യാമി, ഭാഗം 27

Valappottukal
യാമി 💝2️⃣7️⃣
ഭാഗം💝27


വാണിയെ നോക്കി വരണ്ട ചിരിയോടെ ആദി പുറത്തേക്ക് ഇറങ്ങി ....

ഓടി ഒളിക്കാൻ ഒരിടം ആയിരുന്നു അവനാ നിമിഷം വേണ്ടിയിരുന്നത്...
തന്റെ ഫ്ളാറ്റിന്റെ വാതിൽ തുറന്നു ഉള്ളിൽ കടന്ന ആദി..നേരെ ജീനയ്‌ക്ക് അടുത്തേക്ക് ആണ് പോയത്...
മുറിയിൽ ആളനക്കം കേട്ട് ലൈറ്റ് ഇട്ടപ്പൊഴേക്കും ആദി ജീനയുടെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞിരുന്നു...

"മമ്മാ... തെറ്റ് പറ്റിയത് എനിക്ക് ആയിരുന്നു.....
ആഗ്രഹിക്കാൻ പാടില്ലായിരുന്നു ഒരിക്കലും..."
മകന്റെ അവസ്ഥ കണ്ടു വേദനയോടെ ജീന മാധവനെ നോക്കി....

"കിച്ചു... മമ്മ യുടെ മോൻ വിഷമിക്കരുത്.. പപ്പ നാളെ യശോദറിനെ കണ്ടൊന്നു സംസാരിക്കട്ടെ... അവർക്ക് താൽപര്യം ഉണ്ടെങ്കിൽ നമുക്ക് ഇത് ആലോചിക്കാം..."
കാര്യം മനസ്സിലായതും അവനെ സമാധാനിപ്പിക്കാൻ എന്നോണം ജീന പറഞ്ഞു..

"വേണ്ട മമ്മ... യാമി മനസ്സ് കൊണ്ട് ആദ്യം സ്നേഹിച്ചത് നവീനേ ആണ്.. അവൻ തെറ്റ് ചെയ്തിട്ട് ഇല്ലെങ്കിൽ അവരല്ലെ ഒന്നിക്കണ്ടത്... അവൾക്ക് അവളുടെ മമ്മയും ഡാഡിയും ഒപ്പം സ്വപ്നം കണ്ട ജീവിതവും ഒന്നൊന്നായി കിട്ടും...
ഞാൻ അവളുടെ ഫ്രണ്ട് മാത്രം അല്ലേ മമ്മാ..
കൂടെ നിൽകണം എന്നേ അവള് എന്നും പറഞ്ഞിട്ട് ഉള്ളൂ...
എനിക്ക് എല്ലാത്തിനും അവൾക്ക് ഒപ്പം കൂടെ തന്നെ നിൽക്കണം..
ഫ്രണ്ട് ആയി മാത്രം....
സങ്കടങ്ങൾ ഒഴുകി തീരും വരെ അവൻ ജീനയെ വിട്ടു മാറിയില്ല... അവരുടെ കണ്ണുകളും നിറഞ്ഞു ഒഴുകി അവന്റെ മേൽ പതിച്ചു തുടങ്ങി...
അത് മനസ്സിലാക്കിയതും വേഗത്തിൽ മുഖം തുടച്ചവൻ എഴുന്നേറ്റ് നിന്നു ശ്വാസം ആഞ്ഞു വലിച്ചു വിട്ടു...

"എനിക്ക് ഒന്നുമില്ല..വാണി ആൻറി പെട്ടെന്ന് ഒക്കെ പറഞ്ഞപ്പോൾ.. ശ്ശേ...
നിങ്ങള് വിഷമിക്കണ്ട... കേട്ടപ്പോൾ ആദ്യം വല്ലാതെ ആയി.. ഞാൻ ഓകെ ആണ് ഇപ്പൊൾ...
നിങ്ങള് കിടന്നോ.. ഞാനും കിടക്കട്ടെ ക്ഷീണം..
ചിരിച്ചെന്ന് വരുത്തി അവൻ മുറി വിട്ടിറങ്ങിയ കൂട്ടത്തിൽ പറഞ്ഞു..

"അവൻ ഒക്കെ ആണെന്ന് വരുത്തി തീർക്കുകയാണ് മാധവ്...ഇതൊക്കെ എന്റെ മാത്രം തെറ്റ് ആണ്.."
ജീന കരച്ചിലോടെ അയാളുടെ നെഞ്ചിലേക്ക് വീണു..

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

"ഇതെന്താ ഇത് വരെ നീ എഴുന്നേറ്റില്ലേ ?
പുതച്ചു മൂടി കിടക്കുകയായിരുന്ന ആദിയെ വിളിച്ചുണർത്തി യാമി തിരക്കി...

"സമയം എത്രയായി എന്നറിയുമോ?
കണ്ണുകൾ തുറന്ന ആദി യാമിയെ കണ്ടതും ഒന്ന് ചിരിച്ചു..പതിയെ അതൊരു വേദനയായി..

"എന്താടാ..ഇങ്ങനെ നോക്കുന്നത്?
അതേ.. രണ്ട് ദിവസമേ ഉള്ളൂ ഇനി ബെർത്ത് ഡേ യ്‌ക്കു്.. ആരെയും വിളിച്ച് പോലും തുടങ്ങിയിട്ട് ഇല്ല...
നീ രണ്ട് ദിവസം  എഫ്.എമ്മിൽ ലീവ് വിളിച്ചു പറയുന്നത് ആകും നല്ലത്.. എന്നിട്ട് നമുക്ക് ഇന്ന് മുതൽ ജോലി തുടങ്ങാം..."
യാമി യുടെ പറച്ചിൽ കേട്ടിട്ടും അവൻ മിണ്ടാതെ കിടന്നു..

"പോയി കുളിച്ച് റെഡി ആയി വാ.. ഞാൻ വല്ലതും കഴിക്കട്ടെ..
ജീന ആന്റി സ്പെഷ്യൽ വെള്ളയപ്പവും മുട്ട കറിയും ആണിന്ന്‌... നല്ല വിശപ്പ്..."
അവനെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു യാമി പറഞ്ഞ ശേഷം പുറത്തേക്ക് ഇറങ്ങി...

അവള് പോയെന്ന് കണ്ടതും കണ്ണാടിക്ക് മുന്നിൽ ചെന്ന് ആലോചനയോട് കൂടി ആദി കുറച്ച് സമയം നിന്നു.. ഒടുക്കം എന്തോ ആലോചിച്ചു ഉറപ്പിച്ച് കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചു...
പതിയെ അത് മാറുന്നത് അവൻ അറിഞ്ഞു.. കണ്ണുകളടച്ചതും യാമിയുടെ മുഖം വീണ്ടും തെളിഞ്ഞു വന്നു...
തലയൊന്ന് വെട്ടി കുടഞ്ഞു കണ്ണുകൾ തുറന്ന് ഉറപ്പോടെ അവൻ ചിരിച്ചു.....

"സുഹൃത്ത് ആണ് യാമി.. എന്നും ഇൗ ആദി നിൻറെ നല്ലൊരു സുഹൃത്ത് മാത്രം ആണ്"
വരുത്തി തീർത്ത ചിരിയോടെ ആദി ബാത്ത് റൂമിൽ കയറി വാതിലടച്ചു...

കുറച്ച് സമയങ്ങൾക്ക്‌ ഉള്ളിൽ തന്നെ റെഡി ആയി വന്ന ആദിയെ നോക്കി ജീന വിഷമത്തിൽ നിന്നു..
പക്ഷേ ഒന്നും സംഭവിക്കാത്തത് പോലെയുള്ള അവന്റെ പെരുമാറ്റം അവർക്ക് കൂടുതൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത്....

"മമ്മ ഇത് എന്ത് ആലോചിച്ച് നിൽക്കുവാണ്...കഴിക്കാൻ എടുക്ക്.. അല്ലേ ഇൗ പോർക്ക് ഇത് മൊത്തം തിന്നു തീർക്കും"
അടുത്തിരുന്നു കഴിക്കുകയായിരുന്ന യാമിയുടെ തലയ്ക്കിട്ട്‌ കൊട്ടി കൊണ്ട് ആദി ചിരിയോടെ പറഞ്ഞു..

ആദിയുടെ മാറ്റം വിശ്വസിക്കാൻ കഴിയാതെ ജീനയുടെ നോട്ടം ഫ്രണ്ട് റൂമിൽ ഇരിക്കുകയായിരുന്ന മാധവിൽ എത്തി...

"മമ്മ ഇത് എന്ത് നോക്കി നിക്കുവാണ്.. പോയിട്ട് ഞങ്ങൾക്ക് കുറെ ജോലി ഉണ്ട്..."
ആദി സ്വയം പ്ലേറ്റ് ലേക്ക് ഭക്ഷണം വിളമ്പുന്നതിനൊപ്പം പറഞ്ഞു...

കഴിച്ചു കഴിഞ്ഞു രണ്ടാളും എഴുനേറ്റു പോകാനായി വന്നു...

മുഖം ജീനയുടെ സാരി തുമ്പിൽ തുടച്ച ശേഷം ആദി പറഞ്ഞു...
"കുറച്ച് ജോലി ഉണ്ട് പോയിട്ട് വരാം"
അവരുടെ കവിളിലായി ഉമ്മയും നൽകി കണ്ണുകളടച്ച് കാട്ടി ചിരിയോടെ നടന്നു പോകുന്ന മകന്റെ മനസ്സ് കണ്ടു ജീനയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫

"ആകെ വല്ലാത്ത ഇളക്കത്തിൽ ആണല്ലോ ഇന്ന്..."
മൂളിപ്പാട്ടും പാടി മുന്നിൽ പോകുന്ന യാമിയെ നോക്കി കളിയാക്കി ആദി പറഞ്ഞു..

"നിനക്ക് അറിയുമോ ആദി ഇന്നലെ എന്റെ ലൈഫിലെ ഏറ്റവും സന്തോഷം ഉള്ള ദിവസം ആയിരുന്നു...
ഞാൻ ഇൗ കാലമത്രയും കാണാൻ ആഗ്രഹിച്ച എന്റെ ഡാഡിയെയും മമ്മയെയും അവരുടെ സന്തോഷവും ഒക്കെ എനിക്ക് ഇപ്പൊൾ കിട്ടുന്നുണ്ട്..
നടന്നതോക്കെ ഞാൻ നിന്നോട് പറഞ്ഞില്ലേ...എന്നും ഇത് പോലെ പോകണം.. അത് മാത്രേ ഉള്ളൂ യാമിക്ക് ഇനി ആഗ്രഹം.."

അവളുടെ സന്തോഷം കണ്ടിട്ടും അതൊന്ന് ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ആദി..

തിരിഞ്ഞൊന്നു നോക്കാതെ യാമി മുന്നിലേക്ക് നടന്നു...
അവൾക്ക് ഒപ്പം എത്താൻ മനസ്സിനൊപ്പം ആദിയുടെ കാലുകളും നന്നേ പ്രയാസപ്പെട്ടു...

"ആദി... നിനക്ക് എന്നോട് എന്തേലും ചോദിക്കാൻ ഉണ്ടോ?"
അവന്റെ നിശ്ശബ്ദത ശ്രദ്ധിച്ച് യാമി തിരക്കി...

"എന്ത് ചോദിക്കാൻ....?
അറിയാൻ ഉള്ളതൊക്കെ വ്യക്തമായ ഉത്തരത്തോടെ എന്റെ ഉള്ളിൽ ഉണ്ടടോ... നീ ഹാപ്പി ആയി ഇരിക്ക്... ഡാഡിയും, മമ്മയും മാത്രം അല്ല ഒരുപാട് ഒരുപാട് സന്തോഷങ്ങൾ ഒന്നിന് പിറകെ ഒന്നായി നിന്നെ തേടി വരാൻ പോകുകയാണ്...."
ആദിയുടെ സ്വരം ഇടറിയത് ശ്രദ്ധിച്ച് യാമി അവനെ നോക്കി..

"എന്ത് സന്തോഷം...എന്റെ സന്തോഷം അതിവിടെ ആണ് ആദി.. നിൻറെ കൂടെ..."
ഉള്ളിൽ പറഞ്ഞത് ആയിരുന്നെങ്കിലും യാമിക്കും നല്ല സങ്കടം തോന്നി...
"ഞാൻ യു.എസ്സിൽ പോകുന്നതിനു നിനക്ക് ഒരുപാട് സങ്കടം ഉണ്ടല്ലേ.."
അവള് തിരക്കി. .
"മ്.."
ഒരു മൂളൽ മാത്രം ആയി ഒതുക്കുമ്പോൾ അവന്റെ ഉള്ളം
തേങ്ങിയിരുന്നു...

അന്ന മോളുടെ ഫ്ളാറ്റിൽ എത്തി അവളുടെ ഗ്രാൻഡ് പായുടേ അനുവാദത്തോടെ മൂന്നാളും ബെർത്ത് ഡേ യുടെ കാര്യങ്ങള് ഒക്കെ ഭംഗിയായി നടത്തി...

പിന്നീടുള്ള രണ്ട് ദിവസങ്ങൾ ആദിക്കും യാമിക്കും തിരക്കോട് തിരക്ക് തന്നെ ആയിരുന്നു...
സങ്കടങ്ങൾ ഒക്കെ ഉള്ളിൽ തന്നെ ഒളിപ്പിച്ച് രണ്ടാളും മനോഹരമായി അഭിനയിച്ചു തകർത്തു...

💫💫💫💫💫💫💫💫💫💫💫💫💫💫💫

ഫ്ളാറ്റിന്റെ കോമൺ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പാർട്ടി നടത്തുന്നത്...
റോയൽ ബ്ലൂ നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞു കൊച്ച് സുന്ദരി ആയി അന്ന മോൾ എത്തി....
അവൾക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു അവളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾ രണ്ടും...
ക്ഷണം സ്വീകരിച്ച് എത്തിയവരെ ഒക്കെ ഗ്രാൻഡ് പാ യ്‌ക്ക് ഒപ്പം ആദിയും യാമിയും സ്വീകരിച്ച് ഇരുത്തി...

അന്ന എല്ലാർക്കരികിലും കുറുമ്പുമായി ഓടി നടന്നു....
എഫ്.എമ്മിൽ നിന്നും എല്ലാവരും ആദിയുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു..

താൽപര്യം ഇല്ലാതെ ഇരുന്നിട്ടും യാമി യുടെ നിർബന്ധപ്രകാരം യദുവും വാണിയും എത്തി...
എല്ലാവരോടും ചിരിച്ചും കളിച്ചും സംസാരിച്ച് ആദിക്ക് ഒപ്പം നടക്കുന്ന യാമിയെ രണ്ടാളും അത്ഭുതത്തോടെ നോക്കി നിന്നു...

"അവളിവിടെ ഒരുപാട് ഹാപ്പി ആണ് യദു.."
വാണിയുടെ വാക്കുകൾ ശരിവച്ച് ചിരിയോടെ അയാള് മൂളി....
ജീനയും മാധവും വന്നതും യദു ചിരിയോടെ മാധവിന് അരികിലെത്തി സംസാരിച്ചു ...
ജീനയ്ക്ക് വിശ്വസിക്കാൻ കഴിയാത്ത മാറ്റം ആയിരുന്നു അയാളിൽ....

"അങ്കിൾ.. ഇനി കാക്കണോ അയാള് വരുമെന്ന് എനിക്ക് തോന്നുന്നില്ല.."
ആദി തിരക്കി..

അന്നയുടെ പപ്പ വരും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഗ്രാൻഡ്പാ അത് വരെയും....

"വേണ്ട... അന്ന മോൾ അവനെ പ്രതീക്ഷിക്കുന്നുമില്ല..."
കുഞ്ഞിന്റെ മുഖം നോക്കി ഒരു നെടുവീർപ്പോടെ അയാള് പറഞ്ഞ ശേഷം കേക്ക് മുറിക്കാൻ ഒരുങ്ങി..

പിറന്നാള് ഗാനത്തിന്റെ ഈണത്തോടൊപ്പം സന്തോഷത്തോടെ അന്നമോൾ ആ കർമ്മം നിർവഹിച്ചു...

ആശംസകളും,സമ്മാനങ്ങളും ഒക്കെ ആയി ആകെ ഒരു ബഹളമായി പിന്നെ അങ്ങോട്ട്...
അതിനിടയിൽ ആദിയും യാമിയും ഭക്ഷണത്തിനുള്ള അറേഞ്ച്മെന്റ്സ്സ്‌ ഒക്കെ നടത്തിയിരുന്നു...

ഭക്ഷണ സമയം ആയപ്പോൾ യദു മാധവുമായി സ്വല്പം കഴിക്കാനായി നീങ്ങി...
ഒരു ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ അതിനുള്ള പ്രത്യേക സെറ്റ് അപ്പ് ആദി ഒരു സൈഡിലായി ഒരുക്കിയിരുന്നു...

ഓടി നടന്നു കാര്യങ്ങള് നോക്കുന്നതിന് ഇടയ്ക്ക് ആദിയേ കാണാതെ ആയപ്പോൾ യാമി തിരക്കി ഇറങ്ങി...
ഫോൺ വിളിച്ച് നോക്കിയിട്ടും പ്രതികരണം ഉണ്ടായില്ല..
പലരോടും ചോദിച്ചെങ്കിലും എവിടെ എന്ന് അറിയാത്തത് കാരണം അവൾക്ക് നന്നായി ദേഷ്യവും വന്നു തുടങ്ങി..

തിരക്കി നടന്നു അവസാനം ഫസ്റ്റ് ഫ്ളോറിലേക്ക്‌ പോകുന്ന സ്റ്റെപ്പിനടുതുള്ള കോറിഡോറിൽ ആണ് നടത്തം ചെന്ന് അവസാനിച്ചത്...

ഗുഡിയക്ക്‌ ഒപ്പം സംസാരിച്ചു നിൽക്കുന്ന ആദിയെ കണ്ടതും യാമി ഫോൺ എടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു...
ബെൽ അടിക്കുന്നതും ഫോൺ കയ്യിലെടുക്കുന്നതും, കട്ട് ചെയ്തു തിരികെ വയ്ക്കുന്നതും കൂടി കണ്ടപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു...
ചവിട്ടി തുള്ളിയാണ് യാമി അവിടെ നിന്നും മടങ്ങിയത്...

ചെറിയ രീതിയിൽ ഉള്ള ഒരു ഫ്യൂഷൻ പ്രോഗ്രാം സംഘടിപ്പിച്ചിരുന്നത് സ്റ്റേജിൽ നടക്കുന്നതും നോക്കി കുറച്ച് സമയം യാമി അവിടെ ഇരുന്നു...

കുറെ സമയങ്ങൾക്ക് ശേഷം ദൂരെ നിന്നും നടന്നു അടുക്കുന്ന ആദിയെ കണ്ടതും യാമി അവൻ കാണാതെ ഇരിക്കാനായി അവിടെ നിന്നും മാറി...
അവളെ ഒന്ന് തിരക്കുക പോലും ചെയ്യാതെ ആദി ഗുഡിയക്ക് ഒപ്പം ഭക്ഷണം കൊടുക്കുന്നിടത്തേക്ക്‌ നടക്കുന്നതും...
ഭക്ഷണം വാങ്ങി രണ്ടാളും ഒന്നിച്ച് ഇരുന്നു കഴിക്കുന്നതും ഒക്കെ അവള് കൃത്യമായി കണ്ടിരുന്നു...

ദേഷ്യവും സങ്കടവും ഒന്നിനൊന്നു മുൻപിൽ ആയിരുന്നു യാമിക്ക് ആ നിമിഷം...തിരിഞ്ഞു നോക്കുമ്പോൾ കണ്ണുകൾ ഉടക്കിയത് ബിയർ ബോട്ടിലിലും...

"മാഡം.. അതിൽ വോഡ്ക മിക്സ് ആണ്..."
സെർവർ ബോയ് പറഞ്ഞത് വക വയ്ക്കാതെ  അതെടുത്ത്  വായിലേക്ക് അവള് കമഴ്ത്തി...

തീരുന്നപ്പോൾ മാത്രമാണ് കുപ്പി വായിൽ നിന്നും യാമി അകറ്റിയത്...

അകത്തുള്ള സാധനം തീർന്നതും തല മെല്ലെ കുടഞ്ഞു കൊണ്ട് അവള് ചുറ്റിനും ഒന്ന് നോക്കി...
കണ്ണുകൾ മങ്ങി തുടങ്ങിയതും വേച്ച് വേച്ച് നടന്നു അടുത്തു കണ്ട കസേരയിലേക്ക് ഇരുന്നു...

ഫ്യൂഷൻ തകർത്ത് നടന്നു കൊണ്ട് ഇരിക്കുന്നു... യാമി യുടെ തലയ്ക്ക് ഏകദേശം നന്നായി തന്നെ അകത്ത് ചെന്ന സാധനവും പിടിച്ചിരുന്നു...

നടന്നു കൊണ്ടിരുന്ന ഫ്യൂഷൻ പെട്ടെന്ന് നിന്നതും...

അവിടെ ഏഴുമല പൂഞ്ചൊല പാട്ട് നിമിഷങ്ങൾക്ക് അകം തുടങ്ങി....
എല്ലാവരും ഒന്ന് ഞെട്ടി....

"എല്ലാവരുടെയും നോട്ടം പോയ വഴിയേ സ്റ്റേജിലേക്ക് നോക്കിയ ആദിയുടെ സർവ്വ കിളികളും നിമിഷ നേരം കൊണ്ട് പറന്നു പോയിരുന്നു... കയ്യിലിരുന്ന ഭക്ഷണ പാത്രം താഴെ വച്ച് അവൻ മുന്നിലേക്ക് നീങ്ങി നിന്നു..."

സാരിയുടെ മുന്താണി എളിയിൽ കുത്തി പാട്ടിനൊത്തു യാമി ഡാൻസ് കളിച്ചു തുടങ്ങിയിരുന്നു...
ഹരം മൂത്തപ്പോൾ സ്റ്റേജിൽ നിന്ന ഒന്ന് രണ്ട് പേരും അവൾക്ക് ഒപ്പം കൂടി...
താഴെ ഒക്കെ കണ്ടു നിന്ന അന്ന മോൾ കൂടി ഓടി ചെന്ന് അവൾക്ക് ഒപ്പം കൂടിയപ്പോൾ എല്ലാം പൂർത്തി ആയി...

ബാക്കി വായിക്കും മുന്നേ താഴെയുള്ള നിർദ്ദേശങ്ങൾ വായിക്കൂ...



ആദി ചുറ്റിനും ഒന്ന് കണ്ണോടിച്ചു... ഓഡിറ്റോറിയത്തിൽ ആളുകളുടെ എണ്ണം കൂടിയോ എന്ന് പോലും ഒരു നിമിഷം അവൻ സംശയിച്ചു....
എന്ത് ചെയ്യണം എന്ന് അറിയാതെ കുഴഞ്ഞു നിന്നപ്പോൾ ആണ്..ആളുകൾക്ക് ഇടയിൽ നിന്നും യദുവിൻറെ ദേഷ്യത്തിൽ ഉള്ള നോട്ടം അവൻ ശ്രദ്ധിച്ചത്...
കണ്ണുകൾ കൊണ്ട് അടുത്തേക്ക് വരാൻ അയാള് അവനെ വിളിച്ചിട്ട് ചുറ്റും ഒന്ന് നോക്കി ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി....

"അങ്കിൾ ഞാൻ ഒന്നും..."

"അധികം ന്വായീകരണം ഒന്നും ഇപ്പൊൾ വേണ്ട..
അവളെ എങ്ങനെ എങ്കിലും വിളിച്ചു കൊണ്ട് പോടാ ഇവിടുന്ന്.. മനുഷ്യനെ നാണം കെടുത്താൻ ആയിട്ട്.."
അവനെ പറയാൻ അനുവദിക്കാതെ ഒച്ച താഴ്ത്തി പല്ലുകൾ ഞെരിച്ചു യദു ദേഷ്യത്തിൽ പറഞ്ഞു...

അയാളെ നോക്കി ഒരു വളിച്ച ചിരിയോടെ ആദി ഓടി സ്റ്റേജിലേക്ക് കയറി യാമിയെ പിടിച്ചിറക്കാൻ ശ്രമിച്ചു...
അവനു പിടികൊടുക്കാതെ കളിയോടെ അവള് കുതറി മാറി... പാട്ടിൻറെ വരികൾക്ക് ഒപ്പം അവനെയും അവള് ചുവട് വയ്പ്പിക്കാൻ ശ്രമിക്കുകയായിരുന്നു...

അതിനിടയിൽ പല തവണ അവള് അവന്റെ മേലേക്ക് കുഴഞ്ഞു വീണുകൊണ്ടെ ഇരുന്നു...

"ആദി... യു ആർ ദി മോസ്റ്റ് അമേസിങ് ഗയ്‌...
യു ആർ ഗ്രേറ്റ്... യു ആർ സ്വീറ്റ്..."
പാതി ബോധത്തിലും അവള് വിളിച്ച് കൂവി കൊണ്ടിരുന്നു...
വാ അടയ്ക്കാൻ അവൻ ശ്രമിച്ചെങ്കിലും അവളുടെ കടി കിട്ടി തുടങ്ങിയപ്പോൾ അവനാ ശ്രമവും ഉപേക്ഷിച്ചു...

"ആദി ഐ വുഡ് ബി ലോസ്റ്റ് വിത്ത് ഔട്ട്‌ യു.."
ഒടുവിൽ അവളെ രണ്ടു കയ്യാലും ഉയർത്തി അവിടെ നിന്നും അവൻ താഴെ ഇറക്കി...
നെറ്റിയിൽ കൈ ചേർത്ത് നിൽക്കുന്ന യദുവിനെ ഒന്ന് നോക്കിയ ശേഷം അവളുമായി ആദി ലിഫ്റ്റ് നു അടുത്തേക്ക് നടന്നു...

കുതറി ചാടാൻ ശ്രമിച്ച യാമിയില് അവൻ വീണ്ടും പിടി മുറുക്കി...
അപ്പോഴും അവനെ കെട്ടി പിടിച്ച് വെളിവില്ലാതെ അവള് പലതും വിളിച്ചു കൂവുന്നുണ്ടായിരുന്നു

പിടിച്ചു വലിച്ചും...പൊക്കി എടുത്തും ഒക്കെയായി ഫ്ലാറ്റിന്റെ വാതിൽ തുറന്നുള്ളിൽ കയറ്റി അവളെ കട്ടിലിലേക്ക് അവൻ തള്ളിയിട്ടു...

ഒപ്പം അടുത്തായി കുഴഞ്ഞ് അവനും വീണു..

"കാലമാടത്തി.. മനുഷ്യനെ കൊല്ലാനായിട്ട്‌..."
അവൻ ശ്വാസം വിടാൻ പ്രയാസപെട്ടു കൊണ്ട് പറഞ്ഞു...

വിയർത്ത് കുളിച്ചു കിടന്ന അവന്റെ നെഞ്ചിലേക്ക് പ്രതീക്ഷിക്കാതെ യാമി കയറി കിടന്നു...
ഒരുനിമിഷം പകച്ചെങ്കിലും ആദി അവളെ മാറ്റി കിടത്താൻ ശ്രമിച്ചു..

കണ്ണീരിന്റെ നനവ് നെഞ്ചിലേക്ക് പടർന്നത് അറിഞ്ഞപ്പോൾ ആദി പതിയെ സംശയത്തോടെ അവളുടെ മുഖം ഉയർത്തി നോക്കി..

"യാമി..."
വിളിയിൽ ശബ്ദം നേർത്തിരുന്നു..

"ആദി... ഐ.. ലൗ.. യു...
എനിക്ക് നീ ഇല്ലാതെ പറ്റില്ല..."
അവൻ പറയുന്നതും ചോദിക്കുന്നതും ഒന്നും ശ്രദ്ധിക്കാതെ യാമി അവന്റെ നെഞ്ചിലേക്ക് വീണ്ടും മുഖം ചേർത്ത് കരച്ചിലിനൊപ്പം പറഞ്ഞു...

(തുടരും..)
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top