ഏട്ടൻ പറഞ്ഞതല്ലേ... എന്ത് ആഗ്രഹമുണ്ടേലും സാധിച്ചു തരാമെന്ന്..

Valappottukal


രചന: ജാസ്മിൻ


''ഏട്ടാ... പുറത്ത് നല്ലമഴ..നമുക്കൊന്ന് നനഞ്ഞാലോ..?''


''ഈ പാതിരാത്രിക്കോ.. ഒന്നു മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..'' എന്നും പറഞ്ഞ് അവളെ നെഞ്ചിലേക്കു ചേർത്തി കിടത്തി.. 


അത് അവൾക്ക്  അത്രക്ക്‌ രസിച്ചില്ല.

വിരലുകൾ കൊണ്ട് കുസൃതികൾ കാണിച്ച് ചെറിയ കുട്ടിയെ പോലെ ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു..

''ഏട്ടൻ പറഞ്ഞതല്ലേ... എന്ത് ആഗ്രഹമുണ്ടേലും സാധിച്ചു തരാമെന്ന്..

എനിക്കിപ്പോൾ മഴ നനയണം.. ഏട്ടൻ വാ...'' 


എന്റെ കൈ പിടിച്ച് വലിച്ചു കൊണ്ടവൾ മുൻ വശത്തെ വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി.


''മാളൂ.. അമ്മ കണ്ടാൽ വഴക്കു പറയും..

മഴ കൊണ്ടാൽ പനി വരും.. പെണ്ണേ ഒന്നടങ്ങി നിക്ക്...'' എന്നൊക്കെ ഞാൻ പറയുന്നുണ്ടേലും ഒന്നും അവൾ കേൾക്കുന്നേയില്ല.


ആദ്യമായി മഴ കാണുന്ന പോലെ അവൾ മഴയത്ത് മഴത്തുള്ളികളെ കയ്യിലേക്ക് ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു.

തിമിർത്തു പെയ്യുന്ന രാത്രി മഴയിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന അവളെ മാറോട് ചേർത്തി  വിടർന്ന കണ്ണുകളിലേക്ക് നോക്കി ഞാൻ അവളോട് ചോദിച്ചു


'' മാളൂ.... ഇനി നീ പറയ്.. നിന്റെ ഏറ്റവും വലിയ ആഗ്രഹമെന്താണ്...?''


 എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു തുടങ്ങി..

''ഈ രാത്രി മഴയെ  സാക്ഷിയാക്കി എന്റെ ആഗ്രഹം ഞാൻ പറഞ്ഞോട്ടേ.... എന്റെ അവസാന ശ്വാസം വരെ ഈ നെഞ്ചിലെ ചൂടേറ്റ് എന്റെ ഏട്ടന്റെ മാളു ആയി ഇങ്ങനെ ചേർന്ന് നിൽക്കണം..''

അതും പറഞ്ഞ് ആ മഴയത്ത് ഒന്നു കൂടി അവൾ എന്നെ മുറുകെപ്പുണർന്നു..


ആ വാക്കുകൾ എന്നുള്ളിലേക്ക് ആഴ്ന്നിറങ്ങി.. കണ്ണുകൾ നിറയുന്നത് അവൾ കാണാതിരിക്കാൻ പാടുപെട്ടു..


ഈ ജന്മത്തിലെ എന്റെ പുണ്യമാണവൾ..!!


''മാളൂ... നമുക്ക് പോയി കിടക്കാം..''


അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ  ചേർന്നു നടന്നു.


അകത്തേക്ക് കയറാൻ നിൽക്കുമ്പോൾ മുന്നിൽ അമ്മ നിൽക്കുന്നു. നോട്ടം അത്രക്ക്  പന്തിയല്ല.


''എന്താടാ നിങ്ങളീ കാണിക്കുന്നത്.. മഴ കൊണ്ട് വല്ല അസുഖവും വരുത്തി വെക്കാനാണോ..?''


ഞാൻ മറുപടി പറയാൻ തുടങ്ങുന്നേനു മുന്നേ മാളു പറഞ്ഞു

''അമ്മേ ഞാൻ പറഞ്ഞിട്ടാണ് ഏട്ടൻ ..''


ബാക്കി അമ്മക്ക് മനസ്സിലായെന്നു തോന്നുണു.. അമ്മയുടെ ദേശ്യമൊക്കെ മാറി.. മാളു പറഞ്ഞാൽ അതിനപ്പുറത്തേക്ക് വേറെ ഒന്നും ഇല്ല..

അത്രക്കിഷ്ടാണ് അവളെ..


അമ്മ തന്നെയാണ് തോർത്തെടുത്ത് അവളുടെ മുടിയിലെ വെള്ളം മുഴുവൻ തുടച്ചു കൊടുത്തതും, നനഞ്ഞ ഡ്രെസ്സു മാറി പോയി ഉറങ്ങാൻ പറഞ്ഞതും..


ഞാൻ റൂമിലേക്ക് ചെന്നപ്പോഴെക്കും അവൾ കിടന്നിരുന്നു..

ജനൽപാളികൾ തുറന്ന് രാത്രി മഴയുടെ സൗന്ദര്യത്തെ ആസ്വദിച്ച് കുറച്ചു നേരം നിന്നു.

ഇടക്കെപ്പൊഴോ ഏട്ടാ കിടക്കുന്നില്ലേ എന്നവൾ ചോദിക്കുന്നുണ്ട്..


ഞാൻ കിടന്നപ്പോഴേക്കും അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു..


ആരുമില്ലാത്ത ഒരു അനാഥ പെൺകുട്ടിയെ ഞാൻ കല്യാണം കഴിക്കണം എന്നത് മരിക്കുന്നതിനു മുന്നേ അച്ഛൻ അമ്മയോട് പറഞ്ഞിരുന്നതാണ്..

അതിന് കാരണവും ഉണ്ട്.. അമ്മയുടേയും അച്ഛന്റേയും  വലിയ കുടുംബമായിരുന്നു..

അച്ഛൻ ക്യാൻസർ രോഗിയായി കിടപ്പിലായപ്പോൾ എന്നെ പഠിപ്പിക്കാനും അച്ഛനെ ചികിത്സിപ്പിക്കാനും അമ്മ കുറേ  കഷ്ടപ്പെട്ടിട്ടുണ്ട്...


നാട്ടുകാർ ചെയ്തിരുന്ന സഹായം പോലും സ്വന്തം ബന്ധുക്കള് ചെയ്തു കൊടുത്തിട്ടില്ലെന്ന് അമ്മ എപ്പഴും പറയുമായിരുന്നു..

അമ്മയുടെ കഷ്ടപ്പാടു കണ്ടിട്ടാവാം അച്ഛൻ അങ്ങനൊരു വാക്ക് പറഞ്ഞതും..

എല്ലാവരും ഉണ്ടായിട്ട് ഒറ്റപ്പെടുന്നതിലും നല്ലതല്ലേ ആരും ഇല്ലാത്തവളെ കൂടെ കൂട്ടുന്നത്...


അച്ഛൻ മരിച്ചതിനു ശേഷം എനിക്കെല്ലാം അമ്മയായിരുന്നു...

എനിക്ക് കല്യാണപ്രായമായപ്പോൾ അച്ഛന്റെ ഒരു കൂട്ടുകാരൻ വഴി ഒരു അനാഥാലയത്തിൽ നിന്ന് മാളൂനെ എനിക്ക് വേണ്ടി കണ്ടെത്തിയതും അമ്മ തന്നെയാണ്..

അച്ഛന്റേയും അമ്മയുടേയും ബന്ധുക്കളെല്ലാം ഈ കല്യാണത്തിനെ എതിർത്തപ്പോഴും അമ്മ തന്നെ മുൻപന്തിയിൽ നിന്ന് എല്ലാം നടത്തിയത്.


അമ്മയും ഞാനും എന്റെ കുറച്ചു ഫ്രണ്ട്സും അച്ഛന്റെ അടുത്ത ഒരു കൂട്ടുകാരനും മാത്രമേ ആ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തിയുള്ളു..

അനാഥായത്തിൽ വെച്ചു തന്നെ മാളൂന്റെ കഴുത്തിൽ ഞാൻ താലികെട്ടി.

അവിടെയുള്ള എല്ലാ അന്തേവാസികൾക്കും ഒരു നേരത്തെ ആഹാരം ഞങ്ങളുടെ കെെ കൊണ്ട് തന്നെ വിളമ്പി ഞങ്ങൾ ജീവിച്ചുതുടങ്ങി..


അന്നു മുതൽ എന്റെ വീടിന്റെ വിളക്കായ് അവൾ നിറഞ്ഞു നിന്നു.

എന്റെയും അമ്മയുടേയും ജീവിതത്തിന്റെ ഒരു ഭാഗമായി അവൾ മാറി..

സന്തോഷം മാത്രം നിറഞ്ഞു നിന്നു ഞങ്ങളുടെ വീട്ടിൽ..


ജോലി കഴിഞ്ഞ് ഞാൻ വരുന്ന സമയത്ത്  അമ്മയുടെ മടിയിൽ തലചായ്ച്ചു കിടക്കുന്നുണ്ടാവും അവൾ..

എന്നെ കണ്ടാൽ അവൾ എഴുന്നേറ്റ് എനിക്കുള്ള ചായ എടുക്കാൻ അടുക്കളയിൽ പോവും...


ആ സമയത്ത് അമ്മയുടെ മടിയിൽ ഞാനും കിടക്കും.. എന്റെ മുടിയിഴകൾ തലോടിക്കൊണ്ട് അമ്മ പറയും 

''ന്റെ കുട്ടി ഭാഗ്യം ചെയ്തവനാണ്.. അത്രക്ക് സ്നേഹമുള്ളവളാണ് മാളു.. എന്റെ കാലം കഴിഞ്ഞാലും അവളെ നീ പൊന്നു പോലെ നോക്കണം.. ഒരിക്കലും കരയിക്കരുത്...  അവളുടെ കണ്ണു നിറഞ്ഞാൽ അച്ഛന്റെ ആത്മാവ് പൊറുക്കില്ല...''


''എനിക്കറിയാം അമ്മേ ന്റെ മാളൂനെ.. അവൾ എന്റെ ജീവിതം മാത്രമല്ല, ജീവൻ കൂടിയാണ്... അവളിലൂടെയാണ് എന്റെ ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും..''

ഞാൻ പറഞ്ഞു നിർത്തിയപ്പോൾ സന്തോഷം കൊണ്ട് അമ്മയുടെ മനസ്സ് നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാം..!! ശുഭം

ലൈക്ക് കമന്റ് ചെയ്യണേ, ഇനിയും കഥകൾക്ക് കുപ്പിവള എന്ന ഈ പേജ് ലൈക്ക് ചെയ്യുക...

To Top