രചന: അലി അക്ബർ. തൂത
എന്തിന് ഈ താലി 1
"ഇത്രനാളും ഞാൻ സ്നേഹിച്ചു നടന്ന എന്റെ എല്ലാമായ ഗീതുവിനെ മറക്കാൻ പറയാൻ ഇവർക്കു കഴിയുമായിരിക്കും. പക്ഷേ എനിക്ക് അതിന് കഴിയില്ലല്ലോ ."
അനൂപ് വല്ലാതെ വിഷമത്തിലാണ്.
അവളെ കല്യാണം കഴിക്കാൻ സമ്മതമില്ലെന്ന ഉറച്ച നിലപാട് അവന്റെ ചേട്ടന്മാർ എടുത്തപ്പോൾ അവരുമായി അനൂപിന് പലപ്പോഴും കലഹിക്കേണ്ടി വന്നിട്ടുണ്ട് .
"എന്റെ ഗീതുവല്ലാതെ എന്റെ ജീവിതത്തിൽ വേറൊരു പെണ്ണില്ല"
അനൂപ് ഉറപ്പിച്ചു പറഞ്ഞുവെങ്കിലും വീട്ടുകാരുടെ തീരുമാനത്തിൽ മാറ്റമില്ലായിരുന്നു.
സങ്കടം സഹിക്കവയ്യാതെ അനൂപ് പല രാത്രികളും വീട്ടിലെത്തിയത് മൂക്കുമുട്ടെ കുടിച്ചിട്ടാണ്.
കുടിച്ച് ലക്ക് കെട്ട അവനെ കൂട്ടുകാർ താങ്ങിയെടുത്തിട്ടായിരുന്നു വീട്ടിലെത്തിച്ചത്.
പിന്നീട് അവൻ നശിക്കാൻ കാരണം അവന്റെ കൂട്ടുകാർ ആണെന്ന് പറഞ്ഞു അവരോട് സീൻ ഉണ്ടാക്കി അനൂപിന്റെ ചേട്ടന്മാരും ഏട്ടത്തിയമ്മമാരും.
ഇപ്പോൾ അവർ വീട്ടിലേക്ക് കയറില്ല, പകരം വീട് പടിക്കൽ ഇറക്കി വിടാറാണ് പതിവ്.
പിന്നെ അനൂപിന്റെ ചാഞ്ചാടിയുള്ള നടത്തം കാണുമ്പോൾ ചേട്ടന്മാരും എട്ടത്തിയമ്മമാരും മുഖം തിരിച്ച് അവരവരുടെ റൂമിലേക്ക് വലിയാൻതുടങ്ങി.
അമ്മ പക്ഷേ അവന് ഭക്ഷണം കൊടുത്ത് റൂമിലേക്ക് പിടിച്ചു കൊണ്ടുപോയി കിടത്തും. ഒത്തിരി ശാസിച്ചും ഒത്തിരി കരഞ്ഞും അമ്മ ഉപദേശിച്ചു കൊണ്ടേയിരുന്നു.
ദിനരാത്രങ്ങൾ നീങ്ങിക്കൊണ്ടിരുന്നു
എന്നാൽ ഇതെല്ലാം അനൂപിന്റെ ദിനചര്യയായി മാറിയിരുന്നു.
അനൂപ് കള്ളുകുടിച്ച് നശിക്കുന്നത് കണ്ടു ഒരിക്കൽ ഗീതു പറഞ്ഞു.
"അനൂപ് എനിക്കും നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ... എത്രയും വേഗം നാം ഒരു തീരുമാനം എടുത്തേ മതിയാകൂ. നമുക്ക് രജിസ്റ്റർ മര്യേജ് ചെയ്യാം. എന്നിട്ട് എവിടേലും പോയി ജീവിക്കണം."
"അതൊക്കെ ഞാൻ പലവട്ടം ചിന്തിച്ചതാ..
നടക്കില്ല..അമ്മയുടെ കാര്യത്തിലാണ് വിഷമം, ഒരുവട്ടം അറ്റാക്ക് ഉണ്ടയതല്ലെ..ബാക്കിയുള്ളവർ പോട്ടെ."
അനൂപിന്റെ വാക്കുകൾ കേട്ട് ഗീതുവും വിഷമത്തിലായി.
ഒടുവിൽ അവളു തന്നെ ഒരു വഴി പറഞ്ഞു.
"നീ ഒരു പെണ്ണിനെ കല്യാണം കഴിച്ചു കുറച്ച് ദിവസം കൂടെ നിർത്തി പിന്നെ അവളെ അവളുടെ വീട്ടിലേക്ക് കൊണ്ടു ചെന്നാക്കി അവളെ ഉപേക്ഷിക്കണം.
ഒരു രണ്ടാം കെട്ട്കാരനായൽ പിന്നെ നിന്റെ വീട്ടുകാർ എന്നെ അന്വേഷിച്ചു വരും.
അല്ലാതെ ഒരു വഴിയും നിന്റെ എട്ടൻമാരെ സമ്മതിപ്പിക്കാൻ എന്റെ മുന്നിൽ തെളിയുന്നില്ല.
അങ്ങനെ നിന്റെ വീട്ടുകാര്ടെ പണവും പ്രതാപവും തറവാടിത്തവും പറഞ്ഞുള്ള അഹങ്കാരം തീരുകയും ചെയ്യും."
ഗീതുവുമായി വിവാഹം സ്വപ്നം കണ്ടുനടന്ന്, മറ്റൊന്നുമാലോചിക്കാതെ അവളുടെ തീരുമാനം ശരിയാണെന്ന് അനൂപിനും തോന്നി.
അങ്ങനെ വീട്ടുകാരോടൊപ്പം അനൂപ് പെണ്ണുകാണാൻ പോയി
അച്ഛനുമമ്മയും ഇല്ലാത്ത ഒരു കുട്ടിയാണ്.
ആരായാലും കുഴപ്പമില്ല വീട്ടുകാരോടുള്ള ദേഷ്യം മാത്രമായിരുന്നു അപ്പോൾ അവന്റെ മനസ്സിൽ.
ചായയുമായി വന്നപ്പോൾ അനൂപ് അവളെ ഒന്ന് ശ്രദ്ധിച്ച് പോലുമില്ല.
ഇതാ ചായ എന്ന വാക്ക് കേട്ടാണ് അനൂപ് തലയുയർത്തി അവളുടെ മുഖത്തേക്ക് നോക്കിയത്.
അനൂപ് പകച്ചു നിന്നുപോയി .
ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്റെ ജൂനിയർ ആയി പഠിച്ച സന്ധ്യ..
പലവട്ടം പ്രണയം പറഞ്ഞിട്ടും അഹങ്കാരത്തോടെ നിരസിച്ചവൾ..
അവളുടെ കൂട്ടുകാരികൾക്ക് മുമ്പിൽ വച്ച് നിർദ്ദയം അപമാനിച്ചവൾ.അന്നവൾക്ക് പണമുള്ളതിന്റെ നെഗളിപ്പായിരുന്നു .
ഒരു റോസാപ്പൂ കൊടുത്തപ്പോൾ അത് വാങ്ങി പിച്ചിപ്പറിച്ച് മുഖത്തേക്കെറിഞ്ഞ് തന്റെ തന്തക്കും വിളിച്ച് ഇറങ്ങിപ്പോയപ്പോൾ കൂട്ടുകാരുടെ മുമ്പിൽ താൻ അപമാനഭാരം താങ്ങാനാവാതെ നിന്നുപോയ ഓർമ്മ ഒരുനിമിഷത്തേക്ക് ഹൃദയത്തെ തളർത്തി.
ദൈവമായി കൊണ്ടുവന്നതാണ് ഇവളെ എനിക്ക് മുമ്പിൽ.
അന്നത്തെ അപമാനത്തിന് പകരം വീട്ടാൻ പറ്റിയ അവസരം..
അനൂപ് ഗൂഢമായി ചിരിച്ചു.
അവന്റെ ഉള്ളിൽ പക ആളിക്കത്താൻ തുടങ്ങി.
കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ, ആരോ പറഞ്ഞു.
അത് കേൾക്കേണ്ട താമസം അനൂപ് അവളുടെ റൂമിലേക്ക് മെല്ലെ ചെന്നു.
പാതി തുറന്ന ജനാലക്ക് അരികിൽ നിന്ന് പുറത്തേക്ക് നോക്കിനിൽക്കുകയായിരുന്നു അവളപ്പോൾ.
അനൂപിന്റെ കാൽപെരുമാറ്റം കേട്ടിട്ടാവണം അവൾ പിറകിലേക്ക് തിരിഞ്ഞുനോക്കി.
" അനൂപ് എത്ര കാലമായി ഡാ കണ്ടിട്ട്...? നീ എവിടെയായിരുന്നു..? എന്ത് ചെയ്യുന്നു..?"
കണ്ട പാടെ അവൾ എല്ലാ കാര്യങ്ങളും ഒറ്റവാക്കിൽ ചോദിച്ചു.
"നാട്ടിൽ തന്നെയാണ്.
ഒരു കമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആണ്."
"അനൂപ്... കഴിഞ്ഞതൊക്കെ ഒരു തമാശയായി നീ എടുക്കുമെങ്കിൽ എനിക്ക് സമ്മതമാണ് നിന്നെ കല്യാണം കഴിക്കാൻ.നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും മരണശേഷമാണ് ഞാൻ ജീവിതമെന്തെന്ന് അറിഞ്ഞത്.അവർ രണ്ട് പേരും ഒരു ആക്സിഡന്റിൽ എന്നെ തനിച്ചാക്കി പോയി.
സന്ധ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.
" നിന്റെ പിന്നാലെ എത്ര നടന്നതാ..
ഇതാണ്...വിധി..
ദൈവത്തിന്റെ ഓരോ കളികളെ.."
എന്നുപറഞ്ഞ് അനൂപും ചിരിച്ചു.
ചിരിയുടെ പൊരുളറിയാതെ സന്ധ്യയും.
അനൂപിന്റെ വീട്ടുകാർക്ക് എല്ലാവർക്കും സന്ധ്യയെ നന്നേ ബോധിച്ചു.
എല്ലാവർക്കും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് വളരെ പെട്ടെന്ന് തീയതി നിശ്ചയിച്ചു.
കല്യാണവും നടന്നു.
എല്ലാ കാര്യങ്ങളും അനൂപ് തന്റെ കാമുകിയായ ഗീതുവിനെ അറിയിച്ചു കൊണ്ടിരുന്നു.
സ്വപ്നങ്ങൾ നെയ്ത ഹൃദയവുമായി സന്ധ്യ മണിയറയിലേക്ക് കാലെടുത്തുവെച്ചു.
കയ്യിലൊരു പാൽഗ്ലാസുമായി മണിയറയിലേക്ക് കയറിവന്ന സന്ധ്യയെ അവൻ അവൻ അരികിലേക്ക് മാടിവിളിച്ചു.
അവളുടെ കൈയിൽനിന്നും പാൽ ഗ്ലാസ് അവൻ വാങ്ങി.
അന്നേരം അവന്റെ കൈകൾ അവളുടെ കയ്യിൽ സ്പർശിച്ചപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.ശരീരം കോരിത്തരിച്ചു..
പാതി കുടിച്ച് പാൽ ഗ്ലാസ് അവൻ തനിക്ക് നീട്ടുമെന്ന് പ്രതീക്ഷയിൽ അവൾ അങ്ങനെ നിന്നു.
എന്നാൽ അനൂപ് പാൽ ഗ്ലാസ് വാങ്ങി ജനാലയ്ക്ക് പുറത്തേക്ക് ഒഴിച്ച് കളഞ്ഞ് ആരും കാണാതെ ഒളിപ്പിച്ചുവെച്ച ബ്രാണ്ടി കുപ്പി ആ ക്ലാസിലേക്ക് ഒഴിച്ച് വെള്ളം പോലും ഒഴിക്കാതെ ഒറ്റയടിക്ക് വായിലേക്ക് കമിഴ്ത്തി.
പാതിയടഞ്ഞ കണ്ണുമായി അവൻ അവളെ തുറിച്ചു നോക്കി.
അവൾ പകച്ചു നിന്നും എന്തുചെയ്യണം എന്തു പറയണം എന്നറിയാതെ...
അവന്റെ മനസ്സിൽ പ്രതികാരത്തിന്റെ കനൽ എരിഞ്ഞു ആളിക്കത്താൻ തുടങ്ങി.
എന്തു ചെയ്യണം എന്തു പറയണമെന്നറിയാതെ നിന്ന സന്ധ്യയെ
അനൂപ് കൈകൊട്ടി അവന്റെ അരികിലേക്ക് വിളിച്ചു.
സന്ധ്യ പക്ഷേ നിന്നിടത്തു നിന്ന് ഇളകിയില്ല.
ഇതിൽ കലിപൂണ്ട അനൂപ്
അവളുടെ സുന്ദരമായ മുഖത്തേക്ക് ആഞ്ഞടിക്കാൻ ശ്രമിക്കവേ അവൾ അല്പം മുഖം വെട്ടിച്ച് പിടിച്ചു. ബാലൻസ് പോയ അവൻ നിലത്ത് മറിഞ്ഞുവീണു.
നിലത്തുനിന്നും എണീക്കാനാകാതെ ഇരുന്ന അവനെ
അവൾ പതിയെ താങ്ങി കട്ടിലിൽ കിടക്കാൻ സഹായിച്ചു.
അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു ഒന്നും സ്പഷ്ടമായി
കേൾക്കുന്നുണ്ടായിരുന്നില്ല.
സന്ധ്യയുടെ മിഴികൾ നിറഞ്ഞൊഴുകി പുഴകൾ തീർത്തു.
ഒരുപാട് സ്വപ്നങ്ങൾ കൂട്ടിവെച്ച് മണിയറയിലേക്ക് കടന്നുവന്ന സന്ധ്യ കണ്ണീർ വാർത്തുകൊണ്ട് അവനരികിൽ ഇരുന്നു.
പണ്ട് അനൂപിനെ കൂട്ടുകാർക്ക് മുമ്പിൽ അപമാനിച്ചു വിട്ടതിന് അവൻ പകരം വീടുകയാണെന്ന് അവൾക്ക് മനസ്സിലായി.
എല്ലാമായ അച്ഛനെയും അമ്മയെയും, അഹങ്കാരമായി കൊണ്ടുനടന്ന സമ്പത്തിനേയും ദൈവം തിരിച്ചെടുത്തപ്പോൾ
ആത്മഹത്യയുടെ മുനമ്പിൽ എത്തിയിരുന്നു.
അതിൽ നിന്നൊക്കെ കര കയറി ഇന്ന് എന്തും സഹിക്കാനുള്ള മാനസികാവസ്ഥയിലേക്ക് താൻ എത്തി.
എങ്കിലും മിഴികളും മനസ്സും കലങ്ങി മറിഞ്ഞുകൊണ്ട് അവൾ നിലത്തിരുന്ന് കട്ടിലിൽ തലവെച്ചു കിടന്നു.
ഒത്തിരി കുസൃതികളും പൊട്ടിച്ചിരികളും അടക്കി പറച്ചിലുകളും ഒക്കെയായി രണ്ടു ഹൃദയവും മനസ്സും ഒന്നായി തീർന്നു സ്വർഗ്ഗ തുല്യമാവേണ്ട മണിയറയിൽ അവളുടെ തേങ്ങലിന്റെ ശബ്ദം മാത്രം അലയടിച്ചു.
ആലോചനകൾക്കു ശേഷം എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല
പക്ഷികളുടെ കളകളാരവവും പള്ളി മിനാരങ്ങളിൽ നിന്നും ബാങ്കിന്റെ ഈരടികളും അമ്പലങ്ങളിൽ നിന്ന് പ്രഭാത പ്രകീർത്തനങ്ങളും കേട്ടുകൊണ്ട് അവൾ എണീറ്റു
അവൾ വേഗം കുളിയൊക്കെ കഴിഞ്ഞ് ഫ്രഷായി അടുക്കളയിലേക്ക് ചെന്നു.
അവളെ കണ്ട ഏട്ടത്തിയമ്മമാർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
" സന്ധ്യാ അടുക്കളയിലേക്കൊക്കെ രണ്ടുദിവസം കഴിഞ്ഞ് കയറാം.. അപ്പോ ഞങ്ങൾ ഒഴിഞ്ഞ് നിന്നേക്കാം"
അപ്പോഴേക്കും അമ്മ ചായ ഗ്ലാസ്സിലേക്ക് പകർന്നു കൊടുത്തു കൊണ്ട് പറഞ്ഞു
"മോളെ ഇതുകൊണ്ടുപോയി അവന് കൊടുക്കൂ"
സന്ധ്യ മണിയറയിലേക്ക് ആവി പറക്കുന്ന ചായയുമായി ചെന്നു.
പതിയെ അവനെ തട്ടി വിളിച്ചു.
"അനൂപ് എഴുന്നേൽക്കു.."
അവൻ തിരിഞ്ഞു കിടന്നു പിന്നെയും പിന്നെയും അവൾ വിളിച്ചപ്പോൾ അവൻ ഉറക്കം മതിയാകാത്തവനെപ്പോലെ എണീറ്റിരുന്നു.
കണ്ണുതിരുമ്മി അവളെ നോക്കി. ഒന്നും സംഭവിക്കാത്ത മട്ടിലുള്ള അവളുടെ നിൽപ്പ് കണ്ട്
അവന് വിശ്വസിക്കാൻ പറ്റുന്നില്ല
അനൂപ് ഒന്നുകൂടെ കണ്ണുതുടച്ച് നോക്കി.
കുളിച്ചുവന്ന അവളുടെ മുടിയിഴകളിൽ ജനാലക്കുള്ളിലൂടെ വന്ന സൂര്യന്റെ പ്രഭാ കിരണങ്ങളെറ്റ് ജലകണികകൾ മിന്നിത്തിളങ്ങി.
ഒരു നൂറു ചെറു സൂര്യന്മാർ അവളുടെ കാർകൂന്തലിൽ വന്നുദിച്ച് നിന്ന പോലെ അവന് തോന്നി.
അവൻ അവളുടെ മുഖത്തു നിന്ന് കണ്ണെടുത്തില്ല.
മാൻമിഴികൊണ്ടുള്ള നോട്ടവും തത്തമ്മ ചുണ്ടു കാട്ടി ചിരിയും മുത്തുമണികൾ പോലുള്ള പല്ലുകളും.
അവൻ മനസ്സിൽ പറഞ്ഞു.
"ഇവൾ ഒരു ദേവതയായിരുന്നൊ ദൈവമേ"
ആരും ഒന്നു പതറിപ്പോകും ഈ സൗന്ദര്യത്തിന് മുമ്പിൽ..
തലയിൽ തോർത്തു ചുറ്റി കെട്ടി ചിരിച്ചു കൊണ്ട് സന്ധ്യ ചോദിച്ചു.
"എന്താപ്പോ ഇങ്ങനെ നോക്കുന്നെ...?"
അനൂപ് ഒന്നുകൂടി കണ്ണടച്ച് തുറന്നു.
"ഇന്നലെ താൻ കാട്ടികൂട്ടിയതൊന്നും ഇവളിൽ ഏശിയില്ലെ..? അതൊ താൻ സ്വപ്നം കാണുകയാണോ?"
അനൂപ് മനസ്സിൽ പറഞ്ഞു.
അനൂപിന്റെ അന്തം വിട്ടപോലെ ഉള്ള ഈ നിൽപ്പ് കണ്ട് അവൾ ചായ കയ്യിൽ വച്ചുകൊടുത്തു.
"എന്തുപറ്റി അനൂപ് ഇങ്ങനെ നോക്കാൻ ഇന്നലത്തെ കെട്ട് ഇറങ്ങിയില്ലേ"
സന്ധ്യ കൊടുത്ത ചൂടുള്ള ചായ അവൻ ഒറ്റവലിക്ക് അകത്താക്കാൻ ശ്രമിച്ചപ്പോൾ വായയും ചങ്കും ഒന്നിച്ചു പൊള്ളി.
സന്ധ്യ വേഗം ജഗ്ഗിലുള്ള വെള്ളം അവനു നേരെ നീട്ടി.
അനൂപ് വെള്ളം വാങ്ങി കുടിച്ചു.
"അനൂപ് ഓക്കേ ആയോ..?"
സന്ധ്യ ചോദിച്ചു.
"നീ പോടി"
സന്ധ്യ ഒന്നും മിണ്ടാതെ അവനെ നോക്കി അൽപ നേരം അങ്ങനെ നിന്ന് മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
കണ്ണുകൾ കൊണ്ട് കഥകൾ പറഞ്ഞ് ഹൃദയത്തെ ആവാഹിച്ചെടുക്കുന്ന നോട്ടമാണ് അവളുടേത്... അവളുടെ ഓരോ നോട്ടവും അവളിലേക്ക് തന്നെ വലിച്ചടുപ്പിക്കുന്ന പോലെ അവനു തോന്നി.
എങ്കിലും അവൻ സംയമനം പാലിച്ചു
അവൻ ഗീതുവിനെ കുറിച്ചാലോചിച്ചു.
അവളിപ്പോൾ വല്ലാത്ത അവസ്ഥയിലാവും നാലഞ്ചു ദിവസമായി കണ്ടിട്ട്.
ഒരാഴ്ച അങ്ങനെ കഴിഞ്ഞു പോയി.
വീടിലുള്ളവർക്ക് അവളെ പറ്റി പറയാനേ നേരമുള്ളൂ.
കുറച്ച് ദിവസങ്ങൾ കൊണ്ട് അവൾ അവരുടെ കണ്ണിലുണ്ണിയായി.
ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് അനൂപ് നോക്കി ഗീതുവാണ്.
അവൻ ഫോണെടുത്തു.
" എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിലെത്തണം അനൂപ്...
നിന്റെ കല്യാണം കഴിഞ്ഞതോടെ എന്റെ വീട്ടുകാർ കല്യാണത്തിന് നിർബന്ധിക്കുന്നു. ഇനി എന്തിനു വേണ്ടി കാത്തിരിക്കുന്നു എന്നും ചോദിക്കുന്നു.
ഞാൻ എന്തു പറഞ്ഞ് പിടിച്ചു നിൽക്കും.."
മുഖവുര ഇല്ലാതെ ഒറ്റ ശ്വാസത്തിൽ ഗീതു പറഞ്ഞ് നിർത്തി.
"കുറച്ചുകൂടി കാത്തുനിൽക്കു പരിഹാരമുണ്ടാക്കാം"
അനൂപ് ഫോൺ വച്ചു.
"അനൂപ്.."
അനൂപ് തിരിഞ്ഞു നോക്കി
സന്ധ്യ ചിരിച്ചു കൊണ്ടു നിൽക്കുന്നു.
അലക്കി തേച്ച തന്റെ വസ്ത്രങ്ങളും കയ്യിൽ പിടിച്ച്.
"ജോലിക്ക് പൊണ്ടെ അനൂപ്?, നേരമായി.. കുളിച്ച് ഫ്രഷ് ആയി വാ ബ്രേക് ഫാസ്റ്റ് എടുത്ത് വച്ചിട്ടുണ്ട്."
സന്ധ്യ വസ്ത്രങ്ങൾ അവിടെ വച്ച് പോയി.
"ദൈവമേ ഇതെന്തൊരു ജന്മം.. ഇത്രമേൽ ഓരോ രാത്രിയും ഉപദ്രവിച്ചിട്ടും നേരം പുലർന്നു കഴിയുമ്പോൾ എല്ലാം മറന്ന് സ്നേഹ സമ്പൂർണയായ കർത്തവ്യ ബോധമുള്ള ഒരു ഭാര്യായി തന്നെ പരിചരിക്കുന്നു."
ഇപ്പോൾ അനൂപ് ആരെ കൊള്ളണം ആരെ തള്ളണം എന്നറിയാതെ ടെൻഷൻ ആയി.
ഈ സമയത്താണ് ഗീതു വിന്റെ വിളി വീണ്ടും.
" ഒന്ന് കാണണം"
അത്രയും പറഞ്ഞ് അവള് ഫോൺ കട്ട് ചെയ്തു.
എന്നും കാണാറുള്ള അമ്പല പറമ്പിൽ അവർ കണ്ടുമുട്ടി.
"എന്താ നിന്റെ പരിപാടി എനിക്കിപ്പോൾ അറിയണം "
കണ്ട പാടെ ഗീതു കുറച്ചധികം ശബ്ദത്തോടെ ചോദിച്ചു.
മറുപടിക്ക് കാക്കാതെ തന്നെ അവനെയും കൂട്ടി അവൾ ഭഗവതിയുടെ തിരുനടയിലെത്തി.
"നിനക്ക് ഞാൻ വേണോ അതോ അവൾ വേണോ..?"
അനൂപ് ഒന്നും പറയാൻ കഴിയാത്ത പോലെ നിന്നു.
"ഇപ്പോൾ പറയണം മറുപടി അല്ലെങ്കിൽ ഞാനീ തിരുനടയിൽ തലയും തല്ലി ചാകും"
ഗീതു.. നിന്നെ വേണം എനിക്ക്, നീ എന്താ ഇങ്ങനെ ഒക്കെ"
"എന്നാൽ ഭഗവതിയുടെ മുമ്പിൽ വച്ച് എന്റെ കഴുത്തിൽ ഈ താലി കെട്ടൂ...എനിക്കൊരു ഉറപ്പിനു വേണ്ടി..നിന്നെ കാത്തിരിക്കാൻ"
അവൾ അവന്റെ കൈകളിലേക്ക് താലി നീട്ടിക്കൊണ്ടു പറഞ്ഞു.
