വസ്ത്രങ്ങൾ മാത്രമെടുത്ത് അവിടുന്ന് ഇറങ്ങുമ്പോൾ...

Valappottukal


രചന: Geetha Murali


വലിയൊരു യാത്ര കഴിഞ്ഞതിൻ്റെ ക്ഷീണത്തിൽ ഇരുന്നു ലക്ഷ്മി… വിമാനയാത്രയും ബസ്സ് യാത്രയും മാത്രമല്ല വലിയൊരു ജീവിതയാത്രയുടെ ക്ഷീണം… രാഘവ് അടുത്തിരുന്ന് അവളെ ആശ്വസിപ്പിച്ചു…


“ലക്ഷ്മി… പുതിയൊരു യാത്രയുടെ തുടക്കമാണ്… പഴയത് മറക്കാൻ എളുപ്പമല്ല എന്നറിയാം എന്നാലും…”

“ഇപ്പോഴും വിശ്വാസം വരുന്നില്ല…. ഞാൻ…”

“ഒന്നും പറയണ്ട…. വിശ്രമിക്കൂ…”


കണ്ണുകളടച്ച് ലക്ഷ്മി കീടന്നതും പഴയ ജീവിതം മുഴുവൻ മുന്നിൽ മിന്നി മറഞ്ഞു….

തന്നെ കല്യാണം കഴിച്ചയച്ചപ്പോൾ വയസ്സ് പതിനാറ്… മകൻ ജനിച്ചത് പത്തൊൻപതാം വയസ്സിൽ… 


ഇരുപത്തിമൂന്നാം വയസ്സിൽ വിധവ ആയപ്പോൾ മുന്നിലേക്കുള്ള വഴികൾ എല്ലാം അടഞ്ഞു എന്ന് തോന്നി… പക്ഷേ മകൻ… അവനായിരുന്നു പിന്നെ തനിക്ക് ലോകം… കൂലി വേലയും വീട്ട് വേലയും ചെയ്ത് അവനെ പഠിപ്പിച്ചു… വളരെ ചെറുപ്പമായതുകൊണ്ട് പലരും പുനർവിവാഹത്തിന് നിർബന്ധിച്ചു… മകനോട് ഇക്കാര്യം ചോദിച്ചപ്പോൾ അവന് തീരെ താല്പര്യമില്ല എന്ന് മനസ്സിലായി… പിന്നെ ഒരിക്കലും  വിവാഹത്തെ പറ്റി ചിന്തിച്ചില്ല…. മകൻ ഡിഗ്രീ കഴിഞ്ഞ് സുഹൃത്തുക്കളുടെ സഹായത്താൽ കാനഡയിൽ ഒരു ജോലി തരപ്പെടുത്തി…


 അവൻ പോയതോടെ വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു… ആറു മാസം കഴിഞ്ഞ് മകൻ വന്ന് കൊണ്ടുപോയി… പുതിയൊരു ജീവിതം കിട്ടിയ പ്രതീതി ആയിരുന്നു… കഷ്ടപ്പാടുകൾ ഇല്ലാതെയുള്ള ജീവിതം… മൂന്നാല് കൊല്ലം കഴിഞ്ഞ് മകൻ ഇഷ്ടപെട്ട പെൺകുട്ടിയെ കല്യാണം കഴിച്ചു…. സന്തോഷപ്രദമായി ജീവിതം മുന്നോട്ട് പോയി… അവർക്ക് രണ്ട് കുട്ടികളായി… പയ്യെ പയ്യെ താൻ എപ്പോഴാണ് അമ്മയിൽ നിന്നും വേലക്കാരിയിലേക്ക് മാറിയതെന്ന് മനസ്സിലായില്ല… ജീവിതത്തിൻ്റെ താളം തെറ്റി തുടങ്ങി…  ഇതേ അവസ്ഥയിലുള്ള അടുത്ത വീടുകളിലെ കുറച്ച് പേരായിരുന്നു ആകെ ആശ്വാസം…


എന്നും വൈകുന്നേരം പാർക്കിൽ കുറച്ചു നേരം അവരോട് സംസാരിച്ചിരിക്കും… ആയിടയ്ക്കാണ് രാഘവിനെ പരിചയപ്പെട്ടത്… കല്യാണം കഴിക്കാത്ത ഒറ്റതടിയായി കഴിയുന്ന രാഘവ്…. വളണ്ടറി റിട്ടയർമെൻ്റ് എടുത്ത് തിരിച്ച് നാട്ടിൽ പോയി സെറ്റിൽ ചെയ്യാൻ പോകുന്നാൾ…  അത് കേട്ടപ്പോൾ അവിടുന്ന് തിരിച്ച് നാട്ടിലേക്ക് പോണമെന്ന് ആഗ്രഹം തോന്നി… പക്ഷേ അതിനുള്ള സമ്മതം കിട്ടിയില്ല… വിഷമിച്ച് ഇക്കാര്യം പറഞ്ഞപ്പോൾ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം രാഘവ് ചോദിച്ചു…


“എൻ്റെ കൂടെ പോരുന്നോ… ആദ്യത്തെ ഇന്നിംഗ്സ് പരാജയമായിരുന്നു എന്നറിയാം…. രണ്ടാമത്തെ ഇന്നിംഗ്സ് എൻ്റെകൂടെ തുടങ്ങിക്കൂടെ…. ഉള്ളത് വച്ച് സന്തോഷമായി കൂടാം…”

ഞെട്ടലോടെ രാഘവിനെ നോക്കി….

“ആലോചിച്ച് പറഞ്ഞാൽ മതി… ധൃതിയില്ല…”


കുറേ ആലോചിച്ച് തീരുമാനിച്ചു… ഇനിയും അവിടെ വയ്യ… നാട്ടിലേക്ക് തിരിച്ചെത്തണം… പിന്നെ ഒറ്റപ്പെടലിൽ നിന്നും ഒരു മോചനം…  തിരഞ്ഞെടുത്ത വഴി ശരിയാകുമോ എന്നറിയില്ല എന്നാലും ഒരു റിസ്ക്കെടുക്കാൻ തയാറായി… കാര്യം മകനോട് പറഞ്ഞു… വിചാരിച്ച പോലെതന്നെ മകൻ പൊട്ടിത്തെറിച്ചു… “വയസ്സാൻകാലത്ത് ബോധമില്ലാതെ ആയോ അമ്മക്ക്… ഞങ്ങളെ നാണം കെടുത്താനായി തുനിഞ്ഞിറങ്ങിയതാണ് അല്ലെ… അങ്ങനെ വല്ലതും ചെയ്താൽ പിന്നെ ഞങ്ങളുമായി ഒരു ബന്ധവും ഇല്ല എന്നോർത്തോളു…”


മരുമകളുടെ കുത്തുവാക്കുകളെക്കാൾ മകൻ്റെ ഈ വാക്കുകൾ ആണ് തന്നെ വേദനിപ്പിച്ചത്… എല്ലാമറിയുന്ന അവൻ…. ആ വാക്കുകൾ തൻ്റെ തീരുമാനത്തെ ശക്തിപ്പെടുത്തി… വസ്ത്രങ്ങൾ മാത്രമെടുത്ത് അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സ് ശാന്തമായിരുന്നു… അമ്പത്തിരണ്ടാം വയസ്സിൽ പുതിയൊരു ജീവിതവുമായി നാട്ടിലേക്ക്… 


തനിക്ക് രക്ഷപെടാൻ പറ്റിയത് പോലെ മറ്റ് കൂട്ടുകാർക്ക് പറ്റിയില്ലല്ലോ എന്നൊരു വിഷമം ബാക്കി…. ഇനിയുള്ള ജീവിതം തോൽക്കില്ല എന്നുറപ്പിൽ പതിയെ മയക്കത്തിലേക്ക് വീഴുന്നു….

To Top