കൃത്യമായിട്ട് രാത്രി വിളിക്കുമ്പോൾ പറയാമെന്നു പറഞ്ഞിട്ടുണ്ട്...

Valappottukal

 


രചന: Sinana Diya Diya


ശ്രീ ഫോൺ വിളിച്ച് വച്ചതും നന്ദനയുടെ മുഖത്ത് ആയിരം പൂത്തിരികൾ ഒരുമിച്ചുകത്തിയ പ്രകാശം പരന്നു.... അമ്മേ..അമ്മേ... അവൾ സന്തോഷം കൊണ്ട് അടുക്കളപ്പുറത്തേയ്ക്ക് ഓടിയെത്തി...

ഈ അമ്മയെവിടെ വിടപ്പോയി ഇവിടെയൊന്നും കാണാനില്ലല്ലോ...


എന്താ ഏടത്തി  വിളിച്ചു കൂവുന്നത്..?


അമ്മ എന്തിയെടാ കുഞ്ഞുട്ടാ ...


ഞാൻ ഇവിടെയുണ്ട് മോളെ..കുഞ്ഞൂട്ടൻ ചൂണ്ടയിട്ടു കുറച്ച് മീൻ കൊണ്ടുവന്നിട്ടുണ്ട്... ഈ സന്ധ്യസമയത്ത് ഇതൊന്നും കൊണ്ട് വരരുതെന്നു എത്ര പറഞ്ഞാലും കേൾക്കില്ല അവൻ...


ആണോടാ കുഞ്ഞു... നിന്റെ കളിയൊന്നും ഇനി നടക്കില്ലാട്ടോ.. ഏട്ടനു ലീവ് കിട്ടി... നാളെയാ വരുന്നേ...


സത്യമാണോ മോളെ പറയണത്.. ന്റെ

കൃഷ്ണ... രണ്ടുവർഷം ആയിന്റെമോൻ

പോയിട്ട്....


അതെയമ്മാ സമയം കൃത്യമായിട്ട് രാത്രി വിളിക്കുമ്പോൾ പറയാമെന്നു  പറഞ്ഞിട്ടുണ്ട്.....


ഞാൻ അച്ഛനോട് പറയട്ടെ...


അവൾ സന്തോഷംകൊണ്ട് റൂമിലേക്ക് ഓടി... രണ്ടുവർഷമായി ശ്രീയേട്ടൻ പോയിട്ട്... അവൾ അവരുടെ കല്യാണം ഫോട്ടോ എടുത്തു ഓരോ താളുകളും മറിക്കുവാൻ തുടങ്ങി..

രണ്ട് വർഷം എത്രപെട്ടെന്നാണ് കഴിഞ്ഞ് പോയത് എല്ലാം ഇന്നലെ നടന്നപോലെ തോനുന്നു...


ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാണ് ഹരിയെ ആദ്യമായി കാണുന്നത് ആ കോളേജിലെ നന്ദുവിന്റെ  സീനിയർ ആയിരുന്നു അവൻ....

അവളെ ഇഷ്ടമാണ് എന്ന് ആദ്യമായി അവൻ വന്നു പറഞ്ഞപ്പോൾ ആദ്യംഎതിർക്കുകയാണ് ചെയ്തത്..


വീട്ടിൽ  അറിഞ്ഞാലുള്ള പ്രശ്നവും  പ്രണയവും  തന്റെ പഠിത്തത്തെ ബാധിക്കുമെന്ന ചിന്തയും അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു.....


പക്ഷേ ഹരി വിടാൻ തയ്യാറല്ലായിരുന്നു അവളെ, അത്രയ്ക്ക് ഇഷ്ടമായിരുന്നു....


ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ  നാടൻ പെൺകുട്ടിയായിരുന്നു അവൾ.. നല്ല അടക്കവും ഒതുക്കവും,ആരു കണ്ടാലും ഒന്നു നോക്കിപ്പോകും പോരാത്തതിന് ക്ലാസ്സിൽ എല്ലാത്തിനും ഒന്നാമത് എത്തുന്നവൾ.... അവൾ ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോഴും അവന്റെ ഇഷ്ടം അവൻ മറന്നു കളഞ്ഞില്ല.... പിന്നീട് എപ്പോഴോ അവളും അവനെ ശ്രദ്ധിക്കാൻ തുടങ്ങി.... അവനെ കാണാതാവുമ്പോൾ അവനെ കാണാനുള്ള മനസ്സിനെ വ്യഗ്രത തിരിച്ചറിഞ്ഞു... തന്റെ മനസ്സും അവനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നവൾ മനസ്സിലാക്കി.... അങ്ങനെ ഇഷ്ടം പരസ്പരം തിരിച്ചറിഞ്ഞ് മുന്നോട്ട് പോയി

എല്ലാം വീട്ടിൽ പറയുന്ന അവൾ ഇതുമാത്രം മറച്ചുവെച്ചു..... പക്ഷേ ഒരിക്കലും പഠിത്തത്തെ അത് ബാധിച്ചതേയില്ല....നീണ്ട അഞ്ചു വർഷത്തെ പ്രണയം കോളേജിൽ എല്ലാവരും അസൂയയോടെയാണ് നോക്കി കണ്ടിരുന്നത്..അത്രയ്ക്ക് സുന്ദരവും ദൃഢവും ആയിരുന്നു അത് .....


അവൾക്ക് അച്ഛനുമമ്മയും  അനിയത്തിയും ഉണ്ടായിരുന്നു സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യലായിരുന്നു അച്ഛന്റെ ജോലി അവർക്ക് സ്വന്തമായി 20 സെന്റ്  സ്ഥലവും അതിനെ ചെറിയ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ...


ഹരിയാണെങ്കിൽ അവരെക്കാൾ സമ്പത്ത് കൂടുതലായിരുന്നു അച്ഛനും അമ്മയും അനിയനും  അനിയത്തിയും ഉണ്ടായിരുന്നു..

അച്ഛൻ നാട്ടിലെ അറിയപ്പെടുന്ന ബിസിനസ്സ് കാരനായിരുന്നു..


പ്രണയത്തിനിടയിലും അവൾ ഇക്കാര്യം എടുത്തു പറയാറുണ്ടായിരുന്നു അന്നൊക്കെ ഹരിക്ക് ഒറ്റവാക്കെ ഉണ്ടായിരുന്നുള്ളു ആര് എതിർത്താലും നിന്നെ ഒരിക്കലും ഞാൻ കൈ വിടില്ല അത്രയ്ക്ക് ഇഷ്ടമാണെടോ തന്നെയെന്നു .


ടീച്ചർ ആവാൻ ആയിരുന്നു അവൾക്കിഷ്ടം പഠിത്തമൊക്കെ കഴിഞ്ഞു വീട്ടിൽ കല്യാണാലോചന വരുന്ന സമയം ഹരിയുടെ കാര്യം വീട്ടിൽ പറഞ്ഞു... മോളെ നമ്മളെക്കാളും എത്ര ഉയരത്തിലാണവർ അങ്ങനെയൊരു ബന്ധം നമുക്ക് ആഗ്രഹിക്കാൻ അർഹതയുണ്ടോവെന്നറിയില്ല.... ഈ കാര്യത്തിൽ എന്റെ മോൾക്ക് തെറ്റുപറ്റിയെന്ന് അച്ഛന് സംശയമുണ്ട്..... സ്നേഹിക്കുമ്പോൾ പരസ്പരം സ്വത്തും സമ്പാദ്യവും ഒന്നും നോക്കിയില്ല അച്ഛാ....

പക്ഷേ ഹരിയുടെ വീട്ടിൽ ഭയങ്കര എതിർപ്പായിരുന്നു വേണ്ട എന്ന് പറഞ്ഞു...


നമ്മളെപ്പോലെയുള്ളവരുമായി  പോരെ മോനെ ബന്ധം എന്ന് പറഞ്ഞ് എല്ലാവരും കുറെ പിന്തിരിപ്പിക്കാൻ നോക്കി പക്ഷേ അവൻ വാശിയോട് പിടിച്ചുനിന്നു അവളെ മാത്രം മതി എന്ന് പറഞ്ഞുകൊണ്ട്.... അങ്ങനെ അവന്റെ വീട്ടുകാർ അവളെ വന്നു കണ്ടു

അമ്മക്കും അനിയത്തിമാർക്കു എല്ലാം ഇഷ്ടമായി പക്ഷേ അച്ഛൻ അപ്പോഴും പണവും പ്രതാപവുമില്ലാത്തതിന്റെ പേരിൽ പിന്നോക്കം ആയിരുന്നു...

അങ്ങനെ അവന്റെ വാശിക്ക് മുന്നിൽ മാത്രം നിശ്ചയവും കല്യാണ ഡേറ്റും കണ്ടു.... അതിനിടയിൽ അവന്റെ അച്ഛൻ അവളുടെ അച്ഛനെ കാണാൻ വേണ്ടി വന്നിരുന്നു


" നിങ്ങളുടെ മകൾക്ക്  സ്വപ്നം കാണാൻ പറ്റാത്ത ബന്ധമാണ്  കിട്ടിയിരിക്കുന്നത്...

 അറിയാമല്ലോ അതുകൊണ്ട് അവൾക്ക് കല്യാണത്തിന്റെ അന്ന് കഴുത്തിലും കയ്യിലുമെല്ലാം ഇട്ടുകൊടുക്കുന്നതിനും കുറവുണ്ടാവരുത്..  ഒന്നും ഇല്ലെങ്കിൽ 

ഞങ്ങൾക്ക് മാനക്കേടാണ്...മറ്റുള്ളവരുടെ മുന്നിൽ ഇത്രയും ഇല്ലാത്തിടത്തുന്നു ഒരു ബന്ധം വേണോ എന്ന് ബന്ധുക്കളൊക്കെ ചോദിക്കുവാൻ തുടങ്ങി....."


ആ പിതാവിന് അതൊക്കെ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. കല്യാണത്തിന് വേണ്ടി കുറച്ചൊക്കെ സമ്പാദിച്ചു വെച്ചിരുന്നു എങ്കിലും അതൊന്നും ഇവരുടെ ആവശ്യത്തിന് മുന്നിൽ ഒന്നും അല്ലായിരുന്നു.. എങ്കിൽ കൂടിയും ആരുമറിയാതെ വീടും സ്ഥലവും പണയം വെച്ച് ലോൺ എടുക്കാൻ തീരുമാനിച്ചു..... തന്റെ മോളുടെ സന്തോഷമല്ലേ  വലുത് എന്നു കരുതി കൊണ്ട്...


അങ്ങനെ കല്യാണ ദിവസം വന്നെത്തി എന്നത്തേതിലും സുന്ദരി ആയി അവൾ അണിഞ്ഞൊരുങ്ങി...എല്ലാവരും അസൂയയോടെ അവളെ നോക്കുന്നുണ്ടായിരുന്നു...അത്രയും സ്വർണ്ണാഭരണങ്ങൾ അവളുടെ ദേഹത്ത് ഉണ്ടായിരുന്നു അവളും പറഞ്ഞു അച്ഛാ ഇത്രയൊന്നും വേണ്ടായിരുന്നു എന്റെ താഴെ ഒരു അനിയത്തി കൂടി ഉണ്ട് എന്നുള്ള ഓർമ്മവേണം എത്രയോ കാശ് ചിലവാക്കി ആണ് എന്നെ പഠിപ്പിച്ചത്

അതോടൊപ്പം ഇങ്ങനെയും വേണ്ടായിരുന്നു.....

ആ പിതാവ് അവളുടെ വാക്കുകളെ  അവഗണിച്ചു മോളെ നമ്മളെക്കാളും എത്രയോ ഉയരത്തിലാണ് അവർ അവർക്കിടയിൽ എന്റെ മോള്

ചെറുതാവാൻ പാടില്ല... അങ്ങനെയായാൽ ഹരിക്ക് തന്നെയാണ് അതിന്റെ കുറച്ചിൽ ഉണ്ടാവുക ...മോൾ ഒന്നും ആലോചിച്ച് വിഷമിക്കേണ്ട...പക്ഷെ അവൾക്ക് അതൊന്നും ഉൾക്കൊള്ളാനായില്ല... തന്റെ അച്ഛന്റെ കഷ്ടപ്പാടാണ് ഇതെല്ലാം ഇങ്ങനെ ഒരു ബന്ധം വേണ്ടായിരുന്നു എന്ന് ഉള്ളിൽ ആരോ പറയുന്ന പോലെ തോന്നി.... പുതു മണവാട്ടി ആയി അണിഞ്ഞൊരുങ്ങി നിൽക്കുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു

പ്രണയിച്ച പുരുഷനെ സ്വന്തം ആക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും

ഇത്രയും സ്വർണം തന്റെ അച്ഛൻ എവിടുന്ന് ഒപ്പിച്ചെടുത്തു എന്നതിൽ മനസ്സ് ഭയങ്കര വിഷമത്തിലായി...

അങ്ങനെ ഹരിയും വീട്ടുകാരും എല്ലാവരും എത്തിച്ചേർന്നു.. കണ്ടവർക്കെല്ലാം അവളെ ഇഷ്ടമായിരുന്നു അത്രയ്ക്ക് ഭംഗിയുണ്ടായിരുന്നു അണിഞ്ഞൊരുങ്ങി

അവൾ എത്തിയപ്പോൾ

ഹരിക്ക് പോലും അത്ഭുതമായിരുന്നു അവളെ കണ്ടപ്പോൾ....

പക്ഷേ അതിനിടയിലാണ് ഹരിയുടെ അച്ഛൻ നന്ദുന്റെ അച്ഛനെ വിളിച്ച് പറയുന്നത് സ്വർണ്ണം കുറവ് ഉണ്ടല്ലോ എന്ന്


"ഞാൻ നിങ്ങളോട് മുന്നേ പറഞ്ഞതല്ലേ എന്നിട്ടും നിങ്ങൾ എന്റെ വാക്കിന് വില നൽകിയില്ല എനിക്കിപ്പോ അറിയണം ബാക്കി സ്വർണ്ണം  എപ്പോ നൽകുന്നതെന്ന്..."

" ഇനിയും സ്വർണ്ണമോ ഞാൻ ലോൺ എടുത്തിട്ടാണ് ഇത്രയും ഒപ്പിച്ചത് എന്റെ മകളുടെ സന്തോഷമാണ് വലുത് എന്ന് കരുതി  മക്കളും ഭാര്യയും ഒന്നും അറിഞ്ഞിട്ടില്ല... ഇനി എവിടുന്ന് എടുത്ത് തരും എന്ന് എനിക്കറിയില്ല...

അങ്ങനെയാണെങ്കിൽ ഈ കല്യാണം നടക്കില്ല അവനോട് ഞാൻ മുന്നേ പറഞ്ഞതാണ് ഈ ബന്ധം വേണ്ട എന്ന്

ഈ സംസാരം യാദൃശ്ചികമായി ആണെങ്കിലും നന്ദന കേൾക്കാനിടയായി

അവൾക്ക് നിയന്ത്രിക്കാനായില്ല

" എന്താ അച്ഛൻ പറഞ്ഞത് ഒന്നുകൂടി പറയാമോ.... ഇത്രയും കഷ്ടപ്പെട്ട് ഈ കല്യാണം നടത്തേണ്ടവല്ല ആവശ്യമുണ്ടായിരുന്നോ ... ഈ കടബാധ്യതകൾ എല്ലാം തീർക്കാൻ അച്ഛന്റെ ഒരു ആയുസ്സ് മതിയാകുമോ...

ആരോടും ഒന്നും പറയാതെ എന്തിനുവേണ്ടിയാണ് എല്ലാം സ്വയം ഏറ്റെടുത്തത്.... എന്നിട്ടും ഹരിയുടെ അച്ഛനു മതിയായോ..ഇല്ലല്ലോ  ഇനി കല്യാണം കഴിഞ്ഞ് ഇങ്ങനെ ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് ഞാൻ വീട്ടിൽ വന്നാൽ അച്ഛൻ എവിടെന്നു എടുത്തു തരും.... ഞാൻ ഹരിയെ സ്നേഹിച്ചു എന്നത് സത്യമാണ് പക്ഷേ അതിന്റെ പേരിൽ എന്റെ കുടുംബത്തെ വഴിയാധാരമാക്കി എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..


അപ്പോഴേക്കും ആളുകൾ എല്ലാം ചുറ്റും കൂടിയിരുന്നു എന്താണ് നടക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിൽ...


എന്താ നന്ദു ഇത്ര ആളുകളുടെ ഇടയിൽ നീ ഉച്ചത്തിൽ സംസാരിക്കുന്നത്....

ഹരിയേട്ടാ ഹരിയേട്ടന്റെ അച്ഛൻ പറയുന്നത് എനിക്ക് തന്നെ സ്വർണ്ണത്തിൽ കുറവുണ്ട് എന്നാണ്..ബാക്കി സ്വർണ്ണം എപ്പോ തരും എന്നാണ്....

എന്റെ അച്ഛൻ സ്വന്തം കിടപ്പാടം പോലും പണയം വെച്ചിട്ടാണ് ഇത്രയും എനിക്ക് വേണ്ടി ഉണ്ടാക്കി തന്നത് എന്റെ സന്തോഷത്തിനുവേണ്ടി ഞങ്ങളോട് ആരോടും ഒന്നും പറയാതെ.... ഇനി വേണം എന്ന് പറഞ്ഞു വാശി പിടിക്കുമ്പോൾ എന്റെ അച്ഛന്റെ കയ്യിൽ തരാൻ ഒന്നുമില്ല

കല്യാണം കഴിഞ്ഞാലും ഇത് ആവർത്തിക്കില്ല എന്ന് ആര് കണ്ടു....


ഈ അധികപ്രസംഗി തന്നെ വേണോടാ നിനക്ക് ഭാര്യയായിട്ട്....ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് അവൾ എന്നോട് ഇങ്ങനെ കയർത്തു സംസാരിച്ചത് ഈ ബന്ധം ഇന്നത്തോടെ നിർത്തിക്കോ... ഇതിലും നല്ല പെൺകുട്ടിയെ ഞാൻ നിനക്ക് കണ്ടുപിടിച്ചു തരും... അതെല്ലാ ഇവൾ ആണ് നിനക്ക് വലുത് എന്നുണ്ടെങ്കിൽ എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല....


അച്ഛാ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ

ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടത് അല്ലേ

ഇത്രയും വരെ ആയിട്ട് ഇനി നടക്കില്ല എന്ന് പറയുമ്പോഴോ...


ഇനിയെന്ത് ആലോചിക്കാൻ എന്ന് 

  പറഞ്ഞ് അയാൾ ഹരിയുടെ കയ്യിൽ പിടിച്ച് നടന്നു നീങ്ങി അവന്റെ അച്ഛന്റെ സ്വഭാവം അറിയുന്നത് കൊണ്ട് ആ വാക്കുകൾ ധിക്കരിക്കാൻ അവനെക്കൊണ്ടായില്ല .. വന്നവർ എല്ലാവരും പരസ്പരം ഓരോ കഥകൾ മെനഞ്ഞു കൊണ്ടിരുന്നു.....


നിറകണ്ണുകളോടെ അവൾ ഹരിയുടെ ബന്ധുക്കൾ എല്ലാവരും  പോകുന്നത് നോക്കി നിന്നു... ഇതെല്ലാം കണ്ട് അവളുടെ അച്ഛൻ സങ്കടം സഹിക്കാൻ കഴിയാതെ ശരീരം കുഴഞ്ഞു പോയ്‌ നിലത്തേക്ക് ഊർന്നുവീണു.....


ഹരിയേട്ടാ ഒന്നു നിൽക്കാമോ നമ്മൾ തമ്മിലുള്ള ബന്ധത്തിന് മൂല്യം ഇത്ര ആയിരുന്നോ... ഞാൻ പാവപ്പെട്ട വീട്ടിലെ കുട്ടിയെ ആണെന്ന് അറിഞ്ഞു കൊണ്ടല്ലേ ഹരിയേട്ടൻ എന്നെ സ്നേഹിച്ചത്... എന്നിട്ട് ഇപ്പോ എല്ലാവരുടെയും മുന്നിൽ എന്നെ ഒരു കോമാളി ആക്കിയില്ലേ... ഇങ്ങനെയാണെങ്കിൽ ഇത് ഇവിടം വരെ

എത്തിക്കേണ്ടായിരുന്നു.... എല്ലാം ഉപേക്ഷിച്ചു പോവുകയല്ലേ ഇതും കൂടി വെച്ചോളൂ എന്നുപറഞ്ഞ് വിരലിൽ കിടക്കുന്ന മോതിരം ഊരി കൊടുത്തു ഹരിക്ക് പറയാനുള്ളത് പോലും കേൾക്കാതെ 

നിറകണ്ണുകളോടെ തിരിഞ്ഞുനടന്നു

ഒന്നും വേണ്ടായിരുന്നു അർഹതയുള്ളതെ ആഗ്രഹിക്കാൻ പാടുള്ളൂ...ഞാൻ എന്തൊരു മണ്ടി ആണ്..

അവൾ മനസ്സിൽ സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു....


ഏട്ടാ ഏട്ടന് സമ്മതമാണെങ്കിൽ എന്റെ സ്വന്തം മോളായി എന്റെ ശ്രീയുടെ ഭാര്യയായി നന്ദുവിനെ ഞങ്ങൾക്ക് തന്നു കൂടെ.... ഈ മുഹൂർത്തത്തിൽ തന്നെ.. ഈ ബന്ധം ഞങ്ങൾക്ക്  സമ്മതമാണ്...

മോളെ നിനക്ക് പെട്ടെന്നൊന്നും ഒന്നും മറക്കാൻ കഴിയില്ല എന്നറിയാം 

എന്നാലും ഈയൊരു അവസ്ഥയിൽ ചോദിക്കാതിരിക്കാൻ കഴിയില്ല ഈ അപ്പച്ചിക്ക്.... എല്ലാവരുടെയും മുന്നിൽ എന്റെ ഏട്ടനും മോളും ഇങ്ങനെ നിൽക്കുന്നത് എനിക്ക് സഹിക്കുന്നില്ല....

പിന്നെ ഈ കണ്ട സ്വർണം ഒന്നും എന്റെ മകന് വേണ്ട.... ഞങ്ങൾക്ക് ഇവളെ മാത്രം മതി.....


അയാൾ പുതുജീവൻ വന്നപോലെ ഉന്മേഷത്തോടെ കൂടി നന്ദുവിന്റെ മുഖത്തേക്ക് നോക്കി...

അവൾക്ക് സമ്മതമായിരുന്നു അങ്ങനെ ആ മുഹൂർത്തത്തിൽ ശ്രീ നന്ദുവിന്റെ  കഴുത്തിൽ താലി കെട്ടി....

ശ്രീയുടെ വീട്ടിൽ പോവാൻ നേരം ലോണെടുത്ത് വാങ്ങിയ സ്വർണം എല്ലാം

നന്ദുവിനോട് അച്ഛനെ തിരിച്ചേൽപ്പിക്കാൻ അപ്പച്ചി പറഞ്ഞു...


ശ്രീയുടെ വീട്ടിലെത്തിയിട്ടും നന്ദു ആ ഷോക്കിൽ നിന്നും മുക്തായായിരുന്നില്ല

എത്ര പെട്ടെന്നാണ് തന്നെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചത്.... ഒരിക്കൽ പോലും ഇങ്ങനെ ഒരു വേഷത്തിൽ ശ്രീയേട്ടൻന്റെ ഭാര്യയായി കടന്നുവരുമെന്ന് വിചാരിച്ചില്ല... എല്ലാം ദൈവനിശ്ചയം ആവാം പക്ഷെ ഹരിയേട്ടനെ മറക്കാൻ തനിക്ക് എങ്ങനെ കഴിയും....മറക്കണം മറന്നേ പറ്റൂ താനിപ്പോൾ മറ്റൊരാളുടെ ഭാര്യയാണ്....

അന്നേരമാണ് ശ്രീ റൂമിലേക്ക് കടന്നു വന്നത്....

എന്താടോ താൻ ആലോചിക്കുന്നത്

തനിക്ക് പെട്ടെന്നൊന്നും എന്നെ ഉൾക്കൊള്ളാൻ കഴിയില്ല എന്നറിയാം

എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.... എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായിരുന്നു നാട്ടിൽ വന്നിട്ട് അമ്മയെയും കൂട്ടി നിന്റെ വീട്ടിൽ വരാം എന്ന് വിചാരിച്ചതായിരുന്നു.... പിന്നെയാണ് അമ്മാവൻ ഹരിയുമായുള്ള നിന്റെ കല്യാണക്കാര്യം പറയുന്നത്.... പിന്നെ ആരോടും ഒന്നും പറഞ്ഞില്ല... എന്റെ ഇഷ്ടം എന്റെ മനസ്സിൽ തന്നെ കുഴിച്ചുമൂടി.... ദൈവനിശ്ചയം ഇങ്ങനെയാവാം അതുകൊണ്ടാണല്ലോ എനിക്ക് തന്നെ കിട്ടിയത്..... പിന്നെ ഞാൻ വന്നിട്ട് രണ്ടുമാസമായി  എനിക്ക് അടുത്ത ആഴ്ച തിരിച്ചു പോണം.... ജീവിതത്തിൽ നല്ല പാതിയെ കിട്ടി എന്നു ഞാൻ വിശ്വസിച്ചോട്ടെ....


ശ്രീയുടെ വാക്കുകൾ അവൾ മൗനത്തോടെ കേട്ട് നിന്നു അവൾക്ക് എല്ലാം അത്ഭുതമായിരുന്നു...


ശ്രീയേട്ടൻ പറഞ്ഞപോലെ എനിക്ക് എല്ലാത്തിനും കുറച്ച് സമയം വേണം


അങ്ങനെ ഒരാഴ്ചയ്ക്കുശേഷം ശ്രീ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി...

അവന്റെ അച്ഛനും അമ്മയും അനിയനും അവളും മാത്രമായി വീട്ടിൽ..

എല്ലാവർക്കും അവളെ വലിയ കാര്യമായിരുന്നു... സ്നേഹം കൊണ്ട് അവളെ എല്ലാവരും മാറ്റിയെടുത്തു എന്നു പറയാം... ഇരട്ടിമധുരം എന്ന പോൽ പിഎസ്‌സി വഴി ഗവൺമെന്റ് സ്കൂളിൽ ടീച്ചറായി ജോലി ലഭിക്കുകയും ചെയ്തു....

ഹരിയുടെ വീട്ടിൽ മറിച്ചായിരുന്നു സ്ഥിതി അച്ഛന്റെ ബിസിനെസ്സ് എല്ലാം പൊളിഞ്ഞു അതുകൊണ്ട് തന്നെ മുന്നേ നിശ്ചയിച്ചു വെച്ച അവന്റെ അനിയത്തിയുടെ കല്യാണവും മുടങ്ങി

അവന്റെ വരുമാനത്തിൽ മാത്രം ഒതുങ്ങി കൂടി ആ കുടുംബം....

ഓരോ അനുഭവങ്ങൾ വരുമ്പോൾ മാത്രമേ നമ്മൾക്കും തിരിച്ചറിവുകൾ ഉണ്ടാവു... എല്ലാം ആ പെൺകുട്ടിയുടെ ശാപം ആണെന്നും അന്ന് ആ മനുഷ്യന് അനുഭവിച്ച വേദന എത്രത്തോളമാണെന്ന് നിങ്ങൾക്കും ഇപ്പോൾ മനസ്സിലായില്ലേ എന്നു ഹരിയുടെ അമ്മ എപ്പോഴും അച്ഛനെ കുറ്റപ്പെടുത്തുമായിരുന്നു....


അങ്ങനെ രണ്ടു വർഷങ്ങൾ കടന്നുപോയി.... ഇതിനിടയിൽ എപ്പോഴോ താൻ പോലും അറിയാതെ ശ്രീയേട്ടന്റെ  ഭാര്യയാവാൻ മനസ്സ്

പാകപ്പെട്ടിരുന്നു... രണ്ടുപേരും സംസാരത്തിനിടയിൽ പരസ്പരം അത് മനസ്സിലാക്കിയിരുന്നു.... അതുകൊണ്ടുതന്നെ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിക്കാറുണ്ടായിരുന്നു....


ഇത്രയും ദിവസം കാത്തിരുന്ന അവൾക്ക് ഈ ഒരു ദിവസത്തിന് ദൈർഘ്യം ഏറെ ഉള്ളതുപോലെ തോന്നി....

ജീവിതത്തിലെ ഓരോ അനുഭവങ്ങളും

പുതിയ തിരിച്ചറിവുകൾ ആണ് നൽകുന്നത് എന്നും... നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെയാണ് നാം തിരിച്ചറിഞ്ഞു ചേർത്ത് നിർത്തേണ്ടത് എന്നും... പരസ്പരം തിരിച്ചറിഞ്ഞു മുറുകെ പിടിച്ചു സ്നേഹം പങ്കിടുമ്പോൾ ആണ് ദാമ്പത്യം സുന്ദരമാവുന്നത് എന്നും അവൾ ഈ നാളുകളിൽ തിരിച്ചറിഞ്ഞിരുന്നു....❤️

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top