രചന: Nandha Nandhitha
അത്ര നേരം സന്തോഷത്തോടെ, തിളങ്ങി നിന്ന മുഖം ഒരു നിമിഷം കൊണ്ട് പ്രകാശമില്ലാതെ ആയി... കണ്ണുകളിൽ നീർതുള്ളികൾ പെയ്യാൻ വിതുമ്പി നിൽക്കുന്നത് ഞാൻ കണ്ടു.
വിഷമിക്കല്ലെന്ന് പറയാൻ തുടങ്ങിയതും,
മുഹൂർത്തായി താലികെട്ടെന്ന് തിരുമേനി പറഞ്ഞു.
ശിവാനി ഇരുകൈകളും കൂപ്പി പ്രാർഥനയോടെ നിന്നു.
ഞാൻ മിന്നവളുടെ കഴുത്തിലേക്ക് കെട്ടി
ഹൃദയം കെട്ടിമേളം പോലെ തുടിച്ചുകൊണ്ടിരുന്നു.
കുങ്കുമ ചെപ്പിൽ നിന്നൊരു നുള്ള് എടുത്ത് അവളുടെ സീമന്തരേഖയിലേക്ക് തേച്ചു.
ഇതുവരെ കാണാത്ത പുതിയൊരു മുഖം ഞാനവളിൽ ആദ്യാമായി കണ്ടു.
കല്യാണ മാല, 'കനക മാല കാണുന്നവർക്ക് ഇമ്പ മാല' എന്ന് പറയുന്ന പോലെ അതി മനോഹരമായ പൂക്കൾ ചേർത്ത് വച്ച മാല എന്റെ കഴുത്തിലേക്കണിയാൻ അവൾ എടുത്തു കഴുത്തിലേക്കിട്ട പാടെ പെണ്ണ് എന്റെ നെഞ്ചിലേക്ക് വീണു...
ഞാൻ അവളെ കെട്ടിപ്പിടിച്ചു പാവം അച്ഛനേം അമ്മയേം കാണാത്ത സങ്കടം കൊണ്ടാണെന്ന് കരുതി കുറേ കൂടെ മുറുകെ അങ്ങ് പിടിച്ചു.
അവളുടെ അനക്കമൊന്നും കാണാതെ വന്നപ്പോ ഞാനവളെ തട്ടി വിളിച്ചു...
"ഏയ് ശിവ എണീറ്റെ...
അമ്പലവ എല്ലാരും നോക്കുന്നു..
മതി ബാക്കി വീട്ടിൽ ചെന്നിട്ട്..."
അവളുടെ കയ്യിൽ പിടിച്ചു ഞാൻ മുന്നോട്ട് മാറ്റി വീണ്ടും അവൾ മയങ്ങി എന്നിലേക്ക് വീഴാൻ നിക്കുന്നു.
വാടി തളർന്നു കുഴഞ്ഞുപോയ അവളുടെ മുഖം ഞെട്ടടർന്ന പൂവ് പോലെയായ്.
ബോധരഹിതയായ അവളെ കണ്ട് എന്നിൽ ഭീതി ഉടലെടുത്തു..
"മോളെ എന്ത് പറ്റി...?"
എന്റെ മടിയിലേക്ക് അവളെ കിടത്തി.
കിണ്ടിയിലിരുന്ന വെള്ളമെടുത്ത് മുഖത്ത് തളിച്ചു
വെള്ളമവളുടെ കണ്ണുകളിലേക്ക് ഊർന്നിറങ്ങി മെല്ലെ കൺ പീലികൾ വെട്ടി അവൾ കണ്ണ് തുറന്നു.
അത് കണ്ടപ്പോഴാണ് ഹൃദയത്തിന്റെ പിടച്ചിലിനൊരയവു സംഭവിച്ചത്.
"എന്ത് പറ്റി മോളെ...?"
അമ്മ അവളോട് കൈ തിരുമ്മിക്കൊണ്ട് ചോദിച്ചു.
ഒന്നും പറയാതെ അവളെന്റെ മടിയിൽ എന്നെ നോക്കി കിടന്നു.
ഒരു സ്വപ്നത്തിൽ നിന്നെഴുന്നേറ്റ പോലെ
എന്റെ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങുന്നത് രക്തമാണെന്ന് തോന്നിപ്പോയി.
അവൾ കൈ ഉയർത്തി ആ കണ്ണീർ തുടച്ചുകൊണ്ട്. കരയല്ലേ ഏട്ടാ ന്ന് പറഞ്ഞപ്പോൾ വീണ്ടും ചങ്ക് തകരുന്ന വേദനയായിരുന്നു.
അവളെ എഴുന്നേൽപ്പിച്ചു പിന്നെ കല്യാണ മാലയൊന്നും ഇടാൻ നിന്നില്ല വേഗം തന്നെ കൈ പിടിച്ചു അമ്പലത്തിനു വലം വച്ചു തൊഴുതു ഞങ്ങൾ വെളിയിലേക്കിറങ്ങി.
വെയിലധികം കൊള്ളേണ്ട നിങ്ങൾ കാറിൽ കയറി ഇരിക്ക്
അളിയന്റെ വാക്കുകൾ കേട്ട് ഞങ്ങൾ കാറിൽ കയറി.
Ac ഇട്ടു.
"എടി...വയ്യായ്മ വല്ലോം ഉണ്ടോ.
അവരൊക്കെ ഭക്ഷണം കഴിക്കട്ടെ നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാം..."
"ഏയ്...വേണ്ട ഏട്ടാ എനിക്ക് ഒന്നുല്ല ആ പൂവിന്റെ മണവും ഇതെല്ലാം കൂടെ ഇട്ടോണ്ട് നിന്നപ്പോ തളർന്ന് പോയതാ...
എനിക്ക് ഏട്ടന്റെ തോളിൽ ചാരി ഇങ്ങനെ ഇരുന്ന മതി..."
"അച്ചോടാ...
നമുക്ക് വീട്ടിലേക്ക് പോകാം.
അവിടെ ചെന്നൊന്നു മയങ്ങുമ്പോഴേക്കും ഒക്കെ ശരിയാവും..."
"ഞാൻ അളിയനോട് പറയട്ടെ... നീയിവിടെ ഇരിക്കൂട്ടോ..."
അവളെ വണ്ടിയിൽ ഇരുത്തി ഞാൻ വെളിയിൽ ഇറങ്ങി.
"അളിയാ.. ഞങ്ങൾ വീട്ടിലോട്ട് പോവാണേ.
അവൾക്ക് ഒന്ന് കിടക്കണമെന്ന്..."
"ആ നിങ്ങൾ ചെല്ല് ഞാനിവിടുത്തെ കാര്യങ്ങളൊക്കെ നോക്കീട്ട് അങ്ങ് വന്നേക്കാം...
പിന്നെ എന്തേലും ഉണ്ടെങ്കിൽ വിളിക്കണേ..."
"ഞാൻ നോക്കിക്കോളാം നീ അവളേം കൊണ്ട് വീട്ടിൽ ചെല്ലാൻ നോക്ക്..."
അമ്മയെയും വിളിച്ചു കാറിലേക്ക് കയറ്റി.
വണ്ടി വീട്ടിലേക്ക് കുതിച്ചു.
*****************
പോകും വഴി കടയിൽ കയറി ഒരുപ്പ് സോഡാ നാരങ്ങ വെള്ളം അവൾക്ക് വാങ്ങിക്കൊടുത്തു.
ഇനി ബിപിടെ വല്ല പ്രശ്നോം ആണെങ്കിലോ.
എന്തൊക്കെ ചെയ്യണമെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു...
വീട്ടിൽ ചെന്ന് അവളെ പിടിച്ചു കാറിൽ നിന്നിറക്കി.
"വിട്ടേ എനിക്ക് കുഴപ്പമൊന്നുല്ലന്ന് പറഞ്ഞില്ലേ...?"
അമ്മ വീണ്ടും വിളക്കുമായി ഉമ്മറത്തേക്ക് വന്നു.
"ഇങ്ങനെ വീണ്ടും ചെയ്യുന്നത് ശരിയാണോ...
അമ്മേ...?"
ഞാൻ അമ്മയോട് ചോദിച്ചു..
"ഏയ് അത് സാരമില്ല അന്നിവൾ ഈ വീട്ടിലെ ഒരു അതിഥി ആയി വന്നതല്ലേ...?
ഇന്നിപ്പോ ഈ വീടിന്റെ മരുമകൾ ആയി നിന്റെ ഭാര്യയായിട്ടല്ലേ വന്നേക്കുന്നെ.
എല്ലാം ദൈവത്തിന്റെ കാടാക്ഷം..."
"വലതുകാൽ വച്ചു കയറി വാ മോളെ..." അമ്മ വിളക്കവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.
എരിയുന്ന നിലവിളക്കിന്റെ ശോഭയെ സാക്ഷിയായി, "പൂർണ മനസോടെ എന്റെ പാതിമെയ്യായി,നാമിന്ന് മുതൽ ഒന്നായി ജീവിക്കുന്ന ഈ വീട്ടിൽ സന്തോഷവും സമാധാനവും സ്നേഹവും വാത്സല്യവും എന്നും നിറഞ്ഞു നിലക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ... "
അമ്മ ചൊല്ലിത്തന്ന വാക്കുകൾ ഒരായിരം പ്രാവശ്യമുരുവിട്ട് കൊണ്ട് ഞങ്ങൾ വീടിനുള്ളിലേക്ക് കയറി.
***************
അവിടെ മുതൽ ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു.
അവളോടെനിക്കുള്ള പ്രണയം ഞാൻ കണ്ട സ്വപ്നം പോലെ തന്നെയായിരുന്നു.
പ്രതീക്ഷിക്കാതെ ജീവിതത്തിൽ വരുന്ന സുഖമുള്ള അനുഭവം...
പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു കുളിച്ചു വന്നപ്പോഴേക്കും അവൾ ഉച്ചക്കത്തെ പൊതിയും ഒക്കെയായി വന്നു.
"അതേ ഏട്ടാ ഞാനിന്ന് ബാങ്ക് വരെ പോകൂട്ടോ..."
"ആ ലോൺ ശരിയാകുമെങ്കിൽ വേഗം കടമുറി നോക്കണം.
എന്നുമീ പണിയും ചെയ്തോണ്ട് നടന്നാലേ നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല..."
"ആ നീ പോയിട്ട് വാ.
അമ്മയെയും കൊണ്ട് പോ.
ഒറ്റക്ക് പോകണ്ട..."
"ഉം..."
"ഇറങ്ങാൻ നേരം വിളിക്കണേ.
വൈകിട്ട് വരുമ്പോ എന്തേലും വാങ്ങണോ...?"
"ഓ...വേണ്ട വെറുതെ അതുമിതും വാങ്ങി കാശ് നശിപ്പിക്കണ്ട...
ഇവിടെ എല്ലാമുണ്ട്..."
"ആ ശരി ഞാൻ ഇറങ്ങുവാ.."
ബൈക്കിനടുത്തേക്ക് നടക്കുമ്പോ അവളും കൂടെ വന്നു.
ഹെൽമെറ്റ് വച്ച് ബൈക്ക് എടുത്തു അവളോട് യാത്ര പറഞ്ഞു ഞാൻ പുറപ്പെട്ടു.
ഡ്രൈവ് ചെയ്യുന്നതിനിടയിൽ നിർത്താതെ ഉള്ള ഫോൺ വിളികേട്ട്, പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കിയതും എതിരെ വന്ന കാർ ബൈക്കിലേക്ക് ഇടിച്ചു കയറി.
ബൈക്കിൽ നിന്ന് വീണ ആദിയുടെ തല അടുത്തുള്ള പോസ്റ്റിലേക്ക് ശക്തിയായി ഇടിച്ചു...
രക്തം വാർന്നു റോഡിലും , തന്റെ ശരീരത്തിലും പടരുന്നത് അവൻ അറിഞ്ഞു...
"ഫോൺ എടുത്ത് വണ്ടി ഓടിച്ചതാ... ചെക്കൻ തീർന്നെന്നാ തോന്നുന്നേ...അതുപോലുള്ള ഇടിയല്ലേ ഇടിച്ചത്..."
ആരൊക്കെയോ അടക്കം പറയുന്നത്, കണ്ണുകൾ അടഞ്ഞു ബോധം മറയുന്ന നേരത്ത് അവൻ കേട്ടു...
