ചെമ്പകം പൂക്കുമ്പോൾ, Part 2

Valappottukal


---Unauthorized usage (Re-uploading/ Editing) of this content in Social Media or Digital platforms will be taken as violation of Copyright act and will be followed with legal proceedings...---

"ചഞ്ചല കൃഷ്ണ പ്രസാദ്"...... പിൻ തിരിഞ്ഞു നടന്ന നിഹാൽ ഒരു നിമിഷം അവിടെ തന്നെ തറഞ്ഞു നിന്നു. അവന്റെ ഹൃദയ താളം നില തെറ്റി മിടിക്കുന്നത് അവൻ ആദ്യമായി അറിഞ്ഞു.

സദസ്സ് ഒന്നടങ്കം നിശബ്ദം ആയി നിൽക്കുന്നു. സ്റ്റേജിലെ ലൈറ്റ് ഒഴികെ ബാക്കി എല്ലാം ഓഫ്‌ ആയി പോയിരുന്നു. സ്റ്റേജിലേക്ക് ആരോ നടന്നു വരുന്നതും ചിലങ്കയുടെ ശബ്ദവും അവന്റെ കർണപാടത്തിൽ വന്നു തറഞ്ഞു നിന്നു. മെല്ലെ മുഖം ഉയർത്തി നിഹാൽ തിരിഞ്ഞപ്പോൾ നിറഞ്ഞ കയ്യടിയോടെ ചഞ്ചലയെ ആ സദസ്സ്  സ്വീകരിച്ചു.

കടഞ്ഞെടുത്ത പോലുള്ള ആ ഉടൽ, മിഴികളിൽ കുസൃതി, ആരെയും ഒരിക്കൽ കൂടെ നോക്കാൻ പ്രേരിപ്പിക്കുന്ന സൗന്ദര്യം, എല്ലാം അവൾക്കു ഉണ്ടായിരുന്നു. പാട്ടിനു ഒപ്പം ചുവടുകൾ വെച്ച്  അവളൊരു പുഴ പോലെ ഒഴുകി കൊണ്ടിരുന്നു.

"അലൈ പായുതേ  കണ്ണാ എൻ  മനമിതിൽ  അലൈപായുതേ  ".... എന്ന പാട്ടിനു ഒപ്പം അവന്റെ കാലും മുന്നോട്ട് നടന്നു. മനസ്സ് എന്തിലേക്കോ പാഞ്ഞടുക്കുന്ന പോലെ അവനു തോന്നി.

ഇടയ്ക്ക് അവളിൽ നിന്നും പാറി വീഴുന്ന ചില നോട്ടം അതിന് ഒരു അമ്പ് കൊള്ളുന്ന അത്രയും വേഗത്തിൽ അവന്റെ നെഞ്ചിൽ തറക്കാൻ  ഉള്ള കഴിവ് ഉണ്ടായിരുന്നു. പരിസരം പോലും മറന്നു നിഹാൽ നിന്നു പോയി. നൃത്തം അവസാനിച്ചപ്പോൾ പെയ്തു ഇറങ്ങിയ കരഘോഷം  ആണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. അതുവരെ അവന്റെ ബോധ മണ്ഡലത്തിൽ അവനും അവളും മാത്രമായി പോയിരുന്നു.

നൃത്തം അവസാനിച്ചപ്പോൾ ഓഡിറ്റോറിയത്തിൽ മുഴുവൻ ലൈറ്റുകളും  പ്രകാശിച്ചു. വേദിയിൽ നിന്നു കൊണ്ട് ചഞ്ചല എല്ലാവർക്കും കൈകൾ കൂപ്പി നന്ദി പറഞ്ഞു. അപ്പോൾ  ആണ് അന്ന് ആദ്യമായി അവളിലേക്ക് മാത്രം നോക്കി നിൽക്കുന്ന ഒരു മുഖത്തെ കണ്ടത്. ഒന്നോ രണ്ടോ നിമിഷം ആ മുഖം നോക്കി നിൽക്കുമ്പോൾ ഉള്ളിൽ എന്തോ  തുടി കൊട്ടുന്നത് അവൾ ആദ്യമായി അറിഞ്ഞു. കർട്ടൻ താഴ്ന്നപ്പോൾ ഇട നെഞ്ചിലേക്ക് കൈ വെച്ചു ഒരു നിമിഷം അവൾ കണ്ണടച്ച് നിന്നു പോയി. എന്തോ, തന്റെ മുന്നിൽ തന്നെ മാത്രം നോക്കി നിന്ന ആ മിഴികൾ അവൾക്കു പരിചിതം ആയി തോന്നി.

"മോളെ".... എന്ന ചെറിയച്ഛന്റെ വിളി കേട്ടാണ് അവൾ കണ്ണ് തുറന്നത്. അവൾ ചെറിയച്ഛന്റെ കൂടെ ഗ്രീൻ റൂമിലേക്ക്‌ പോയി. അവിടെ തന്നെ ഫ്രഷ് ആകുവാൻ ഉള്ള സൗകര്യം ഉള്ളത് കൊണ്ട് കിങ്ങിണി പോയി ഫ്രഷ് ആയി വന്നു. അവൾ ഡ്രസ്സ്‌ മാറി ബാഗിൽ കൊണ്ട് വന്ന ചുവന്ന ചുരിദാർ എടുത്തു അണിഞ്ഞു.

"ചെറിയച്ഛൻ എവിടെ  ചെറിയമ്മേ"??....ഫ്രഷ് ആയി വന്ന കിങ്ങിണി ചോദിച്ചു.

"ഒരു ടാക്സി കിട്ടുമോ എന്ന് നോക്കാൻ പോയതാ"....

"മ്മ് ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം"...

"ഞാൻ വരണോ മോളെ"??

"വേണ്ട ചെറിയമ്മ ഇതൊക്കെ എടുത്തു പുറത്തേക്കു  വെച്ചോ നമുക്ക് പോകാം വേഗം"....

അതും പറഞ്ഞു കിങ്ങിണി ബാത്റൂമിലേക്ക്  പോയി. എന്നാൽ ഇതേ സമയം വേദിയിൽ ഉത്ഘാടനം നടക്കുക ആയിരുന്നു. പെട്ടെന്ന് എന്തോ പൊട്ടി തെറിക്കുന്ന ശബ്ദം കേട്ടു എല്ലാവരും പേടിച്ചു നോക്കി. ഓഡിറ്റോറിയത്തിൽ നിന്നും ഫയർ ബെൽ കേൾക്കാൻ  തുടങ്ങിയപ്പോൾ എല്ലാരും പേടിച്ചു പുറത്തേക്കു ഓടാൻ തുടങ്ങി.

ബാത്‌റൂമിൽ ആയിരുന്ന കിങ്ങിണി ഇതൊന്നും അറിഞ്ഞതും ഇല്ല.എന്നാൽ പുറത്തെ ബഹളം  കേട്ടു പുറത്തേക്കു ഇറങ്ങാൻ അവൾ നോക്കുമ്പോൾ വാതിൽ ആരോ പുറത്ത് നിന്ന് പൂട്ടിയിരുന്നു. ഓഡിറ്റോറിയത്തിൽ ക്ലീനിങ് ജോലിക്ക് വരുന്ന ആള് അകത്തു ആരും ഇല്ലാന്ന് കരുതി ഡോർ കുറ്റിയിട്ടു പോയി.

ഷോർട് സിർക്യൂട്  കാരണം തീ പിടിച്ചത് ആണെന്ന് പിന്നീട് അറിഞ്ഞു. ഫയർ ഫോഴ്‌സിനെ അറിയിച്ചു എങ്കിലും തീ വേഗം തന്നെ കത്തി പടർന്നു കൊണ്ടിരുന്നു.

നിഹാലും ഏട്ടന്മാരും ചേർന്ന് എല്ലാവരെയും പുറത്തേക്കു ഇറക്കി.

"കിങ്ങിണി മോളെ... മോളെ... കിങ്ങിണി"...ചെറിയമ്മ അലമുറ ഇട്ടു കരയാൻ തുടങ്ങി. കിങ്ങിണി ആണെങ്കിൽ ബാത്‌റൂമിൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിലവിളിച്ചു കൊണ്ടിരുന്നു. അവരുടെ നിലവിളി കേട്ടു നിഹാൽ അവരോടു കാര്യം തിരക്കി.

കിങ്ങിണി ബാത്‌റൂമിൽ പോയ കാര്യം ചെറിയമ്മ പറഞ്ഞു. ആ ഭാഗം നിറയെ തീ പിടിച്ചു തുടങ്ങിയിരുന്നു. എന്ത് ചെയ്യും എന്നറിയാതെ എല്ലാവരും പകച്ചു നിന്നപ്പോൾ നിഹാൽ കിണറ്റിൽ നിന്നും നിറയെ  വെള്ളം കോരി അവന്റെ ദേഹത്ത് ഒഴിച്ചു.

"ഏട്ടാ ആ കോട്ട് ഇങ്ങ് താ"....നികേഷിന്റെ  കോട്ട് വാങ്ങി നിഹാൽ കത്തി കൊണ്ടിരിക്കുന്ന ഓഡിറ്റോറിയത്തിലേക്ക് കയറി പോയി. എല്ലാവരും അലമുറ ഇട്ടു കരയാൻ തുടങ്ങിയിരുന്നു.

ടാക്സിയും ആയി തിരികെ വന്ന ചെറിയച്ഛൻ ഓഡിറ്റോറിയം നിന്ന് കത്തുന്നത് കണ്ടപ്പോൾ  വെപ്രാളത്തോടെ  ശ്രീദേവിയുടെ അടുത്തേക്ക് ഓടി വന്നു. കാര്യം അറിഞ്ഞപ്പോൾ അയാൾ അങ്ങോട്ട്‌ പോകാൻ ശ്രെമിച്ചു കൊണ്ടിരുന്നു. എല്ലാവരും കൂടെ അയാളെ പിടിച്ചു മാറ്റി.

ജനൽ ചില്ലുകളും  എന്തൊക്കെയോ സാധങ്ങളും  പൊട്ടി തെറിച്ചു പുറത്തേക്കു വീഴാൻ തുടങ്ങി.ആളുകൾ പുറകിലേക്ക് മാറി നിന്നു. സ്ഥിതി വഷളാകും മുൻപ് ഫയർ ഫോഴ്സ് എത്തി അവരുടെ ജോലി തുടങ്ങി.

ഇതേ സമയം കിങ്ങിണി നിന്ന ബാത്റൂമിന്റെ  പുറകിൽ വരെ തീ എത്തിയിരുന്നു. അവൾ ആകെ പേടിച്ചു.

"ചെറിയച്ച.... ചെറിയമ്മേ.... ആരേലും ഈ വാതിൽ ഒന്ന് തുറക്ക്. പ്ലീസ് ഒന്ന് തുറക്ക്....എന്നെ രക്ഷിക്കണേ "....കിങ്ങിണി വാ വിട്ടു കരഞ്ഞു.തീ പടർന്നു തുടങ്ങിയ സാഹചര്യത്തിൽ അവൾ പൈപ്പ് തുറന്നു വെച്ചു ആ വെള്ളം മുഴുവനും ശരീരത്തിലേക്ക് ഒഴിച്ചു കൊണ്ടിരുന്നു. തീ കയറി പിടിക്കാതെ ഇരിക്കാൻ വേണ്ടി.

ഒരു വിധം ബാത്റൂമിന്റെ  അടുക്കൽ വരെ നിഹാൽ എത്തി.നിറയെ തീയും പുകയും അവിടെ പടർന്നിരുന്നു.  ബാത്‌റൂമിൽ നിന്ന് ശക്തിയായ കൊട്ട് കേട്ടതും അവൻ ചെന്ന് വാതിൽ തുറന്നു.

ആകെ ഭയന്ന് വിറച്ചു നനഞ്ഞു കുതിർന്നു നിൽക്കുന്ന കിങ്ങിണിയെ കണ്ടപ്പോൾ നെഞ്ചിൽ ഒരു കത്തി കുത്തി  കയറിയ  പോലെ    വേദന അവനു തോന്നി പോയി.  മുന്നിൽ നിൽക്കുന്നത് ആരെന്നു പോലും ശരിക്കും നോക്കാതെ കിങ്ങിണി ഓടി ചെന്ന് നിഹാലിന്റെ മാറിൽ അണഞ്ഞു. അവനെ വരിഞ്ഞു മുറുക്കി വിരി മാറിൽ മുഖം പൂഴ്ത്തി നിൽക്കുന്ന കിങ്ങിണിയുടെ ഹൃദയമിടിപ്പ് അവനു നന്നായി കേൾക്കാമായിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ചു.

"ഏയ്.... ഏയ്.... ഒന്നുല്ല... ഒന്നുല്ല... പേടിക്കണ്ട ട്ടോ"....ഒരു വിധം അവൻ കിങ്ങിണിയുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു.ഇരുവരുടെയും ദേഹത്തിലെ  തണുപ്പ് പോലും ഒരു ചൂടിലേക്ക് മാറുന്ന പോലെ.......... !!

നിഹാൽ ചഞ്ചലയുടെ വലതു കൈ പിടിച്ചു പുറത്തേക്കു ഇറങ്ങാൻ നോക്കിയതും നാല് പാടും തീ പടർന്നു പിടിച്ചു. ബാക്ക് ഡോറിൽ കൂടെ പോകാൻ വേണ്ടി ഓഡിറ്റോറിയത്തിന്റെ അറ്റം വരെ നടക്കണം. നിഹാലിന്റെ വലം കയ്യിൽ മുറുകെ പിടിച്ചു കിങ്ങിണി നടന്നു. എന്നാൽ തീയുടെ ചൂട് കൂടി വന്നു അവൾ  തളർന്നു വീണു പോയി. പെട്ടെന്ന് തന്നെ നിഹാൽ അവളെ താങ്ങി പിടിച്ചു.

"ഹലോ... ഏയ്.... ഏയ്... കണ്ണ് തുറക്ക്".... അവൻ അവളുടെ കവിളിൽ കൊട്ടി വിളിച്ചിട്ടും അവൾ ഉണർന്നില്ല. നിഹാൽ അവന്റെ കോട്ട് ഊരി അവൾക്കു ഇട്ടു കൊടുത്തു. അവളെ രണ്ട് കൈ കൊണ്ടും കോരി എടുത്തു അവൻ മുന്നോട്ട് നടന്നു.

വാടിയ ചേമ്പില  പോലെ കിടക്കുന്ന കിങ്ങിണിയുടെ മുഖം കാൺകെ  കാൺകെ  അവന്റെ ഉള്ളും പൊള്ളി പോകുന്ന പോലെ തോന്നി.

ബാക്ക് ഡോർ ചവിട്ടി പൊട്ടിച്ചു പുറത്തേക്കു അവളെയും ആയി വരുമ്പോൾ ചെറിയച്ഛനും ചെറിയമ്മയും അവൾക്കു അടുത്തേക്ക് ഓടി എത്തി.

"ആരേലും കുറച്ച് വെള്ളം കൊണ്ട് വന്നേ".... നികേഷ് പറഞ്ഞു. വിദ്യ ഓടി പോയി വെള്ളം കൊണ്ട് വന്നു.  കിങ്ങിണിയുടെ മുഖത്തേക്ക് വെള്ളം തളിച്ചപ്പോൾ അവൾ പതിയെ കണ്ണുകൾ വലിച്ചു തുറന്നു. ആ മിഴികൾ ആദ്യം തന്നെ പതിഞ്ഞത് അവളെ മടിയിൽ കിടത്തി നിലത്തു ഇരിക്കുന്ന നിഹാലിന്റെ മുഖത്ത് ആണ്. പയ്യെ അവൾ എഴുന്നേറ്റു ചെറിയമ്മയുടെ തോളിലേക്ക് ചാരി ഇരുന്നു.

"പേടിച്ചു പോയോ ചെറിയച്ഛന്റെ പൊന്നു മോള്...
ഒന്നുല്ല ട്ടോ".... ചെറിയച്ഛൻ അവളെ തലോടി കൊണ്ട്  ആശ്വസിപ്പിച്ചു.

"നിനക്ക് എന്തേലും പറ്റിയോ"??... നിഹാലിനോട് വിദ്യ ചോദിച്ചു.

"ഇല്ല ഏട്ടത്തി ഞാൻ okey ആ''....

"മ്മ്"....

"മോനെ ഒരുപാട് നന്ദി ഉണ്ട്. കൃത്യ സമയത്തു ഞങളുടെ കുട്ടിയെ രെക്ഷിച്ചതിനു"
... ചെറിയച്ഛൻ നിഹാലിന്റെ മുൻപിൽ കൈ കൂപ്പി.

അവൻ ഒരു പുഞ്ചിരിയോടെ ആ നന്ദി വാക്കുകൾ സ്വീകരിച്ചു.

"മോളെ നിനക്ക് ഹോസ്പിറ്റലിൽ പോകണോ"??....നിഹാലിന്റെ അച്ഛൻ ചോദിച്ചു. 

"വേണ്ടാ.... "

"വേണെങ്കിൽ പോകാം"...... രേവതി പറഞ്ഞു.

"വേണ്ടാ ചേച്ചി ..... "

"എന്നാലും ഒന്ന് ഹോസ്പിറ്റലിൽ പോയി റസ്റ്റ്‌ ചെയ്യുന്നത് നല്ലത് ആയിരുന്നു".... നിഹാലിന്റെ അമ്മ പറഞ്ഞു.

"കുത്തി വെക്കും അവര്".....ചെറിയമ്മയുടെ ചെവിയിൽ പറഞ്ഞത് ആണെങ്കിലും അടുത്ത് നിന്ന നിഹാലും അവന്റെ അമ്മയും അത് കേട്ടു. നിഹാലിന്റെ ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി വിടർന്നു അവളുടെ നിഷ്കളങ്കത ഓർത്ത്.

"മോൾക്ക്‌ സൂചി പേടിയാ.... "..... എന്ന് ചെറിയമ്മ അവരുടെ കാതിൽ പറഞ്ഞു. അവർ പുഞ്ചിരിച്ചു കൊണ്ട് അത് സമ്മതിച്ചു.

അപ്പോഴും നിഹാലിന്റെയും കിങ്ങിണിയുടെയും ഹൃദയം മറ്റ് എവിടെയോ ആയിരുന്നു.കിങ്ങിണിയുടെ മുഖത്തേക്ക് പാളി വീഴുന്ന നിഹാലിന്റെ നോട്ടം അത് ഹൃദയത്തിൽ തറഞ്ഞു കയറുന്നത് അവൾ അറിഞ്ഞു.

"ചെറിയച്ച".....

"എന്താ മോളെ"??

"നമുക്ക് വീട്ടിൽ പോകാം"??

"ഇപ്പോ തന്നെ പോണോ അതോ മോൾക്ക്‌ ഒന്ന് റസ്റ്റ്‌ ചെയ്യണോ"??

"വേണ്ടാ ചെറിയച്ച നമുക്ക് വേഗം പോകാം എനിക്ക് അച്ചയെ  കാണണം".....അവളുടെ കൺകോണിൽ മിഴിനീർ ഉരുണ്ടു കൂടുന്നത് കണ്ടു ചെറിയച്ഛൻ അവളെ ചേർത്ത് പിടിച്ചു കണ്ണ് തുടച്ചു കൊണ്ട്  പോകാം എന്ന് പറഞ്ഞു.

കിങ്ങിണിയെ ചെറിയച്ഛനും ചെറിയമ്മയും കൂടെ താങ്ങി പിടിച്ചു കാറിലേക്ക് ഇരുത്തി. ചെറിയമ്മയുടെ നെഞ്ചിലേക്ക് പറ്റി ചേർന്ന് അവൾ കിടന്നു.ചെറിയച്ഛൻ നിഹാലിനോടും  അവന്റെ കുടുംബത്തോടും  യാത്ര പറഞ്ഞു കാറിൽ കയറി.

കാർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ അവൾ കണ്ടു തന്നെ നോക്കി നിന്ന നിഹാലിനെ. ആ നിമിഷം ആ മുഖത്ത് തെളിഞ്ഞു വന്നത് പുഞ്ചിരി ആണോ നിഷ്കളങ്കത ആണോ ആശ്വാസം ആണോ എന്ന് വേർതിരിച്ചു അറിയാൻ അവൾക്കു കഴിഞ്ഞില്ല. കാർ നീങ്ങി തുടങ്ങിയപ്പോൾ ചെറിയമ്മ അവളെ വട്ടം കെട്ടിപ്പിടിച്ചു ഉമ്മ വെച്ചും തലോടിയും  ആശ്വസിപ്പിച്ചു. അത്രക്കും അവർ പേടിച്ചു പോയിരുന്നു. വെള്ളാരം കുന്നിലെ ഓരോ മനുഷ്യരുടെയും  ഹൃദയം ആണ് കിങ്ങിണി, ഏട്ടന്റെ പ്രാണനും. അതിന് എന്തെങ്കിലും പറ്റിയാൽ ഏട്ടൻ സഹിക്കില്ല. യാത്രയിൽ ഉടനീളം ചന്ദ്രന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

നിഹാൽ തന്ന കോട്ടും ഇട്ടു അതിന്റെ ചൂടിൽ കിടക്കുമ്പോൾ അവളുടെ മനസ്സിലേക്ക് കുറച്ച് നേരം മുൻപ് നടന്ന ഓരോ കാര്യവും തെളിഞ്ഞു വന്നു. നിഹാലിന്റെ നെഞ്ചിലേക്ക് ഒരു ആശ്രയത്തിനായ്  കിങ്ങിണി ഓടി അണഞ്ഞതും  അവൻ തന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചതും, വലം കയ്യിൽ ഭദ്രമായി  ചേർത്ത് പിടിച്ചതും, ബോധം മറയാൻ  നേരം നെഞ്ചോടു ചേർത്ത് കോരി എടുത്തതും എല്ലാം അവളുടെ മനസ്സിൽ കൂടെ കടന്നു പോയി.

കുറച്ച് സമയത്തിന് ശേഷം അവർ റെയിൽവേ സ്റ്റേഷനിൽ എത്തി. ചെറിയമ്മയും കിങ്ങിണിയും കൂടെ അവളുടെ നനഞ്ഞ ഡ്രസ്സ്‌ എല്ലാം മാറി വേറെ ഡ്രസ്സ്‌ ഇട്ടു പുറത്തേക്കു വന്നു. നിഹാലിന്റെ കോട്ട് അവൾ ഊരി ബാഗിൽ വെച്ചു.

ട്രെയിൻ ഏകദേശം 2മണിക്കൂർ ലേറ്റ് ആയിരുന്നത് കൊണ്ട് അവർ കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു. ട്രെയിൻ വന്നപ്പോൾ അവർ മൂവരും വെള്ളാരം കുന്നിലെക്ക് യാത്ര ആയി.

***********************

"ഹോ എന്തൊക്കെയാ നടന്നത് എന്റെ ഭഗവാനെ... ഓർക്കാൻ കൂടി വയ്യ... ആർക്കെങ്കിലും എന്തെങ്കിലും പറ്റിയിരുന്നു  എങ്കിൽ എന്ത് ചെയ്തേനെ".....വീട്ടിൽ എത്തിയപ്പോൾ നിഹാലിന്റെ അമ്മ പറഞ്ഞു.

"നീ കുട്ടികളെ കൊണ്ട് പോയി കിടത്തൂ "....നികേഷ് രേവതിയോട് പറഞ്ഞു.

"അമ്മ പറഞ്ഞത് നേരാ... ആ ബാത്‌റൂമിൽ പെട്ടു പോയ കുട്ടി... എങ്ങാനും അതിൽ പെട്ടു പോയിരുന്നെങ്കിലോ ഇവൻ പോയി രെക്ഷിച്ചില്ലാരുന്നു  എങ്കിൽ എന്തായേനെ ... ഓർക്കാൻ വയ്യ'....നരേൻ പറഞ്ഞു.

"മ്മ് വന്നത് വന്നു. എല്ലാരും പോയി കിടന്നോ.... നേരം ഒരുപാടായി"...അച്ഛൻ പറഞ്ഞു.

"ഡാ ലാലേ  നിനക്ക് എന്തേലും പ്രയാസം തോന്നുന്നുണ്ടോ"??...നികേഷ് ചോദിച്ചു.

"ഇല്ല.... "

"മ്മ് എങ്കിൽ നീ പോയി റസ്റ്റ്‌ ചെയ്യ്"....

"അമ്മേ ആ ഡാൻസ് ചെയ്ത കുട്ടി അല്ലേ ബാത്‌റൂമിൽ കുടുങ്ങി പോയത്"??...വിദ്യ ചോദിച്ചു.

"ആം.... നല്ല മോളാ... ഒരു ചുന്ദരി കുട്ടി"....

"എന്തായിരുന്നു അതിന്റെ പേര്"??...അച്ഛൻ ചോദിച്ചു

"എന്തോ ചിലങ്കയോ, ചന്ദനയോ അങ്ങനെ എന്തോ ആണെന്ന് തോന്നുന്നു. അല്ലേ വിദ്യ മോളെ"??....അമ്മ വിദ്യയോട് ചോദിച്ചു

"അതെന്നു തോന്നുന്നു.... എന്തായാലും നല്ല ഭംഗി ആയിരുന്നു ആ കുട്ടീടെ ഡാൻസ്.കണ്ണ് കിട്ടിയത് ആവും അതിന്"....

"ആ കുട്ടീടെ പേര് ചഞ്ചല എന്നാ... അല്ലാതെ ചിലങ്കയും ചെപ്പും  ഒന്നുമല്ല"....സ്റ്റെപ് കയറി മുകളിലേക്ക് പോക്കൊണ്ടിരുന്ന നിഹാൽ ഉറക്കെ പറഞ്ഞു. പെട്ടെന്ന് എല്ലാവരും നിശബ്ദർ ആയപ്പോൾ നിഹാൽ താഴേക്കു നോക്കി. എല്ലാവരും കണ്ണ് മിഴിച്ചു ഇരിക്കുക ആയിരുന്നു.

അവൻ ഒന്ന് ചൂളി പോയി എങ്കിലും ഒന്നും കാര്യം ആക്കാതെ മുറിയിലേക്ക് പോയി.

കയ്യിൽ കിടന്ന വാച്ച് ഊരി ഡ്രസിങ് ടേബിളിൽ വെച്ചു അവൻ ഷർട്ടിന്റെ  ബട്ടൺ ഊരി. അവിടെ ഇവിടെ രോമങ്ങൾ ഉള്ള നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്ന സ്വർണ മാലയിൽ കൊളുത്തി കിടന്ന ഒരു ചെറിയ സ്വർണ മാല അവന്റെ മാലയിൽ തൂങ്ങി കിടന്നു. അവൻ അത് എടുത്തു നോക്കി.

അത് ചഞ്ചലയുടേത് ആകും എന്ന് അവൻ ഊഹിച്ചു.

"ചിലപ്പോൾ എടുത്തു പൊക്കിയപ്പോൾ ഉടക്കി പോയത് ആവും"....അവൻ അത് ഊരി എടുത്തു അലമാരിയിൽ വെച്ചു പൂട്ടി.

നിഹാൽ പോയി ഫ്രഷ് ആയി വന്നു. അവൻ മുറി ഒന്ന് ക്ലീൻ ചെയ്തു.ഇട്ടോണ്ട് പോയ ഷർട്ട്‌ മുഷിഞ്ഞതു കൊണ്ട് അവൻ അത് മാറ്റി ഇട്ടു, എങ്കിലും അതിൽ നിന്നൊരു പ്രത്യേക ഗന്ധം വരുന്നത് പോലെ അവനു തോന്നി. അവൻ ഷർട്ട്‌ അവിടെ വെച്ചിട്ട് ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു.

മറിഞ്ഞും തിരിഞ്ഞും കിടന്നിട്ട് ഒന്നും അവനു ഉറക്കം വന്നില്ല. അവൻ പതിയെ എഴുന്നേറ്റു അലമാര തുറന്നു  ആ മാല കയ്യിൽ എടുത്തു. ടേബിൾ  ലാംപ്  on ചെയ്തു വന്നു കിടന്നു.

ടേബിൾ  ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ അവൻ ആ മാലയിൽ നോക്കി കിടന്നു. അവന്റെ കണ്മുന്നിൽ കൂടെ കുറച്ച് നേരം മുൻപ് നടന്ന കാര്യങ്ങൾ എല്ലാം മിന്നി മറഞ്ഞു.

താമര പൂവിന്റെ ഇതളുകൾ പോലെ ഉള്ള നീണ്ട ആ കണ്ണുകൾ അവന്റെ മുന്നിൽ മിന്നി മറഞ്ഞു നിന്നു.

അവളുടെ മാല പില്ലോയിലേക്ക് ഇട്ട് അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

****************

നേരം വെളുക്കാറായപ്പോൾ ചെറിയച്ഛനും ചെറിയമ്മയും കിങ്ങിണിയും വെള്ളാരം കുന്നിൽ എത്തി. ശ്യാം ആണ് അവരെ വീട്ടിൽ കൊണ്ട് വന്നു ആക്കിയത്.

ഓഡിറ്റോറിയത്തിൽ തീ പിടിച്ചത് എല്ലാം ശ്യാം ന്യൂസിൽ കൂടെ അറിഞ്ഞിരുന്നു. അവനും ആകെ പേടിച്ചു പോയിരുന്നു. കിങ്ങിണി വീട്ടിൽ എത്തിയപ്പോൾ ഒരു ഉത്സവത്തിന് ഉള്ള ആളുകൾ ഉണ്ടായിരുന്നു ചിത്തിരപുരം തറവാട്ടിൽ. ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും എല്ലാം വിവരം അറിഞ്ഞു എത്തിയിരുന്നു.

"മോളെ".......ഉറങ്ങി കൊണ്ടിരുന്ന കിങ്ങിണിയെ അവളുടെ അച്ഛൻ തട്ടി വിളിച്ചു. കണ്ണ് തിരുമി, നോക്കുമ്പോൾ  അച്ഛനെ മുന്നിൽ കണ്ടതും അവൾ കൈകൾ രണ്ടും ഉയർത്തി. അച്ഛൻ കയ്യിൽ പിടിച്ചു അവളെ പുറത്തേക്കു ഇറക്കി.

"അച്ഛേടെ പൊന്നിന് ഒന്നും പറ്റിയില്ലല്ലോ ല്ലേ"??

"ഇല്ല അച്ചേ"....

"അച്ഛ പേടിച്ചു പോയെടാ... ന്യൂസിൽ കണ്ടപ്പോൾ...."

"എനിക്ക് ഒന്നുമില്ല അച്ചേ"....

"മ്മ്.... ".. അച്ഛൻ അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു.

"മതി മതി ഇനി ഡാൻസും പാട്ടും കൂത്തും  ഒന്നും വേണ്ടാ.... ആദി പിടിക്കാൻ എനിക്ക് വയ്യ"....അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.

"ഒരു പ്രാവശ്യം ചക്ക ഇട്ടു മുയൽ ചത്തു എന്ന് പറഞ്ഞു എപ്പോഴും  മുയൽ  പ്ലാവിന്റെ കീഴെ പോയി നിന്ന് കൊടുത്തിട്ടില്ല....എന്നെ തല്ലിയപ്പോഴേ  ഞാൻ കരുതിയതാ ഇത് ഇങ്ങനെയേ ആകൂ എന്ന്".....അതും പറഞ്ഞു എല്ലാവരോടും കെറുവിച്ചു കിങ്ങിണി മുറിയിലേക്ക് പോയി.

"നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് അവളോട്‌ ഇങ്ങനെ ഒന്നും പറയരുത് എന്ന്.... പെൺകുട്ടികൾ ആവുമ്പോൾ ഡാൻസ് കളിച്ചെന്നൊക്കെ വരും അവർക്ക് അവരുടേത് ആയ കഴിവുകൾ പുറത്തെടുക്കാൻ  ഇപ്പോ ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ട്. അല്ലാണ്ട് പണ്ടത്തെ കാലം ഒന്നുമല്ല ഇപ്പോൾ.... ചെല്ല് പോയി അവൾക്കു എന്തേലും കഴിക്കാൻ കൊടുക്ക്".....

"എല്ലാവരും പോയാട്ടെ.... കിങ്ങിണി കുട്ടിക്ക് ഒരു കുഴപ്പവും ഇല്ല".... ശ്യാം എല്ലാവരെയും പറഞ്ഞു വിട്ടു. കാറിന്റെ താക്കോൽ കൊടുത്തു അവനും വീട്ടിലേക്ക് പോയി.

"ഡാ ചന്ദ്ര''....

"എന്താ ഏട്ടാ"??

"നിന്റെ ഫോണിന് എന്ത് പറ്റിയതാ... എത്ര തവണ വിളിച്ചു"??

"ഏട്ടാ അത് ഇന്നലെ ആ തിരക്കിന്റെ  ഇടയിൽ എവിടെയോ പോയി"...

"മ്മ്"....

"ഏട്ടാ.... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്"...

"എന്താടാ"??

"കിങ്ങിണിയുടെ ജാതകം ഒന്ന് പോയി നോക്കണം 18തികയുവല്ലേ  !! പണ്ടേ ജ്യോൽസ്യൻ പറഞ്ഞതല്ലേ 18വയസ്സ് തികയുന്നതിനു  മുൻപേ ഒന്ന് പോയി നോക്കിക്കോണം  എന്ന്... എന്തോ ദോഷം ഉണ്ടെന്നു"....

"അനിയൻ അത് പറഞ്ഞപ്പോൾ ആണ് എല്ലാവർക്കും അത് ഓർമ വന്നത്...

"നീ പറഞ്ഞത് ശരിയാ ഒന്ന് പോയി നോക്കാം. "...

"ഇന്നലെ വന്നപ്പോൾ മുതൽ ഞാൻ ഇത് തന്നെ ആലോചിക്കുക ആയിരുന്നു"....

"ഹ്മ്മ് പോകാം... ശ്രീദേവി നീയും ഏടത്തിയും കൂടെ കിങ്ങിണിയെയും കൂട്ടി വൈകുന്നേരം കൃഷ്ണന്റെ അമ്പലത്തിൽ വരെ പോകണം ട്ടോ"..... കിങ്ങിണിയുടെ അച്ഛൻ പറഞ്ഞു.

"പോകാം ഏട്ടാ "...ശ്രീദേവി മറുപടി ആയി പറഞ്ഞു.

"എടാ ഇന്നലെ ശരിക്കും എന്താ ഉണ്ടായത്"??, രാവിലത്തെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കൃഷ്ണ പ്രസാദ് അനിയനോട് ചോദിച്ചു. അദ്ദേഹം ഇന്നലെ നടന്ന കാര്യങ്ങൾ വിവരിക്കുമ്പോൾ  ആണ് കിങ്ങിണി കുളി കഴിഞ്ഞു താഴേക്കു ഇറങ്ങി വന്നത്.

"സത്യത്തിൽ ഞങ്ങൾ എല്ലാവരും പേടിച്ചു പോയി ഏട്ടാ.... അന്നേരം ആണ് ആ ചെറുക്കൻ പോയി കിങ്ങിണി മോളെയും എടുത്തു  കൊണ്ട് വന്നത്. നാല് പാടും തീ ആയിരുന്നു. ഇങ്ങനെ ഒരു ടെൻഷൻ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല".... ചന്ദ്രൻ പറഞ്ഞു നിർത്തി.

"ആ കുട്ടിയെ ദൈവം ആയിട്ട് അയച്ചതാ".... കിങ്ങിണിയുടെ അമ്മ പറഞ്ഞു.

"മോളെ നിനക്ക് ഇഡലി എടുക്കട്ടെ"??...ചെറിയമ്മ ചോദിച്ചു.

"മ്മ്"....അവൾ പതുക്കെ നടന്നു വന്നു അച്ഛന്റെ അടുത്തു ചെന്ന് ഇരുന്നു അച്ഛന്റെ ഇടത്തെ കയ്യിൽ വട്ടം ചുറ്റി പിടിച്ചു ഇരുന്നു.

"ശ്രീദേവി അവൾക്കു ഇഡലി വേണ്ടാ ഞാൻ ഇതിൽ വാരി കൊടുത്തോളാം"....അച്ഛൻ അവൾക്കു വാരി കൊടുക്കാൻ തുടങ്ങി.

"മോളെ നിന്റെ കഴുത്തിലെ നൂല് മാല എവിടെ"??...അമ്മ ചോദിച്ചപ്പോൾ ആണ് അവളും അതിനെ കുറിച്ച് ഓർത്തത്.

"അയ്യോ... അറിയില്ല അമ്മേ... ഇന്നലത്തെ ബഹളത്തിന്റെ  ഇടയ്ക്ക് വല്ലോം പോയോ ആവോ"!!

"സാരമില്ല... അത് പൊക്കോട്ടെ അച്ഛക്ക്  അച്ഛേടെ പൊന്നിനെ തിരിച്ചു കിട്ടിയല്ലോ അത് മതി"....അച്ഛൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.

"ഡാ ആ ചെറുക്കന്റെ പേരെന്താ ??കിങ്ങിണിയെ രക്ഷിച്ച"!!....അച്ഛൻ ചോദിച്ചു.

"നിഹാൽ.... എന്നാ പേര് കാണാൻ നല്ല മിടുക്കനാ ആര് കണ്ടാലും തെറ്റ് പറയില്ല. നല്ല പെരുമാറ്റവും"....കിങ്ങിണി എല്ലാം കേൾക്കുന്നുണ്ട് എങ്കിലും അവളുടെ മനസ്സിൽ കൂടെ ആ മുഖം പാഞ്ഞു പൊക്കോണ്ടിരുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞു അച്ഛനും ചെറിയച്ഛനും കൂടെ പാടത്തേക്ക് പോയി. ചെറിയമ്മക്ക്  നല്ല യാത്ര ക്ഷീണം ഉള്ളത് കൊണ്ട് അവർ കുറച്ച് നേരം ഉറങ്ങാൻ വേണ്ടി പോയി. കിങ്ങിണി അവളുടെ മുറിയിൽ ചെന്ന് ബാഗിൽ ഉണ്ടായിരുന്ന മുഷിഞ്ഞ തുണികൾ എടുത്തു ബക്കറ്റിലേക്ക്  ഇട്ടു. കയ്യിൽ തടഞ്ഞ ആ കോട്ട് അവൾ കയ്യിൽ എടുത്തു.അതിന്റെ ഗന്ധം അതിന് ചെമ്പക പൂക്കളുടെ മണം ആണെന്ന് അവൾക്ക് തോന്നി. അത് മാറ്റി വെച്ചു അവൾ തുണികൾ എല്ലാം കഴുകാൻ വേണ്ടി പോയി.

തിരികെ വന്നു പുസ്തകം തുറന്നു പഠിക്കാൻ തുടങ്ങി. ഇടയ്ക്ക് ഇടവേളകളിൽ അവളുടെ നോട്ടം കട്ടിലിൽ കിടന്ന നിഹാലിന്റെ ആ കോട്ടിൽ പാറി വീണു കൊണ്ടിരുന്നു.

"ശോ എന്നാലും ആ ചേട്ടൻ എന്താ എന്റെ തല മണ്ടയിൽ കയറി ഇങ്ങനെ ഇരിക്കുന്നെ ??അറിയില്ലല്ലോ".... ഒരു വിധം അവൾ ചിന്തകൾ എല്ലാം വെടിഞ്ഞു ഇരുന്നു പഠിച്ചു.

സന്ധ്യ ആകാറായപ്പോൾ കിങ്ങിണി പോയി  കുളിച്ചു, അമ്പലത്തിൽ ദീപാരാധനക്ക് പോകുവാൻ വേണ്ടി. ഒരു ചുവപ്പും മഞ്ഞയും നിറമുള്ള ദാവണി എടുത്തു ചുറ്റി.മുടി കുളി പിന്നൽ കെട്ടി ഇട്ടു. കയ്യിൽ ചുവന്ന കുപ്പിവളകൾ അണിഞ്ഞു ചെറിയ ചുവന്നൊരു പൊട്ടും നെറ്റിമേൽ ചാർത്തി.കണ്മഷി കൊണ്ട് കണ്ണിൽ നീട്ടി വരച്ചു അമ്മയ്ക്കും ചെറിയമ്മക്കും  ഒപ്പം അമ്പലത്തിലേക്ക് പോയി.

"അമ്മേ മേഘ വന്നോ ആശുപത്രിയിൽ നിന്ന്"??...അമ്പലത്തിൽ പോകും വഴി അവൾ അമ്മയോട് ചോദിച്ചു.

"അറിയില്ലല്ലോ മോളെ... വന്നു കാണില്ലാരിക്കും. നമുക്ക് പോയിട്ട് വന്നിട്ട് ഒന്ന് വിളിക്കാം"....

അമ്മയോടും ചെറിയമ്മയോടും  വർത്തമാനം പറഞ്ഞു നടന്നു അവൾ. ദീപാരാധനക്ക് നട അടച്ചിരുന്നു.കുറച്ച് പേര് മാത്രമേ അമ്പലത്തിൽ ഉണ്ടായിരുന്നുള്ളു.  എല്ലാവരും നാമം ജപിച്ചു പ്രാർഥിച്ചു നിന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ നട തുറന്നു. കളഭം ചാർത്തി നിൽക്കുന്ന കള്ള കണ്ണന്റെ മുഖത്ത് എന്തോ കള്ള ലക്ഷണം അവൾക്കു തോന്നി.

"ഭഗവാനെ.... പഠിക്കാൻ ഉള്ള ബുദ്ധി തരണേ എല്ലാവരെയും കാത്ത് രക്ഷിക്കണേ. പിന്നെ ഒരു പുതിയ കാര്യം ഉണ്ട് ഇന്നലെ എന്നെ രക്ഷിച്ച ആ  ചേട്ടൻ ആരാന്നോ എന്താന്നോ ഒന്നും എനിക്ക് അറിഞ്ഞു കൂടാ.... ആരായാലും ആ ചേട്ടന് നല്ലത് മാത്രം വരുത്തണെ ....ഇനി ഞങ്ങൾ തമ്മിൽ കാണുവോ കണ്ണാ"??....

അതും മനസ്സിൽ  ചോദിച്ചു കണ്ണ് അടച്ചു തുറന്നപ്പോൾ അമ്പലത്തിൽ നിന്നു പുറത്തേക്കു ഇറങ്ങി വന്ന  ആളെ കണ്ടു അവൾ ഒന്ന് ഞെട്ടി...!!!

തുടരും

(നിഹാലിനെയും ചഞ്ചലയെയും എല്ലാം ഇരു കയ്യും നീട്ടി സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി. എല്ലാ കഥയിലെയും പോലെ അടി ഇടി വെടി ഉടക്ക് ഇതിൽ നിന്നും ഒരു മാറ്റം ഞാൻ പ്രതീക്ഷിക്കുന്നു. ഡാൻസ് മാസ്റ്റർ വിക്രം പറഞ്ഞത് പോലെ ലവന്മാർക്ക് ചേഞ്ച്‌ വേണമത്രേ ചേഞ്ച്‌. എനിച്ചും വേണം ചേഞ്ച്‌. കയ്യിൽ അഞ്ചു വിരൽ ഉണ്ടല്ലോ കൂട്ടുകാരെ ആ ലൈക്ക് ബട്ടണിൽ ഏതേലും ഒരു  വിരൽ അമർത്തി ഈ എളിയ സുഹൃത്തിനെ ആശിർവദിക്കണം എന്ന് വിനീതമായി അറിയിച്ചു കൊള്ളുന്നു...)

രചന :-അനു അനാമിക

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top