യാമി, Part 29

Valappottukal
യാമി💝2️⃣9️⃣
ഭാഗം❤️29

തിരികെ വാര്യത്ത് എത്തുമ്പോൾ ആദ്യ നാൾ വന്നപ്പോൾ കിട്ടിയ  സ്വീകരണം  ആരിൽനിന്നും കാണാത്തത് യാമി പ്രത്യേകം ശ്രദ്ധിച്ചു...

അവൾക്കത് വലിയ ഉപകാരമായി തന്നെ തോന്നി...
കാര്യങ്ങൾ ബോധിപ്പിക്കേണ്ടവർ രണ്ടും ഉമ്മറത്ത് മുത്തശ്ശനും, മുത്തശ്ശിക്കും അടുത്തേക്ക് നടന്നപ്പോൾ ആരെയും ശ്രദ്ധിക്കാതെ യാമി ഉള്ളിലേക്ക് കയറാൻ തുടങ്ങി..

"യാമി മോൾ ഒന്ന് നിന്നെ..."
മുത്തശ്ശന്റെ വിളി കേട്ടവൾ തിരിഞ്ഞു നോക്കി

"കല്യാണ കാര്യമൊക്കെ അറിഞ്ഞിട്ടുണ്ടാവുമല്ലോ നിൻറെ അഭിപ്രായം എന്താണ്?"
യാമി യദുവിനെ ഒന്ന് നോക്കിയ ശേഷം
മുത്തശ്ശനോടായി പറഞ്ഞു

"എനിക്ക് പറയാനുള്ളതൊക്കെ ഡാഡിയോട് ഞാൻ പറഞ്ഞിട്ടുണ്ട് മുത്തശാ.. ഒരു കാര്യം മാത്രം.."

"പഠിക്കാൻ പോകുന്ന കാര്യം ആകും? അതിന് നവീ മോനു പ്രശ്നമൊന്നുമില്ല..
കല്യാണം കഴിഞ്ഞ് മൂന്നാം നാൾ ആണ് യാത്ര അല്ലേ?"

"അതെ"

"മ്.. ശരി..നവിയോട് നിനക്ക് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആകാം അവൻ റൂമിൽ ഉണ്ടാകും.."

"നിർബന്ധമില്ല "
വാക്കിലെ പുച്ഛം എല്ലാവർക്കും മനസിലായെങ്കിലും തിരികെ ആരും അവളോട് ഒന്നും പറഞ്ഞില്ല...

മുത്തശ്ശൻ എന്തോ കണ്ണുകൾകൊണ്ട് കാട്ടിയതും മുത്തശ്ശി അടുത്തിരുന്ന താലത്തിൽ നിന്നും എന്തൊക്കെയോ ചേർത്തു എടുത്ത്കൊണ്ട് അവൾക്ക് അരികിലെത്തി..

"കണ്ട നസ്രാണി ചെറുക്കന്മാരുടെ ഒക്കെ കണ്ണാണ്... വേണ്ടാത്തത് ഒന്നും ഇനിയെങ്കിലും തോന്നിക്കരുതേ എൻറെ ഭഗവാനെ..."
കയ്യിലിരുന്ന സാധനം കൊണ്ട് അവർ മൂന്നു തവണ അവളെ മുഴുവനായി ഉഴിഞ്ഞശേഷം പറഞ്ഞു

ദേഷ്യം വന്ന് യാമി വാണിയെ ഒന്നു നോക്കി..
യദുവിന് അരികിലായി തലകുമ്പിട്ട് നിൽക്കുകയായിരുന്നു അവർ...

"നസ്രാണി അല്ല മുത്തശ്ശി മനുഷ്യനാണ്...
യാമി ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് നന്മയുള്ള ഏക മനുഷ്യൻ...."

"കണ്ടോ അവളുടെ തർക്കുത്തരം.. ഇതൊക്കെ കൈവിഷമാണ്... അതെങ്ങനെയാ വളർത്തി നശിപ്പിച്ചവരെ പറഞ്ഞാൽ മതിയല്ലോ.."
ജാനകിയുടെ ദേഷ്യം വാണിയോട് ആയി..

"അതെങ്ങനെ ശരിയാകും മുത്തശ്ശി...
മക്കൾ തെറ്റ് ചെയ്യുമ്പോൾ എന്തുകൊണ്ട് എപ്പോഴും അമ്മമാർ മാത്രം കുറ്റക്കാരാകുന്നു..
എന്നെ വളർത്തിയത് വാണി മാത്രമല്ല യദുവും ചേർന്നാണ്..
അതോ എൻറെ മമ്മയെ കുറ്റം പറയുമ്പോൾ മനപ്പൂർവ്വം മുത്തശ്ശി സ്വന്തം മകനെ വിട്ടു കളയുന്നതാണോ?"

"യാമി മോൾ അകത്ത് പോ..."
യദു ഇടപെട്ടത് കൊണ്ട് അവൾ എല്ലാവരെയും ഒന്നു കൂടി നോക്കിയശേഷം ഉള്ളിലേക്ക് നടന്നു..

മുകളിലേക്കുള്ള പടികൾ കയറുമ്പോൾ പിറകിൽ വീണ്ടും ഉച്ചത്തിലുള്ള സംസാരം അവൾ കേൾക്കുന്നുണ്ടായിരുന്നു...

യാമി കുളിച്ചു മാറാനുള്ള ഡ്രസ്സ് ബാഗിൽനിന്ന് എടുക്കുമ്പോഴാണ് വാണി അകത്തേക്ക് കയറി വരുന്നത്...
പെട്ടെന്ന് തന്നെ അവർ അലമാര തുറന്ന് അവൾക്ക് ഇടുവാനുള്ള ചുരിദാർ എടുത്തു കയ്യിലേക്ക് വെച്ചു കൊടുത്തു..

"ദാ.. ഇത് വാങ്ങ്... കുളിച്ചിട്ട് ഇത് ഇട്ടാൽ മതി..
ആരെക്കൊണ്ടും അതും ഇതും പറയിക്കരുത്...
മുത്തശ്ശിയോട്‌ ഞാൻ പോലും ഇതുവരെ എതിര് പറഞ്ഞിട്ടില്ല..."
വാണി അവളെ നോക്കിയശേഷം പറഞ്ഞു..

"പെൺകുട്ടികൾ ഈ വക കാര്യങ്ങളൊക്കെ സ്വന്തം അമ്മയിൽ നിന്നാണ് പഠിക്കുന്നത്.. ഞാൻ ഒരിക്കലും എൻറെ മമ്മയെ കണ്ടു പഠിക്കാൻ ആഗ്രഹിക്കുന്നില്ല..കാരണം ഇഷ്ടമല്ലാത്തതൊന്നും ധൈര്യത്തോടെ വേണ്ട എന്ന് പറയുന്ന മമ്മയെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല...
അത് എന്നെ പഠിപ്പിച്ചത് എൻറെ ആദി ആണ്..
നിങ്ങൾക്ക് മുന്നിൽ ഞാൻ തോറ്റു തരും പക്ഷേ അതു പോലെ ആകില്ല ഇനി എല്ലാവരോടും.."

ശേഷം ചിരിയോടെ വാണിയുടെ കയ്യിലിരുന്ന ചുരിദാർ വാങ്ങി തിരികെ അലമാരിയിൽ തന്നെ വെച്ചിട്ട് യാമി വീണ്ടും തുടർന്നു..

"ഇതാണ് യാമി... ഇത് മാത്രം..
എന്നെ ഇങ്ങനെ അംഗീകരിക്കുന്നവർ മാത്രം അംഗീകരിച്ചാൽ മതി മമ്മ.."
ബെഡിൽ എടുത്തുവെച്ച ഡ്രസ്സുമായി അവള് ബാത്റൂമിലേക്ക് കയറി...

"എന്താടോ?"
പിറകിൽ നിന്നും യദു വിൻെറ ചോദ്യം കേട്ടാണ് വാണി ചിന്തകൾ വെടിഞ്ഞത്..

"അവൾക്ക് ആകെ ഒരു മാറ്റം യദു.."

"സാരമില്ല കാര്യമാക്കണ്ട..
അധികം ഒന്നിനും അവളെ ഫോഴ്സ് ചെയ്യാൻ നിൽക്കണ്ട.. അറിയാമല്ലോ?
പിന്നെ എപ്പോഴും അവളിൽ ഒരു കണ്ണും ഉണ്ടാകണം.."

അയാൾ പറഞ്ഞതൊക്കെ മൂളിക്കേട്ടു കൊണ്ട് വാണി പുറത്തേക്കിറങ്ങി..

വാണി പോയെന്ന് കണ്ടതും യദു യാമിയുടെ ഫോണെടുത്ത് ലോക്ക് മാറ്റി ആദി എന്ന് സേവ് ചെയ്തിരുന്ന നമ്പർ എടുത്ത് ഡിലീറ്റ് ചെയ്തു...

അയാളുടെ ചുണ്ടിൽ അപ്പോഴും നിറഞ്ഞുനിന്നത് വിജയ ചിരി മാത്രമായിരുന്നു....

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

തറവാടിന്റെ പിറകുവശത്തുള്ള കുളത്തിലെ പടിക്കെട്ടിൽ ഇരിക്കുകയായിരുന്നു യാമി...
കാലുകൾ വെള്ളത്തിലിട്ട് ഇളക്കി മറ്റേതോ ചിന്തയിലായിരുന്നു അവള്...
ഒരിക്കൽ അവളുടെ എല്ലാമെല്ലാമായിരുന്ന ഏകാന്തതയെ ഇന്ന് വീണ്ടുമവൾ പ്രണയിച്ചു തുടങ്ങുകയാണ്...

"യാമി.."
പിറക്കിൽ നിന്നും വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി

നവീനെ കണ്ടെങ്കിലും ഒരു ഭാവവ്യത്യാസവും കൂടാതെ അവൾ നേരെ തന്നെയിരുന്നു...

അവൾക്ക്‌ സ്വല്പം മാറി രണ്ട് പടവുകൾക്ക് മുകളിലായി അവനും ഇരുപ്പ് ഉറപ്പിച്ചു...

"പൂർണ്ണ സമ്മതത്തോടെ ആണോ നീ കല്യാണത്തിന് സമ്മതിച്ചത് ?"
നവീന്റെ ചോദ്യം കേട്ട് യാമി ഒന്നു ചിരിച്ചു

"ഇത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട കാര്യമല്ലേ നവി..
ഇനി എന്താണ് അടുത്ത ഉദ്ദേശം..
ഒന്ന് അപമാനിച്ചത് പോരാന്നുണ്ടോ?"

യാമിയുടെ ചോദ്യത്തിലെ പരിഹാസം അവന് എളുപ്പം തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു..
എങ്കിലും മറുപടി മൗനമായിരുന്നു..

രണ്ടാളുടെയും അല്പസമയത്തെ മൗനത്തെ വെടിഞ്ഞു കൊണ്ട് നവീൻ തന്നെ പതിയെ സംസാരിച്ചുതുടങ്ങി..

"എട്ടുവർഷത്തെ പ്രണയമായിരുന്നു ഞാനും മഞ്ജിമയും തമ്മിൽ..
ഇഷ്ടം പറഞ്ഞ നാൾ തന്നെ അവർ എതിർത്തതെ ഉള്ളൂ..
അവളിൽ ഉണ്ടായിരുന്ന ഭയത്തെ നാൾക്കുനാൾ ഞാൻ സ്നേഹം കൊണ്ടാണ് ഇല്ലാതാക്കിയത്..
വാരിയത് ജനിച്ചു പോയത് കൊണ്ട് മാത്രം ഞാൻ നേരിടേണ്ടിവന്ന സങ്കടം...

നമ്മളുടെ രണ്ടാളുടെയും വിവാഹം ആലോചിച്ച് തുടങ്ങിയ സമയം തന്നെ ഞാൻ ഇവിടെ കാര്യം അവതരിപ്പിച്ചതാണ്.. തണുപ്പൻ മട്ടിൽ ഇവിടെ ഉള്ള എല്ലാവരുടെയും പ്രതികരണം എനിക്ക് ഒരു സംശയത്തിനും ഇടയുണ്ടാക്കിയില്ല..
സമർത്ഥമായി ഇവരെല്ലാം ചേർന്ന് എന്നെ പറ്റിച്ചു, എന്നിൽ നിന്നും എല്ലാം ഒളിപ്പിച്ചു...
ഒന്നും അറിയാതിരിക്കാൻ ഇവിടെ നിന്നും എന്നെ മാറ്റി...

ഒടുവിൽ എല്ലാം മനസ്സിലാക്കി തിരികെ വന്നപ്പോഴാണ് അറിയുന്നത് ഒറ്റ ദിവസത്തിനപ്പുറം വിവാഹം ആണെന്ന് എന്ന്....
നിന്നോട് പോലും ദേഷ്യം തോന്നിപ്പോയ നിമിഷം ആയിരുന്നു അത്.. തമ്മിൽ ഒന്നും സംസാരിക്കാതെ നീ എങ്ങനെ ഇതിന് സമ്മതിച്ചു എന്ന് ചിന്തിച്ചപ്പോൾ പൈസയുടെ ആർത്തിയുള്ള നിൻറെ അച്ഛൻറെ മുഖം മാത്രമേ എൻറെ മുന്നിൽ തെളിഞ്ഞുള്ളൂ...
ആ ദേഷ്യം എനിക്ക് നിന്നോടുമായി...
എങ്കിലും കല്യാണത്തലേന്ന് എങ്കിലും നിന്നോട് എല്ലാം സംസാരിക്കാനും വിവാഹത്തിൽ നിന്നും പിന്മാറാൻ പറയുന്നതിനും പലതവണ ശ്രമിച്ചു..
ചെറിയമ്മാവൻ തന്നെ ആയിരുന്നു അന്നേ ദിവസം നിഴലുപോലെ നിനക്കൊപ്പം നടന്നു അതിനു തടസ്സം നിന്നതും...

ഒടുക്കം ഇതിൽ നിന്നും പിന്മാറാൻ മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് മഞ്ജിമയെ അന്നേദിവസം ഇവിടേക്ക് വരുത്തിയത്...
അവളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട്..."
നവീൻ ഒന്ന് നിർത്തി...

കുളത്തിനും മറുകര കാണുന്ന പച്ചപ്പിൽ ആയിരുന്നു യാമിയുടെ നിശ്ചലമായ കണ്ണുകൾ...
അതിൽ തെളിഞ്ഞു നിന്നത് ആദി മാത്രവും..

"എന്നിട്ട്?"
യാന്ത്രികമായി അവൾ തിരക്കി..

"വിവാഹം മുടങ്ങിയ അന്ന് മുത്തശ്ശൻ പന്തലിൽ വെച്ച് അവൾക്ക് വാക്ക് നൽകി പ്രശ്നങ്ങൾ ഒക്കെ ഒന്ന് ഒതുക്കിയ ശേഷം ഞങ്ങളുടെ വിവാഹം നടത്തിത്തരാം എന്ന്...

അന്ന് രാത്രി നീ പോയശേഷം ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഇവിടെ എല്ലാവരും...
എന്തുകൊണ്ടോ അന്ന് നീ ഇവിടുന്ന് പോയത് കണ്ടിരുന്നു എന്ന കാര്യം ആരോടും പറയാൻ തോന്നിയതുമില്ല..
നിൻറെ ഭാഗത്ത് തെറ്റ് ഉണ്ടായിരുന്നില്ല എന്ന് വാണിയമ്മ പറഞ്ഞ ശേഷമാണ് സത്യങ്ങളൊക്കെ ഞാനും മഞ്ജിമയും അറിഞ്ഞത്...
എനിക്കൊപ്പം നീയും ഇതിൽ ചതിക്കപെടുകയായിരുന്നു എന്ന്..."

"പക്ഷേ പെട്ടെന്നാണ് കാര്യങ്ങൾ ഒക്കെ മാറി മറിഞ്ഞത്..
ഇവിടുത്തെ പ്രശ്നങ്ങൾക്കിടയിൽ പലപ്പോഴും മഞ്ജിമ യെ വിളിക്കാനും കാര്യങ്ങൾ അറിയാനും സാധിച്ചി രുന്നില്ല...
ഒരു ദിവസം അവൾ എന്നെ കാണാൻ വന്നു..
ആകെ കോലം കെട്ട അവസ്ഥയിലായിരുന്നു..
ദേഹത്തേക്ക് ചേർക്കാൻ ശ്രമിച്ച കൈകൾ അവൾ ആദ്യമായി തട്ടിയകറ്റി...
ഒരുപാട് ചോദിച്ചിട്ടും മറക്കണം എന്ന് മാത്രമേ പറഞ്ഞുള്ളൂ... യാമിയുടെ ഈ അവസ്ഥയ്ക്ക് ഞാനാണ് കാരണം എന്നവൾ പറഞ്ഞു.. നിൻറെ ശാപത്തോടെ ഒരിക്കലും ഒന്നിച്ചു ജീവിക്കേണ്ട എന്നും...
ആദ്യം ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞതാണെന്നു കരുതി...
പതിയെ എല്ലാം ശരിയാകും എന്നും...
പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം കേൾക്കുന്നത് അവളുടെ വിവാഹം മറ്റൊരാളുമായി കഴിഞ്ഞെന്നാണ്..."

"നവി പിന്നവളെ തിരക്കിയില്ലെ?"
യാമി ചോദിച്ചു

"ഒരുപാട്.. വിവാഹ ശേഷം തിരികെ അവളും വീട്ടുകാരും ഇവിടേക്ക് വന്നിട്ടില്ല എന്നാണ് അറിഞ്ഞത്..
ഉപേക്ഷിച്ചു പോകാൻ മാത്രം തെറ്റൊന്നും ഞാൻ അവളോട് ചെയ്തിട്ടില്ല.. പിന്നെ നിന്നെപ്പോലെ ഒരു പെൺകുട്ടിയെ വേദനിപ്പിച്ചതിന് ദൈവം തന്ന ശിക്ഷ അതാകും..."

കയ്യിലിരുന്ന ഫോൺ യാമിക്ക് നേരെ നവീൻ നീട്ടി..
അവളുടെ വിവാഹ ചിത്രവും..
അവനയച്ച കുറേ മെസ്സേജുകളും ആയിരുന്നു അതിൽ..

"പൂർണ്ണ മനസ്സോടെ ആണോ എന്ന് ചോദിച്ചാൽ ഇപ്പോഴും എനിക്കറിയില്ല.. വാണിയമ്മയാണ് നിൻറെ സ്കോളർഷിപ്പിന്റെ കാര്യം പറഞ്ഞത്.. ചെയ്തുപോയ തെറ്റ് തിരുത്താൻ ഒരവസരം ലഭിച്ചാൽ നിനക്കൊപ്പം എന്തിനും ഞാൻ ഉണ്ടാകും..
പിന്നെ ഇൗ വിവാഹം ?
നിന്നെപ്പോലെ ഞാനും ഇപ്പോൾ അത് ആഗ്രഹിക്കുന്നില്ല.. പെട്ടെന്ന് ഒക്കെ മറന്ന് പുതിയൊരു ജീവിതം തുടങ്ങാൻ എനിക്കും പ്രയാസമാണ്.. സമയം വേണം..
തൽക്കാലം വിവാഹം നടക്കട്ടെ.. അതുവഴി നിൻറെ ആഗ്രഹങ്ങളും.. പൊരുത്തപ്പെടാൻ തോന്നും എന്ന് പരസ്പരം തോന്നുന്ന നാൾ ഒന്നിച്ചു ജീവിച്ചു തുടങ്ങാം.. അല്ലെങ്കിൽ..."
പറഞ്ഞത് മുഴുപ്പിക്കാതെ ഫോൺ  വാങ്ങിയവൻ തിരികെ പടവുകൾ കയറി...

ഒന്നിനും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു യാമി യും....

ആദിയുടെ സാമീപ്യം അവൾക്കെന്തോ ആ നിമിഷം ആവശ്യമായി തോന്നി...
അവൻറെ അഭാവം നൽകുന്ന ശ്വാസംമുട്ടൽ അവൾക്ക് മാത്രം അറിയുന്ന ഒരു വേദനയായി...
പെട്ടെന്ന് തന്നെ മുറിയിലെത്തി ഫോൺ എടുത്ത് അവൾ ആദിയുടെ നമ്പർ തിരഞ്ഞു..

നമ്പർ സേവ് ചെയ്തിരുന്ന പേര് കാണാതായപ്പോൾ അവൾ ആലോചനയോടെ നിന്നു..
ഒടുവിൽ ഒരു ചിരിയോടെ മനസ്സിൽ തന്നെ പറഞ്ഞു..

"ആര് ചെയ്തതാണെങ്കിലും പതിഞ്ഞത് മനസ്സിലാണ്.. അവിടെ ഓർത്തുവെക്കാൻ മറ്റൊരു ഉപാധിയും വേണ്ട.."

അക്കങ്ങൾ ഫോണിലേക്ക് പകർത്തിയവൾ വിളിച്ചു..
ഫോൺ സ്വിച്ച് ഓഫ് എന്ന് മറുപടി കേട്ടതും അവളുടെ മുഖം ഒന്നു ചുളിഞ്ഞു....

ജീനയുടെ നമ്പറിൽ അവൾ ഒന്ന് ശ്രമിച്ചു നോക്കി..
തിരികെ ബാംഗ്ലൂരിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു അവർ..
അറിയില്ലെന്ന മറുപടികൊപ്പം ഫോൺ സ്വിച്ച്ഡ് ഓഫ് ആണ് എന്നാണ് ജീനയും പറഞ്ഞത്..

കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം അവൾ മിലന്റെ നമ്പർ ഡയൽ ചെയ്തു..

രണ്ടുമാസത്തെ അവധിയും എടുത്തു ആദി എവിടെയോ പോയെന്നാണ് മിലനിൽ നിന്നും അറിയാൻ കഴിഞ്ഞത്..

"ഇടയ്ക്ക് ഈ യാത്ര പതിവുള്ളതാണ് യാമി..
ഒരുപാട് സന്തോഷം തോന്നുമ്പോഴും ഒരുപാട് സങ്കടം തോന്നുമ്പോഴും... മനസ്സൊന്നു ശാന്തമായാൽ അവൻ തിരികെ വരും.. അത് ചിലപ്പോൾ ഈ രണ്ട് എന്നുള്ളത് മൂന്ന് നാല് മാസങ്ങളും ആകാം"
മിലൻ പറഞ്ഞു...

പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങിയ നിമിഷം...
💝💝💝💝💝💝💝💝💝💝💝💝
നനുനനുത്ത മറ്റൊരു പുലരി..
പുറത്ത് പെയ്തു തിമിർക്കുന്ന കാലം തെറ്റിയുള്ള കനത്ത മഴയുടെ, കുളിരിൽ കൂനിക്കൂടി കിടന്നുറങ്ങുകയാണ് യാമി...

വാണി പലതവണ വന്ന് വിളിച്ചിട്ടും അവൾ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല...
ഓടി നീങ്ങുന്ന സമയം അറിയാതെ വീണ്ടും നിദ്രയവളെ പുൽകി...

തലവഴി വെള്ളം വന്നു വീണപ്പോഴാണ് ചാടി പിടഞ്ഞു എഴുന്നേറ്റത്...

"എന്ത് നാശം ആണിത്"
കണ്ണുകൾ തുറക്കാതെ ചാടി എഴുന്നേറ്റ് ഇരുന്നു പറഞ്ഞു കഴിഞ്ഞ ശേഷമാണ് കാണുന്നത് മുന്നിൽ ഭദ്രകാളിയെ പോലെ നിൽക്കുന്ന ജാനകിയെ...

നെറ്റിയിൽ ചുവന്ന വട്ട പൊട്ടും..
തുറിച്ചുള്ള നോട്ടവും... കണ്ടതും അവൾ ഒന്ന് തല കുടഞ്ഞു.. അത് മുത്തശ്ശി തന്നെ എന്ന് ഉറപ്പുവരുത്തി..

"എന്താ മുത്തശ്ശി.."
ഉള്ളിലെ നീരസം അടക്കി നിർത്തി അവർ തിരക്കി..

വാ തുറന്നു മറുപടി പറയാതെ അവരുടെ കണ്ണുകൾ മാത്രം സഞ്ചരിച്ച ഭാഗത്തേക്ക് യാമിയുടെ നോട്ടം ചെന്നതും..
ചുമരിലെ ഘടികാരത്തിൽ അത് എത്തിച്ചേർന്നു..

സമയം പത്തര...

കാര്യം മനസ്സിലാകാതെ വീണ്ടുമവൾ ജാനകിയെ നോക്കി..
"ഇവിടെ ആണുങ്ങൾ കൂടി ഇത്ര സമയം കിടന്നുറങ്ങാറില്ല.. പെൺകുട്ടികൾ സൂര്യനുദിക്കും മുൻപേ ഉണരണം... അതെങ്ങനെയാ പഠിപ്പിച്ചു വെച്ചതിന്റെ ഗുണം.."

വീണ്ടും വാണിയിലേക്കാണ് തള്ള കറങ്ങിതിരിഞ്ഞ് എത്തുന്നത് എന്ന് കണ്ടതും യാമി പതിയെ കിടന്നയിടത്തുനിന്നും എഴുന്നേറ്റു..

"നാശം"
അവർക്ക് കേൾക്കാൻ പാകത്തിനല്ല പറഞ്ഞതെങ്കിലും ചുണ്ടനക്കം ശ്രദ്ധിച്ചവർ അവളെ തന്നെ നോക്കി...

"വല്ലതും പറഞ്ഞോ?"

"ഇല്ല "
മുഷിച്ചിലോടെ പറഞ്ഞശേഷം യാമി പുറത്തേക്ക് നടന്നു...

"നിൽക്കെടി അവിടെ?"

ടീ.. എന്നുള്ള വിളി തീരെ ഇഷ്ടപ്പെടാതെ യാമി അവരെ തിരിഞ്ഞു നോക്കി..

"എങ്ങോട്ടേക്കാണ്?"

"ചായ കുടിക്കാൻ.."

"ഈ അര നിക്കറും കീറിയ തുണിയും ഇട്ടോണ്ട് താഴെ എങ്ങും കണ്ടു പോകരുത്...
അടിച്ചുനനച്ചു കുളിച്ചു വൃത്തിയായി മനുഷ്യകോലത്തിൽ കണ്ടാലെ പച്ചവെള്ളം കിട്ടൂ..."
പറഞ്ഞശേഷം ജാനകി പുറത്തേക്കിറങ്ങി..

നുരഞ്ഞു പൊന്തിയ ദേഷ്യം തറയിൽ ആഞ്ഞു ചവിട്ടി തീർത്ത് തല ചൊറിഞ്ഞവൾ നിന്നു..

"പഴയ തറവാടാണ്.. ചവിട്ടിപൊളിച്ച് കളയരുത്.."
വാതിലിൽ നിന്നും ഒച്ച കേട്ട് യാമി തിരിഞ്ഞു നോക്കി യതും..
ചിരിയോടെ നിൽക്കുന്ന നവീനെയാണ് കണ്ടത്..

(തുടരും..)
ശ്രുതി❤️

Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top