ബ്ലാക്ക്‌ ഡോൾ

Valappottukal
രചന: അനശ്വര ശശിധരൻ
ഹാളിന്റെ ഒരു കോണിൽ തന്റെ കളിപ്പാട്ടങ്ങളൊത്തു കളിക്കുകയാണ് എമി.. വെളുത്ത് തുടുത്ത് സ്വർണ്ണനിറമുള്ള മുടിയും നീലക്കണ്ണുകളുമുള്ള ഒരു കൊച്ചുസുന്ദരി.. നാളെ അവളുടെ ഏഴാമത്തെ പിറന്നാളാണ്..
കളിക്കുന്നതിന്റെ ഇടയ്ക്ക് ലാപ്ടോപിൽ ജോലിയിൽ മുഴുകിയിരുന്ന അവളുടെ അമ്മയായ റേയ്ചലിനോട് ചോദിച്ചു..
"മമ്മാ.. എനിക്കൊരു പാവക്കുട്ടിയെ മേടിച്ച് തരാമോ..??"
റേയ്ചൽ ദേഷ്യപ്പെട്ടു.. "ഇപ്പോൾ തന്നെ നടക്കുന്ന വഴി മുഴുവനും നിന്റെ പാവകളാണ്.. അപ്പോഴാണ് ഒരു പാവക്കുട്ടി.. ഉള്ളതൊക്കെ മതി.."

"മമ്മാ.. ഒരെണ്ണം മാത്രം മതി.. പ്ലീസ് " എമി കൊഞ്ചി റേയ്ചലിന്റെ അടുത്തേക്ക് ചെന്നു..

"എമി.. വെറുതേ എന്നെ ശല്യം ചെയ്യരുത്.. അടി വാങ്ങിക്കും നീ.. പൊയ്ക്കോ എന്റെ മുന്നിൽ നിന്ന്.. എനിക്ക് ഒരുപാട് ജോലിയുണ്ട്.. "

എമി തലത്താഴ്ത്തി അവിടെന്ന് മാറിയിരുന്നു.. റേയ്ചൽ വീണ്ടും ലാപ്ടോപിൽ ജോലി തുടർന്നു.. നഗരത്തിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ് റേയ്ചൽ.. തിരക്കുകൾക്കിടയിൽ മകളെ ശ്രദ്ധിക്കാൻ അവർക്ക് പറ്റാറില്ല.. എമിയുടെ അച്ഛൻ ജോസഫ് ബിസിനസ് സംബന്ധിച്ച് വിദേശത്തും.. വല്ലപ്പോഴും റേയ്ചലിനെ ഫോൺ വിളിക്കുന്നതിനിടയിൽ എമിയോട് രണ്ട് വാക്ക് സംസാരിക്കാൻ ജോസഫിന് നേരമില്ല.. എമിയുടെ കാര്യങ്ങൾ നോക്കുന്നത് അവരുടെ വീട്ടിലെ വേലക്കാരി ട്രീസ്സയാണ്.. അവരും വേണ്ട വിധത്തിൽ അവളെ ശ്രദ്ധിക്കാറില്ല..

എമിയെ സ്കൂളിൽ വിട്ട് പഠിപ്പിക്കാൻ പണക്കാരായ അവളുടെ അച്ഛനമ്മമാർ തയ്യാറായില്ല.. വീട്ടിലേക്ക് ടീച്ചേർസ്സിനെ വിളിച്ചുവരുത്തി പഠിപ്പിക്കലാണ് പതിവ്.. അത് കൊണ്ടുതന്നെ അവൾക്ക് സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല.. വെക്കേഷനായത് കൊണ്ട് ഒന്നും ചെയ്യാനില്ലാതെ എമി ആ വലിയ വീട്ടിൽ ശരിക്കും ഒറ്റപ്പെട്ടു..

"ഒരു പാവക്കുട്ടിയെ കിട്ടിയിരുന്നെങ്കിൽ ഞാനതിന് സ്വീറ്റി എന്ന് പേരിട്ടേനെ.. എന്നിട്ട് എന്നും ഭംഗിയാക്കി ഒരുക്കും, ആഹാരം കഴിപ്പിക്കും, ഒരുപാട് സംസാരിച്ചിരിക്കും, ഞങ്ങളെന്നും കളിക്കും ഒന്നിച്ച് ഉറങ്ങുകയും ചെയ്യും.." എമി ഒറ്റയ്ക്കിരുന്നു സംസാരിച്ചുകൊണ്ടേയിരുന്നു..

അതിനിടയ്ക്ക് റേയ്ചൽ പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്നത് അവൾ കണ്ടു..
" മമ്മാ.. ഞാനും വരുന്നൂ... " എമി ഓടിയടുത്തു.. റേയ്ചൽ അത് കണ്ടില്ലെന്ന് നടിച്ച് വാതിൽ അടച്ചു പുറത്തേക്ക് ഇറങ്ങി.. കൊച്ചു എമിയുടെ കണ്ണുകൾ നിറഞ്ഞു..

"അയ്യേ.." അത് കണ്ടുനിന്ന ട്രീസ്സ അവളെ കളിയാക്കി ചിരിച്ചു..
എമി ഒന്നും പറയാതെ പടിക്കെട്ടുകൾ കയറി മുറിയിലേക്ക് നടന്നു...

" അല്ലാ.. കൊച്ചിന് മിൽക്ക് ഷേക്കൊന്നും വേണ്ടേ?? രാവിലെ ഒന്നും കഴിച്ചില്ലല്ലോ.." ട്രീസ്സ താഴെ നിന്ന് ഉറക്കെ വിളിച്ചു ചോദിച്ചു..

"എനിക്ക് വേണ്ട.." എമി പറഞ്ഞു..

"ഹാ! നേരത്തെ പറയണ്ടേ??" എന്നും പറഞ്ഞു അവർ അടുക്കളയിലേക്ക് ഓടി എമിയ്ക്കുള്ളതെല്ലാം അകത്താക്കി..

വൈകുന്നരമായിട്ടും മമ്മയെ കാണാതെ എമി വിഷമിച്ചു.. വീട്ടിലെ ഫോൺ ബെല്ലടിച്ചതും എമി പടിക്കെട്ടുകൾ ഓടിയിറങ്ങി.. ട്രീസ്സ ഫോണെടുത്തു..

" ഹലോ?? "

" ട്രീസ്സാ.. റേയ്ചലാണ്.. "

" ആഹ് പറ മാഡം.."

"ഞാനിന്ന് വരാൻ വൈകും.. നിങ്ങൾ നേരത്തെ കഴിച്ചു കിടന്നോളൂ.. എന്നെ കാത്തിരിക്കണ്ട.. എമിയോട് പറഞ്ഞേക്ക്.."  കോൾ കട്ടായി..

"മമ്മയാണോ വിളിച്ചത്???" എമി ചോദിച്ചു..

"അതേ.. മാഡം ഇന്ന് താമസിച്ചേ വരുള്ളൂ എന്ന് പറഞ്ഞു.. "

എമിയുടെ മുഖം വാടി.. ട്രീസ്സ പറഞ്ഞു..
"കൊച്ച് ഇവിടെ ഇരിക്ക്.. ഞാനൊന്ന് വീട് വരെ പോയിട്ട് വരാം.." കതക് ഞാൻ പുറത്ത് നിന്ന് പൂട്ടിയേക്കാം.."

ട്രീസ്സ ധൃതിയിൽ വേഷം മാറി ഇറങ്ങി.. എമിയോട് ഒന്നും പറയാതെ അവളുടെ കൺമുമ്പിൽ കൂടി നടന്ന് അവർ വാതിൽ പൂട്ടിയിറങ്ങി..

രാത്രിയായിട്ടും ട്രീസ്സ വന്നില്ല.. എമിക്ക് വിശക്കാൻ തുടങ്ങി.. അവൾ ഫ്രിഡ്ജ് തുറന്നു നോക്കി.. ഇല്ല കഴിക്കാനൊന്നും ഇല്ല.. ഫ്രിഡ്ജിൽ നിന്ന് വെള്ളക്കുപ്പി എടുക്കാൻ അവൾ നന്നേ പണിപ്പെട്ടു.. അവളുടെ കുഞ്ഞുകൈകൾക്ക് അത് ഭാരമേറിയതായിരുന്നു.. അടപ്പ് തുറന്നു വെള്ളം കുടിക്കാൻ കുപ്പി പൊക്കിയതും അത് അവളുടെ കൈയിൽ നിന്ന് തെന്നി നിലത്തു വീണു.. എമി ഹാളിൽ നിന്ന് ഒരു കസേര എടുത്ത് പൈപ്പിന്റെ അടുത്ത് വന്നു.. അതിൽ കയറി നിന്ന് ഒരു ഗ്ലാസെടുത്ത് പൈപ്പിലെ വെള്ളം നിറച്ചിട്ട് കുടിച്ചു..

തിരികെ പടിക്കെട്ടുകൾ കയറി മുറിയിലെത്തി.. അവൾ കട്ടിലിൽ കളിപ്പാട്ടങ്ങൾ നിരത്തി വെച്ച് ഇരുന്നു.. അപ്പോഴേക്കും കറണ്ട് പോയി.. എമി പേടിച്ചുക്കരയാൻ തുടങ്ങി.... ചില്ലുജാലകങ്ങളിലൂടെ പുറത്ത് പറന്നു നടക്കുന്ന ഒരു മിന്നാമിനുങ്ങിനെ അവൾ കണ്ടു.. അവൾ ആദ്യമായിട്ടാണ് അത്തരമൊരു ജീവിയെ കാണുന്നത്.. അവൾക്ക് കൗതുകമായി.. ഒന്നല്ല രണ്ടല്ല പത്തല്ല.. അവൾക്ക് അറിയാവുന്ന സംഖ്യകളേക്കാൾ കൂടുതൽ മിന്നാമിനുങ്ങുകൾ അവിടെയെല്ലാം പറന്നു നടന്നു.. അവൾ ജനൽ പാളികളിലൊന്ന് തുറന്നു.. മിന്നാമിനുങ്ങുകൾ കൂട്ടത്തോടെ അവളുടെ മുറിയിൽ പ്രവേശിച്ചു..
എമിക്ക് കൗതുകമേറി.. അവൾ മിന്നാമിനുങ്ങുകളുടെ പുറകേ ഓടി നടന്നു.. പെട്ടെന്ന് അവളുടെ പിന്നിലായി ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു..

"ഹായ്..!!"

എമി ഞെട്ടിത്തിരിഞ്ഞു നോക്കി.. നിലാവിന്റെ പ്രകാശത്തിൽ അവളുടെ അതേ പ്രായം തോന്നിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടു.. ജനൽപടിയിൽ അവൾ ഇരിക്കുകയാണ്.. എമി അവളുടെ അടുത്തേക്ക് ചെന്നു.. പപ്പയുടേത് പോലെയുള്ള കറുത്ത മുടിയായിരുന്നു ആ പെൺകുട്ടിക്ക്.. നെറ്റിയിലേക്ക് കുറച്ച് വെട്ടിയിട്ടിട്ടുണ്ട്.. അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.. അവൾക്ക് എമിയുടെ അത്രയും നിറമില്ലെന്ന് എമിക്ക് തോന്നി.. അവളുടെ മുഖം വ്യക്തമാകുന്നില്ല.. എമി ചോദിച്ചു "ആരാ??"

ആ പെൺകുട്ടി ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. "നിനക്ക് കളിക്കാനൊരു കൂട്ടിന് വന്നതാണ്.."

"സത്യമാണോ??!! എന്നെ നിന്റെ ഫ്രണ്ട് ആക്കുമോ??? " എമി തുള്ളിച്ചാടി..

ആ പെൺകുട്ടി ചിരിച്ചു.. എമി അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു.. " പേര് എന്താ??"

"നിനക്ക് ഇഷ്ടമുള്ള എന്ത് പേരും വിളിച്ചോളൂ.."

"എന്നാൽ ഞാൻ സ്വീറ്റി എന്ന് വിളിക്കട്ടെ??? "

" വിളിച്ചോളൂ എമീ.. "

" എന്റെ പേരങ്ങെനെ അറിയാം??? "

" എനിക്കെല്ലാം അറിയാം എമീ... നീയൊന്നും കഴിച്ചിട്ടില്ലല്ലോ.. വിശക്കുന്നില്ലേ??"

"നന്നായി വിശക്കുന്നുണ്ട്.. ഇവിടെ ഒന്നും ഇല്ല.. "

" എങ്കിൽ വാ.. പുറത്ത് പോകാം.. "

" എങ്ങനെ പോകും??  വാതിൽ പൂട്ടിയിട്ടുണ്ട്.. "

" വാതിലൊന്നും വേണ്ട.. നമുക്ക് ഈ ജനൽ വഴി പോകാം.. "

" അയ്യോ എനിക്ക് പേടിയാ.. വീഴും.. "

" ഞാനല്ലേ കൂടെ.. നീ വീഴില്ല.. എന്റെ കൈയിൽ പിടിക്ക്.. നമുക്കു പറക്കാം.. "

" നിനക്ക് പറക്കാനറിയുമോ..?? " എമിയുടെ ചോദ്യത്തിന് മറുപടിയായി സ്വീറ്റി എമിയുടെ കൈ പിടിച്ച് ജനലിൽ നിന്ന് കുതിച്ചു ചാടി...

"മമ്മാ...!!!! " കണ്ണുകൾ ഇറുക്കി അടച്ച് എമി നിലവിളിച്ചു.. താഴെ വീണു തവിടുപൊടിയാകേണ്ട സമയം കഴിഞ്ഞല്ലോ.. എമി കണ്ണുകൾ തുറന്നു.. അവൾക്ക് വിശ്വസിക്കാനായില്ല.. അതേ..! സ്വീറ്റിയുടെ കൈപിടിച്ച് താനും അവളോടൊപ്പം പറക്കുകയാണ്..!! കൂട്ടിന് ഒരുപാട് മിന്നാമിനുങ്ങുകളും.. സ്വീറ്റി എമിയുടെ കൈകൾ വിട്ടു.. എമിയും സ്വീറ്റിയും ആകാശത്ത് പറന്നു നടക്കുകയാണ്.. എമിക്ക് ഇപ്പോൾ സ്വീറ്റിയെ വ്യക്തമായ് കാണാം.. അവൾ കറുത്തിട്ടാണ്.. എങ്കിലും സുന്ദരിയാണ്..

"സ്വീറ്റി എനിക്ക് വിശക്കുന്നു.." എമി പറഞ്ഞു.. അവളുടെ കൈപ്പിടിച്ച് സ്വീറ്റി അകലെയുള്ള കാട്ടിലെ ഒരു ഞാവൽ മരത്തിലേക്ക് പറന്നു.. കുറച്ചു ഞാവൽ പഴങ്ങൾ ശേഖരിച്ച് എമിക്ക് കൊടുത്തു..

"സ്വീറ്റി.. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരിക്കും ഇനി മുതൽ.. ഞാൻ നിനക്ക് ബെസ്റ്റ് ഫ്രണ്ട് ആകുമോ?? " എമി ചോദിച്ചു..

"ഉവ്വ്.. എമീ.. എനിക്ക് നീ മാത്രമേ ഉള്ളൂ.. ഞാൻ കറുപ്പായത് കൊണ്ട് എന്നോട് ആരും മിണ്ടില്ലായിരുന്നു.. കുട്ടികളില്ലാത്തത് കൊണ്ട് അച്ഛനും അമ്മയും എന്നെ എടുത്തു വളർത്തിയതാണ്.. അവർ എന്നെ ഒരുപാടു ലാളിച്ചിരുന്നു.. അവർക്കൊരു മകൾ ജനിക്കും വരെ.. ആ കുഞ്ഞ് വെളുത്തിട്ടായിരുന്നു.. അവൾ ജനിച്ചതോടെ അച്ഛനും അമ്മയ്ക്കും എന്നെ വേണ്ടാതായി.. എനിക്ക് ആഹാരം പോലും തരാതെയായി.. പട്ടിണി കിടന്നു ഒരുപാട്.. വീട് വിട്ട് ഇറങ്ങിയ ഞാൻ ഒരു ചതുപ്പിൽ താഴ്ന്നുപോയി.. എന്നെ രക്ഷിക്കാൻ ആരും വന്നില്ല.. എന്നെ കാണാതെയായിട്ടും ഇതുവരെ ആരും തേടി വന്നിട്ടില്ല.. അവൾ കാരണമാണ് അച്ഛനും അമ്മയ്ക്കും എന്നെ ഇഷ്ടമല്ലാതെ ആയത്.. എന്നെ വിരൂപി എന്ന് വിളിച്ചിരുന്നവരെ എല്ലാം അതിനുശേഷം ഞാൻ ഇല്ലാതാക്കി.. ഇതിനൊക്കെ കാരണമായ അവളാണ് ഏറ്റവും ഒടുവിൽ എന്റെ കൈയിൽ കിടന്ന് പിടഞ്ഞത്.. അതിനൊക്കെ ശേഷമാണ് ഞാൻ നിന്റെ അടുത്തേക്ക് വന്നത്.. എമീ.. നീയും എന്നെ വേണ്ടെന്നു വെച്ചാൽ എനിക്ക് അത് സഹിക്കാനാകില്ല.. "

എമിക്ക് മുഴുവനും മനസ്സിലായില്ല.. എങ്കിലും അവൾ ഞാവൽ പഴങ്ങൾ തിന്നുകൊണ്ട് സ്വീറ്റി പറയുന്നത് വെറുതേ കേട്ടുകൊണ്ടിരുന്നു..
ഒരുപാട് സമയം അവർ ആകാശത്തും കാട്ടരുവിക്ക് മുകളിലായും ചിരിച്ചു പറന്ന് നടന്നു.. അവർക്ക് പുറകേ മിന്നാമിനുങ്ങുകളും പാറി നടന്നു.. നഗരത്തിലെ ഏറ്റവും ഉയർന്ന ഒരു കെട്ടിടത്തിന് മേലെ അവർ വിശ്രമിക്കാനായി ഇരുന്നു.. സ്വീറ്റി കൂടെയുള്ളത് കൊണ്ട് എമിക്ക് തെല്ലും ഭയം തോന്നിയില്ല.. അവരോരോന്ന് സംസാരിച്ച് ഇരുന്നു നേരം കടന്നുപോയി..

അകലെയെവിടുന്നോ 12വട്ടം മണി മുഴങ്ങുന്നത് അവർ കേട്ടു..

" എമീ.. ഹാപ്പി ബർത്ത്ഡേ..! " സ്വീറ്റി അവളെ കെട്ടിപ്പിടിച്ചു...
" നിനക്ക് എന്റെ ബർത്ത്ഡേയും അറിയുമോ..??" എമിക്ക് അത്ഭുതമായി..

"ഞാൻ പറഞ്ഞില്ലേ എമി.. എനിക്ക് എല്ലാം അറിയാം.. നിന്റെ മമ്മ വരാറായി.. ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം"

"എന്നാൽ പോകാം.. മമ്മയ്ക്ക് നിന്നെ കാണിച്ച് കൊടുക്കണം.. എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് പറയണം.. " എമി ധൃതി കൂട്ടി..

സ്വീറ്റിയുടെ കൈപിടിച്ച് അവൾ പറന്നു പറന്നു എമിയുടെ വീട്ടിലെത്തെ ജനലിലൂടെ അവളുടെ മുറിയിൽ കയറി.. "വാ നമുക്ക് എന്റെ മമ്മയെ കാണാം.. " എമി സ്വീറ്റിയുടെ കൈ പിടിച്ചു വലിച്ചു..

" എമി.. എനിക്ക് പോകാൻ സമയമായി.. മമ്മയെ പിന്നെ കണ്ടാളാം.. പ്ലീസ്.. "

" നീ ഇനിയും വരില്ലേ?? " എമി ചോദിച്ചു

"തീർച്ചയായും വരും.. ഇപ്പോൾ ഞാൻ പോകുന്നു.. എന്നെ മറക്കരുത്.. എനിക്കത് സഹിക്കാനാകില്ല..! " അത്രയും പറഞ്ഞ് സ്വീറ്റി പറന്നു പോകുന്നത് എമി കണ്ടു.. മിന്നാമിനുങ്ങുകൾ സ്വീറ്റിയുടെ ഒപ്പം പോയി..

അവൾക്ക് പിന്നെ ഇരുട്ടിനോട് പേടിയേ തോന്നിയില്ല.. അവൾ സുഖമായി ഉറങ്ങി.. നേരം വെളുത്തപ്പോൾ മമ്മ അവളുടെ അടുത്തുണ്ടായിരുന്നു...
" ഹാപ്പി ബർത്ത്ഡേ എമീ... " മമ്മ അവളെ എടുത്തു ഉമ്മവെച്ചു.. അവൾ കണ്ണ് തുറന്നപ്പോൾ മുറി നിറയെ ബലൂണുകളും കളിപ്പാട്ടങ്ങളും.. ആശംസ നേരാനായി അവളുടെ മമ്മയുടെ കൂട്ടുകാരും എത്തിയിരുന്നു..

"മമ്മ മോളുടെ ബർത്ത്ഡേ മറന്നു എന്ന് വിചാരിച്ചോ..??" റേയ്ചൽ എമിയെ മടിയിലിരുത്തി.. ഓരോത്തരായി വന്ന് പൂക്കളും സമ്മാനപ്പൊതികളും കൊണ്ട് എമിയെ മൂടി.. അവൾക്ക് ഒന്നും വിശ്വസിക്കാനായില്ല.. അവളുടെ കുഞ്ഞുമുഖത്തിൽ ആയിരം പൂത്തിരി കത്തി.. എല്ലാവരും മുറി വിട്ട് പോയതിന് ശേഷം അവൾ സമ്മാനപ്പൊതികളോരോന്നായി അഴിച്ചു തുടങ്ങി.. അതിലൊന്ന് അവൾ ആഗ്രഹിച്ചത് പോലൊരു പാവക്കുട്ടിയായിരുന്നു..
"ബാർബീ ഡോൾ ആണല്ലോ ഇത്!!" എമിക്ക് സന്തോഷമായി...

അതേ സമയം മറ്റൊരു മുറിയിൽ റേയ്ചൽ ജോസഫിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു.. "നിങ്ങളും ഒന്ന് എമിയെ വിഷ് ചെയ്യൂ.. എന്റെ ഫ്രണ്ടസ്സൊക്കെ വന്നിട്ടുണ്ട്.. അവരൊക്കെ പറഞ്ഞപ്പോഴാ എമിയുടെ ബർത്ത്ഡയാണെന്ന് ഞാൻ ഓർമിച്ചത് പോലും.. നിങ്ങളും മറന്നു എന്ന് അവർ കരുതണ്ട.. മോശമാണ്.. ഓക്കെ?? ഞാൻ എമിക്ക് ഫോൺ കൊടുക്കാം.."
 "എമീ.. ഇറങ്ങിവാ.. പപ്പ വിളിക്കുന്നു.. " റേയ്ചൽ ഉറക്കെ വിളിച്ചു പറഞ്ഞു..

എമി പുതിയ പാവക്കുട്ടിയേയും കൈയിലെടുത്ത് പടിക്കെട്ടുകൾ ഓടിയിറങ്ങി
" എമീ പതുക്കെ ഇറങ്ങ്..!! " റേയ്ചൽ പറഞ്ഞു.. എമി ഫോൺ മമ്മയുടെ കൈയിൽ നിന്ന് വാങ്ങി..

"ഹലോ പപ്പാ..!!" എമി സന്തോഷം കൊണ്ടു തുള്ളിച്ചാടി..

"ഹാപ്പി ബർത്ത്ഡേ ഡിയർ" ജോസഫ് ആശംസ പറഞ്ഞു..

" പപ്പാ.. എപ്പോഴാ വരുന്നേ..??!! "

"അതൊക്കെ വരാം.. മമ്മയുടെ കൈയിൽ ഫോൺ കൊടുത്തേ.."

എമി മമ്മയ്ക്ക് ഫോൺ കൊടുത്തു..

"ഹലോ.." റേയ്ചൽ ഫോൺ വാങ്ങി..

"കട്ടായി" റേയ്ചൽ എമിയോട് പറഞ്ഞു..

"മമ്മാ.. എന്റെ ബാർബീയെ കണ്ടോ..? " എമി റേയ്ചലിന് പാവയെ കാണിച്ച് കൊടുത്തു..

" മോളെ പോലെ തന്നെ ഒരു സുന്ദരി പാവക്കുട്ടി.. " റേയ്ചലിന്റെ കൂട്ടുകാരി പറഞ്ഞു..

എമി തനിക്ക് കിട്ടിയ ബാക്കി സമ്മാനങ്ങൾ തുറന്നു നോക്കുവാൻ തിരികെ ഓടി.. അവൾ മുറിയിലെത്തിയതും ജനലിന്റെ അടുത്തായി ഒരു ചെറിയ പൊതിയുണ്ടായിരുന്നു.. അവൾ അത് തുറന്നു നോക്കി.. ഒരു കറുത്ത നിറമുള്ള പാവക്കുട്ടിയായിരുന്നു അതിൽ.. കറുത്ത മുടിയും കറുത്ത കണ്ണുകളും.. സുന്ദരമായി പുഞ്ചിരിക്കുന്ന മുഖമായിരുന്നു അതിന്.. അവൾക്ക് സ്വീറ്റിയെ ഓർമ്മ വന്നു.. അവളോടൊപ്പം ചിലവിട്ട സമയമൊക്കെ താൻ കണ്ട സ്വപ്നമായിരിക്കും എന്ന് എമി വിശ്വസിച്ചു.. അവൾ തന്റെ കൈയിലുള്ള വെളുത്ത പാവക്കുട്ടിയെ തിരിച്ചും മറിച്ചും നോക്കി.. അവളെപോലെ തന്നെ സ്വർണ്ണനിറമുള്ള മുടിയും നീലക്കണ്ണുകളും.. അവളുടെ കൈയിലിരുന്ന വെളുത്ത പാവക്കുട്ടിയേക്കാൾ വലുതായ് മറ്റൊന്നുമില്ല എന്നവൾക്ക് തോന്നി..

"ഇതിനെ കാണാൻ കൊള്ളില്ല..!!" അതും പറഞ്ഞ് എമി അവൾക്ക് കിട്ടിയ ആ കറുത്ത പാവയെ ജനലിന് പുറത്തേക്ക് വലിച്ചെറിഞ്ഞു..

പെട്ടെന്ന് ആകാശമെല്ലാം ഇരുണ്ട് വന്നു.. പുറത്ത് ശക്തമായ കാറ്റ് വീശി തുടങ്ങി.. എമി അതിലൊന്നും ശ്രദ്ധിക്കാതെ അവളുടെ പുതിയ പാവക്കുട്ടിയുടെ ഭംഗി നോക്കിയിരുന്നു.. പെട്ടെന്ന് ഒരു ഇടിമിന്നൽ ഉണ്ടായി.. അതോടൊപ്പം കറണ്ടും പോയി.. എമി ഭയന്ന് വിറച്ചു..

"മമ്മാ...!!" എമി കരഞ്ഞു..
മുറി മുഴുവനും മിന്നാമിനുങ്ങുകൾ നിറഞ്ഞു.. അവ എമിക്ക് ചുറ്റും പാറി നടന്നു..

പെട്ടെന്ന് അവൾക്ക് പിന്നിലായ് ഒരു പേടിപ്പെടുത്തുന്ന സ്വരം.. "എന്നെ നീ മറന്നു.. അല്ലേ എമി..??"

എമി ഞെട്ടിത്തിരിഞ്ഞു നോക്കി.. സ്വപ്നത്തിൽ കണ്ട സ്വീറ്റിയുടെ അതേ ഛായയുള്ള ഒരു പെൺകുട്ടി!! പക്ഷേ ഇപ്പോൾ മുഖത്ത് ധാരാളം ചോരപ്പാടുകൾ.. നിഷ്കളങ്കമായ പുഞ്ചിരിയില്ല.. ദംഷ്ട്രകൾ നീണ്ട് പുറത്തേക്ക് വന്നിരുന്നു.. കണ്ണുകൾ ചുവന്ന് ജ്വലിക്കുന്നു.. കറുത്ത മുടിയിഴകൾ നീണ്ടു സർപ്പങ്ങൾ കണക്കെ അവൾക്ക് പിന്നിലായ് കാറ്റിൽ ചലിച്ചു..  അവളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു അത്.. എമിക്ക് ശ്വാസം നിലച്ച പോലെ തോന്നി.. അവളുടെ കൈകാലുകൾ ബന്ധിക്കപ്പെട്ടത് പോലെ തോന്നി..

"നീയും എന്നെ ഒഴിവാക്കി.. അല്ലേ??!" അവളുടെ ശബ്ദം മൂന്നാല് ആളുകൾ ഒന്നിച്ച് സംസാരിക്കും പോലെയുണ്ടായിരുന്നു.. അത് അടുത്തേക്ക് വന്നുകൊണ്ടിരുന്നു..

"സ്വീറ്റിയാണോ നീ??" എമി വിറയലോടെ ചോദിച്ചു..
ഒരു അട്ടഹാസമായിരുന്നു മറുപടി.. എമിക്ക് നേരെ അത് കൈകൾ നീട്ടി.. നീണ്ട് കൂർത്തിരുന്ന നഖങ്ങൾ പോലും കറുത്തിരിക്കുന്നു..!

"എമീ...!!!!" റേയ്ചലിന്റെ ശബ്ദം.. അവളുടെ കതകിൽ തട്ടി വിളിക്കുകയായിരുന്നു അവർ.. പെട്ടെന്ന് സ്വീറ്റിയും മിന്നാമിനുങ്ങുകളും അപ്രത്യക്ഷമായ്.. കറണ്ടും വന്നു..
വാതിൽ തുറന്ന് റേയ്ചൽ അകത്തേക്ക് കയറി..

"നീയിതു വരെ ബ്രഷ് ചെയ്തില്ലേ??! മതി കളിച്ചത്.. ചെല്ല്.. ചെന്ന് ബ്രഷ് ചെയ്യ്..! എന്നിട്ട് താഴെ വാ.. സ്റ്റെപ് പതുക്കയേ ഇറങ്ങാവുള്ളൂ.. കേട്ടല്ലോ.. "
എമി എന്തെങ്കിലും പറയുന്നതിന് മുമ്പേ റേയ്ചലിന് ഒരു കോൾ വന്ന് തിരികെപോയി..

എമി ബ്രഷും പേസ്റ്റും കൈയിലെടുത്തു കണ്ണാടിക്ക് മുന്നിൽ നിന്നു.. കുറച്ച് നേരം അവൾ അവളെത്തന്നെ നോക്കി നിന്നു..
"ശരിക്കും സ്വീറ്റി ഇവിടെ വന്നോ?? അപ്പോ ഇന്നലെ നടന്നതൊന്നും സ്വപ്നമല്ലായിരുന്നോ..?? എനിക്ക് പറക്കാനൊക്കെ കഴിഞ്ഞോ??" എമി ചിന്തിച്ചു..

അവൾ ബ്രഷ് ചെയ്യാൻ വായ് തുറന്നതും നാവ് നീല നിറമായിരിക്കുന്നത് കണ്ടു..
"ഇതെങ്ങനെ?? " അവൾ അത്ഭുതപ്പെട്ടു.. സ്വീറ്റി തനിക്ക് ഞാവൽപഴങ്ങൾ തന്നതും അവരൊരുമിച്ചു അത് തിന്നതും സ്വീറ്റിയുടെ നാവ് നീലനിറത്തിലായതും അത് കണ്ട് എമി പൊട്ടിച്ചിരിച്ചതും എല്ലാം അവളുടെ മനസ്സിലൂടെ കടന്ന് പോയി..

പെട്ടെന്ന് അവൾക്ക് പിന്നിലായ് സ്വീറ്റിയുടെ രൂപം തെളിഞ്ഞു.. അവൾ പിന്നിലേക്ക് തിരിഞ്ഞുനോക്കി.. ഇല്ല.. പുറകിൽ ആരും തന്നെ ഇല്ല..! കണ്ണാടിയിൽ കണ്ട സ്വീറ്റിയുടെ രൂപം അവളോട് സംസാരിച്ചു തുടങ്ങി.. "എമീ.. നീ വലിച്ചെറിഞ്ഞ ആ പാവ.. അത്.. ഞാനായിരുന്നു.. നിനക്ക് ഒരു നല്ല ദിവസം വന്നപ്പോൾ എന്നെ നീ മറന്നു.. എനിക്ക് ഭംഗിയില്ല എന്ന് നീ പറഞ്ഞുവല്ലേ.. അങ്ങനെ പറഞ്ഞിരുന്നവരെ വളരെ പെട്ടെന്ന് തന്നെ ഞാൻ ഈ ലോകത്തിൽ നിന്ന് പറഞ്ഞുവിട്ടിട്ടുണ്ട്.. എന്നാൽ നിനക്ക് ഇന്ന് ഒരു ദിവസം മുഴുവനും സമയം ഞാൻ തരുന്നുണ്ട്.. ആ പാവയെ നീ തിരികെയെടുത്തില്ലെങ്കിൽ നിന്നെ ഞാൻ...."
സ്വീറ്റി പറഞ്ഞു നിർത്തി...

എമി ചോദിച്ചു" എന്നെ നീ....??? "

" കൊന്നിരിക്കും...!"  സ്വീറ്റി അവളുടെ കറുത്ത് കൂർത്ത നഖങ്ങൾ കൊണ്ട് എമിയുടെ മുഖത്ത് തലോടി മാഞ്ഞുപോയി.. എമി അടിമുടി വിറച്ചു..

"അപ്പോൾ സ്വീറ്റിയുടെ കൂടെ കളിച്ചതൊന്നും സ്വപ്നമായിരുന്നില്ല.. സ്വീറ്റി ശരിക്കും ഇവിടെ വന്നതാണല്ലേ.. അവൾക്ക് ദേഷ്യമാണിപ്പോ എന്നോട്.." അവൾ അത് തിരഞ്ഞ് കണ്ടെത്താൻ പടിക്കെട്ടുകളിറങ്ങി ഓടി..

റേയ്ചൽ അവളെ തടഞ്ഞു.." എമീ..!!!! നീ എങ്ങോട്ടാ ഈ ഓടുന്നത്??!! പടികളിറങ്ങുമ്പോൾ പതുക്കെ വന്നൂടെ നിനക്ക്?? എത്ര വട്ടം പറയണം?? എപ്പോഴും ഓടിയിറങ്ങുന്നത് എന്തിനാ?? "

"മമ്മാ... എന്റെ പാവക്കുട്ടി പുറത്തേക്ക് വീണു... അത് എടുക്കണം എനിക്ക് "

" പോയത് പോയി.. ഇനി അതൊന്നും എടുക്കാൻ നിൽക്കണ്ട..!"

"മമ്മാ.. അത് സ്വീറ്റിയാണ്.. അവൾക്ക് എന്നോട് പിണക്കമാകും ഞാൻ അവളെ എടുത്തില്ലെങ്കിൽ.."

"നിനക്ക് വേറെ മേടിച്ച് തരാം.. മണ്ണിൽ വീണതൊന്നും എടുക്കണ്ട.. "

"സ്വീറ്റിക്ക് എന്നോട് പിണക്കമാണ്.. എന്നെ കൊല്ലാൻ വന്നൂ.. ആ പാവ കൊണ്ടുവന്നില്ലെങ്കിൽ സ്വീറ്റി എന്നെ കൊല്ലുമെന്നാ പറഞ്ഞേ.. "

റേയ്ചലിന് ദേഷ്യം വന്നു.. അവർ എമിയോട് ഉച്ചത്തിൽ പറഞ്ഞു..
"എന്തൊക്കെ വിഡ്ഢിത്തമാണ് നീ പറയുന്നത് എമീ??!! ഒരു പാവ നിന്നെ കൊല്ലുമെന്നോ??! ഇതൊക്കെ ആരാണ് നിനക്ക് പറഞ്ഞുതരുന്നത്?? "

" മമ്മാ ഞാൻ കള്ളമല്ല പറയുന്നത്.. ശരിക്കും സ്വീറ്റി ഇവിടെ വന്നിരുന്നു.. അവൾ..." എമി പറഞ്ഞ് തീരും മുമ്പേ റേയ്ചൽ അവളെ അടിച്ചു...
" എമീ.. കൂടുതലൊന്നും പറയാതെ കേറി പൊയ്ക്കോ!! " റേയ്ചൽ കോപം കൊണ്ട് വിറച്ചു..

എമി കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി.. കുറേ കഴിഞ്ഞ് അവൾ ട്രീസ്സയുടെ അടുത്തേക്ക് ചെന്നു..

" ട്രീസ്സാൻറ്റീ.. എനിക്കെന്റെ പാവയെ എടുത്തു തരാമോ..?"

ജോലിയിൽ മുഴുകിയിരുന്ന ട്രീസ്സ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ചോദിച്ചു "എവിടെയാ കൊച്ചേ പാവ ഇരിക്കുന്നത്..?"

"എന്റെ റൂമിന്റെ ജനലിൽ നിന്ന് താഴെ വീണതാ.. അത് അവിടെ കിടപ്പുണ്ട്.. എടുത്ത് തരുമോ??"

ട്രീസ്സ നീരസത്തോടെ പറഞ്ഞു "എന്റെ കൊച്ചേ.. അവിടെ മുഴുവൻ ചതുപ്പാ.. കാൽവെച്ചാൽ തന്നെ താഴ്ന്ന് പോകും.. ജീവൻ തിരിച്ച് കിട്ടില്ല.. കൊച്ചിന്റെ പാവയൊക്കെ എപ്പോഴേ ചെളിയിൽ മുങ്ങിയിട്ടുണ്ടാകും.. കാണാൻ വയ്യേ?? എനിക്കിവിടെ എത്ര പണിയുള്ളതാ?? അതിന്റെ ഇടയ്ക്ക് കണ്ട ചെളിയിലൊക്കെ ഇറങ്ങാൻ എന്നെ കിട്ടുകേല.. ആ പാവ ഇനി കിട്ടില്ല.. ദേ.. കൊച്ചിന്റെ മമ്മ പുറത്ത് പോയേക്കുവാ.. ഇന്നിനി വരില്ല എന്നാ തോന്നുന്നേ.. പാലും പഞ്ചാരയുമൊക്കെ ഫ്രിഡ്ജിൽ ഉണ്ട്.. ഞാനെന്റെ വീട് വരെ ഒന്ന് പോകുവാ.. ഇവിടെ ഇരുന്നോണം.. വിശക്കുമ്പോൾ എടുത്ത് കഴിക്കണം.. "

" ആന്റീ പ്ലീസ്.. ഒന്നെടുത്ത് താ.. " എമി കരഞ്ഞുകൊണ്ട് ട്രീസ്സയെ കെട്ടിപ്പിടിച്ചു..

"ശരി ശരി എടുത്ത് തരാം.. ഞാൻ വൈകിട്ട് വരുമ്പോ എടുത്തു കൊണ്ട് വരാം.. പോരെ??? "

" മതി.. നേരത്തെ വരണേ.. " എമി അപേക്ഷിച്ചു..

" മ്മ്.. ശരി ശരി.. " ട്രീസ പറഞ്ഞു..

എമിക്ക് സന്തോഷമായ്.. അവൾ മനസ്സിൽ സ്വീറ്റിയോട് മാപ്പു പറഞ്ഞു.. ട്രീസ പോയിക്കഴിഞ്ഞിരുന്നു.. എമി ട്രീസയുടെ വരവും കാത്ത് ഇരുന്നു..

മണി 12  ആകാറായി.. ട്രീസ ഇതുവരെ വന്നിട്ടില്ല.. എമിക്ക് നെഞ്ചിടിക്കാൻ തുടങ്ങി..

"എമീ.. നിനക്ക് 12മണി വരയേ സമയമുള്ളൂ.." സ്വീറ്റിയുടെ ശബ്ദം മുറിയിൽ മുഴങ്ങിക്കേട്ടു.. പക്ഷേ അവളെ കാണാനാകുന്നില്ല..

ട്രീസ്സാന്റി വരുമെന്ന് തോന്നുന്നില്ല.. അവൾ തന്നെ പാവയെ കണ്ടുപിടിക്കാൻ തീരുമാനിച്ചു.. പുറത്തേക്കുള്ള വാതിൽ പൂട്ടിയിരിക്കുകയാണ്.. ആ വഴി പറ്റില്ല.. എമി അടുക്കളയുടെ ജനൽ നീക്കി പുറത്തേക്കിറങ്ങി.. തന്റെ മുറി ഏത് ഭാഗത്താണ് എന്ന് എമിക്കറിയില്ലായിരുന്നു.. അവൾ തപ്പിത്തടഞ്ഞ് ഒരു ചതുപ്പിന് മുന്നിലെത്തി.. ഇത്തിരി വെട്ടത്തിൽ തിളക്കമുള്ള രണ്ടു കണ്ണുകൾ പോലെ എന്തോ ഒന്ന് ആ ചതുപ്പിന് നടുക്കായി അവൾ കണ്ടു..

"ഇത് ആ പാവ തന്നെ.." എമി മുന്നിലേക്ക് നടന്നു.. ചതുപ്പിലേക്ക് ഒരു കാൽ വെച്ചതും അവളുടെ കാൽ താഴ്ന്നു.. പെട്ടെന്ന് അവൾ കാൽ വലിച്ചെടുത്തു.. അവളുടെ ഷൂസ് മുങ്ങി പോയി.. 

പെട്ടെന്ന് എമിയുടെ വീട്ടിലെ ലൈറ്റെല്ലാം അണഞ്ഞു.. ആകാശം മുഴുവൻ മേഘാവൃതമായി.. ഇരുട്ടിന്റെ കനം കൂടി.. അകലെ ഒരു മിന്നാമിനുങ്ങ് പ്രത്യക്ഷപ്പെട്ടു.. പല ദിക്കുക്കളിൽ നിന്നായി ഒരുപാട് പറന്നെത്തി..

"എമീ.. സമയം കഴിഞ്ഞു..!" സ്വീറ്റി അവളുടെ പുറകിലുണ്ടായിരുന്നു.. എമി പേടിച്ച് പേടിച്ച് പുറകിലേക്ക് നടന്നു.. സ്വീറ്റി   എമിക്കരികിലേക്ക് നടന്നടുത്തു..

*****************

പിറ്റേന്ന് ട്രീസ വന്ന് വീടിന്റെ വാതിൽ തുറക്കാൻ പോയതും റേയ്ചലും വന്നു..
"ട്രീസ എമിയെ ഒറ്റയ്ക്കാക്കി എവിടെ പോയതാണ്???!!" റേയ്ചൽ കയർത്തു

"അയ്യോ മാഡം.. ഞാനിപ്പോ പുറത്തോട്ടൊന്ന് ഇറങ്ങിയതേ ഉള്ളൂ.."

"എമിയെ തനിച്ചാക്കി ഇനി എവിടെയെങ്കിലും പോയി എന്ന് ഞാനറിഞ്ഞാലുണ്ടല്ലോ.. ആഹ്..! ഇപ്പോൾ വാതിൽ തുറക്കു.." റേയ്ചൽ കടുപ്പിച്ചു പറഞ്ഞു..

വാതിൽ തുറന്നതും പടിക്കെട്ടിന് താഴെയായി നെറ്റി പൊട്ടി മരിച്ചുകിടക്കുന്ന എമിയെയാണ് അവർ കണ്ടത്..

" മോളേ...!!! " റേയ്ചൽ ഓടിയടുത്തു.. അവളുടെ മൃതശരീരം വാരിയെടുത്ത് അലമുറയിട്ടു..

വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും പോലീസുമെല്ലാം എത്തി.. ജോസഫും വന്നിരുന്നു..

പോലീസ് ട്രീസയെ ചോദ്യം ചെയ്തു.. സംഭവസമയം ട്രീസ വീട്ടിൽ ഇല്ലാത്തതിനാൽ സ്റ്റെപ്പിൽ നിന്ന് വീഴ്ന്നതാണ് മരണകാരണം എന്ന് റിപ്പോര്‍ട്ട് എഴുതി.. എമിയുടെ കുഞ്ഞുകൈയിൽ ആ കറുത്ത പാവക്കുട്ടി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. ആർക്കും അവളുടെ കൈവിടുവിച്ച് ആ പാവയെ മാറ്റാൻ മനസ്സുണ്ടായില്ല..

"എന്റെ കുഞ്ഞ് ആഗ്രഹിച്ചത് ഒരു പാവയെ മാത്രമായിരുന്നു.. അവളോടൊപ്പം അവൾ അവസാനനേരത്തും ചേർത്ത് പിടിച്ച ആ പാവയേയും അടക്കണം.." റേയ്ചൽ വിതുമ്പി...

സംസ്കാരചടങ്ങുകൾ നടത്തി എന്നന്നേക്കുമായ് അവളുടെ ശവപ്പെട്ടിയുടെ വാതിൽ അടയുമ്പോൾ എമിയുടെ കൈയിലെ പാവയുടെ നിഷ്കളങ്കമായ പുഞ്ചിരി ഗൂഢമായ ചിരിയായി മാറിക്കഴിഞ്ഞിരുന്നു.. പെട്ടി അടച്ചതും അത് അപ്രത്യക്ഷമായ്..

ആ സമയം സംസ്കാരച്ചടങ്ങിന് എത്തിയ മറ്റൊരു കൊച്ചു പെൺകുട്ടി അവളുടെ അമ്മയുടെ കൈവിട്ട് ഒരു ചിത്രശലഭത്തിന്റെ പുറകേ ഓടുകയായിരുന്നു.. ആ ശലഭം പറന്ന് ഒരു ചെടിയിൽ പോയിരുന്നു.. അവൾ ആ ശലഭത്തിന് നേരെ കൈനീട്ടി.. അപ്പോഴാണ് അവളുടെ ശ്രദ്ധയിൽ ഒരു പാവക്കുട്ടി പെട്ടത്.. അത് പുഞ്ചിരിക്കുന്ന ഒരു കറുത്ത പാവക്കുട്ടിയായിരുന്നു..
"അയ്യേ എനിക്കെങ്ങും വേണ്ട ഈ കറുത്തതിനെ.." എന്നും പറഞ്ഞ് അവൾ അതിനെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് പോയി..
വീട്ടിലേക്ക് പോകാൻ അവൾ കാറിൽ കയറിയപ്പോൾ ആ പാവയും അതിനുള്ളിലുണ്ടായിരുന്നു.. പൈശാചികമായ ഒരു ചിരിയോടെ..!
----------------

രചന: അനശ്വര ശശിധരൻ


To Top