ആലിലത്താലി....

Valappottukal
തന്‍റെ പാതി നഗ്നമായ ശരീരത്തിലൂടെ കുസൃതി കാണിച്ച് ഒഴുകി നടന്ന അവന്‍റെ കൈ പിടിച്ച് മാറ്റി അവൾ  ബെഡ്ഷീറ്റ് ദേഹത്തേക്ക് വലിച്ചിട്ടു.

" വിനൂ.. "

അവന്‍റെ ഇടനെഞ്ചിൽ കവിൾ ചേർത്തുവെച്ച് അവൾ വിളിച്ചു

" മ്.... എന്താടാ..."
Loading...

അവളുടെ അഴിഞ്ഞുലഞ്ഞ തലമുടി മാടിയൊതുക്കികൊണ്ടവൻ അവളെ നോക്കി ആ നീലകണ്ണുകൾ പെയ്യാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു.

" അഞ്ജു... എന്താടാ എന്തുപറ്റി..."

അവൾ തേങ്ങിക്കൊണ്ട് അവനോട് കൂടുതൽ പറ്റിച്ചേർന്നു. ഒരു കുഞ്ഞിനെപോലെ അവളെ തന്‍റെ മാറിലേക്ക് എടുത്തുകിടത്തി ഇറുകെ പുണർന്നു. അനുസരണയില്ലാത്ത മുടിയിഴകൾ അവന്‍റെ മുഖത്തും കഴുത്തിലുമായി വീണ് ചിതറിക്കിടന്നു.

" എനിക്ക് പറ്റുന്നില്ല വിനൂ..."

നെഞ്ചിൽ ചൂടുള്ള നനവ് പറ്റിയപ്പോൾ അവന്‍ അവളുടെ മുഖം ഉയര്‍ത്തിപിടിച്ച് കണ്ണിലേക്കു നോക്കി. കവിളത്ത് ഒരു ചാല്‍ നനവിന്‍റെ തിളക്കം.

" ഞാൻ നിനക്ക് ചേർന്നവളല്ല വിനൂ.."

അവൻ  ആശ്ചര്യത്തോടെ അവളെ നോക്കി

" നീ ഓരോ തവണ എന്നെ സ്പർശിക്കുമ്പോഴും.. ഓരോ തവണ എന്നെ ചുംബിക്കുമ്പോഴും നീ ഒരു പിഴച്ചവളാണെന്ന് എന്‍റെ ചെവിയിൽ ആരോ പറയുന്നത് പോലെ തോന്നുന്നു വിനൂ..."

അവളുടെ കണ്ണിൽനിന്നും പൊട്ടിയൊഴുകിയ കണ്ണുനീർ അവൻ ചുണ്ടുകളാൽ ഒപ്പിയെടുത്തു.

അഞ്ജു തന്നെ ചുറ്റിപ്പിടിച്ചിരുന്ന അവന്‍റെ കൈകൾ എടുത്തുമാറ്റി ആ ദേഹത്തുനിന്നും എഴുന്നേറ്റുമാറി. ബെഡ്ഷീറ്റ് മാറിന് മുകളിൽ കുത്തിയുടുത്ത് അവൾ ജനാലയിലൂടെ പുറത്തേക്കു നോക്കി. ദൂരെ നിറയെ വൈദുതി വിളക്കിനാൽ അലങ്കരിച്ച മധുരമീനാക്ഷി ക്ഷേത്രം. എവിടെനിന്നോ ഒരു പാതിരാക്കാറ്റു വന്ന് അവളെ തഴുകി കടന്നുപോയി.

വിനു പിറകിലൂടെ ചെന്ന് അവളുടെ അരക്കെട്ടിലൂടെ കൈയിട്ട് ചുറ്റിപിടിച്ചു കാറ്റിൽ ഇളകിയാടുന്ന അളകങ്ങൾ മാടിയൊതുക്കി പിൻകഴുത്തിൽ മൃദുവായി ചുംബിച്ചു. അവളുടെ പട്ടുപോലെ മിനുസമുള്ള മുടിക്കും വിയര്‍പ്പിനും ഉന്മാദം പിടിപ്പിക്കുന്ന ഒരുതരം ഗന്ധമാണെന്ന് അവനോര്‍ത്തു...

" വിനൂ... എന്നെക്കുറിച്ച് എല്ലാം ഞാൻ നിന്നോട് പറഞ്ഞതല്ലേ പിന്നെയും എന്തിനാ നീ... വേണ്ട വിനു..."

അവൻ നിശബ്ദനായി കേട്ടുനിന്നു

 " ആരും ഒന്നും അറിഞ്ഞിട്ടില്ല അറിയുകയും വേണ്ടാ നമ്മള്‍ക്ക് ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കാം ഈ പിഴച്ച പെണ്ണിനെ നീ മറന്നേക്കു വിനൂ..."

അഞ്ജുവിന്‍റെ സ്വരം ചിലമ്പിപ്പോയി എത്ര അടക്കിപിടിച്ചിട്ടും അവളില്‍നിന്നും ഒരു തേങ്ങല്‍ പുറത്തുവന്നു. അവന്‍ അവളെ അവന്‍റെ നെഞ്ചിലേക്ക് ഒന്നുകൂടി ചേര്‍ത്ത് നിര്‍ത്തി
Loading...

" അഞ്ജു അറിഞ്ഞുകൊണ്ട് നീ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ....നീ ഒരാളെ സ്വന്തം പ്രാണനേക്കാള്‍ സ്നേഹിച്ചു വിശ്വസിച്ചു അവനോടൊത്ത്‌ ആയുസ് മുഴുവന്‍ ജീവിച്ചു തീര്‍ക്കാന്‍ ആഗ്രഹിച്ചു..."

അവന്‍ പതിയെ അവളെ അവനു അഭിമുഖമായി നിര്‍ത്തി അവളുടെ മുഖം കൈയില്‍ കോരിയെടുത്തു അലിവോടെ ആ കണ്ണുകളിലേക്കു നോക്കി 

" നീ അവന്‍റെ കൂടെ ഒരു ജീവതം സ്വപ്നം കണ്ടപ്പോള്‍ അവന് വേണ്ടിയിരുന്നത് നിന്‍റെ ശരീരം മാത്രമായിരുന്നു. നിനക്കവനോടുള്ള സ്നേഹവും വിശ്വാസവും മറയാക്കി അതവന്‍ നേടുകയും ചെയ്തു…"

കണ്ണുനീര്‍ അവളുടെ കാഴ്ച്ചയെ മറച്ചു അവന്‍റെ കൈ പിടിച്ച് അവള്‍ വിങ്ങിപ്പൊട്ടി

 " അഞ്ജു ആദ്യ പ്രണയം ആര്‍ക്കും മറക്കാന്‍ കഴിയില്ല എന്ന് എനിക്കറിയാം എന്നാലും ഞാന്‍ നിന്നോട് ഒന്ന് ചോദിക്കട്ടേ..." ?

അവള്‍ നനഞ്ഞ മിഴികളുയര്‍ത്തി അവനെ നോക്കി

" നിന്‍റെ മനസ്സിന്‍റെ എതെങ്കിലും ഒരു കോണില്‍ ഇപ്പോഴും അവനുണ്ടോ..." ?

" ഇല്ല വിനൂ..."

വായ്‌ പൊത്തി അവള്‍ അവന്‍റെ നെഞ്ചിലേക്ക് വീണു.

"എന്‍റെ ഓര്‍മകളില്‍ പോലും ഇന്നവനില്ല വിനൂ.....
ഒരു പെണ്ണിന് വിലപ്പെട്ടതെല്ലാം കവര്‍ന്നിട്ട് അവസാനം തള്ളിപ്പറഞ്ഞ് വലിച്ചെറിഞ്ഞിട്ടു പോയ അവനെ കുറിച്ച് എനിക്ക് ഒന്നും കേള്‍ക്കണ്ടാ...

അവന്‍ കാരണം ബാംഗ്ലൂരിലെ മെന്‍റെല്‍ ഹോസ്പിറ്റലില്‍ ഇരുട്ട് നിറഞ്ഞ സെല്ലില്‍ തീര്‍ന്നു പോവേണ്ടിയിരുന്ന എന്നെ ആ ഇരുട്ട് നിറഞ്ഞ സെല്ലിന് പുറത്തെ വെളിച്ചത്തിലേക്ക് കൈ പിടിച്ച് നടത്തിയത് നീയാണ് നീ എനിക്ക് തന്ന സ്നേഹവും കരുതലുമാണ്.
ഉറ്റവരും ഉടയവരും തള്ളിപ്പറഞ്ഞപ്പോഴും ആട്ടിയിറക്കിയപ്പോഴും എനിക്കൊരു താങ്ങായി തണലായി നീ വന്നില്ലേ...

ഞാന്‍ കാരണം സ്വന്തം വീടിന്‍റെ വാതില്‍ നിന്‍റെ മുന്നില്‍ കൊട്ടിയടക്കപ്പെട്ടപ്പോഴും പതാതെ എന്നെ നിന്‍റെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തിയില്ലേ...
ഇത്രയും കാലം ആര്‍ക്കും പകുത്തു കൊടുക്കാതെ നീ കാത്തു സൂക്ഷിച്ച ഹൃദയത്തില്‍ എനിക്ക് നീ സ്ഥാനം തന്നില്ലേ....

ഇനിയൊരു ജീവിതം സ്വപ്നം കാണാന്‍ പോലും അര്‍ഹതയില്ലാത്ത എന്നെ നിന്‍റെ ജീവിതത്തിലേക്ക് ക്ഷണിച്ചില്ലേ...

ഇത്രത്തോളം എനിക്കുവേണ്ടി ചെയ്ത നിന്നോട് ഇന്നല്ലെങ്കില്‍ നാളെ സമൂഹം ചോദിക്കും മറ്റൊരുവന്‍റെ കൂടെ കിടന്ന അവന്‍റെ എച്ചിലായ പെണ്ണിനെ.
ഒരിക്കല്‍ മനസ്സിന്‍റെ താളം തെറ്റിയ ഒരു പെണ്ണിനെ നീ എന്തിന് തിരഞെടുത്തു എന്ന്. അപമാനത്തല്‍ അന്ന് നിന്‍റെ തല താഴ്ന്നാല്‍ പിന്നേ നീ എനിക്ക് തന്ന ഈ ജീവിതത്തിന് അര്‍ത്ഥമില്ലതായിപ്പോയും വിനു..."
 

അവള്‍  മിഴികള്‍ ഉയര്‍ത്തി അവനെ നോക്കി. അവന്‍റെ ചുണ്ടില്‍ മനോഹരമായൊരു പുഞ്ചിരിയുണ്ടായിരുന്നു...

" അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ അവരോട് ഞാന്‍ പറയും ഒരിക്കല്‍ സ്നേഹം നടിച്ചു അവളുടെ ശരീരം മാത്രമേ അവന് കളങ്കപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുള്ളൂ ഒരിക്കല്‍ താളം തെറ്റിയതാണെങ്കിലും കളങ്കമേല്‍ക്കാത്ത പരിശുദ്ധമായ ഒരു മനസ്സ് അവള്‍ക്കുണ്ട് ആ മനസ്സിനെയാണ്‌ ഞാന്‍ സ്നേഹിച്ചത് ആ മനസ്സിനെയാണ്‌ ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് കൂട്ടിയതെന്ന്..."

അവളുടെ എല്ലാ സങ്കടങ്ങള്‍ക്കും ആശങ്കള്‍ക്കുമുള്ള മറുപടിയായിരുന്നു അത്. നിറഞ്ഞു തുളുമ്പിയ കണ്ണുനീര്‍ തുടച്ചുമാറ്റി ആ കണ്ണുകളില്‍ അവന്‍റെ ചുണ്ടുകള്‍ അമര്‍ന്നു...

" അഞ്ജു.. കഴിഞ്ഞതൊന്നും ഓര്‍ത്ത്‌ ഇനിയൊരിക്കലും നിന്‍റെ കണ്ണുകള്‍ നിറയരുത് ഇനി നിന്‍റെ കണ്ണുകളില്‍ വിരിയേണ്ടത് സ്വപ്നങ്ങളാണ് നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ഭാവിയെക്കുറിക്കുള്ള സ്വപ്‌നങ്ങള്‍. കുറച്ചു ദിവസത്തിനുള്ളില്‍ നമ്മള്‍ കടലുകടക്കും പ്രണയത്തിന്‍റെ നാട്ടില്‍ ഞാന്‍ നമുക്കായി ഒരുക്കിയ കൊച്ചു സ്വര്‍ഗത്തിലേക്ക്...” 

അവന്‍ അവളുടെ മൂക്കിന്‍തുമ്പിലെ ചുവന്ന കല്ലുവെച്ച മൂക്കുത്തിയില്‍ ചൂണ്ടു വിരല്‍ കൊണ്ട് തട്ടി കവിളില്‍ മൃദുവായി കടിച്ചു

" കഴിഞ്ഞതൊന്നും ഓര്‍ത്ത് ഇനി എന്‍റെ കണ്ണുകള്‍ നിറയില്ല വിനൂ... അങ്ങനെ സംഭവിച്ചാല്‍ എല്ലാം ഉപേക്ഷിച്ച് ഇന്ന് മീനാക്ഷിഅമ്മന്‍റെ മുന്നില്‍ വെച്ച് എന്‍റെ കഴുത്തില്‍ അണിയിച്ച ഈ ആലിലത്താലിക്കും സീമന്തരേഖയില്‍ ചാര്‍ത്തിത്തന്ന സിന്ദൂരത്തിനും ഒരു മഹത്ത്വവും ഇല്ലതയിപ്പോവും..."

അവള്‍ കഴുത്തില്‍നിന്നും താലിമാല എടുത്ത് താലിയില്‍ അമര്‍ത്തി ചുംബിച്ചു

" ഇനി എനിക്ക് ജീവിക്കണം വിനൂ നിന്‍റെ മാത്രം പെണ്ണായി നല്ല പാതിയായ് നിന്‍റെ സുഖത്തിലും ദുഃഖത്തിലും നിന്നോട് ചേര്‍ന്ന് നിന്നെ മാത്രം പ്രണയിച്ച് നിന്നിലലിഞ്ഞു അങ്ങനെ അങ്ങനെ..."

അവന്‍ കണ്ടു അവളുടെ നീലക്കണ്ണില്‍ തന്നോടുള്ള പ്രണയത്തിന്‍റെ ആഴവും വ്യാപ്തിയും. അവന്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് സീമന്തരേഖയിലെ സിന്തൂരത്തില്‍ ചുണ്ടമര്‍ത്തി

" അല്ലാ... ഇങ്ങനെ നിന്നാല്‍ മതിയോ ഇത് നമ്മുടെ ആദ്യരാത്രിയാണെന്ന് മറന്നോ.." ?

കുസൃതിയോടെ അവന്‍ അവളെ നോക്കി നാണം കൊണ്ട് ആ മുഖം ചെന്താമരമൊട്ടുപോലെ കൂമ്പി ചൊടികളില്‍ മനോഹരമായ ഒരു പുഞ്ചിരി വിടര്‍ന്നപ്പോള്‍ കവിളുകളില്‍ കുഞ്ഞു നുണക്കുഴി അനാവൃതമായി. അവളുടെ ദേഹത്തുനിന്നും ബെഡ്ഷീറ്റ് ഊര്‍ന്നുവീണു വിനു അഞ്ജുവിനെ കയ്യില്‍ കോരിയെടുത് കിടക്കയിലേക്ക് കിടത്തി.
Loading...

അവന്‍ അവളെ ഇറുകെ കെട്ടിപിടിച്ച് നെറ്റിയിലും കവിളിലും ചുണ്ടിലുമെല്ലാം അമര്‍ത്തിയമര്‍ത്തി ഉമ്മവെച്ചു. അവന്‍റെ ചുണ്ടില്‍ പുരണ്ട തേന്‍കണം പോലെ... പൂമദംപോലെ... പരാഗരേണുപോലെ അലിഞ്ഞലിഞ്ഞ് താന്‍ ഇല്ലതവുകയാണെന്ന് അവള്‍ അറിഞ്ഞു. അവന്‍റെ പിന്‍കഴുത്തില്‍ അവന്‍റെ ലോലമായ മുടിയിഴകള്‍ക്കിടയില്‍ അവളുടെ വിറപടര്‍ന്ന വിരലുകള്‍ മുറുകി.

     രചന: വിനു മഠത്തില്‍..
കൂടുതൽ കഥകൾക്ക് ഫോളോ ചെയ്യൂ...

To Top