എൻ ജീവൻ❤️[The Conclusion] ഭാഗം- 5

Valappottukal


നിവി ഓരോ സ്റ്റെപ്‌സും ABCD,... ക്രമത്തിൽ മനസ്സിൽ പറഞ്ഞുകൊണ്ട് കയറി. N എത്തിയതും സ്‌റ്റെപ്സ് അവസാനിച്ചു.

'ആഹാ... N ഇൽ തീർന്നോ... കൊള്ളാലോ... ഞാൻ അന്വേഷിച്ചു വന്ന ആളെ പെട്ടന്ന് കാണാൻ പറ്റണേ...'
എന്ന് പറഞ്ഞുകൊണ്ട് നിവി നടന്നു.

"ഈ ക്ലാസ്സായിരിക്കുമോ?"
ക്ലാസ്സ്‌ റൂമിലെ വിൻഡോസിലൂടെ അവൾ അകത്തേക്ക് നോക്കി.

"എന്താ മോളേ തലയിട്ടു നോക്കുന്നേ? ഇത്ര കഷ്ടപ്പെടണ്ട... ഇങ്ങ് കേറി പോര്... ആരും ഒന്നും പറയില്ല. അല്ലേടാ? "
സൈഡിലെ ബെഞ്ചിലിരുന്ന ഒരുത്തൻ പറഞ്ഞു.

"അതെ അതെ... "
അവന്റെ കൂട്ടുകാരൻ അത് ശെരി വെച്ചു.

"ആദ്യം ഞാൻ അന്വേഷിച്ചു വന്നയാള് ഇവിടെയുണ്ടോ എന്ന് നോക്കട്ടെ ചേട്ടാ... എന്നിട്ട് വരാം... ഇത് CS ന്റെ ഫസ്റ്റ് ഇയർ ക്ലാസ്സാണോ?"

"സോറി മോളെ... ഇത് സെക്കന്റ്‌ ഇയറാ... ഫസ്റ്റ് ഇയർ ക്ലാസ്സ്‌ ഈ വരിയിൽ അങ്ങേ അറ്റത്തുള്ളതാണ്"

"ആണോ? അപ്പൊ ഞാനും സോറി... ഞാൻ ഉദ്ദേശിച്ചു വന്ന ക്ലാസ്സ്‌ ഇതല്ല. ഓക്കേ, താങ്ക്സ് ചേട്ടാ..."
നിവി വേഗം നടന്നു.

"ഏതാടാ ഈ ഐറ്റം?"

"ആ..."

"ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലാലോ... ഫസ്റ്റ് ഇയർ ക്ലാസ്സ്‌ തുടങ്ങിയല്ലോ... അപ്പൊ ഫസ്റ്റ് ഇയർ ഉള്ളതാണോ?"

"ആ..."

"എന്തു ചോദിച്ചാലും ആ... നീ ശെരിക്കും ആ വിളിക്കുന്നത് കാണിച്ചു തരാം..."
എന്നും പറഞ്ഞുകൊണ്ട് അവൻ മറ്റവന്റെ കൈ പിടിച്ച് തിരിച്ചു.

"ആാാ... കൈ പിടിച്ച് തിരിക്കല്ലേടാ തെണ്ടി... നിനക്ക് പ്രാന്താണോ കിരണേ... ആ പെണ്ണ് ചിലപ്പോൾ ഫസ്റ്റ് ഇയർ ആയിരിക്കും.

"ആഹ്... ലങ്ങനെ പറാ... അല്ലാതെ എന്തേലും ചോദിച്ചാല് ആ... ഈ... എന്നൊക്കെ പറഞ്ഞാൽ ഉണ്ടല്ലോ... മോനെ മെൽവിനേ... ഹാ..."
കിരൺ പതിയെ മെൽവിന്റെ കൈ വിട്ടു. മെൽവിൻ കയ്യൊന്നു കുടഞ്ഞു.

"ഡാ... അവള് ആരെയാ കാണാൻ വന്നതെന്ന് ഞാനൊന്നു പതിയെ പിന്നാലെ പോയി നോക്കിയിട്ട് വരാം..."

കിരൺ എണീറ്റ് ക്ലാസ്സിനു വെളിയിൽ ഇറങ്ങി. എന്നിട്ട് കൈവരിയിൽ ചാരി നിന്ന് ഫസ്റ്റ് ഇയർ ക്ലാസ്സിന്റെ അങ്ങോട്ട്‌ എത്തി നോക്കി. നിവി അപ്പോഴേക്കും അവിടെ എത്തിയിരുന്നു.

'നല്ല കലപില ശബ്ദമാണല്ലോ... സ്റ്റാഫ് റൂമിനു തൊട്ടടുത്തായിട്ടും ഒരു പേടിയും ഇല്ലെന്നാ തോന്നുന്നെ... ആഹ്... അതിന് ടീച്ചർസ് ആരും വന്നില്ലാലോ... അതുകൊണ്ടാകും...'
എന്നിങ്ങനെ സ്വയം പറഞ്ഞുകൊണ്ട് അവൾ ഫസ്റ്റ് ഇയർ ക്ലാസ്സിലേക്ക് നോക്കി. കുറച്ചു പേരെ ഉള്ളുവെങ്കിലും മിക്കവരും നല്ല വർത്തമാനമാണ്. ആരോടും ഒന്നും മിണ്ടാതെ പുസ്തകവും വായിച്ചിരിക്കുന്ന ഒരാളെ അവളുടെ കണ്ണുകൾ കണ്ടുപ്പിടിച്ചു. സന്തോഷം കൊണ്ട് ആ കണ്ണുകൾ തിളങ്ങി.

"രെഞ്ചുവേട്ടൻ..."
നിവിയുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.

വിൻഡോസിന്റെ സൈഡിലിരുന്ന ഒരു പയ്യനോട് നിവി രെഞ്ചുവിനെ വിളിക്കാൻ പറഞ്ഞു.

"ഏത്? ആ പുസ്തകപ്പുഴുവിനെയാണോ?"

"പുസ്തകപ്പുഴുവൊന്നുമല്ല. ആൾക്കൊരു പേരുണ്ട്. ക്ലാസ്സിലുള്ളവരുടെ പേര് പോലും അറിയില്ല. എന്നിട്ടിരുന്ന് സംസാരിക്കുവാ... ഹും..."

"എന്റമ്മോ... ഞാൻ വിളിക്കാം. ഇന്ദൂ..."

'ഇന്ദുവോ?'

"എന്താടാ?"

"നിമ്മിയെ വിളിച്ചേ..."

"ഡി നിമ്മി... നിന്നെ പ്രവീൺ വിളിക്കുന്നു..."

'ഓഹ്... പെൺപിള്ളേരുടെ പേരൊക്കെ അറിയാം..."

"എന്താ പ്രവീണേ?"

"നിന്റെ തൊട്ടടുത്ത് ആ ഫ്രന്റ് ബെഞ്ചിൽ ഇരിക്കുന്ന അവനെ വിളിച്ചേ? ദേ... ഇവിടൊരു പെൺക്കൊച്ച് വിളിക്കുന്നു..."

"ആഹ്... വിളിക്കാം. ഹെലോ... നിരഞ്ജാ... ദേ... പുറത്തു നിന്ന് നിന്നെ ഒരാള് വിളിക്കുന്നു..."

"എന്നെയോ?"
അവൻ ഉടനെ പുറത്തേക്ക് നോക്കിയപ്പോൾ നിവിയെ കണ്ടു.

'നിവി... ഇവിടെ?!'

രെഞ്ചു ഉടനെ പുസ്തകം മടക്കി വെച്ച് ക്ലാസ്സിനു പുറത്തിറങ്ങി.

"നിവി... നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്. നിനക്ക് നേരത്തെ ക്ലാസ്സ്‌ തുടങ്ങിയതല്ലേ? ഇപ്പോൾ ഓഗസ്റ്റ് പകുതി ആയല്ലോ... നീ ഇന്നാണോ കോളേജിലേക്ക് വന്നത്?"

"അത് രെഞ്ചുവേട്ടാ... എന്റെ ഫ്രണ്ടിന് ഇവിടെ അഡ്മിഷൻ കിട്ടിയത് ഇപ്പോഴാ... ഒരുമിച്ചു വരാമെന്ന് വിചാരിച്ചു. പിന്നെ, കുറേ പഠിപ്പിച്ചിട്ടൊന്നുമില്ല. ജസ്റ്റ്‌ തുടങ്ങിയെന്നാ പറഞ്ഞെ"

"ആര്?"

"എന്റെ കൂടെ പ്ലസ് ടു പഠിച്ച രണ്ടുപേര് ഇവിടെയുണ്ട്. അവര് പറഞ്ഞതാ. നോട്ട്സ് കൊടുത്തതൊക്കെ എനിക്ക് വാട്ട്‌സാപ്പ് ചെയ്തിട്ടുണ്ട്. ഞാനതൊക്കെ നോട്ട്സിലേക്ക് എഴുതി. പിന്നെ, ഒരാഴ്ച ക്ലാസ്സ്‌ ഇല്ലായിരുന്നുവെന്നും പറഞ്ഞു"

"മാമൻ നിനക്ക് ഫോൺ വാങ്ങി തന്നുവല്ലേ... ഹ്മ്മ്..."

"മ്മ്... കഴിഞ്ഞ ആഴ്ച വാങ്ങി തന്നു. നിങ്ങളെ പഠിപ്പിച്ചു തുടങ്ങിയോ?"

"ഏയ്... ഞങ്ങൾ ഇപ്പൊ വന്നതല്ലേ ഉള്ളു. ഞങ്ങൾക്ക് റെഗുലർ ക്ലാസ്സ്‌ തുടങ്ങുമ്പോൾ സെപ്റ്റംബർ ആകും... ഇനിയും കുട്ടികൾ വരാനുണ്ട്"

"ആണോ? മ്മ്... ഞാൻ ഇവിടെ വന്നപ്പോൾ ജസ്റ്റ്‌ ഒന്നു രെഞ്ചുവേട്ടനെ കാണാമെന്ന് വിചാരിച്ചു. ആഹ് പിന്നെ..."
എന്നും പറഞ്ഞ് നിവിയുടനെ അവളുടെ ബാഗിൽ നിന്നും രണ്ടു ഡയറി മിൽക്ക് എടുത്തു.

"ഇതിലൊരെണ്ണം നീരജിന്  കൊടുക്കണം. പിന്നെ,  ഇവിടെ വെച്ച് കഴിക്കണ്ട. വീട്ടിൽ ചെന്നിട്ട് കഴിച്ചാൽ മതി. മെൽറ്റായി പോയി. കടയിൽ കയറിയപ്പോൾ ചുമ്മാ വാങ്ങിയതാ..."

രെഞ്ചു ചിരിച്ചുകൊണ്ട് മെല്ലെ തലയാട്ടി. നിവി ഡയറി മിൽക്ക് അവന്റെ കയ്യിൽ കൊടുത്തു.

"അപ്പൊ ഓക്കേ സീ യൂ... ഞാൻ പോവാണേ... പിന്നെ, രെഞ്ചുവേട്ടന്റെ ഫ്രണ്ട്സാരും ഇവിടെയില്ലേ?"

"മ്മ്... ഒരുത്തനുണ്ട്..."

"ഓക്കേ... റ്റാറ്റാ..."

രെഞ്ചുവിനെ നോക്കി ചിരിച്ചുകൊണ്ട് നിവി അവിടെ നിന്നും തിരിച്ചു നടന്നു. കിരൺ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"ഹെലോ... മോളൊന്നു നിന്നേ... ആ ചെക്കനേതാ?"

"അതോ? എന്റെ ഏട്ടൻ..."

"ആഹ്... ഏട്ടൻ ആയിരുന്നോ... മ്മ്... "

"ഏട്ടൻ എന്നു പറയുമ്പോൾ രെഞ്ചുവേട്ടൻ. എന്റെ മുറച്ചെറുക്കൻ... ഇപ്പോൾ എല്ലാം ക്ലിയർ ആയില്ലേ? എന്നാൽ പിന്നെ കാണാം ബ്രോ... ഞാനെന്റെ ക്ലാസ്സിലേക്ക് പോട്ടെ... ബൈ... "

"ബ്രോയോ...?!"

നിവി കിരണിനെ നോക്കിയൊന്നു ഇളിച്ചു കാണിച്ചിട്ട് താഴേക്ക് സ്‌റ്റെപ്പ്സ് ഇറങ്ങി. മെൽവിൻ അപ്പോഴവിടെ വന്നു.

"എന്താടാ കിരണേ?"

"അവളെന്നെ ബ്രോ ആക്കിയെടാ..."

"ഹ ഹ ഹാ... അടിപൊളി. ബാ പോവാം..."
കിരണിനെയും വിളിച്ചുകൊണ്ട് മെൽവിൻ ക്ലാസ്സിലേക്ക് കയറി. എന്നാൽ രെഞ്ചു നിവി കൊടുത്ത ഡയറി മിൽക്കും നോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.

"ഡാ... രെഞ്ചു... നീ ക്ലാസ്സിലേക്ക് കയറുന്നില്ലേ? ഇപ്പൊ ഇവിടെ വന്നത് നിന്റെ മുറപ്പെണ്ണല്ലേ? ആഹാ... ഡയറി മിൽക്കൊക്കെ കിട്ടിയല്ലോ... അപ്പോൾ അവള് നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞോ?"

"ഇല്ലെടാ..."

"പിന്നെ,  നീ എന്തിനാടാ ഈ മിട്ടായിയെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നെ..."

"അതെനിക്ക് ഇഷ്ടമുണ്ടായിട്ട്..."

"ഹാ... കൊള്ളാം... ഇഷ്ടമാണെന്ന് എന്നോടല്ല അവളോടാ പറയേണ്ടത്. ഇതിപ്പോൾ നീയും പറയുന്നില്ല... അവളും പറയുന്നില്ല... രണ്ടും കൊള്ളാം... ഇപ്പൊ നീ അകത്തേക്ക് വാ... അവിടെയിരുന്ന് ചിരിക്ക്"
രെഞ്ചുവിന്റെ കൂട്ടുകാരൻ അവനെ ക്ലാസ്സിലേക്ക് കൊണ്ടുപോയി.

നിവി താഴെ ചെന്നപ്പോൾ അവളുടെ കൂട്ടുകാരി മരിയ വരുന്നത് കണ്ടു.

"ആഹാ... കറക്റ്റ് ടൈം ആണല്ലോ മറിയാമ്മ വന്നത്"

"ഡി ദുഷ്ടേ... എന്നെയും കൂടി കൊണ്ടു വരാമായിരുന്നു"

"എനിക്കൊന്നു ഒറ്റക്ക് വരണമെന്ന് ഒരാഗ്രഹം ഉണ്ടായിരുന്നുടി... അതോണ്ടാ... തിരിച്ചു നമ്മൾ ഒരുമിച്ചല്ലേ പോകുന്നെ..."

"ആണോ? സന്തോഷം... ഇതെവിടെ പോയിട്ട് വരുവാ? മ്മ്മ്...  മ്മ്മ്... മനസ്സിലായി..."

"ഈൗ..."

അവർ സംസാരിച്ചു കൊണ്ടിരിക്കെ ഒരു പയ്യൻ അവിടേക്ക് വന്നു.

"അതേ... നിങ്ങള് ഫസ്റ്റ് ഇയർ കെമിസ്ട്രി ആണോ?"
നിവിയും മരിയയും അതെയെന്ന് തലയാട്ടി.

"ആഹ്... എന്നാ ഫസ്റ്റ് പീരിയഡ് കഴിയുമ്പോൾ അങ്ങ് സെക്കന്റ്‌ ഇയർ  ക്ലാസ്സിലേക്ക് പോന്നേക്ക്..."

"സെക്കന്റ്‌ ഇയർ ക്ലാസ്സിലോ?"

"അതെ. നിങ്ങൾക്ക് ഞങ്ങളുടെ വക ഒരു വെൽക്കം പ്രോഗ്രാം... ടീച്ചർസ് പെർമിഷൻ തന്നിട്ടുണ്ട്. ചിന്ന റാഗിങ്ങും കൂടി കാണുട്ടോ... പേടിക്കണ്ട..."

'സബാഷ്...'
മരിയ മനസ്സിൽ പറഞ്ഞുകൊണ്ട് നിവിയെ നോക്കി.

"അപ്പൊ ശെരി. കാണാം..."
എന്നും പറഞ്ഞ് അവൻ പോയി.

"കോളേജിൽ വന്നതിന്റെ അന്ന് തന്നെ പണി കിട്ടിയല്ലോ നിവിയേ... ഇപ്പോൾ അങ്ങനെ റാഗിങ്ങൊന്നും ഇല്ലാലോ..."

"ഇത് വെൽക്കം പ്രോഗ്രാം ആണെന്നല്ലേ പറഞ്ഞെ"

"ആഹ്... അവർ അങ്ങനെയൊക്കെ പറയും. ഇതിപ്പോൾ നമ്മുടെ ക്ലാസ്സ്‌ മൊത്തം കാണുമല്ലോ... എന്താണാവോ ചെയ്യാൻ പറയുന്നെ എന്റെ മാതാവേ... ഓർത്തിട്ട് കയ്യും കാലും വിറക്കുന്നു. നമുക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്താലോ?"

"മ്മ്... നോക്കാം. നമുക്കാദ്യം ക്ലാസ്സിൽ കയറാം..."

"മ്മ്... കേറാം... അല്ലാ... നിനക്ക് നമ്മുടെ ക്ലാസ്സ്‌ അറിയോ?"

"ആഹ് അറിയാം... അതോർമ്മയുണ്ട്. നീ വാ..."

അവർ രണ്ടുപേരും കെമിസ്ട്രി ഫസ്റ്റ് ഇയർ ക്ലാസ്സിലേക്ക് ചെന്നു.

"ദേ ഇരിക്കുന്നു അശ്വതിയും വിഷ്ണുപ്രിയയും..."

"ഹായ് വിച്ചു..."

"ഹേയ് നിവി... വന്നോ രണ്ടാളും... ഇന്നലെ വൈകുന്നേരം സ്കൂളിന്റെ അവിടെ വെച്ച് നിക്കുവിനെ കണ്ടായിരുന്നു. അവനിപ്പോൾ എത്രയിലാ? ഒൻപതിലാണോ? "

"അല്ലാ... എട്ടിലാ..."

"ഡി അച്ചൂ... നിനക്കൊക്കെ കേറിയിരിക്കാൻ ഈ സെക്കന്റ്‌ ബെഞ്ചേ കിട്ടിയൊള്ളോ? കണ്ടോ നിവി..."

"ഫസ്റ്റ് ബെഞ്ച് കിട്ടിയില്ലാടി. അതോണ്ടാ... ഒന്നു പോയേ... ഞങ്ങളെക്കാളും ദേ ആ പെൺപിള്ളേര് ബാക്ക് ബെഞ്ചിൽ സ്ഥലം പിടിച്ചു. പിറ്റേ ദിവസം വേറെ രണ്ടു പിള്ളേര് അവിടെ ഇരുന്നപ്പോൾ അവളുമാര് വഴക്കുണ്ടാക്കി അവരെ എണീപ്പിച്ചു. അത് കണ്ട ഞങ്ങള് പിന്നെ ഇവിടെ തന്നെ സീറ്റ് ഉറപ്പിച്ചു. എന്തിനാ വെറുതെ മറ്റുള്ളവരുമായി സീറ്റിന് വേണ്ടി വഴക്ക് കൂടാൻ പോണേ..."

"ഓഹോ... അപ്പൊ ആ പെൺപിള്ളേരോട് അധികം മിണ്ടാതെ ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു"

മരിയ പറഞ്ഞു നിർത്തിയതും ബെൽ കേട്ടു. ഫസ്റ്റ് പീരിയഡ് അവരുടെ മിസ്സ്‌ വന്ന് അറ്റന്റൻസ് എടുത്തു. അത് കഴിഞ്ഞ് കുറച്ചു പോർഷൻ പഠിപ്പിച്ചു.

"അതേ... നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ചേട്ടന്മാരും ചേച്ചിന്മാരും ഒരു പ്രോഗ്രാം അറേഞ്ച് ചെയ്തിട്ടുണ്ട്. പ്രോഗ്രാം കഴിയുമ്പോൾ നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ... എന്നിട്ട് നാളെ വന്നാൽ മതിട്ടോ... ഓക്കേ,  സീ യൂ ടുമോറോ..."

"താങ്ക് യൂ മിസ്സ്‌..."
എല്ലാവരും എണീറ്റ് നിന്ന് പറഞ്ഞു.

"നിവിയേ... ബാഗ് എടുത്തോ... നമുക്ക് സ്ഥലം വിടാം..."

"എന്റെ മരിയേ... ഇവിടെ നിന്നും പോകാനൊന്നും പറ്റില്ല. സീനിയർ ചേട്ടന്മാര് ക്ലാസ്സിന്റെ വെളിയിൽ തന്നെ കാണുമെന്നാ പറഞ്ഞെ..."

"ആന്നോ? അപ്പൊ പെട്ടു... നിവി... ഇനി എന്ത് ചെയ്യും?"

"വരുന്നിടത്ത് വെച്ച് കാണാം..."

ക്ലാസ്സിലെ എല്ലാവരും ബാഗുമെടു
ത്ത് പുറത്തിറങ്ങിയപ്പോൾ കണ്ടത് അവരെ കാത്തുനിൽക്കുന്ന സീനിയർസിനെയാണ്.

"നിവി... അച്ചു പറഞ്ഞത് ശെരിയാ... സ്കൂട്ടാകാൻ പറ്റില്ല"
മരിയ പതിയെ നിവിയുടെ ചെവിയിൽ പറഞ്ഞു. വേറെ നിവൃത്തിയൊന്നും ഇല്ലാത്തോണ്ട് അവരെല്ലാവരും സെക്കന്റ്‌ ഇയർ ക്ലാസ്സിലേക്ക് ചെന്നു.

ബ്ലാക്ക് ബോർഡിന് അടുത്തായി മൂന്നു ബെഞ്ചുകൾ ഒരുമിച്ച് അടുക്കി ഇട്ടേക്കുവാണ്. മൈക്കൊക്കെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. സെക്കന്റ്‌ ഇയർ മാത്രമല്ല തേർഡ് ഇയർ ക്ലാസ്സിലെ കുട്ടികളും ഉണ്ടായിരുന്നു. ഫസ്റ്റ് ഇയർകാരോട് ഇരിക്കാൻ പറഞ്ഞു.  പെട്ടന്ന് ഒരു പെൺകുട്ടി മൈക്ക് എടുത്ത് പറയാൻ തുടങ്ങി. 

"ഫസ്റ്റ് ഇയർ കാരൊന്നു ശ്രദ്ധിച്ചേ... ദേ... ഇവിടെയൊരു ബൗളിൽ കുറച്ചു പേരുകൾ എഴുതി ഇട്ടിട്ടുണ്ട്. ഓരോരുത്തരും ഇതിൽ നിന്നും ഒരെണ്ണം എടുക്കണം. എല്ലാ പേരുകളും ഞങ്ങൾ ഒരു പേപ്പറിൽ എഴുതി വെച്ചിട്ടുണ്ട്. ഞങ്ങൾ പേര് വിളിക്കുന്നതിനനുസരിച്ച് ഇവിടെ വന്ന് ഈ ബെഞ്ചിന്റെ പുറത്തു കയറി നിന്ന് മൈക്കിലൂടെ വേണം സംസാരിക്കാൻ. എന്തേലും ഒരു ആക്റ്റിവിറ്റി പറയും. അത് ചെയ്യണം. ആരും നാണക്കേടൊന്നും വിചാരിക്കണ്ട. ഇതൊക്കെ ഒരു രസമല്ലേ... ഭാവിയിൽ ഓർത്തു രസിക്കാൻ ഇതും കൂടി ഇരിക്കട്ടെന്നേ... അപ്പൊ തുടങ്ങാലോ അല്ലേ??"

"തുടങ്ങാം..."
സീനിയർസ് കൂകി വിളിച്ചു.

അവർ പറഞ്ഞത് പോലെ എല്ലാവരും ബൗളിൽ നിന്നും ഓരോ പേപ്പർ എടുത്തു. നിവിക്ക് കിട്ടിയ പേര് ദാക്ഷായണി എന്നും മരിയക്ക് മറിയാമ്മ എന്നുമാണ് കിട്ടിയത്. രണ്ടു പയ്യൻന്മാർക്ക് ഷാൾ കൊടുത്തിട്ട്  സാരിയുടുക്കാൻ പറഞ്ഞു. ഒരു പെൺക്കുട്ടിയോട് റോസാ പൂവ് കൊടുത്തിട്ട് സീനിയർസിൽ ഒരാളോട് പോയി പ്രൊപ്പോസൽ ചെയ്യാൻ പറഞ്ഞു. അവൾ റോസാ പൂവ് കൊണ്ടു കൊടുത്തപ്പോൾ അവൻ ദേഷ്യപ്പെട്ടു. ഉടനെ അവൾ കരഞ്ഞു. പിന്നെ,  എല്ലാരും കൂടി സമാധാനിപ്പിച്ചു. മരിയ ഇതൊക്കെ കണ്ട് പേടിച്ച് ഇരിക്കുവാണ്. നിവിയുടെ ഊഴം എത്തിയപ്പോൾ അവൾ കൂളായി ചെന്ന് ബെഞ്ചിനു മുകളിൽ കയറി നിന്നു. അവളോട് സ്വയം പുകഴ്ത്തിപ്പറയാനാണ് അവർ ആവശ്യപ്പെട്ടത്. നിവി മൈക്കും പിടിച്ച് ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ അവൾ പറയാൻ തുടങ്ങി.

"എന്റെ കവിൾ കാണാൻ നല്ല ഭംഗിയാണ്. പിന്നെ,  ചിരി കാണാനും ഭംഗിയുണ്ട്..."

"എന്നാര് പറഞ്ഞു?"
സീനിയർസ് പയ്യന്മാർ കളിയാക്കിക്കൊണ്ട് ചോദിച്ചു.

"അതൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെ, തലമുടി കാണാനും ഭംഗിയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്"

"എന്നാൽ ഒന്നു തിരിഞ്ഞേ..."

നിവിയുടെ തലമുടി ലെയർ കട്ട്‌ ആയി വെട്ടി ഇട്ടേക്കുവായിരുന്നു. അവൾ തിരിഞ്ഞതും തലമുടി കണ്ട് എല്ലാവരും കയ്യടിച്ചു. സീനിയർ പെൺക്കുട്ടി നിവിയുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി. മരിയക്ക് കിട്ടിയത് മാതാവിനെ സ്തുതിച്ചു കൊണ്ട് ഒരു പാട്ട് പാടാനായിരുന്നു. പ്രോഗ്രാമിന്റെ അവസാനം അവരെ പഠിപ്പിക്കുന്ന മിസ്സുന്മാരും വന്നു. പ്രോഗ്രാം കഴിഞ്ഞപ്പോൾ അവർക്ക് ഫുഡ്‌ കൊടുത്തിട്ടായിരുന്നു വിട്ടത്. അപ്പവും സ്റ്റുവും ആയിരുന്നു അറേഞ്ച് ചെയ്തത്. നിവിയും മരിയയും ഫുഡ്‌ കഴിച്ചിട്ട് സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചു പോയി.
     *****❤️❤️❤️❤️❤️*****
ഒരു ഓട്ടോ വരുന്നത് കണ്ട് മനോജ്‌ എണീറ്റു. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അവന്റെ കണ്ണുകൾ സന്തോഷിച്ചു. മണികണ്ഠനായിരുന്നു അത്. മനോജിനെ കണ്ടപ്പോൾ അവന് സങ്കടം സഹിക്കാനായില്ല. അവൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.

"എന്നോട് ദേഷ്യമൊന്നും തോന്നല്ലേ ഏട്ടാ... അച്ഛൻ പറഞ്ഞിട്ടാ ഞാൻ ഏട്ടനെ കാണാൻ വരാത്തത്"

"സാരമില്ലടാ... അതിന്റെ അകത്ത് വെച്ച് കാണാതെയിരുന്നത് തന്നെയാ നല്ലത്. നമ്മുടെ അച്ഛന് ഇപ്പോഴും എന്നോട് ദേഷ്യമാണോ?"

"ഏട്ടൻ വാ... ഏട്ടനെ വീട്ടിലേക്ക് കൊണ്ടുപോവാനാ ഞാൻ വന്നേ..."

"വീട്ടിലേക്കോ? ഇനി നാട്ടിലേക്ക് ഞാൻ ഇല്ലെടാ... നാട്ടുകാരെ ഫേസ് ചെയ്യാൻ വയ്യാ..."

"അതൊന്നും പറഞ്ഞാൽ പറ്റില്ല. ഏട്ടൻ വന്നേ പറ്റുള്ളു. അവിടെയാരും ഏട്ടനെ ഒന്നും പറയില്ല. ഞാനാ പറയുന്നെ... വാ ഏട്ടാ..."

"ഹ്മ്മ്... വരാം..."

മണികണ്ഠൻ മനോജിന്റെ കൈ പിടിച്ച് ഓട്ടോയിൽ കയറ്റി. റെയിൽവേ സ്റ്റേഷന്റെ മുൻപിലാണ് ഓട്ടോ നിർത്തിയത്. ട്രെയിനിൽ ഇരിക്കുമ്പോൾ മനോജ്‌ മുകുന്ദന്റെ കാര്യം ചോദിച്ചുകൊണ്ടിരുന്നു.

"അച്ഛൻ പോയി ചേട്ടാ... മോൾക്ക് മൂന്നു വയസ്സായപ്പോൾ പോയി. അറ്റാക്ക് ആയിരുന്നു..."
അത് കേട്ട് മനോജിന്റെ മനസ്സ് വല്ലാതെ നീറി. അവന്റെ കണ്ണുകളിൽ  കണ്ണുനീർ പൊടിഞ്ഞു.

"ഇപ്പോൾ ഏട്ടനെ വിളിച്ചുകൊണ്ട് വരാൻ പറഞ്ഞത് കാർത്തിയേട്ടനാ"

"കാർത്തിയോ?"
മനോജ്‌ ഒന്നു ഞെട്ടിക്കൊണ്ട് ചോദിച്ചു.

"അതെ... ചേട്ടനെ ഇനി ഒറ്റക്കാക്കരുതെന്ന് പറഞ്ഞു. ഏട്ടന് സ്വന്തമെന്ന് പറയാൻ ഞാൻ മാത്രമേ ഉള്ളു... അവന്റെ മനസ്സ് ഇനിയും വേദനിക്കരുതെന്ന് പറഞ്ഞു. പാവമാ ഏട്ടാ... കാർത്തിയേട്ടൻ..."

"ഹ്മ്മ്..."
ഒന്നു മൂളിയിട്ട് മനോജ്‌ വിൻഡോസിലൂടെ പുറത്തോട്ട് നോക്കിയിരുന്നു. അവന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറയാൻ തുടങ്ങി.
      *****❤️❤️❤️❤️❤️*****
"സർ ഏതേലും ഫയൽ നോക്കുവായിരുന്നോ?"

"നോ... എന്താ ഷിബു അങ്ങനെ ചോദിച്ചേ?"

"ഏയ്... ഞാൻ നോക്കി തരാമെന്ന് പറയാൻ വന്നതാ. പോട്ടെ സർ..."

"ഹ്മ്മ്..."

സല്യൂട്ട് ചെയ്തിട്ട് ഷിബു പോയി. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കോൺസ്റ്റബിൾ സുകുമാരൻ വന്നു.

"സർ... സാറിന്റെ വൈഫ്‌ വന്നിട്ടുണ്ട്"

"ങേ? രെച്ചുവോ?"

"എന്ത് പറയണം സർ? ഇങ്ങോട്ട് വരാൻ പറയട്ടെ?"

"ആഹ്... ഓക്കേ..."

'രെച്ചു എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്. അവിടെ നിന്നും ഇറങ്ങിയിട്ട് വീട്ടിലേക്ക് എന്താ പോകാത്തെ?'

കാർത്തി കസേരയിൽ ഇരുന്ന് ഓരോന്നും ആലോചിച്ചു കൊണ്ടിരിക്കവേ രശ്മി അകത്തേക്ക് വന്നു. അവളുടെ മുഖത്ത് ദേഷ്യമുള്ളതായി അവന് തോന്നി.
(തുടരും)
©ഗ്രീഷ്മ. എസ്
[പാർട്ട്‌ ഇഷ്ടമായെങ്കിൽ ലൈക്കും കമെന്റും ചെയ്യണേ😌. പിന്നെ, കോളേജിൽ നടന്ന പ്രോഗ്രാം ശെരിക്ക് നടന്നതാട്ടോ... അന്ന് ഞാൻ പറഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ😬🙈]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top