വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കൂടി തികഞ്ഞിട്ടില്ലല്ലോ, ഇപ്പം ഇങ്ങിനെയാണെങ്കീ...

Valappottukal


രചന: സന്തോഷ് അപ്പുക്കുട്ടൻ


"മരമാക്രീ, മണ്ടൻ കൊണാപ്പാ....മ.... മ... മത്തങ്ങ തലയാ....."


മൊബൈൽ ഫോണിലൂടെ

അലറി വിളിച്ച് ശ്വാസം കിട്ടാതെ, വെട്ടി വിയർത്ത് സോഫയിലേക്ക് വീഴും മുൻപെ, ഗായത്രി വല്ലാത്തൊരു ദേഷ്യത്തോടെ ഫോൺ ടേബിളിലേക്ക് എറിഞ്ഞു കഴിഞ്ഞിരുന്നു.....


"ആരാ മോളെ ഫോണിൽ വിളിച്ചത്?"


ഗായത്രിയുടെ ആൻ്റി സുമതി ഓടി വന്നു ചോദിക്കുമ്പോഴും, അവൾ ചെകുത്താൻ കുരിശ് കണ്ടതുപോലെ മൊബൈലിലേക്ക് നോക്കി കിതപ്പോടെ ഇരുന്നു.


"വല്ല കറക്കി കുത്തുക്കാരാണോ മോളെ? നെറ്റ് കോളിൽ കൂടി ഇങ്ങിനെ വിളിക്കുന്ന ചില ഞരമ്പൻമാരെ കൊണ്ട് ഇപ്പോൾ വല്ലാത്ത ശല്യമാ...."


ഗായത്രിയുടെ തലയിൽ തലോടി സുമതി ചോദിച്ചപ്പോൾ അവൾ ദേഷ്യത്തോടെ അവരെ നോക്കി.


" ഇത് ആ വൈറസുകളല്ല ആൻ്റീ.... എൻ്റെ കെട്ട്യോനാ.... "


" സ്വന്തം ഭർത്താവിനെ ആണോടീ ഇങ്ങിനെ വിളിക്കുന്നത് "


ഗായത്രിയുടെ അലറുന്ന ശബ്ദം കേട്ട്

അടുക്കളയിൽ നിന്ന് വന്ന രേഖ അവളുടെ ചുമലിൽ പതിയെ അടിച്ചു.


"ഗായൂ.... ഈയിടെയായി നിനക്ക് ഇച്ചിരി കുറുമ്പു കൂടുന്നുണ്ട്.... "


"ഭർത്താവിനെയല്ലാതെ വഴീപോണോരെ ചീത്ത വിളിക്കാൻ പറ്റോ എനിക്ക്.... ഒരു കോമൺസെൻസില്ലാത്ത അമ്മ വന്നിരിക്കുന്നു.?"


പല്ലിറുമ്മി ഗായത്രി ചോദിച്ചപ്പോൾ രേഖ ഒന്നും പറയാതെ ഹാളിലേക്ക് നടന്നു....


"എന്താ പ്രശ്നം മോളെ.... ആൻ്റിയോടു പറ... എന്തു പ്രശ്നമുണ്ടെങ്കിലും നമ്മൾക്ക് സോൾവ് ചെയ്യാം "


സുമതി അനുനയിപ്പിക്കാനെന്നവണ്ണം അവളോടു ചേർന്നിരുന്നു.


" ഇത് അങ്ങിനെ ഒന്നും സോൾവ് ചെയ്യാൻ പറ്റില്ല ആൻ്റീ.... എൻ്റെ ജീവിതം പോയെന്നു പറഞ്ഞാ മതി"


പാതിയിടറിയ വാക്കുകളോടെ അവൾ സുമതിക്കു ചാരെ ചേർന്നിരുന്നു....


"മോൾക്ക് ഒരു സ്വസ്ഥതയും അവൻ തരുന്നില്ലെങ്കിൽ, ആ ബന്ധം വേണ്ടെന്നു വെക്കണം.... വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കൂടി തികഞ്ഞിട്ടില്ലല്ലോ... ഇപ്പം ഇങ്ങിനെയാണെങ്കീ ഇനി മുന്നോട്ട് എങ്ങിനെയായിരിക്കും അവൻ്റെ ചെയ്തികൾ?


ഗായത്രിയെ തഴുകി കൊണ്ട് സുമതി ചോദിച്ചപ്പോൾ അവൾ സങ്കടത്തോടെ അവരെ നോക്കി....


" ഇനി എനിക്ക് വിവാഹമാർക്കറ്റിൽ വിലയുണ്ടാവുമോ ആൻ്റീ? രണ്ടാംകെട്ടെന്ന് പേര് വരില്ലേ?"....


" അതോർത്ത് മോൾ വിഷമിക്കണ്ട..... മോൾ ഇപ്പോൾ സമാധാനമായി ഇരിക്ക്.... നല്ലൊരു പയ്യനെ നമ്മൾക്ക് കണ്ടെത്താം "


സുമതിയുടെ ആശ്വസിപ്പിക്കൽ കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി .


തുറന്നിട്ട ജാലകത്തിനപ്പുറത്ത് കോരി ചൊരിയുന്ന മഴയെയും, വളഞ്ഞുപുളയുന്ന മിന്നലിനെയും നോക്കി സുമതി ഇരുന്നു.


"ദൈവം വളരെ നേരുള്ളവനാ.... അതു കൊണ്ടല്ലേ പെരുമഴ കാരണം എനിക്ക് വീട്ടിലക്ക് പോകാൻ കഴിയാതെ ഇവിടെ തങ്ങേണ്ടി വന്നതും, മോൾടെ സങ്കടമൊക്കെ എനിക്ക് കേൾക്കാൻ കഴിഞ്ഞതും?"


മൃദുല ഭാവത്തിൽ പറഞ്ഞു കൊണ്ടിരുന്ന സുമതിയുടെ കണ്ണുകൾ ഹാളിലിരുന്ന് ടി.വി കാണുന്ന രേഖയിലേക്കും, അശോകനിലേക്കും നീണ്ടപ്പോൾ അവരുടെ ശബ്ദം വല്ലാതെ ഉയർന്നു.


" മറ്റുള്ളവരെ എന്തിന് പറയുന്നു? നിൻ്റെ അച്ഛനെയും, അമ്മയെയും പറഞ്ഞാൽ മതിയല്ലോ? മുറ്റത്ത് ഇത്ര നല്ല ആൺപിള്ളേരുണ്ടായിട്ടും അതൊന്നും വേണ്ടാന്ന് വെച്ച്, ഗൾഫുകാരനെന്നും പറഞ്ഞ് ജില്ല കടന്ന് കണ്ടെത്തിയതല്ലേ?...."


സുമതിയുടെ അമർഷം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ അവൾ പതിയെ തലയിളക്കി, പുറത്തെ മഴയിലേക്കും നോക്കി ഇരുന്നു.


" നാളെ രാവിലെ

സുധിയേട്ടനോടൊന്നു ഇവിടം വരെ വരാൻ പറയോ ആൻ്റീ? "


നിശബ്ദമായ നിമിഷങ്ങൾക്കൊടുവിൽഗായത്രിയുടെ നനഞ്ഞ ചോദ്യം കേട്ടപ്പോൾ സുമതി, അവളെ ചേർത്തു പിടിച്ചു.


" അല്ലെങ്കിലും മോൾടെ ഈ സങ്കടം കണ്ടപ്പോൾ തന്നെ സുധിയോട് ഇവിടം വരെ വരാൻ പറയണമെന്ന് ആൻ്റി തീരുമാനിച്ചതാണ്...."


സോഫയിൽ ഇരിക്കുന്ന ഗായത്രിയെ ഒന്നു തഴുകി ഹാളിലേക്ക് നടന്നു ചെന്ന സുമതി, രേഖയെയും, അശോകനെയും ഈർഷ്യയോടെ നോക്കി.


"നിങ്ങൾ ഇവിടം കിടന്ന് സീരിയലും, ക്രിക്കറ്റും കാണുന്നതിന് വേണ്ടി റിമോട്ടിനായി തല്ലുകൂടി കളിച്ചോ? ഒരു മോളുള്ളതിൻ്റെ വിഷമം അറിയാത്ത ഒരു അച്ഛനും, അമ്മയും.... "


"ഞങ്ങൾ അന്വേഷിച്ച് ഒരു ചെക്കനെ കണ്ടെത്തി, അവളെ അവന് വിവാഹം കഴിച്ചു കൊടുത്തു നാത്തൂനേ... ഇനി അവരായി.... അവരുടെ പാടായി "


ടി.വിയിലേക്കും നോക്കി കൂളായി പറയുന്ന രേഖയെ ഒരു നിമിഷം അമ്പരപ്പോടെ സുമതി നോക്കി നിന്നു.


"ചേട്ടാ ക്രിക്കറ്റ് മാറ്റ്.... ഇനി എനിക്ക് ഇത്തിരി സീരിയൽ കാണണം... "


രേഖയിൽ നിന്ന് അതും കൂടി കേട്ടതോടെ സുമതിക്ക് കലികയറി.


" സ്വന്തം മോളുടെ കണ്ണീര് കണ്ടിട്ട് നിനക്കൊന്നും പറയാൻ ഇല്ലെടാ അശോകാ.... "


സുമതിയുടെ സ്വരമുയർന്നപ്പോൾ അശോകൻ അവരെ ഈർഷ്യയോടെ നോക്കി.


" ചേച്ചി ഒന്നു മിണ്ടാതെ അവിടെ ഇരുന്നേ.... ചെന്നൈ സൂപ്പർ കിങ്ങ്സ് തോൽക്കാൻ പോകുന്നതിൻ്റെ വിഷമത്തിലിരിക്കാണ് ഞാൻ .... അതിൻ്റെ ഇടയ്ക്ക് ഒരു പരാതീം പരിവട്ടോം ആയി വന്നിരിക്കാ"


അശോകൻ്റെ സംസാരം കേട്ടപ്പോൾ ഇടിവെട്ട് ഏറ്റതുപോലെ സുമതി നിമിഷങ്ങളോളം തരിച്ചിരുന്നു.....


"നല്ല അച്ഛനും,അമ്മയും... ഇതേ പോലെ ഉത്തരവാദിതമില്ലായ്മ കാണിക്കുന്ന മാതാപിതാക്കളുടെ പെൺമക്കളാണ്, ഭർത്തൃഗൃഹത്തിൽ കൊല്ലാകൊല ചെയ്യപ്പെടുന്നതെന്ന് മറക്കണ്ട "


സുമതി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് സിറ്റാട്ടിലേക്ക് നടന്നു....


കോരി ചൊരിയുന്ന മഴയിലേക്ക് നോക്കി നിന്ന സുമതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി.


അവർ മൊബൈൽ എടുത്ത് കീപാഡിൽ അമർത്തി ചെവിയോരം വെച്ചു.


" അതേടാ... അമ്മ തന്നെയാണ് വിളിക്കുന്നത് ... നാളെ നേരം വെളുക്കുമ്പോൾ നീ ഇത്രടം വരെ ഒന്നു വരണം....."


ഒന്നു നിർത്തി സുമതി, മറുപുറത്തു നിന്നുള്ള സംസാരം കേട്ടതിനു ശേഷം വീണ്ടും തുടർന്നു.


"നിൻ്റെ ഒരു ലോങ് ഓട്ടം... നിനക്ക് ഒരു ലോട്ടറി വീണുകിടക്കുമ്പോഴാ നിൻ്റെ ഒരു ലാഭവുമില്ലാത്ത ഓട്ടം... 

അതേടാ-നീ ഒരു പാട് ആഗ്രഹിച്ചിരുന്ന ഒരു ലോട്ടറി തന്നെയാണ്...."


പറയുന്നതിനിടയ്ക്ക് സുമതി രാത്രിമഴയിലേക്ക് കൈ നീട്ടി നിന്നു....


"അതേടാ മോനേ....

ഗായൂൻ്റെ കാര്യം തന്നെയാണ്.... ഇവൾ എന്തേ ഭർത്തൃ വീട്ടിൽ നിൽക്കാതെ

ഇവിടം വന്നു നിൽക്കുന്നതെന്ന് നമ്മൾ സംശയിച്ചിരുന്നില്ലേ? അത് സത്യാടാ.... അവർ തമ്മിൽ പിണക്കത്തിലാണ്... ജീവിതം മടുത്തെന്നു പറഞ്ഞ് എന്നെ സങ്കടത്തോടെ നോക്കിയതിനു ശേഷം സുധിയേട്ടനോടൊന്നു രാവിലെ ഇവിടേയ്ക്ക് വരാൻ പറഞ്ഞത് അവളാ....."


സംസാരം ഒന്നു നിർത്തി സുമതി ഹാളിലേക്ക് ഒന്നു പാളിനോക്കി.


രണ്ടു പേരും ടി.വിയിൽ ലയിച്ചിരിക്കുന്നത് കണ്ടപ്പോൾ സുമതിക്ക് ഉത്സാഹമേറി.


" ഇത് ശരിയായില്ലെങ്കിൽ

എൻ്റെ തല തല്ലി പൊളിക്കുമെന്നോ?... തല്ലി പൊളിക്കാൻ നിക്കണ്ട... ജീവനോടെ എന്നെ തെക്കേമുറ്റത്ത് കുഴിച്ചുമൂടിക്കോ.... കാരണം ഇത് നടക്കുമെന്ന് അത്രയ്ക്കും ഉറപ്പ് ആണ് എനിക്ക്.... "


അകത്ത് നിന്ന് രേഖയുടെ വിളി വന്നപ്പോൾ 'ഇപ്പം വരാമെന്ന് പറഞ്ഞ് സുമതി വീണ്ടും സംസാരം തുടർന്നു.


"മോനെ സുധീ... ഊണുകഴിക്കാൻ വിളിക്കുന്നു രേഖ... അപ്പോൾ പറഞ്ഞതു  പോലെ നാളെ രാവിലെ നൂറേ നൂറിൽ ഇങ്ങോട്ട് വാ.... "


ഒരു പുഞ്ചിരിയോടെ മൊബൈൽ ഓഫ് ചെയ്ത്, അകത്തേക്ക് നടന്ന സുമതിയുടെ മുഖത്ത് പൊടുന്നനെ വിഷാദ ഭാവം പടർന്നു.


അത്താഴം കഴിക്കാൻ ഗായത്രി വരില്ലായെന്നും, അവളെ നിർബന്ധം വിളിച്ചിരുത്തി സ്നേഹത്തോടെ

ഭക്ഷണം കഴിപ്പിക്കണമെന്നും മനസ്സിൽ വിചാരിച്ച്, കൈ കഴുകി ഡൈനിങ്ങ് ടേബിളിനരികിലേക്ക് സുമതി നടന്നു.....


ഡൈനിങ്ങ് ടേബിളിൽ നിരത്തിവെച്ചിരിക്കുന്ന ചപ്പാത്തിയും, വെജിറ്റബിൾ കറിയും വെട്ടി വിഴുങ്ങുന്ന ഗായത്രിയെ കണ്ടതും സുമതി സ്തബ്ധയായി ഒരു നിമിഷം അമ്പരപ്പോടെ നിന്നു...


" എനിക്ക് വിഷമവും, സങ്കടവും വന്നാൽ വിശപ്പു കൂടും ആൻ്റീ.... അതാ നിങൾ വരുന്നതിനു മുൻപ് ഞാൻ തുടങ്ങിയത്... സോറി ആൻ്റീ.... "


സ്തബ്ധയായി നിൽക്കുന്ന സുമതിയെ നോക്കി പെട്ടെന്ന് പറഞ്ഞു തീർത്ത് അവൾ വീണ്ടും ചപ്പാത്തി പ്ലേറ്റിലേക്ക് മൂക്കുകുത്തിയതും, സുമതി പതിയെ തലയാട്ടി.


ഭക്ഷണവും കഴിഞ്ഞ്, ഉറങ്ങാനായി സുമതി, ഗായത്രിയുടെ റൂമിലേക്ക് ചെല്ലുമ്പോൾ, അവൾ തുറന്നിട്ട ജാലകത്തിലൂടെ, പുറത്തു പെയ്യുന്ന മഴ കാഴ്‌ചകൾ മൊബൈലിൽ ഫോട്ടോ എടുക്കുകയായിരുന്നു....


ഫോട്ടോയെടുത്തതിനു ശേഷം, അവൾ ബെഡ്ഡിലേക്ക് വന്നു ,സുമതിയെ കെട്ടിപിടിച്ചു കിടന്നു.


സുമതിയുടെ വിരലുകൾ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിലൂടെ പരതി നടന്നു.....


വെളുപ്പിന് എഴുന്നേറ്റ സുമതി, തൻ്റെ അരികിൽ ഗായത്രിയെ കാണാതായപ്പോൾ അമ്പരപ്പോടെ മുറിക്ക് പുറത്തേക്കിറങ്ങിതും, കുളിച്ചു വന്ന് നില കണ്ണാടിക്കു മുന്നിൽ അണിഞ്ഞൊരുങ്ങുന്ന ഗായത്രിയെ കണ്ടപ്പോൾ ഒരു ദീർഘനിശ്വാസമുതിർത്തു.


മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും, അവൾ ഒരു പുഞ്ചിരിയോടെ സുമതിയെ നോക്കി.


"സുധിയേട്ടന് ഇത്രയും കൃത്യനിഷ്ഠയുണ്ടോ ആൻ്റീ.... പണ്ടത്തെ മടിയൊക്കെ മാറീലേ?"


"അവൻ പണ്ടത്തെ പോലെ അല്ല മോളേ.... ഇപ്പോൾ വീട്... വീടുന്നുള്ള ഒരു ശരണം മാത്രമേയുള്ളൂ... പണ്ടത്തെ തല്ലിപൊളി കൂട്ടുകെട്ടിൽ നിന്നുമൊക്കെ ഒഴിവായി രാപകലില്ലാതെ ഓട്ടോ ഓടിക്കാണ്...."


സുമതിയുടെ സംസാരം കേട്ടപ്പോൾ അവൾ വെറുതെ ഒന്നു പുഞ്ചിരിച്ചു.


" സുധിയോടെന്തിനാ മോൾ രാവിലെ വരാൻ പറഞ്ഞത്?"


സുമതിയുടെ ചോദ്യമുയർന്നതും, സുധി അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.


" സുധിയേട്ടാ.... നമ്മൾക്ക് ഒന്നു കൃഷ്ണൻ്റെ അമ്പലത്തിലേക്ക് പോകണം... ചായയൊക്കെ നമ്മൾക്ക് ഇവിടെ വന്നിട്ട് കുടിക്കാം"


ഗായത്രിയുടെ സംസാരം കേട്ടപ്പോൾ സുധി ഒരു പുഞ്ചിരിയോടെ അമ്മയെ നോക്കി...


സുമതി തലയാട്ടി കൊണ്ട് അവനെ നോക്കി ഒന്നു കണ്ണടച്ചു.


" അച്ഛനും, അമ്മയും എഴുന്നേറ്റിട്ട് ഉണ്ടാവില്ല... ആ ലൗവ് ബേർഡുസുകളെ ശല്യപെടുത്തണ്ടട്ടോ ആൻ്റീ... അപ്പോൾ ഞങ്ങൾ അമ്പലത്തിലേക്ക് പോയിട്ട് വരാം "


ഗായത്രി തിരക്കിട്ട് പുറത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് അടുത്തേക്കു നടന്നതും, സുമതി തൻ്റെ ചുണ്ടുകൾ സുധിയുടെ ചെവിയോരം ചേർത്തു.


" മുറുകെ പിടിച്ചോണം.... അയഞ്ഞു പോകാതെ... ലോട്ടറിയാ... ലോട്ടറി "


അമ്മയുടെ മന്ത്രണം 

കേട്ടതോടെ സുധി ഒരു കുസൃതിചിരിയോടെ തലയാട്ടി.....


പുറത്തേക്ക് നടന്ന ഗായത്രിയുടെ മൊബൈൽ അടിച്ചതും, അവൾ ഡിസ്പ്ലേയിലേക്ക് നോക്കി ഒരു പുഞ്ചിരിയോടെ കാതോരം ചേർത്തു.


"എന്തിനാ അജിയേട്ടാ, ഫോൺ ചെയ്യാൻ വേണ്ടി ഇത്ര രാവിലെ ഉണർന്നത്... അവിടെ ഇപ്പോൾ അഞ്ചു മണിയല്ലേ ആയിട്ടുണ്ടാകുകയുള്ളൂ"


ഗായത്രിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ, സുധി തീക്ഷ്ണമായ കണ്ണുകളോടെ സുമതിയെ നോക്കിയതും, അവർ വെട്ടിവിയർത്തു.


"ഇന്നലെ എനിക്ക് വല്ലാത്ത ദേഷ്യം വന്നു... അതോണ്ടാ ഞാൻ അങ്ങിനെയൊക്കെ വിളിച്ചത്... സംസാരം കുഴഞ്ഞപ്പോൾ എനിക്ക് മനസ്സിലായി.... ക്വാട്ടയായ മൂന്ന് പെഗിനെക്കാൾ കൂടുതൽ അജിയേട്ടൻ അടിച്ചിട്ടുണ്ടെന്ന്... അതാ എൻ്റെ പ്രഷർ കൂടിയത് "


അതും പറഞ്ഞ് അവൾ സുമതിയെ നോക്കി ഒന്നു കണ്ണടച്ചു.


രക്തം വറ്റി നിൽക്കുന്ന സുമതി, സുധിയെ ഒന്നു പാളി നോക്കി....


തന്നെ തുറിച്ചു നോക്കി നിൽക്കുകയാണ് സുധിയെന്നു കണ്ടതും അവർ പൊടുന്നനെ നോട്ടം മാറ്റി...


" ഞാൻ വിളിച്ച ചീത്തകളൊന്നും കേട്ടില്ലെന്നോ?ചെവിട്ടിൽ പഞ്ഞി വെച്ചിരുന്നെന്നോ, അമ്പടാ കള്ളാ... അപ്പോൾ എല്ലാ മുൻകരുതലും എടുത്തിട്ടാണല്ലോ എന്നെ വിളിച്ചത്...."


പറയുന്നതിനിടയ്ക്ക് അവൾ സുധിയോട് ഓട്ടോ സ്റ്റാർട്ടാക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചതും, സുധി സുമതിയെ നോക്കി പല്ലിറുമ്മി ഓട്ടോറിക്ഷക്കരികിലേക്ക് നടന്നു.


"ഇത്തിരി തിരക്കുണ്ട് അജിയേട്ടാ.... അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയതാ... നേരം വൈകിയാൽ നട അടക്കും"


ഉറക്കത്തിൽ നിന്ന്

എഴുന്നേറ്റ് വന്ന് സുമതിക്ക് പിന്നിലായ് നിൽക്കുന്ന അമ്മയെ നോക്കി അവൾ സംസാരത്തിനിടയ്ക്ക് ഒന്നു പുഞ്ചിരിച്ചു.


" ഇല്ല അജിത്തേട്ടാ.,,, ഒറ്റയ്ക്ക് നടന്നു പോകില്ല... സുധിയേട്ടനോട് ഒന്ന് രാവിലെ വരാൻ പറഞ്ഞതേയുള്ളൂ... ഞാൻ റെഡിയാവുമ്പോഴെക്കും ഓട്ടോ ഇവിടെ എത്തി... അല്ലെങ്കിലും എൻ്റെ കാര്യത്തിൽ അവർക്ക് വല്ലാത്ത കരുതലാ... അല്ലേ ആൻ്റീ? "


സംസാരത്തിനിടയ്ക്കുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ, ഒരു ഇടിമിന്നൽ

ചെകിട്ടിലൂടെ പാഞ്ഞു പോയതുപോലെയാണ് സുമതിക്ക് തോന്നിയത്.


" അപ്പോൾ ശരി അജിയേട്ടാ... ഞാൻ അമ്പലത്തിൽ നിന്നു വന്നിട്ടു വിളിക്കാം... ബൈ ഡിയർ .. ആ പിന്നെ ഒരു കാര്യം പറയാൻ മറന്നു... ഇന്നലെ രാത്രി ഇവിടെ നന്നായി മഴ പെയ്തു ... അതിൻ്റെ ഫോട്ടോസ് ഞാൻ വാട്ട്സപ്പിൽ അയച്ചിട്ടുണ്ട്... മരുഭൂമിയിൽ കിടക്കുന്നതല്ലേ? നാട്ടിലെ മഴകാലം കണ്ട് ആ മനസ്സൊന്നു കുളിർന്നോട്ടെ എന്നു വിചാരിച്ചാ...."


ഫോൺ ഓഫ് ചെയ്ത് അവൾ അമ്മയെ നോക്കി.


" അപ്പോൾ അമ്പലത്തിൽ പോയിട്ടു വരാം അമ്മേ...അജിയേട്ടൻ്റെ പക്കാ പിറന്നാൾ ആണ് ഇന്ന് "


അതും പറഞ്ഞ് അവൾ മഴയിലൂടെ ഓടി ഓട്ടോയിൽ കയറി ഇരുന്നു.


സുമതിയെ നോക്കി സുധി ഓട്ടോ

ഒരു കുലുക്കത്തോടെ  മുന്നോട്ട് എടുക്കുമ്പോൾ സുമതിയുടെ നെഞ്ച് വല്ലാതെ പെരുമ്പറകൊണ്ടു.


"ഇന്നലത്തെ അവളുടെ ഭാവം കണ്ട് നാത്തൂൻ വല്ലാതെ പേടിച്ചു അല്ലേ? ഇത് ഞങ്ങൾ അവരുടെ കല്യാണം കഴിഞ്ഞ നാൾ മുതൽ കാണുന്നതാ... അതാ ഞങ്ങൾ മൈൻഡ് ചെയ്യാതിരിരുന്നത് "


രേഖയുടെ സംസാരത്തിന് മറുപടി കൊടുക്കാതെ, സുമതി വളവു തിരിയുന്ന ഓട്ടോയിലേക്ക് ഭീതിയോടെ നോക്കി നിൽക്കുകയായിരുന്നു.


"നമ്മുടെ കാലത്തെ സ്നേഹവും, പ്രണയവും ചാറൽ മഴ പോലെയാണെങ്കിൽ, ഇപ്പോഴത്തെ പിള്ളേരുടെ പ്രണയമൊക്കെ പെരുമഴകാലം പോലെയാണ് നാത്തൂനേ... ഇടിവെട്ടും, മിന്നലും ഇടകലർന്ന് കുത്തിയൊലിക്കുന്ന ഒരു പെരുമഴകാലം....."


ചിരിയോടെ പറയുന്ന രേഖയെ നോക്കി, സുമതി യാന്ത്രികമായി തലയാട്ടി.


" പെരുമഴകാലം തന്നെയാണ് നാത്തൂനേ... ഇടിവെട്ടും, മിന്നലും മാത്രമേ ഇനി വരാനുള്ളൂ... അത് ഞാൻ വീട്ടിലെത്തിയാൽ വന്നോളും "


നിറഞ്ഞു പെയ്യുന്ന മഴയിലേക്കും നോക്കി സുമതി പറഞ്ഞത് മനസ്സിലാകാതെ രേഖ നിൽക്കുമ്പോൾ, വീട്ടിലെത്തിയാൽ നടക്കുന്ന ഇടിവെട്ടിൻ്റെയും, മിന്നലിൻ്റെയും ഭീതിയിലായിരുന്നു സുമതി.


Nb: പ്രണയം ശാന്തമായ ഒരു പുഴയല്ല.... മറിച്ച്

മലരികളും ചുഴികളും ഉള്ള ഒരു പുഴയാണ്... അങ്ങിനെ ഒഴുകാനാണ് പുഴയ്ക്കും, പ്രണയത്തിനും ഇഷ്ടമെന്നാണ് ആരോ പറഞ്ഞിരിക്കുന്നത്......


ശുഭം.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top