താൻ ഓക്കെ ആണെന്ന് പറ... ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി...

Valappottukal


രചന: Jiji Elizabeth George 


നിൻ്റെ ജീവിതം ഇങ്ങനെ ആയതിൻ്റെ വാശി നി എന്നോട് തീർക്കുകയാണോ ??


            ദേവൻ്റെ ചോദ്യം കേട്ടതും നവമി ഞെട്ടലോടെ ദേവനെ നോക്കി...


  എന്താ ദേവേട്ടാ പറഞ്ഞത് ..


      പറഞ്ഞത് നിനക്ക് മനസിലായില്ല എന്നുണ്ടോ ... നി കാരണം എൻ്റെ ജീവിതം ഇപ്പൊൾ തുലാസിൽ ആണ് ..നിൻ്റെയൊരു നശിച്ച എഴുത്ത് ,,,നിനക്ക് എഴുതണം എന്നുണ്ടേൽ വേറെ വല്ലതും എഴുതണം അല്ലാതെ പണ്ട് നമ്മൾ സ്നേഹിച്ചപ്പോൾ ഉള്ളതൊക്കെ വെച്ച് ഓരോന്ന് എഴുതി വെച്ചിട്ട്... കാലു പിടിച്ചു പറയുവാ ദൈവത്തെ ഓർത്തു ഇത്പോലെ ഓരോന്ന് ചെയ്ത് വെക്കരുത്... ആരതി ഇതൊക്കെ വായിച്ചിട്ട് നമ്മൾ തമ്മിൽ ഇപ്പഴും പ്രേമം ആണെന്ന് വിചാരിച്ചു വഴക്ക് ആണ്..

           നിൻ്റെ കല്യാണം ഉറപ്പിച്ചെന്നും  നീ ഓരോന്ന് വെറുതെ എഴുതുന്നത് ആണെന്ന് പറഞ്ഞിട്ടും അവൾ വിശ്വസിക്കുന്നില്ല... 


             ഞങ്ങളുടെ വിവാഹം ഉറപ്പിക്കുന്നിടം വരെ വന്നതാ അപ്പോഴാ ഇങ്ങനൊരു ...


               ദേവേട്ടാ മതി നിർത്തൂ ...ഒരിക്കലും നിങ്ങൾ എൻ്റെതാകും എന്ന് കരുതിയിട്ടില്ല ഞാൻ,,എനിക്ക് ഇഷ്ടമായിരുന്നു...കല്യാണ ആലോചന വന്നപ്പോൾ ഞാൻ ആദ്യം പറഞ്ഞത് നിങ്ങളോട് അല്ലേ ..എന്ത് സംഭവിച്ചാലും നിന്നെ ആർക്കും വിട്ട് കൊടുക്കില്ല എന്ന് നിങ്ങള് പറയും എന്നൊക്കെ കൂട്ടുകാരോട് പറഞ്ഞു നടന്ന എന്നോട് നിങ്ങള് പറഞ്ഞത് ഇത് നല്ലതാ നി സമ്മതിക്ക് എന്നല്ലേ..നിങ്ങടെ മനസ്സിൽ ആരതി ആണെന്ന് ഞാൻ അറിഞ്ഞില്ല...അതിനു വേണ്ടി ആണല്ലേ എന്നെ ഇതിന് നിർബന്ധിച്ചത് ....


     ദേവേട്ടാ എന്നെക്കൊണ്ട് അയാളെ സ്നേഹിക്കാൻ കഴിയുന്നില്ല ..എനിക്ക് ഒരു തരത്തിലും പൊരുത്തപ്പെടാൻ കഴിയുന്നില്ല... ഞാൻ ഒരുപാട് ശ്രമിച്ചു.. എന്നെക്കൊണ്ട് പറ്റുന്നില്ല...അയാളോട് പറഞ്ഞപ്പോൾ യാതൊരു കൂസലും ഇല്ല...ഇത് ഞാൻ വീട്ടിലും പറഞ്ഞു പക്ഷേ ആരും എന്നെ കേൾക്കുന്നില്ല... ദേവേട്ടൻ കാണണം എന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു..പക്ഷേ ഇങ്ങനൊരു കാര്യം പറയാൻ ആണെന്ന് ഞാൻ അറിഞ്ഞില്ല...


       നോക്ക് നവമി ഞാൻ ആരതിയുമായിട്ട് രണ്ട് വർഷം ആയിട്ട് ഇഷ്ടത്തിൽ ആണ് ..വീട്ടുകാർക്കും അറിയാം എന്ത്കൊണ്ടും നിന്നെക്കാൾ നല്ലൊരു ബന്ധം ആണ് അത്..എന്റെ ആഗ്രഹം പോലെ തന്നെ വെളുത്ത് സുന്ദരി...നിന്നെപ്പോലെ അല്ല...


        രണ്ട് വർഷമോ അപ്പോ ദേവേട്ടാ ഞാൻ..


            അത് നവമി നമ്മൾ കൊറേ കാലം മിണ്ടാതെ നടന്നില്ലെ അപ്പോ ഞാൻ..ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല... അല്ലെങ്കിൽ തന്നെ നിന്നെ കെട്ടാമെന്ന് ഞാൻ പറഞ്ഞില്ലല്ലോ ...എനിക്ക് നിന്നോട് സ്നേഹം ഒന്നും ഇല്ലായിരുന്നു ...നി തെറ്റിദ്ധരിച്ചത് ആണ്.... നിന്നെ പോലെ ഒരാൾ അല്ല എന്റെ മനസ്സിൽ...പിന്നെ ഞാൻ സ്നേഹം പോലെ കാണിച്ചത് അത് വെറും വെറുതെ .... ആരതിയെ പോലെ നല്ല ജോലിയും സൗന്ദര്യവും ഉള്ള ഒരു പെണ്ണിനെ നിന്നെ പോലെ ഒരുത്തിക്ക്‌ വേണ്ടി ഇല്ലാതാക്കാൻ എനിക്ക് വട്ട്‌ ഒന്നും ഇല്ല.... ഏത് നേരത്ത് ആണോ നമ്മടെ കാര്യം എനിക്ക് ആരതിയോട് പറയാൻ തോന്നിയത്...അവൾക്ക് അതൊക്കെ മനസ്സിലായിരുന്നു.. ഞങ്ങൾ നന്നായിട്ട് പോക്കൊണ്ട് ഇരുന്നതാണ്.. അപ്പോഴാ നിൻ്റെയോരു കഥ എഴുത്ത്...അത് വായിച്ചപ്പോൾ അവക്ക് സംശയം ഇപ്പഴും നമ്മൾ ഇഷ്ടം ആണെന്ന് ..എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നില്ല...അത്കൊണ്ട് ഞാൻ നിന്നെ നാളെ വിളിക്കും കൂടെ ആരതിയും ഉണ്ടാകും .. നീ പറയണം നമ്മൾ തമ്മിൽ ഒന്നുമില്ല..നിൻ്റെ കല്യാണം ആണെന്ന്..നിൻ്റെ കയ്യിൽ ആണ് എൻ്റെ ജീവിതം ഒരിക്കൽ കൂടെ നിൻ്റെ കാലു പിടിക്കുവാ ഞാൻ... നീ എന്റെ ജീവിതം നശിപ്പിക്കരുത്...


      ദേവേട്ടാ നിങ്ങൾ ഒന്ന് മറക്കരുത് നിങ്ങളുടെ ഏറ്റവും മോശം സമയത്ത് ഞാൻ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്.... ഇപ്പൊൾ എന്നെക്കുറിച്ച് പറഞ്ഞ ഒരു നെഗറ്റീവ് കാര്യങ്ങളും അന്ന് ഇല്ലായിരുന്നു...

അല്ലെങ്കിൽ തന്നെ ഈ അഞ്ച് വർഷത്തിന് ഇടക്ക്‌ ഓർക്കാൻ ആ സമയം മാത്രം അല്ലേ എനിക്ക് ഉള്ളു...അന്ന് മാത്രം അല്ലേ നിങ്ങൾ എന്നോട് സ്നേഹം പോലെ പെരുമാറിയത്...


       ഇത്രയും പറഞ്ഞ് നവമി തിരിഞ്ഞു നടന്നു.. കഴിഞ്ഞ അഞ്ച് വർഷമായി തൻ്റെ പ്രാണൻ ആയി കണ്ട ദേവേട്ടനാണ് ഇന്ന് തന്നെ അതി മനോഹരമായി കോമാളി ആക്കിയ കഥ പറഞ്ഞത്...എന്നോട് പറയാമായിരുന്നു ഇത്... ആരതി സുഹൃത്ത് ആണെന്ന് മാത്രം പറഞ്ഞിരുന്നു...ഇഷ്ടം ഉണ്ടെന്ന് പറഞ്ഞിരുന്നെൽ ഞാൻ ആയിട്ട് മാറി കൊടുത്തേനെ ..

ഇഷ്ടം ഇല്ലാത്ത വിവാഹം നടക്കുമോ എന്ന് പേടിച്ച് മരിച്ചാലോ എന്ന് കരുതി നടക്കുമ്പോൾ ആണ് ദേവേട്ടൻ്റെ വക  ചതിയുടെ കഥ...


   എന്ത് ചെയ്യും എന്നറിയാതെ കുറച്ചു നേരം നിന്ന് പിന്നെ ഫോൺ എടുത്ത് ശ്രീക്ക് മെസ്സേജ് അയച്ചു രണ്ട് മണിക്ക് ഞാൻ കോട്ടയത്ത് എത്തും നി അവിടെ ഉണ്ടാകണം..


ഫോൺ ബാഗിൽ ഇട്ട് കോട്ടയം ബസിൽ കേറി..

     

ശ്രീ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ....


ശ്രാവൺ എന്ന പേരിനെ ചുരുക്കി ശ്രീ ആക്കിയത് ഞാൻ ആണ്...ടിക്കെറ്റ് എടുത്ത് കണ്ണടച്ച് സീറ്റിൽ ചാരി കിടന്നു..ഫോൺ റിംഗ് കേട്ടാണ് കണ്ണ് തുറന്നത് ശ്രീ ആണ്.. കട്ട് ചെയ്ത് ..വീണ്ടും വിളിച്ചു..എടുക്കാൻ തോന്നിയില്ല...പിന്നെ മെസ്സേജ് ആണ് വന്നത് ...എനിക്ക് വരാൻ കഴിയില്ല.. ബാങ്കിൽ നല്ല തിരക്ക് ആണ് എന്ന്..വീണ്ടും അവൻ വിളിച്ചു..ഫോൺ ഓഫ് ചെയ്ത് വെച്ചു..അവൻ ബാങ്കിൽ ജോലിക്ക് കേറിയിട്ട് അധികം ആയില്ല..എന്നെ ഇത്രയും അറിയുന്ന മറ്റൊരാൾ വേറെ ഇല്ല..സൗഹൃദത്തിനും അപ്പുറം അവൻ എനിക്ക് അത്രയും പ്രിയപ്പെട്ട ആൾ ആണ്..എൻ്റെ  സന്തോഷങ്ങൾ സങ്കടങ്ങൾ എല്ലാം ആദ്യം അറിയുന്നതും അവൻ തന്നെ... ദേവേട്ടന് തന്നെ കേൾക്കാൻ ഒരിക്കലും സമയം ഉണ്ടായിരുന്നില്ല... എപ്പഴും തിരക്ക് ആയിരുന്നു...ഇല്ലാത്ത തിരക്കിൻ്റെ അഭിനയം ആയിരുന്നു എല്ലാം...

യാത്രയിൽ ഉടനീളം ദേവേട്ടന് ഒപ്പമുള്ള നിമിഷങ്ങൾ ആയിരുന്നു മനസ്സിൽ...മറ്റൊരാളെ ഇഷ്ടം ഉണ്ടായതിൽ അല്ല തന്നെ ചതിക്കുക ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ആണ് തകർന്നു പോയത് . ഒരുമിച്ചു ജീവിച്ചില്ല എങ്കിലും ഓർക്കുമ്പോൾ മനോഹരം എന്ന് തോന്നൽ മതിയാരുന്നു... അതും ഇല്ലാതായി..


        കോട്ടയം എത്തിയത് അറിഞ്ഞില്ല...സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ ശ്രീ ഉണ്ടായിരുന്നു ..മുഖത്ത് നല്ല ദേഷ്യം ഉണ്ട്... ജോലിക്ക് ഇടയിൽ നിന്ന് വന്നതിൻ്റെ ദേഷ്യം ആണ്...അവനെ കണ്ടതും ഓടി ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞതും വേഗത്തിൽ ആയിരുന്നു..

ഞാൻ അങ്ങനെ ചെയ്യുമെന്ന് അവനും കരുതി ഇല്ല..എൻ്റെ കരച്ചിൽ കണ്ടതും അവൻ്റെ ദേഷ്യം എങ്ങോട്ടോ പോയി...


      എന്തുപറ്റി എന്ന് ചോദിക്കുന്നത് അല്ലാതെ ഒന്നും പറയാൻ കഴിഞ്ഞില്ല..ആളുകൾ ശ്രദ്ധിക്കുന്നു നി ഇതെന്താ കാണിക്കുന്നെ എന്ന് ചോദിച്ചപ്പോൾ ആണ് സ്ഥലകാല ബോധം ഉണ്ടായത്...വാ എന്ന് വിളിച്ചു കാറിൽ കേറിയപ്പോഴും അനുവാദം ഇല്ലാതെ കണ്ണ് നിറഞ്ഞുകൊണ്ടെ ഇരുന്നു..

 

    എന്താ നിനക്ക് ..കല്യാണത്തിൻ്റെ ഡേറ്റ് എടുത്തോ അതിനാണോ ഈ കരയുന്നെ..അതോ വീട്ടിൽ വല്ലതും..


 ഡാ അതൊന്നും അല്ല.. ദേവേട്ടൻ ...


   ഓ തുടങ്ങി എടി അവനു നിന്നെ വേണ്ടാഞ്ഞിട്ട് അല്ലേ വേറെ കല്യാണത്തിന് നിർബന്ധിച്ചത്.. ഇപ്പോഴും നി അവനെ ഓർത്തു നടന്നോ .. ഞാൻ എൻ്റെ ജോലിയും കളഞ്ഞ് വന്നപ്പോൾ അവക്ക്...


   ശ്രീ അതല്ല ... ദേവൻ അവൻ എന്നെ ചതിക്കുകയായിരുന്നു ... ഞാൻ അവനെ മനസ്സിൽ കൊണ്ട് നടന്നപ്പോഴും അവനു വേറെ പ്രണയം ഉണ്ടായിരുന്നു...എന്നെ പറ്റിച്ചു..കോമാളി ആക്കി...


ഇത് പ്രതീക്ഷിച്ച പോലെ ശ്രീ മിണ്ടാതെ ഇരുന്നു...


     നവമി മനസ്സിൽ ഉണ്ടായിരുന്ന ഭാരം ശ്രീക്ക് മുന്നിൽ കരഞ്ഞ് തീർത്തു ...ശ്രീ ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾക്ക് അത് സമാധാനം ആയില്ല.... 

ഒരുപാട് സമയം നവമി ശ്രീക്ക് മുന്നിൽ ഇരുന്നു കരഞ്ഞ് തീർത്തു സങ്കടങ്ങൾ....


      തിരികെ വീട്ടിൽ ചെന്നിട്ടും മനസ്സ് നിറയെ ദേവേട്ടന്റെ ഓർമകൾ ആയിരുന്നു... ശ്രീ ഇടക്ക്‌ വിളിക്കുന്നുണ്ട് ,,,എന്തൊക്കെയോ പറഞ്ഞ് കോൾ കട്ട് ചെയ്ത്...കണ്ണാടിയിൽ നോക്കിയപ്പോൾ തന്റെ മുഖത്തിന് പകരം കോമാളിയുടെ മുഖം ആണ് ചേരുന്നതെന്ന് നവമിക്ക്‌ തോന്നി..

കണ്ണടച്ച് കൊറേ നേരം കിടന്നു...ഇനി ജീവിക്കുന്നത് എന്തിനാണ് എന്ന ചോദ്യം മനസ്സിൽ നിറഞ്ഞു... 

മരിക്കണം എന്ന് മാത്രം ആയി ചിന്ത....മുകളിൽ കറങ്ങുന്ന ഫാനിൽ നോക്കി കയ്യിൽ ഷാൾ എടുത്ത്...കസേര  വലിച്ചിട്ട് ഷാൾ കെട്ടാൻ തുടങ്ങിയതും കതകിൽ തട്ടി അമ്മ വിളിച്ചു .....


      കതക് തുറക്ക് നി എന്തെടുക്കുവാ വന്നപ്പോൾ മുറിയിൽ കേറിയത് ആണല്ലോ ....ശ്രാവൺ എത്ര നേരം കൊണ്ട് വിളിക്കുന്നു നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന്..


      ശ്രീ യുടെ പേര് കേട്ടപ്പോൾ കസേരയിൽ നിന്ന് ഇറങ്ങി കതക് തുറന്നു....നിന്റെ ഫോൺ എവിടെ ചാർജ് ഇല്ലേ...എന്നും പറഞ്ഞു അമ്മ ഫോൺ തന്നു...


നിന്റെ ഫോണിൽ വിളിക്കാം കോൾ എടുക്കു എന്ന് മാത്രം പറഞ്ഞു ശ്രീ കോൾ വെച്ചു.... 


    എന്റെ ഫോണിലേക്ക് കോൾ വന്നതും എടുത്ത് ...ചാകാൻ ഉള്ള പ്ലാൻ എന്തോ ചെയ്യുകയായിരുന്നു എന്ന് മനസ്സിലായി ...അതാണ് അമ്മയെ കൊണ്ട് അത്യാവശ്യം പറഞ്ഞു വിളിപ്പിച്ചത്...


    നിന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി ചത്താൽ നിനക്ക് മാത്രം നഷ്ടം ,,അവൻ നാളെ അവളെയും കെട്ടി  സുഖമായിട്ട്‌ ജീവിക്കും നി ചത്തു തൊലയും പറഞ്ഞാലും മനസ്സിലാകില്ല...


ഡാ ഞാൻ ...


    നി ഒരു കോപ്പും പറയണ്ട ...പോയി ചാക്...


എനിക്ക് സഹിക്കാൻ പറ്റുന്നില്ലെട നിനക്കും എന്നെ മനസ്സിലാക്കാൻ കഴിയുന്നില്ലെ ...


      ഉണ്ട് ഇല്ലെന്ന് ആരാ പറഞ്ഞത്...ചിലതൊക്കെ ജീവിതത്തോട് ചേരാതെ ഇരിക്കുന്നതാണ് നല്ലത്...കുറച്ച്  സമയമെടുക്കും നി ഇതിൽ നിന്നും റിക്കവർ ആകാൻ സാരമില്ല...ഞാനുണ്ട് കൂടെ...പിന്നെ ഇനിയും നി മരിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ എനിക്കൊന്നും പറയാനില്ല...


ഡി നി ഓകെ അല്ലേ ...hmm...


   എന്നാല് സന്തോഷിക്കാൻ ഉള്ള ഒരു കാര്യം കൂടെ പറയാം ...നിന്റെ അച്ഛൻ എന്നെ വിളിച്ചിരുന്നു...നിന്റെ കല്യാണം നടക്കില്ല...നിനക്ക് അത്കൊണ്ട് വിഷമം ആയിരിക്കും ഞാൻ നിന്നെ പറഞ്ഞ് മനസ്സിലാക്കണം എന്ന് ...നിനക്ക് അത്കൊണ്ട് സന്തോഷം മാത്രമേ ഉള്ളെന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ...എന്തോ ഈഗോ പ്രോബ്ലം ...എന്തായാലും നി രക്ഷപെട്ടു... ഇപ്പൊൾ ഇച്ചിരി സമാധാനം ആയില്ലേ .. നി എങ്ങാനും തട്ടി പോയിരുന്നേൽ കല്യാണം മുടങ്ങിയകൊണ്ട് ചത്തെന്നു മറ്റുള്ളോരു പറഞ്ഞേനെ...നിന്റെ മുഖത്തെ ചിരി എനിക്ക് ഇവിടെ കാണാം... 


അപ്പോൾ എന്റെ കുട്ടി പോയി ഫ്രഷ് ആയി വല്ലതും കഴിക്ക്‌ ...എന്നിട്ട് വിളിക്ക് കേട്ടോ ...


 കേട്ടോടി ...


 കേട്ടു....


വീണ്ടും പഴയ നവമിയിലേക്ക് എത്താൻ കാലം കൊറേ എടുത്ത്  ...


ശ്രീ ഒപ്പം ഉണ്ടായിരുന്നു എപ്പൊഴും...


     വീണ്ടും കല്യാണ ആലോചനകൾ വന്നപ്പോൾ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു..


      ഒരിക്കൽ ഓഫീസിൽ വെച്ച് 

ദേവേട്ടന്റെ അടുത്ത സുഹൃത്തിനെ കണ്ട് ... കാണാത്ത പോലെ പോകാൻ തുടങ്ങിയതും ആള് മുന്നിൽ വന്നു നിന്നു... 


    ഞാൻ പറഞ്ഞപോലെ നടന്നില്ലേ... അന്നേ ഞാൻ പറഞ്ഞത് അല്ലേ ,,,എനിക്ക് അവനെ നന്നായിട്ട് അറിയാം അത്കൊണ്ട് പറഞ്ഞതാ അപ്പൊൾ എന്നോട് വഴക്കും ഇട്ട് ബ്ലോക്കും ചെയ്ത് പോയി....

ഇനി എങ്കിലും ഇത്തരം ചതിയിൽ ചെന്ന് വീഴാതെ നന്നായി ജീവിക്ക്‌.. ചെറുപ്പം തൊട്ടേ നിന്നെ കാണുന്നതാ ഞാൻ ആ സ്നേഹത്തിന്റെ പുറത്ത് പറഞ്ഞതാ ....


ഒന്നും മിണ്ടാതെ തിരികെ നടന്നു....


വീട്ടിൽ  വീണ്ടും വിവാഹ ആലോചന തുടങ്ങി...അച്ഛൻ ഇടക്ക് പറഞ്ഞു ശ്രീ നല്ല പയ്യൻ ആണ് അവനെ ആലോചിച്ചാൽ  ...


  ... ഇന്ന് നവമി യുടെ വിവാഹമാണ്....


കല്യാണ വേഷത്തിൽ അവളെ കണ്ടപ്പോൾ ശ്രീ യുടെ സന്തോഷത്തിന് അതിരില്ലായിരുന്നു...നിനക്ക് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത്...


എടാ പോടാ ഞാൻ ഇവിടെ ടെൻഷൻ അടിച്ചു ചാകാറായി  പേടിച്ചിട്ട്‌ വയ്യ...


നിനക്ക് എന്തിന് പേടി നിന്നെ കെട്ടുന്ന ജീവൻ പേടിച്ചാ പോരെ നിന്നെപ്പോലെ ഒരു കുരിശിനെ ജീവിതം മൊത്തം ചുമക്കണ്ടത് അല്ലേ...


ജീവന്റെ ആലോചന വന്നപ്പോഴും പതിവ് കാരണങ്ങൾ ഉണ്ടാക്കി മുടക്കാൻ നോക്കി ...എന്നാൽ എന്റെ അടവ് ഒന്നും ഏറ്റില്ല..


     .ഒടുവിൽ ജീവനെ നേരിട്ട് കണ്ട് സംസാരിച്ചു ഒഴിവാക്കാം എന്ന് കരുതി ...എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല തന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് മോൾ ഇങ്ങനെ ഓരോന്നും കൊണ്ട് വരും തല വെച്ചു കൊടുക്കരുതെന്ന്.. 


ഒടുവിൽ ദേവന്റെ കാര്യം പറയേണ്ടി വന്നു...


എല്ലാം കേട്ടിട്ട് ജീവൻ പറഞ്ഞു...രണ്ട് മാസത്തെ അവധിക്ക്‌ ആണ് ഞാൻ വന്നത് ഇനി ഒരു മാസം ബാക്കി ഉണ്ട്...വിവാഹം കഴിഞ്ഞ് പോകാം എന്നായിരുന്നു പ്ലാൻ ...എന്തായാലും ഞാൻ ലീവ് ക്യാൻസൽ ചെയ്ത് രണ്ട് ദിവസത്തിന് ഉള്ളിൽ തിരികെ പോകും... നവമി ആശ്വാസത്തോടെ ജീവനെ നോക്കി...


എനിക്ക് തന്നെ ഇപ്പോഴും 

ഇഷ്ടമാണ്...തന്റെ മനസ്സ് ശാന്തമായി എന്ന് തോന്നുമ്പോൾ 

അന്ന് എന്നോട്  ഇഷ്ടം തോന്നിയാൽ അപ്പോൾ നമുക്ക് പിന്നീടുള്ള ജീവിതം ഒരുമിച്ച് അങ്ങ് ആക്കാം ...അത് വരെ സുഹൃത്തുക്കൾ ആയിട്ട് തുടരാം ... ഇപ്പൊൾ ഞാൻ ഇത് വേണ്ട എന്ന് പറഞ്ഞാല് തനിക്ക് അടുത്ത ആലോചന വരും ...

താൻ ഓക്കെ ആണെന്ന് പറ...ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി...

എന്ത് പറയുന്നു...ലീവ് ഇല്ലാത്തത് കൊണ്ട് ഞാൻ തിരികെ പോകുന്നു ആറ് മാസത്തിന് ഉള്ളിൽ വന്നു വിവാഹം നടത്താം എന്ന് പറയാം...

ജീവൻ പറഞ്ഞത് ശരിയാണെന്ന് നവമിക്ക് തോന്നി ....


പിന്നീട് അവർ നല്ല സുഹൃത്തുക്കൾ ആയി ... ജീവന്റെ സ്നേഹം നഷ്ടപ്പെടുത്താൻ നവമി ഒരുക്കം ആയിരുന്നില്ല...  അന്നു വരെ 

ഉണ്ടായിരുന്ന  എല്ലാ വിഷമങ്ങളും ജീവന്റെ സ്നേഹത്തിൽ കരുതലിൽ ഇല്ലാതെ ആയി....


        അവളുടെ മാറ്റത്തിൽ  ശ്രീയും ഒരുപാട് സന്തോഷിച്ചു....അങ്ങനെ അവർ വിവാഹത്തിൽ എത്തി...

കുറച്ച് വിഷമിച്ചാലും അതിലും ഇരട്ടി സന്തോഷം ജീവിതത്തിൽ കാത്തിരിക്കും.....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top