മാഷിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞാലോ എന്ന് ഞാൻ ആലോചിക്കുവായിരുന്നു...

Valappottukal

 


രചന: sajithaiparambu


ആരാടീ ഫോണില് ?


അയാൾ ജിജ്ഞാസയോടെ ഭാര്യയോട് ചോദിച്ചു.


അത് എൻ്റെ കൂടെ മുക്കം സ്കൂളിലുണ്ടായിരുന്ന വേണുമാഷായിരുന്നേട്ടാ,,,


ങ്ഹേ, അതിന് നീയവിടുന്ന് ട്രാൻസ്ഫറായിട്ട് വർഷം രണ്ട് മൂന്നായില്ലേ? ഇപ്പോഴെന്തിനാ അയാള് വിളിക്കുന്നത് ?


അത് പിന്നെ, മാഷ് ഇവിടെ സിറ്റിയിൽ വന്നിട്ടുണ്ട്, നാളെ സെക്രട്ടറിയേറ്റിൽ ആരെയോ കാണാൻ വേണ്ടി വന്നതാണ്, 

ഇവിടെ വന്നപ്പോൾ പരിചയമുള്ള ഒരാളിവിടെ ഉള്ളത് കൊണ്ട്, ജസ്റ്റ് വിളിച്ചതാണ്,,,


ഉം ശരി ,നീ കഴിക്കാനെടുത്ത് വയ്ക്ക്, ഇന്ന് നേരത്തെ കിടക്കണം, നാളെ മീറ്റിങ്ങുള്ളത് കൊണ്ട്, ഓഫീസിൽ നേരത്തെ പോകാനുള്ളതാണ്,,


ങ്ഹാ പിന്നെ ഏട്ടാ,, മാഷ് എന്നോടൊന്നും ചോദിച്ചില്ല, 

പക്ഷേ, ഇപ്പോൾ അദ്ദേഹം 

റൂമിന് വേണ്ടി 

ഒരുപാട് ലോഡ്ജ്കളിലും ഹോട്ടലിലുമൊക്കെ കയറിയിറങ്ങി കൊണ്ടിരിക്കുവാന്ന് പറഞ്ഞു, 

നാളെ ഇവിടെ എന്തോ പ്രതിഷേധ പരിപാടി ഉള്ളത് കൊണ്ട്, എല്ലായിടത്തും,റൂം ഫുൾ ആണത്രെ, അത് കൊണ്ട് ,,,


അവൾ പാതിയിൽ നിർത്തി.


അത് കൊണ്ട്?


അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി.


അല്ലാ ,, മാഷിനോട് 

ഇങ്ങോട്ട് വരാൻ 

പറഞ്ഞാലോ എന്ന് ഞാൻ ആലോചിക്കുവായിരുന്നു ,

മുകളിൽ രണ്ട് റൂമുകൾ വെറുതെ അടച്ചിട്ടിരിക്കുവല്ലേ ? 

ഇന്ന് ഒരു രാത്രിയിലെ കാര്യമല്ലേയുള്ളു ,നമുക്ക് വലിയ ബുദ്ധിമുട്ടുമാകില്ല, എന്നാൽ അദ്ദേഹത്തിന് അത് വലിയൊരാശ്വാസവുമാകുകയും ചെയ്യും ,,


അവൾ പ്രതീക്ഷയോടെ അയാളെ നോക്കി.


അതൊന്നും 

ശരിയാവില്ല ഗീതേ ,, 

ഒരു രാത്രിയാണെങ്കിൽ പോലും, നമ്മുടെ വീട്ടിൽ അന്യ ഒരാളെ അക്കമഡേറ്റ് ചെയ്യുകാന്ന് പറഞ്ഞാൽ ,എനിക്കതൊട്ടും കംഫർട്ടായി തോന്നുന്നില്ല ,

ഇത് നമ്മുടെ പ്രൈവസി സ്പേസാണ്, 

അവിടെ നമ്മൾ മാത്രം മതി ,

നീയതൊന്നുമാലോചിക്കാതെ

കഴിക്കാനെടുത്ത് വയ്ക്ക്, അയാളെന്തേലും വഴി കണ്ടോളും,,


അത് കേട്ട്, മനസ്സില്ലാ മനസ്സോടെ ഗീത അടുക്കളയിലേക്ക് പോയി.


####################


കുറച്ച് നാളുകൾ കഴിഞ്ഞ് ഒരു ദിവസം, സംഘടനയുടെ മീറ്റിങ്ങിന് കോഴിക്കോട് പോയ ഭർത്താവിൻ്റെ ഫോൺകോളുകൾ ഒന്നും കാണാതിരുന്നപ്പോൾ, രാത്രി ഗീത അയാളുടെ മൊബൈലിലേക്ക് വിളിച്ചു.


ഏട്ടാ പുറപ്പെട്ടോ ?

എന്താ ഇത് വരെ വിളിക്കാതിരുന്നത് ?


എടീ,, അങ്ങോട്ടുള്ള  ട്രെയിൻ മിസ്സായി, ഇനി രാവിലെ ആറ് മണിക്കേ വണ്ടിയുള്ളു, ഞാനത് കൊണ്ട്, ഇവിടെ റൂം എടുക്കാൻ വേണ്ടി നില്ക്കുവാ പക്ഷേ, 

നാളെ നീറ്റ് എക്സാം ഉള്ളത് കൊണ്ട് ഒരിടത്തും റൂമില്ല, മിക്കവാറും റെയിൽവേ സ്റ്റേഷനിലെ ബഞ്ചിൽ കിടന്ന് നേരം വെളുപ്പിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്,,


അയാൾ അസഹനീയതയോടെ പറഞ്ഞു.


അയ്യോ കഷ്ടമായി പോയല്ലോ ഏട്ടാ,,, റെയിൽവേ സ്റ്റേഷനിലെ കൊതുക് കടിയും കൊണ്ട് എങ്ങനെ കിടക്കാനാണ്?


അല്ലാതെ വേറെ മാർഗ്ഗമില്ല ഗീതേ,, ശരി, നീ എന്നാൽ ഫോൺ വച്ചോളു, ഞാനൊരു ഓട്ടോറിക്ഷ വിളിച്ച് സ്റ്റേഷനിലോട്ട് പോകുവാ, കുറച്ച് കഴിഞ്ഞ് വിളിക്കാം,,,


ആങ്ഹ് ശരി ഏട്ടാ,,,


സഹതാപത്തോടെ ഗീത ഫോൺ വച്ചു.


റെയിൽവേ പ്ളാറ്റ്ഫോമിൽ കിടന്ന ഇരുമ്പിൻ്റെ ചാര്ബഞ്ചിൽ ,ബാഗിന് മുകളിൽ തലയും വച്ച് ,അയാൾ ചോദ്യചിഹ്നം പോലെ വളഞ്ഞ് കിടന്നു.


കാക്ക കാഷ്ടത്തിൻ്റെ രൂക്ഷഗന്ധവും ,തലങ്ങും വിലങ്ങുമുള്ള കൊതുകിൻ്റെ ആക്രമണവും സഹിക്കാനാവാതെ ഇടയ്ക്കിടെ, അയാൾ  ചാടിയെഴുന്നേറ്റ് ആരെയൊക്കെയോ പ്രാകി കൊണ്ട് ബഞ്ചിൽ ചാരി ഇരുന്നു.


ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് കാണും,


തൻ്റെ മുന്നിലൂടെ നടന്ന് പോയ ഒരാൾ പെട്ടെന്ന് തിരികെ വന്ന് സൂക്ഷിച്ച് നോക്കുന്നത് കണ്ട് അയാൾ അമ്പരന്നു.


ഗീതാ ചന്ദ്രൻ്റെ ഹസ്ബൻ്റ്, ബാലചന്ദ്രനല്ലേ?


മുഖത്തേയ്ക്ക് വിരൽ ചൂണ്ടിക്കൊണ്ട് ആ അപരിചിതൻ ചോദിച്ചപ്പോൾ, അതിശയത്തോടെ അയാൾ അതേ എന്ന് ഉത്തരം പറഞ്ഞു


ഞാൻ വേണുഗോപാലാണ് ,

ഗീതയുടെ കൂടെ മുക്കം സ്കൂളിലുണ്ടായിരുന്നപ്പോൾ മോളുടെ ബർത്ഡേ പ്രോഗ്രാമിന് ഞാൻ നിങ്ങടെ കോർട്ടേഴ്സിൽ വന്നിട്ടുണ്ട്, മാത്രമല്ല, ഗീതയുടെ FB ഐഡിയിൽ നിങ്ങൾ രണ്ട് പേരുടെയും കൂടെയുള്ള ഫോട്ടോ ആണല്ലോ പ്രൊഫൈൽ പിക് ഇട്ടിരിക്കുന്നത് ,?അതാണ് എനിക്ക് താങ്കളെ കണ്ടപ്പോൾ പെട്ടെന്നൊരു സ്പാർക്ക് ഉണ്ടായത് ,അല്ലാ എന്താ ഇവിടെ? തിരിച്ച് പോകാനുള്ള വണ്ടി കാത്തിരിക്കുവാണോ?


ബാലചന്ദ്രൻ നടന്നതെല്ലാം അയാളോട് തുറന്ന് പറഞ്ഞു.


ഓഹ് അത്രേയുള്ളു? ,ബാലൻ സാറ് വിഷമിക്കണ്ട ,ഞാൻ എൻ്റെയൊരു ബന്ധുവിനെ ,മoഗലാപുരത്തേയ്ക്കുള്ള വണ്ടിയിൽ കയറ്റി വിടാൻ വേണ്ടി വന്നതാണ് ,ഇനിയിപ്പോൾ നമുക്ക് രണ്ടാൾക്കും കൂടെ എൻ്റെ വീട്ടിലേയ്ക്ക് പോകാം, ഇന്നൊരു രാത്രി അവിടെ തങ്ങിയിട്ട്, സാറിനെ രാവിലെ ഞാൻ സ്റ്റേഷനിൽ തിരിച്ചെത്തിക്കാം പോരെ ?


അയ്യോ മാഷേ ,, നിങ്ങൾക്ക് അതൊക്കെ ഒരു ബുദ്ധിമുട്ടാകും, ഞാൻ തത്കാലം ഇവിടെ തന്നെ അഡ്ജസ്റ്റ് ചെയ്തോളാം ,മാഷ് പൊയ്ക്കോളു,,


ഏയ്, എന്താ സാറേ,,, ഈ പറയുന്നത്? നിങ്ങളെ ഇവിടെ ഉപേക്ഷിച്ച് പോയാൽ, എനിക്ക് വീട്ടിൽ കിടന്നാൽ ഉറക്കം വരില്ല, അത് കൊണ്ട് എൻ്റെ കൂടെ 

വന്നേ പറ്റൂ ,,


വേണുഗോപാൽ , ബാലചന്ദ്രൻ്റെ ബാഗ് എടുത്ത് തോളിൽ തൂക്കിയിട്ട് ,അയാളുടെ കൈയ്യിൽ ബലമായി പിടിച്ച് എഴുന്നേല്പിച്ചു.


എയർ കണ്ടീഷൻ്റെ കുളിർമയിൽ വേണു മാഷിൻ്റെ വീടിൻ്റെ ഗസ്റ്റ് റൂമിൽ, ഉറങ്ങാൻ  കിടക്കുമ്പോൾ, ബാലചന്ദ്രൻ്റെ മനസ്സിൽ ആശ്വാസമായിരുന്നില്ല, പകരം കുറ്റബോധമായിരുന്നു.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top