ഇനിയെന്നും നിനക്കായി.. 11

Valappottukal
ഇനിയെന്നും നിനക്കായി.. 11


മ്. അതു മാത്രമല്ല.. അഖില അടക്കം മൂന്നാമതൊരാൾ ഇക്കാര്യം അറിയാതിരിക്കാനും നമ്മൾ ശ്രദ്ധിക്കണം..

ദേവയാനി പറഞ്ഞു..

വാതിലിനു മറവിൽ നിന്നും മൂന്നാമതൊരാൾ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന കാര്യം ആരും അറിഞ്ഞില്ല..

ആ കണ്ണുകളിൽ സങ്കടവും ദേഷ്യവുമെരിഞ്ഞു..

നിസ്സഹായതയോടെ അയാൾ തിരിഞ്ഞു നടന്നു..നിസ്സഹായതയ്ക്കിടയിലും ഒരു മുഖം മാത്രം അയാളുടെയുള്ളിൽ നിറഞ്ഞു നിന്നു.

നിശ്ചദാർഥ്യത്തോടെ ആ നിഴൽ വരാന്തയിൽ നിന്നും നടന്നകന്നു.

*****************************

ഫോണിൽ അലാറം അടിക്കുന്നത് കേട്ടാണ് നവീൻ കണ്ണു തുറന്നു.. അവൻ കയ്യെത്തിച്ചു അലാറം ഓഫാക്കി..

അവൻ തിരിഞ്ഞു നോക്കിയതും തന്നോട് ചേർന്നുറങ്ങുന്ന ആദിയെ അവൻ കണ്ടു.. അവൻ അവളെ അൽപ്പം നീക്കി കിടത്തി.. കരഞ്ഞു കരഞ്ഞു കണ്ണും മുഖവും വീങ്ങി ഇരിക്കുകയാണ്.. അവൻ അവളുടെ മുഖത്തു പതിയെ തഴുകി..

അവനു എന്തോ സംശയം തോന്നി അവൻ നെറ്റിയിൽ കൈ വെച്ചു നോക്കിയതും തീ പോലെ പൊള്ളുകയായിരുന്നു അവളെ..

അവൻ പെട്ടെന്ന് പോയി ഫ്രഷായി വന്നു.. താഴെ റീസെപ്ഷനിൽ വിളിച്ചു കോഫി ഓർഡർ ചെയ്ത ശേഷമാണ് അവളെ അവൻ തട്ടി വിളിച്ചത്..

ആദി..ആദി..

അവൻ വിളിച്ചു..

ഒരഞ്ചു മിനിറ്റൂടെ അച്ഛാ..

അവൾ ചിണുങ്ങി..

അവന്റെ കണ്ണുകൾ അവൻപോലുമറിയാതെ. നിറഞ്ഞു.. കുറച്ചു നിമിഷം അവളെ നോക്കിയിരുന്നു അവൻ..

**********************************

കർമ്മങ്ങൾ ഓരോന്നും കഴിഞ്ഞു..പുലവീടൽ കഴിഞ്ഞതും ഒട്ടുമിക്ക ബന്ധുക്കളും സ്ഥലം വിട്ടു.. എത്രയൊക്കെയാണെങ്കിലും ഒരു പെണ്കുട്ടിയാണ് അവൾ തലയിലായാലോ എന്നൊരു ചിന്ത കൊണ്ടാകണം ആരും പിന്നെ അധികം ഫോൺ വിളി പോലും ചെയ്തില്ല..

ഏട്ടാ..

പാർവതി വരാന്തയിൽ ഇരിക്കുന്ന മാധവമേനോനെ വിളിച്ചു..

അയാൾ തിരിഞ്ഞു അവരെ നോക്കി..

കാര്യങ്ങളെല്ലാം കഴിഞ്ഞില്ലേ.. ഇനിയും അവിടെ ചെന്നില്ലെങ്കിൽ കമ്പനി കാര്യങ്ങളൊക്കെ തകരാറിലാകും അതുകൊണ്ട് നാളെ തന്നെ മടങ്ങാം എന്നാണ് ഏട്ടൻ പറയുന്നത്..

നിറകണ്ണുകളോടെ പാർവതി പറഞ്ഞു..

മ്.. എനിക്കും പോകണം.. ദേവയാനിയും വിളിച്ചുകൊണ്ടിരിക്കുകയാണ്..

മാധവമേനോൻ പറഞ്ഞു..

അത്..ഞാൻ..

പാർവതി എന്തോ പറയാൻ ശ്രമിച്ചതും പ്രഭാകർ കൂടി അവിടേയ്ക്ക് വന്നു..ഒപ്പം ആദിയും ഉണ്ടായിരുന്നു..

പാർവതി അവളുടെ അടുത്തു ചെന്നു അവളെ ചേർത്തു പിടിച്ചു..

ബോഡി കൊണ്ടുവന്ന ശേഷം അടക്കവും കഴിഞ്ഞു അകത്തു കയറിയതാണ് ആദി.. അവൾ പിന്നെ പുറത്തേയ്ക്കിറങ്ങിയിട്ടേയില്ല .

അപ്പോഴേയ്ക്കും പുറത്തു പോയിട്ടു നവീനും മടങ്ങി വന്നിരുന്നു.

അവൻ ബൈക്ക് സ്റ്റാൻഡിൽ ഇട്ടു വെച്ചിട്ട് അകത്തേയ്ക്കു കയറി..

ബാംഗ്ളൂർക്ക് നാളെ ഉച്ചയ്ക്ക് ഫ്ലൈറ്റ് ഉണ്ട്.. ടിക്കെറ്റ് അവൈലബിൾ ആണ്..

അവൻ പറഞ്ഞതും ആദി സങ്കടത്തോടെ അവനെയും പാർവതിയെയും നോക്കി..

കാര്യം മനസ്സിലാക്കിയിട്ടെന്നോണം പാർവതി അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു..

ഏട്ടാ..ഞങ്ങൾ മോളെ കൂടെ എന്നാൽ കൊണ്ടു പോകുകയാ..തൽക്കാലം ഇവിടുത്തെ സാഹചര്യങ്ങളിൽ നിന്നൊന്നു മാറി നിൽക്കുന്നതാകും അവൾക്കും സമാധാനം.. ഇവിടെ അങ്ങനെ ഏല്പിച്ചിട്ടു പോകാനും വേറെ ആരും ഇല്ലല്ലോ..

ഈ വർഷം അവൾക്ക് എന്തായാലും സ്കൂൾ മാറണമല്ലോ..അപ്പൊ അടുത്ത വർഷം അവിടെ ചേർത്തു കൊള്ളാം ഞങ്ങൾ..

പ്രഭാകർ പറഞ്ഞു...

ആദിക്കൽപ്പം ആശ്വാസം തോന്നി..

അത് വേണ്ട..

മാധവമേനോൻ പറഞ്ഞു..

ആദി പാർവതിയെ നോക്കി.അവരുടെ കൈകൾ അപ്പോഴും തന്നിൽ ചേർന്നു ഇരിക്കുകയാണ്.. അമ്മയെപ്പോലെ ഈ 10 16 ദിവസമായി തന്നെ നോക്കുന്നത് അവരാണ്..

അത് ഏട്ടാ..

പാർവതി വിളിച്ചു..

ആദിയെ ഞാൻ കൊണ്ടുപോകുകയാണ്..

മാധവമേനോൻ പറഞ്ഞു..

അത് ശെരിയാകില്ല ഏട്ടാ.. ഒന്നാമത് ഏട്ടത്തിക്ക് ആദിയെ കണ്ടൂടാ.  അടക്കത്തിന്റെ പിറ്റേന്ന് തന്നെ ആദി അവരുടെ തലയിലാകും എന്നും പറഞ്ഞോണ്ടാ അവരിവിടുന്നു പോയത്..

പാർവതി അൽപ്പം.ദേഷ്യത്തോടെ പറഞ്ഞു..

അതേ ഏട്ടാ.. എന്നായാലും ആദിമോൾ ഞങ്ങളുടെ കുടുംബത്തേയ്ക്കു വന്നു കയറേണ്ട കുഞ്ഞല്ലേ.. പ്രസാദ് ജീവനോടെ ഉണ്ടായിരുന്നപ്പോഴേ പറഞ്ഞുവെച്ചതാ എന്റെ നവീനുള്ളതാ ആദി മോൾ എന്ന്..

പ്രഭാകർ പറഞ്ഞു..

ഒക്കെ ശെരിയാണ് പ്രഭാകരാ... അതൊക്കെ കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത് ആദിയെ ഞാൻ കൊണ്ട് പൊയ്ക്കോളാം എന്നു.. നവീനിന്റെ ഭാര്യയായി അവൾ കയറി വരും പോലെ അല്ല ഇപ്പോൾ അവൾ കയറി വരുന്നത്.. ഏതായാലും ഒരു 5ഓ 6ഓ വർഷം.. അതിനുള്ളിൽ ആദിയെ നിങ്ങൾ മരുമകളായി കൊണ്ട് പോകുമല്ലോ.. അതുവരെ അവൾ എന്റെ മോളായി വളർന്നോളും.. നാട്ടുകാർ വേറൊന്നും പറയാനും ഇടവരില്ല..

മാധവമേനോൻ പറഞ്ഞു..

അത്..

പാർവതി പറയാൻ വന്നതും മാധവമേനോൻ കയ്യുയർത്തി അവരെ തടഞ്ഞു..

ആദി മോളെ.. ഇങ്ങു വാ..

അയാൾ വിളിച്ചു..

അവൾ പാർവതിയെ നോക്കി..അവർ എന്തു പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു..

അവർ അവളെ വിട്ടതും അവൾ അയാളുടെ അടുത്തു പോയി..അയാൾ അവളെ ചേർത്തു പിടിച്ചു..

പ്രഭാകരാ.. ഇവൻ ഇവളെ താലി ചാർത്തി നിങ്ങളുടെ വീട്ടിലേയ്ക്ക് കൊണ്ടുപോകും വരെ അവളെന്റെ കൂടെ സുരക്ഷിതയായിരിക്കും.. എനിക്കറിയാം ദേവയാനിക്ക് ഇവളോടുള്ള താത്പര്യക്കുറവാണ് നിങ്ങളുടെ പ്രശ്നം എന്നു.. പക്ഷെ അത് ഞാൻ നോക്കികൊള്ളാം..

മാധവമേനോൻ ആദിയെ ചേർത്തു പിടിച്ചു പറഞ്ഞു.. നിറകണ്ണുകൾ തുടച്ചവൾ വീടിന്റെ തെക്കേ പറമ്പിലേക്ക് നോക്കി.. അവിടെ ഒരൊഴിഞ്ഞ കോണിൽ മണ്ണിലലിഞ്ഞ തന്റെ അച്ഛനെയും അമ്മയെയും നോക്കി അവൾ മനസ്സുകൊണ്ട് പ്രാർഥിച്ചത് അപ്പോഴും ഒന്നുമാത്രമായിരുന്നു..

ജീവിതത്തിൽ ഒരിക്കലും താൻ ഒരാൾക്കും ബാധ്യത ആകരുതെന്നു..

*******************************

ദിവസങ്ങൾ കടന്നു പോയി.. ആദിയെ കൂട്ടികൊണ്ട് വന്നത് ദേവയാനിക്ക് ശെരിക്കും ദേഷ്യമായിരുന്നു.. പക്ഷെ മാധവമേനോൻ എന്ന വന്മത്തിലിനിപ്പുറം ഒന്നനങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു അവർ..

ആദിയെ ജോലിയെടുപ്പിച്ചും വാക്കുകൾകൊണ്ട് മുറിവേൽപ്പിച്ചും വിജയിക്കാൻ ശ്രമിക്കുമ്പോഴൊക്കെ ഒരു തടസമായി മാധവമേനോൻ നിലകൊണ്ടു.. ആദി അദ്ദേഹത്തിന് അനുജന്റെ മകൾ എന്നതിലുപരി സ്വന്തം മകൾ എന്ന നിലയിലേക്ക് വളരാൻ അധികം താമസിച്ചില്ല .

ആദിയുടെ പേരിലുള്ള ബിസിനസും മാധവമേനോനാണ് നോക്കി നടത്തിയത്.. അതു നാൾക്കുനാൾ വളർന്നതും മാധവമേനോന്റെ കൂടെ അധ്വാനത്തിൽ നിന്നായിരുന്നു..

ആദി നിശ്ചയദാർഢ്യത്തോടെ തന്നെ വളർന്നു.. എല്ലാ മാസവും അവളെ കാണാൻ പാർവതിയും പ്രഭാകറും നവീനും എത്തുമായിരുന്നു.. ആ ദിവസങ്ങളിൽ പ്രസാദിന്റെ വീട്ടിലായിരുന്നു അവർ ഒത്തുകൂടുന്നത്.  ആ ദിവസങ്ങൾ നവീനുമായി കൂടുതൽ അടുക്കാനും ആദിയെ സഹായിച്ചു..

പഠനത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ബുദ്ധിയിലും കഴിവിലുമൊക്കെ സൂര്യയെക്കാൾ എപ്പോഴും മുൻപന്തിയിൽ തന്നെയായിരുന്നു ആദി.. സ്വഭാവഗുണം കൊണ്ടുതന്നെ  അവൾ മാധവമേനോന്റെയും അഖിലയുടെയും മനം കവർന്നു.. അഖിലേക്കും ആദിയെയായിരുന്നു സൂര്യയെക്കാൾ ഇഷ്ട്ടം..

ആദിയേച്ചി..ആദിയേച്ചീ..

ബാഗ് എടുത്തു ഇറങ്ങാൻ നിൽക്കെ അഖിലയുടെ വിളി കേട്ടതും ആദി തിരിഞ്ഞു നോക്കി..

എന്താ മോളെ..

അവൾ പുറത്തേയ്ക്കിറങ്ങികൊണ്ട് ചോദിച്ചു..

ഇന്ന് പോകേണ്ടാ..

അവൾ അണച്ചുകൊണ്ടാണ് പറഞ്ഞത്..

ഹേ.  എടി ഇന്നെനിക്ക് അസ്സൈന്മെന്റ് വെയ്ക്കാനുണ്ട്.  ചെന്നില്ലേൽ പണിയാ . ഒന്നാമത് അടുത്ത മാസം മോഡൽ തുടങ്ങും..

ആദി ബുക്കുകൾ അടുക്കിക്കൊണ്ടു പറഞ്ഞു..

ഓ.. എന്റെ പൊന്നു ആദിയേച്ചീ.. പുറത്തു അപ്പച്ചിയും നവീനേട്ടനും വന്നു നിൽക്കുന്നു ചേച്ചിയെ കൊണ്ടുപോകാൻ..

അഖില അവളെ പിടിച്ചു നിർത്തിക്കൊണ്ടു പറഞ്ഞു..

അവൾ പെട്ടെന്നുള്ള അത്ഭുതത്തിൽ തിരിഞ്ഞു..

തിരിഞ്ഞതും കണ്ടു വാതിൽക്കൽ കയ്യും കെട്ടി നോക്കി നിൽക്കുന്ന നവീനെ..

അവൾ അവനെ നോക്കി പുഞ്ചിരിച്ചു..

എന്താടോ ഒരു വിളറിയ ചിരി..

അവൻ ചോദിച്ചു..

ഹേയ് ഒന്നൂല്യ.. നവീൻ എന്നു വന്നു.. ബംഗ്ലൂരിന്നു..

അവൾ ചോദിച്ചു..

ഇന്നലെ..

അവൻ പറഞ്ഞു..

ഞാൻ കാപ്പിയെടുക്കാമെ ചേട്ടാ..

അഖില പറഞ്ഞു..

ഹേയ്. വേണ്ട മോളെ.. 'അമ്മ എന്തിയെ.. സൂര്യയെയും കണ്ടില്ലല്ലോ..

അവൻ ചോദിച്ചു..

അമ്മയും ചേച്ചിയും കൂടെ അമ്മേടെ വീട്ടിൽ പോയതാ..അതല്ലേ ആദിയേച്ചിക്ക് ഇത്ര ഉത്സാഹം..

അവൾ പറഞ്ഞു..

അവൻ അവളെ നോക്കി..

ആദിയുടെ മുഖം താഴ്ന്നു..

കാപ്പിയെടുത്തിട്ടു വരാമേ.

അഖില പറഞ്ഞിട്ടു തിരിഞ്ഞു..

അതേ.  തിരിച്ചു വരുമ്പോൾ ഇതിനെ ഇങ്ങനെ തന്നെ വെച്ചേയ്ക്കണേ..

പോകും വഴി കുറുമ്പോടെ അതും പറഞ്ഞവൾ ഓടി .

ഡി.

അവൻ കയ്യോങ്ങും മുൻപേ അവൾ സ്ഥലം വിട്ടിരുന്നു..

ആദി അവനെ കളിയാക്കി ചിരിച്ചുകൊണ്ട് നിന്നു...

അതു കണ്ടതും അവൻ അവളുടെ അടുത്തേക്ക് ചെന്നു..

അവൾ ചിരിയോടെ മുൻപോട്ട് നോക്കിയതും തന്റെ തൊട്ടരികിൽ നിൽക്കുന്ന നവീനെ അവൾ കണ്ടു..

ആ ചിരി പതിയെ മങ്ങി. 

എ.. എന്താ..

അവൾ ചോദിച്ചു..

ഒന്നൂല്യ.. അവൾ പറഞ്ഞതിനല്ലേ ചിരിച്ചത്.. അപ്പൊ അതങ്ങു ചെയ്തു കാണിച്ചേക്കാമെന്നു വെച്ചു..

അവൻ അവളെ വശ്യമായി നോക്കികൊണ്ട് മുൻപോട്ട് നടന്നു..

എന്ത്..

അവൾ അത്ഭുതത്തോടെ ചോദിച്ചു..

പറയണോ.

അതോ..

അവൻ മീശ പിരിച്ചുകൊണ്ട ചോദിക്കുന്നതിനൊപ്പം.അവളുടെ അരികിലേക്ക് നടന്നു.. അവൻ തന്റെ തൊട്ടടുത്തെത്തി എന്നുറപ്പിച്ചതും അവൾ പുറകിലേക്ക് നീങ്ങി..

ദേ നവീൻ.. കുഞ്ഞു കളിക്കല്ലേ.. മാറിക്കെ..

അവൾ പറഞ്ഞു..

ഇല്ലെങ്കിലോ..

അവൻ പിന്നെയും അവളിലേയ്ക്കടുത്തു..അവൾ പുറകിലെ ഭിത്തിയിൽ തട്ടി നിന്നു..

അവൻ അവളുടെ ഇരുവശത്തുമായി കൈകൾ ഉറപ്പിച്ചു..

നവീൻ.. ആരേലും കണ്ടോണ്ട് വന്നാൽ... മാറ്..

അവൾ പറഞ്ഞു..

വന്നാൽ..

അവൻ ചോദിച്ചു..

അയ്യോ വല്യച്ഛൻ..

അവൾ പറഞ്ഞതും അവൻ വെട്ടിത്തിരിഞ്ഞു.. ആ നേരം കൊണ്ടവൾ അവനിൽ നിന്നും രക്ഷപ്പെട്ടിരുന്നു..

ഡി..

അവൻ വിളിച്ചു..

വേല കയ്യിൽ വെച്ചോട്ടോ..

അതും പറഞ്ഞവൾ ഓടിയിറങ്ങി..

പെട്ടെണ്ണകത്തേയ്ക്കു വന്ന ആരെയോ തട്ടി അവൾ വീഴാൻ പോയി.

ആദി...

****************************

ആദി..

നവീനിന്റെ വിളി കേട്ടു ആദി ഞെട്ടിയുണർന്നു..

തന്റെ അരികിൽ ഇരിക്കുന്ന നവീനെ കണ്ടതും അവൾ പിടഞ്ഞെഴുന്നേറ്റു..

ദേഹമൊക്കെ വല്ലാതെ വേദനിക്കുന്നു.. നല്ലപോലെ തണുക്കുന്നു..

അവൾ പുതപ്പെടുത്തു പുതച്ചു..

തണുക്കുന്നുണ്ടോ..

അവൻ സൗമ്യമായി ചോദിച്ചു..

മ്..

അവൾ മൂളി..

പല്ലുതേച്ചു ഒരിച്ചിരി കാപ്പി കുടിച്ചിട്ട് കിടന്നോളൂ..

അവന്റെ ഭാവം കണ്ട് അവൾ അവനെ നോക്കി നിന്നു..

എന്തു കാഴ്ച കണ്ടോണ്ട് നിൽക്കുവാ.. ഇന്ന് 10 അരയ്ക്ക് എനിക്ക് മീറ്റിങ് ഉണ്ട്.. അതിനു മുന്നേ അവിടെ എത്തേണ്ടതാ.. പറയുന്നത് ഒന്നു അനുസരിക്കാൻ ഭവതിക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ..

തന്നെ നോക്കി നിൽക്കുന്ന ആദിയോടായി അവൻ അൽപ്പം ദേഷ്യത്തിൽ ചോദിച്ചു..

സോറി..

അവൾ നിറമിഴികളോടെ പറഞ്ഞു..

എന്തിന്..

അവൻ ദേഷ്യത്തിൽ തന്നെയാണ് ചോദിച്ചത്..

ഇന്നലെ രാത്രി അച്ഛനെയും അമ്മയെയും സ്വപ്നം കണ്ടു.. അത് കണ്ടു ഉണർന്നപ്പോഴാ ഞാൻ.. പെട്ടെന്ന് എന്തോ..

അവൾ പറഞ്ഞുകൊണ്ട് തല കുനിച്ചു..

പിന്നേ ഞാൻ വിശ്വസിച്ചു.. പാതിരാത്രി മനുഷ്യന്റെ കുത്തിന് കേറി പിടിച്ചിട്ട് വായിൽ വരുന്നതൊക്കെ വിളിച്ചു പറഞ്ഞിട്ട് നേരം വെളുക്കുമ്പോൾ സോറി പറഞ്ഞാൽ മതി..എല്ലാം തികയുമല്ലോ...

അവൻ പറഞ്ഞു..

അവൾ ഒന്നും മിണ്ടാതെ  തലതാഴ്ത്തി നിന്നു..

തമ്പുരാട്ടി ദിവാസ്വപ്നം കാണുകയാണോ..

അവൻ ചോദിച്ചു..

അവൾ ഒന്നും മിണ്ടിയില്ല..കണ്ണു തുടച്ചു ബാത്റൂമിൽ കയറി വാതിൽ അടച്ചു..

നവീൻ പോലുമറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

നിന്റെ കണ്ണുകളിൽ കാണുന്ന എന്നോടുള്ള പ്രണയം..അതെന്റെ ജീവനാണ് ആദി.. നീ പോലുമറിയാത്ത നിന്നോടുള്ള ഭ്രാന്തമായ പ്രണയം..

അവൻ മനസ്സിൽ പറഞ്ഞു..

അവൾ പല്ലു തേച്ച ശേഷം കട്ടിലിൽ വന്നിരുന്നു..

നല്ല ദേഹം വേദനയും തലവേദനയും ഉണ്ട്.. അവൾ പതിയെ കട്ടിലിന്റെ ക്രേറ്റിൽ ചാരി ഇരുന്നു..

ഡോറിൽ നോക്ക് ചെയ്യുന്നത് കേട്ടതും അവൾ പതിയെ എഴുന്നേറ്റു..

അപ്പോഴേയ്ക്കും നവീൻ വാതിൽ തുറന്നിരുന്നു..

സർ കോഫി വിത് ബ്രേക്ഫാസ്റ്റ്..

അയാൾ പറഞ്ഞു..

ഓകെ..Where is the hospital here?

അവൻ ചോദിച്ചു..

Hospital is just about 10 km from the hotel sir..Is there any emergency situation we will arrange the ambulance

അയാൾ പറഞ്ഞു.

No its ok..

അവൻ പറഞ്ഞ ശേഷം അയാൾ പോയതും അവൻ വാതിൽ അടച്ചു..

ആസ്പത്രിൽ പോണം.. വേഗം റെഡിയാക്..

അവൻ പറഞ്ഞു..

എനിക്ക് പോകേണ്ട . ഞാൻ ഒന്ന് കിടന്നോട്ടെ..

അവൾ ചോദിച്ചു..

ഞാൻ പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി.. കൂടുതൽ ഇങ്ങോട്ടൊന്നും പറയേണ്ട..

അവൻ പറഞ്ഞു..

അവൾക്ക് ദേഷ്യം വന്നു..

എനിക്കൊരസുഖവും ഇല്ല.. എനിക്കൊന്ന് കിടന്നാൽ മതി..ഞാൻ വേറെ എങ്ങോട്ടും വരില്ല..

അവൾ വാശിയോടെ പറഞ്ഞു..

ഓകെ.. എന്നാൽ ഒരു കാര്യം ചെയ്യൂ.. വേഗം റെഡി ആയിക്കോ.. നമുക്ക് ബിസിനെസ്സ് മീറ്റിങ്ങിന് പോകണം..

അവൻ പറഞ്ഞു..

എനിക്ക് വയ്യാ..

അവൾ പറഞ്ഞു..

വയ്യെങ്കിൽ അടങ്ങിയിരിക്കണം..ഹോസ്പിറ്റലിൽ പോകണം.. ഇതിനൊന്നും വയ്യാത്ത നിനക്കു ഒരസുഖവും ഇല്ല എന്നു ഞാൻ പറയും..

അവൻ പറഞ്ഞു..

ഞാൻ വരാം.. മീറ്റിങ്ങിനോ.. പിന്നെ ബീച്ചിലോ ഒക്കെ വരാം.. അല്ലെങ്കിലും എന്നെ വിലയ്ക്ക് എടുത്തതാണല്ലോ.. എന്തു ചെയ്താൽ എന്താ കുഴപ്പം.. നിങ്ങൾക്ക് രാത്രിയിൽ ഉള്ള ആവശ്യങ്ങൾ നടന്നാൽ പോരെ.

അതും പറഞ്ഞു അവൾ പെട്ടി തുറന്നൊരു ചുരിദാറും എടുത്തു വാഷ് റൂമിൽ കയറി..

അവൻ മീറ്റിങ്ങിനുള്ള ഫയലുകൾ ഓരോന്നായി അടുക്കി വെച്ചു.. അതൊക്കെ ബാഗിൽ ആക്കി..

കട്ടിലിൽ ഇരുന്ന ലാപിലെ ഡോക്യുമെന്റ്‌സ് ഒക്കെ വിശദമായി നോക്കി..

അപ്പോഴേയ്ക്കും അവൾ ഇറങ്ങി . ഷാളുമെടുത്തു ഇട്ട് അവൾ വേഗം റെഡിയായി..

അപ്പോഴേയ്ക്കും അവൻ ലാപ് കൂടി ബാഗിലാക്കി..

ഇറങ്ങു.. ഇന്നത്തെ മീറ്റിങ് അടുത്തുള്ള ഒരു റിസോർട്ടിൽ വെച്ചിട്ടാ.  അതു കഴിയുമ്പോൾ ഇന്റർനാഷണൽ ബിസിനെസ്സ് ആൻഡ് ഇറ്റ്‌സ് ഇമ്പോർട്ടൻസ് റ്റു കീപ് സസ്റ്റൈനബിലിറ്റി..

ഇതാ ഇന്നത്തെ ടോപ്പിക്.. അവിടെ പലരും ഇതേപ്പറ്റിയൊക്കെ തമ്മിൽ സംസാരിക്കും..കുന്തം വിഴുങ്ങിയ പോലത്തെ ഈ നിൽപ്പ് അവിടെ കാണിക്കരുത്..കേട്ടല്ലോ..

അവൻ പറഞ്ഞു..

പോകാം..

അവൾ ചോദിച്ചു..

എല്ലാം എടുത്തു എന്നുറപ്പിച്ച ശേഷം ബാഗുമെടുത്തു റൂം പൂട്ടി അവരിറങ്ങി..

നീ റീസെപ്ഷനിൽ പൊയ്ക്കോ..ൻ ഞാൻ ഒരാളെ കണ്ടിട്ടു വേഗം വന്നേക്കാം..

അവൻ പറഞ്ഞു..

അവൾ ഒന്നും മിണ്ടാതെ ളിഫ്റ്റിനരികിലേയ്ക്കു
നടന്നു.. അവൻ വേഗം എതിർദിശയിലേയ്ക്കു നടന്നു..

****************************

നീരജേ ഡാ.. നീ കഴിക്കാൻ വരുന്നില്ലേ..

നീലിമ ഉറക്കെ വിളിച്ചു..

എന്റെ നീലി നീ ഇങ്ങനെ കള്ളിയാങ്കാട്ടു നീലിയെ പോലെ അലറാതെഡോ..

ദീപക് അതും പറഞ്ഞു കസേര നീക്കിയിട്ടിരുന്നു..

ദേ.. കെട്ടിയോനാണെന്നു നോക്കില്ല ഞാൻ..കയ്യിൽ ചൂട് കറിയാ മണ്ടയ്ക്കൊഴിക്കും ഞാൻ..

അവൾ പറഞ്ഞു..

കസേര നീക്കിയിട്ടു പുഞ്ചിരിയോടെ ഇരിക്കുന്ന രാജീവനെ നോക്കി അവൻ നിസ്സഹായതയോടെ നിന്നു..

ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ അയാൾ അവനെ നോക്കി ചിരിച്ചു..

ഇരിക്കുന്നുണ്ടോ.. എനിക്ക് വിശക്കുന്നുണ്ട്. ഡാ.. നീരജേ.. കഴിക്കാൻ വായോ..

അവൾ അലറി..

എന്റെ നീലി..

ദീപക് എന്തോ പറയാൻ വന്നതും അവളൊരു നോട്ടം നോക്കി..

അവൻ വിളറിയ ഒരു ചിരിയോടെ രാജീവിനെ നോക്കി.. പിന്നെ 4 പാത്രം മേശയിൽ നിരത്തി..

എന്റെ ചേച്ചി.. കിടന്നു കാറേണ്ട.. ഞാൻ എത്തി .

നീരജ് സ്റ്റെപ്പ് ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു..

എത്ര നേരമായി ഡാ ഇവൾ ഇവിടെ കിടന്നു വിളിക്കുന്നു.. നിനക്കൊരു മറുപടി പറഞ്ഞൂടെ.. അവൾ ആ ആശുപത്രിയിൽ കിടന്നു പെടാപ്പാട് പെട്ടിട്ടല്ലേ ഇങ്ങോട്ട് വരുന്നത്.. എന്നിട്ടല്ലേ നമുക്കെല്ലാം വേണ്ടി എന്റെ പാവം ഭാര്യ അടുക്കളയിൽ കയറി കഷ്ടപ്പെട്ടിത്തൊക്കെ ഉണ്ടാക്കുന്നത്.  ഒരു മര്യാദയൊക്കെ വേണ്ടേ നീരജേ..

ദീപക് പറഞ്ഞു..

യ്യോ.. അവിടുന്നു അത്രയ്ക്കും വളർന്നു വന്നത് ഈയുള്ളവൾ അറിഞ്ഞില്ലല്ലോ..

നീലിമ പുഞ്ചിരിയോടെ ദീപക്കിനോട് പറഞ്ഞു..

ഈ...

ഇങ്ങേരെ ഞാൻ..

അവൾ പാത്രം വെച്ചു ഒരു തവിയടുത്തു ദീപാക്കിന്‌ നേരെ ഓങ്ങി..

അവനൊരു വളിച്ച ചിരി പാസ്സാക്കി..

അപ്പോഴേയ്ക്കും നീരജ് പൊട്ടിച്ചിരിച്ചു.. അവനിൽ നിന്നും ആ ചിരി രാജീവിലേയ്ക്കും തുടർന്ന് ദീപക്കിലേയ്ക്കും നീലിമായിലേയ്ക്കും പകർന്നു..

കഴിപ്പു കഴിഞ്ഞു ദീപക്  റൂമിൽ കിടക്ക വിരിച്ചു കൊണ്ടിരിക്കെയാണ് നീലിമ കുളി കഴിഞ്ഞു ഇറങ്ങി വന്നത്..

അയ്യോ.. ഞാൻ വിരിച്ചേനെയല്ലോ..എന്തേ ഇന്ന് നേരത്തെ കിടക്കാനാണോ..

അവൾ ചോദിച്ചു..

ഹേയ്.. ഞാൻ ഫ്രീയായപ്പോ അങ്ങു ചെയ്തതാ.. പിന്നെ തനിക്കു നേരെ വന്നു കിടക്കാമല്ലോ എന്നു വെച്ചു..

അവൻ പറഞ്ഞു..

അവൾ ചിരിയോടെ ടവ്വൽ വാൾ ഹാങ്ങറിൽ ഇട്ടശേഷം അവന്റെ അരികിൽ ചെന്നിരുന്നു..

ഞാനോർക്കുവായിരുന്നു നീലിമേ..

എന്താ ദീപു..

അവൾ ചോദിച്ചു..

നമ്മുടെ നീരജിന് നല്ല മാറ്റമുണ്ടല്ലേ..

അവൻ ചോദിച്ചു..

എന്റെ മനസ്സിലും അതുതന്നെയായിരുന്നു..എന്നവൻ ചിരിച്ചത് കണ്ടപ്പോ എനിക്ക് കരച്ചിലാ വന്നത്..എത്ര നാളുകൾക്കു ശേഷമാ അവൻ ഇങ്ങനെ.  പാവം അച്ഛനും വലിയ സന്തോഷമായി..

അവൾ പറഞ്ഞു..

ഒക്കെ അന്നത്തെ ആ ആക്സിഡന്റിന് ശേഷമാ.. രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ടവൻ  ഇത്രയ്ക്കു മാറിയെങ്കിൽ അതിനു കാരണം ആ കുട്ടിയാ..

ദീപക് പറഞ്ഞു..

അതേ ദീപു.. ഞാനും അതുതന്നെയാ ആലോചിച്ചത്.. ശരണ്യ പോയതിൽ പിന്നെ ആ മുറിയും കുറച്ചു പുസ്തകങ്ങളും മാത്രമായിരുന്ന അവന്റെ ലോകം ഇപ്പോൾ ഇത്രയെങ്കിലും വിസ്താരമുള്ളതായെങ്കിൽ അതിനു കാരണം അതിഥിയാ.. എങ്ങനെ ആണെങ്കിലും അവളെ ഞാൻ അവന്റെ ലൈഫിൽ കൊണ്ടുവരും ദീപൂ..

അവൾ പറഞ്ഞു..

ഞാനുമുണ്ട് തന്റെ കൂടെ. പക്ഷെ ആ കുട്ടിയുടെ ഫാമിലി..പാസ്റ്റ്..

അവൻ ചോദിച്ചു..

അതെന്തായാലും നമുക്ക് അതു പ്രശ്നമല്ല.. അതിഥിക്ക് ശരണ്യയ്ക്കു ഒരു പകരക്കാരിയാകാൻ സമ്മതമാണെങ്കിൽ ഞാൻ എന്തും ചെയ്യും ദീപൂ.. അത്രയെങ്കിലും നമ്മൾ ചെയ്യേണ്ടേ അവനായി..

അവൾ ചോദിച്ചു..

അവൻ ഒന്നു പുഞ്ചിരിച്ചു..

തന്റെ തീരുമാനം എന്തായാലും ഞാനുണ്ടെടോ കൂടെ..

അയാൾ പറഞ്ഞു...

അവൾ പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ദൂരെ ഏതോ ലോകത്തിരുന്നു  രണ്ടു നക്ഷത്രങ്ങൾ പുഞ്ചിരി തൂക്കിക്കൊണ്ടിരുന്നു..

തുടരും...

കഥയിൽ പാസ്റ്റും പ്രെസെന്റും കൂടി കലർന്ന് എഴുതുന്നത് കൊണ്ടാകാം കഥ ഇങ്ങനെ.. ഈ കഥ ഇങ്ങനെയേ എഴുതാൻ പറ്റുകയുള്ളു.. വേഗം കാര്യങ്ങൾ വ്യക്തമാക്കാം.. എന്തായാലും പ്രിയ വായനക്കാർ തരുന്ന സപ്പോർട്ടിനു ഒത്തിരി നന്ദി..ഈ പാർട്ട് ഇഷ്ടമായാലും ഇല്ലെങ്കിലും പറയണേ .

സസ്നേഹം ഗൗരി..

©Copyright Protected

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top