രചന: ജിൻഷ ഗംഗ
ഓഫീസിലെ ഫങ്‌ഷന് സഹപ്രവർത്തകരൊക്കെയും കുടുംബസമേതം വരുന്നുണ്ടെന്നറിഞ്ഞത് കൊണ്ട് മാത്രമാണ് അയാൾ അവളെയും മകളെയും കൂടെ കൂട്ടിയത്. വളരെ നാളുകൾക്കു ശേഷം ഭർത്താവിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുന്നു… അവൾ ഏറെ ആഹ്ലാദിച്ചു.....
പരിപാടി കഴിയുന്നതിനു മുൻപ് തന്നെ തലവേദനിക്കുന്നെന്നും പറഞ്ഞാണ് അയാൾ ഇറങ്ങിയത്. അവൾ എതിർത്തില്ല, പരിചിതമല്ലാത്ത അന്തരീക്ഷം അവളെയും ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.
ഓഫീസ് കോംപ്ലെക്സിന് താഴത്തെ ഫാൻസിയിൽ അതിമനോഹരമായി അലങ്കരിച്ചു വച്ച വളകൾ കണ്ണാടിച്ചില്ലിനു പുറത്തുകൂടി കണ്ടപ്പോൾ മകളുടെ ആവേശം കണ്ടാകണം അയാൾ അകത്തേക്ക് കയറി. പിന്നാലെ അവളും…. അവൾക്ക് പരിചിതമല്ലാത്ത അനേകം വസ്തുക്കൾ…… മകൾ വള അന്വേഷിക്കുമ്പോൾ അവൾ ഫാൻസിയിലെ ചെറുപ്പക്കാരനോട് ശബ്ദം താഴ്ത്തി ചോദിച്ചു.
" കണ്മഷിയുണ്ടോ? "
" ഇന്നൊക്കെ ആരാ ചേച്ചി കണ്മഷി ഉപയോഗിക്കുന്നത് അതൊന്നും ഇപ്പോൾ വിൽക്കാൻ വയ്ക്കാറില്ല … ഐ ടെക്സിന്റെ കാജൽ സ്റ്റിക്ക് എടുക്കട്ടെ…? "
ഭർത്താവ് അവളെ രൂക്ഷമായി നോക്കി. അയാളുടെ മുഖത്തു അപമാനവും രോഷവും കലരുന്നത് അവൾ കണ്ടു. അവൾ ഫാൻസിയിലെ കണ്ണാടിയിൽ നോക്കിക്കൊണ്ടിരുന്നു. മകൾ വളകൾക്കിടയിൽ പരതിക്കൊണ്ടിരുന്നു.അവൾക്കപ്പോൾ അമ്മൂമ്മയെ ഓർമ വന്നു.
" നല്ല വിടർന്ന കണ്ണുകളാ കുട്ടിക്ക്…. അമ്മാമ കണ്മഷി ആക്കിവയ്ക്കാം… ദിവസവും പുരട്ടണം… ഇല്ലെങ്കിൽ കണ്ണ് വിളറി വെളുക്കും… "
അവൾ കണ്ണാടിയിലെ കണ്ണുകളെ സൂക്ഷിച്ചു നോക്കി…..അവയെ യാതൊരു പരിചയവും തോന്നിയില്ല...അത് നിറയുന്നതായി തോന്നിയപ്പോൾ അവൾ മുഖം തിരിച്ചു. പല നിറത്തിൽ തിളങ്ങുന്ന നെയിൽ പോളിഷുകൾ അടുക്കി വച്ചിരിക്കുന്ന പെട്ടി കയ്യിലെടുത്തു. ആകാശനീല നിറത്തിൽ തിളങ്ങുന്ന നെയിൽപോളിഷ് അവൾ ഭർത്താവിന് നേരെ കാണിച്ചു.
" ഇത് ഞാൻ എടുക്കട്ടെ…..എനിക്ക് ഇഷ്ട്ടമായി… "
തന്റെ മുഖത്തു വന്ന പരിഹാസം കടയിലെ ചെറുപ്പക്കാരൻ കാണാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അയാൾ പതുക്കെ പറഞ്ഞു.
" ഇതൊക്കെ, മനോഹരമായ നഖങ്ങൾക്ക് വേണ്ടിയുള്ളതാണ്… കറിക്കൂട്ടുകളുടെ നിറവും, സോപ്പ് കഷണങ്ങളും പറ്റിപ്പിടിച്ച നിന്റെ നഖങ്ങളിൽ കിടക്കാനുള്ളതല്ല…. "
അവൾ അത് താഴേക്ക് വച്ചു… അടുത്ത് കിടന്ന ജിമിക്കി കമ്മലുകളിൽ ഒന്നെടുത്തു നോക്കി…നാട്ടിലെ അമ്പലത്തിൽ ഉത്സവത്തിന് പാട്ടുപാവാടയോടൊപ്പം ഇതുപോലുള്ള ജിമിക്കി കമ്മൽ ധരിക്കാറുള്ളതോർമ വന്നു… അവളത് കാതുകളോട് ചേർത്ത് വച്ചു…
" അതൊക്കെ നാശമാക്കണ്ട…. അടുക്കളയിൽ നിൽക്കുമ്പോൾ ജിമിക്കി എന്തിനാ…? "
തന്റെ സംസാരം ചെറുപ്പക്കാരൻ കേൾക്കാതിരിക്കാൻ ഭർത്താവ് അപ്പോഴും ശ്രദ്ധിച്ചു.
അവൾ കുപ്പിവളകളിലും, പാദസരങ്ങളിലും കണ്ണോടിച്ചു….
" അമ്മാ… എനിക്ക് വളകൾ കിട്ടി… "
മകൾ എടുത്ത വളകൾ യാന്ത്രികമായി അവൾ ചെറുപ്പക്കാരന് നേരെ നീട്ടി… മകളെ ഭർത്താവിന്റെ അരികിലേക്ക് നീക്കി, അവൾ പുറത്തേക്കിറങ്ങി… കണ്ണുകളിൽ ഒരു നീറ്റൽ പടരുന്നതായി തോന്നി…. പിന്നിൽ നിന്ന് ഭർത്താവിന്റെ സ്വരം…
" നിൽക്കൂ… ഇത് നിനക്കുള്ളതാണ്… "
അവൾ ആകാംഷയോടെ തിരിഞ്ഞു നോക്കി… ഒരു സിന്ദൂരച്ചെപ്പ്… !
" എനിക്കിതിന്റെ ആവശ്യം ഇപ്പോഴില്ല… വീട്ടില് ഇഷ്ട്ടം പോലെയുണ്ട്… "
അയാൾ ചെറുപ്പക്കാരനോട് പറയുന്നത് അവൾ കേട്ടു.
" ആ .. ഇത് വേണ്ട... എനിക്ക് മുന്തിയ ഇനം ഹെയർ ഡൈ രണ്ടെണ്ണം വേണം… "
മകളുടെ കൈ പിടിച്ചുകൊണ്ട് അവൾ പിന്നിലും അയാൾ മുന്നിലുമായി നടന്നു…. വില കൂടിയ വസ്ത്രങ്ങൾ അടുക്കിവെച്ച ഒരു തുണി ഷോപ്പിലേക്ക് അവൾ നോക്കി….
" നിനക്ക് ആവശ്യത്തിന് മാക്സികൾ വീട്ടിലുണ്ട്… നിന്റെ വീട്ടിലേക്ക് പോകുമ്പോൾ ധരിക്കാനുള്ളതും ഉണ്ട്. പിന്നെന്തിനു അത് ശ്രദ്ധിക്കുന്നു… വരൂ… "
ഭർത്താവിന്റെ വേഗത്തിനൊപ്പം എത്താൻ അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു… കാറിൽ കയറുമ്പോൾ അയാൾ റോഡിന്റെ ഇടതുഭാഗത്തേക്ക് നോക്കി കുറച്ച് നേരം നിന്നു… പിന്നെ അവളോട് പറഞ്ഞു…
" നോക്കൂ.. നിനക്ക് ആവശ്യമുള്ളതൊന്നും ഞാൻ വാങ്ങിത്തരുന്നില്ല എന്നൊരു പരാതിയുണ്ടല്ലേ…. എന്നാൽ നിനക്ക് ആവശ്യമുള്ളതൊന്നും നീ ശ്രദ്ധിക്കുന്നുമില്ല… "
അവൾ അയാളുടെ കൺകോണുകൾ പാഞ്ഞ ദിക്കിലേക്ക് നോക്കി… അലുമിനിയം പാത്രങ്ങൾ വിൽക്കുന്ന ഷോപ്പ്… !
" വരൂ…. നിനക്ക് ഇഷ്ടമുള്ളത്ര പാത്രങ്ങൾ എടുത്തോളൂ…. "
അവൾ ഷോപ്പിന്റെ ബോർഡിലേക്ക് നോക്കി…. ബോർഡിൽ അലുമിനിയം പാത്രം പിടിച്ചിരിക്കുന്ന അതി സുന്ദരിയായ യുവതിയുടെ ഫോട്ടോയിലേക്ക് നോക്കി….. മനോഹരമായി നീട്ടിവളർത്തിയ നഖങ്ങളിൽ ആകാശനീല നിറത്തിൽ തിളങ്ങുന്ന നെയിൽ പോളിഷ്…. കാതിൽ ഭംഗിയുള്ള ജിമ്മിക്കി….
അയാളുടെ പിന്നാലെ ഷോപ്പിലേക്ക് കയറുമ്പോൾ അവളുടെ കണ്ണുകളിൽ പതിനെട്ടു വയസുള്ള പാവാടക്കാരി പെണ്ണ് വന്നു നിന്നു…. കയ്യിൽ ചായയുമായി നിന്ന അവൾക്ക് മുന്നിൽ പുഞ്ചിരിയോടെ വന്നു നിന്ന ചെറുപ്പക്കാരനെ കണ്ടു… അയാളുടെ സംസാരം അവളുടെ കാതുകളിൽ നിറഞ്ഞു….
" കല്യാണം കഴിഞ്ഞാലും പഠിക്കണം…പഠിക്കാതെ ഇരിക്കരുത്… "
ഭർത്താവ് തിരിഞ്ഞു നോക്കി… ചലനമറ്റു നിന്ന അവളുടെ ചുമലുകളിൽ പിടിച്ചു കുലുക്കി…
"നിനക്കു പാത്രങ്ങൾ വേണ്ടേ… "
അവൾ അയാളോട് യാതൊന്നും പറഞ്ഞില്ല…അയാളെ അവഗണിച്ചുകൊണ്ട് അവൾ തിരിഞ്ഞു നോക്കി... കയ്യിലെ വളകളുടെ ഭംഗി നോക്കിക്കൊണ്ടിരുന്ന മകളോടായി അവൾ ചോദിച്ചു…
" കുറഞ്ഞത് എത്ര വയസ്സ് വരെ സ്വതന്ത്രയായി ജീവിക്കാനാണ് പെൺകുഞ്ഞേ നീ ആഗ്രഹിക്കുന്നത്......? "