ഇനിയെന്നും നിനക്കായി.. 10

Valappottukal



എനിക്കറിയാം നവീൻ നിനക്കെന്നെ വെറുക്കാനാകില്ലെന്നു.. പക്ഷെ ഇന്ന് നീ എനിക്ക് മുൻപിൽ എടുത്തണിഞ്ഞിരിക്കുന്ന ഈ മുഖം മൂടിയുടെ അർത്ഥം മാത്രം എനിക്കിന്നും അവ്യക്തമാണ്..

അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് കണ്ണുകൾ ചേർത്തടച്ചു കിടന്നുറങ്ങി..

******************************

അതിഥി..ചിലവുണ്ട് കേട്ടോ..

സ്കൂൾ ബസ്സിൽ നിന്നിറങ്ങാൻ തുടങ്ങവെ രേഷ്മ മിസ് അവളോടായി പറഞ്ഞു..

അവൾ അവരെ സംശയത്തോടെ അവരെ നോക്കി....

സ്കൂൾ ഫെസ്റ്റിന് 3 ഐറ്റെംസിന് സമ്മാനം വാങ്ങിയിട്ട് ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിലുള്ള നോട്ടം കണ്ടോ..

രേഷ്മ മിസ് തമാശയായി പറഞ്ഞു.

നാളെ വരുമ്പോൾ ചിലവ് ചെയ്യണം കേട്ടോ അതിഥി.. അച്ഛനോട് പറയണം.

അവർ പറഞ്ഞു..

ഓകെ മിസ്സ്.. ഉറപ്പായും..

അവൾ പുഞ്ചിരിയോടെ അതും പറഞ്ഞു നിന്നപ്പോഴേയ്ക്കും ബസ് സ്റ്റോപ്പിൽ നിർത്തി..

അവൾ ഇറങ്ങി..

മുൻപോട്ട് നടന്നതും വീടിനരികിൽ ഒരുപാട് ആളുകൾ നിൽക്കുന്നതകണ്ടതും ആദിക്ക് മനസ്സിൽ എന്തോ പോലെ തോന്നി..

പലരും തന്നെ നോക്കി പരസ്പരം ഓരോന്നു പറയുന്നത് കണ്ടപ്പോൾ അവൾക്കു വല്ലാത്ത ഭയം തോന്നി..

അവൾ വേഗം വീട്ടിലേയ്ക്ക് ഓടി..

വീട്ടിന്റെ മുറ്റത്തു നിറയെ ആളുകൾ..

അവൾ ചുറ്റും നോക്കി..

പരിചയമുള്ള ആരും ഇല്ല.

'അമ്മ എവിടെ..

അവൾ ചുറ്റും നോക്കി..

അമ്മേ..

അവൾ വിളിച്ചുകൊണ്ട് അകത്തേയ്ക്കു കയറി..

ഇല്ല 'അമ്മ എവിടെയും ഇല്ല..

അച്ഛാ..

അവൾ ഉറക്കെ വിളിച്ചു..

അമ്മയോ അച്ഛനോ താൻ വരുമ്പോൾ വീട്ടിൽ ഉറപ്പായും ഉണ്ടാകും..ഇതിപ്പോൾ രണ്ടുപേരും കൂടി എവിടെ പോയതാ..

അവൾ ആലോചിച്ചു നിന്നു..

അപ്പോഴേയ്ക്കും മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടതും അവൾ വേഗം മുറ്റത്തേയ്ക്കോടി..

ഒരു ആംബുലൻസ്..

അവൾ നോക്കി നിൽക്കവേ അതിൽ നിന്നും ആരൊക്കെയോ ഇറങ്ങി.. അതിൽ നിന്നും രണ്ടു സ്‌ട്രക്ച്വർ ആരൊക്കെയോ പുറത്തേയ്ക്കെടുത്തു..

വെള്ള തുണിയിൽ പൊതിഞ്ഞ ആ രണ്ടു രൂപങ്ങളെയും അവർ വരാന്തയിൽ കൊണ്ടു കിടത്തി..

അവൾ നോക്കി നിൽക്കവേ ആ പുതപ്പ് ആരൊക്കെയോ നീക്കി..

അതിൽ കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടവൾ  കുറച്ചു നിമിഷം തറഞ്ഞു നിന്നു..

അമ്മേ..

ആ അലർച്ചയോടെ അവൾ നിലത്തേക്ക് ഊർന്നു വീണു..

******************************

കണ്ണുകൾ തുറന്നപ്പോൾ ആരൊക്കെയോ  ചുറ്റുമുണ്ട്..

അവൾ കഴിഞ്ഞതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു..

വെള്ള തുണിക്കെട്ടിൽ പൊതിഞ്ഞെടുത്ത അച്ഛനെയും അമ്മയെയും ഓർമ്മ വന്നതും അവൾ ചാടി എഴുന്നേറ്റു..

മോളെ..

പാർവതി അവളെ വിളിച്ചു..

അപ്പച്ചി.. എന്റെ അച്ഛനും അമ്മയും..അവരെന്തിയെ..

അവൾ ചോദിച്ചു..

പാർവതി വിങ്ങി പൊട്ടുകയായിരുന്നു..

എന്താ അപ്പച്ചി..എന്തിയെ അവർ..

അവൾ അവരെ കുലുക്കി വിളച്ചുകൊണ്ട്‌ ചോദിച്ചു..

അവർ പോയി മോളെ.. നമ്മളെയൊക്കെ വിട്ടു പോയി..

അവർ അവളെ ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞു..

അവൾക്കു മുൻപിൽ ഇരുട്ടു മാത്രമായിരുന്നു അപ്പോഴും..

രാവിലെ വാരിപുണർന്നു യാത്രയാക്കിയ അച്ഛനും അമ്മയും മുൻപിലെ വരാന്തയിൽ വെള്ളതുണിയിൽ പൊതിഞ്ഞു കിടക്കുന്നു എന്നത് ഉൾക്കൊള്ളാനാകാതെ അവൾ നിന്നു..

ആരൊക്കെയോ ചേർന്നു അവളെ മുൻപിൽ കൊണ്ടുപോയി.. കത്തിജ്വലിക്കുന്ന നിലവിളക്കിനു മുൻപിൽ കിടത്തിയിരിക്കുന്ന അച്ഛനെയും അമ്മയെയും അവൾ കണ്ടുനിന്നു.

അവളുടെ കരച്ചിൽ കണ്ടു നിൽക്കാനാകാതെ കൂടിനിന്നവരിൽ പലരും പൊട്ടിക്കരയുകയായിരുന്നു..

കൃഷ്ണപ്രസാദിന്റെയും അമലയുടെയും മൃതദേഹം  കർമ്മങ്ങൾ പൂർത്തിയാക്കി എടുക്കുമ്പോൾ പാർവതിയുടെ നെഞ്ചിൽ കിടന്നു പൊട്ടിക്കരയാനല്ലാതെ മറ്റൊന്നിനും ആദിയെകൊണ്ടാകുമായിരുന്നില്ല..

നവീനിന്റെ നേതൃത്വത്തിൽ കർമ്മങ്ങൾ പൂർത്തിയാക്കി മൃതദേഹം എടുത്തതും അവൾ അലറി കരഞ്ഞു..

അമ്മേ.. പോകല്ലേ അമ്മേ.. എന്റച്ഛനെ കൊണ്ടുപോകല്ലേ.. അപ്പച്ചി ഒന്നു പറയ്..

അവൾ പൊട്ടിക്കരഞ്ഞു..

നവീ.. എന്റച്ഛനെ കൊണ്ടുപോകല്ലെന്നു പറയ് നവി.. പ്ലീസ്.. എന്റച്ഛനെ ഒത്തിരി ഇഷ്ടമായിരുന്നില്ലേ നവീന്.. ഒന്നു പറയ് നവീ.. അമ്മയെ കൊണ്ടുപോകല്ലെന്നു ഒന്നു പറയ്..

അവൾ കർമ്മം ചെയ്തുകൊണ്ടുനിന്ന നവീനടുത്തു ചെന്നു അവന്റെ കാലിൽ വീണു പറഞ്ഞു..

മോളെ..

പാർവതിയും നവീനും പ്രഭകരും മാധവമേനോനും ചേർന്ന് അവളെ താങ്ങി നിർത്തി..

അമ്മേ.. അച്ഛാ..

അവൾ അലറിക്കരഞ്ഞു..

********************************

അമ്മേ...

അവൾ ഞെട്ടിയുണർന്നു..

നവീനും പിടഞ്ഞെഴുന്നേറ്റു..

നവീ.. പറയ് അമ്മയെ കൊണ്ടുപോകല്ലെന്നു പറയ്.. എന്റച്ഛനെ കൊണ്ടുപോകേണ്ടന്നു പറയ് നവീ..

അവൾ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് വിളിച്ചു പറഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞു .

ആദി.. ഹേയ് ആദി.. വിട്.. എന്താ..

അവൻ അവളെ തട്ടിവിളിച്ചപ്പോഴാണ് അവൾ സ്വബോധത്തിലേയ്ക്കു വന്നത്..

അവൾ രണ്ടുനിമിഷം അവനെ നോക്കിയിരുന്നു..

പിന്നെ പൊട്ടിക്കരഞ്ഞു..

എന്തിനാ അച്ഛാ.. എന്തിനാ എന്നെ ഇവിടെ ഇങ്ങനെ ഒറ്റയ്ക്കാക്കി പോയത്.. എന്തിനാ അമ്മേ എന്നെ കൂട്ടാതെ നിങ്ങൾ അന്ന് അമ്പലത്തിൽ പോയത്.  അതുകൊണ്ടല്ലേ ഞാൻ ഇന്നിങ്ങനെ ആയത്..

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ മുട്ടിനുള്ളിൽ മുഖം ഒളിപ്പിച്ചു പൊട്ടിക്കരഞ്ഞു..

ആദി..

നവീൻ അനുതാപതോടെ അവളുടെ തോളിൽ കൈ വെച്ചു..

തൊട്ടുപോകരുത്...

അവൾ പൊട്ടിത്തെറിച്ചു..

മതിയായില്ലേ എല്ലാർക്കും.. ചോദിച്ചത് കേട്ടില്ലേ.. മതിയായില്ലേ എന്ന്..

അവൾ അവനെ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു..

എത്ര സ്നേഹിച്ചതാ നവീ ഞാൻ നിന്നെ.. എത്ര വിശ്വസിച്ചതാ.. എന്നിട്ടും..എന്നിട്ടും നീ.. നീ തന്നെ എന്റെ മാനത്തിനു വിലപറഞ്ഞു.. എന്നെ.. എന്നെ നീ എത്ര ക്രൂരമായാ ഇങ്ങനാക്കി മാറ്റിയത്.. നീ വിളിച്ചാൽ അവിടൊക്കെ വരുന്ന ഒരു പെണ്ണായി സമർഥമായി നീ എന്നെ മാറ്റിയെടുത്തില്ലേ..

ഇനിയും മതിയായില്ലേ നിനക്കു.. നിനക്കേറ്റ അപമാനത്തിനും നീ കുടിച്ച കണ്ണീരിനും പകരമായി എന്നിലെ പെണ്ണിനെ നീ ചവിട്ടിയരച്ചില്ലേ...

അവൾ ചോദിച്ചു.

നിർത്തെടി..

അടുത്ത നിമിഷം അനുതാപത്തിന്റെയും കണ്ണീരിന്റെയും ഭാവം മാറി നവീൻ പൊട്ടിത്തെറിച്ചു..

അവൾ സ്വബോധത്തിലേയ്ക്കു തിരിച്ചു വന്നു..അവൾ അവനെ നോക്കി.. തന്നെ കടിച്ചു കീറാൻ പോരുന്ന ഭാവം..

അവൾ അൽപ്പം ഭയത്തോടെ നീങ്ങിയിരുന്നു..

മിണ്ടിപ്പോകരുത്.. ഇനിയൊരു വാക്കുകൂടി നിന്നിൽ നിന്നു വന്നാൽ..

അവൻ ദേഷ്യത്താൽ  വിറയ്ക്കുകയായിരുന്നു.

കഴിഞ്ഞോ നിന്റെ പ്രസംഗം..

അവൻ ചോദിച്ചു.

കഴിഞ്ഞോന്നു..

അവൻ അവൾക്കരികിലേയ്ക്കിരുന്നു കവിളിൽ കുത്തിപ്പിടിച്ചു ചോദിച്ചു..

അവളുടെ കണ്ണുകൾ നിലയ്ക്കാതെ പെയ്തു..

നീ എന്നെ സ്നേഹിച്ചതിന്റെയും വിശ്വസിച്ചതിന്റെയും കണക്കു പറഞ്ഞു കഴിഞ്ഞോ.. എങ്കിൽ ഞാൻ ചോദിക്കട്ടെ..

ഇത്രയ്ക്കു വിശ്വാസമുള്ള നീ  എന്നെ എല്ലാവരും ചേർന്ന് കുറ്റപ്പെടുത്തിയപ്പോഴും കൂകി വിളിച്ചപ്പോഴും എവിടെയായിരുന്നു..

അവൻ ചോദിച്ചു..

എവിടെയായിരുന്നു എന്നു..

അവൻ വീണ്ടും ചോദിച്ചു..ആദിയുടെ മിഴികൾ അവനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു..

കാലുപിടിച്ചതല്ലേ ഞാൻ നിന്റെ.. എന്നെ വിട്ടു പോകരുതെന്ന്.. എന്റമ്മയും അച്ഛനും പോലും എന്നെ അവിശ്വസിച്ചപ്പോഴും എനിക്ക് വേദന തോന്നിയില്ല.. അന്നും അവർ പറഞ്ഞു എന്നെ ഈ ലോകത്ത് ഏറ്റവും അറിയുന്നത് നിനക്കാണെന്നു എപ്പോഴും പറഞ്ഞത് ഞാനല്ലേ..ആ നീ പോലും എന്നെ വിശ്വസിക്കാത്തിടത്തു അവരെന്തിന് വിശ്വസിക്കണം എന്നു..

സത്യമാണ്.. എനിക്കാനൊരു വിശ്വാസമുണ്ടായിരുന്നു.. നീ നീ എങ്കിലും എന്നെ മനസ്സിലാക്കും എന്നു.. എന്നിട്ട്.. അന്ന് എന്റെ കൈകൾ വിടുവിച്ചു നീ ഇറങ്ങിപ്പോയ ആ ദിവസം മരിച്ചതാ നവീൻ . സ്വയം അവസാനിപ്പിക്കാൻ വരെ ശ്രമിച്ചു ഞാൻ..

അന്നും കണ്ണുതുറന്നപ്പോൾ ഞാൻ അന്വേഷിച്ചത് നിന്നെ ആയിരുന്നു.. എന്നെ ആ അവസ്ഥയിൽ പോലും ഒരുനോക്ക് കാണാൻ ശ്രമിക്കാഞ്ഞ നീ ആണോ ഇപ്പോൾ പറയുന്നത്..

അവൻ പുച്ഛത്തോടെ ചോദിച്ചു.

പിന്നെ നിന്റെ ഇപ്പോഴത്തെ അവസ്ഥ.. അതു ഞാൻ തന്നെയാ ഉണ്ടാക്കി വെച്ചത്.. ഞാനനുഭവിച്ച ഒറ്റപ്പെടലിന്റെയും നിസ്സഹായതുടെയും വേദന നീയും അറിയണം.. അതിനായിട്ടാ ഞാൻ ഇങ്ങനൊരു സിറ്റുവേഷൻ ഉണ്ടാക്കിയെടുത്തത്..

അവൻ പകയോടെ അവളെ നോക്കി..

അവന്റെ ഓരോ വാക്കിലും തന്നിൽ ഉള്ള അവന്റെ ദേഷ്യം അവൾക്കറിയാൻ സാധിക്കുന്നുണ്ടായിരുന്നു..

അവൾ മിണ്ടാതെ തന്നെ നോക്കിയിരുന്നത് കണ്ടതും അവൻ അവളുടെ കവിളിലെ പിടി അയയ്ച്ചു..

അവൾ ഒന്നും മിണ്ടാതെ കിടക്കയിൽ കിടന്നു..

അവൻ ദേഷ്യത്തിൽ പുറത്തേയ്ക്കു ബാൽക്കണിയിലേയ്ക്കിറങ്ങി പോകുന്നതും നോക്കി അവൾ വെറുതെ കിടന്നു.

********************************

വല്യച്ചാ..

അവൾ ഇടറുന്ന ശബ്ദത്തോടെ വിളിച്ചു..

അയാൾ ദേഷ്യത്താൽ  വിറച്ചുകൊണ്ടിരിക്കുകയായിരുന്നു..

മ്..

ഗൗരവത്തിൽ അയാൾ അവളെ നോക്കി..

വല്യച്ചാ.. നവീൻ.. നവീൻ അങ്ങനെയൊന്നും ചെയ്യില്ല വല്യച്ചാ.. നമുക്കറിയില്ലേ നവീനിനെ..

അവൾ അയാൾക്കരികിൽ മുട്ടു കുത്തിയിരുന്നുകൊണ്ട് ചോദിച്ചു..

അയാൾ പുറത്തേയ്ക്ക് നോക്കി ഇരുന്നു..

വല്യച്ചാ..

അവൾ വീണ്ടും വിളിച്ചു..

മ്

അയാൾ മൂളിയതെയുള്ളൂ..

ഞാൻ.. ഞാൻ അവിടെ വരെ ഒന്നു പൊയ്ക്കോട്ടെ വല്യച്ചാ.. വേഗം തിരിച്ചു വരാം..

അവൾ പറഞ്ഞു .

ഓ.. വേഗം ഓടി ചെല്ലു.. അതിന്റെ കുറവേയുള്ളൂ..

ദേവയാനി അതും പറഞ്ഞിറങ്ങി വന്നു..

ദേവയാനിയെ കണ്ടതും അവൾ എഴുന്നേറ്റു..

പിന്നെന്തിനാടി ഇങ്ങേർടെ കൂടെ തിരിച്ചിങ്ങോട്ട് എഴുന്നെള്ളിയത്.. അവനെയും കെട്ടിപ്പിടിച്ചു അവിടെ കിടന്നാൽ പോരായിരുന്നോ..

അവർ പുച്ഛത്തോടെ ചോദിച്ചു..

വല്യമ്മേ പ്ലീസ്.. ദൈവത്തെയോർത്തു ഇങ്ങനൊന്നും പറയല്ലേ വല്യമ്മേ..

അവൾ അപേക്ഷ പോലെ പറഞ്ഞു..

പിന്നെ പിന്നെ ഞാൻ എന്ത് പറയണമെന്നാ.. അവൻ കാരണം നഷ്ടപ്പെട്ടത് എത്ര പേരുടെ ജീവിതമാടി.. ഹേ.. ആ വാര്യത്തെ കൊച്ചു എത്ര പാവമായിരുന്നു..അതിന്റെ ജീവിതമാ ആ ദുഷ്ടൻ കാരണം..

വല്യമ്മേ..

ആദിയുടെ ശബ്ദം ഉയർന്നു..

നവീൻ അങ്ങനെ ചെയ്യില്ല.. അതു മറ്റാരേക്കാളും എനിക്കറിയാം.. കൃഷ്ണയെ നവീൻ എങ്ങനെയാ കണ്ടതെന്നും എനിക്കറിയാം.. നവീൻ കാരണം കൃഷ്ണ എന്നല്ല മറ്റൊരു പെണ്ണും ജീവിതം നഷ്ട്ടപ്പെട്ടു നിൽക്കേണ്ടി വരില്ല..

ആദി പൊട്ടിത്തെറിച്ചു..

ആദി.. മതി നിർത്തൂ..

മാധവമേനോന്റെ ശബ്ദം ഉയർന്നു..

അവൾ പെട്ടെന്ന് നിർത്തി...

വല്യച്ചാ ഞാൻ..

മതി നിർത്താനല്ലേ ഞാൻ പറഞ്ഞത്.. അവന്റെ മഹത്വം നീ ഇവിടെ വിളമ്പേണ്ട..

അയാൾ പറഞ്ഞു..

ഇല്ല വല്യച്ചാ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് വിശ്വാസമാ നവീനെ..

അവൾ പറഞ്ഞു..

പിന്നെ എന്തിനാ ഞാൻ വിളിച്ചപ്പോൾ അവനെ ഉപേക്ഷിച്ചു നീ ഇറങ്ങിവന്നത്..

അയാൾ പൊട്ടിത്തെറിച്ചു..

വല്യച്ഛനു വേണ്ടി..

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..

നവീനിന് മുൻപിലെന്നല്ല ഈ ലോകത്ത് ആരുടെ മുൻപിലും എന്റെ വല്യച്ഛൻ തോറ്റു നിൽക്കുന്നത് എനിക്ക് കണ്ടുനിൽക്കാനാകില്ല.. അതുകൊണ്ടല്ലേ.. ഞാൻ ഇറങ്ങി വന്നത്..

അവൾ വിങ്ങിപ്പൊട്ടി..

അയാളുടെ കൈകൾ അന്നാദ്യമായി അവളുടെ കവിളിൽ പതിഞ്ഞു.. ഒന്നല്ല ഇരു കരണത്തും മാറി മാറി പതിഞ്ഞു.

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്തേയ്ക്കിരുന്നു..
മാധവൻ അങ്ങുന്നേ.. മാധവൻ അങ്ങുന്നേ..

പെട്ടെന്ന് പുറംപണിക്കാരനായ വേലായുധൻ ഓടിവന്നു..

മാധവമേനോൻ എഴുന്നേറ്റു നിന്നു..

എന്താ വേലായുധാ..

ദേവയാനിയാണ് ചോദിച്ചത്..

അത് അങ്ങുന്നേ പ്രഭാകരൻ അങ്ങുന്നിന്റെ മോനില്ലേ ആ കുഞ്ഞു കയ്യുടെ ഞരമ്പ് മുറിച്ചു..

ആദിക്ക് ഹൃദയം നിലയ്ക്കുന്ന പോലെ തോന്നി..

അയ്യോ.. എന്നിട്ട്.. പറ വേലമ്മാവാ.. എന്തായി.. നവീനിന് എങ്ങനുണ്ട്..

അവൾ അയാൾക്കരികിലേയ്ക്ക് ഓടി ചെന്നു..

കുറച്ചു മോശമാ അവസ്ഥേന്നാ അറിഞ്ഞേ .

അയാൾ പറഞ്ഞു..

എനിക്കിപ്പോ കാണണം.. എനിക്കിപ്പോ നവീനിനെ കാണണം..

അവൾ പൊട്ടിക്കരഞ്ഞു..

കേറി പോ ആദി..

ദേവയാനി പറഞ്ഞു..

ഇല്ല.. ഞാൻ പോവാ.. എന്റെ നവീനടുത്തേയ്ക്ക്..

അവൾ പറഞ്ഞു..

ആദി..

ശാസനയോടെ മാധവമേനോൻ വിളിച്ചു..

വല്യച്ചാ പ്ലീസ്.. ആകെ തകർന്നു പോയി എന്റെ നവീൻ.. ഞാൻ.. ഒന്നാശ്വസിപ്പിച്ചോട്ടെ..

അവൾ കെഞ്ചി..

നീ കേറി പോ ആദി..

ദേവയാനി ഒച്ച കൂട്ടി..

ഇല്ല.. ഇനി ആരും സമ്മതിച്ചില്ലെങ്കിലും ഞാൻ പോകും നവീനടുത്തേയ്ക്ക്..

അവൾ ഉറപ്പിച്ചു പറഞ്ഞു..

എങ്കിൽ ഞാൻ അതൊന്നു കാണട്ടെ..

അതും പറഞ്ഞു അവളുടെ കൈ പിടിച്ചു മാധവമേനോൻ അകത്തേയ്ക്കു നടന്നു..

വിട് വല്യച്ചാ.. വല്യച്ചാ വിടാൻ..

അവൾ കുതറി.

അയാൾ അവളെ മുറിയിലെ കട്ടിലിലേക്ക് പിടിച്ചു തള്ളി..

വല്യച്ചാ..

അവൾ ഓടി പുറത്തേക്കു വരും മുൻപേ അയാൾ ആ തടിവാതിൽ അടച്ചു പൂട്ടി..

ഞാൻ പറയാതെ ആരും അവളെ തുറന്നു വിടരുത്.. കേട്ടല്ലോ..

അയാൾ പറഞ്ഞു..

അകത്തു കിടന്നുള്ള അവളുടെ നിലവിളി മാത്രം ആരും കേട്ടില്ല..

രാത്രി ഏറെ വൈകും വരെ ആ വാതിൽ അവൾക്കു മുൻപിൽ അടഞ്ഞു കിടന്നു..

അവൾ പതിയെ നിലത്തു ഒരു മൂലയിൽ ചെന്നിരുന്നു കരഞ്ഞു . അപ്പോഴും അവളുടെ മനസ്സിൽ മുഴുവൻ നവീനായുള്ള പ്രാർത്ഥന ആയിരുന്നു..

കതകു തുറന്നതും അവൾ അവിടേയ്ക്ക് നോക്കി..

മാധവമേനോൻ അവളുടെ അടുത്തു ചെന്നിരുന്നു..

മോളെ..

അയാൾ ആർദ്രമായി വിളിച്ചു..

അവൾ തലയുയർത്തി അയാളെ നോക്കി..

വേദനിച്ചോ മോൾക്ക്..

അയാൾ അവളെ തഴുകിക്കൊണ്ടു ചോദിച്ചു..

വല്യച്ചാ നവീൻ..

അവൾ കേണു..

വേണ്ട മോളെ.. ആ ബന്ധം ഇനി നിനക്കു വേണ്ട..

അയാൾ പറഞ്ഞു..

വല്യച്ചാ.. നവീന് എങ്ങനുണ്ട്.. അതു മാത്രം പറയുമോ..

അവൾ ചോദിച്ചു..

റൂമിലേയ്ക്ക് മാറ്റി.. കുഴപ്പമൊന്നും ഇല്ല..

അയാൾ താൽപര്യമില്ലാതെ പറഞ്ഞു..

അവൾക്കൊരല്പം ആശ്വാസം തോന്നി..

നവീൻ പാവമാ വല്യച്ചാ..

അവൾ പറഞ്ഞു..

അറിയില്ല മോളെ.. പക്ഷെ സാഹചര്യം അവനെതിരാണ്.. അതുപോലെ എനിക്കവന്റെ ഭാഗം ഉൾക്കൊള്ളാൻ ആകില്ല.. പിന്നെ നീ മുൻപ് പറഞ്ഞതുപോലെ എനിക്ക് വേണ്ടിയാണ് നീ ഇവിടേയ്ക്ക് വന്നതെങ്കിൽ എനിക്കായിത്തന്നെ നീ അവനെ മറക്കണം..

ഞാനീ ലോകത്ത് ഏറ്റവും വെറുക്കുന്നത് അവനെയാണ്.. ആ അവനോടൊപ്പം ജീവിക്കാൻ നീ ഇറങ്ങിയാൽ തോറ്റു പോകുന്നതും ഞാനായിരിക്കും.. അതു മാത്രം ഞാൻ സഹിക്കില്ല മോളെ..

അയാൾ പറഞ്ഞു..

വല്യച്ചാ

അവൾ വിളിച്ചു..

പ്രസാദും അമലയും പോയപ്പോൾ നിന്നെ കൂട്ടിക്കൊണ്ടു വന്നതുമുതൽ ഇവിടെ ഞാൻ ഒറ്റപ്പെടുന്നത് നിനക്കറിയാമല്ലോ.. എന്നിട്ടും നിന്റെ കണ്ണു നിറയാൻ ഞാൻ അനുവദിച്ചോ.. ആദ്യമായി അതിന്റെ നന്ദിയെന്നോണം നീ ഇതുമാത്രം ചെയ്തു തന്നാൽ മതി എനിക്ക്
.മറ്റൊരു പെണ്ണിന്റെ മാനത്തിനും ജീവനും ജീവിതത്തിനും മുകളിൽ നിനക്കൊരു ജീവിതം ഇനി വേണ്ട മോളെ.. ഇന്നലെ വരെ നടന്നതൊക്കെ നീ മറക്കണം.

അയാൾ പറഞ്ഞു..

തന്റെ ഹൃദയം പകുത്തു നൽകാനാണ് അയാൾ ആവശ്യപ്പെടുന്നത് എന്നറിഞ്ഞിട്ടും അവൾ അയാളെ നോക്കി വെറുതെ ഇരുന്നു..

ഇനി നിനക്കു പോകണമെങ്കിൽ പോകാം.പക്ഷെ പിന്നെ നീ ഈ വല്യച്ഛൻ ജീവനോടെ കാണില്ല..

വല്യച്ചാ..

അവൾ വേപഥുവോടെ അയാളെ വിളിച്ചു..

ഇത് മാധവമേനോന്റെ വാക്കാണ്.. അത് മാറില്ല.. ഇനി നിനക്കു തീരുമാനിക്കാം എന്തു വേണം എന്ന്..

അതും പറഞ്ഞയാൾ ഇറങ്ങി പോകവെ ശില പോലെ അയാളുടെ പോക്ക് നോക്കി അവൾ ഇരുന്നു..

ഹൃദയത്തിൽ ആയിരം ആണികൾ അടിച്ചിറക്കുന്ന വേദന തോന്നിയിട്ടും ഒന്നു കരയാനോ  തുറന്നു പറയാനോ പോലും ആരുമില്ലാതെ അവൾ മൗനമായി കേണു..

*********************************

നവീനിന്റെ സാമീപ്യം അനുഭവപ്പെട്ടിട്ടും അവൾ കണ്ണുകൾ ഇറുകി അടച്ചു കിടന്നു..

വേദനകൾ പണ്ടേ ഉള്ളിൽ സൂക്ഷിച്ചു വെച്ചു പുഞ്ചിരിക്കുന്നതാണ് ആദിയുടെ ശീലം.. നീ ഇപ്പോൾ ഒന്നും അറിയേണ്ട നവീൻ.. കൂട്ടിവെയ്ക്കുന്നതൊക്കെ പുറത്തുവരുന്ന ഒരു ദിവസം വരും.. അന്നൊരുപക്ഷെ ഒരു പൊട്ടിത്തെറി ഉണ്ടായേക്കാം.. അന്നറിഞ്ഞാൽ മതി ആദിയെ എല്ലാവരും..

മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ കണ്ണുകളടച്ചു കിടന്നു..

ഇടയ്ക്കെപ്പോഴോ നവീനിന്റെ കൈകൾ തന്റെ ദേഹത്തു ചേർത്തുവെയ്ക്കുന്നതവൾ അറിഞ്ഞു..അവന്റെ നെഞ്ചോട് ചേർന്നു കിടക്കുമ്പോഴും അവന് തന്നോടുള്ള ഭാവം എന്താണെന്ന് മനസ്സിലാക്കാൻ അവൾക്കു കഴിഞ്ഞില്ല..

പതിയെ മയക്കത്തിലേയ്ക്ക്  വീഴുമ്പോൾ മുൻപെങ്ങോ അവന്റെ നാവിൽ നിന്നുതിർന്നു വീണ ആ വരികൾ അവളുടെ കാതിൽ അലയടിച്ചു..

നമുക്കായി പിറക്കുന്ന ഒരു പുലരി ഉണ്ടായിരിക്കാം..
അന്ന് സ്വപ്നങ്ങൾ കൊണ്ടു നമുക്കൊരു കൂടുതീർക്കാം..
ആ കൂട്ടിൽ നിന്റെ ചിറകിനടിയിൽ
നിന്റെ ചൂടിൽ സ്വയമലിഞ്ഞു ചേരാൻ
കൊതിയാകുന്നു സഖി..

******************************

അമ്മേ.. അമ്മേ..

സൂര്യയുടെ വിളി കേട്ടു ദേവയാനി അവൾക്കരികിൽ ചെന്നു..

ഈ മുറിയിൽ നമ്മൾ മാത്രമല്ലേ ഉള്ളു.. പിന്നെന്തിനാ നീയീ തൊണ്ട കീറുന്നത് സൂര്യേ.

അവർ ചോദിച്ചു..

എന്റമ്മേ.. ജീവൻ മാത്രേ ഉള്ളെങ്കിലും അങ്ങനൊരു സാധനം കൂടെ ഈ മുറിയിൽ ഉള്ള കാര്യം മറക്കരുത്..

അവൾ മാധവമേനോനെ നോക്കി പുച്ഛത്തോടെ പറഞ്ഞു..

ആ അതവിടെ കിടക്കട്ടെ..

അവരും അതുപോലെ പറഞ്ഞു..

ഇത് പറയാനാണോ നീ വിളിച്ചത്..

അവർ ചോദിച്ചു..

ഹേയ്.. അല്ല.. പിന്നേ.. ആദി എവിടെ പോയതാ..

അവൾ ചോദിച്ചു..

അവൾ അവന്റെയപ്പം പോയതല്ലേ. ബിസിനെസ്സ് ടൂറിന്..

അവർ പറഞ്ഞു..

ഓ .എന്റെ അമ്മേ.. ഏതു നേരവും അവനൊപ്പം അവളിങ്ങനെ നടന്നാൽ നമ്മുടെ കാര്യങ്ങൾ എങ്ങനെയാ നടക്കുന്നത്.

അവൾ ദേഷ്യത്തോടെ ചോദിച്ചു..

അറിയാല്ലോ.. ആ ചെട്ടിയാർ പറഞ്ഞത്.. അവളെ അയാൾക്കൊപ്പം വിട്ടാൽ 15 ലക്ഷമാ അയാൾ നമുക്ക് തരാമെന്നു പറഞ്ഞത്..

സൂര്യ ഓർമ്മിപ്പിച്ചു..

അതെങ്ങനെയാ.. നീ നവീണൊപ്പം പോകേണ്ട ആ ചെട്ടിയാരുടെ കൂടെ പോകാൻ പറയാൻ പറ്റുമോ..

അവർ ചോദിച്ചു..

നേരെ അങ്ങനെ പറയാൻ പറ്റില്ല.. പക്ഷെ അവളെ നവീനിൽ നിന്നും അകറ്റാൻ പറ്റില്ലേ..

സൂര്യ ചോദിച്ചു..

എന്റെ സൂര്യേ.. അതൊന്നും അത്ര നിസ്സാരമല്ല.. നിനക്കാറിയാമല്ലോ നവീനിനെ.. അവൻ ഇടഞ്ഞാൽ നമ്മളെ അതു നന്നായിട്ട് ബാധിക്കും.. അതുകൊണ്ട് അവനെ ഒരു മയത്തിലൊക്കെയെ ഒഴിവാക്കാൻ പറ്റൂ..

ദേവയാനി പറഞ്ഞു.

മ്.. ഒരിക്കൽ ചക്കരയും അടയും പോലെ ഒന്നായിരുന്നവരെ ശത്രുക്കളാക്കി മാറ്റാൻ വരെ നമുക്ക് പറ്റിയില്ലേ.. പിന്നെ നവീനിപ്പോൾ പഴയ നവീൻ ഒന്നുമല്ല.  ആദി ഇപ്പോൾ അവനൊരു വിലയ്ക്കെടുത്ത ഉപകരണം മാത്രമാണ്.. പിന്നെ ഇപ്പോൾ ചെട്ടിയാർ ഇവിടെ ഇല്ലല്ലോ . അയാൾ എത്തും വരെ അവൾ നവീനിനൊപ്പം നിൽക്കട്ടെ.. അതു കഴിയുമ്പോൾ നമ്മൾ അവളെ ചെട്ടിയാരുടെ വീട്ടിൽ എത്തിച്ചിരിക്കും..

അവിടെ അവൾ എത്തിയാൽ പിന്നെ അയാൾ നോക്കിക്കോളും അവളെ.. ഉപയോഗം കഴിഞ്ഞാൽ പുറത്തെവിടെയെങ്കിലും അയാൾ തന്നെ അവളെ എത്തിച്ചോളും.. പിന്നെ അതിഥി എന്നൊരു ശല്യം നമുക്കിടയിൽ ഉണ്ടാകില്ല..

അവർ പറഞ്ഞു..

മ്.  ഏതായാലും അയാൾ നാട്ടിൽ പോയേക്കുവല്ലേ.  6ആമത്തെ കല്യാണം കഴിക്കാൻ..

സൂര്യ ചോദിച്ചു..

മ്.  ഹണിമൂൺ ഒക്കെ കഴിഞ്ഞയാൾ വരുമ്പോഴേയ്ക്കും ഒന്നോരണ്ടോ മാസം എടുക്കും.. അതുകൊണ്ട് അതുവരെ ആദി ഇങ്ങനെ നടക്കട്ടെ..

ആദിയെ കണ്ടു പഠിക്കാൻ പറഞ്ഞ ഇയാളുടെ മുൻപിൽ തന്നെ ഏതവൻ വിളിച്ചാലും അയാൾക്കൊക്കെ കിടക്ക വിരിക്കുന്നവളായി അവൾ നടക്കട്ടെ..

അവർ പൊട്ടിച്ചിരിച്ചു..

അധികം ചിരിക്കേണ്ട.. നവീനാണ് എതിർവശത്തു.. സോ നമ്മൾ നല്ലതുപോലെ സൂക്ഷിക്കണം..

സൂര്യ മുന്നറിയിപ്പ് നൽകി..

മ്. അതു മാത്രമല്ല.. അഖില അടക്കം മൂന്നാമതൊരാൾ ഇക്കാര്യം അറിയാതിരിക്കാനും നമ്മൾ ശ്രദ്ധിക്കണം..

ദേവയാനി പറഞ്ഞു..

വാതിലിനു മറവിൽ നിന്നും മൂന്നാമതൊരാൾ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന കാര്യം ആരും അറിഞ്ഞില്ല..

Next Part Here

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ....

രചന: ഗൗരി ലക്ഷ്‌മി

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top