആണല്ലോ.. അതങ്ങനെ നിന്നോട്ടെ.  എനിക്ക് പ്രശ്നമൊന്നും ഇല്ല.. റീസൈൻ ചെയ്യാനാണെങ്കിൽ 15 ലക്ഷത്തിന്റെ ചെക് തന്നു നാളെതന്നെ ഒഴിഞ്ഞു പൊയ്ക്കോണം..

അവൻ ഭക്ഷണം പോലും കഴിക്കാതെ എഴുന്നേറ്റു പോയി..

ആദിയുടെ കണ്ണു നിറഞ്ഞു..

നവി.. ഫുഡ് കഴിച്ചിട്ട് പോ..

ആദി പറഞ്ഞു .

അയ്യോ.. എനിക്ക് പ്രശ്നമൊന്നും ഇല്ല.. എന്റെ വയറ്റിൽ കുഞ്ഞുമില്ല.. പിന്നെ അവർക്കൊക്കെ ഞാൻ പട്ടിണി കിടന്നാലൊന്നും ഒന്നും പറ്റില്ല.. അല്ലെങ്കിലും ഒന്നൊന്നര കൊല്ലം ഞാൻ കഴിച്ചോ കുടിച്ചോ ചത്തോ ജീവിച്ചോ എന്നൊന്നും അന്വേഷിക്കാൻ ഈ പറയുന്ന ആരും ഉണ്ടായിരുന്നില്ലല്ലോ .

അതും പറഞ്ഞു നവീൻ മുകളിലേയ്ക്ക് കയറി പോയി..

ആദി കണ്ണു തുടച്ചു..

ഇവനിത് എന്താ പറ്റിയെ ഏട്ടാ..

പാർവതി ചോദിച്ചു..

വാശി.. അല്ലാതെന്ത്.. അവണിപ്പോഴും എല്ലാം മനസ്സിലുണ്ട്.  അതൊന്നും പെട്ടെന്ന് മാഞ്ഞു പോകില്ലല്ലോ..

പ്രഭാകർ പറഞ്ഞു..

മോള് വിഷമിക്കേണ്ട.  നാളെ ചെക്ക് തരാം. അതുകൊണ്ട് അടയ്ക്ക്..

പ്രഭാകർ പറഞ്ഞു..

വേണ്ട ചിറ്റപ്പാ.. ആ ജോലി ഞാൻ വേണ്ടാന്ന് വെയ്ക്കുന്നില്ല.. ഒന്നാമത് അവിടെ വല്യ ജോലി ഒന്നും ഇല്ല.. നവീൻ ഉള്ളപ്പോൾ കുറച്ചു ഫയൽസ് നോക്കണം.. അത്ര തന്നെ.  പിന്നെ ഞാനും എൻഗേജ്ഡ് ആകും... വേറൊന്നും മനസ്സിൽ ഉണ്ടാകില്ലല്ലോ..

പിന്നെ.. ചിലപ്പോൾ നവീന് എന്നോടുള്ള ദേഷ്യം കുറഞ്ഞാലോ..

ആദി പറഞ്ഞു..

അത്..

പാർവതി പറയാൻ വന്നതും പ്രഭാകർ വേണ്ട എന്നു കണ്ണു കാണിച്ചു.

ആദിയും എഴുന്നേറ്റു..

മോളൊന്നും കഴിച്ചില്ലല്ലോ.

പാർവതി പറഞ്ഞു..

എനിക്ക് മതി അപ്പച്ചി..

അവൾ പറഞ്ഞു..

പാത്രം ഞാൻ എടുത്തോളാം.. മോള് കൈകഴുകി പോയി റെസ്റ്റെടുക്ക്..

പാർവതി പറഞ്ഞു..

ആദി ഒന്നും മിണ്ടാതെ കൈകഴുകി അകത്തേയ്ക്ക് പോകുന്നത് നോക്കി പാർവതി ഇരുന്നു..

അവർക്കിടയിലുള്ള പ്രശ്നങ്ങൾ മാറട്ടെ പാർവതി.. അതിനു ആദിമോൾ അൽപ്പം താഴുന്നത് തന്നെയാ നല്ലത്..

പ്രഭാകർ പറഞ്ഞു..

പക്ഷെ ബസിലൊക്കെ യാത്ര..

പാർവതി ചോദിച്ചു..

ഹേയ്.. പേടിക്കേണ്ട.  എന്തെങ്കിലും വഴി ഉണ്ടാക്കാം..

പ്രഭാകർ പറഞ്ഞു..

താൻ ടെൻഷൻ ആകാതെ പാർവതി.. താൻ കഴിക്ക്..

അയാൾ പറഞ്ഞു..

മതി ഏട്ടാ .

അവർ പറഞ്ഞു..

പറ്റില്ല.. അവന്റെ ഭാര്യെടെ ആരോഗ്യം അവനു പ്രശ്നമാകില്ല.. പക്ഷെ എനിക്ക് അങ്ങനല്ല... ബി പി കൂടുതലാണ്.. സോ മര്യാദയ്ക്ക് ഫുഡ് കഴിച്ചു മരുന്നും കഴിക്കണം...

പ്രഭാകർ പറഞ്ഞു..

പാർവതി അയാളെ ദയനീയമായി നോക്കി..

ഒരു രക്ഷേമില്ല. അത് കഴിച്ചേ...

അയാൾ പറഞ്ഞു..

അവർ മനസ്സില്ലാ മനസ്സോടെ അത് കഴിച്ചു.  അതു നോക്കി പുഞ്ചിരിയോടെ പ്രഭാകറും..

***************************

അമ്മേ.. ഞാൻ ഇറങ്ങുവാ..

നവീൻ വിളിച്ചു പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി..

നീ ഇന്നും ഒന്നും കഴിക്കുന്നില്ലേ..

പാർവതി ചോദിച്ചു..

സമയം പോയി.. ഇറങ്ങട്ടെ..

അവൻ പറഞ്ഞു..

എടാ നിൽക്ക്.. ആദിമോളും വരുന്നു..

പാർവതി പറഞ്ഞു.. നവീൻ ഞെട്ടലോടെ തിരിഞ്ഞു..

എന്റെ കൂടെയോ..

പിന്നെ നിന്റെ ഭാര്യ ആരുടെ കൂടെയാ പോകേണ്ടത്..

പ്രഭാകർ ചോദിച്ചു..

നവീൻ ഒന്നും മിണ്ടിയില്ല..

അവളെ ജോലിക്ക് കൊണ്ടുപോയെ പറ്റൂ എന്നല്ലേ നിനക്ക്.. ഏതായാലും അവളെ ബസിൽ കെട്ടി ഈ രാവിലത്തെ ഇടിയും കൊള്ളിച്ചു വിടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. അതുകൊണ്ട് ഒന്നുകിൽ നീ കൊണ്ടു വിടണം.. അല്ലേൽ ഞാൻ അവൾക്കൊരു കാറും വാങ്ങിക്കൊടുത്തു ഒരു ഡ്രൈവറെയും വെയ്ക്കും..

പാർവതി പറഞ്ഞു..

തൽക്കാലം വേറെ കാർ വേണ്ടല്ലോ.. നമ്മുടെ വീട്ടിൽ കാർ കിടക്കുവല്ലേ.  ഞാൻ കൊണ്ടുവിട്ടോളാം ആദിയെ..

പ്രഭാകർ പറഞ്ഞു..

വേണ്ട.  ഞാൻ കൊണ്ടുപോയ്ക്കോളാം എന്തിയെ..

അവൻ ചോദിച്ചു..

ആദി..

പാർവതി വിളിച്ചതും അവൾ ഇറങ്ങി വന്നു..

ഇളം നീല നിറത്തിൽ ഒരു ഒറ്റകളർ സാരിയായിരുന്നു ആദിയുടെ വേഷം.  മുടി അലസമായി കുളിപ്പിന്നൽ കെട്ടിയതുപോലെ ഇട്ടിരിക്കുന്നു..

വരുന്നുണ്ടോ..

നവീൻ ചോദിച്ചു..

ആ ദേ വന്നു..

അവൾ ഇറങ്ങി..

അവനോടൊപ്പം വണ്ടിയിൽ കയറി പാർവതിയ്ക്കും പ്രഭാകറിനും നേരെ കൈവീശി യാത്ര പറഞ്ഞു ആദി ഇരിക്കുന്നത് കൗതുകത്തോടെ നവീൻ നോക്കി നിന്നു..

പിന്നെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവൻ വണ്ടിയെടുത്തു..

*****************************

അല്ല ജോസഫേട്ടാ.. ഈ പ്രിയാ മേഡം എന്തിയെ..

ഓഫീസിലെ ക്യാഷ്യർ ജോസഫിനോടായി ശാരി ചോദിച്ചു..

ഉള്ള ലീവും ക്യാൻസലാക്കി രാവിലെ എത്തിയതല്ലേ...  വന്നപാടെ നവനീത് സറിനെ ചോദിച്ചു.. വന്നില്ലെന്നു പറഞ്ഞപ്പോ സർ വരുന്നതും നോക്കി ആ ഡോറിന്റെ അവിടെ നിൽപ്പുണ്ട്.

ജോസഫ് പറഞ്ഞു.

ബെസ്റ്റ്.. ഈ മേഡത്തിനിത് എന്താ..

ശാരി ചോദിച്ചു..

അത് വേറൊന്നും അല്ല മേഡം.. പുതിയതായി വന്നില്ലേ അതിഥി മേഡം.. മേഡത്തിനോട് ഇനി സാറിനെങ്ങാനും ഒരിഷ്ട്ടം തോന്നിയാലോ എന്നാ പ്രിയാ മാഡത്തിന്റെ പേടി..

ജോസഫ് പറഞ്ഞു..

അതെന്താ ഇപ്പൊ പുതിയൊരു പേടി..

ശാരി ചോദിച്ചു.

അതുപിന്നെ ആ മെഡത്തെ കാണാൻ നല്ല രസമല്ലേ. പോരാത്തതിന് എന്തിനും ഏതിനും സാറിന്റെ കൂടെ ഉള്ള നടപ്പും.  നല്ല അടക്കോം ഒതുക്കവും ഉണ്ട് താനും. പിന്നെ പേടി ഇല്ലാതെ ഇരിക്കുവോ..

ജോസഫ് കളിയായി ചോദിച്ചു...

കൊള്ളാല്ലോ.. ഏതായാലും ഞാൻ കക്ഷിയെ ഒന്നു നോക്കട്ടെട്ടോ..

ശാരി പുറത്തേയ്ക്ക് നടന്നു..

വാതിൽക്കൽ തന്നെ നിൽപ്പുണ്ടല്ലോ.. ഏതായാലും പാടത്തു വെയ്ക്കുന്ന കോലത്തിന് സമം.. ബെസ്റ്റ്..

ശാരി പിറുപിറുത്തുകൊണ്ട് അവൾക്കരികിലേയ്ക്കു ചെന്നു..

ആഹാ മേഡം ഇവിടെ നിൽക്കുവായിരുന്നോ.. ഞാൻ കുറെ അന്വേഷിച്ചു.. എന്താ മേഡം ഇവിടെ..

ശാരി ഒന്നും അറിയാത്തതുപോലെ ചോദിച്ചു..

അത്.. അതുപിന്നെ . നിന്റെ ആ കൂട്ടുകാരി എത്തിയില്ലല്ലോ.. ഇന്നെന്താ ലീവാണോ..

പ്രിയ വിഷയം മാറ്റാനായി ചോദിച്ചു..

ഹേയ്.. വരും  ടൈം ആകുന്നല്ലേ ഉള്ളു..

ശാരി പറഞ്ഞു..

ശാരി പ്രിയയെ അടിമുടി ഒന്നു നോക്കി..

ചുവന്ന നിറത്തിൽ കറുത്ത ഡിസൈനർ വർക്കുള്ള സാരിയാണ് വേഷം.. കറുപ്പ് ബോർഡറിന് ചേരുന്ന സ്ലീവ് ലെസ്സ് ബ്ലൗസും.. മുടി യു കട്ട് ചെയ്തു അഴിച്ചിട്ടിരിക്കുന്നു..
.ചുണ്ടിൽ ചുവന്ന ലിപ്സ്റ്റിക്ക് ഡാർക്കായി ഇട്ടിട്ടുണ്ട്.  നെറ്റിയിൽ പതിവില്ലാതെ ഒരു പൊട്ടും..

ഹോ.. എന്തോ ഭംഗിയാ.. സാരി സൂപ്പർ.. എബിത് രസമാ പ്രിയാ മേഡത്തെ കാണാൻ.. ഒന്നു ഉഴിഞ്ഞിടാമായിരുന്നു.. കണ്ണു കിട്ടാതിരിക്കാൻ..

ശാരി പറഞ്ഞു....

ആണോ..ശോ ഞാൻ അതോർത്തില്ല... ഇത് 5000 രൂപയുടെ സാരിയാണ്.. എങ്ങനുണ്ട്..

പ്രിയ ചോദിച്ചു...

സാരി സൂപ്പർ.  ഉടുത്തിരുന്നത് മേഡമല്ലേ.. പിന്നെങ്ങനെ മോശമാകും.. പിന്നെ ഈ കണ്ണെഴുതാഞ്ഞത് എന്താ മേഡം..

ശാരി ചോദിച്ചു..

ഓ.. അതു ബോറായാലോ എന്നോർത്തു..

പ്രിയ പറഞ്ഞു .

അയ്യോ.  ബോറോ.. അങ്ങാനൊന്നും ഇല്ല.. മേഡം ഒരുങ്ങിയില്ലേൽ പോലും എന്തു ഭംഗിയാണ്.. പിന്നെ ഒരുങ്ങിയാൽ പറയണോ..

ശാരി ചോദിച്ചു...

ഒന്നു പോ ശാരി..ആരേലും കേട്ടാലോ.

പ്രിയ ചോദിച്ചു..

ഇങ്ങനെ സത്യം പറയുമ്പോൾ ആറു കേട്ടാൽ എന്താണ് മേഡം..

ശാരി ചോദിച്ചു...

ശോ..

അപ്പോഴാണ് നവീനിന്റെ കാർ വന്നത്..

ആ നവനീത് വന്നല്ലോ.. ഞാൻ രണ്ടാഴ്ച ലീവ് എടുത്തതല്ലേ . ഇന്നെന്നെ കാണുമ്പോൾ ആള് ശെരിക്കും സർപ്രൈസ്ഡ് ആകും.. സത്യം പറയാല്ലോ ശാരി.. ഡെയിലി നൂറുവട്ടം വിളിക്കും.. മിസ് യു എന്നു നവനീത് പറയുമ്പോ എനിക്ക് ഹെർട് നിന്നു പോകും പോലെയാണ്.. നീ ചോദിക്കാനൊന്നും പോകല്ലേ..

പ്രിയ പറഞ്ഞു..

ഹേയ്.  ഞാനോ..

ശാരി ചോദിച്ചു..

പിന്നെ... എനിക്ക് പണിയൊന്നും ഇല്ലല്ലോ.. ഈ പെണ്ണിന്റെ തള്ളും കേട്ടു സാറിന്റെ മുന്നിൽ ചാടി കൊടുക്കാൻ..

അവൾ മനസ്സിലോർത്തു..

കാർ ഓർക്ക് ചെയ്തു നവീൻ ഇറങ്ങിയതും പ്രിയ വേഗം പുറത്തേക്കിറങ്ങി..

കോ ഡ്രൈവർ സീറ്റിൽ നിന്നും ആദി ഇറങ്ങിയതും പ്രിയയുടെ മുഖം കടന്നാൽ കുത്തിയത് പോലെ ആയി..

ശാരിയുടെകണ്ണുകൾ അതു കണ്ടതും വെട്ടിത്തിളങ്ങി..അവൾ പ്രിയയെ നോക്കി..

എന്റെ ദേവി.. താങ്ക് യു സോ മച്.. ഇത്ര വേഗം ഈ സാധനത്തിനൊരു അടി എന്റെ മുന്നിൽ വെച്ചു തന്നെ കൊടുക്കുമെന്ന് ഞാൻ കരുതിയില്ല.  എന്റെ ആദി.. നീ മുത്താണ്...

ശാരി മനസ്സിൽ പറഞ്ഞു..

ആദി പ്രിയയെയും ശാരിയെയും കണ്ടതും ഒന്നു പുഞ്ചിരിച്ചു കാണിച്ചു..

ടൈമായി.. ഒന്നു പോയി പഞ്ച് ചെയ്യാമോ.

നവീൻ ആദിയോടായി ചോദിച്ചു..

അതിപ്പോ എന്റെ കുഴപ്പമാണോ.. സാറല്ലേ ഒച്ചിഴയും പോലെ ഡ്രൈവ് ചെയ്തത്..

ആദി നിഷ്കളങ്കമായി ചോദിച്ചു..

എന്തായാലും ഇവിടെ എത്തിച്ചല്ലോ.. ഇനി മേഡം അകത്തോട്ട് ഒന്നു പോവോ..

അവൻ ചോദിച്ചു..

ശാരിയും പ്രിയയും ഒന്നും മനസ്സിലാകാതെ നിന്നു..

അവൻ മൂന്നു പേരെയും നോക്കിയിട്ട് അകത്തേയ്ക്ക് പോയി..

നീയെന്താ നവനീതിന്റെ കൂടെ..

നവി അകത്തേയ്ക്ക് പോയതും പ്രിയ ആദിയുടെ അടുത്തു ചെന്നു ചോദിച്ചു..

ഒരു മിനിറ്റെ..

ആദി പോയി പഞ്ച് ചെയ്തു വന്നു..

ലേറ്റായാൽ സർ ഹാഫ് ഡേ കട്ടാക്കും..

ആദി പറഞ്ഞു..

നവനീതിന്റെ കൂടെ കേറി വരാൻ നീയാരാടി..

പ്രിയ ചൊടിച്ചു..

അതാരേലും ആയിക്കോട്ടെ.. അതിനു മേടത്തിനെന്താ..

ആദി ചോദിച്ചു..

ഡി..

പ്രിയ കയ്യോങ്ങി..

ദേ വേണ്ടാട്ടോ.. ഞാൻ ബസ് കേറാൻ നിന്നപ്പോൾ  സർ വന്നു.. ഞങ്ങളുടേത് ഒരു പട്ടിക്കാടാണ് മേഡം.. ബസൊക്കെ ആണ്ടിനും സംക്രാന്തിക്കുമെ ഉള്ളു .അതോണ്ട് സാറാ പറഞ്ഞത് സർ വരുന്ന ടൈമിൽ ഇറങ്ങി നിന്നാൽ സർ കൊണ്ടുപോരാം എന്നു..

ആദി കൂസലില്ലാതെ പറഞ്ഞു..

ഉടനെ നീ ചാടി കേറി ഇരുന്നു അല്ലെ..

പ്രിയ ചോദിച്ചു..

പിന്നെ ഞാനെന്തു വേണം.. ഇവിടുത്തെ ശമ്പളം കൊണ്ടാ ഞാൻ ജീവിക്കുന്നെ.  ബസും കിട്ടാതെ ഡെയ്‌ലി ഹാഫ് ഡേ പോയാൽ ഞാനെന്തു വേണം..

ആദി ചോദിച്ചു..

അയ്യോ.  സർ അന്വേഷിക്കും...ശാരി പോട്ടെ.

അതും പറഞ്ഞു ആദി അകത്തേയ്ക്ക് നടന്നു..

പ്രിയ ദേഷ്യത്താൽ കൈ ഡോറിലേയ്ക്ക് അടിച്ചു..

ശാരി ചിരിയോടെ അകത്തേയ്ക്ക് പോയി..

*******************************

എന്തായിരുന്നു കാലത്ത്.. ഷോ.. സത്യം പറഞ്ഞാൽ പ്രിയ മേഡം തകർന്നു സീറോ ആയി പോയി..

ശാരി ചിരിയോടെ ചോദിച്ചു .

ആദി ബാഗിൽ നിന്നും ചിരിയോടെ ചോറെടുത്തു..

ആഹാ.  ഇതു കൊള്ളാമല്ലോ.. ഇന്നൊത്തിരി കൂട്ടാനൊക്കെ ഉണ്ടല്ലോ.. എന്താ നിന്റെ വല്യമ്മയ്ക്കു ലോട്ടറി അടിച്ചോ..

ആദിയുടെ മുഖം മങ്ങി.

എന്താ ആദി..

ഹേയ് .

അവൾ പറഞ്ഞു.

ചോറ് കഴിക്കാനെടുത്തു വായിൽ വെച്ചതും ആദിക്ക് ശർദിക്കാൻ തോന്നി.  അവൾ വേഗം എഴുന്നേറ്റു പോയി..

എന്താ ആദി..

ശാരി ചോദിച്ചു .

എനിക്ക് മതി ശാരി..

അവൾ പറഞ്ഞു..

എന്തുപറ്റി നിനക്ക്..

ശാരി ഉത്ഖണ്ഡയോടെ ചോദിച്ചു..

ഞാൻ.. ഞാൻ പ്രെഗ്നേന്റാ..

ആദിയുടെ വാക്കുകൾ കേട്ട് ശാരി ഞെട്ടി അവളെ നോക്കി..

എന്താ..

അവൾ ചോദിച്ചു..

സത്യമാ..

ആദി പതിയെ കസേരയിൽ ചെന്നിരുന്നു.. പാത്രം അടച്ചു കവറിലാക്കി ബാഗിൽ വെച്ചു..

ആദി.. ഇത്..ഇതാരുടെ കുഞ്ഞാ..

അവൾ മടിച്ചു മടിച്ചു ചോദിച്ചു..

പേടിക്കേണ്ട... എന്റെ ഭർത്താവിന്റെ കുഞ്ഞു തന്നെയാ..

ആദി പറഞ്ഞു..

നിന്റെ കല്യാണം..

കഴിഞ്ഞതാ..

ആദി പറഞ്ഞു..

എന്തിയെ അയാൾ..

ശാരി ചോദിച്ചു..

ഇവിടെതന്നെയുണ്ട്..

ആദി പറഞ്ഞു..

ഇവിടെയോ..

ശാരി അത്ഭുതത്തോടെ ചോദിച്ചു..

മ്മ്.. നീയറിയും ആളെ..

ആദി പറഞ്ഞു..

ആരാ അത്..

നവനീത് പ്രഭാകർ .

ആദിയുടെ വാക്കുകൾ കേട്ട് ശാരി അത്ഭുതത്തോടെ ഇരുന്നു..

എനിക്കൊന്നും മനസ്സിലാകുന്നില്ല ആദി..

അവൾ പറഞ്ഞു..

പറയാം.. എല്ലാം..

ആദി പറഞ്ഞു.. അവളുടെ ഓർമകൾ ഒന്നര വർഷം പിന്നോട്ട് സഞ്ചരിച്ചു..

Next Here...

സസ്നേഹം ഗൗരി..

© Copyright Protected

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top