നന്ദിനി ദുബായിലെ തന്റെ ഓഫീസിൽ ജോലിത്തിരക്കിലായിരുന്നു. ആ സമയത്താണ്...

Valappottukal



രചന: നിഷ സുരേഷ്കുറുപ്പ്


ദേവൂട്ടി

********

നന്ദിനി ദുബായിലെ തന്റെ ഓഫീസിൽ ജോലിത്തിരക്കിലായിരുന്നു. ആ സമയത്താണ് നാട്ടിൽ നിന്ന് അവൾക്ക് ഫോൺ വന്നത്. ജോലി സമയത്ത് ഫോൺ എടുത്തു കൂടെന്നാണ് നിയമം.


എന്നാൽ തുടർച്ചയായി ബെല്ലടിച്ചപ്പോൾ എന്തെങ്കിലും അപകടം പറ്റിയതാണോന്ന് വിചാരിച്ചു  ഫോണിൽ നോക്കുമ്പോൾ വീഡിയോ കോൾ ആണ് . രണ്ടും കല്പിച്ച്  കോൾ എടുത്തു. മകൾ ദേവൂട്ടിയുടെ കരച്ചിലാണ് ആദ്യം കേട്ടത് പിന്നെ കുഞ്ഞിന്റെ മുഖം സ്ക്രീനിൽ തെളിഞ്ഞു വന്നു. ഏങ്ങലടിച്ചു കരയുന്ന ദേവൂട്ടിയെ കണ്ട് നന്ദിനിക്ക് നെഞ്ച് വിങ്ങി.

"എനിക്ക് അമ്മയെ കാണണം അമ്മ 

എന്താ വരാത്തെ "

അവൾ വലിയ വായിൽ കരയാൻ തുടങ്ങി. അടുത്ത് തന്നെ നന്ദിനിയുടെ ഭർത്താവിന്റെ അമ്മ ദേവൂട്ടിയെ ആശ്വസിപ്പിച്ചു കൊണ്ട് നില്പുണ്ട്. നന്ദിനി അവരോട് കയർത്തു.

"അമ്മയോട് പറഞ്ഞിട്ടില്ലെ ഈ സമയത്ത് വിളിക്കരുതെന്ന് "  .


"ഞാൻ എന്ത് ചെയ്യാനാ മോളെ വാശിപ്പിടിച്ച് കുഞ്ഞ് തനിയെ വിളിച്ചതാ "അമ്മ നിസഹായയായി പറഞ്ഞു. അപ്പോഴേക്കും മേലുദ്യോഗസ്ഥൻ അങ്ങോട്ട് വരുന്നുണ്ടായിരുന്നു. അവൾ പിന്നെ വിളിക്കാന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു. മേലുദ്യോഗസ്ഥൻ മലയാളിയാണ് എന്നു കരുതി ഏതൊരു ദയയും അയാൾക്കില്ല.


"ഡ്യൂട്ടി ടൈമിൽ ഫോൺ എടുക്കരുതെന്ന് പറഞ്ഞിട്ടില്ലെ ഞാൻ മുകളിൽ കംപ്ലയിന്റ് കൊടുക്കും " അയാൾ കുപിതനായി. 

അവൾ മറുത്തൊന്നും പറയാതെ തന്റെ ജോലിയിൽ വ്യാപൃതയായി. മനസ് ദേവൂട്ടിക്കരുകിൽ ആയതിനാൽ ജോലിയിൽ ശ്രദ്ധ കിട്ടുന്നില്ല .നാട്ടിലിപ്പോൾ നാലുമണി കഴിഞ്ഞിട്ടുണ്ടാവും. ദേവൂട്ടി സ്ക്കൂൾ വിട്ട് വരുന്ന സമയം. നന്ദിനിയുടെ ചിന്തകൾ കടൽ കടന്ന് പൊയ്ക്കൊണ്ടിരുന്നു.


            ഓഫീസിൽ നിന്ന് ഇറങ്ങി കുറച്ച് ദൂരം നടന്നു വേണം നന്ദിനിക്ക് തന്റെ റൂമിൽ എത്താൻ . നടക്കുന്ന വഴിക്ക് തന്നെ അവൾ ഫോണെടുത്ത് നാട്ടിലേക്ക് അമ്മയെ വിളിച്ചു. 

"എന്താ ഉണ്ടായേ മോൾ എന്തിനാ കരഞ്ഞത് "


" ഇന്ന് സ്കൂളിൽ നിന്ന് വന്ന് കയറിയപ്പോഴേ കരിച്ചിലായിരുന്നു. കാര്യം തിരക്കിയപ്പോൾ ഡയറി എടുത്തു കാട്ടി തന്നു .

അതിൽ ടൂർ പോകാൻ താല്പര്യമുള്ളവർ പൈസ അയക്കാൻ എഴുതി കൊടുത്ത് 

അയച്ചിരുന്നു " വിഷാദം നിറഞ്ഞെ ശബ്ദത്തിൽ അമ്മ പറഞ്ഞു


"അതിന് മോള്  എന്തിനാ കരയുന്നത്  " 

നന്ദിനി ആകാംഷയോടെ തിരക്കി


"പേരന്റ്സിനെയും കൂട്ടി എല്ലാവരും ടൂറിന് ചെല്ലണമെന്ന് ടീച്ചർ പറഞ്ഞുവത്രെ. കുട്ടികളൊക്കെ ഉടനെ അമ്മയെയും കൊണ്ടു വരാന്ന് സന്തോഷത്തോടെ പറഞ്ഞപ്പോൾ തുടങ്ങിയ സങ്കടമാണ് ".


അപ്പോഴേക്കും ദേവൂട്ടി ഫോൺ തട്ടിപ്പറിച്ചു.


"അമ്മാ ഉടനെ വരണെ നമ്മൾക്കു ടൂറിന് പോണം വർഷയും അനുവും എല്ലാവരും അപ്പോൾ തന്നെ ടീച്ചറോട് പറഞ്ഞല്ലോ അമ്മയെയും കൂട്ടി വരാന്ന് അമ്മയും വരൂന്ന് ഞാനും അവരോട് പറഞ്ഞു... അപ്പോൾ അവരു പറയുവാ നിന്റെ അമ്മ അതിന് ഇവിടെ ഇല്ലല്ലോ പിന്നെങ്ങനാന്ന്. അമ്മ വരില്ലേ "


 പ്രതീക്ഷയോടെയുള്ള കുഞ്ഞിന്റെ ചോദ്യത്തിന് എന്ത് ഉത്തരം കൊടുക്കുമെന്നറിയാതെ നന്ദിനി കുഴഞ്ഞു....

അവൾ മൗനം പാലിച്ചു നിന്നപ്പോൾ ദേവൂട്ടിയുടെ കരച്ചിൽ കേൾക്കാൻ തുടങ്ങി ... 

എന്തൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചിട്ടും കുഞ്ഞ് അടങ്ങിയില്ലന്ന് മാത്രമല്ല കരച്ചിലിൻ്റെ ശബ്ദം കൂടുകയും ചെയ്തു. ഒടുവിൽ അമ്മ വരാന്ന് കള്ളം പറഞ്ഞ് ഫോൺ വെച്ചു.


           നാല് പേര് ഒരുമിച്ച് പങ്കിടുന്ന റൂമിലാണ് നന്ദിനി താമസിക്കുന്നത്  . ഒരു മലയാളിയും മറ്റേത് രണ്ടും വേറെ  ഭാഷക്കാരും . ഒരു കിച്ചണും ബാത്ത്റൂമും ഉള്ള മുറി. ജോലി കഴിഞ്ഞ് വന്ന് എല്ലാവരും കൂടി ഒരുമിച്ച് ആഹാരമൊക്കെ ഉണ്ടാക്കി കഴിക്കും. അന്ന് ചപ്പാത്തിയും പരിപ്പുകറിയുമായിരുന്നു. ചപ്പാത്തി പരത്തുന്ന നന്ദിനി ആലോചിച്ചു നില്ക്കുന്ന കണ്ട് മലയാളി പെൺകുട്ടി ചോദിച്ചു

"എന്ത് പറ്റി ചേച്ചി? നാട്ടിൽ നിന്ന് കോൾ വന്നോ ?"

എന്നും പതിവുള്ളതിനാൽ അവൾക്ക് അതായിരിക്കും കാര്യമെന്നറിയാം. നന്ദിനി അവളോട് അന്നത്തെ വിശേഷങ്ങൾ പറഞ്ഞു.

"കുഞ്ഞല്ലേ ചേച്ചീ കുറച്ച് സങ്കടപ്പെട്ടിട്ട് അങ്ങ് മാറിക്കോളും " .

ആ സമയത്ത് ആ പെൺകുട്ടിക്ക് അവളുടെ വീട്ടിൽ നിന്ന് കോൾ വന്നു അവൾ തന്റേതായ തിരക്കിലേക്ക് പോയി. തന്നെക്കാൾ പ്രാരാബ്ധക്കാരിയായ ഒരുവൾ നന്ദിനി സ്വയം പറഞ്ഞു കൊണ്ട് വീണ്ടും ചപ്പാത്തി പരത്താൻ തുടങ്ങി.

             രാത്രി എല്ലാവരും അവരവരുടെ കിടക്കകളിൽ ഉറങ്ങാൻ കിടന്നു. നന്ദിനി വീണ്ടും മനസാൽ  നാട്ടിലേക്ക് പോയി. ദേവൂട്ടിക്ക് രണ്ടു  വയസുള്ളപ്പോഴാണ് ആക്സിഡന്റിൽ നന്ദിനിയുടെ ഭർത്താവ് മരിക്കുന്നത്. അത് വരെ സ്വർഗ്ഗ തുല്യമായിരുന്നു ജീവിതം . സ്നേഹം കൊണ്ട് മൂടുന്ന ഭർത്താവും , അദ്ദേഹത്തിന്റെ അച്ഛനും അമ്മയും . പക്ഷെ എല്ലാം തകരാൻ ഒരു നിമിഷം മതിയായിരുന്നു. പറയത്തക്ക 

സമ്പാദ്യങ്ങൾ ഒന്നുമില്ലായിരുന്നു. വീട് പണിത കടവുമുണ്ട്. അച്ഛൻ ചെറിയ രീതിയിൽ പലവ്യഞ്ജന കട നടത്തിയിരുന്നു. ഭർത്താവിന് പ്രൈവറ്റ് ജോബായിരുന്നു. അത് കൊണ്ട് അവിടുന്ന് കിട്ടാൻ അധികമൊന്നും ഇല്ലായിരുന്നു. അച്ഛന്റെ വരുമാനത്തിൽ മാത്രം കാര്യങ്ങൾ നീങ്ങിയില്ല. അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളും ഉണ്ട്. എങ്കിലും തട്ടിയും മുട്ടിയുമൊക്കെ രണ്ട് വർഷം കൂടി കടന്നു പോയി. ഒടുവിൽ ആണ് ഒരു ബന്ധു വഴി ഇവിടെ ജോലി ശരിയായത്.  ഒരു സൂപ്പർ മാർക്കറ്റിൽ  അക്കൗണ്ടിംഗ് സെക്ഷനിലാണ് ജോലി. വന്നിട്ട് ഒന്നര വർഷം കഴിഞ്ഞു. ദേവൂട്ടി ഇപ്പോൾ ഒന്നാം ക്ലാസിലാണ്. വരാൻ നേരം കുഞ്ഞ് തന്നെ വിടാതെ  കെട്ടിപിടിച്ചു  നിന്നിരുന്നു. അവളെ അടർത്തിമാറ്റി തിരിഞ്ഞ് നോക്കാതെ എയർപോട്ടിനകത്തേക്ക് നടക്കുമ്പോൾ ഹൃദയം പൊടിഞ്ഞ വേദനയായിരുന്നു. ഇന്നും ദേവൂട്ടി 

അത് ഉൾക്കൊണ്ടിട്ടില്ല. 


അവൾക്ക് അമ്മ അടുത്തു വേണം കളിപ്പാട്ടവും , മിഠായിയുമെല്ലാം കൊണ്ടു വരാന്ന് പറഞ്ഞാലും അവൾക്ക് അതൊന്നും വേണ്ട അമ്മ അടുത്തുണ്ടായാൽ  മതി. ഒരിക്കൽ നാട്ടിൽ പോയ ഒരു സുഹൃത്തിന്റെ കൈയിൽ തുണികളും മറ്റും കൊടുത്ത് വിട്ടപ്പോഴും അതൊന്നും നോക്കാതെ അമ്മ വന്നില്ലേ എന്ന്  ചോദിച്ചു കുഞ്ഞ് കരഞ്ഞു. അമ്മയും അച്ഛനും ദേവൂട്ടിയെ പൊന്നു പോലെയാണ് നോക്കുന്നത്. എന്നാലും വിളിയ്ക്കുമ്പോൾ അവൾക്ക്  എന്നും ഒരോ പരാതികളാണ്. മുടികെട്ടാൻ , സ്കൂൾ ബസിൽ കയറ്റിവിടാൻ ,ഉറക്കാൻ , ആഹാരം വാരി കൊടുക്കാൻ ഒന്നും അവൾക്ക് മാത്രം അമ്മ അടുത്തില്ല. 

ദേവൂട്ടിയുടെ കരയുന്ന മുഖം നന്ദിനിയുടെ ഉള്ളു നീറ്റി ... പുറമെ മോളെയും, വീട്ടുകാരെയും വിഷമിപ്പിക്കാതെ അവരെ ആശ്വസിപ്പിച്ചും ,ശാസിച്ചും തൻ്റേടും കാട്ടുമെങ്കിലും  സങ്കടത്താൽ  അലയടിക്കുന്ന ഒരു കടലായിരുന്നു നന്ദിനിയുടെ മനസ്. പകലൊക്കെ ജോലിയും കാര്യങ്ങളുമായി ഒന്നും ഓർക്കാതിരിക്കാൻ ശ്രമിച്ചാലും രാത്രി അനുവാദം ചോദിക്കാതെ ഒഴുകുന്ന കണ്ണീരിനെ തടയാൻ അവൾക്കായില്ല.  അവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി പുറത്തേക്ക് ശബ്ദം കേൾക്കാതെ തൻ്റെ സങ്കടത്തെ ഒഴുക്കി വിട്ടു  ...

പിന്നെയും രാവുകളും പകലുകളും കടന്നുപോയി. പ്രാരാബ്ധങ്ങളുടെ ചിറകുമായി ഒറ്റയ്ക്ക് പറക്കുമ്പോൾ തളർന്നിരിക്കാൻ ഒരു ചില്ല പോലുമില്ലാതെ അവൾ വീണ്ടും പറന്നു കൊണ്ടിരുന്നു .....

To Top