ഉൾക്കടൽ 1
രചന: സജി തൈപ്പറമ്പ്
ഏതാ ശ്രീദേവീ..ആ പയ്യൻ ?
രണ്ട് ദിവസമായി നിങ്ങടെ പൂമുഖത്തിരിക്കുന്നത് കാണാമല്ലോ?
ടെറസ്സിൽ തുണി വിരിക്കാൻ കയറിയപ്പോഴാണ്, അങ്ങേതിലെ ഭാസുരേച്ചിയുടെ ചോദ്യം
പാലക്കാട്ടൂന്ന്,ചേട്ടൻ കൂട്ടി കൊണ്ട് വന്നതാ ഭാസുരേച്ചീ.. കൂട്ടുകാരൻ്റെ മോനാ
ഓഹ് അത് ശരി, എന്താ നമ്മുടെ നാടൊക്കെ കാണിക്കാൻ കൊണ്ട് വന്നതാണോ?
ഹേയ് അല്ല ,രണ്ട് ദിവസം മുമ്പ് പത്രത്തിലൊരു വാർത്ത ഉണ്ടായിരുന്നല്ലോ? പൊള്ളാച്ചിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ദമ്പതികൾ മരിച്ചെന്ന് ? അത് ആ കൊച്ചൻ്റെ അമ്മയും അച്ഛനുമായിരുന്നു
അതെയോ ഈശ്വരാ.. പാവം ചെക്കൻ ,അപ്പോൾ ആ പയ്യന് മറ്റ് ബന്ധുക്കളൊന്നുമില്ലേ?
ഇല്ലന്നാ പറയുന്നത് ,അവര് സ്നേഹിച്ച് കല്യാണംകഴിച്ചവരായത് കൊണ്ട് കുടുംബക്കാരുമായിട്ട് അടുപ്പമൊന്നുമുണ്ടായിരുന്നില്ലത്രേ
കഷ്ടമായല്ലോ?ഇനീപ്പോ കുറച്ചീസം ഇവിടെയുണ്ടാവുമല്ലേ?
ങ്ഹാ അതേ ,എന്നാൽ ശരി, ഞാൻ താഴേക്ക് ചെല്ലട്ടെ ചേച്ചീ..
സൂര്യപ്രകാശം നേരിട്ടടിക്കുന്ന ടെറസ്സിൽ ഇനിയും നിന്നാൽ തൻ്റെ മുഖവും കൈകളുമൊക്കെ കറുത്ത് പോകുമെന്ന ടെൻഷൻ കാരണം ശ്രീദേവി വേഗം താഴേക്കിറങ്ങി.
####################
അല്ലാ ആ കൊച്ചനെ ഇങ്ങനെ നിർത്തിയാലെങ്ങനാ അവനെ തിരിച്ച് വീട്ടിൽ കൊണ്ട് പോയി വിടണ്ടെ?
ഭർത്താവിന് ഊണ് വിളമ്പുന്നതിനിടയിൽ ശ്രീദേവി ചോദിച്ചു
ഉം ,പക്ഷേ തിരിച്ച് കൊണ്ട് വിട്ടാൽ, അവനവിടെ തനിച്ചെങ്ങനെ കഴിയുമെന്നോർക്കുകയായിരുന്നു ഞാൻ
അല്ലാതെ പിന്നെ നമ്മളെന്ത് ചെയ്യും, പത്ത് പതിനാറ് വയസ്സായ ചെക്കനെ ഇവിടെ എത്ര ദിവസമെന്ന് പറഞ്ഞാ നിർത്തുന്നത്?
അതും ശരിയാ എന്തായാലും കുറച്ച് ദിവസം കൂടി കഴിയട്ടെ ഇപ്പോൾ അവൻ മാനസികമായി ആകെ തളർന്നിരിക്കുവല്ലേ?
ഉം മതി ,ഞാൻ പറഞ്ഞെന്നേയുള്ളു,
###################
അല്ലാ ആ കൊച്ചനിവിടെ വന്നിട്ട് രണ്ടാഴ്ച
കഴിഞ്ഞില്ലേ ശ്രീദേവീ...? അതിനെ തിരിച്ച് കൊണ്ടാക്കുന്നില്ലേ ?
കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാസുരേച്ചി, ജിജ്ഞാസയോടെ വീണ്ടും ചോദിച്ചു.
ഉം ഞാനത് കഴിഞ്ഞ ദിവസം ചേട്ടനോട് സൂചിപ്പിച്ചിരുന്നു അപ്പോൾ ചേട്ടൻ പറയുവാ കുറച്ചീസം കൂടി കഴിയട്ടേന്ന്
അത് വേണോ ശ്രീദേവീ, പ്രായം തികഞ്ഞൊരു പെൺകുട്ടി നിങ്ങൾക്കുള്ളതല്ലേ? പഴയ കാലമൊന്നുമല്ല ഇപ്പോഴത്തെ ആമ്പിള്ളേരെയൊന്നും കണ്ണടച്ച് വിശ്വസിക്കാൻ കൊള്ളില്ല നിൻ്റെയൊരു കണ്ണ് എപ്പോഴും ആ കൊച്ചൻ്റെ മേലുണ്ടാവുന്നത് നല്ലതാ
ഭാസുരേച്ചി ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞത് ശ്രീദേവിയുടെ ഉള്ളിൽ ഒരാധിയായി കിടന്നു.
#####################
ദേ, ആ ദീപക്കിനിപ്പോൾ വലിയ സങ്കടമൊന്നുമില്ല, അവൻ ലച്ചുമോളുമായിട്ട് ഭയങ്കര കളിയും ചിരിയുമൊക്കെയാ
രാത്രി കിടപ്പറയിൽ വച്ച് ,ശ്രീദേവി ഭർത്താവിനോട് പറഞ്ഞു
ങ്ഹാ, അത് നന്നായി ,അവനീ ദുരവസ്ഥ എങ്ങനെ ഓവർകം ചെയ്യുമെന്നായിരുന്നു എൻ്റെ ടെൻഷൻ
അല്ല ഞാൻ പറഞ്ഞ് വന്നത് ,ഇപ്പോൾ അവൻ വന്നിട്ട് ഒരു മാസമാകുന്നു ,ഇനിയും നമ്മൾ അവനെ ഇവിടെ പിടിച്ച് നിർത്തേണ്ട കാര്യമില്ലെന്നാണ്
ശ്രീദേവീ .. നീയൊരു കാര്യമാലോചിക്കണം ആകെ ഉണ്ടായിരുന്ന മാതാപിതാക്കളാണ് അവന് ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടിരിക്കുന്നത് ഇപ്പോഴവൻ തീർത്തും അനാഥനാണ് ,അവനെ തിരിച്ച് കൊണ്ട് വിട്ടാൽ പിന്നെയവൻ എങ്ങിനെ ജീവിക്കും, അവൻ്റെ പഠിത്തം എങ്ങനെ നടക്കും
അതൊക്കെ എന്തിനാ നമ്മളാലോചിക്കുന്നത് ,
നിങ്ങളെപ്പോലെ വേറെയും കൂട്ടുകാർ അദ്ദേഹത്തിനുണ്ടാവില്ലേ?അവരാരെങ്കിലും നോക്കട്ടെ
ഓഹോ, ഒരു പക്ഷേ ആ കൂട്ടുകാരുടെ ഭാര്യമാരും നിന്നെ പോലെയാണ് അവരോട് പറഞ്ഞതെങ്കിൽ?
ആഹ് അതൊന്നുമെനിക്കറിയില്ല ,
നിങ്ങൾക്കറിയുമോ ?കുറെ ദിവസങ്ങളായി ഞാൻ മന:സ്സമാധാനത്തോടെ ഒന്നുറങ്ങിയിട്ട് ,ഞാനും ലച്ചുവും നിങ്ങളും മാത്രമായിരുന്ന എൻ്റെ സ്വകാര്യ ലോകത്തേയ്ക്ക് അന്യനായ ഒരാൾ കൂടി കടന്ന് വന്നപ്പോൾ മുതൽ എൻ്റെ സ്വസ്ഥത പോയതാണ്
നീ ഇത്രയും അസ്വസ്ഥയാകാൻ ആ പയ്യൻ എന്ത് ചെയ്തെന്നാ പറയുന്നത്
അവൻ ഒന്നും ചെയ്തിട്ടല്ലാ ,പക്ഷേ നമുക്കൊരു മകളാണെന്നുള്ള കാര്യം ചേട്ടനറിയാമല്ലോ? അവളുടെ സുരക്ഷിതത്വത്തെ കുറിച്ചാണ് എനിക്ക് വേവലാതി
ഹ ഹ ഹ, അതിന് ദീപക് വന്ന ദിവസം മുതൽ, നീ ലച്ചുവിനെ നമ്മുടെ കൂടെയല്ലേ കിടത്തിയുറക്കുന്നത്, പിന്നെന്താ?
അതൊക്കെ ശരി തന്നെ എന്നാലും നമ്മുടെ സ്വർഗ്ഗത്തിൽ ഒരു കട്ടുറുമ്പായി ആ കൊച്ചൻ ഇനി ഇവിടെ വേണ്ടാന്നാണ് എൻ്റെ അഭിപ്രായം
നീയിങ്ങനെ സ്വാർത്ഥമതിയാകല്ലേ ശ്രീദേവീ... ആ പയ്യൻ്റെ അവസ്ഥ നമ്മുടെ മകൾക്കായിരുന്നെങ്കിലോ?
അതൊന്നുമെനിക്കറിയണ്ടാ നിങ്ങൾ നാളെ തന്നെ അവനെ തിരിച്ച് കൊണ്ടാക്കണം
ഇല്ല ശ്രീദേവീ..ഒരു പൂച്ചക്കുഞ്ഞിനെ കൊണ്ട് കളയുന്ന ലാഘവത്തോടെ അവനെ കൊണ്ട് പോയി ഉപേക്ഷിക്കാൻ എനിക്കാവില്ല
അതെന്താ പറ്റാത്തത് ? അവൻ നിങ്ങടെ ആരാ ?
കൂട്ടുകാരൻ്റെ മകനല്ലേ? അല്ലാതെ നിങ്ങടെ സ്വന്തം ചോരയിൽ പിറന്നതൊന്നുമല്ലല്ലോ?
ശ്രീദേവീ ..
അതൊരലർച്ചയായിരുന്നു.
നിയന്ത്രണം വിട്ട അയാൾ തൻ്റെ ദേഷ്യം മാറ്റാൻ മേശയിൽ ആഞ്ഞടിച്ചു
എന്തിനാ മേശ തല്ലിപ്പൊളിക്കുന്നത്? നിങ്ങൾക്ക് കലിപ്പ് തീരാൻ വേണമെങ്കിൽ എന്നെ തല്ലിക്കോ, എന്നാലും വേണ്ടില്ല, അവനെ ഇവിടുന്ന് നാളെ തന്നെ പറഞ്ഞ് വിടണം
നടക്കില്ല, അവൻ ഇവിടെ തന്നെ ജീവിക്കും, നമ്മുടെ മകൾക്ക് കൊടുക്കുന്നതെല്ലാം അവനും കൊടുക്കും ,നമ്മുടെ മകനായി വേണം ഇനി അവനെ നീ കാണാൻ
ഓഹോ, അപ്പോൾ എൻ്റെ അഭിപ്രായങ്ങൾക്കൊന്നും ഇവിടെ യാതൊരു വിലയുമില്ല അല്ലേ ?ഇനി ഞാനും എൻ്റെ മോളും ഈ വീട്ടിൽ നില്ക്കില്ല
പൊടുന്നനെ ശ്രീദേവി ,അലമാര തുറന്ന് തൻ്റെയും ലച്ചുവിൻ്റെയും വസ്ത്രങ്ങൾ വാരിയെടുത്ത് ഒരു ബാഗിൽ നിറച്ചു
ശ്രീദേവീ.. അവിവേകമാണ് നീ കാണിക്കുന്നത്, നീയിപ്പോൾ ഇവിടുന്നിറങ്ങി പോകരുത്
ഇല്ല പോകില്ല, പക്ഷേ നാളെ രാവിലെ അവനെ ഇവിടുന്ന് പറഞ്ഞ് വിടാമെന്ന് നിങ്ങളെനിക്ക് വാക്ക് തരണം
സോറി ശ്രീദേവീ.. അവനെ പറഞ്ഞ് വിടാൻ എനിക്ക് കഴിയില്ല
അതെന്ത് കൊണ്ടാണെന്നാണ് എനിക്കിപ്പോൾ സംശയം, സത്യം പറയ്, അവൻ നിങ്ങളുടെ കൂട്ട് കാരൻ്റെ മകനാണോ? അതോ നിങ്ങളുടെ മകൻ തന്നെയാണോ?
ഇത്തവണ അയാൾ സ്വയം നിയന്ത്രിച്ചു.
അതെ ശ്രീദേവീ .. അവൻ എൻ്റെ മകൻ തന്നെയാ, എൻ്റെ ചോരയിൽ പിറന്ന സ്വന്തം മകൻ
ങ്ഹേ,
തൻ്റെ തലയ്ക്ക് പിന്നിൽ പ്രഹരമേറ്റത് പോലെ ശ്രീദേവി തരിച്ച് നിന്ന് പോയി.