മൗനാനുരാഗം, ഭാഗം 17

Valappottukal
മൗനാനുരാഗം, ഭാഗം 17

#മൗനാനുരാഗം_വളപ്പൊട്ടുകൾ

വൈശാഖൻ ആദ്യം കാണുന്നത് പോലെ അവളെ സൂക്ഷിച്ചു നോക്കി..

ഡോക്ടർ എത്ര ഒക്കെ ശ്രമിച്ചിട്ടും വൈശാഖന് അവളെ മനസിലാക്കുവാൻ കഴിഞ്ഞില്ല..

"വൈശാഖേട്ട... ഞാൻ ലക്ഷ്മി ആണ്... "...അടർന്ന് വീണ കണ്ണുനീർ തുള്ളികൾ ഒപ്പിക്കൊണ്ട് അവൾ ആയിരം ആവർത്തി പറഞ്ഞു എങ്കിലും അവനു അവളെ മാത്രം മനസിലായില്ല...

"ഇതാരാണെന്നു മനസ്സിലായോ വൈശാഖൻ "ഡോക്ടർ വേണുഗോപാൽ ഒന്നുകൂടെ ചോദിച്ചു..

ഇല്ലാ... എന്നായിരുന്നു അവൻ പറഞ്ഞത്...

"മോളേ... ലക്ഷ്മി.... "... സുമിത്ര അവളുടെ ചുമലിൽ പിടിച്ചു..

"വാ.. മോളേ... നമ്മൾക്ക് അങ്ങോട്ട്‌ പോകാം... "ശേഖരനും സുമിത്രയും കൂടി അവളെ പുറത്തേക്ക് കൊണ്ട് പോയി...

വിങ്ങിപൊട്ടിയാണ് അവൾ ഇറങ്ങി വന്നത്...

ലക്ഷ്മിയെ മാത്രം അവൻ തിരിച്ചറിഞ്ഞില്ല എന്നറിഞ്ഞതും എല്ലാവർക്കും വലിയ വിഷമം ആയി..

"സാരമില്ല,,, മോളേ.... കുറച്ചു ദിവസത്തിനുള്ളിൽ എല്ലാം റെഡി ആകും എന്ന് ഡോക്ടർ എന്നോട് പറഞ്ഞു. "അശോകൻ അവളെ സമാധാനിപ്പിച്ചു..

"അച്ഛാ...." അവൾ അച്ഛന്റെ കൈയിൽ പിടിച്ചു... വൈശാഖേട്ടൻ എന്നെ പറ്റിക്കുന്നതാണോ അച്ഛാ... ചിലപ്പോൾ... ചിലപ്പോൾ... എന്നേ പറ്റിക്കുന്നതാരിക്കും... അച്ഛൻ ഒന്നു കേറി ചെല്ലാമോ... പ്ലീസ്... അവൾ അച്ഛന്റെ മുന്നിൽ കേണു..

"മോളേ... അച്ഛനെ ഇപ്പോൾ ആ ഡോക്ടർ വിളിച്ചിരുന്നു... അച്ഛനും ഗോപനും കൂടി ആണ് കയറിയത്... ഗോപനെ മാത്രമേ അയാൾക്ക് മനസിലായൊള്ളു... "

തന്റെ പ്രതീക്ഷ എല്ലാം അസ്തമിച്ചത് പോലെ അവൾ അവിടെ കിടന്ന ഒരു ബെഞ്ചിൽ ഇരുന്നു...

ഇടയ്ക്ക് ഒന്നു രണ്ട് തവണ കൂടി ലക്ഷ്മി അവന്റെ അടുത്തേക്ക് കയറി ചെന്നു,,,,, പക്ഷെ നിരാശ ആയിരുന്നു ഫലം...

"ലക്ഷ്‌മി... മോള് അശോകന്റെ കൂടെ മോൾടെ വീട്ടിലേക്ക് പൊയ്ക്കോ, എന്നിട്ട് നാളെ കാലത്തെ വന്നാൽമതി,,,, വെറുതെ ഇവിടെ ഇരിക്കേണ്ട മോളെ,, ശേഖരൻ കുറെ പറഞ്ഞെങ്കിലും ലക്ഷ്മി പോകാൻ തയ്യാറായില്ല,,,,

 വൈശാഖൻ ഒന്നുകൂടി ഉറങ്ങി എഴുന്നേറ്റ് കഴിയുമ്പോൾ അവളെ മനസ്സിലാക്കും എന്നായിരുന്നു അവളുടെ പ്രതീക്ഷ,,

 അതുകൊണ്ട് ആരൊക്കെ നിർബന്ധിച്ചിട്ടും അവൾ അവിടെ നിന്നും പോകാൻ കൂട്ടാക്കിയില്ല...

ശേഖരനും അശോകനും ലക്ഷ്മിയും കൂടെ ആണ്‌ അന്ന് ഹോസ്പിറ്റലിൽ നിന്നത്...

സർജറി ഒക്കെ കഴിഞ്ഞതിനാൽ അന്ന് രാത്രി മുഴുവനും അവൻ മയക്കത്തിൽ ആയിരുന്നു...

അതുകൊണ്ട് അവർക്കാർക്കും അവനെ കയറി കാണുവാൻ കഴിഞ്ഞിരുന്നില്ല...

ഇന്നലെ വരെ തന്റെ ഒപ്പം ഉണ്ടായിരുന്ന ആൾ.... തന്റെ പ്രാണൻ... ഈശ്വരാ നീ ഒരു നിമിഷം ഒന്നു കണ്ണുകൾ അടച്ചിരുന്നു എങ്കിൽ... തന്റെ വൈശാഖട്ടനെ നീ എനിക്ക് തിരിച്ചു നല്കിയല്ലോ... അത്‌ മതി... അത്‌ മാത്രം മതി.... ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

തന്റെ വൈശാഖേട്ടൻ.... അറിഞ്ഞും അറിയാതെയും ആ പാവത്തിനെ ഒരുപാടു വിഷമിപ്പിച്ചു... ആ കാലിൽ വീണു ആയിരം മാപ്പ് പറയുവാൻ അവളുടെ മനസ് വെമ്പി...

തന്നെ ഇനി ഒരിയ്ക്കലും തിരിച്ചറിയാതെ വരുമോ.... മഹാദേവാ നീ എന്നെ പരീക്ഷിക്കുകയാണോ....

വരുന്ന ശിവരാത്രി നോയമ്പ് ഞാൻ മുടങ്ങാതെ എടുത്തോളമേ.... എന്റെ വൈശാഖേട്ടന്റെ ഓർമ നീ പെട്ടന്ന് തിരിച്ചു കൊടുക്കേണമേ.... അവൾ മിഴികൾ ഇറുക്കി അടച്ചു പ്രാർത്ഥിച്ചു..
********************--*-------*****
അടുത്ത ദിവസം കാലത്തേ ലക്ഷ്മിയും ശേഖരനും കൂടി ഡോക്ടറെ കണ്ടു...

ഒരു അരമണിക്കൂർ അദ്ദേഹം അവരോട് രണ്ടാളോടും സംസാരിച്ചു...

ഡോക്ടർ ആണ് അവരെ രണ്ടാളെയും വൈശാഖന്റെ അടുത്തേക്ക് കൊണ്ട് പോയത്..

ഞാൻ പറയുന്നത് എല്ലാം ലക്ഷ്മി അനുസരിക്കണം.. കെട്ടോ... ഡോക്ടർ അവൾക്ക് നിർദേശം കൊടുത്തു...

"വൈശാഖൻ... ഇതാ ഇയാളുടെ അച്ഛൻ വന്നിരിക്കുന്നു... ഡോക്ടർ വേണുഗോപാൽ പറഞ്ഞു.. "

അപ്പോളേക്കും അവൻ അച്ഛനെ നോക്കി...

"ഇപ്പോൾ എങ്ങനെ ഉണ്ട് മോനേ "....വേദന കുറവുണ്ടോ.. അയാൾ മകനെ നോക്കി..

ഉണ്ടെന്ന് അവൻ തല കുലുക്കി..

സിസ്റ്റർ രേഷ്മാ . ഡോക്ടർ വേണുഗോപാൽ ഉറക്കെ വിളിച്ചു.

ലക്ഷ്മി അവന്റെ അരികിലേക്ക് വന്നതും ഒരു ഭാവഭേദവും അവന്റെ മുഖത്തു ഉണ്ടായില്ല എന്ന് ഡോക്ടർക്കും ശേഖരനും മനസിലായി...

വൈശാഖനെ നോക്കേണ്ട ചുമതല ഞാൻ നിങ്ങളെ ഏൽപ്പിക്കുക ആണ്‌... യാതൊരു കുറവുകളും ഈ പേഷ്യന്റിനു ഉണ്ടാകരുത് കെട്ടോ... ഡോക്ടർ പറഞ്ഞതും അവൾ തലകുലുക്കി...

കുറച്ചു കഴിഞ്ഞതും ശേഖരനും ഡോക്ടർ വേണുഗോപാലും കൂടി പുറത്തേക്ക് ഇറങ്ങി പോയി..

"വൈശാഖൻ... നമ്മൾക്ക് ഇത്തിരി ചായ കുടിയ്ക്കാം... "അവൾ അവൻ കിടന്ന ബെഡിന്റെ മുകൾ ഭാഗം കുറച്ചു പൊക്കി കൊണ്ട് പറഞ്ഞു...

ശേഖരൻ മേടിച്ചുകൊടുത്ത റ്റൂത്ബ്രഷും പേസ്റ്റും എടുത്തു അവൾ അവനെ ആദ്യം പല്ല്തേപ്പിച്ചു..

എന്നിട്ട് കുറച്ചു കട്ടൻ ചായയും ഒരു ബണ്ണിന്റ കാൽ ഭാഗവും കൂടി നിർബന്ധപൂർവം അവനെ കഴിപ്പിച്ചു....

എന്നിട്ട് ഗുളിക യും കൊടുത്തു കഴിഞ്ഞു അവൾ അവനെ വീണ്ടും ചാരി കിടത്തി..

"വേദന ഉണ്ടോ... "അവൾ പതിയെ ചോദിച്ചു.

"മ്... ഉണ്ട് സിസ്റ്റർ.... "അവൻ പറഞ്ഞു..

ലക്ഷ്മിക്ക് അവളുടെ മനസ് നീറി പുകഞ്ഞു..

"സാരമില്ല.. കുറച്ചു കഴിയുമ്പോൾ എല്ലാം മാറും കെട്ടോ, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഈ ബെൽ അടിച്ചാൽ മതി... "അവന്റെ വലത് വശത്തു ഒരു  ചെറിയ സ്വിച് ഉണ്ടായിരുന്നു.. അത്‌ അവൾ അവനു കാണിച്ചു കൊടുത്തു..

തിരികെ അവൾ റൂമിൽ എത്തിയപ്പോൾ ഡോക്ടറും ശേഖരനും അശോകനും തമ്മിൽ സംസാരിക്കുക ആയിരുന്നു..

"വൈശാഖന് അയാളുടെ കുട്ടുകാരനയും ആയിട്ട് ബൈക്കിൽ പോയപ്പോൾ ആക്‌സിഡന്റ് ഉണ്ടായി എന്നാണ് ഓർത്തിരിക്കുന്നത്...വൈശാഖ് ആ ബൈക്ക് എടുത്ത സമയത്തു അങ്ങനെ ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നു എന്നാണ് വൈശാഖന്റെ ഫാദറിൽ നിന്ന് അറിയാൻ സാധിച്ചത്...  ഡോക്ടർ വേണുഗോപാൽ, ലക്ഷ്മിയോട് പറഞ്ഞു..

"ലക്ഷ്മി... കുട്ടി വിഷമിക്കുക ഒന്നും വേണ്ടാ.....എല്ലാം റെഡി ആകും കെട്ടോ... കുറച്ചു കാലതാമസം ചിലപ്പോൾ  വരും.. ചിലർക്ക് പെട്ടന്ന് തന്നെ അവരുടെ പാസ്ററ് ഫുള്ളായിട്ട് ക്യാച്ച് ചെയ്യാൻ പറ്റും.. എന്തായാലും അതുവരെ പിടിച്ചു നിൽക്കണം...ഒട്ടും താമസിക്കാതിരിക്കാൻ നമ്മൾക്ക് പ്രാർത്ഥിക്കാം... അപ്പോൾ ഞാൻ പറഞ്ഞത് പോലെ  ആകട്ടെ കെട്ടോ.. "...ഡോക്ടർ വേണുഗോപാൽ വിശദീകരിച്ചു..

അവൾ ഉവ്വെന്ന് ശിരസനക്കി....

"ഇയാൾ എപ്പോളും വൈശാഖന്റെ കൂടെ വേണം... അത്‌ ചിലപ്പോൾ വൈശാഖന്റെ ഓർമ പെട്ടന്ന് നേരെ ആക്കി എന്നു വരും കെട്ടോ, "....ഡോക്ടർ വേണുഗോപാൽ പോകാൻ എഴുനേറ്റു

"മോളേ... വൈശാഖന് എന്തെങ്കിലും മാറ്റം ഉണ്ടോ? "

അശോകൻ മകളോട് ചോദിച്ചു

 "ഇല്ല അച്ചാ അതുപോലെതന്നെ.." അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു

 മോൾ അതൊന്നും കാര്യമാക്കേണ്ട എല്ലാം നേരെയാകും, അവന്റെ ജീവന് ഒരു ആപത്തും വരുത്താതെ ദൈവം അവനെ നമുക്ക് തിരിച്ചു തന്നില്ലേ.... ശേഖരൻ ലക്ഷ്മിക്ക് ആത്മവിശ്വാസം പകർന്നു നൽകി..

 തനിക്കും അതുമാത്രം മതി, തന്റെ വൈശാഖ്ട്ടന് ഈശ്വരൻ ആയുസ്സ് നൽകില്ലോ..... ആ ഒരു ഒറ്റ കാര്യം മതി.... ലക്ഷ്മിയും ഓർത്തു..

"മോളെന്തെങ്കിലും കഴിക്ക്.. ഇന്നല മുതൽ പട്ടിണി അല്ലേ... "

ശേഖരൻ ഒരു പാത്രത്തിലേക്ക് രണ്ട് അപ്പവും കുറച്ചു വെജിറ്റബിൾ കറിയും കൂടി ഒഴിച്ച്..

"എനിക്കു വിശപ്പ് തീരെ ഇല്ലാ അച്ഛാ... ഇപ്പോൾ ഒന്നും വേണ്ടാ "

"അങ്ങനെ പറയരുത്... വിശന്നു തളർന്നാൽ മോളെന്ത് ചെയ്യും... "

ശേഖരൻ കുറെയേറെ നിർബന്ധിച്ചപ്പോൾ അവൾ ഒരപ്പം കഴിച്ചു എന്ന് വരുത്തി..

അശോകൻ അപ്പോൾ മെഡിസിൻ മേടിക്കുവാനായി പോയതായിരുന്നു..

 കാലത്തേ തന്നെ വൈശാഖിനെ കാണുവാനായി, അവന്റെ ഫ്രണ്ട്സും, അതുപോലെതന്നെ പ്രീതി ടെക്സിന്റെ കുറച്ച് സ്റ്റാഫും ഒക്കെ വന്നിരുന്നു....

പക്ഷേ ആർക്കും അവനെ കാണുവാനായി സാധിച്ചില്ല... ഫോർ  ഡേയ്‌സ് കൂടി സർജിക്കൽ ഐ സി യൂ വിൽ തുടരണം എന്നാണ് ഡോക്ടരുടെ നിർദ്ദേശം...

ഇടയ്ക്ക് ലക്ഷ്മി അവന്റെ അരികിലേക്ക് ചെന്നു..

"സിസ്റ്റർ... എന്നേ റൂമിലേക്ക് ഒന്നു ഷിഫ്റ്റ്‌ ചെയ്യാൻ പറയുമോ... ഇവിടെ ഇങ്ങനെ തനിച്ചു കിടക്കാൻ എനിക്കു ആകെ ഒരു ഭയം "

"അങ്ങനെ പെട്ടന്ന് ഷിഫ്റ്റ്‌ ചെയ്യാൻ പറ്റത്തില്ല... എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടായാൽ പിന്നേ അതു കൂടുതൽ കോംപ്ലിക്കേഷൻ ആകും "

"ശോ... എന്റെ സിസ്റ്ററെ... എനിക്ക് ഇങ്ങനെ കിടക്കാൻ വയ്യാ... പുറം പൊട്ടുവാ... "

അവൾ അവനെ നോക്കി...

ഒരു കൊച്ചു കുഞ്ഞിന്റെ ഭാവം ആയിരുന്നു ആ മുഖത്തു...

അവൾ പതിയെ അവന്റെ ബെഡിന്റെ പകുതി ഭാഗം പൊക്കി വെച്ച്..

അപ്പോൾ അവന്റെ ഇടതു കാല് ചെറുതായൊന്ന് അനങ്ങി..

"ആഹ്... അമ്മേ... "...അവൻ ഉറക്കെ  കരഞ്ഞു..

മറ്റൊരു സിസ്റ്ററും കൂടെ അവരുടെ അടുത്തേക്ക് വന്നു..

"ഹോ.. സിസ്റ്റർ... എനിക്കു സഹിക്കാൻ കഴിയുന്നില്ല. "...അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി..

" സാരമില്ല വൈശാഖൻ പതിയെ പതിയെ എല്ലാം നേരെയാകും കേട്ടോ കുഴപ്പമൊന്നുമില്ല പേടിക്കുക ഒന്നും വേണ്ട"... അവരുടെ അടുത്തേക്ക് വന്ന് സിസ്റ്റർ റിയ അവനെ സമാധാനിപ്പിച്ചു,,,,

വേദന കൊണ്ട് അവൻ പുളഞ്ഞു...

"സിസ്റ്റർ... പ്ലീസ്... ആ ഡോക്ടറെ ഒന്നു വിളിക്ക്... "...

" ഞാൻ ഡോക്ടറുടെ അടുത്ത് വരെ ചെന്നിട്ട് വരാം,, എന്തെങ്കിലും ഇഞ്ചക്ഷൻ ഉണ്ടെങ്കിൽ എടുക്കാം കേട്ടോ,, അപ്പോഴേക്കും വൈശാഖിനെ വേദന മാറിക്കോളും"

അവൻ നോക്കിയപ്പോൾ ലക്ഷ്മിയും കരയുകയാണ്..

അപ്പോളേക്കും ഡോക്ടർ വന്നു..

അയാൾ കുറിച്ച് കൊടുത്ത ഇഞ്ചക്ഷനും ആയിട്ട് അപ്പോളേക്കും സിസ്റ്റർ റിയ വന്നു..

ഇൻജെക്ഷൻ എടുത്തു കഴിഞ്ഞതും അവൻ മയങ്ങി...

സുമിത്രയും വീണയും കൂടി വന്നപ്പോൾ അവൻ ഉറങ്ങുക ആയിരുന്നു..

"മോളേ.... "..സുമിത്ര അവളെ ചേർത്തു പിടിച്ചു..

"ഏട്ടത്തി... ഏട്ടന് എന്തെങ്കിലും മാറ്റം ഉണ്ടോ "

ഇല്ലന്നവൾ ചുമൽ കൂപ്പിച്ചു....

"ശരിയാകും കെട്ടോ... ഒന്നും പേടിക്കണ്ട... ഇങ്ങനെ പല കേസുകൾ ഇവിടെ ഉണ്ടായിട്ടുണ്ട്,, ഏറിയാൽ ഒരു മാസം അതിനുമുമ്പ് എല്ലാം റെഡി ആകും,ചിലർക്ക് ഒക്കെ ഇവിടുന്നു ഡിസ്ചാർജ് ആയി പോകുമ്പോൾ എല്ലാം ഒക്കെ ആയിട്ടുണ്ട് , "... സിസ്റ്റർ റിയ പറഞ്ഞു...

 ഒരുപാട് സമയം ഇവിടെ നിൽക്കേണ്ട ഡോക്ടർ വഴക്കുപറയും,,,, ലക്ഷ്മി സുമിത്ര യോടും വീണ യോടും പറഞ്ഞപ്പോൾ അവർ അവിടെ നിന്നും ലക്ഷ്മിയോട് യാത്ര പറഞ്ഞു പോയി

" അമ്മയും നാത്തൂനും ആണോ അത് "സിസ്റ്റർ റിയ അവളെ നോക്കി

"അതേ... ഏട്ടന് മൂന്നു സഹോദരിമാർ ഉണ്ട് "...

"വിവാഹo കഴിഞ്ഞിട്ട് എത്ര നാളായി "

"ടു വീക്സ് കഴിഞ്ഞതേ ഒള്ളു "

അതു പറയുമ്പോൾ സിസ്റ്റർ റിയ അവളെ വേദനയോടെ നോക്കി..

" വൈശാഖ്ട്ടന് എന്നെ ഓർമ്മ വരുമോ സിസ്റ്റർ, അതോ എല്ലാവരും കൂടി എന്നെ പറഞ്ഞു പറ്റിക്കുകയാണോ" അത് ചോദിച്ചപ്പോഴേക്കും  അവൾ പൊട്ടിക്കരഞ്ഞു...

"എന്താ കുട്ടി ഇത്... കണ്ണ് തുടയ്ക്ക്... വൈശാഖൻ ഉണർന്നാൽ... "

അവൾ വേഗം കണ്ണീർ ഒപ്പി..

ഉച്ച ആയപ്പോൾ വൈശാഖന് ഉള്ള പൊടിയരികഞ്ഞിയും ആയിട്ട് ഒരു സ്റ്റാഫ്‌ വന്നു..

ലക്ഷ്മിയും സിസ്റ്റർ റിയായും കൂടി അവനെ മെല്ലെ എഴുന്നേൽപ്പിച്ചു...

ലക്ഷ്മിയോട് അവനു ഭക്ഷണം കൊടുക്കുവാൻ പറഞ്ഞിട്ട് സിസ്റ്റർ റിയ പുറത്തേക്ക് പോയി..

അവൾ ഒരു സ്പൂണിൽ അല്പാല്പമായി കഞ്ഞി കോരി അവനു കൊടുത്തു..

 രണ്ടുമൂന്നു സ്പൂൺ കഞ്ഞികുടിച്ച് അപ്പോഴേക്കും അവൻ മതിയെന്ന് അവളെ വിലക്കി..

 "അതൊന്നും പറഞ്ഞാൽ പറ്റില്ല ഇത് മുഴുവനും കുടിക്കണം "ലക്ഷ്മി അവനു വീണ്ടും കഞ്ഞി കോരി കൊടുത്തു..

" മതി സിസ്റ്റർ എനിക്കിതൊന്നും കുടിക്കാൻ വയ്യ,,, വല്ലാത്ത വേദനയാണ് കാലിന്... "

" വേദനയൊക്കെ എളുപ്പം മാറും കേട്ടോ,, ഈ ഭക്ഷണം നന്നായി കഴിക്കുക ഒരുപാട് ഗുളികകൾ ഒക്കെ കഴിക്കുന്നില്ലേ"

അവൾ അവനെ അത്‌ മുഴുവനും കുടിപ്പിച്ചു...

"ആഹ്ഹ... വൈശാഖൻ കഞ്ഞി മുഴുവനും കുടിച്ചല്ലോ... " അപ്പോഴേക്കും സിസ്റ്റർ റിയ അകത്തേക്ക് വന്നു...

അവർ ഏതൊക്കെയോ മെഡിസിൻ എടുത്തു കൊണ്ട് പുറത്തേക്ക് വീണ്ടും പോയി .

സിസ്റ്റർ.... അവൻ വിളിച്ചപ്പോൾ ലക്ഷ്മി തിരിഞ്ഞു നോക്കി..

സിസ്റ്റർ ഫുഡ്‌ കഴിച്ചോ... "അവൻ ചോദിച്ചു...

ലക്ഷ്മി അവനെ തന്നെ ഒരു നിമിഷം  നോക്കി....

"ഇല്ലാ... ഞാൻ കഴിച്ചോളാം കെട്ടോ... "... അവൾ പ്ലേറ്റ് കഴുകി വെചിട്ട് പറഞ്ഞു..

സിസ്റ്റർ റിയ വന്നപ്പോൾ അവൾ പുറത്തേക്ക് ഇറങ്ങി പോയത്..
*********************------***

ശ്യാമളയും അശോകനും ദീപയും എല്ലാവരും ഹോസ്പിറ്റലിൽ വന്നിരുന്നു...

പക്ഷേ അവർ ആരും വൈശാഖനെ കാണുവാൻ മുതിർന്നില്ല...

അശോകൻ ഇടയ്ക്കെല്ലാം ഡോക്ടറെ കയറി കാണുന്നുണ്ട്...

ഏറ്റവും നല്ല ട്രീറ്റ്മെന്റ് ആണ്‌ വൈശാഖന് ലഭിക്കുന്നത്. കൂടാതെ സൈക്കാർട്ടിസ്റ്റും  അവനെ കാണുന്നുണ്ട്...ഡോക്ടർ വേണുഗോപാൽ അറിയിച്ചു..

"എന്നാലും അച്ഛൻ ഈ നാളും പൊരുത്തവും ഒക്കെ നോക്കിയിട്ട് ഇത് എങ്ങനെ ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് "...രാജീവൻ തരo കിട്ടുമ്പോൾ എല്ലാം അശോകനെ കുത്തി നോവിക്കും..

 അശോകൻ അതിനുള്ള മറുപടി ഒന്നും അവനോട് പറഞ്ഞില്ല..

ഇടയ്ക്കൊക്കെ അയാളുo ഓർത്തു പോയി ഇനി ആ ജ്യോതിഷന് തെറ്റ് പറ്റി പോയോ എന്ന്..

**********************

പാവം ലക്ഷ്മിമോൾ... അവൾ എന്ത് മാത്രം വിഷമിക്കുന്നുണ്ട് ഇപ്പോൾ.... ശ്യാമള കണ്ണ് തുടച്ചു കൊണ്ട് അശോകനെ നോക്കി..

"എന്ത് ചെയ്യാനാ ശ്യാമളേ... നമ്മുടെ കുഞ്ഞിനെ ദൈവം പരീക്ഷിക്കുക ആണ്‌.. പാവം കുട്ടി.... അവളുടെ നെഞ്ച് പിടഞ്ഞാണ് അവൾ അവിടെ നിൽക്കുന്നത് "

"വൈശാഖന് ആയുസ്സ് കൊടുത്തല്ലോ,,,, അത്‌ മാത്രം മതി "

"ലക്ഷ്മി മോള് നിന്നോട് എന്തേലും പറഞ്ഞോ "?

"അവൾക്കു വല്ലാത്ത വിഷമം ഉണ്ട്
..എല്ലാം ഉള്ളിൽ ഒതുക്കുക ആണ്‌ അവൾ,  ഇവിടേക്ക് വരാൻ ഞാൻ പറഞ്ഞതാണ്, ഒന്നു കുളിച്ചു ഫ്രഷ് ആയിട്ട് പോകാൻ "

"മ്... ഒന്നു മനസ് തുറന്നു സംസാരിക്കാൻ അവൾക്ക് പറ്റുന്നില്ല 'അവനെ വിട്ടിട്ട് എങ്ങോട്ടും അവൾ പോരുകയും ഇല്ലാ.. "
അശോകൻ കണ്ണുകൾ അടച്ചു സെറ്റിയിലേക്ക് ചാഞ്ഞു കിടന്നു....

*****------***********-*-------****

രാത്രിയും പകലും ഒരുപോലെ ശുശ്രുഷിക്കുക ആണ്‌ ലക്ഷ്മി തന്റെ പ്രിയപ്പെട്ടവനെ.....

രാത്രിയിൽ എല്ലാം അവനു ഭയങ്കര വേദന ആയിരുന്നു..

ലക്ഷ്മി ഒന്നു കണ്ണിമയ്ക്കാതെ അവനെ പരിചരിക്കുക ആണ്‌..

അവനെ പല്ലുതേപ്പിക്കുന്നതും, ദേഹം തുടച്ചു കൊടുക്കുന്നതും എല്ലാം അവൾ ആണ്‌...
വേണ്ടെന്ന് പറഞ്ഞാലും നിർബന്ധിപ്പിച്ചു കൊണ്ട് അവനെ ഭക്ഷണം കഴിപ്പിക്കുക ആണ്‌ ലക്ഷ്മി ചെയുന്നത്...

"സിസ്റ്റർ വീട്ടിൽ പോകുന്നില്ലേ "...ഇടയ്ക്ക് അവൻ ചോദിച്ചു..

"ഞാൻ ഹോസ്റ്റലിൽ ആണ് നിക്കുന്നത് എന്നാണ് അവൾ മറുപടി പറഞ്ഞത്... "

"സിസ്റ്ററിന്റെ പേരെന്താ "?

"എന്റെ പേര് രേഷ്മ എന്നാണ്.... "ഡോക്ടർ പറഞ്ഞ പ്രകാരം അവൾ പറഞ്ഞു...

*********-*************-*

നാല് ദിവസം കഴിഞ്ഞപ്പോൾ വൈശാഖനെ റൂമിലേക്ക് മാറ്റി..

പരസഹായം ഇല്ലാതെ അവനു ഒന്നുo ചെയ്യാൻ പറ്റില്ലായിരുന്നു...

 സുമിത്രയും വീണയും ഉണ്ണി മോളും എല്ലാവരും വലിയ സന്തോഷത്തിലാണ്,,, കാരണം അവരെല്ലാവരും ഇന്നാണ് വൈശാഖിനെ അടുത്ത് കാണുന്നത്..

അന്ന് തന്നെ അവന്റെ കുട്ടുകാർ രണ്ട് പേരും വന്നിരുന്നു...

കുട്ടുകാരെ ഒക്കേ കണ്ടപ്പോൾ അവനു സന്തോഷം ആയി...

കുറെയേറെ സമയം ഇരുന്നിട്ടാണ് അവർ പോയത്..

അതിനോടിടയ്ക്ക് വിഷ്ണു ആണെകിൽ അവന്റെ മൊബൈലി ൽ കിടന്ന കുറച്ചു ഫോട്ടോസ് ഒക്കെ വൈശാഖാനെ കാണിച്ചു..

അതെല്ലാം വൈശാഖന്റെ വിവാഹത്തിന് അവർ എടുത്ത ഫോട്ടോസ് ആയിരുന്നു..

പക്ഷെ അതിൽ ഒന്നും ലക്ഷ്മിയുടെ ഫോട്ടോ ഇല്ലായിരുന്നു...

വൈശാഖൻ കുറെ സമയം ആ ഫോട്ടോയിലേക്ക് കണ്ണും നട്ടിരുന്നു..

ഇതെല്ലാം ഡോക്ടർ വേണുഗോപാലിന്റെയും സൈകാർട്ടിസ്റ്റിന്റെയും തന്ത്രങ്ങൾ ആയിരുന്നു...

 വിഷ്ണുവും അനൂപും യാത്ര പറഞ്ഞു പോയതും,, കുറച്ച് സമയം വൈശാഖൻ തനിച്ചായിരുന്നു റൂമിൽ

കുറച്ചു സമയം കഴിഞ്ഞതും
ഡോക്ടർ വേണുഗോപാൽ അവന്റെ അരികിലേക്ക് വന്നു..

"എങ്ങനെ ഉണ്ട്... സുഖം ആയോ വൈശാഖൻ "

"നല്ല മാറ്റം ഉണ്ട്... സാർ."

"ഞാൻ പറഞ്ഞില്ലേ, ഇയാൾക്ക് എല്ലാം പെട്ടന്ന് ഭേദമാകുമെന്നു "

മ്.... അവൻ മൂളി...

അവന്റെ ഓർമ്മകൾ മറ്റെവിടെയോ ആണെന്ന് ഡോക്ടർക്ക് മനസിലായി...

"ഒക്കെ... ഗുഡ്...ഗെറ്റ് വെൽ സൂൺ വൈശാഖൻ "

"താങ്ക്സ് എ ലോട്ട്,,, സാർ "

"ആഹ് പിന്നേ... ഞാൻ അത്‌ മറന്നു."..

ഡോക്ടർ വേണുഗോപാൽ  പോക്കറ്റിലേക്ക് കൈ ഇട്ടു..

വൈശാഖൻ ഇതാ...തന്റെ വെഡിങ് റിങ്,,, ഇത് തരുന്ന കാര്യം ഞാൻ മറന്നു.....

അവൻ അത്‌ കൈ നീട്ടി മേടിച്ചു..

എന്നിട്ട് അതിൽ കൊത്തിവെച്ചിരുന്ന പേര് വായിച്ചു..

"ലക്ഷ്മി "

"വൈശാഖൻ.... ആർ യു മാരീഡ് "

ഡോക്ടർ വേണുഗോപാൽ അവനെ നോക്കി..

"യെസ് ഡോക്ടർ... "...കുറച്ചു നിമിഷം കഴിഞ്ഞതും അവൻ പറഞ്ഞു..

ഒക്കെ... എന്ന് പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് പോയി..

കുറച്ചു കഴിഞ്ഞതും ലക്ഷ്മി മുറിയിലേക്ക് വന്നു. 

"എങ്ങനെ ഉണ്ട് ഇപ്പോl...റൂമിലേക്ക് മാറ്റിയപ്പോൾ ഉഷാർ ആയോ... "

അവൾ അവനുള്ള ഗുളികയും ആയിട്ട് അവന്റെ അടുത്തേക്ക് വന്നു... ഒരു ഗ്ലാസിൽ അവൾ വെള്ളവും എടുത്തിരുന്നു..

"ഇതാ... ഗുളിക കഴിക്ക് "...അവൾ തന്റെ കൈയിൽ ഇരുന്ന ഗുളിക അവനു നേരെ നീട്ടി..

പെട്ടന്ന് അവൻ അവളുടെ കൈയിൽ പിടിച്ചു..

ലക്ഷ്മി പകച്ചു പോയി. 

"എന്താ... എന്ത് പറ്റി... "

അവൾ വൈശാഖനെ നോക്കി...

അവന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകിയിരുന്നു..

"ലക്ഷ്മി..... "...അവൻ വിളിച്ചു...
..
താൻ... താൻ... സ്വപ്നം കാണുകയാണോ എന്ന് അവൾ ഓർത്തു..

അവൾ കണ്ണുകൾ തുറിച്ചു കൊണ്ട് അവനെ നോക്കി..

"ലക്ഷ്മി.... "

അവൻ ഒന്നുകൂടി വിളിച്ചു..

തുടരും...

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ...

രചന: ഉല്ലാസ് OS

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top