ഒരു രണ്ടാം കെട്ടുകാരനെ കെട്ടേണ്ട ഗ, തികേട് ഒന്നും എനിക്കില്ല...

Valappottukal


രചന: റ്റിജോ തോമസ്

ഒരു രണ്ടാം കെട്ടുകാരനെ ഒന്നും എനിക്ക് വേണ്ട.സീമ അമ്മയോട് കയർത്തു കൊണ്ട് പറഞ്ഞു.മോളെ കല്യാണം കഴിഞ്ഞു രണ്ടു മാസമേ അവർ ഒരുമിച്ചു ജീവിച്ചിട്ടുള്ളു.ശേഷം ആ പെണ്ണ് മറ്റാരുടെയോ കൂടെ പോയി.മനോജ്‌ ആളൊരു നല്ലവൻ ആണെന്ന ബ്രോക്കർ പറഞ്ഞെ.പിന്നെ അച്ഛൻ പോയി ചെന്നു അന്വേഷിച്ചതല്ലേ കാര്യങ്ങളൊക്കെ.അമ്മ പറഞ്ഞതൊന്നും സീമയുടെ തലയിൽ കയറിയില്ല.


ഒരു രണ്ടാം കെട്ടുകാരനെ കെട്ടേണ്ട ഗതികേട് ഒന്നും എനിക്കില്ല..സീമ മുഖം കറുപ്പിച്ചു പറഞ്ഞു.


അല്ലടി നിനക്ക് ഇനി രാജകുമാരനെ കൊണ്ട് വരാം.എല്ലാം കേട്ടു കൊണ്ട് വന്ന അച്ചൻ പരമേശ്വരൻ പറഞ്ഞു.വയസ്സ് എത്ര ആയെന്ന നിന്റെ വിചാരം.അടുത്ത മാസം മുപ്പത്തി മൂന്നാവും.പണ്ടെങ്ങാണ്ടു പ്രേമിച്ചവൻ ഇട്ടേച്ചു പോയി വേറെ കെട്ടിയെന്നും പറഞ്ഞു കല്യാണമേ വേണ്ട എന്ന് പറഞ്ഞു നിന്നിട്ടു വയസ്സ് ഇത്രേം ആയി.ഇപ്പോ ഞങ്ങൾക്കും പ്രായം ആയി വരുന്നു.ആകെ ആണും പെണ്ണുമായി നീ ഒന്നല്ലേ ഉള്ളു ഞങ്ങൾക്ക്.


ഇപ്പോ നിനക്കും ആഗ്രഹം ഉണ്ട് ഒരു കല്യാണം കഴിച്ചാൽ കൊള്ളാം എന്ന് അല്ലെ.അച്ഛന്റെ ആ ചോദ്യം അവളുടെ നെഞ്ചിൽ തന്നെ കൊണ്ടു.


മോളെ വരുന്ന ആലോചനകൾ ഒക്കെ ഒന്നുകിൽ  കുട്ടികൾ ഉള്ളവർ അല്ലെങ്കിൽ പ്രായം കൂടുതൽ.ആദ്യ വിവാഹക്കാരനെ കിട്ടാൻ ബുദ്ധിമുട്ട് ആണ് എന്ന ബ്രോക്കർ പറയുന്നേ.എത്ര നാളായി നമ്മൾ നോക്കാൻ തുടങ്ങിയിട്ട്.നീ വരുന്നതിനെല്ലാം ഇങ്ങനെ ഓരോ കാരണങ്ങൾ പറഞ്ഞു മുടക്കിയാലോ.ഞങ്ങളുടെ കാലം കഴിഞ്ഞാൽ എന്താവും നിന്റെ കാര്യങ്ങൾ ഒക്കെ.കൊറോണ ആയിട്ടു ഇപ്പോ ഉള്ള ജോലിയും കൂടെ പോയില്ലേ.ഇനി ഒരെണ്ണം തരക്കേട്‌ ആയി വരണ്ടേ.


പിന്നെ ഇനി എല്ലാം നിന്റെ ഇഷ്ടം.അച്ചനും അമ്മയും ഇനി ഒന്നും പറയില്ല.


ശ്യാമളെ നീ എനിക്കൊരു കട്ടൻ എടുക്കു.ഞാൻ അപ്പോഴേക്കു ഒന്ന് കുളിച്ചേച്ചും വരാം.അത്രയും പറഞ്ഞിട്ടയാൾ അകത്തെ കുളിമുറിയിലേക്ക് പോയി.അമ്മ അവളെ ഒന്ന് നോക്കി കണ്ണുരുട്ടിയിട്ടു അകത്തേക്ക് പോയി.


സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു.പടിഞ്ഞാറൻ ചക്രവാളസീമ ചെഞ്ചായം പൂശി സന്ധ്യയെ സ്വീകരിക്കൻ തയ്യാറെടുക്കുന്നു.അർക്കൻ പടിഞ്ഞാറ്റു കോണിലെ ഇലക്കൂമ്പുകളിൽ ഇന്നത്തെ തന്റെ അവസാന ചുംബനം നൽകി യാത്രചൊല്ലുന്ന കാഴ്ച അവൾ നോക്കി നിന്നു.


മുകളിലെ മുറിയിലേക്ക് അവൾ മെല്ലെ നടന്നു.ഷെൽഫിലെ ചില പുസ്തകങ്ങൾ മെല്ലെ പിന്നെയും പരതി എടുത്തു.മാധവിക്കുട്ടിയും ,നന്ദിത ടീച്ചറും, എം മുകുന്ദനുമൊക്കെ മിണ്ടാതെ ഇരുന്നു അവളെ തന്നെ നോക്കുന്നു.


ഇങ്ങനെ നിശബ്ദമായിരുന്നു ഇത്ര നന്നായി എഴുതാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു.അവൾ അതിലൊരു പുസ്തകം കയ്യിലെടുത്തു കൊണ്ടു ചോദിച്ചു.


സന്ധ്യ ആയി തുടങ്ങി.ചെറിയ തെന്നലിൻ മൂളൽ ആ ജനൽ കർട്ടനുകളെ പോലും നൃത്തം ചെയ്യാൻ പഠിപ്പിക്കുന്നത് നോക്കി അവൾ നിന്നു.


പണ്ട് അവൻ തന്നെ എത്ര കാര്യമായി ആണ് പ്രണയിച്ചിരുന്നത്.പത്തിൽ പഠിക്കുമ്പോൾ തുടങ്ങിയത് ആയിരുന്നു.ഇഷ്ടം പറഞ്ഞു പുറകെ നടന്നു അവസാനം പേടിയോടെ ആണെങ്കിലും താനും സമ്മതം അറിയിച്ചു.പിന്നീട് അവിടുന്നു അഞ്ചാറു വർഷം സ്വപ്നങ്ങളും പ്രതീക്ഷകളും പ്രണയവും ഇടയ്ക്കുള്ള പിണക്കവും കാത്തിരിപ്പുകളും അങ്ങനെ എല്ലാം കൊണ്ടും ഓർത്തിരിക്കാൻ പറ്റിയ നിമിഷങ്ങൾ.


ജോലി കിട്ടിയ സ്ഥലത്ത്  അവന്റെ ജൂനിയർ ആയി വന്ന കുട്ടിയെ അവൻ കെട്ടിയത് എനിക്കിന്നും വിശ്വസിക്കാനാവുന്നില്ല.എത്ര വേഗമാണ് അവനു എല്ലാം മറക്കാൻ കഴിഞ്ഞത്.അവൾ വല്ല കൈവിഷവും കൊടുത്തതാവും.അവൾ വെറുതെ ചിന്തിച്ചു കൂട്ടി ഒരു സമാധാനത്തിനു വേണ്ടി.


കയ്യിലിരുന്ന പുസ്തകത്തിന്റെ ഉൾപ്പേജുകൾ അവൾ തന്റെ മൂക്കിൻതുമ്പിൽ ചേർത്ത് വച്ചു.


ഇല്ല ഇപ്പോൾ അവയ്ക്ക് ആ പുതിയ പുസ്തകത്തിന്റെ ഗന്ധമില്ല.ആ പഴമയുടെ ഒരു വല്ലാത്ത നാറ്റം മാത്രം.പക്ഷെ അതിലെ അക്ഷരങ്ങൾക്കിന്നും ഒരു മധുരപ്പതിനേഴ്കാരന്റെ ചുറുചുറുക്ക് ഉണ്ട്.


അവനില്ലായ്മയിൽ ആണ് പുസ്തകങ്ങളുമായി പ്രണയത്തിലാവുന്നത്.

ഇന്നുമാ പ്രണയം തുടരുന്നു.


ഇരുട്ടിനു കനം വച്ചു തുടങ്ങി.തണുപ്പുണ്ടെങ്കിലും ഫാൻ ഇട്ടാണ് ഉറങ്ങാറ്.നാളെ രാവിലെ അച്ഛനോട് പറയണം അവരോടു വന്നു കാണാൻ പറ എന്ന്.ഒരു തണൽ വേണം തനിക്കും.അച്ഛനേം അമ്മയേം കുറേ വിഷമിപ്പിച്ചു ഈ ഒരു കാര്യം കൊണ്ടു.


അല്ലേലും സ്നേഹത്തിൽ കള്ളം കാണിക്കാത്തവർക്കു അവസാനം വേദന മാത്രേ ഉണ്ടാവൂ..


അഴിഞ്ഞു കിടന്ന മുടികളിൽ കൂടി അവൾ വെറുതെ വിരലുകൾ ഓടിച്ചു കൊണ്ടു സ്വയം ഓർത്തു.


ചില പ്രണയങ്ങൾ ഒരു തോന്നൽ മാത്രം അല്ലെ.കൂടെ ആരൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിച്ചിട്ടു ഒടുക്കം ഒറ്റയ്ക്കാവുന്ന ഒരുതരം തോന്നൽ.


വിഡ്ഢികളുടെ സ്വർഗത്തിൽ ഒറ്റയ്ക്കായവർക്കു സ്ഥാനം ഉണ്ടാവും തീർച്ച.


ഭക്ഷണം കഴിക്കാതെ അവൾ കിടന്നു.കയ്യിൽ അപ്പോഴും ഒരു പുസ്തകം ഉണ്ടായിരുന്നു.അപ്പോഴാണ് ഫോൺ റിങ് ചെയ്തത്.


പരിചയമില്ലാത്ത നമ്പർ.കണ്ടിട്ട് പുറത്തു നിന്നുള്ള നമ്പർ ആണെന്ന് തോന്നുന്നു.പരിചയമില്ലാത്ത കോളുകൾ അതും രാത്രിയിൽ വരുന്നത് ഒന്നും അവൾ എടുക്കാറില്ല.ആ കോളും അവൾ എടുത്തില്ല.കോൾ കട്ട്‌ ആയതിനു ശേഷം വീണ്ടും ആ നമ്പറിൽ നിന്നും വിളി വന്നു.


ഇത്തവണ അവൾ എടുത്തു.


ഹലോ ആരാണ്...?


ഹലോ..?


സീമ അല്ലെ..?


അതെ ആരാണ്?


ഞാനാ ജിത്തു..


ജിത്തുവേട്ടൻ...അമ്മായിയുടെ അകന്ന ബന്ധത്തിൽ ഉള്ള ഒരാളുടെ മോൻ.


അവൾ വേഗം അവനെ ഓർത്തെടുത്തു ആ ശബ്ദം പക്ഷെ ഒരുപാട് മാറിയിരിക്കുന്നു.


അമ്മായി കൊണ്ടു വന്ന ആലോചന ആയിരുന്നു ജിത്തുവേട്ടന്റേത്.ഈ പ്രണയത്തിന്റെ പേരിൽ ഞാൻ അത്‌ ഒഴിവാക്കി.അതിനു ശേഷം അമ്മായി ഈ വീട്ടിൽ വന്നിട്ടില്ല.ജിത്തുവേട്ടന് എന്നെ അന്ന് അമ്മയിയുടെ വീട്ടിൽ വച്ചു കണ്ടു  ഇഷ്ടപെട്ടതാത്രെ.അങ്ങനെ ആയിരുന്നു  ആ ആലോചന അമ്മായി കൊണ്ടുവന്നത്.


സീമ താൻ എന്താ ഒന്നും മിണ്ടാത്തത്.ആ ശബ്ദം അവളെ ഓർമ്മകളിൽ നിന്നു തിരികെ എത്തിച്ചു.


ഒന്നുമില്ല ജിത്തുവേട്ട..സുഖമായിരിക്കുന്നോ അവിടെ ?


സുഖം..നിനക്കോ ?


മം..അവൾ ഒന്നു മൂളി.


ജിത്തുവേട്ടന്റെ ഫാമിലി ഒക്കെ ?


അവൾ ചോദിച്ചു..


അമ്മ നാട്ടിലുണ്ട് അനിയത്തിയെ കല്യാണം കഴിപ്പിച്ചു വിട്ടു.അച്ഛൻ മരിച്ചപ്പോൾ നിങ്ങളും വന്നിരുന്നല്ലോ.


അയാൾ പറഞ്ഞു നിർത്തി..


അപ്പോ ജിത്തുവേട്ടന്റെ ഫാമിലി ?


കല്യാണം കഴിച്ചിട്ടില്ല..വേണ്ടാന്ന് തോന്നി.ഇവിടെ ഈ മണലാരണ്യത്തിൽ ഒരല്പം ആശ്വാസം കിട്ടിയത് ഇപ്പോൾ ഈ നിമിഷത്തിൽ ആണ്.


അയാൾ തെല്ലും നെടുവീർപ്പോടെ പറഞ്ഞു.


എല്ലാം ഞാൻ അറിഞ്ഞത് കഴിഞ്ഞ ആഴ്ച ആണ്.സീമ ഇപ്പോഴും അയാളെ ഓർത്തു ഇരിക്കുവാണോ ?


ഹേയ് അല്ല ജിത്തുവേട്ട കല്യാണം വേണ്ടാന്ന് തോന്നി എനിക്കും അന്ന്.പിന്നെ ഇപ്പോ ഒരു തുണ വേണം എന്ന് തോന്നി തുടങ്ങി.പക്ഷെ ഒരുപാട് വൈകിപ്പോയോ എന്നൊരു തോന്നൽ..


വൈകിയിട്ടില്ല ഒട്ടും..നമുക്ക് രണ്ടാൾക്കും.


അയാൾ അത്‌ പറയുമ്പോൾ ആ ശബ്ദവീചികൾ അവളുടെ കാതുകളിൽ ആഴ്ന്നിറങ്ങിയിരുന്നു.


ജിത്തുവേട്ട ഞാൻ..സീമയുടെ കണ്ഠം ഇടറി.


നീ കളങ്കപ്പെട്ടിട്ടില്ല പെണ്ണെ..അകമഴിഞ്ഞ് സ്നേഹിച്ചത് കൊണ്ടു മാത്രം തോറ്റു പോയവളാണ് നീ..ഇനിയും തോൽക്കാതിരിക്കാൻ സമയം ഉണ്ട്.ജീവിതം ഇനിയും ബാക്കി ഉണ്ട്.എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയം ആയി നാളെ ഓഫ്‌ ആണ് ഞാൻ പകൽ വിളിക്കാം.ആലോചിക്ക്..


അത്രയും പറഞ്ഞയാൾ കോൾ കട്ട്‌ ചെയ്തു.


ആ രാത്രി അവൾ ഉറങ്ങിയതേയില്ല..തന്നെ ഇത്രയും സ്നേഹിച്ചൊരാളെ താൻ എന്ത് കൊണ്ടാണ് തിരിച്ചറിയാതെ പോയത്.ചില പ്രണയങ്ങൾ നമ്മെ അന്ധരാക്കും എന്ന് പറയുന്നത് ശരിയാണ് എന്നവൾക്കും തോന്നി.


പിറ്റേന്ന് അവൾ അച്ഛനോട് പറഞ്ഞില്ല ആ ബ്രോക്കറെ വിളിക്കാനും മറ്റും.


നീ എന്തേലും തീരുമാനിച്ചോ എന്ന അച്ഛന്റെ ചോദ്യത്തിന് അവൾ മൗനം പാലിച്ചു.ഇനി എന്താന്ന് വച്ചാൽ കാണിക്ക്.അയാൾ ദേഷ്യത്തോടെ പുറത്തേക്കിറങ്ങി.


അമ്മയുടെ ദേഷ്യം ഇത്തവണയും ഒരു നോട്ടത്തിൽ ഒതുങ്ങി.


ഉച്ചയോടെ ജിത്തു വിളിച്ചു..എന്തായി തന്റെ തീരുമാനം ?


അത്‌ ജിത്തുവേട്ടന്റെ അമ്മയൊക്കെ?


അതെനിക്ക് വിട്ടേക്ക് അമ്മയ്ക്ക് നിന്നെ ഇന്നും ജീവനാ..നിന്നെ മരുമകൾ ആയി കിട്ടാൻ ഭാഗ്യം ഇല്ലന്ന് അമ്മ കൂടെ കൂടെ പറയുമായിരുന്നു.


എങ്കിൽ താൻ ഒക്കെ ആണെന്ന് ഞാൻ അമ്മയെ വിളിച്ചു പറയട്ടെ.


മം ഞാൻ ഇത് ഇവിടെ അച്ഛനോടും പറയാം.അവളുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുകൾ മുളച്ചു.


സീമേ ഞാൻ അമ്മയെക്കൊണ്ട് അച്ഛനെ വിളിപ്പിക്കാം വൈകുന്നേരം.ജിത്തുവിന്റെ മനസിലും സന്തോഷം സമുദ്രം തീർത്തു.


വൈകുന്നേരം ജിത്തുവിന്റെ അമ്മ എല്ലാ കാര്യങ്ങളും അവളുടെ അച്ഛനുമായി സംസാരിച്ചു.


ഏവർക്കും സന്തോഷം..


ഒരുതരത്തിൽ ഇത് തന്റെയും രണ്ടാം കെട്ടല്ലെ..മനസ്സ് കൊണ്ടു ഒരിക്കൽ അയാൾക്ക് താൻ വധുവായി കഴിഞ്ഞിരുന്നു.


പക്ഷെ അയാൾ മറ്റൊരു കൂട് തേടി പോയി.ഇനിയുള്ള കാലം ജിത്തുവേട്ടനെ പൊന്നു പോലെ നോക്കണം.അടക്കി പിടിച്ച പ്രണയമത്രയും പകർന്നു നൽകണം.പുതു സീമ ആയി ഇവിടം മുതൽ ജീവിക്കണം.മനസ്സിൽ അത്‌ പറയുമ്പോഴേക്കും ജിത്തുവിന്റെ കോൾ വന്നിരുന്നു.


മറ്റൊരു പ്രാണയകാലത്തേക്ക് ഇരുവരും ഈ ജന്മം കടം കൊടുക്കുകയാണ്...


                  - ശുഭം-

To Top