എൻ ജീവൻ, ഭാഗം: 35

Valappottukal
രശ്‌മി കയ്യിലുള്ള ഹാൻഡ് ബാഗിൽ മുറുകെ പിടിച്ചു. അന്ന് കല്യാണത്തിന് ചെറിയച്ഛനെയും  ഇളയ മോനെയുമാണ് കണ്ടത്. അവിടെ അപ്പോൾ മനപ്പൂർവ്വം വരാതെ ഇരുന്നതാണല്ലേ... ഇയാൾ എങ്ങനെ ഇവിടെ വന്നു?!
"കീർത്തി എന്നെ പറ്റി എന്തേലും പറയാതെ ഇരിക്കില്ല. പറഞ്ഞു കാണും. അതൊരു വായാടിപ്പെണ്ണാ. അവളുടെ സംസാരം എനിക്ക് തീരെ ഇഷ്ടമല്ല. പണ്ടേ കണ്ടൂടാ രണ്ടിനെയും. ഞാൻ ഇവിടെ എത്താൻ കാരണം നീയാ.
നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ കേറിയതാ. അന്ന് വിഷുവിന് അമ്പലത്തിൽ പോയ അനിയനെ വിളിക്കാൻ വന്നതാ ഞാൻ. അപ്പോഴാ കുളപ്പടവിൽ ഇരിക്കുന്ന നിന്നെയെയും കീർത്തിയെയും കണ്ടത്. ഹോ... ആ ധാവണിയിൽ നിന്നെ കണ്ടപ്പോൾ... ഏതേലും ബന്ധുവോ കൂട്ടുകാരിയോ ആയിരിക്കുമെന്നു കരുതി. മുറപ്പെണ്ണ് എന്ന് വിചാരിച്ചില്ല. അടുത്ത് നിന്റെ തള്ളയെ കണ്ടപ്പോൾ മുഖഛായ തോന്നി. അപ്പോൾ മനസ്സിലായി കാർത്തിയുടെ മാമന്റെ മോളാ നീയെന്ന്. കുഞ്ഞിലേ അവൻ എന്തു ആഗ്രഹിക്കുന്നുവോ അത് എങ്ങനേലും  സ്വന്തമാക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം. കാരണമെന്തെന്നാൽ അവൻ എന്ത് തിരഞ്ഞെടുത്താലും അത് ബെസ്റ്റ് ആയിരിക്കും. വെരി ബെസ്റ്റ്. പക്ഷേ,  ഇതുവരെ ഒന്നും എനിക്ക് കിട്ടിയിട്ടില്ല. അവൻ ആയിട്ട് തന്നില്ലേൽ പിന്നെ തട്ടി പറിക്കാതെ എന്തു ചെയ്യും?  എനിക്കാണേൽ വേറെ ഇഷ്ടം തോന്നുകയുമില്ല.
നിന്നെ കണ്ടപ്പോൾ എങ്ങനേലും കാർത്തിയോട് സംസാരിച്ച് സെറ്റ് ആക്കണം എന്ന് മനസ്സിൽ കരുതി. അവനും നീയും പ്രേമത്തിൽ ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.
അന്ന് ഒരു ദിവസം നീ അവന്റെ ബൈക്കിൽ കയറി പോയില്ലേ. ആ ബസ്സ് സ്റ്റോപ്പിന്റെ പുറകിലുള്ള  കടയിൽ ഞാൻ നില്പുണ്ടായിരുന്നു. നിങ്ങളെ ഫോളോ ചെയ്ത് വന്നപ്പോൾ എനിക്ക് മനസ്സിലായി നിങ്ങൾ തമ്മിൽ മുടിഞ്ഞ പ്രേമം ആണെന്ന്. അപ്പോൾ എനിക്ക് നിന്നോടുള്ള ഇഷ്ടം കുറയുകയല്ല പകരം കൂടുകയാണ് ചെയ്തത്. എന്റെ അറിവിൽ വേറെ ആരോടും അവന് ഇഷ്ടമുള്ളതായി ഇല്ല. കോളേജിൽ തേർഡ് ഇയർ പഠിക്കുമ്പോൾ ജൂനിയർ പെണ്ണൊരുത്തി വന്നു. നിന്റെ അത്ര ഗ്ലാമർ ഇല്ലെങ്കിലും സുന്ദരി ആയിരുന്നു. ചെക്കന്മാരെല്ലാം അവളുടെ പുറകെ ആയിരുന്നു. ഈ ഞാനും. അന്ന് കോളേജിലെ ഹീറോ  ആയിരുന്നു കാർത്തി. അവൾ ഇഷ്ടപ്പെട്ടത് അവനെ. അവന്റെ അടുത്ത് ഇഷ്ടമാണെന്ന് അവൾ പോയി പറയുകയും ചെയ്തു.
കാർത്തി എന്താ പറയുന്നത് എന്നറിയാൻ ഞാനും ഫ്രണ്ട്സും ചെവികൂർപ്പിച്ചു നിന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ  മനസ്സിൽ പതിഞ്ഞ ഒരു മുഖമുണ്ട്. ആ മുഖത്തിനുടമ എന്നെങ്കിലും എന്നെ സ്നേഹിക്കുന്ന ഒരു ദിവസം വരും. ആ ദിവസത്തിനായാണ് ഞാൻ കാത്തിരിക്കുന്നത്.
അവൻ ആരെ കുറിച്ചാ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. ക്ലാസ്സിൽ പഠിക്കുന്ന പെൺപിള്ളേരൊക്കെ അവന് സഹോദരിമാരെ പോലെ ആയിരുന്നു.
ഇപ്പോൾ അറിയാലോ. ആ മുഖത്തിനുടമ നീയാണെന്ന്... രശ്മി. നിന്നെ എങ്ങനെ സ്വന്തമാക്കും എന്നാലോചിച്ചു കൊണ്ടിരുന്നപ്പോഴാ ഫേസ്ബുക്കിൽ നിന്റെ കൂട്ടുകാരി അനുവിന്റെ ഐഡി കണ്ടത്. നിന്റെയൊപ്പമുള്ള ഒരു സെൽഫി ആയിരുന്നു പ്രൊഫൈൽ പിക്ചർ. അതിലൂടെ ഞാൻ മനസ്സിലാക്കി നീ പഠിക്കുന്ന കോളേജ്. എങ്ങനേലും ഈ കോളേജിൽ കയറി പറ്റണം എന്ന് കണക്കുകൂട്ടി ഇവിടെ വന്നപ്പോഴാ നിങ്ങളുടെ പ്രിൻസിപ്പലിന്റെ കാർ ആക്സിഡന്റ് ആയി കിടക്കുന്നത് കണ്ടത്. കാറിനുള്ളിൽ ഭാര്യയും മകളും കൂടി ഉണ്ടായിരുന്നു. ഞാനാ അവരെ ഹോസ്പിറ്റലിൽ കൊണ്ടു പോയത്. അങ്ങേരുടെ മോൾക്ക് കുറേ ബ്ലഡ് വേണ്ടിവന്നു. അതും റെയർ ഗ്രൂപ്പ് ആയ എ ബി നെഗറ്റീവ്. നല്ല പൈസ കിട്ടും എന്ന് തോന്നിയപ്പോൾ ഞാൻ അങ്ങ് കൊടുത്തു. പിന്നെ അയാൾക്ക് ഞാൻ ഒരു ദൈവദൂതൻ ആയിരുന്നു. എനിക്ക് ജോലി ഒന്നും ആയില്ല എന്ന് പറഞ്ഞപ്പോൾ അയാൾ ഹെൽപ് ചെയ്യാം എന്ന് പറഞ്ഞു. സംസാരിച്ചു വന്നപ്പോൾ ഈ കോളേജിന്റെ  പ്രിൻസിപ്പൽ. നിന്റെ സാറായി വന്നപ്പോൾ എനിക്കൊരു ലോട്ടറി അടിച്ച സുഖമായിരുന്നു കിട്ടിയത്.
നിന്റെ മനസ്സിൽ നിന്നും കാർത്തിയെ എങ്ങനേലും  അകറ്റി എനിക്ക് കയറി കൂടാൻ പരമാവധി നോക്കി. ഒന്നും നടന്നില്ല. നിങ്ങളുടെ ക്ലാസ്സിലെ സോന ഇല്ലേ?  അവൾ എന്നെ കല്യാണം കഴിക്കാൻ ഇഷ്ടം ഉണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ ഓക്കേ  പറഞ്ഞിരുന്നെങ്കിൽ അത് നടക്കുമായിരുന്നു. നിന്നെക്കാളും പണച്ചാക്ക് ആയിരുന്നു അവൾ. എന്നാലും എനിക്ക് വേണ്ട.
പിന്നെ നിനക്ക് ഒരു ശങ്കറിനെ അറിയാമോ? അറിയാം. അല്ലേ? ഇന്ന് അവൻ ഈ ഭൂമിയിൽ ഇല്ല. ഞാൻ പറഞ്ഞയച്ചു. പറഞ്ഞയിക്കേണ്ടി വന്നു എനിക്ക്. അവന്റെ പല ബിസിനസ്സിലും ഞാൻ ഹെൽപ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവൻ ഞാൻ എന്തു പറഞ്ഞാലും അനുസരിക്കുമായിരുന്നു. ഈ കഴിഞ്ഞ വർഷം ഒരു കേസിൽ അവന്റെ ടീമിൽ ഉള്ള ഒരാളെ കാർത്തി പിടികൂടി. വിട്ടയക്കാൻ പറഞ്ഞിട്ട് കേട്ടില്ല. ഈ ഞാനാ പറഞ്ഞുകൊടുത്തത് കീർത്തിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടാക്കിയാൽ അവൻ എപ്പോൾ വിട്ടു എന്ന് ചോദിച്ചാൽ മതിയെന്ന്. അതുപോലെ തന്നെ സംഭവിച്ചു. അവൻ പിന്നെ ആ കേസ് അന്വേഷിക്കുന്നതിൽ നിന്നും പിന്മാറി. പക്ഷേ, അത് അവന്റെ അടവായിരുന്നു. രഹസ്യമായി കേസ് അന്വേഷിച്ച് ശങ്കറിനെ കുടുക്കി. കാർത്തിയിൽ  നിന്നും  രക്ഷപ്പെട്ട്  അവൻ ഓടി വന്നത് എന്റെ അടുത്തേക്ക് ആയിരുന്നു. അതും രാത്രിയിൽ. ഞാൻ രണ്ടെണ്ണം കഴിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. അപ്പോൾ പറഞ്ഞു നിന്റെ കാര്യം. നിന്നെ ഒരു ഇത്തിരി നേരത്ത് എങ്കിലും  സ്വന്തമാക്കിയിട്ട് ചത്താലും കുഴപ്പമില്ലന്നാ അവൻ പറഞ്ഞെ. കാർത്തിക്ക്‌ അത് നന്നായി കൊള്ളുമെന്നും ഇതറിയുമ്പോൾ അവന്റെ അവസ്ഥ കണ്ട് സന്തോഷിക്കണമെന്നും  അവൻ പറഞ്ഞു.
നിന്നെ തൊട്ട് കളിക്കണ്ട  നീ എനിക്കുള്ളതാ എന്ന് ഞാൻ പറഞ്ഞു. ശങ്കറിന് ആ പറഞ്ഞത് ഇഷ്ടമായില്ല. അങ്ങനെ ഞങ്ങൾ തമ്മിൽ വഴക്കായി. ഞാൻ എന്തു പറഞ്ഞാലും അനുസരിക്കുന്നവൻ നിന്റെ കാര്യം വന്നപ്പോൾ എന്റെ നേർക്ക് കൈ ഓങ്ങി. പിന്നെ ഒന്നും ആലോചിച്ചില്ല. ഇതുപോലൊരു വിസ്കി ബോട്ടിൽ എടുത്ത്  അവന്റെ തലയിൽ പൊട്ടിച്ചു. പിന്നെ പള്ളക്കും കേറ്റി. ചത്തെന്നു ബോധ്യമായപ്പോൾ അവന്റെ ബോഡി ഞാൻ റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഇട്ടു"
മനോജ് പറയുന്നതെല്ലാം കേട്ട് രശ്മിക്ക് തലകറങ്ങുന്നത് പോലെ തോന്നി. ഇത്ര ദുഷ്ടൻ ആണോ ഇയാൾ? !
"എന്റെ അച്ഛന് വല്യമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ, അങ്ങേര്...നിന്റെ അമ്മാവൻ സ്വന്തമാക്കി. അതുപോലെ ഇതും അങ്ങനെ നടക്കണ്ട. നിന്നെ കല്യാണം കഴിക്കാൻ ഏതായാലും നീ സമ്മതിക്കില്ല. കല്യാണം കഴിക്കാതെ എങ്ങനെ സ്വന്തമാക്കാം എന്ന് എനിക്കറിയാം. അതിന് നിന്റെ സമ്മതം  വേണ്ട. ഞാൻ നിന്നെ സ്വന്തമാക്കി എന്നറിഞ്ഞിട്ടും കാർത്തി നിന്നെ സ്വീകരിക്കുകയാണേൽ സ്വീകരിക്കട്ടെ. മറിച്ച് അവന് നിന്നെ വേണ്ടെന്ന് പറഞ്ഞാൽ നീ എന്റെ അടുത്തേക്ക് പോര്. ജീവിതകാലം മുഴുവനും നിന്നെ ഒരു റാണിയെ പോലെ ഈ ഞാൻ നോക്കിക്കോളാം. നിന്നെ സ്വന്തമാക്കി കഴിഞ്ഞാൽ ബാക്കിയെല്ലാം അവന്റെയിൽ നിന്നും നേടിയത് പോലെയാ. കാരണം,  കാർത്തിക്ക് നിന്നെ ജീവനാണെന്ന് എനിക്ക് അറിയാം. നിന്നെ എങ്ങനെ അടുത്ത് എത്തിക്കുമെന്ന് ആലോചിച്ചു ഇരുന്ന ഞാനാ. നിന്നെ ദൈവം ആയിട്ടാ എന്റെ അടുത്ത് ഇപ്പോൾ  എത്തിച്ചേ. ദൈവം ഉണ്ട്. എനിക്കിപ്പോൾ വിശ്വാസമായി. നിന്നെ ഫോളോ ചെയ്ത അവന്മാർക്ക് ഞാൻ നന്ദി പറയുന്നു. അപ്പോൾ എങ്ങനെയാ? ഏഹ്?"
മനോജ് ഒരു കൊലച്ചിരിയോടെ പതിയെ കസേരയിൽ നിന്നും എണീറ്റു. രശ്മി ഇത് കണ്ട് വേഗം കട്ടിലിൽ നിന്നും എണീറ്റ് മാറി.
ഈശ്വരാ... എന്ത് ചെയ്യും? എന്തേലും  എടുത്തെറിയാൻ പോലും ഒന്നുമില്ലലോ ഇവിടെ.
"നീ എന്താടി നിന്നു ആലോചിക്കുന്നേ? നിന്നെ നിന്റെ മറ്റവൻ വന്ന് രക്ഷിക്കും എന്നാണോ?"
"ആഹ്... അതെ. നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. ഞാൻ കാർത്തിയുടെ പെണ്ണാ. ദുഷ്ടനായ ഈ മനുഷ്യമൃഗത്തിൽ നിന്നും രക്ഷിക്കാൻ എന്റെ കാർത്തി വരും. എനിക്കുറപ്പാ"
ദൈവമേ... എന്റെ കാർത്തിയെ എങ്ങനേലും ഇവിടെ എത്തിക്കാണേ... രശ്മി ഉള്ളുരുകി പ്രാർത്ഥിച്ചു.
"ഹ...ഹാ...ഹ ഹാ..."
മനോജ് അവളെ നോക്കി പൊട്ടിച്ചിരിച്ചു.
"അവൻ എവിടെ നിന്നും വരാൻ?  നീ ഇവിടെയാണ് എന്ന് മനസ്സിലാക്കാൻ അവനെന്താ ദിവ്യദൃഷ്ടി വല്ലതും ഉണ്ടോ?"
മനോജ് പറഞ്ഞ് കഴിഞ്ഞതും വാതിൽ ആരോ തള്ളി തുറക്കാൻ ശ്രമിച്ചു. മനോജും രശ്മിയും വാതിലിനു നേരെ നോക്കി നിന്നു. പെട്ടന്ന് തന്നെ ആ വാതിൽ തുറന്ന്  രണ്ടുപേർ അകത്ത്‌ കയറി. അരുണും വിഷ്ണുവുമായിരുന്നു അത്.
വിഷ്ണുവിനെ കണ്ടതും മനോജ് അലറി.
"നീ ഇവിടെ.....??? എങ്ങനെ വീടിനകത്തു കയറി?"
"കൂടുതൽ കിടന്ന് അലറണ്ട"
എന്നും പറഞ്ഞ് കയ്യിലുള്ള ഹോക്കി സ്റ്റിക്ക് എടുത്ത് അരുൺ മനോജിന്റെ തലക്കിട്ട് ഒന്നു കൊടുത്തു. പെട്ടന്നുള്ള ആക്രമണത്തിൽ മനോജിന് അത് തടയാൻ കഴിഞ്ഞില്ല. അവൻ തല പൊത്തിപ്പിടിച്ചു. അരുൺ ഉടനെ മനോജിനെ പുറകിലൂടെ പിടിച്ച് വെച്ച്  വലുത് കൈ മമാത്രം മേശപ്പുറത്ത് വെപ്പിച്ചു.
"എടാ വിഷ്ണു... തല്ലി ഒടിക്കടാ ഇങ്ങേരുടെ ഈ കൈ..."
അരുൺ പറഞ്ഞു കഴിഞ്ഞതും വിഷ്ണു അവന്റെ കയ്യിലുള്ള ക്രിക്കറ്റ്‌ ബാറ്റ് എടുത്ത് മനോജിന്റെ വലതു കയ്യിൽ ആഞ്ഞടിച്ചു. ഒന്നല്ല ഒരു മൂന്നു തവണ. വേദന കൊണ്ട് മനോജ് കുതറി. അരുൺ പുറകിലോട്ട് തെറിച്ചു വീണു. രശ്മി ഇതെല്ലാം കണ്ട് അന്തം വിട്ട് നിന്നു.
"രശ്മി... വേഗം പോകാൻ നോക്ക്. നീ ഇങ്ങോട്ട് കയറുന്നത് ഞങ്ങൾ കണ്ടിരുന്നു. എനിക്ക് അറിയാം ഇയാളുടെ ഉള്ളിലിരുപ്പ് എന്താണെന്ന്"
വിഷ്ണു പറഞ്ഞത് കേട്ട് രശ്മി വേഗം പുറത്തു കടക്കാൻ നോക്കി. എന്നാൽ മനോജ് അവളുടെ ചുരിദാറിന്റെ ഷാളിൽ കേറി പിടിച്ചു. അരുണും വിഷ്ണുവും മനോജിനെ മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ പിടി വിട്ടില്ല.
പെട്ടന്ന് കാർത്തി വന്ന് മനോജിന്റെ അടിവയറ്റിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു. അവൻ പുറകിലോട്ട് പോയി  ഷെൽഫിൽ തട്ടി വീണു.
"സർ... ഇയാൾ രശ്മിയെ..."
"ഹ്മ്മ്... നിങ്ങൾ രണ്ടുപേരും പൊയ്ക്കോ"
അരുണും വിഷ്ണുവും തറയിൽ കിടക്കുന്ന മനോജിനെ ഒന്നു നോക്കിയ ശേഷം മുറിയിൽ നിന്നും പുറത്തേക്ക് പോയി. ഗണേഷും നാലഞ്ചു കോൺസ്റ്റബിൾസും അവിടെ നില്പുണ്ടായിരുന്നു. രശ്മി കാർത്തിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവളെ ചേർത്ത് പിടിച്ച് തലയിൽ തടവി അവൻ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത ശേഷം ഗണേഷിന്റെ അടുത്ത് പോയി നിൽക്കാൻ പറഞ്ഞു. മനോജിന് ഇത് കണ്ട് കലി കയറി. അവൻ  ഷെൽഫിൽ പിടിച്ച് എണീറ്റു.
കാർത്തി അവന്റെ കഴുത്തിനു പിടിച്ച് ഭിത്തിയിൽ തല ഇടിപ്പിച്ചു. എന്നിട്ട് കൈമുട്ട് മടക്കി അവന്റെ നെഞ്ചത്തൊന്നു കൊടുത്തു. മനോജ് നിന്ന് ചുമച്ചു. കാർത്തി കൈമുട്ട് അവന്റെ  കഴുത്തിന്റെ താഴെ അമർത്തി വെച്ചു. ദേഷ്യം കൊണ്ട് കാർത്തിയുടെ കണ്ണൊക്കെ ചുവന്നു. അത് കണ്ട് മനോജിന് പേടിയായി.
"നീ എന്താ വിചാരിച്ചേ?  ഞാൻ ഇവിടെ എത്തില്ലെന്നോ? ആണോടാ?"
കാർത്തി കൈ മുട്ട് മാറ്റി.
"നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു"
എന്ന് പറഞ്ഞിട്ട് കാർത്തി തന്റെ മൊബൈൽ കാണിച്ചുകൊടുത്തു.
ഓഹ്... ഞാൻ കാൾ കട്ട്‌ ചെയ്തില്ലേ... അത്  ബാഗിന്റെ ഫ്രന്റ്‌ അറയിൽ ഇയാളെ കണ്ടപ്പോൾ പെട്ടന്ന് എടുത്തു ഇട്ടതാ. ഹോ... കട്ട്‌ ആകാത്തത് ഭാഗ്യം. രശ്മി ദൈവത്തിന് നന്ദി പറഞ്ഞു.
"ഞാൻ നേടിയതൊന്നും നിനക്ക് തട്ടിപറിക്കാൻ ഒരിക്കലും പറ്റില്ല. എന്റെ പെണ്ണിനെ പ്രത്യേകിച്ച്. അവനവനു ഓരോന്ന് ദൈവം പറഞ്ഞു വെച്ചിട്ടുണ്ട്. അതേ നമുക്ക് കിട്ടുള്ളു. അഥവാ മറ്റുള്ളവരിൽ നിന്നും തട്ടിപ്പറിച്ച് സ്വന്തമാക്കിയാലും അത് അധികനാൾ നിലനിൽക്കില്ല"
ഇത് കേട്ട് മനോജിന്റെ കണ്ണുകളും ചുവന്നു. അവൻ കാർത്തിയെ തറപ്പിച്ചൊന്നു നോക്കി.
"എന്താടാ നീ നിന്നു നോക്കുന്നെ?"
കാർത്തി മനോജിന്റെ കരണത്തൊന്നു പൊട്ടിച്ചു. എന്നിട്ട് അവന്റെ കവിളിൽ കുത്തിപ്പിടിച്ചു.
"ഇനിയുള്ള നിന്റെ ജീവിതം ഇരുമ്പഴിക്കുള്ളിൽ ആണ്"
"ഓഹ്... നീ എന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നോ? എന്തിന്?  ഇവളെ റേപ്പ് ചെയ്യാൻ ശ്രമിച്ചു എന്നും പറഞ്ഞോ?"
മനോജ് പൊട്ടിച്ചിരിച്ചു.
"നിർത്തെടാ നിന്റെ കൊലച്ചിരി..."
കാർത്തി അവന്റെ തലമുടിയിൽ പിടിച്ച് ഒന്നുംകൂടി തല ഭിത്തിയിൽ ഇടിപ്പിച്ചു.
"ഒരുത്തനെ കൊന്ന് റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഇട്ടാൽ തെളിവുകളൊക്കെ നശിക്കുമെന്ന് നീ കരുതിയോ? ഇവൾ സാറിന്റെ പേര് പറഞ്ഞപ്പോൾ തന്നെ ഞാൻ ഊഹിച്ചു. അത് നീ ആയിരിക്കുമെന്ന്. എറണാകുളത്ത് നിന്നും ചാടിപ്പോയ ശങ്കർ ഇവിടെ അങ്കമാലിക്ക്‌ അടുത്ത് മരിച്ചു കിടന്നപ്പോൾ തന്നെ നിന്നിലേക്കുള്ള റൂട്ട് തെളിഞ്ഞു വന്നു. ഗണേഷും ഡീറ്റൈൽ ആയി അന്വേഷിച്ചിരുന്നു.
നീയാണ് കൊലപാതകി എന്ന് ഞങ്ങൾ നേരത്തെ കണ്ടുപിടിച്ചതാ. പിന്നെ അറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് ആദ്യം എന്റെയും രശ്മിയുടെയും എൻഗേജ്മെന്റ് ഒന്നു കഴിഞ്ഞോട്ടെ എന്ന് കരുതിയാണ്. ചെറിയച്ഛൻ ഇത് അറിഞ്ഞാൽ അച്ഛനോട് വഴക്കിനു വരുമെന്ന് കരുതി. പക്ഷേ,  എന്റെ ഊഹം തെറ്റായിരുന്നു. എൻഗേജ്മെന്റ് കഴിഞ്ഞ് ഞാൻ നിന്റെ കാര്യമെല്ലാം ചെറിയച്ഛനോട് വിളിച്ചു  അറിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് നിന്നെ അറസ്റ്റ് ചെയ്തോളാൻ ആണ്. എന്നെയും എന്റെ ഇളയ മകനെയും ഒന്നു തിരിഞ്ഞു നോക്കാത്ത നിന്നെ ഇനി കാണണ്ട എന്ന് പറഞ്ഞു. ഈ ഇടക്ക് ചെറിയച്ഛന്  ഹാർട്ട് അറ്റാക്ക് വന്നു. നിന്നെ ആ കൊച്ചെറുക്കൻ എത്ര തവണ വിളിച്ചു. നീ പോയി നോക്കിയോ?  നിനക്ക് ഒന്നിനും സമയം ഇല്ലാലോ. എനിക്കുള്ളത് എന്തൊക്കെ എങ്ങനെ തട്ടിപ്പറിക്കാം എന്ന് ആലോചിച്ചു നടക്കുവല്ലേ. അറ്റ്ലീസ്റ്റ് കുറച്ചു പൈസയെങ്കിലും നീ അയച്ചു കൊടുത്തോ? 
ആ മനുഷ്യൻ നിനക്ക് വേണ്ടിയിട്ട് അല്ലേ കൂടുതലും കഷ്ടപ്പെട്ടത്. ആ പൈസ കൊണ്ട് നീ ജോലി നേടി. ആ ചെറുക്കനും അവന്റെ ഏട്ടൻ എന്നു വെച്ചാൽ ജീവനാ. ഇപ്പോൾ കോളേജിൽ പോകാതെ ഏത് നേരവും കടയിൽ തന്നെയാണ്. അതറിയോ നിനക്ക്? നീ ഇങ്ങനെ ആകാൻ കാരണം ഞാൻ തന്നെയാ എന്നും പറഞ്ഞ് ചെറിയച്ഛൻ പൊട്ടിക്കരഞ്ഞു. നിന്നോട് കൂടുതൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നിന്റെ ജീവിതം നീ ആയിട്ട് നശിപ്പിച്ചു. ഗണേഷ്..."
എല്ലാം കേട്ട് കൊണ്ട് മനോജ് മുഖം തിരിച്ചു നിന്നു. ഗണേഷ് വന്ന് മനോജിനെ വിലങ്ങണിയിച്ചു. കാർത്തി പോയി രശ്മിയുടെ അടുത്ത് നിന്നു. അവൻ  രണ്ടുപേരെയും തറപ്പിച്ചൊന്ന് നോക്കിയിട്ട് മനോജ് ചെന്ന് ജീപ്പിൽ കയറി.
രശ്മിയുടെ പേടി മാറിയിട്ടുണ്ടായില്ല. കാർത്തി അവളുടെ മുഖം കയ്യിൽ എടുത്തു.
"മോള് എന്തിനാ പേടിക്കുന്നെ?  ഏഹ്?  ഞാൻ വേഗം ഇങ്ങ് എത്തിയില്ലേ?  നിന്നെ ഈ ഞാൻ അല്ലാതെ വേറെ ആരും തൊടില്ല എന്ന് പറഞ്ഞതല്ലേ. പോട്ടേ... ഈ ദിവസം അങ്ങ് മറന്നേക്ക്‌. ഓക്കേ?"
രശ്മി കാർത്തിയെ കെട്ടിപ്പിടിച്ച് അവന്റെ നെഞ്ചിൽ തല ചായ്ച്ചു നിന്നു.
"സർ... ഞങ്ങൾ അങ്ങോട്ട്‌..."
"ആഹ്... പൊയ്ക്കോളൂ. ഇവളെ വീട്ടിൽ പറഞ്ഞു വിട്ടിട്ട് ഞാൻ അങ്ങു വരാം. രെച്ചൂ... വാ... ഞാൻ ബസ് കയറ്റി വിടാം"
രശ്മി തലയാട്ടി.
വീടിനു പുറത്ത് തന്നെ അരുണും വിഷ്ണുവും നില്പുണ്ടായിരുന്നു. മനോജ് ജീപ്പിൽ ഇരുന്ന് പോകുന്നത് അവർ നോക്കി നിന്നു. കാർത്തിയും രശ്മിയും രണ്ടുപേരെയും നോക്കി ചിരിച്ചു. അവർ തിരിച്ചും ചിരിച്ചു. കാർത്തി അവളെ ബസ് കയറ്റി വിട്ടു.
മനോജിനെ പിറ്റേന്ന് കോടതിയിൽ ഹാജരാക്കി. അവന് ജീവപര്യന്തം തടവ് ശിക്ഷ ആയി വിധിച്ചു. ഈ കാര്യം കുടുംബക്കാർ എല്ലാവരും  അറിഞ്ഞു. കോളേജിലും പത്രവാർത്ത കണ്ട് അറിഞ്ഞിരുന്നു.
**********-----------***********
രണ്ടു വർഷങ്ങൾ കഴിഞ്ഞു. രശ്മിയുടെ പിജി കഴിയാറായി. ഗൗരി രശ്മിയുടെ വീട്ടിൽ നിൽക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ സെക്കന്റ്‌ ഇയർ കഴിഞ്ഞു. ഇതിനിടയിൽ ഗൗരിയും ഗണേഷും പ്രണയത്തിൽ ആയി.
കാർത്തിയുടെയും രശ്മിയുടെയും കല്യാണത്തിന് രണ്ടാഴ്ച്ച മുൻപ്:
രശ്മി അടുക്കളയിൽ എന്തോ പാചകത്തിൽ ആണ്. കാർത്തി പതിയെ വന്ന് അവളുടെ അരയിൽ കൈ വെച്ച്  കവിളിൽ മൂക്കുരസി നിന്നു.
"ശോ... ഇതെപ്പോൾ വന്നു. ദേ അപ്പുറത്ത് അമ്മ ഉണ്ട്"
"ഞാൻ ഇങ്ങോട്ട് വരുന്നത് സീതമ്മ കണ്ടു. അതുകൊണ്ട് ഇവിടേക്ക് വരാൻ ചാൻസ് കുറവാ"
"ഓഹോ..."
"മ്മ്മ്ഹാ... ഇതേത് ഷാംപൂ ആണ്?  നല്ല മണം"
"എന്തേ ഇഷ്ടപ്പെട്ടോ?"
"പിന്നല്ലാതെ... ഇതിനേക്കാൾ നല്ല മണമാ നിന്റെ വിയ..."
കാർത്തി മുഴുവൻ പറയുന്നതിന് മുന്നേ രശ്മി അവനെ നോക്കി. അവൻ അവളെ നോക്കി ചിരിച്ചു. അവൾ അവന്റെ കഴുത്തിൽ കൂടി കയ്യിട്ട് നിന്നു.
"ഇന്നും കൊഞ്ചം നാൾ... അതുക്ക്‌ അപ്പുറം നീ എൻ പൊണ്ടാട്ടി"
"അപ്പിടിയാ..."
"അപ്പിടിയേ താൻ..."
രശ്മി ചിരിച്ചുകൊണ്ട് അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
"രെച്ചു... നിനക്ക്  തേർഡ് ഇയറിൽ കോളേജ് ടൂർ ഉണ്ടായിരുന്നില്ലേ?  എവിടെ ആയിരുന്നു?"
"അത് ഞാൻ അന്ന് പറഞ്ഞതല്ലേ. വാഗമൺ"
"നീ പോയില്ലലോ. അതെന്താ?"
"അതിന്റെ കാരണവും പറഞ്ഞതല്ലേ. സ്വസ്ഥമായി മോനോട് സംസാരിക്കാനൊന്നും പറ്റില്ല. ഞാൻ നന്നായി മിസ്സ്‌ ചെയ്യും അപ്പോൾ"
"ശോ... നീ പോകാത്തത് കൊണ്ടല്ലേ അനുവും പോകാതെ ഇരുന്നത്"
"ആ തെണ്ടി കുറേ പ്രാവശ്യം ഫാമിലി ടൂർ പോയിട്ടുള്ളതാ. എന്നെയും വിളിച്ചിരുന്നു. സീതമ്മ വിട്ടില്ല. കൊണ്ടുപോകാമെന്ന് പറഞ്ഞിട്ട് അച്ഛൻ ഇതുവരെ കൊണ്ടുപോയില്ല. ഒരുപാട് ആശിച്ചതാ ഞാൻ അവിടെ പോകാൻ. അവിടെയൊക്കെ ഫോട്ടോയിലും ടീവിയിലും കാണുമ്പോൾ തന്നെ എന്ത് രസമാ. അപ്പോൾ നേരിട്ട് കണ്ടാലോ. ആഹ് അത് വിട്ടേക്ക്. എനിക്ക് അതിനേക്കാൾ മുഖ്യം കാർത്തി തന്നെയാ"
"കാർത്തിയോ?"
"ഓഹ്... ഏട്ടൻ. ഞാൻ ആദ്യം മര്യാദക്ക് ഏട്ടാ എന്ന് വിളിക്കാൻ പോയപ്പോൾ കാർത്തി എന്ന് വിളിക്കാൻ. കുറേ വിളിച്ചു ശീലിച്ചതല്ലേ. ചിലപ്പോഴൊക്കെ വായിൽ നിന്നും വീണെന്ന് വരും. കേട്ടോ?"
"മ്മ്...കേട്ടു...ഉമ്മാാ..."
"ഇപ്പോൾ എന്തിനാ ഇതിനെക്കുറിച്ചു ചോദിച്ചേ?"
"വെറുതെ... പിന്നെ, ഞാൻ ഇപ്പോൾ ഉച്ചക്കുള്ള ട്രെയിനിൽ പോകും. അത് പറയാനാ ഞാൻ വന്നേ"
"ഇന്ന് തന്നെ പോകുന്നോ?"
"അവിടെത്തെ കാര്യങ്ങൾ സെറ്റ് ആക്കണ്ടേ?"
"മ്മ്..."
"അപ്പോൾ ഈ ഏട്ടന് ഒരുമ്മ കൂടി തന്നേ..."
രശ്മി കാർത്തിയുടെ കവിളിൽ ഒരുമ്മ കൊടുത്തു.
"ഓക്കേ... കല്യാണത്തിന് മീറ്റ് പണ്ണുവോം"
"ഓക്കേ ഓക്കേ..."
രശ്മിയെ നോക്കി ഒന്നു കണ്ണിറുക്കിയ ശേഷം കാർത്തി പോയി. വിവാഹദിവസം സ്വപ്നം കണ്ട് രശ്മി അവിടെ ചിരിച്ചുകൊണ്ട് നിന്നു.
അപ്പോൾ എല്ലാവരും കാത്തിരുന്ന നിങ്ങളുടെ കാർത്തിയുടെയും രെച്ചുവിന്റെയും കല്യാണം കൂടാൻ ഒരിക്കൽ കൂടി തിരുവനന്തപുരത്തേക്ക് യാത്ര പോകാൻ റെഡി ആയിക്കോ.
എന്താ ഫ്രണ്ട്സ് റെഡിയല്ലേ?
KARTHIK weds RESHMI 
(തുടരും)
രചന: ഗ്രീഷ്മ. എസ്
അടുത്ത ഭാഗം ഇന്ന് രാത്രി, നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
To Top