വിവാഹം കഴിഞ്ഞു ഒരു മാസം കഴിയും മുൻപേ അവൾ ഗ- ർഭിണിയാണെന്നവാർത്ത...

Valappottukal



രചന: SK R


"ഷിജിയേ...എന്നാ പറ്റിയെടീ??"


ഊണ് മേശയിൽ കൈമുട്ടുകളൂന്നി താടിയ്ക്ക് കയ്യും കൊടുത്തിരിക്കുന്നവളെ നോക്കി സ്മിത ചോദിച്ചു...നൈറ്റ് ഡ്യൂട്ടി ആയിരുന്നു അവൾക്ക്...ഉറക്കം കഴിഞ്ഞുഎഴുന്നേറ്റു വരുമ്പോഴാണ് എന്തോ ആലോചിച്ചു സങ്കടം നിറഞ്ഞ മുഖവുമായി ഇരിക്കുന്ന ഷിജിയെ കണ്ടത്..


നിറകണ്ണുകളോടെ   അവളെ നോക്കി. .


"എന്താടാ ?എന്തുപറ്റി?"


സംഗതി ഗൗരവമുള്ളതാണെന്നു മനസിലായതോടെ സ്മിത ഒരു കസേര വലിച്ചിട്ട് ഇരുന്നുകൊണ്ട് ചോദിച്ചു..


"വീട്ടിൽ നിന്ന് വിളിച്ചോ?"


അടരാറായി നിന്ന നീർമുത്ത് തുടച്ചു നീക്കിക്കൊണ്ട്   തല കുലുക്കി...


"മ്. .എന്നിട്ടെന്താ അവരുടെ പുതിയ ആവശ്യം??"

സ്മിതയുടെ മുഖത്തു പുച്ഛഭാവം പ്രകടമായി..


"അനിയത്തിയേയും കുഞ്ഞിനെയും തിരികെ വിടുമ്പോൾ അലമാരയും വാഷിംഗ് മെഷീനും കൂടെ വേണമത്രെ...."

സങ്കടം നിറഞ്ഞ വാക്കുകൾ അടർന്നു വീണു..


സ്മിതയുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.


"സത്യത്തിൽ നീ അവരുടെ മോള് തന്നെയാണോ??അഞ്ചുകൊല്ലമായില്ലേ നാട്ടിൽ പോകാതെ ഈ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്നു..എന്നിട്ടും മൂത്ത മകളെ കാണണമെന്നു പോലും നിന്റെ അപ്പനും അമ്മയ്ക്കും തോന്നുന്നില്ലേ?"


 ഹൃദയത്തിൽ മുള്ള് കുത്തുന്ന വേദന അനുഭവപ്പെട്ടു ...


"നിനക്കറിയില്ലേടാ കുഞ്ഞിന് വേണ്ട മാലയും അരഞ്ഞാണവും കാൽത്തളയും കൈച്ചെയിനുമെല്ലാം ഉണ്ടാക്കാനുള്ള പൈസയ്ക്ക് ഞാനെത്ര കഷ്ടപ്പെട്ടെന്ന്..രാജിയ്ക്കും അശോകേട്ടനും ഇനിയും പകുതിയിലേറെ പൈസ കൊടുക്കാനുണ്ട്..ഞാനിവിടെ സ്വർണം കൊയ്യുകയാണെന്നാ അവരുടെ വിചാരം.."


അതുവരെ നിയന്ത്രിച്ചുവച്ചിരുന്ന സങ്കടം മിഴിനീരായി ഒലിച്ചിറങ്ങി..


"എന്റെ ഷിജീ ഞാൻ നിന്നെയെ കുറ്റം പറയൂ...നിനക്ക് താങ്ങാൻ പറ്റാവുന്നതെ താങ്ങാവൂ....ഇങ്ങനെപോയാൽ അവർക്ക് വേണ്ടി ജീവിച്ചു നിന്റെ ആയുസ്സൊടുങ്ങും. ."


 സ്മിതയുടെ വാക്കുകൾ കേട്ടതും അറിയാതെ കരഞ്ഞുപോയി.


"ഡാ...നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല...മാതാപിതാക്കളെയും സഹോദരങ്ങളെയും സ്നേഹിക്കണ്ട എന്നല്ല...പക്ഷേ കുറച്ചെങ്കിലും നീ നിന്നെത്തന്നെ സ്നേഹിക്കണം.....അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഇങ്ങനെയങ്ങു തീരും..പറഞ്ഞില്ലെന്നു വേണ്ട...."


സ്നേഹം കലർന്ന ശാസനയോടെ പറഞ്ഞിട്ട് സ്മിത അടുക്കളയിലേക്കു പോയി. ...


സത്യമാണ് അവൾ പറഞ്ഞത്... ചിന്തകൾ  കുട്ടിക്കാലത്തിലേക്കു സഞ്ചരിച്ചു...നാട്ടിലെ വലിയ പണക്കാരനായ എൽദോച്ചായന്റെ തടി മില്ലിലെ പണിക്കാരൻ ആയിരുന്നു ചാച്ചനായ ഫിലിപ്പ്...അമ്മ മോളി വീട്ടമ്മയാണ്...അവരുടെ മൂത്തമകളായി  ജനനം...ചാച്ചനും അമ്മയും നല്ല വെളുത്ത നിറമുള്ളവരായിരുന്നു..ഇരുനിറക്കാരിയായ താൻ അവരിൽ നിന്നുമാണ് വർണവിവേചനത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്.  .സ്വന്തം കുഞ്ഞായിട്ടും നിറം കുറഞ്ഞതിന്റെ പേരിൽ  അവരിൽ നിന്നും അവഗണന നേരിടേണ്ടി വന്നു...


മൂന്ന് വയസ് ആയപ്പോഴാണ് ഇരട്ടകളായ  ഷാജുവും ഷാനിയും ഉണ്ടായത്...അതിനു ശേഷം നാല് വർഷം കഴിഞ്ഞപ്പോൾ ഏറ്റവും ഇളയവളായ ഷീബയും ജനിച്ചു...ചാച്ചനും അമ്മയും കാണിച്ച വേർവ്യത്യാസം സഹോദരങ്ങളും കാണിച്ചു തുടങ്ങി...താനെന്തോ ആ വീട്ടിലെ അല്ലെന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ..എന്തിനും വെളുത്തവരായ അവർക്കായിരുന്നു മുൻഗണന..അവഗണനകൾ എത്രയോ രാത്രികളെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു..


മെലിഞ്ഞു നീണ്ട സ്വന്തം ശരീരം നോക്കി എത്രയോ പ്രാവശ്യം ഖേദിച്ചിരിക്കുന്നു...ഷാനിയും ഷീബയും പ്രായത്തിൽ കവിഞ്ഞ ശരീരവളർച്ചയുള്ളവരായിരുന്നു. ..അവരോടൊപ്പം നടക്കുമ്പോൾ  വയസിന് മൂത്തതായിട്ടും എത്രയോ വട്ടം പരിഹസിക്കപ്പെട്ടിരിക്കുന്നു.


പരിഹാസങ്ങളുടെ മൂർച്ച കൂടിയപ്പോൾ പള്ളിയിലേക്കൊക്കെ ഒറ്റയ്ക്ക് പോകാൻ തുടങ്ങി.ആകെപ്പാടെയുള്ള സമാധാനം നന്നായി പഠിച്ചിരുന്നത് കൊണ്ട് ടീച്ചേഴ്സിനും ക്ലാസ്സിലെ  കുട്ടികൾക്കുമൊക്കെ നല്ല ഇഷ്ടമായിരുന്നു..


പത്താം ക്ലാസ് ഉയർന്ന മാർക്കോടെ പാസായി...പള്ളി വക സ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്...അവിടെ തന്നെ പ്ലസ് റ്റുവിനും ചേർന്നു...എൻട്രൻസ് എഴുതാനുള്ള പൈസയ്ക്കായി ചാച്ചനോട് ചോദിച്ചപ്പോൾ സ്വന്തമായി എങ്ങനെയെങ്കിലും ഉണ്ടാക്കാൻ പറഞ്ഞ ആളാണ് ..വിഷമിച്ചിരുന്നപ്പോൾ സഹപാഠിയായിരുന്ന ഇന്ദുവാണ് പൈസ തന്ന് സഹായിച്ചത്....അനിയനും അനിയത്തിമാരും പഠനത്തിൽ പിറകോട്ടായിരുന്നു...ഏതായാലും നഴ്സിങ്ങിന് പ്രവേശനം ലഭിച്ചു....ദൈവാനുഗ്രഹം കൊണ്ട് ഒരു സ്പോൺസറിനെ ലഭിച്ചു.....പിന്നെ പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പാവപ്പെട്ട  കുട്ടികൾക്കായി  പള്ളി നൽകുന്ന സ്കോളർഷിപ്പും....ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത് ..ഭാഗ്യത്തിന് പ്രവേശന സമയത്തു ചാച്ചൻ കൂടെ വന്നിരുന്നു...


ആദ്യമൊക്കെ രണ്ടാഴ്ച്ച കൂടുമ്പോൾ വീട്ടിൽ വരുമായിരുന്നു...പിന്നെയത് നീണ്ട അവധികൾക്ക് മാത്രമായി ചുരുങ്ങി...അത്രമാത്രം വീട് മനസിനെ അസ്വസ്ഥമാക്കിയിരുന്നു. .പഠനം പൂർത്തിയാക്കി ജോലി നേടിയപ്പോഴാണ് സ്വന്തം വീട്ടിൽ അല്പമെങ്കിലും അംഗീകാരം കിട്ടിയത്....ആദ്യത്തെ ശമ്പളം മുഴുവനായി അടുത്തുള്ള അനാഥാലയത്തിനു നൽകണമെന്നു പറഞ്ഞപ്പോൾ വീട്ടിലുണ്ടായ പുലിവാല് ഓർക്കാൻ കൂടി വയ്യ..ദേഷ്യം വന്ന ചാച്ചൻ കഴുത്തിൽ  പിടിച്ചു ഞെക്കാൻ വന്നു ...അമ്മ തടഞ്ഞതുകൊണ്ട് രക്ഷപെട്ടു. ..


എങ്ങനെയെങ്കിലും ഗൾഫിൽ പോകണം എന്ന ആഗ്രഹം ശക്തമായി...രണ്ട് വർഷത്തെ പ്രവർത്തിപരിചയം ആയിക്കഴിഞ്ഞപ്പോൾ അതിനു വേണ്ടി ശ്രമമായി...വിസ കിട്ടിയപ്പോൾ ഉള്ള സന്തോഷം മുഴുവൻ അതിനു വേണ്ടി മുടക്കേണ്ട തുക എങ്ങനെ കണ്ടെത്തും എന്നോർത്തപ്പോൾ പോയി. .


പക്ഷേ  അത്ഭുതപ്പെടുത്തിക്കൊണ്ട് ചാച്ചൻ ആരുടെയോ കയ്യിൽ നിന്നും ആവശ്യമുള്ള പൈസ കടം വാങ്ങിത്തന്നു...അതൊരു തന്ത്രം ആയിരുന്നു  എന്നറിയാൻ വൈകിപ്പോയി..


അത്യാവശ്യങ്ങൾ കഴിച്ചുള്ള ശമ്പളവും ഓവർടൈമും ഒക്കെ അയച്ചുകൊടുത്തിട്ടും അവർക്കൊന്നിനും തികയുന്നുണ്ടായിരുന്നില്ല...ഏതായാലും അതിന്റെ ഫലമായി ഓടിട്ട കുഞ്ഞുവീടിന്റെ സ്ഥാനത്തു അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു വാർപ്പ് വീട് പൊങ്ങി..അതോടൊപ്പം കുന്നോളം കടങ്ങളും ...


പഠനത്തോട് തീരെ താത്പര്യമില്ലാതിരുന്ന ഷാനി പ്ലസ് റ്റു തോറ്റപ്പോൾ ആദ്യം തയ്യലിന് പോയി....അതു പൂർത്തിയാക്കാതെ ബ്യൂട്ടീഷൻ കോഴ്‌സ് ചെയ്യണമെന്ന് പറഞ്ഞ് അതിനുപോയി ..ഷാജുവും ആർക്കോ വേണ്ടി എന്നവണ്ണം ബിഎ സോഷ്യോളജിക്ക് പോയെങ്കിലും പൂർത്തിയാക്കിയില്ല..


ഗൾഫിൽ എത്തി രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ മുതൽ നാട്ടിൽ പോകാനുള്ള ആഗ്രഹം ശക്തമായി..പക്ഷേ വീട്ടിൽ പറഞ്ഞപ്പോഴുള്ള അമ്മയുടെ മറുപടിയാണ് ഏറ്റവും തളർത്തിയത്.


"അങ്ങോട്ട് പോയതല്ലേ ഉള്ളൂ..വീട് വച്ചതിന്റെ കടം വീടി വരുന്നതേ ഉള്ളു...ഇങ്ങോട്ട് വരാൻ ചെലവിടുന്ന പൈസ കൊണ്ട് ആ കടം വീട്ടാൻ നോക്ക്...."


മറുപടി ഒന്നും പറഞ്ഞില്ല..കണ്ണും നെഞ്ചും നീറി...പിന്നീടിതുവരെ നാട്ടിൽ പോവണമെന്ന ചിന്ത ഉണ്ടായിട്ടില്ല...


ആയിടയ്ക്കാണ് ഷാനിയ്ക്ക് ഒരാലോചന വന്നത്.എല്ലാം തീരുമാനിച്ച ശേഷമാണ് തന്നോട് പറഞ്ഞത് തന്നെ...ഞങ്ങളുടെ ഇടവകയിലെ അറിയപ്പെടുന്ന കുടുംബം തന്നെയാണ്...പ്രമാണിയായ തോമസ് അച്ചായന്റെ മൂത്ത മകൻ ബെന്നിയാണ് വരൻ..അരിശം ഉള്ളിൽ ഉരുണ്ട് കൂടുന്നതറിഞ്ഞു.  സാമാന്യം നല്ല തല്ല് കൊള്ളിത്തരം ഉള്ള കൂട്ടത്തിൽ ആണ്. ..പെണ്പിള്ളേരെ കാണുമ്പോൾ കാമം വിരിയുന്ന അവന്റെ കണ്ണുകൾ ഓർക്കുമ്പോൾ തന്നെ അറപ്പാകുന്നു..തന്റെ പ്രതിഷേധം അപ്പോൾ തന്നെ അമ്മയെ അറിയിച്ചു..


ജോലി കഴിഞ്ഞു മുറിയിൽ എത്തിയപ്പോഴാണ് ഷാനിയുടെ മിസ്ഡ് കാൾ കണ്ടത്..തിരികെ വിളിച്ചു...ഓഹ് അന്നത്തെ അവളുടെ വാക്കുകൾ ഓർക്കാൻ വയ്യ ..അക്ഷരാർത്ഥത്തിൽ അവൾ പൊട്ടിത്തെറിക്കുകയായിരുന്നു..അവൻ എങ്ങനെ ആയാലും അവൾ സഹിച്ചോളാമെന്ന്..അത്രയും നല്ല കുടുംബത്തിൽ നിന്നും ആലോചന വന്നതിന്റെ അസൂയയാണ് തനിക്കെന്ന്...ഇനിയും ഇത് മുടക്കാൻ ശ്രമിച്ചാൽ തന്റെ പേരെഴുതി വച്ചിട്ട് ആത്മഹത്യ ചെയ്യുമെന്ന്....


കൊള്ളാം തന്റെ സഹോദരി എത്ര നന്നായി ആണ് തന്നെ മനസിലാക്കിയിരിക്കുന്നത്...നീയതിൽ ഇടപെടാൻ പോവണ്ട.അവളുടെ വിധി പോലെ വരട്ടെന്ന് കാര്യമറിഞ്ഞപ്പോൾ സ്മിതയും പറഞ്ഞു..


ഒന്നും വേണ്ടെന്ന് പറഞ്ഞാണ് ആലോചന തുടങ്ങിയതെങ്കിലും  അവരുടെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചു കല്യാണം നടത്തണം എന്നായി  അവസാനം.അവൾക്കുള്ള ആഭരണങ്ങൾക്കും വസ്ത്രങ്ങൾക്കും വിവാഹാവശ്യത്തിനുമായി ലോൺ എടുത്തു.എന്നിട്ടും തികയാതെ അവർ നാട്ടിലും 

പലിശയ്ക്ക് പണം വാങ്ങി...


വിവാഹം കഴിഞ്ഞു ഒരു മാസം കഴിയും മുൻപേ അവൾ ഗർഭിണിയാണെന്നവാർത്ത ശരിക്കും ഞെട്ടിച്ചു..അവസാനം അമ്മയുടെ വായിൽ നിന്നു തന്നെ അറിഞ്ഞു വിവാഹത്തിന് മുന്നേ അവൾ ഗർഭിണി ആയിരുന്നു എന്ന യാഥാർഥ്യം....എന്നാലും എന്റെ കുഞ്ഞനുജത്തി......നെഞ്ചു പൊള്ളുന്നുണ്ടായിരുന്നു. ....


അവളുടെ പ്രസവത്തിനും കുഞ്ഞിനുള്ള ആഭരണങ്ങൾക്കുമെല്ലാം കണക്ക് പറഞ്ഞു വാങ്ങാൻ ചാച്ചൻ മറന്നില്ല. .അവർക്ക് പണം മാത്രം മതിയായിരുന്നു .അതിന്റെ ശ്രോതസ് അറിയണമെന്നില്ലായിരുന്നു..


ഒരു കൊല്ലം മുൻപ് ഇളയ അനിയത്തിയും അവളുടെ പങ്കാളിയെ സ്വയം കണ്ടെത്തി....അപ്പോഴും തന്റെ ജീവിതത്തെ കുറിച്ചു മാത്രം  ആരും ചിന്തിച്ചില്ല.ജീവിതത്തിൽ തനിക്ക് മാത്രമെന്തേ സ്വയം തീരുമാനമടുക്കാൻ കഴിയാതെ പോവുന്നു... 


 ഇപ്പോൾ അവളെയും കുഞ്ഞിനെയും തിരികെ ആക്കുമോൾ വേണ്ട സാധനങ്ങൾക്കുള്ള പൈസ ഇനി ആരോട് ചോദിക്കും? നെഞ്ചിൽ ഒരു നെരിപ്പോട് ഉയർന്നു....

 💮💮💮💮💮💮💮💮💮💮💮💮💮💮💮

"ഞാൻ നോക്കിയിട്ട് ഒരു മാർഗ്ഗമേ ഉള്ളു. ഒന്നും ആലോചിക്കാതെ നാട്ടിൽ പൊയ്ക്കോ.......അല്ലാതെ അവര് സമ്മതിച്ചിട്ടു നിന്റെ നാട്ടിൽ പോക്ക് നടക്കുമെന്ന് തോന്നുന്നില്ല.എന്നിട്ട് നീ ജോലി രാജി വച്ചിട്ടാണ് വന്നതെന്ന് പറയണം. ..അപ്പോഴറിയാം അവരുടെ മനസിലിരുപ്പ്.മൂത്ത മകളായ നിന്റെ കല്യാണത്തെ കുറിച്ചു അവരൊരു വാക്ക് പോലും മിണ്ടുന്നില്ലല്ലോ...ങാ അവരെ പറഞ്ഞിട്ട് കാര്യമില്ല..ഒരു കറവപ്പശുവാകാൻ നീ തയ്യാറായി നിൽക്കുകയല്ലേ...എനിക്കൊരു കാര്യമേ നിന്നോട് പറയാനുള്ളു...പാത്രമറിഞ്ഞേ ഭിക്ഷ നൽകാവൂ...അല്ലെങ്കിൽ ജീവിത കാലം മുഴുവൻ വിഡ്ഢിയാക്കപ്പെട്ടവളായി കഴിയാം"


സ്മിത  തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.


പിന്നെ തീരുമാനങ്ങളെല്ലാം പെട്ടെന്നായിരുന്നു ..അഞ്ചു വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് ...രാജിയ്ക്കും അശോകേട്ടനും കൊടുക്കാനുള്ളത് സാവകാശം മതിയെന്നുള്ളത് ആശ്വസിപ്പിക്കുന്ന കാര്യമായിരുന്നു..നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ മുഴുവൻ കൂടെയുള്ളവരുടെ സമ്മാനമായിരുന്നു..പോകാൻ നേരം ഒഴിഞ്ഞു കിടന്ന എന്റെ കഴുത്തു കണ്ട്  സ്മിത അവളുടെ മാല ഊരിത്തന്നെങ്കിലും സ്നേഹപൂർവം നിരസിച്ചു...അല്ലെങ്കിൽ അതും കൂടി ചിലപ്പോൾ ഉണ്ടാക്കിക്കൊടുക്കേണ്ട ഗതികേട് ഉണ്ടാവും..

സ്മിതയുടെ ആങ്ങളയുടെ നമ്പർ തന്നിട്ടുണ്ട്...നാട്ടിൽ ചെന്ന് എന്താവശ്യത്തിനും

അവനെ വിളിച്ചാൽ മതിയെന്നാണ് അവളുടെ കൽപ്പന..


വിമാനം ഭൂമിയെ തൊട്ടതും ഹൃദയം പൊട്ടിത്തെറിക്കുമെന്നു തോന്നി...അത്രമാത്രം  നാടിനെ ചേർത്തുപിടിക്കാൻ ആഗ്രഹിച്ചിരുന്നോ?


എയർപോർട്ടിൽ സ്മിതയുടെ ആങ്ങള സാം ഉണ്ടായിരുന്നു...ഒരുപാട് കാലം പരിചയമുള്ള ആളെ പോലെയായിരുന്നു  സാമിച്ചായന്റെ പെരുമാറ്റം....സ്മിതയെ പോലെ തന്നെ.....ഇച്ഛായൻ തന്നെയാണ് വീട്ടിലെത്തിച്ചതും...


പറയാതെ ചെന്നു കയറിയപ്പോൾ ചാച്ചനും അമ്മയും ഞെട്ടിപ്പോയി. ...അഞ്ചുവർഷങ്ങൾക്ക് ശേഷം കണ്ട മകളെ ചേർത്തുപിടിക്കാൻ കഴിയാത്തവിധം മനസുകൾ തമ്മിൽ എന്നേ അകന്നിരുന്നു. ഒന്നും നോക്കാതെ അകത്തുകയറി..


"നീയെന്താ ഒന്നു പറയുക പോലും ചെയ്യാതെ?"


മുഖമുയർത്തി നോക്കി..അമ്മയാണ്.


"വർഷം അഞ്ചായില്ലേ പോയിട്ട്..വരണമെന്ന് തോന്നി വന്നു...'


പെട്ടെന്ന് തന്നെ തോർത്തെടുത്തു കുളിമുറിയിലേക്ക് കയറി....ആരോടും സംസാരിക്കാൻ വയ്യ. ..ആർക്കും വിശദീകരണം നൽകാനും വയ്യ...അനിയത്തിമാർ രണ്ട്പേരും വിവരമറിഞ്ഞു  വന്നു....മക്കളെ കൊണ്ടുവന്നിട്ടില്ല....അല്ലെങ്കിലും കൊണ്ടുവന്നു കാണിക്കാൻ തക്കവിധം താൻ അവരുടെ ആരാണ്...പണം കായ്ക്കുന്ന മരം...അത്ര തന്നെ.


"ചേച്ചീ എന്നാ തിരികെ പോകുന്നത്?"

ഷാനിയുടേതാണ് ചോദ്യം..


"ഞാനിനി പോകുന്നില്ല.’"

  ലഗേജിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്ന ഷാനിയുടെ കൈകൾ നിശ്ചലമായി  ....ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോകുന്നത് കണ്ടതും മനസിലായി ഉടൻ തന്നെ വിചാരണ ഉണ്ടാവുമെന്ന്...ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് ഷീബയും പുറത്തേക്ക് പോയി.അപ്പോൾ തന്നെ ചാച്ചന്റെ വിളി വന്നു..പറയാനുള്ളതെല്ലാം മനസിൽ ഉറപ്പിച്ചു സ്വീകരണമുറിയിലേക്ക് ചെന്നു..


"നീയിനി പോകുന്നില്ലേ?ചാച്ചന്റെ സ്വരത്തിൽ ദേഷ്യം പ്രകടമായിരുന്നു..


"ഇല്ല.."


"പിന്നെന്താ നിന്റെ ഉദ്ദേശം??കടമെത്ര ഉണ്ടെന്നറിയാമോ..ഇതൊക്കെ എങ്ങനെ വീട്ടും എന്നാണ്.."


 എല്ലാവരെയും ഒന്നു നോക്കി..


"ഞാൻ  കടവും ലോണും ഒക്കെ എടുത്തു ആവശ്യത്തിനുള്ള പണം അയച്ചിരുന്നല്ലോ...പിന്നെന്തിനു വീണ്ടും കടം വാങ്ങി?"


ഫിലിപ്പിന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചുകയറി....


"പിന്നേ...അവൾ അയച്ചു തന്നതിന്റെ കണക്കു പറയുന്നു..നീ അയച്ചു തന്ന നക്കാപ്പിച്ച കൊണ്ടാണോ ഇവിടുത്തെ കാര്യങ്ങൾ നടന്നത്?"


 മുഖത്ത് വേദന നിറഞ്ഞ പുഞ്ചിരി നിറഞ്ഞു..


".എനിക്ക് കഴിയാവുന്നതിന്റെ പരമാവധി ഈ കുടുംബത്തിന് വേണ്ടി ഞാൻ ചെയ്തിട്ടുണ്ട്...പകരം നിങ്ങൾ എനിക്കെന്താണ് നൽകിയത് .അല്പം നിറം കുറഞ്ഞതിന്റെ പേരിൽ നിങ്ങളെന്നോട് ഇക്കാലമത്രയും ചെയ്ത എല്ലാ അവഗണനകളും മറക്കാനും പൊറുക്കാനും ശ്രമിച്ചവളാണ് ഞാൻ...ഇത്രയൊക്കെ നിങ്ങൾക്ക് വേണ്ടി ചെയ്തിട്ടും സ്നേഹമോ പരിഗണനയോ എനിക്ക് കിട്ടിയില്ല..നിങ്ങൾക്ക് എന്റെ പണം വേണം പക്ഷെ എന്നെ വേണ്ട.....ഇനിയും ഒരു കറവപ്പശു ആവാൻ എനിക്ക് താൽപര്യമില്ല....എനിക്കും ഒരു ജീവിതം വേണം...രക്തബന്ധം എന്നും നിലനിൽക്കുന്നത് തന്നെ. ..പക്ഷേ കർമബന്ധം എന്നൊന്നുണ്ട്...ആ ബന്ധുക്കൾ മതിയെനിക്ക്. ..എല്ലാവരെയും ഒന്നു കൂടി കാണാൻ ആഗ്രഹമുണ്ടായിരുന്നു അതിനുവേണ്ടി വന്നതാണ്....എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു...എന്റെ മാതാപിതാക്കളും കൂടിപ്പിറപ്പുകളും എന്നെ ചേർത്തു നിർത്തുമെന്ന്...ആ പ്രതീക്ഷ അസ്തമിച്ചു....ഇറങ്ങുകയാണ്...എന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങൾ ഇവിടെ അവസാനിപ്പിച്ചുകൊണ്ട്.."


കൊണ്ടുവന്നതെല്ലാം അവിടെ ഉപേക്ഷിച്ചു തന്റെ വസ്ത്രങ്ങൾ അടങ്ങിയ ഒരു ബാഗ് മാത്രമെടുത്തുകൊണ്ട് അവിടെ നിന്നിറങ്ങി...അമ്മ പിറകിൽനിന്നും വിളിച്ചെങ്കിലും ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലാത്ത വിധം മനസ് അകന്നിരുന്നു....

💮💮💮💮💮💮💮💮💮💮💮💮💮💮

പ്രശസ്തമായ ഐഇഎൽറ്റിഎസ് കോച്ചിങ് സെന്ററിൽ പ്രവേശനം   നേടുമ്പോൾ മുന്നിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു...അതുകൊണ്ട് തന്നെയാണ് ഗൾഫിലെ ജോലി രാജി വച്ചുവന്നത്..


 സ്മിതയും സാമിച്ചായനും എല്ലാ പിന്തുണയും നൽകി കൂടെ നിന്നു...രണ്ട് മാസങ്ങൾക്ക് ശേഷം ജോലി രാജിവച്ചു സ്മിതയും കൂടെ വന്ന് ചേർന്നപ്പോൾ കാനഡ എന്ന സ്വപ്‍നത്തിലേക്കുള്ള പരിശ്രമങ്ങൾ ഒരുമിച്ചായി..


മാസങ്ങൾ കൊഴിഞ്ഞു വീണു ...അതിനിടയിൽ 

വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ വിഭാര്യനാവേണ്ടി വന്ന സാമിച്ചായനോടുള്ള സ്നേഹം  പ്രണയത്തിലേക്ക് രൂപാന്തരം പ്രാപിച്ചിരുന്നു..ഇഷ്ടം അറിയിച്ചപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നീടെപ്പോഴോ ഇച്ഛായനും തിരിച്ചു സ്നേഹിച്ചു തുടങ്ങി....


അങ്ങനെ ഉറ്റവരുടെയോ ഉടയവരുടെയോ സാന്നിധ്യമില്ലാതെ കർമ്മം കൊണ്ട് ബന്ധുക്കളായവരുടെ മുന്നിൽ വച്ച്  ഇച്ഛായന്റെ ജീവിതപങ്കാളിയായി.


മാസങ്ങൾക്ക് ശേഷം ഇന്ന് സാമിച്ചായന്റെ കരബന്ധനത്തിലൊതുങ്ങി നയാഗ്രയുടെ മാസ്മരികസൗന്ദര്യം ആസ്വദിക്കുമ്പോൾ തൊട്ടടുത്ത് നല്ലപാതിയോടൊത്ത് അവളും ഉണ്ട്.....കൂട്ടുകാരിയിൽ നിന്നും കൂടപ്പിറപ്പായവൾ...


അതേ ജീവിതം ഇങ്ങനെയൊക്കെയാണ്...സങ്കടങ്ങൾ ഏറെ തന്നാലും സന്തോഷത്തിന്റെ ഒരു വിസ്മയത്തുരുത്ത് നമുക്കായി എവിടെയെങ്കിലും കാത്തുവച്ചിട്ടുണ്ടാവും....


ജന്മബന്ധങ്ങളുടെ ബന്ധനങ്ങളിൽ നിന്നും എന്നേ ഞാനെന്റെ സ്വത്വത്തെ മോചിപ്പിച്ചെങ്കിലും ഇന്നും ഞാനൊരു ബന്ധനത്തിലാണ്..എന്റെ ഇച്ഛായന്റെ സ്നേഹബന്ധനത്തിൽ...


(അവസാനിച്ചു..)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top