മൗനനൊമ്പരം, Part 6

Valappottukal


രചന: ഉണ്ണി കെ പാർത്ഥൻ

"നീ പോലും അറിയാതെ..
നിന്നെ അവർ അറിഞ്ഞു തുടങ്ങിയിരുന്നു..."
ഹരൻ പറഞ്ഞത് കേട്ട് ശ്രീമയി വാ പിളർന്നു നിന്നു പോയി..

ഈ സമയം വാതിൽ മെല്ലേ തുറന്നു അകത്തേക്കു കയറി വന്നവരേ കണ്ട് ശ്രീമയിയും ഹരനും ഞെട്ടി..

"അച്ഛൻ..."
ശ്രീമയി ഉള്ളിൽ പറഞ്ഞു..
************************************

"എന്തേ ഇപ്പൊ ഇങ്ങനൊരു തോന്നൽ..
നേരം വെളുത്തപ്പോൾ.."
ചോദ്യം കേട്ട്..
ഡ്രൈവ് ചെയ്യുന്നതിനിടയിൽ വേണി തല ചെരിച്ചു വരുണിനെ നോക്കി...

"ഒന്നൂല്യ..
ഏട്ടൻ പറഞ്ഞത് കേട്ടപ്പോൾ എന്തോ..
ആ കുട്ടിയേ കാണാൻ ഒരാഗ്രഹം..
ശ്രീമയിയേ..
ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല..
അമ്മു പോയതിനു ശേഷം ഇങ്ങനൊരു രാത്രി..
എല്ലാം മറക്കാൻ ശ്രമിക്കുമ്പോളാകും മറവിയെ പോലും അമ്പരപ്പിച്ചു കൊണ്ട് ഓർമകളുടെ തിരിച്ചു വരവ്..
അതും...
ഓർമകളിലൂടെ പിന്നിട്ട വഴികൾ നാം പോലും അറിയാതെ മനസ്സിൽ തെളിയുമ്പോ..
പിടഞ്ഞു പോകുന്ന മനസിന്‌ മറുപടിയില്ലാതെ പോകുന്നു..

നിറങ്ങളിൽ..
നിമിഷങ്ങളിൽ..
എന്തിനേറെ..
മറവികൾക്ക് പോലും നോവറെയുള്ള ഓർമകളേയാണ് ഒരുപാട് ഇഷ്ടമെന്ന് തോന്നുന്നു.."
വേണിയുടെ ശബ്ദം നേർത്തിരുന്നു..

"ഏട്ടാ.."

"മ്മ്.."
വരുൺ മെല്ലേ മൂളി..

"നമ്മുടെ അമ്മുമോളെ ആരേലും അപയപെടുത്തിയത് ആവോ.."
വേണിയുടെ ചോദ്യം കേട്ട് വരുൺ ഒന്ന് ഞെട്ടി..

"അതെന്താ ഇപ്പൊ അങ്ങനെ ഒരു തോന്നൽ..
വർഷം രണ്ടു കഴിഞ്ഞില്ലേ..
എന്നിട്ട് ഇപ്പോളും.."

"അറിയില്ല...
ഇന്നലെ രാത്രി ഒരുപാട് നേരം ഓരോന്ന് ആലോചിച്ചു കിടന്നു...
എപ്പോളോ ഒരു പിടച്ചിൽ..
ചേച്ചി...
എന്നുള്ള വിളി..
എനിക്ക് പേടിയാ ചേച്ചി..
എന്നുള്ള ശബ്ദം..
അത് നമ്മുടെ അമ്മുമോൾടെ ആയിരുന്നു..
ഇന്നലെ രാത്രി മുതൽ ഓരോ ചിന്തകൾ കാട് കയറുവാ..

ഏട്ടന് ഇപ്പൊ ഒരു ഫോഴ്സിന്റെ ബലമില്ലേ..
ഒന്ന് ശ്രമിച്ചൂടെ..
അന്നത്തെ അപകടത്തിനെ പറ്റി..
ഒന്നൂല്യ..
ഒരു മനസമാധാനത്തിനു..
നമ്മുടെ മോള് ഇന്നലെ എന്നോട് ഒരുപാട് നേരം പറയുന്നത് പോലേ തോന്നി..
അതോണ്ടാ..
പറ്റോ.."
കണ്ണുനീർ ഇടതു കൈ കൊണ്ട് തുടച്ചു കൊണ്ട് ഡ്രൈവ് ചെയ്യുന്ന വേണിയേ വരുൺ നോക്കി..

"ഞാൻ ഡ്രൈവ് ചെയ്യാഡീ.."

"വേണ്ടാ..
എനിക്ക് ഓടിക്കണം.."

"ഇങ്ങനെ കരഞ്ഞു കണ്ണ് കലങ്ങി ഓടിക്കുന്നത് കാണുമ്പോൾ എനിക്ക് എന്തോ.."

"പേടി ഉണ്ടോ.."

"എന്തിനാ പേടി..
ഇതിനേക്കാൾ വല്യ അവസ്ഥയിലും നീ ഡ്രൈവ് ചെയ്തിട്ടുണ്ട്..
അത് അറിയാതെ അല്ല..
പക്ഷേ...
ഇപ്പൊ ഇങ്ങനെ കാണുമ്പോൾ എന്തോ പോലേ.."

"മനസ് നമുക്ക് പിടി കിട്ടാതേ പായുമ്പോൾ അതിന്റെ പിറകേ പായാതേ പിടിച്ചു നിർത്താൻ മനസിനെ പഠിപ്പിച്ചു കൊണ്ടേ ഇരിക്കണം..
ഏകാഗ്രമായി മെല്ലേ മനസിനെ നമ്മുടെ വരുതിയിൽ കൊണ്ട് വരാൻ..
കണ്ണും കാതും കൂർപ്പിച്ചു ചുറ്റുമൊന്നു നോക്കിക്കാണാൻ ഏറ്റവും നല്ലത് ഡ്രൈവിംഗ് തന്നേ ആണ്.."
ഇത്തവണ വേണിയുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി ഉണ്ടായിരുന്നു..

"എനിക്കറിയില്ല..
പലരും പറയാറുണ്ട് മനസ്‌ ഏകാഗ്രമല്ലേൽ ഡ്രൈവിംഗ് വല്യ പാടാണ് ന്ന്..
പക്ഷേ ഇവിടെ നീ പറയുന്നു..
ഏകാഗ്രമായി മനസിനെ തിരിച്ചു പിടിക്കാൻ ഡ്രൈവിംഗ് ആണ് സുഖമെന്ന്...
അറിയില്ല..
ഓരോരുത്തരും അവരവരുടെ കോണിലൂടെ സാഹചര്യങ്ങളുമായി പൊരുത്തപെടുന്നത് കാണാൻ ഒരു ഭംഗിയൊക്കെയുണ്ട്..
പലതും പുതിയ അനുഭവങ്ങൾ നൽകുന്നു..
തന്റെ ജീവിതം പോലേ..
എന്നും അത്ഭുതങ്ങൾക്ക് കൂട്ടാവൻ ഞാനും കൂടെ ഉണ്ടല്ലോ ല്ലേ.."

"അതോണ്ടാ പറഞ്ഞേ..
ഒരു അത്ഭുതം കൂടി ഉണ്ടാവുമെന്ന് മനസ് പറയുന്നു..
നമ്മുടെ മോള് നടന്ന വഴിയിലൂടെ ഒന്ന് തിരിഞ്ഞു നടന്നു നോക്ക് ഏട്ടാ..
ചിന്തകൾ കാട് കയറുന്ന എന്റെ മനസിന്‌ പിടി തരാതെ പോകുന്ന ഇന്നലെകൾക്ക് ഒരു ഉത്തരം..
അത് എന്തായാലും എനിക്ക് അറിയാൻ ഒരാഗ്രഹം..

പറ്റോ..."

വേണിയുടെ ശബ്ദം കനത്തിരുന്നു..

"മ്മ്...
ഞാൻ ശ്രമിക്കാം..
വല്യ പാടാണ്...
കേസ് ഫയൽ ക്ലോസ് ചെയ്തു..
അതും ഒരു അപകട മരണം മാത്രമായ്..
അത് വീണ്ടും റീ ഓപ്പൺ ചെയ്യാൻ വല്യ പ്രെഷർ വേണ്ടി വരും..
ഒരു സബ് ഇൻസ്‌പെക്ടർക്ക് പരിമിതികൾ ഉണ്ട്..
എന്നാലും ശ്രമിക്കാം..
അന്നേ എനിക്കുള്ള സംശയമായിരുന്നു ഇപ്പൊ താനും പറഞ്ഞത്...
അപകട മരണമല്ല എന്ന് അന്നേ മനസ് പറഞ്ഞിരുന്നു..
പക്ഷേ..
ആര്..
എന്തിന്...
ആ ചോദ്യത്തിന് ഉത്തരം കിട്ടുന്നുണ്ടായിരുന്നില്ല..
മാത്രമല്ല അന്ന് എന്നിൽ യൂണിഫോം ഇല്ല..
നീയും എന്നോട് ഒന്നും പറഞ്ഞിട്ടുമില്ല..
നിന്നോട് ഞാനും പറഞ്ഞില്ല...
പക്ഷേ ഇന്നത്തെ ദിവസം ഇങ്ങനെ ഒരു ചിന്ത നിന്നിൽ വന്നിട്ടുണ്ട് എങ്കിൽ അത് നമ്മുടെ അമ്മു മോളുടെ ആത്മാവ് തന്നേ കൊണ്ട് പറയിച്ചത് തന്നേ ആവും..

നമ്മൾക്ക് നോക്കാം...
കേസ് ഡയറി ഞാൻ തപ്പി നോക്കട്ടെ.."
വരുൺ പറഞ്ഞത് കേട്ട് വേണി കാർ വേഗം സൈഡിലേക്ക് വെട്ടിച്ചു ഒതുക്കി നിർത്തി...
പിന്നെ വരുണിനെ നോക്കി..

"ശരിക്കും.."
വേണി മെല്ലേ ചോദിച്ചു...

"മ്മ്...
ശരിക്കും.."
വരുൺ മറുപടി കൊടുത്തു..
വേണിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..
ഇടതു കൈ കൊണ്ട് ഒന്നുടെ മിഴികൾ തുടച്ചു കൊണ്ട് വേണി കാർ മുന്നോട്ടെടുത്തു..
മുന്നിൽ രഹസ്യങ്ങൾ അവരേ നോക്കി പല്ലിളിച്ച് ചിരിക്കുന്നത് അവർ ഇരുവരും പരസ്പരം അറിയുന്നുണ്ടായിരുന്നു..
****************************************

"എന്തേ ഇന്ന് പതിവില്ലാതെ ടിവിയുടെ മുന്നിൽ.."
സോഫയിൽ വന്നിരുന്നു കൊണ്ട് മാലിനി വിച്ചുവിന്റെ മടിയിലേക്ക് തല വെച്ച് കിടന്നു കൊണ്ട് ചോദിച്ചു..

"ഒന്നൂല്യ..
നമ്മളേ പറ്റി എന്തേലും ന്യൂസ്‌ ഉണ്ടോ ന്ന് നോക്കിയതാ.."
ടിവിയിൽ നിന്നും നോട്ടം മാറ്റി മാലിനിയുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് വിച്ചു പറഞ്ഞു...

"ആ ഓഫിസർ ഒരു പക്കാ ജെന്റിൽമാൻ ആണ്..
വരുൺ കാളിദാസൻ..
ഞാൻ എവിടെയോ കണ്ടിട്ടുള്ള ഒരോർമ എനിക്ക് ഫീൽ ചെയ്യുന്നുണ്ട്..
പക്ഷേ എവിടെയാണ് എന്ന് മാത്രം ഓർമയില്ല.."

"അമ്മയുടെ ഏതെങ്കിലും സ്റ്റുഡന്റ് ആവാം...
ഒരുപാട് കോളേജുകളിലേ മിന്നും തരമല്ലായിരുന്നോ..
കുട്ടികളുടെ പ്രിയപ്പെട്ട മാലിനി മിസ്സ്‌..
അങ്ങനെ..
കോളേജിലേക്ക് സ്വയം കാർ ഡ്രൈവ് ചെയ്തു വരുന്ന മിസ്സ്‌..
പോക്കറ്റ് മണി കുട്ടികൾക്ക് നൽകുന്ന മിസ്സ്‌..
യാത്രകൾ ഇഷ്ടമുള്ള ടീച്ചർ...
കുട്ടികളെ ചേർത്തു പിടിക്കുന്ന ടീച്ചർ..
പോരാത്തതിന് പഠിച്ച സ്കൂളിലും കോളേജിലും പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചിലരിൽ ഒരുവൾ..
അങ്ങനെയുള്ള ഏതെങ്കിലും ബെഞ്ചിൽ ചന്തിക്ക് പിച്ച് കൊടുത്തു കാണും ആൾക്ക്.."

"ഹേയ്..
ഞാൻ ഇത്രയും വർഷങ്ങൾക്ക് ഇടയിൽ ഒരു കുട്ടിയേ പോലും തല്ലിയിട്ടില്ല...
നുള്ളി നോവിച്ചിട്ടില്ല..
നിന്നെ ഞാൻ തല്ലിയിട്ടുണ്ടോ.."
വിച്ചുവിന്റെ കവിളിൽ മെല്ലേ തലോടി കൊണ്ട് മാലിനി ചോദിച്ചു..

"ഇല്ല.."

"മ്മ്..
നിന്നെ പോലേ തന്നേ ആണ് അവരും എനിക്ക്..
സ്വന്തം മക്കളേ പോലേ..
ചേർത്ത് പിടിക്കുന്ന ടീച്ചേഴ്സിനെ കുട്ടികൾക്കു ഒരുപാട് ഇഷ്ടാണ്..
സുഹൃത്തുക്കളെ പോലേ കാണുന്ന ടീച്ചേഴ്സിന്റെ ക്ലാസുകളിൽ കുട്ടികൾ എന്നും ഫ്രഷ് മൈന്റോട് കൂടിയേ ഇരിക്കു..
ചിരിച്ചു കളിച്ചു ഉല്ലസിച്ചുള്ള പഠനം..
അത് കഴിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ ടീച്ചർ ആവും അവരുടെ ബെസ്റ്റ് ഫ്രണ്ട്..
ടീച്ചറോട് അവർ മനസ് തുറക്കും..
എല്ലാം പറയും..

കുട്ടികളെ ചേർത്ത് പിടിക്കുന്ന ടീച്ചേഴ്‌സ്..
എന്നും കുട്ടികളുടെ ഹീറോയിസ്‌ ആയിരിക്കും..
റോൾ മോഡൽസും..."
ചിരിച്ചു കൊണ്ട് വിച്ചുവിന്റെ കവിളിൽ അമർത്തി പിടിച്ചു മാലിനി..

"എന്നാലും..
ആ പെൺകുട്ടി എന്താ അങ്ങനെ ചെയ്തത്..
അതും ഒരു പോലിസ് സ്റ്റേഷനിൽ..
ഞാൻ ശരിക്കും പേടിച്ചു..
നാക്സൽ ആണോ ന്ന് ചോദിച്ചപ്പോൾ..
കൈയ്യും കാലും വിറച്ചു..
ശരിക്കും പെട്ടു പോയി ന്നാ കരുതിയേ..
പക്ഷേ ആ ഇൻസ്‌പെക്ടർ അയ്യാൾ ശരിക്കും പക്വതയോടെ പെരുമാറി..
ഇല്ലേ..
നമ്മൾ എല്ലാം ഇന്ന് അകത്തു കിടന്നാനേ..."
വിച്ചു പറഞ്ഞു..

"ആ കുട്ടിയേയും കുറ്റം പറയാൻ പറ്റില്ല....
ഇൻസ്‌പെക്ടറുടെ ബോഡി ലാംഗ്വേജ് ആദ്യം ശരിയല്ലായിരുന്നു..
പക്ഷേ ഒരെണ്ണം കിട്ടിയപ്പോൾ ആള് കറക്റ്റ് റൂട്ടിൽ തിരിച്ചു വന്നു..
പിന്നെ അങ്ങേര് പ്രാക്ടിക്കൽ ആയി ആണ് ചിന്തിച്ചത്..
മറ്റൊന്നുമല്ല..
സ്റ്റേഷനിൽ കയറി ഒരു പെൺകുട്ടി ഇൻസ്‌പെക്ടറേ പഞ്ഞിക്കിടുന്നു..
ആ വാർത്ത പുറത്ത് അറിഞ്ഞാൽ..
കേസിന്റെ ഗതി മാറും..
ജനങ്ങൾ എന്നും ആ പെൺകുട്ടിയുടെ കൂടെയേ നിൽക്കൂ..

മാത്രമല്ല..
ഇൻസ്‌പെക്ടർക്ക് പെട്ടന്ന് ഒരു സോഫ്റ്റ്‌കോർണർ ആ കുട്ടിയോട് വന്നു എന്നുള്ളതാണ് സത്യം..
ഒരിക്കലും ഒരു പോലീസ് ഓഫിസർ അത്രെയും അധികം കാര്യം വിവരിച്ചു കൊണ്ട് സമയം കളയില്ല..
പക്ഷേ..
അയ്യാൾ അവിടെയും ഒരുപടി കൂടി മുന്നോട്ട് കയറി നിന്നു ചിന്തിച്ചു..

സമൂഹത്തിൽ ഇന്ന് നടക്കുന്ന കാര്യങ്ങൾ സരസമായി കുറിക്ക് കൊള്ളുന്ന രീതിയിൽ പറഞ്ഞു കൊടുത്തപ്പോൾ ആ കുട്ടിക്ക് പിന്നെ മിണ്ടാൻ പറ്റിയില്ല..
തെറ്റ് രണ്ടു പേർക്കും ഉണ്ടായിരുന്നു..
പക്ഷേ..
അവിടെ തെറ്റ് ചെയ്യാതിരുന്ന നമ്മുടെ അവസ്ഥ..
അത് ശരിക്കും ഭീകരമായിരുന്നു..
നീ പറഞ്ഞത് പോലേ..
സഹായം ചെയ്യാൻ വന്നിട്ട്..
നാക്സലാക്കി മാറ്റുമോ എന്നുള്ള ചിന്ത..
അത് കൊണ്ട് വന്ന നിമിഷങ്ങൾ...
എനിക്ക് ആ കുട്ടിയെ കാറിൽ കയറ്റാൻ തോന്നിയ നിമിഷങ്ങൾ..
എല്ലാം ഞാൻ ശപിച്ചു പോയിരുന്നു..
കുറച്ചു മണിക്കൂറുകൾ..

ജീവിതത്തിൽ ചിലപ്പോൾ ഇനി ഒരാൾക്ക് സഹായം ചെയ്യാൻ തുനിയുമ്പോൾ പലവട്ടം ആലോചിച്ചു തീരുമാനം എടുക്കാൻ നമ്മൾക്ക് കഴിയുമെന്ന് തോന്നുന്നു..
ശരിയല്ലേ.. "
മാലിനി ചോദിച്ചു..

"മ്മ്..
സത്യം.."

"അതല്ല ഡാ..
ശരിക്കും ബസിൽ വന്നപ്പോൾ ആ കുട്ടി..
എന്താ പേര് ഞാൻ മറന്നു.."
മാലിനി ചോദിച്ചു..

"ശ്രീമയി.."

"ആ ശ്രീമയി..
എങ്ങനെ ഉണ്ടായിരുന്നു..
കണ്ടാൽ ഒരു പാവം..
ഈ കുട്ടി ഇതൊക്കെ ചെയ്തു ന്ന് പറയുമ്പോ...
ശരിക്കും അൽപ്പം അമ്പരപ്പ് ഇല്ലാതില്ല.."

"അമ്മക്ക് തോന്നുന്നതാ..
ബസിൽ ഒരാളുമായി കോർത്തു അവൾ..
ഇങ്ങോട്ട് ചൊറിയാൻ വന്ന ഒരാളോട് അങ്ങോട്ട്‌ കേറി മാന്തി...
ഞാൻ പിടിച്ചു വലിച്ചു കൊണ്ട് പോയത് കൊണ്ട് ഒന്നും ഉണ്ടായില്ല.."
ബസിൽ കയറിയപ്പോൾ മുതൽ ഉണ്ടായ സംഭവങ്ങൾ മാലിനിയേ 
വള്ളി പുള്ളി വിടാതെ പറഞ്ഞു കേൾപ്പിച്ചു വിച്ചു..

"ഓ...
അപ്പൊ ആ സ്റ്റേഷനിൽ കാണിച്ചത് സ്വാഭാവികം.."
മാലിനി ചിരിച്ചു കൊണ്ട് പറഞ്ഞു..

"അമ്മക്ക് ഇനി അവളേ കാണണമെന്ന് ആഗ്രഹമുണ്ടോ..."

"ഇല്ല...
നിനക്കും കാണാണമെന്നുള്ള ആഗ്രഹവും വേണ്ടാ..
ഈശ്വരൻ രക്ഷിച്ചു എന്ന് മാത്രം ആലോചിച്ചാൽ മതി..
ഇല്ലേ ഇപ്പൊ ജയിലിൽ ഗോതമ്പുണ്ട തിന്ന് കിടക്കായിരുന്നു മ്മക്ക്.."
മാലിനി പറഞ്ഞു...

"ഇപ്പൊ നല്ല ഫുഡ്‌ ആണെന്ന് പറയുന്നുണ്ട് ജയിലിൽ.."

"മിണ്ടാതെ എണിറ്റു പോയി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ നോക്ക് ചെക്കാ..."
വിച്ചുവിന്റെ മടിയിൽ നിന്നും എഴുന്നേറ്റു കൊണ്ട് മാലിനി അകത്തേക്ക് പോയി...
******************************************

"എങ്ങനെ ഉണ്ട് ഡോക്ടർ ആ കുട്ടിക്ക്.."
ലിഫ്റ്റിലേക്ക് കയറും മുൻപ് വരുൺ ഡോക്ടർ അഭിഷേകിനോട്‌ ചോദിച്ചു..

"കുഴപ്പമില്ല..
ഇന്ന് വേണേൽ ഡിസ്ചാർജ് ചെയ്യാം..
ആ കുട്ടിയുടെ അച്ഛനും അമ്മാവനും വന്നിട്ടുണ്ട് ലോ...
വേണേൽ ഇന്ന് തന്നെ അവരോടൊപ്പം വിടാം.."

"മ്മ്..
ഗുഡ്.."

"ഇതാരാ..
വൈഫ് ആണോ.."
വേണിയേ നോക്കി അഭിഷേക് ചോദിച്ചു...

"മ്മ്..
വേണി..."
വരുൺ മറുപടി കൊടുത്തു..

"ഗുഡ് മോർണിംഗ് മാഡം.."
അഭിഷേക് വേണിയേ വിഷ് ചെയ്തു...

"മോർണിംഗ്..."

"എന്തേ..
ആളെയും കൊണ്ട്..."

"ഒന്നൂല്യ..
ഇത്രേം ഇഷ്യു ഒക്കെ ഉണ്ടായതല്ലേ..
അപ്പൊ നേരിട്ട് കാണാൻ ഒരു ആഗ്രഹമുണ്ടന്ന് പറഞ്ഞപ്പോൾ കൂടെ കൂട്ടി.."

"മ്മ്...
ഓക്കേ...
ഞാൻ വരാം..
ഈ ഫ്ലോറിൽ കുറച്ചു പേഷ്യന്റ്സ് ഉണ്ട് അവരേ നോക്കിയിട്ട് വരാം.."
ഫോർത് ഫ്ലോറിൽ എത്തിയപ്പോൾ 
ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി കൊണ്ട് അഭിഷേക് അവരേ നോക്കി പറഞ്ഞു..

"ഓക്കേ..
കാണാം.."
വരുൺ പറഞ്ഞു..
ഫിഫ്റ്റിന്റെ ഡോർ അടഞ്ഞു..

"വല്ലാത്തൊരു പേടി എനിക്ക്.."
വേണി വരുണിന്റെ കൈയ്യിൽ മുറുകേ പിടിച്ചു കൊണ്ട് ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു..

"എന്തിനാ പേടി..."

"അറിയില്ല...
അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു ന്ന് മനസ് പറയുന്നു..."

"ഹേയ് അതൊക്കെ തന്റെ തോന്നൽ അല്ലേ...
വാ..'
വേണിയുടെ കൈയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് വരുൺ മുന്നോട്ട് നടന്നു...

"ചേച്ചി..."
അമ്മുവിന്റെ ശബ്ദം വേണിയുടെ കാതിൽ മുഴങ്ങി തുടങ്ങി..

"ഏട്ടാ.."
ഡോർ തുറന്നു അകത്തേക്ക് കയറിയതും വേണിയുടെ പിടുത്തം ഒന്നുടെ മുറുകി...


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top