കലിപ്പൻ & കലിപ്പത്തി, ഭാഗം : 42

Valappottukal
കലിപ്പൻ & കലിപ്പത്തി, ഭാഗം : 42

"പിന്നെ നീ ഫുൾ ജാഡ അല്ലായിരുന്നോ... എത്ര നാള് കഴിഞ്ഞിട്ടാ ഓണം സെലിബ്രേഷന് നീ എന്നോട് ഒന്ന് സംസാരിക്കുന്നതു... സംസാരിക്കുന്നതു പോട്ടേ... ഒന്ന് നോക്കുന്നത്!" സിദ്ധു, അവനെ ഉറ്റു നോക്കി ഇരിക്കുന്ന മിക്കിയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

"ആആഹ്..." അവൾ അവന്റെ കൈ പിടിച്ചു മാറ്റി.."അത് പിന്നെ... എനിക്കറിയില്ലല്ലോ ശരണ്യ ചേച്ചി വെറുതെ തള്ളിയതാണെന്നു! ഞാൻ നോക്കുമ്പോ, ഒരു ഗേൾ ഫ്രണ്ട് ഉണ്ടായിട്ടും, എന്റെ അടുത്ത് ഭയങ്കര flirting..."

"ആരാടി flirt ചെയ്തത്?" അവൻ ചെവിൽ പിടിക്കാനാഞ്ഞു!

"അയ്യോ... നിങ്ങള് ചെയ്‌തെന്നല്ലാ മനുഷ്യാ... എനിക്കറിയില്ലല്ലോ എന്നെ ഇഷ്ടം ആണെന്ന്... എന്റെ മനസ്സിൽ ശരണ്യ ചേച്ചിയുടെ സ്വന്തം ആണല്ലോ mr.സിദ്ധാർഥ് ശങ്കർ! അപ്പൊ ആലോചിച്ചപ്പോ, എനിക്ക് അങ്ങനെ ഒക്കെ തോന്നി. അതിനു എന്നെ തെറ്റ് പറയാൻ പറ്റുവോ?" അവൾ ചോദിച്ചു.

അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട്, ഒന്ന് മൂളി.

"എന്നിട്ടു ബാക്കി പറ..." കഥ കേട്ട് ആകെ ത്രില്ല് അടിച്ചിരിക്കുകയാണ് മിക്കി.

"പിന്നെ എന്താ... അന്ന് കോളേജിൽ വച്ച് ഋഷി എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ നീ എന്നോട് മിണ്ടി... അതിന്റെ സന്തോഷത്തിൽ പുറത്തേക്കു വന്നപ്പോ, ഞാൻ കാണുന്നത്, അവൻ നിനക്ക് പാദസരം ഇട്ടു തരുന്നത്... നിന്റെ മുഖം കണ്ടപ്പോഴേ മനസ്സിലായതാ... നിന്റെ സമ്മതത്തോടെ അല്ല അവൻ അത് ചെയ്തതെന്ന്! സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ, അത്ര അധികാരത്തോടെ പിടിക്കുന്നത് കണ്ടപ്പോ, എന്തോ ആകെ മൂഡ് മൊത്തം പോയി! അപ്പൊ വന്ന ദേഷ്യത്തിന് അവനിട്ടു പൊട്ടിക്കാൻ ആണ് തോന്നിയത്... പിന്നെ അവിടെ ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് തോന്നി... പക്ഷെ അവനെ കണ്ടാൽ ചിലപ്പോ പൊട്ടിച്ചു പോവും എന്ന് തോന്നിയത് കൊണ്ടാ, അപ്പൊ തന്നെ വീട്ടിലേക്കു പോന്നത്! എന്റെ കൂടെ ഋഷിയും ജഗ്ഗുവും പോന്നു! കുറച്ചു കഴിഞ്ഞപ്പോ തന്നെ എത്തിയില്ലേ നിന്റെ callഉം വെല്ലു വിളിയും!"

"അതില് വീണല്ലേ?" മിക്കി അവനെ നോക്കി കളിയാക്കി ചിരിച്ചു.

"നിന്റെ വെല്ലുവിളി കേട്ടിട്ടൊന്നും അല്ലെടി, കാന്താരി! നിന്റെ സൗണ്ട് കേട്ട് കഴിഞ്ഞപ്പോ, പിന്നെ അവിടെ ഇരിപ്പുറച്ചില്ല! അതാ കോളേജിലേക്ക് വന്നത്."

"എന്നിട്ടു, നേരെത്തെ രഞ്ചു ചേട്ടനിട്ടു ഓങ്ങി വച്ചതു, അങ്ങ് കൊടുത്തു കഴിഞ്ഞപ്പോ സമാധാനം ആയി അല്ലെ?"

ഊഞ്ഞാലിലേക്കു തല ചായ്ച്ചു വച്ചിരുന്ന സിദ്ധാർഥ്, മിക്കിയെ ഒന്ന് നോക്കി ചിരിച്ചിട്ട്, അവളുടെ മടിയിലേക്കു കിടന്നു... അവളുടെ കയ്യിൽ വിരൽ കോർത്തു പിടിച്ചു... അവൾ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു!

"സമാധാനം ആയതു അപ്പോഴല്ല, പാറു! അത് നീ കണ്ണേട്ടാ എന്ന് വിളിച്ചപ്പോ ആയിരുന്നു... അത് കേട്ടപ്പോ എനിക്കുണ്ടായ ഫീലിംഗ്! എനിക്ക് അത് പറഞ്ഞറിയിക്കാൻ പറ്റില്ല. പക്ഷെ പിന്നെ അങ്ങോട്ട് ഫുൾ ഞെട്ടൽ ആയിരുന്നു... അന്ന് നീ അവളോടു ഉണ്ടാക്കി പറഞ്ഞ പല കാര്യങ്ങളോക്കെ ... ആദ്യം കേട്ടപ്പോ നീ ഒക്കെ അറിഞ്ഞിട്ടു പറയുകയാണോ എന്ന് വരെ തോന്നി പോയി... യാദൃശ്ചികം ആണെങ്കിലും, അതിൽ പല കാര്യങ്ങളും, സത്യം ആയിരുന്നല്ലോ!"

മിക്കിയും അത് തന്നെ ആണ് ആലോചിച്ചത്!

"അന്ന് അവളെ കാണിക്കാൻ നീ ചെയ്തതെല്ലാം, എന്റെ ഈ ചങ്കിൽ ആണ്, പാറു, വന്നു പതിഞ്ഞത്... നിന്റെ ഒരോ നോട്ടവും, ഓരോ സ്പർശനവും..." അവളുടെ കൈ അവന്റെ നെഞ്ചിലേക്ക് വച്ച് അവൻ കണ്ണുകൾ അടച്ചു! അവനെ തന്നെ നോക്കിക്കൊണ്ടു, ഓർമകളിൽ മുഴുകി മിക്കിയും ഇരുന്നു!

അവൻ തുടർന്നു..."അന്ന് നീ കോളേജിൽ നിന്ന് പോയി കഴിഞ്ഞാണ്, നിന്നെ ഇനി കുറെ ദിവസം കഴിഞ്ഞേ കാണാൻ പറ്റുള്ളൂ എന്ന് ഓർത്തത്... പിന്നെ ഒന്നും അലോചിച്ചില്ല... നേരെ വിട്ടു നിന്റെ വീട്ടിലേക്കു. ഞാൻ വരുമ്പോ, നീ റൂമിൽ ഇല്ല. താഴെ നിങ്ങളുടെ സംസാരം കേൾക്കായിരുന്നു. നീ ഗുഡ് നൈറ്റ് ഒക്കെ പറഞ്ഞു, മുകളിലേക്കു വരുന്നത് കേട്ടപ്പോ, നിന്റെ കബോര്ഡിന്റെ സൈഡിലേക്ക് മാറി നിന്നു..."

മിക്കിക്കു അതാലോചിക്കുമ്പോ വീണ്ടും ചമ്മൽ ആയി! അന്ന് അവൾ വരുമ്പോഴേ, അവൻ റൂമിൽ ഉണ്ടായിരുന്നു എന്ന് അന്ന് അറിഞ്ഞപ്പോ ഒന്ന് ചമ്മിയതാണ്... ഇപ്പൊ അവൻ അത് മുഖത്തു നോക്കി പറയാൻ പോവുമ്പോ വീണ്ടും ഒരു ചമ്മൽ!

"ചമ്മണ്ട..." അവളുടെ മുഖ ഭാവം കണ്ടു അവൻ ചിരിച്ചു..."ഞാൻ കണ്ടതാ നിന്റെ ഇരിപ്പു... കവിളൊക്കെ തുടുത്തു... കൂടാതെ ഒരു ചിരിയും... അത് കണ്ടിട്ട് തന്നെയാ വിളിച്ചേ... നീ എന്ത് പറയും എന്ന് അറിയാൻ! അപ്പൊ ലോകത്തെങ്ങും ഇല്ലാത്ത ജാഡ!"

അവൾ ഇളിച്ചു കാണിച്ചു...

"അയ്യടാ... എന്താ ഒരു ഇളി!!! സത്യം പറ, പാറു.... അന്ന് എന്നെ കാണാൻ വേണ്ടി നീ ആഗ്രഹിച്ചപ്പോഴല്ലേ ഞാൻ വിളിച്ചേ!?"

അവളുടെ മനസ്സിന് ആലോചിച്ചു ഫിൽറ്റർ ചെയ്തു എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുന്നേ തന്നെ, അവളുടെ വാ അതിനുള്ള മറുപടി കൊടുത്തു..."എങ്ങനെ മനസ്സിലായി???"

സിദ്ധാർഥ് കുറച്ചുറക്കെ തന്നെ ചിരിച്ചു പോയി... "മനസ്സിലായൊന്നും ഇല്ലായിരുന്നു... നിന്റെ മൊത്തത്തിൽ ഉള്ള അന്നത്തെ ഭാവം കണ്ടപ്പോ ഒരു ഗസ്സടിച്ചതാ... ഇപ്പൊ നീ സമ്മതിച്ചു തന്നപ്പോ മനസ്സിലായി. " അവളുടെ ചമ്മിയുള്ള ഇരിപ്പു കണ്ടപ്പോ, അവനു ചിരി നിർത്താനായില്ല.

അവളുടെ മടിയിൽ കിടന്നു, അവളെ തന്നെ കളിയാക്കി ചിരിക്കുന്ന അവനെ, അവള് പിന്നെ വെറുതെ വിടുവോ! !! ഒറ്റ തള്ള്... ചെറുക്കന് മറിഞ്ഞു താഴെ കിടപ്പുണ്ട്!

എന്നത്തേയും പോലെ, തള്ളിക്കഴിഞ്ഞാണ്, എന്താ ചെയ്തേ, ആരെയാ ചെയ്തേ എന്ന് ലവൾക്കു ബോധോദയം ഉണ്ടായത്!

അവൾ ഊഞ്ഞാലിൽ നിന്ന് ചാടി എഴുന്നേറ്റു. അവൻ താഴെ നിന്ന് എഴുന്നേറ്റു, എളിക്ക് കയ്യും കുത്തി നിന്നു.

"നീ എന്നെ തള്ളി താഴെ ഇടും അല്ലേ?" അവൻ അവളെ നോക്കി കണ്ണുരുട്ടി.

"ഒരു കൈയബദ്ധം! മാപ്പാക്കണം!" അവൾ തൊഴുതു!

"എന്നാ കാലു പിടി!"

"അയ്യടാ... കാലൊന്നും പിടിക്കാൻ പറ്റില്ല! എന്റെ മാപ്പും ഞാൻ തിരിച്ചെടുത്തു. താഴെ വീണെങ്കി കണക്കായി പോയി! എന്നെ കളിയാക്കിയിട്ടല്ലേ?" അവള് അവളുടെ കുഴി മാന്തി തുടങ്ങി!

"ആഹാ!! നീ അത്രയ്ക്കായോ?" അവൻ അവളെ പിടിക്കാൻ ആഞ്ഞതും, അവൾ ഓടി!

അവനെ വെട്ടിച്ചു, ടെറസിൽ നിന്നെ താഴേക്കുള്ള സ്റ്റേർസിലേക്കിറങ്ങാൻ ആഞ്ഞതും, അവളെ അവൻ പിടിച്ചു പുറകിലേക്ക് വലിച്ചു.

രണ്ടും കൂടെ ഉരുണ്ടു മറിഞ്ഞു നിലത്തേക്ക് വീണു! സിദ്ധാർത്ഥിന്റെ മേലേക്കാണ് മിക്കി വീണത്!

തിരിച്ചെങ്ങാൻ ആയിരുന്നെങ്കി, ഹീറോയിനിനെ നാളെ ശവപ്പെട്ടിയിൽ വീട്ടിലേക്കു കൊണ്ട് പോവേണ്ടി വന്നേനെ!

സിദ്ധു, സമയം പാഴാക്കാതെ ഒന്ന് തിരിഞ്ഞു, അവളെ താഴേക്കാക്കി. അവൻ അവളുടെ മുകളിൽ ആയി, രണ്ടു സൈഡിലും കൈ കുത്തി നിന്നു. അവനെ പിടിച്ചു തള്ളി മാറ്റാൻ നോക്കിയ മിക്കിയുടെ കൈകൾ അവൻ രണ്ടു സൈടിലേക്കാക്കി പിടിച്ചു, ലോക്ക് ചെയ്തു വച്ചു.

"സോറി പറയെടി!"

അവൾ ഇല്ലന്ന് തലവെട്ടിച്ചു!

"നീ സോറി പറഞ്ഞില്ലെങ്കിൽ, അന്നത്തെ പോലെ ഒരു കടി നിനക്ക് ഇപ്പൊ വീണ്ടും കിട്ടും!!! പക്ഷെ ഇത്തവണ, കവിളിൽ ആയിരിക്കും എന്ന് മാത്രം!" അവന്റെ വക ഭീഷണി മുന്നോട്ടു വച്ചു.

"അയ്യോ സോറി സോറി സോറി! കടിക്കല്ലേ!" കണ്ടോ... ഇത്രേ ഉള്ളു! പറയേണ്ടത് പോലെ പറഞ്ഞപ്പോ, അവൾക്കു കാര്യം മനസ്സിലായി.

അവൻ അവളെ നോക്കി ചിരിച്ചിട്ട്, അവളുടെ കൈ വിട്ടു, അവളുടെ അടുത്തായി തന്നെ മലർന്നു കിടന്നു... അവളുടെ കൈ എടുത്ത് കയ്യിൽ പിടിക്കാനും അവൻ മറന്നില്ല.

കുറച്ചു നേരം ഒന്നും മിണ്ടാതെ, അവർ ആകാശത്തേക്ക് നോക്കി കിടന്നു.

അൽപ നേരം കഴിഞ്ഞു, അവൾ അവനു നേരെ തിരിഞ്ഞു കിടന്നു...

"എന്നിട്ടു...???" അവൾ ചോദിച്ചു...

"എന്നിട്ടോ? എന്നിട്ടെന്താ?" അവൻ ഒന്നും മനസ്സിലാവാത്തത് പോലെ അവളെ നോക്കി!

"അന്ന് പോവാതെ തിരിച്ചു വന്നത്... അതെന്തിനാ?"

"വേറെ എന്തിനാ...! നിന്നെ കാണാൻ തന്നെ... ഞാൻ അപ്പൊ അകത്തേക്ക് വന്നില്ലായിരുന്നെങ്കിൽ, നീ വരില്ലായിരുന്നോ പുറത്തേക്ക് ?" അവൻ തല ചരിച്ചു അവളെ നോക്കി.

അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി ചിരിച്ചു.

"എപ്പോഴാ പോയേ?"

"നീ ഉറങ്ങി കുറെ കഴിഞ്ഞു... എന്നെ പറ്റിച്ചേർന്നു ഉറങ്ങുന്ന നിന്നെ വിട്ടിട്ടു പോവാൻ മനസ്സ് വരുന്നുണ്ടായിരുന്നില്ല... പിന്നെ രാവിലെ നിന്റെ പാരന്റ്സിനു ഒരു ഷോക്ക് കൊടുക്കേണ്ട എന്ന് വിചാരിച്ച പോയെ!"

"എന്താ പിന്നെ വെക്കേഷന് ഒന്നും വിളിക്കാതിരുന്നേ?" തെല്ലൊരു പരിഭവത്തോടെ അവൾ ചോദിച്ചു.

"നീയും വിളിച്ചില്ലല്ലോ!" അവനും വിട്ടു കൊടുത്തില്ല.

"പക്ഷെ ഞാൻ എത്ര ഫോട്ടോസ് അപ്‌ലോഡ് ചെയ്തു സ്റ്റാറ്റസ്‌ ആക്കിയിട്ടു... ഒന്നിന് പോലും കമന്റ് ചെയ്തില്ല..."

"അപ്പൊ എനിക്ക് വേണ്ടി ആയിരുന്നോ അതൊക്കെ?"

"ഓ പിന്നെ! എല്ലാം അറിയാം... അത് മാത്രം മനസ്സിലായില്ല." അവൾ അവന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കൊണ്ട് കുത്തി!

അവൻ ചിരിച്ചു..."എന്തോ! നിന്നെ നേരിട്ട് കാണാനായിരുന്നു അന്ന് ആഗ്രഹിച്ചത്... കാണാതിരുന്നു കാണുമ്പോ ഒരു സുഖം ഇല്ലേ! അതൊന്നു അറിയാൻ ആയിരുന്നു അതൊക്കെ..." അവൻ അവളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.

"എന്നിട്ടു അറിഞ്ഞോ?" അവളും അതെ പോലെ തന്നെ അവനെ നോക്കി.

"ഹ്മ്മ്മ്... അപ്പൊ ഒന്നും അല്ല... ഞാൻ തിരിച്ചു കോളേജിൽ വന്ന അന്ന്, എന്റെ ബൈക്ക് കണ്ടതും നീ എനിക്ക് വേണ്ടി ചുറ്റും നോക്കിയില്ലേ... എന്നിട്ടു എന്നെ കണ്ടതും നിന്റെ മുഖത്തുണ്ടായ ആ ചിരി കണ്ടപ്പോ! അത്ര നാളും വെയിറ്റ് ചെയ്തതിനു അന്നാണ്... ആ ചിരി ആണ് ഒരു അർഥം തന്നത്!" അവൻ അത് ഓർത്തെടുക്കാൻ എന്നത് പോലെ അവളുടെ കണ്ണുകളിലേക്കു നോക്കി കിടന്നു.

പക്ഷെ ആ ഓർമ്മകൾ അവളുടെ മുഖത്തു സന്തോഷത്തേക്കാൾ നിറച്ചത് സങ്കടം ആണ്...

അത് കണ്ടിട്ട്, അവൻ അവളെ ചേർത്തു പിടിച്ചു...

"സോറി പാറു!" അവൻ അവളുടെ മുഖം അവനു നേരെ പിടിച്ചുയർത്തി,"അന്ന് നീ കരഞ്ഞപ്പോൾ, നിന്നെ ഇത് പോലെ ചേർത്ത് പിടിക്കണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... പക്ഷെ അങ്ങനെ ഞാൻ ചെയ്‌താൽ, അവൾ നിന്നെ കൂടുതൽ പ്രശ്നങ്ങളിൽ കൊണ്ട് പെടുത്തുവോ എന്ന് പേടി ആയിരുന്നു! അത് കൊണ്ടാ ഞാൻ..."

അവൻ പറഞ്ഞു തീർക്കുന്നതിന് മുൻപേ, അവൾ അവൻ തടഞ്ഞു. ...

"സാരില്ല... എനിക്ക് അറിയാല്ലോ! എന്നാലും അത് പെട്ടന്ന് ഓർമ്മ വന്നപ്പോ ഒരു സങ്കടം... ഇപ്പൊ എനിക്ക് പ്രശ്നോന്നില്ല!" അവൾ അവനു ഉറപ്പു നൽകുന്നത് പോലെ ചിരിച്ചു കാണിച്ചു.

അവൻ അവളെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു. അവളും അവന്റെ ചൂട് പറ്റി ചേർന്ന് കിടന്നു.

പെട്ടന്ന് എന്തോ ഓർത്തതു പോലെ അവൾ ചാടി എഴുന്നേറ്റു... അവനും ഞെട്ടി എഴുന്നേറ്റിരുന്നു!

"ആ സിന്ദൂരം എനിക്ക് മനപ്പൂർവം ഇട്ടു തന്നതാല്ലേ? ദുഷ്ടാ! ഒരു വാക്കു പോലും പറഞ്ഞില്ല... ഞാൻ ആ കോലത്തിൽ അല്ലെ എന്റെ അച്ഛയ്ക്ക് അടുത്തേക്ക് പോയത്." അവൾ അവനെ ഇടിക്കാനും പിച്ചാനും മാന്താനും തുടങ്ങി.

അവൻ ഒരു കണക്കിന് അവളുടെ കൈ രണ്ടും കൂട്ടി പിടിച്ചു വച്ചു.

"എനിക്ക് പറയാൻ നീ ഒരു ഗാപ് തന്നില്ലല്ലോ! അതിനു മുന്നേ എന്നെ തള്ളി കുളത്തിൽ ഇട്ടില്ലേ നീ!!!" അവനും ന്യായീകരണം ഉണ്ട്!

"അയ്യടാ... അല്ലെങ്കിൽ ഇപ്പൊ പറഞ്ഞേനെ!" അവൾ ചുണ്ടു കോട്ടി!

"എന്റെ പാറു! നീ അങ്ങനെ ഒക്കെ ഉടുത്തൊരുങ്ങി എന്റെ മുന്നിൽ വന്നു നിന്നാൽ, ഞാൻ ഇങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്തു പോവും. അത് കൊണ്ട്, ഇനി എന്റെ മുന്നിൽ എന്റെ മോള് വന്നു നിക്കുമ്പോ അത്രയ്ക്കങ്ങു ഒരുങ്ങാൻ നിൽക്കണ്ട!" അവൻ അവളുടെ കവിളിൽ കവിളുരസി കൊണ്ട് പറഞ്ഞു.

"പോ... താടി കുത്തുന്നു..." അവൾ തല വെട്ടിച്ചു കൊണ്ട് പറഞ്ഞു.

അവൻ അവളുടെ കയ്യിലെ പിടി വിട്ടു, എഴുന്നേറ്റു. പുറകെ അവളും.

അവൻ ചെന്ന് ഹാൻഡ്‌റൈല്സില് പിടിച്ചു പുറത്തേക്കു നോക്കി നിന്നു... മിക്കി എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ തന്നെ തത്തിക്കളിച്ചു നിന്നു.

കുറച്ചു കഴിഞ്ഞു അവൻ നോക്കുമ്പോ, അവൾ ആകാശത്തേക്ക് നോക്കി നിൽക്കുന്നുണ്ട്.

"എന്താ ആകാശത്തിരിക്കുന്നത്, ഇങ്ങനെ നോക്കി നിൽക്കാൻ?" ഒരു ശരാശരി ചോദ്യം!

"ഒന്നൂല്ല!" അവൾ അവനെ നോക്കി ചുമൽ അനക്കി.

അവൻ അവളുടെ അടുത്തേക്ക് ചെന്ന്, അവളുടെ മുഖത്തേക്ക് വീണു കിടന്നിരുന്ന മുടിയിഴകൾ, അവളുടെ ചെവിയുടെ പുറകിലേക്കായി ഒതുക്കി വച്ചു. അവനെ നോക്കാതെ തല താഴ്ത്തി നിന്ന അവളുടെ കൈ പിടിച്ചു, അവൻ ഊഞ്ഞാലിൽ ചെന്നിരുന്നു.

കുറച്ചു നേരം അവർക്കിടയിൽ നിശബ്ദത തളം കെട്ടിയിരുന്നു.

സിദ്ധാർഥ് ആണ് സംസാരിച്ചു തുടങ്ങിയത്... "പാറു... നീ ഇപ്പൊ പഠിച്ചു തുടങ്ങിയിട്ടേ ഉള്ളു... പ്രേമം എന്നൊക്ക പറഞ്ഞു, നിന്റെ പഠിത്തം ഉഴപ്പരുത്. കേട്ടോ?"

അല്ലെങ്കിൽ ഇപ്പൊ പഠിച്ചു മറിക്കുന്നത് പോലെ!

അവൾ ഒന്നും പറയാതെ, തലയാട്ടി...

"ഞാനും നിന്നെ ഒട്ടും ശല്യം ചെയ്യില്ല എന്ന് പറയുന്നില്ല... പക്ഷെ, ഒരു പരിധിയിൽ കൂടുതൽ, ഞാൻ നിന്നെ ശല്യം ചെയ്യില്ല... പക്ഷെ നീ എനിക്ക് ഒരു വാക്കു തരണം... നീ എന്നും എന്റെ മാത്രം ആയിരിക്കും എന്ന്... തരാവോ?"

അവൻ അവൾക്കു നേരെ കൈ നീട്ടി. അവൾ ആ കയ്യിൽ പിടിച്ചു, അവനെ നോക്കി. അവളുടെ കണ്ണുകൾ അവനു ഉറപ്പു നൽകി!

ആ ഒരു ഉറപ്പു മതിയായിരുന്നു അവനു. .. അവൻ അവളുടെ തോളിലൂടെ കയ്യിട്ടു, അവളെ ചേർത്ത് പിടിച്ചു.

അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു.

"നാളെ പോവണ്ടേ തിരിച്ചു...?" അവൻ ചോദിച്ചു.

അവൾ മൂളി.

"കോളേജിൽ അധികം ആരോടും പറയാൻ നിൽക്കണ്ട... ഈ കാര്യം! നിന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് മാത്രം അറിഞ്ഞാൽ മതി."

"അതെന്താ?"

"ആവശ്യം ഇല്ലാത്ത ടോക്ക് ആവും അത് പിന്നെ! ഓരോ അനാവശ്യങ്ങൾ പറഞ്ഞു നടക്കും ചിലവന്മാര്! എന്നെ ചേർത്തിട്ടായാൽ പോലും, എന്റെ പെണ്ണിനെ കുറിച്ച്, ഇല്ലാത്തതു പറയുന്നത് എനിക്ക് സഹിക്കില്ല! അത് കൊണ്ട്, ആരും അറിയണ്ട! പിന്നെ ശരണ്യയും ഉള്ളതല്ലേ... അവൾ എത്രത്തോളം ഒതുങ്ങി എന്ന് നമുക് അറിയില്ലല്ലോ... അവൾ ഇനി പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഇല്ല. എന്നാലും, നമ്മൾ നോക്കാനുള്ളത്, നമ്മൾ നോക്കണം. ഈ വര്ഷം കഴിഞ്ഞാൽ, നീ പിന്നെ ഒറ്റയ്ക്കാണ് കോളേജിൽ... അത് കൊണ്ട്, എല്ലാം ഒരു സേഫ് ഗെയിം മതി. ആവശ്യം ഇല്ലാതെ ഒരു പ്രശ്നത്തിലും ചെന്നു ചാടരുത്!"

എല്ലാത്തിനും അവൾ തലകുലുക്കി സമ്മതിച്ചു.

"ചുമ്മാ തല ആട്ടിയാൽ പോരാ... നീ ആയിട്ട് എന്തെങ്കിലും പ്രശ്നത്തിൽ പോയി ചാടി എന്ന് അറിഞ്ഞാൽ, നിനക്ക് തല്ലു കിട്ടാൻ പോവുന്നത് വേറെ എവിടുന്നും ആയിരിക്കില്ല. മനസ്സിലായല്ലോ?"

"ഓ.. തംബ്രാ!" അവൾ അവനെ കളിയാക്കുന്നത് പോലെ പറഞ്ഞു.

"സീരിയസ് ആയി പറയുമ്പോ, കളിയാക്കുന്നോ?" അവൻ അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു.

"അആഹ്.. വിട് വിട് വിട്!" അവൾ അവന്റെ കൈ വിടുവിക്കാൻ കഴിയുന്നത് പോലെ ഒക്കെ നോക്കി. പക്ഷെ എവിടുന്ന് വിടാൻ!

അവസാനം അവനായിട്ടു തോന്നി, പിടി വിടുമ്പോ, ചെവി നല്ല ചൊവ ചൊവാന്നിരുന്നു...

"കഷ്ട്ടണ്ട്ട്ടോ!!! എന്റെ ചെവി പറിച്ചെടുത്തോ ദുഷ്ടാ??? എനിക്ക് തൊട്ടിട്ടു പോലും അറിയുന്നില്ല..." അവൾ ചെവിയിൽ പിടിച്ചു കൊണ്ട്, അവനെ നോക്കി മുഖം വീർപ്പിച്ചു.

"അച്ചോടാ... ഏട്ടന്റെ പാറൂന് നൊന്തോ?" അവൻ അവളുടെ ചെവിയിൽ നോക്കാനായി, അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു. അടുത്ത് വന്നതും, അവൻ അവളുടെ ചെവിയിൽ അമർത്തി ചുംബിച്ചു.

അത് പ്രതീക്ഷിക്കാഞ്ഞത് കൊണ്ടാവണം, അവൾ ശെരിക്കും ഞെട്ടി.

കണ്ണ് മിഴിച്ചിരിക്കുന്ന അവളെ നോക്കി, അവൻ ചോദിച്ചു..." ഇപ്പൊ ഞാൻ തൊട്ടതു അറിഞ്ഞോ?" അവന്റെ മുഖത്തു അവളെ മയക്കുന്ന കുസൃതി ചിരി വിരിഞ്ഞു.

അവൾ നാണത്താൽ മുഖം താഴ്ത്തി.

അവൻ ചൂണ്ടു വിരൽ കൊണ്ട്, അവളുടെ മുഖം പിടിച്ചുയർത്തി.

"എന്താ?" അവൻ അതെ ചിരിയോടെ ചോദിച്ചു.

അവൾക്കു ഒന്നും പറയാൻ ആവുന്നുണ്ടായിരുന്നില്ല. അവൾ കണ്ണുകൾ അടച്ചിരുന്നു.

അവന്റെ അധരങ്ങൾ, അവളുടെ കണ്ണുകൾക്ക് മീതെ സ്നേഹ മുദ്രണം പതിപ്പിച്ചപ്പോൾ ആണ്, അവൾ കണ്ണ് തുറന്നതു. അവൾ കണ്ണ് തുറക്കുമ്പോഴേക്ക്, അവന്റെ അധരങ്ങൾ , അവളുടെ കവിളിണകളിൽ എത്തിയിരുന്നു. എന്തോ തിരയുന്നത് പോലെ, അവ വീണ്ടും അവളുടെ മുഖത്തും, കഴുത്തിലുമായി ഓടി നടന്നു.

പറഞ്ഞറിയിക്കാൻ ആവാത്ത ഒരു വികാരം അവളുടെ ശരീരത്തെ പൊതിയുന്നത് അവൾ അറിഞ്ഞു. അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിൽ പിടി മുറുക്കി. അവന്റെ താടി, അവളെ ഇക്കിളിയാക്കികൊണ്ടേ ഇരുന്നു.

ഇതിനിടെ കൂമ്പി പോയ മിഴികളിലൂടെ അവൾ കണ്ടു, അവന്റെ കണ്ണുകൾ, അവളുടെ അധരങ്ങളിൽ എത്തിയതും, അത്രയും നാള് തേടി നടന്നതെന്തോ കണ്ടെത്തിയ സന്തോഷം അവയിൽ നിറയുന്നത്!

ആ ഇണയെ ലക്ഷ്യമാക്കി അവൻ മുഖം അടുപ്പിച്ചതും, അവൾ പേടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു...

കുറച്ചു സമയം പിന്നിട്ടിട്ടും ഒന്നും സംഭവിക്കാത്തത് അറിഞ്ഞു, അവൾ കണ്ണ് തുറന്നു നോക്കി.

അവളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുകയാണ് സിദ്ധു.

"പേടിച്ചു പോയോ?" അവളുടെ മുഖം കൈകളിൽ കോരി എടുത്തുകൊണ്ടു അവൻ ചോദിച്ചു.

"കുറച്ചു..." ഒരു ചമ്മിയ ചിരിയോടെ അവൾ പറഞ്ഞു.

അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.

"അങ്ങനെ നീ പേടിക്കണ്ട!!! നിന്റെ പൂർണ സമ്മതം ഇല്ലാതെ, നിന്നെ ഞാൻ കിസ് ചെയ്യില്ല... പോരേ?"

അപ്പൊ, ഇപ്പൊ ഈ ചെയ്തതൊക്കെയോ എന്നുള്ള ഭാവത്തിൽ അവൾ കണ്ണും മിഴിച്ചു അവനെ നോക്കി. ആ നോട്ടത്തിന്റെ അർഥം അവനും മനസ്സിലായി.

"ലിപ് ലോക്ക് മാത്രേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു. ബാക്കി ഒക്കെ മുറയ്ക്ക് മോൾക്ക് കിട്ടിക്കൊണ്ടിരിക്കും. ആ കാര്യത്തിൽ യാതൊരു ദയയും നീ പ്രതീക്ഷിക്കേണ്ട!" അവൻ തറപ്പിച്ചു പറഞ്ഞു.

ആ ഉറപ്പു കണ്ടിട്ടാവണം, ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അവൾക്കു തോന്നി. അത് കൊണ്ട് അവൾ മിണ്ടാതെ ഇരുന്നു. ഇനി എന്തെങ്കിലും പറഞ്ഞിട്ടു അടുത്ത പണി വാങ്ങി കൂട്ടണ്ട!

പിന്നെയും കുറെ നേരം അവർ അവിടെ സംസാരിച്ചിരുന്നു... മൂന്നു മണി കഴിഞ്ഞപ്പോഴാണ്, അവർ റൂമിലേക്ക് പോയത്... അവരവരുടെ റൂമിലേക്ക്!!! അപ്പൊഴെക്കങ്ങു തെറ്റിദ്ധരിച്ചേക്കണം!
(തുടരും.....) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top