യാമി, Part 34

Valappottukal
യാമി💝3️⃣4️⃣
ഭാഗം💝34

തെളിച്ചമില്ലാത്ത മുഖത്തോടെയുള്ള യാമിയുടെ തിരിച്ചു വരവ് കണ്ടപ്പോൾ തന്നെ അവളോട് ഒന്നും ചോദിക്കാതെ നവീൻ മുൻപിലേക്ക് നടന്നു...

"വീണയെ കണ്ടോ ?"
ആദിയുടെതായിരുന്നു ചോദ്യം

"ഉവ്വ്.."
അവൾ നടന്നകലുന്ന നവീനെ നോക്കിയാണ് ഉത്തരം പറഞ്ഞത്...

"എന്നിട്ട്?"
അറിയാനുള്ള ആദിയുടെ ആകാംക്ഷയ്ക്ക് അവൾ നിരാശയോടെ ഇല്ല എന്നുള്ള തലയനക്കൽ ആണ് സമ്മാനിച്ചത്..

"എന്നുമുതലാണ് യാമി നമുക്കിടയിൽ രഹസ്യങ്ങൾ വന്നു തുടങ്ങിയത്.."
ആദിയുടെ സ്വരം നേർത്തിയിരുന്നു...

ഒരു ആശ്രയം എന്നോണം അവന്റെ നെഞ്ചിലേക്ക് വീണു കരയുമ്പോൾ താൻ ചോദിച്ചതിലേ പരിഭവം അല്ല അവളുടെ വിഷമത്തിന് കാരണമെന്ന് അവനു ഊഹിക്കാമായിരുന്നു...

"നവീൻ എല്ലാം എന്നോട് പറഞ്ഞു..
വീണ മഞ്ജിമയുടെ ഫ്രണ്ട് ആണ് അല്ലേ?
പോട്ടെ... നമുക്ക് ഒന്നുകൂടി ശ്രമിക്കാം..
ഒന്നുകിൽ വാര്യത്ത് ഉള്ളവരെ ആരെയോ ഭയന്ന് അവൾ ഒന്നും വിട്ടു പറയാത്തത് ആകും...
അല്ലെങ്കിൽ കേട്ടതൊക്കെ സത്യം തന്നെയും..."

യാമി അവൻറെ നെഞ്ചിൽനിന്നും മുഖമുയർത്തി അത്ഭുതത്തോടെ നോക്കി...

"ഞാൻ എങ്ങനെ അറിഞ്ഞുവെന്ന് ആകും നീ ചിന്തിക്കുന്നത്? കുറച്ച് മണിക്കൂറുകളുടെ പരിചയം മാത്രമുള്ള നവീൻ എന്നോട് കാട്ടുന്ന ആത്മാർത്ഥത പോലും നിനക്ക് ഇല്ലാതെ പോയല്ലോ യാമി"
ആദി ചോദിച്ചു

"ആദി ഞാൻ... എനിക്ക് പറയാൻ ഒരു അവസരം കിട്ടിയില്ല.. നിന്നോട് ഒളിച്ചു എന്തേലും എൻറെ ജീവിതത്തിൽ ഉണ്ടെന്ന് തോന്നുന്നുണ്ടോ?"

"ഉണ്ട്.. ഒരുപാട് ഉണ്ട്.. ബോധത്തിൽ പറയാൻ മടിക്കുന്ന പലതും അത് ഇല്ലാത്തപ്പോൾ ഞാൻ അറിഞ്ഞിട്ടുമുണ്ട്..
എന്തിൻറെ പേരിലും മറച്ചുവയ്ക്കുന്നത് ഒക്കെ വേദന കൂടുകയുള്ളൂ ഓർത്തോ..."
യാമിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു

പറഞ്ഞു പോയതില്ലേ അബദ്ധം അവനും അപ്പോഴാണ് മനസ്സിലാക്കിയത്... പെട്ടെന്ന് തന്നെ ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി അവൻ നവിയുടെ കാര്യം വീണ്ടും എടുത്തിട്ടു...

"നവീൻ എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോഴേ എന്തോ ഒരു പന്തികേട് എനിക്കും തോന്നി...
ഒരുപാട് ആലോചിക്കാതെ ഞാൻ അതിന് ഉത്തരം തരട്ടെ യാമി..."
യാമിയുടെ ശിരസ്സ് താണിരുന്നു...

"യശോദർ വാര്യത്ത്"
ആദി പറഞ്ഞത് കേട്ടെങ്കിലും അവളിൽ ഭാവ വ്യത്യാസം ഉണ്ടായില്ല

തല കുമ്പിട്ടു നിന്നിരുന്ന അവൾ കണ്ണുകൾ മുറുക്കെ അടച്ചു...
യാമിയുടെ മുഖം പിടിച്ച് ഉയർത്തി ആദി വീണ്ടും ചോദിച്ചു?
"സത്യമാണോ?"

തലയനക്കി സമ്മതിക്കുമ്പോൾ യാമി കരയുകയായിരുന്നു..

"നിൻറെ ഡാഡിക്ക് ഒരിക്കലും സ്നേഹവും ആത്മാർത്ഥതയും ഒന്നും പറഞ്ഞാൽ മനസ്സിലാകില്ല..
മറ്റൊരു പെൺകുട്ടിയുടെ കണ്ണീര് കണ്ടിട്ടാണ് അയാൾ സ്വന്തം മകളുടെ ജീവിതം കെട്ടിപ്പൊക്കാൻ ശ്രമിക്കുന്നത്...
അവരുടെ രണ്ടാളുടെയും എത്ര സ്വപ്നങ്ങളാണ് അയാൾ തച്ചുടയ്ക്കുന്നത്..
കളിച്ചു ചിരിച്ചു നടക്കുന്നെങ്കിലും നവീന്റെ ഉള്ളിൽ നീറുന്ന സങ്കടം എനിക്ക് മനസ്സിലാക്കാൻ കഴിയും..
നീ എന്താ ഉണ്ടായത് എന്ന് പറ... നമുക്ക് എന്തെങ്കിലും പരിഹാരം കാണാൻ ശ്രമിക്കാം..."
ആദി അവളെ സമാധാനിപ്പിച്ചു..

"ആദി.. നവീൻ ഇതൊരിക്കലും അറിയരുത്...
എൻറെ ഡാഡി തെറ്റ് ചെയ്തു.. പക്ഷേ എനിക്ക് ഒരിക്കലും ആ മനുഷ്യൻ തെറ്റുകാരനായി എല്ലാവരുടെയും മുൻപിൽ തല കുമ്പിട്ടു നിൽക്കുന്നത് കാണാൻ കഴിയില്ല..."

"വേണ്ടടീ... അയാളെ ഇനിയും വളരാൻ അനുവദിക്കണം... നശിപ്പിക്കട്ടെ ഇതുപോലെ ഓരോരുത്തരുടെയും ജീവിതം അയാള്..."
ദേഷ്യം വന്ന ആദി അവളുടെ ഇരു ചുമലിലും പിടിച്ചു കുലുക്കി

ഒരു നിമിഷം യാമി അവൻറെ മുഖത്ത് തന്നെ നോക്കി നിന്നു...
സ്വയം നിയന്ത്രിച്ച് ശ്വാസം ആഞ്ഞു വലിച്ച് ആദി കണ്ണുകളടച്ചു...
ശേഷം ഭയന്നു നിന്ന അവളെ പിടിച്ചു നെഞ്ചിലേക്ക് ചേർത്തു....

"മാപ്പ്.. ഇത്രയൊക്കെ ആയിട്ടും നിനക്ക് എങ്ങനെ ആ മനുഷ്യനെ ന്യായീകരിക്കാൻ കഴിയുന്നു യാമി..."

"അറിയില്ല ആദി.. അവർ രണ്ടാളുമാണ് എന്റെ എല്ലാം..
വെറുക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല..
എന്നെങ്കിലും അതിനു കഴിയുന്നനാൾ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവുകയുമില്ല..."
കരച്ചിലിനിടയിലും അവൾ പറഞ്ഞു..

അവളെ ചേർത്തു പിടിച്ചിരുന്ന കൈകൾ ആദി ഒന്നുകൂടി മുറുക്കി....

"എന്താ ഉണ്ടായത്?"
അവൻ വീണ്ടും ചോദിച്ചു..

ഒരു നിമിഷത്തിനു ശേഷം യാമി പറഞ്ഞു തുടങ്ങി..
"ഇവിടെ വന്നതിനുശേഷം അവിചാരിതമായാണ് ഒരു ദിവസം മുത്തശ്ശന്റെയും ഡാഡിയുടെയും സംസാരം ശ്രദ്ധിക്കാനിടയായത്..
മഞ്ജിമയെ കുറിച്ച്...
അവളെ ഭയപ്പെടുത്തിയത് ഡാഡിയാണ്.. ആദി...
നവീനോട് അവള് പറഞ്ഞതൊക്കെ കള്ളമായിരുന്നു..
ഡാഡി പറയിച്ചത് ആണ് ഒക്കെ..
പലരുടെയും കാരുണ്യത്തിൽ ജീവിക്കുന്നവരാണ് മഞ്ജിമ യും അവളുടെ അമ്മയും...
വാര്യത്ത് ഉള്ളവരെ എതിർത്ത് ഈ നാട്ടിൽ അവർക്ക് ജീവിക്കാൻ കഴിയില്ല..
നവീന് അവളുടെ കല്യാണ ഫോട്ടോ അയച്ചതും അവനെ തെറ്റിദ്ധരിപ്പിച്ചതും ഒക്കെ ഡാഡി ആണ്...
ജീവനിൽ ഭയന്നാണ് ആ കുട്ടി ഇവിടെ നിന്നും പോയത്.."

"നിനക്ക് ഉറപ്പുണ്ടോ അവളുടെ കല്യാണം കഴിഞ്ഞിട്ടില്ലന്ന്..."

"ഇത്രയൊക്കെ കേട്ടപ്പോൾ എന്തോ ഒരു പ്രതീക്ഷ..
അതും കള്ളം ആണെങ്കിൽ?"

"നിൻറെ ഡാഡി മുൻകൂട്ടി കാണാതെ ഒന്നും ചെയ്യില്ല...
നവീൻ അന്വേഷിച്ച് ചെല്ലാൻ സാധ്യത ഉണ്ടെന്നു കരുതി എന്തേലും ചെയ്തോ എന്ന് അറിയണം...
അല്ല.. നിനക്ക് എങ്ങനെ ആണ് വീണയെ പരിചയം?"
ആദിക്ക് വീണ്ടും സംശയം ആയി..

"ഡാഡിയുടെ വായിൽ നിന്നും ഇതൊക്കെ അറിഞ്ഞ ശേഷമാണ് നവീൻ മഞ്ജിമയെ കുറിച്ച് എന്നോട് പറയുന്നത്...
ഒരിക്കൽ നവിക്കൊപ്പം ജോഗിങ്ന് പോയപ്പോഴാണ് മഞ്ജിമയുടെ വീട്ടിൽ പോകാൻ ഇടയായത്.. നവിയുടെ സങ്കടം സത്യമാണെന്ന് മനസ്സിലായപ്പോൾ അവനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും തോന്നി...
ആ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാൻ അയൽക്കാരോട് അന്ന് ഞാൻ സംസാരിച്ചിരുന്നു ...
പക്ഷേ നവി പറഞ്ഞതല്ലാതെ അതിൽ കൂടുതലൊന്നും അവർക്കും അറിയില്ല....
ഒടുക്കം അവരിൽ നിന്നാണ് വീണയെ പറ്റി ഞാൻ ചോദിച്ചറിഞ്ഞത്...
മഞ്ജിമയ്‌ക്ക് ഈ നാട്ടിൽ ആകെയുള്ള ഫ്രണ്ട് വീണ യാണ്... അവൾക്ക് എന്തെങ്കിലും അറിയാൻ കഴിയുമെന്ന് ഞാൻ കരുതി..
അന്നുതന്നെ നവീനോടു ചോദിച്ചു ഇൗ അമ്പലത്തിലേക്ക് വരാനുള്ള വഴി ഞാൻ മനസ്സിലാക്കി...
പക്ഷേ സാഹചര്യങ്ങളൊന്നും തറവാട്ടിൽ ഒത്തുവന്നില്ല.. മുത്തശ്ശി പുറത്തിറങ്ങാൻ സമ്മതിക്കുകയും ഇല്ലായിരുന്നു..
ഇനി ഇതുപോലെ ഒരു അവസരം കിട്ടിയെന്നു വരില്ല അതാ ഞാൻ നിങ്ങളെ കൂട്ടി ഇറങ്ങിയത്..."

"നീ വീണയെ കണ്ടിട്ട്?"
ആദി ചോദിച്ചു

"അവൾ ഒന്നും പറയുന്നില്ല ആദി...
നവീൻ പറഞ്ഞതത്രയുമേ അവൾക്കും അറിയൂ എന്ന്..
പക്ഷേ എനിക്ക് ഉറപ്പുണ്ട് അവൾ ആരെയോ ഭയന്ന് പറയാത്തതത് പോലെ... നിന്നെ എല്ലാം അറിയിക്കാൻ ഒരുപാട് ശ്രമിച്ചതാണ്..
പക്ഷേ.. എത്ര എന്ന് കരുതി എവിടെയൊക്കെ ഞാൻ തിരക്കും...
ഒരുപാട് നിന്നെ ഞാൻ മിസ്സ് ചെയ്തിരുന്നു ആദി.. ഒരുപാട്..."

"എന്നിട്ട് നീ അറിയാതെ ഇരുന്നോ..
ആദി നിനക്ക് വേണ്ടി ചെയ്യുന്നതൊന്നും വെറുതെയല്ല യാമി..
ഞാൻ നിനക്കരികിൽ ഇല്ലെങ്കിൽ പോലും പകരം നൂറു കരങ്ങളുണ്ടാകും എനിക്കുവേണ്ടി നിൻറെ കൂടെ..."

"നൂറല്ല ആയിരം വന്നാലും നിനക്ക് പകരമാവില്ല ആദി..."
യാമി ചിരിച്ചു... പകരം ആദി നൽകിയ നിറഞ്ഞ മറു ചിരിയിൽ യാമിയുടെ ഉള്ളവും തണുത്തു...

"എന്നിട്ട് നിൻറെ ദൂതൻ എങ്ങനെയാണ് സഹായിച്ചത് പറഞ്ഞില്ലല്ലോ?"
ആദി തിരക്കി

"മഞ്ജിമയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും,
നവി ഒരിക്കൽ കാണിച്ചുതന്ന അവളുടെ വാട്സ്ആപ്പ് മെസ്സേജുകൾ അയച്ചത് നമ്പറും ഒക്കെ ചേർത്ത് മിലന് ഞാൻ അയച്ചു കൊടുത്തു...

മിലൻ ട്രാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും അക്കൗണ്ടുകൾ ഒക്കെ മാസങ്ങളായി ഡീആക്ടിവേറ്റ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്..
ഒരു മാസം മുൻപ് തിരുവനന്തപുരം ലൊക്കേഷനിൽ വെച്ചാണ് ആ ഫോൺ നമ്പർ അവസാനമായി ഉപയോഗിച്ചിരുന്നത് എന്നും അറിഞ്ഞു..
എനിക്കുറപ്പുണ്ട് ആദി.. നവീന്റെ നല്ല മനസ്സിന് ഒരിക്കലും ദൈവം അവനെ കൈവിടില്ല.."

"അപ്പോൾ ഇൗ കല്യാണം?"
ആദി യാമിയുടെ മുഖത്ത് നോക്കിയിരുന്നില്ല...

"ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ.. നമുക്ക് നോക്കാം..
വേഗം വാ... നവി ഇപ്പോൾ വീട് പിടിച്ചിട്ടുണ്ടാവും"
അവൻറെ പിടിയിൽ നിന്നും അകന്നുമാറി ചിരിയോടെ യാമി മുന്നിലേക്ക് നടന്നു...
പിറകിലായി അവനും..

പകുതിദൂരം പിന്നിട്ടപ്പോൾ തന്നെ കണ്ടു അവരെ കാത്ത് വഴിയരികിൽ നിൽക്കുന്ന നവിയെ...
യാമി ഓടിച്ചെന്ന് സന്തോഷത്തോടെ അവൻറെ ഒരു കയ്യിൽ തൂങ്ങി...
ആദി മറു സൈഡിൽ നിന്നവനെ ചേർത്തുപിടിച്ചു...

തെളിച്ചമില്ലാതെ നിൽക്കുന്ന നവിയുടെ മുഖത്തേക്ക് നോക്കി യാമി പറഞ്ഞു..
"എനിക്ക് പ്രതീക്ഷയുണ്ട് നവി"

"എന്ത് പ്രതീക്ഷ ഇനിയിപ്പോൾ അവൾ തിരികെ വന്നാലും ഞാൻ അനുഭവിച്ചതിനൊക്കെ പകരമാകുമോ?
എന്തിൻറെ പേരിലായാലും എന്നെ ഉപേക്ഷിക്കാൻ അവൾക്ക് എങ്ങനെ കഴിഞ്ഞു..
നീ ഇങ്ങോട്ടേക്ക് വീണയെ കാണാനാണ് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു.."

"കാരണങ്ങൾ എന്തുമാകട്ടെ നവീൻ..
സത്യം അറിയും മുൻപ് ഒരിക്കലും നമ്മൾ ഒരാളെ കുറ്റപ്പെടുത്താൻ പാടില്ല.. തെറ്റും ശരിയും ഒക്കെ തീരുമാനിക്കുന്നത് സാഹചര്യങ്ങൾ ആകും.. നമുക്ക് നോക്കാം.. പ്രതീക്ഷയോടെ കാത്തിരിക്കാം... അതിനി റിസൾട്ട് നമ്മൾ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ പോലും ഉൾക്കൊള്ളാൻ മനസ്സ് പാകപ്പെടുത്തണം...
ഞങ്ങൾ ഉണ്ടാകും നിൻറെ കൂടെ എന്നും..."
ആദി അവന്റെ ചുമലിൽ തട്ടി പറഞ്ഞു..

"ഓരോരോ ചെറിയ കാര്യങ്ങൾക്കു പോലും യാമി എന്നെ പലപ്പോഴും ഉപദേശിക്കാറുണ്ട്..
അപ്പോഴൊക്കെ ഞാൻ ആലോചിക്കും ഒരു വാലും തലയും ഇല്ലാതെ നടന്ന പെണ്ണാണ് എങ്ങനെ ഇതുപോലെ ആയെന്ന്..
ഒരിക്കൽ തുറന്ന് ചോദിച്ചപ്പോൾ ഒറ്റ വാക്കിൽ അവൾ ഒരു ഉത്തരവും നൽകി..
ആദി എന്ന അവളുടെ
ആർ.ജെ.ആദിൽ മാധവ്
ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ഒരാളെ ഇത്രയും സ്വാധീനിക്കാൻ കഴിയുമോ എന്ന് പലവട്ടം ഞാൻ ചിന്തിച്ചു..
ഇന്നെനിക്ക് അതിനു ഉത്തരം ഉണ്ട്..
തീർച്ചയായും പറ്റും നിന്നെപ്പോലെയും, ഇവളെ പോലെയും ഒക്കെ ഉള്ള നല്ല സൗഹൃദങ്ങൾ എല്ലാവർക്കും ഒരുപോലെ കിട്ടുന്നതല്ല....
ലൈഫ് ലോങ്ങ് എൻറെ യാമിക്ക് നീ കൂട്ട് വേണം ആദി.."
അവനെ കെട്ടിപ്പിടിച്ച് നവീൻ പറഞ്ഞു..
ആദി യും തിരികെ സന്തോഷത്തോടെ അവനേ ഇറുകി പുണർന്നു...

"ഞാനെന്താ രണ്ടാം കെട്ടിലെയൊ?"
അല്പം മാറി നിന്ന് അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന യാമി ഇത് കണ്ടതും അവർക്കിടയിലേക്ക് ഇടിച്ചുകയറി...
രണ്ടാളും ഓരോ കൈകൾകൊണ്ട് അവളെയും തങ്ങളിലേക്ക് ചേർത്തു....

(തുടരും)
ശ്രുതി❤️
എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ.

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top