വിവേകിനും അവളെ ഇഷ്ടമായിരുന്നു, ഇങ്ങനെ ഒരു കൂട്ടുകാരി നിന്റെ ഭാഗ്യമാണ്...

Valappottukal Pageരചന: Ammu Santhosh

വിജയിച്ചവർ

"ഹലോ നിലാ "
ഉറക്കെ ഒരു വിളി കേട്ട് നില തിരിഞ്ഞു. സൂപ്പർ മാർക്കറ്റിലായൊരുന്നു അവൾ 

ആഷിക്

"ആഹ ആഷിക്. സുഖമാണോ?"

"പിന്നെ അടിപൊളി "അവൻ ചിരിച്ചു.

"നിന്റെ കല്യാണത്തിന് കണ്ടതാ നിന്നേ. ഇപ്പൊ എത്ര വർഷമായി കാണും?"അവൻ വിരല് മടക്കി "ആറ് അല്ലെ?"

നില തലകുലുക്കി

"നീ ദുബായിൽ അല്ലെ ഇപ്പോ? പിന്നെ എങ്ങനെ കാണാൻ?"അവൾ തിരിച്ചു ചോദിച്ചു

അവർ ഒന്നിച്ചു ചിരിച്ചു

"ആ ഞാൻ ഒരാളെ പരിചയപ്പെടുത്താം.. ക്രിസ്റ്റി.. കം "

സ്വർണമുടിയുള്ള ഒരു സുന്ദരിക്കുട്ടി.

"ഇത് എന്റെ വൈഫ് ക്രിസ്റ്റി. ഓസ്ട്രേലിയക്കാരിയാണ്. പക്ഷെ മലയാളമറിയാം. നീ മലയാളത്തിൽ തന്നെ സംസാരിച്ചോളൂ "

ഇംഗ്ലീഷിൽ അവൾ പണ്ടേ ഭയങ്കര വീക്ക്‌ ആണെന്ന് അവന് അറിയാം.

അവനെ ഞെട്ടിച്ചു കൊണ്ട് അവൾ മനോഹരമായ ഇംഗ്ലീഷിൽ ക്രിസ്റ്റിയോട് സംസാരിച്ചു

അപ്പോഴാണ് അവൻ മറ്റൊന്ന് ശ്രദ്ധിച്ചത്
കോളേജിൽ പഠിക്കുമ്പോൾ ഒരു ശുദ്ധ നാട്ടിൻപുറത്തുകാരിയായിരുന്നു അവൾ. ഒരു പാവം പെൺകുട്ടി.ആരെങ്കിലും ഒന്ന് ഉറക്കെ തുമ്മിയാൽ ഞെട്ടുന്ന, ഉറക്കെ സംസാരിച്ചാൽ കണ്ണ് നിറയുന്ന ഒരു പാവം. ആകെ കൂടി കൂട്ട് അലീന ആയിരുന്നു. സ്കൂൾ കാലം മുതൽ ഒന്നിച്ചു പഠിച്ചവരായിരുന്നു അവർ.
പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന സമയം ആയിരുന്നു അവളുടെ കല്യാണവും.പക്ഷെ ഇപ്പൊ നല്ല മിടുക്കിയായിരിക്കുന്നു.

"അലീന എന്ത്
ചെയ്യുന്നിപ്പോൾ? "

"അറിയില്ല "അവൾ തണുത്ത സ്വരത്തിൽ പറഞ്ഞു

"ആർക്കും അവളെ കുറിച്ച് അറിയില്ല. ഞാൻ ഇടക്ക് നമ്മുടെ ശിവനോട്‌ ഒക്കെ ചോദിച്ചിരുന്നു."

ശിവൻ അലീനയുടെ പ്രണയമായിരുന്നു.പക്ഷെ എവിടെയോ വെച്ച് അവർ പിരിഞ്ഞു.

"നിന്റെ husband ന് സുഖമല്ലേ? മക്കൾ?"

"സുഖം.. മക്കൾ ആയിട്ടില്ല "അവൾ പുഞ്ചിരിച്ചു

"ശരി നില ഇതാണ് എന്റെ നമ്പർ.. ഇടക്ക് വാട്സാപ്പ് മെസ്സേജ് എങ്കിലും ഇടണം കേട്ടോ "

അവൻ നമ്പർ കൊടുത്തു.പോകാൻ തിരക്ക് ഉള്ളത് കൊണ്ട് അവർ പോകുകയും ചെയ്തു.അവൾ തന്റെ കാറിൽ കയറി വാഹനം സ്റ്റാർട്ട്‌ ചെയ്തു.

അലീന

വർഷങ്ങൾക്ക് ശേഷം ഉണങ്ങാത്ത ഒരു മുറിവിൽ ഒരാൾ കുത്തിയത് പോലെ അവൾക്ക് വേദനിച്ചു.

ഓർമ്മകൾ തുടങ്ങുന്ന കാലം മുതലേ ഒപ്പം ഉണ്ടായിരുന്നവൾ. ഹൃദയത്തിൽ പാതിയവളായിരുന്നു.
താൻ ആദ്യം കല്യാണം കഴിക്കുന്നത് പോലും അവൾക്കിഷ്ടമായിരുന്നില്ല. കുറച്ചു നാൾ കഴിഞ്ഞു മതിയാരുന്നു എന്നവൾ എപ്പോഴും പറയുമായിരുന്നു. അവൾക്ക് ജോലി കിട്ടിയത് തന്റെ നഗരത്തിലാണെന്നറിഞ്ഞപ്പോ ഏറ്റവും സന്തോഷം തോന്നിയത് തനിക്കാണ്. ഹോസ്റ്റലിൽ നിൽക്കണ്ട വീട്ടിൽ തന്നെ നിൽക്ക് എന്ന് പറഞ്ഞു നിർബന്ധിച്ചു കൂട്ടിയത് ഒക്കെ താനായിരുന്നു. വിവേകിനും അവളെ ഇഷ്ടമായിരുന്നു. ഇങ്ങനെ ഒരു കൂട്ടുകാരി നിന്റെ ഭാഗ്യമാണ് എന്ന് എപ്പോഴും പറയുമായിരുന്നു. അവളെ കണ്ടു പഠിക്ക് എത്ര മിടുക്കിയാണ് എന്ന് പറയുമ്പോളും തനിക്ക് ദേഷ്യം ഒന്നും വരില്ല. അവൾ മിടുക്കിയാണ്. തന്നെക്കാൾ ഒരു പാട് മിടുക്കി. അത് കൊണ്ടാണല്ലോ...

മുന്നിലുള്ള ബസ് പെട്ടെന്ന് നിർത്തിയപ്പോൾ അവൾ കാർ പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി.

കാർ ഓടിക്കാൻ അറിയില്ല എന്ന പേരില് എത്ര കളിയാക്കലുകൾ

ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല, മോഡേൺ അല്ല..

അലീന മാറുന്നത്, വിവേകിനൊപ്പം ചേർന്ന് തന്നെ കളിയാക്കുന്നത് ഒക്കെ ആദ്യമൊന്നും തന്റെ ശ്രദ്ധയിൽ പെട്ടില്ല.

പിന്നെ പിന്നെ... എവിടെയൊക്കെയോ എന്തൊ.. ചില നേരത്ത് ദൈവം തരുന്ന ചില സിഗ്നലുകൾ. അവഗണിച്ചു കളഞ്ഞു അതൊക്കെ. ഒടുവിൽ നേരിട്ട് കണ്ടു. വിവേകും അലീനയും..

അന്ന് താൻ മരിച്ചു പോയി.

വിവേക് ചതിച്ചതിൽ തോന്നിയ വേദനയെക്കാൾ അലീന ചതിച്ചത് ആയിരുന്നു തന്നെ തകർത്തു കളഞ്ഞത്.

എല്ലാവരും പറഞ്ഞു കൂട്ടുകാരിക്ക് വീട്ടിൽ ഇത്രയധികം സ്വാതന്ത്ര്യം കൊടുത്തത് തെറ്റാണ്. അവർക്ക് സാഹചര്യം ഉണ്ടാക്കി കൊടുത്തത് നീ ആണ്. അത് കൊണ്ടാണ് നീ ഇത് അനുഭവിക്കുന്നത് എന്ന്.

ആരോടും മറുപടി പറഞ്ഞില്ല.
വീട്ടുകാർക്ക് പതിയെ ഒരു ഭാരമായി തോന്നി തുടങ്ങിയപ്പോൾ ശരിക്കും മരിച്ചു കളഞ്ഞാലോ എന്ന് ചിന്തിച്ചു.

റെയിൽവേ പാളത്തിൽ കൂടി നടക്കുമ്പോൾ ഇരുട്ടായിരുന്നു. അല്പം അകലെ മറ്റൊരാളും നടക്കുന്നത് നടുക്കത്തോടെ കണ്ടു. ചില നേരങ്ങളിൽ നമ്മൾ നമ്മളെ മറന്നു പോകും. മരിക്കാൻ പോയതാണ് എന്ന് മറന്നു. ട്രെയിൻ അയാളിലേക്ക് വരുന്ന കണ്ട് മറ്റൊന്നും ഓർക്കാതെ അയാളെ തള്ളി മാറ്റി.

വീടെത്തിയപ്പോൾ ചിന്തകൾ മുറിഞ്ഞു.

വാതിൽ തുറന്ന് മനു

നില മെല്ലെ ചിരിച്ചു

അവന്റെ മുഖത്ത് ഒന്ന് തലോടി

പിന്നെ ശിരസ്സിൽ..നെറ്റിയിൽ.

നെറ്റിയിലെ ഉണങ്ങിയ മുറിവിന്റെ പാടിൽ മെല്ലെ തടവി 

"എന്താടാ?"
മനു അവളെ ചേർത്ത് പിടിച്ചു

"ഇന്ന് നാലു വർഷം തികയുന്നു. നമ്മൾ കണ്ടിട്ട് "അവൾ മെല്ലെ പറഞ്ഞു

"മരണത്തിന്റെ അറ്റത്തു നിന്ന് ജീവിതത്തിലേക്ക് നടന്നു കയറിയിട്ട്. അല്ലെ?"

"ഉം "
അവൾ ഒന്ന് മൂളി

"പക്ഷെ അതല്ലല്ലോ ഇപ്പൊ ഉള്ളിൽ? പറ എന്താ വിഷമം?"
അവൾ ആഷികിനെ കണ്ടത് പറ ഞ്ഞു 

"വിവേകിനെയും അലീനയെയും വീണ്ടും ഓർത്തു?"
നില മുഖം കുനിച്ചു

"ഇങ്ങോട്ട് നോക്ക് "

മനു ആ മുഖം കയ്യിൽ എടുത്തു

"നമ്മൾ രണ്ടും ഒരെ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ചതികളിൽ പെട്ട് ജീവിതം പോയി എന്ന് കരുതിയവർ. പക്ഷെ ഇന്ന് അങ്ങനെ അല്ല. നമ്മൾ വിജയിച്ചവരാണ്. നമ്മെ സംബന്ധിച്ച് അവരൊക്കെ മരിച്ചു പോയി..."
നില അതിശയത്തോടെ അവനെ നോക്കി

"ചതി പറ്റിയാൽ . തിരിച്ചു നടന്നേക്കണം. അവരുടെ ചിത പിന്നിൽ എരിയുന്നുണ്ട് എന്ന് ചിന്തിച്ചു തിരിഞ്ഞു നടന്നേക്കുക."
നിലയുടെ നെഞ്ചിൽ നിന്ന് ഒരു ഭാരമിറങ്ങി. അവൾ ദീർഘമായി ശ്വസിച്ചു

"അവരിപ്പോ എവിടെയാണ്? എന്ത് ചെയ്യുന്നു? ഇതൊന്നും ഓർക്കരുത്. കാരണം അവരീ ഭൂമിയിൽ ഇല്ലെടോ.. നമ്മെ സംബന്ധിച്ച് അവർ ഈ ഭൂമിയിലെ ഇല്ല... എന്റെ മോൾ പോയി കുളിച്ചു വാ.. എനിക്ക് വിശക്കുന്നു ന്ന്. കഴിച്ചിട്ട് ഓഫീസിൽ പോകാനുള്ളതാണ്. ക്ലയന്റ് മീറ്റിംഗ് ഉണ്ട്."

നില ചിരിച്ചു. പിന്നെ മുറിയിലേക്ക് പോയി

തന്നെ ചതിച്ചത് സ്വന്തം വീട്ടുകാർ ആയിരുന്നെങ്കിൽ പാവം അവളെ ചതിച്ചത് ഭർത്താവും കൂട്ടുകാരിയും.വീണ് പോകും.സ്വാഭാവികം.

പക്ഷെ ആ വീഴ്ചയിൽ നിന്ന് ഒരിക്കൽ ഉയിർത്ത് എഴുന്നേറ്റാൽ പിന്നെ ആ മനുഷ്യരോളം കരുത്തുള്ളവർ ഭൂമിയിലില്ല. അവരെ ജയിക്കാനുമാവില്ല.

അവൻ അവളുടെ ഓഫീസ് റൂമിന്റെ വാതിൽ തുറന്നു വെച്ചു

അതിന്റെ ഭിത്തിയിൽ ഒരു ബോർഡ് ഉണ്ടായിരുന്നു.

നില മേനോൻ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്.
കൺസൽട്ടിങ്ങ് ടൈം 3-6pm

അവൻ പുഞ്ചിരിയോടെ അതിൽ നോക്കി നിന്നു.

രചന: Ammu Santhosh
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top