രചന: സജി തൈപ്പറമ്പ്
ഇല്ല ശ്രീദേവീ ... മന:പ്പൂർവ്വം നിന്നെ ഞാൻ വഞ്ചിച്ചിട്ടില്ല, ഒരു ദുർബല നിമിഷത്തിൽ എനിക്ക് നീയറിയാതെ ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നു, അതിന് ആദ്യമേ നിന്നോട് ഞാൻ മാപ്പ് ചോദിക്കുവാ
മ്ഹും ,എന്നോട് തെറ്റ് ചെയ്തിട്ട് അവസാനം ഞാനതറിഞ്ഞപ്പോൾ മാപ്പ് ചോദിക്കുന്നു, കൊള്ളാം നിങ്ങളൊരു പഠിച്ച കള്ളൻ തന്നെ ,ഇപ്പോഴാ എനിക്കോർമ്മ വന്നത്, ഇടയ്ക്കിടെ കൂട്ടുകാരൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ,നിങ്ങള് പാലക്കാട് പോയിരുന്നത് ,ഈ ജാരസന്തതിയെയും, നിങ്ങളുടെ കാമുകിയെയും കാണാനായിരുന്നല്ലേ?
നീ പറഞ്ഞതിൽ ,പകുതി സത്യമാണ് ,ദീപക്കിനെ കാണാൻ തന്നെയാണ് ഞാൻ പോയിരുന്നത് , പക്ഷേ നീ കരുതുന്നതുപോലെ, അവിടെ എന്നെ കാത്തിരിക്കാൻ, ഒരു കാമുകി ഉണ്ടായിരുന്നില്ല
പിന്നെ, ഞാൻ വിശ്വസിച്ചു, അമ്മയില്ലാതെ ഈ മകൻ എങ്ങനെ ഉണ്ടായി?
അതൊരു വലിയ കഥയാണ് ശ്രീദേവി ,കുറച്ച് പഴക്കം
ചെന്ന ഒരു കഥ ,അത് നീ ക്ഷമയോടെ കേൾക്കണം
ഓ എങ്കിൽ വേഗം പറ, ഇനി അത് കേട്ടില്ലെന്ന് വേണ്ട
നീ ഓർക്കുന്നുണ്ടോ പത്ത് പതിനാറ് കൊല്ലം മുമ്പ്, നമ്മുടെ മകൾ ലക്ഷ്മിയെ പ്രസവിച്ച ,ചിറ്റൂരുള്ള ആ താലൂക്കാശുപത്രി?
പിന്നേ ... അതെനിക്ക് മറക്കാൻ കഴിയില്ലല്ലോ?
എങ്കിൽ, നിനക്ക് ഒരിക്കലും ഓർത്തെടുക്കാൻ കഴിയാത്ത, അല്ലെങ്കിൽ നീ ഇതുവരെ അറിയാത്ത, ചില സംഭവങ്ങൾ, അന്ന് ആ ആശുപത്രിയിൽ വച്ച് നടന്നിരുന്നു
ങ്ഹേ, അതെന്തു സംഭവമാണ്?
പറയാം ശ്രീദേവി..ഞാൻ എല്ലാം പറയാം,അന്ന് നിന്നെ പ്രസവത്തിനായി, ലേബർ റൂമിലേക്ക് കയറ്റിയ സമയം, പുറത്ത് ഞാൻ ഒറ്റയ്ക്ക് വിഷണ്ണനായി ഉലാത്തുമ്പോഴാണ്, ഇടനാഴിയിൽ ഒരു കോണിലായി കിടന്ന
ചാര്ബെഞ്ചിൽ ,തല കുമ്പിട്ടിരിക്കുന്ന ഒരു മധ്യവയസ്കനെ കാണുന്നത് ,
അദ്ദേഹവും ഭാര്യയുമായി പ്രസവത്തിന് വന്നതാണെന്ന് എനിക്ക് മനസ്സിലായി, എൻ്റെ ഉള്ളിലെ ഉൽക്കണ്ഠകൾ അദ്ദേഹവുമായി പങ്കു വയ്ക്കാമെന്ന് കരുതിയാണ്, ഞാനാ മനുഷ്യൻ്റെ അരികിലേക്ക് ചെന്നിരുന്നത്, അപ്പോഴാണ്, കുനിഞ്ഞിരിക്കുന്ന അയാൾ തേങ്ങി കരയുകയായിരുന്നെന്ന് എനിക്ക് മനസ്സിലായത്,
ഞാൻ അദ്ദേഹത്തെ തട്ടിവിളിച്ചു കാര്യം അന്വേഷിച്ചു , കുറച്ചുമുമ്പ് അദ്ദേഹത്തിൻറെ ഭാര്യ പ്രസവിച്ച കുഞ്ഞ് മരിച്ചു പോയെന്നും , ഭാര്യ ബോധരഹിതയായതുകൊണ്ട്, അവരൊന്നുമറിഞ്ഞിട്ടില്ലെന്നും, അറിഞ്ഞാൽ പിന്നെ, തൻ്റെ ഭാര്യ ജീവിച്ചിരിക്കില്ലെന്നും, അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ, ഞാൻ അതിൻ്റെ കാരണമന്വേഷിച്ചു,
അവരുടെ വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ട് വർഷത്തിന് ശേഷമായിരുന്നു, അയാളുടെ ഭാര്യ ആദ്യമായി ഗർഭം ധരിച്ചത്, അത് പക്ഷേ, മൂന്നാംമാസത്തിൽ തന്നെ അലസിപ്പോയി ,ആറ് മാസത്തിന് ശേഷം, രണ്ടാമതും ഗർഭിണിയായ ആ സ്ത്രീ, അതീവ ശ്രദ്ധയോടെ മുന്നോട്ട് പോയെങ്കിലും, ആറ് മാസം തികയുന്നതിന് മുമ്പേ, വീണ്ടും അബോർഷനായി ,അതോടെ പരിശോധന നടത്തിയ ഡോക്ടർ, ഒരു വിധിയെഴുതി ,
തീരെ ദുർബ്ബലമായ അവരുടെ ഗർഭപാത്രത്തിന് ഒരു ഭ്രൂണത്തെ പൂർണ്ണ വളർച്ചയിലെത്തിക്കാനുള്ള ശേഷിയില്ലെന്നും,വാടക ഗർഭപാത്രത്തെ ആശ്രയിക്കുന്നതാണ് ഉത്തമമെന്നും, പക്ഷേ, തൻ്റെ കുഞ്ഞിനെ സ്വന്തം ഗർഭപാത്രത്തിൽ തന്നെ ചുമന്ന് പ്രസവിക്കണമെന്ന്, ആ സ്ത്രീ വാശി പിടിച്ചപ്പോൾ, അയാൾക്കും തടയാനായില്ല,
പിന്നീട് രണ്ട് പ്രാവശ്യം കൂടി അബോർഷനായതിന് ശേഷമായിരുന്നു, അഞ്ചാമത്തെ പ്രാവശ്യം അവർ തൻ്റെ വയറ്റിൽ പൂർണ്ണവളർച്ചയെത്തിയ കുഞ്ഞുമായി സന്തോഷത്തോടെ, അതിലേറെ പ്രതീക്ഷയോടെ ആശുപത്രിയിലെത്തിയത്, ബോഡി വളരെ വീക്കായതിനാലാണ് ,
സിസേറിയന് നിർദേശിക്കുന്നതെന്ന് ഡോക്ടർ , അദ്ദേഹത്തോട് പറഞ്ഞിരുന്നു,
ഭാര്യ ഇനിയെങ്കിലും ജീവനോടെ ഇരിക്കണമെങ്കിൽ, അവർ ഒരിക്കലും ഗർഭിണിയാകാൻ പാടില്ലെന്ന്, ഡോക്ടർ അദ്ദേഹത്തോട് താക്കീതും ചെയ്തത് കേട്ട് തളർന്നിരിക്കുമ്പോഴാണ്, ഞാൻ ചെല്ലുന്നത് ,
ബോധം വീഴുന്ന തൻ്റെ ഭാര്യയോട്, കുഞ്ഞ് മരിച്ച് പോയെന്നും, ഇനി മേലാൽ അവൾ പ്രസവിക്കരുതെന്നും, ഞാനെങ്ങനെ പറയുമെന്ന്, എന്നോട് ചോദിച്ച് കരയുന്ന ആ പാവം മനുഷ്യനെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനിരിക്കുമ്പോഴാണ് ,
നീ പ്രസവിച്ചെന്നും ഇരട്ടക്കുട്ടികളാണെന്നും പറഞ്ഞ് ,സിസ്റ്റർ എൻ്റെ കയ്യിൽ രണ്ട് ചോരക്കുഞ്ഞുങ്ങളെ കൊണ്ട് തരുന്നത്,
ങ്ഹേ അന്ന് ഞാൻ പ്രസവിച്ച ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ച് പോയെന്നല്ലെ അന്നെന്നോട് പറഞ്ഞത് ?
ശ്രീദേവി, അമ്പരപ്പോടെ ചോദിച്ചു.
അതെ, പക്ഷേ അത് ഞാൻ നിന്നോട് ആദ്യമായി പറഞ്ഞ വലിയൊരു നുണയായിരുന്നു
മതി ,ഇനി എനിക്കൊന്നും കേൾക്കണ്ട ,അന്ന് എന്ത് ചെയ്യണമെന്നറിയാതെ എല്ലാം തകർന്നിരിക്കുന്ന ആ മനുഷ്യനും അയാളുടെ ഭാര്യയ്ക്കും വേണ്ടി നിങ്ങളെൻ്റെ ഒരു കുഞ്ഞിനെ ദാനം കൊടുത്തു അല്ലേ?
അതെ ശ്രീദേവീ ...അന്നെനിക്ക് അങ്ങനെ ചെയ്യാനാണ് തോന്നിയത്, അതിന് നീ എന്ത് ശിക്ഷ തന്നാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ ,എന്നെയും നമ്മുടെ മകനെയും ഉപേക്ഷിച്ച്, നീ മോളെയും കൊണ്ട് എങ്ങോട്ടും പോകരുത്
ഇല്ല ചേട്ടാ ... ഒരു കുഞ്ഞിന് വേണ്ടി ജീവിതത്തിൻ്റെ സിംഹഭാഗവും ത്യാഗം സഹിച്ചവർക്ക് വേണ്ടിയല്ലേ? നിങ്ങള് അന്നങ്ങനെ ചെയ്തത് അത് സാരമില്ല, ഇപ്പോൾ അവനെ നമുക്ക് തിരിച്ച് കിട്ടിയല്ലോ ? ഞാനെൻ്റെ മോനെയൊന്ന് കണ്ടിട്ട് വരട്ടെ ചേട്ടാ... മോളെ ലച്ചു, വരു നിൻ്റെ കൂടെ പിറപ്പിനെ കാണണ്ടേ?
ശ്രീദേവി മകളുമായി അടുത്ത മുറിയിലേക്ക് പോകാനിറങ്ങുമ്പോൾ, എല്ലാം കേട്ട് കൊണ്ട് ദീപക് പുറത്ത് നില്പുണ്ടായിരുന്നു,
എൻ്റെ പൊന്ന് മോനേ...
അമ്മേ ...
അമ്മയും മകനും പരസ്പരം സ്നേഹം പങ്ക് വയ്ക്കാൻ മത്സരിക്കുന്നത് കണ്ടപ്പോൾ, അയാൾക്ക് സമാധാനമായി.
ഭാര്യയോട് പറയാനായി രണ്ട് ദിവസം കൊണ്ട് ,അയാൾ മെനഞ്ഞെടുത്ത ആ കള്ളക്കഥ അയാളുടെ സ്വന്തമായിരുന്നില്ല,
പണ്ട് ജയറാമിൻ്റെയും മഞ്ജു വാര്യരുടെയും ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമാക്കഥയായിരുന്നു അത്
പക്ഷേ, അതിൻ്റെ പിന്നിൽ അയാൾക്ക് ഒരു സദുദ്ദേശമുണ്ടായിരുന്നു, മാതാപിതാക്കളുടെ വിയോഗത്തോടെ ദീപക് അനാഥനാകരുതെന്ന നിർബന്ധം,
അത് തൻ്റെ കടമയാണെന്നും, അങ്ങനെയെങ്കിലും തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ്റെയും ഭാര്യയുടെയും ആത്മാവിന് നിത്യശാന്തി കിട്ടട്ടെയെന്നും അയാൾ ആഗ്രഹിച്ചു.
ശുഭം.
രചന: സജി തൈപ്പറമ്പ്