അവരിലുണ്ടാകുന്ന ആത്മവിശ്വാസം എത്ര വലുതാണെന്ന് ഭാര്യക്ക് ഇതൊക്കെ സാധിച്ചുകൊടുത്തപ്പോള്‍...

Valappottukal


രചന: ഉണ്ണികൃഷ്ണന്‍  തച്ചമ്പാറ


സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു ടു വീലറും അതോടിക്കാനുള്ള ലൈസന്‍സും കിട്ടിയാല്‍ അവരിലുണ്ടാകുന്ന ആത്മവിശ്വാസം എത്ര വലുതാണെന്ന് ഭാര്യക്ക് ഇതൊക്കെ സാധിച്ചുകൊടുത്തപ്പോള്‍ എനിക്കു മനസ്സിലായി. 


റോഡൊന്നു മുറിച്ചുകടക്കാന്‍ പോലും പേടിക്കുന്ന, കുട്ടികളെപോലെ എന്‍റെ കയ്യില്‍ മുറുകെ പിടിച്ചിരുന്ന ഒരുവളാണെന്നോര്‍ക്കണം.


തൊട്ടടുത്ത കടയില്‍ പോയൊരു പാല്‍പാക്കറ്റ് വാങ്ങാന്‍ പോലും മടിയും പേടിയുമുള്ള ആളെയാണ് ഞാനിന്നിങ്ങനെ മാറ്റിയെടുത്തത്..


വീടു വൃത്തിയാക്കുക, നല്ല ഭക്ഷണം ഉണ്ടാക്കുക , അതിഥികളെ സല്‍ക്കരിക്കുക, എന്നെയും കുഞ്ഞുങ്ങളെയും നോക്കുക. അവളുടെ സന്തോഷം മുഴുവന്‍ ഇതൊക്കെയായിരുന്നു.


ജീവിതകാലം മുഴുവന്‍ അടുക്കളയില്‍ തന്നെ നില്‍ക്കേണ്ടവളല്ല നീയെന്നും നിനക്കും ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നും, ഇതല്ലാതെയും ഭൂമിയില്‍ ഒരുപാടു സന്തോഷം തരുന്ന കാര്യങ്ങള്‍ ഉണ്ടെന്നും അവളെ പതുക്കെ പതുക്കെ ബോദ്ധ്യപ്പെടുത്തിയെടുത്തു.


മഞ്ജു ടൂ വീലര്‍ ലൈസന്‍സ് എടുക്കാന്‍ ഡ്രൈവിംഗ് സ്ക്കൂളിലേക്ക് പോയിതുടങ്ങിയപ്പോ എന്‍റെ വീട്ടില്‍ നിന്നും അവളുടെ വീട്ടില്‍ നിന്നും കളിയാക്കലുകളുടെ ബഹളമായിരുന്നു.


അവളെകൊണ്ട് ഇതൊന്നും പറ്റില്ലെന്നും അഥവാ വണ്ടി ഓടിച്ചാലും എട്ട് ഇടാന്‍ കിട്ടില്ലെന്നും എല്ലാവരും പറഞ്ഞുകൊണ്ടിരുന്നു.


അതുപോലെതന്നെ സംഭവിച്ചു ആദ്യത്തെ ടെസ്റ്റില്‍ അവള്‍ തോറ്റു. കളിയാക്കലുകള്‍ കൂടി വന്നു.


രണ്ടാമതും പരാജയപ്പെട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടു.


ഇനി എന്തു ചെയ്യും ഏട്ടാന്ന് അവള്‍ തെല്ല് വിഷമത്തോടെ ചോദിച്ചപ്പോള്‍ ഞാനൊന്ന് അവളെ ഹഗ്ഗ് ചെയ്തു. ''നിനക്ക് ലൈസന്‍സ് കിട്ടുന്നത് വരെ നമ്മള്‍ ശ്രമിക്കും പോരെ'' 


മൂന്നാമത്തെ ടെസ്റ്റിനു മുന്‍പ് അവള്‍ ട്രെയല്‍ നടത്തുന്ന ഗ്രൗണ്ടിലേക്ക് ഞാനൊന്നു പോയി. ഗ്രൗണ്ടില്‍ അവള്‍ കൂളായി എട്ട് ഇടുന്നുണ്ട് Rto യുടെ മുന്‍പിലെത്തുമ്പോള്‍ ആണ് പേടി. 


തോല്‍ക്കുമോ എന്നുള്ള പേടി വേണ്ടെന്നും അഥവാ തോറ്റാല്‍ വീണ്ടും ലേണേഴ്സ് എഴുതി ജയിക്കുന്നവരെ നമുക്ക് ശ്രമിക്കാമെന്നും ഞാന്‍ ധൈര്യം കൊടുത്തു.


അങ്ങനെ മൂന്നാമത്തെ തവണ അവള്‍ പാസ്സായി. ആ സന്തോഷത്തിന് ഒരു സെക്കന്‍റ് ഹാന്‍ഡ് സ്ക്കൂട്ടി പെപ്പ്  അവള്‍ക്കു വാങ്ങികൊടുത്തു. 


ഒരുപാടു കടബാദ്ധ്യതകള്‍ക്കു നടുവിലും ഈ കാര്യങ്ങളൊക്കെ ചെയ്യാന്‍ പറ്റിയല്ലോ എന്നോര്‍ക്കുകയാണ്..


ഞാന്‍ എറണാകുളത്തേക്ക് വരുമ്പോള്‍ ബസ് സ്റ്റോപ്പിലേക്ക് ഇപ്പോള്‍ അവളാണ് എന്നെ ഡ്രോപ്പ് ചെയ്യുന്നത്. ആ മുഖത്തെ ആത്മവിശ്വാസം അതെന്നെ ഒത്തിരി സന്തോഷിപ്പിക്കുന്നു.


ഇനിയും ലൈസന്‍സ് എടുക്കാത്ത സ്ത്രീ സുഹൃത്തുക്കളൊക്കെ പറ്റിയാല്‍ അതിനു ശ്രമിക്കണം കേട്ടോ.. പുതിയ വണ്ടി വാങ്ങാന്‍ പറ്റിയില്ലെങ്കില്‍ പഴയൊരെണ്ണം മതി. ഞങ്ങള്‍ വാങ്ങിയപോലെ..... ലൈക്ക് ചെയ്ത് ഷെയർ ചെയ്യണേ, അഭിപ്രായങ്ങൾ അറിയിക്കണേ ഒരാൾക്ക് ഉപകാരപെടട്ടെ...

To Top