നഷ്ടപ്പെട്ടുപോയ പ്രണയത്തിനു വേണ്ടി എന്തിനാണ് നീ നല്ലൊരു സൗഹൃദവും നഷ്ടപ്പെടുത്തുന്നത്...

Valappottukal



രചന: മിഥുൻ വൈശാഖം

"നീ വരുന്നില്ലെ..?"

മുറിയ്ക്കുള്ളിലെ മേശമേൽ ഇരുന്ന ഡയറിക്കുള്ളിൽ സൂക്ഷിച്ചു വെച്ചിരുന്ന എന്റെ കളർ ഫോട്ടോ തിരഞ്ഞു കൊണ്ടിരുന്ന നേരത്താണ് എവിടേക്കോ പോകാൻ ഒരുങ്ങി നിന്ന അമ്മയുടെ ചോദ്യം വരുന്നത് ...

"എങ്ങോട്ട് ആണ് അമ്മെ....? എവിടേയ്ക്ക് പോകുന്ന കാര്യമാ 'അമ്മ പറഞ്ഞതു ...?"

തല ഉയർത്തി ഞാൻ അമ്മയോടു ചോദിക്കുമ്പോൾ ആശ്ചര്യപെട്ടുകൊണ്ടു അമ്മ താടിക്ക് കൈ കൊടുത്തു .

"ആഹാ കൊള്ളാം .. മറന്നോ നീ ... ഇന്നു വൈശാഖ മാസത്തിലെ പൗർണമി അല്ലേ.. തൃക്കാത്തൂർ കാവിലെ ഉത്സവം ഇന്നല്ലേ..."

അത് കേട്ടിട്ടും കേട്ടില്ല എന്ന് നടിച്ചു ഞാൻ പിന്നെയും തിരച്ചിൽ  തുടർന്നു...

"ഇതിലിരുന്ന എന്റെ ഫോട്ടോ കണ്ടോ അമ്മെ?"

"അത് അവിടെ എവിടെയെങ്കിലും കാണും.."

ഉഴപ്പി അടിച്ചു അമ്മ മറുപടിയും തന്നു...

"ആ നീ വരുന്നില്ലെങ്കിൽ  വരണ്ടാ... ഞാൻ അപ്പുറത്തെ സുഹാസിനിയുടെ കൂടെ പോവാ...
വരാൻ ചിലപ്പോൾ വൈകും...."

യാത്ര പറഞ്ഞു ഇറങ്ങിയ അമ്മ ഇടവഴിയിലൂടെ  മുന്നോട്ടു നടന്നു... 

ശരിയാണ്.. ഇന്നു വൈശാഖ മാസത്തിലെ പൗർണമി ആണ്... ഗ്രാമം തൃക്കാത്തൂർ കാവിലേക്കു നീങ്ങുന്ന ദിവസം... മറന്നത് അല്ല ... മറന്നെന്നു  മനപൂർവ്വം  നടിച്ചതാണ്....

കഴിഞ്ഞു പോയ പതിനൊന്നു വർഷ കാലയളവിനുള്ളിൽ പിന്നീടോരിക്കിലും ഞാൻ തൃക്കാത്തൂർ കാവിലെ ഉത്സവം കാണാൻ പോയിട്ടില്ല...   വിളിച്ചാലും വരില്ലെന്നു അമ്മയ്ക്ക് അറിയാം ... എങ്കിലും ഇറങ്ങാൻ നേരം വെറുതെ ഒന്ന് വിളിക്കും... ഒരു മുടക്കവും വന്നിട്ടില്ല ..

യാമിക എന്ന കളികൂട്ടുകാരിയില്ലാത്ത തൃക്കാത്തൂർ കാവിലേയ്ക്ക് പിന്നീട് ഒരിക്കലും പോകാൻ തോന്നിയിട്ടില്ല എന്നതാണ് സത്യം...

തറയിലെ മൺതരികൾക്കിടയിൽ അക്ഷരങ്ങളെ വരയ്ക്കാൻ  തുടങ്ങിയ കാലത്തു കണ്ടു മുട്ടിയതാണ് യാമികയെ... അമ്മാവന്റെ മകളാണ്.. നിഷ്കളങ്കമായ ഇണക്കങ്ങളും പിണക്കങ്ങളും വാശികളും പങ്കു വെയ്ക്കാൻ ഒരു കളിക്കൂട്ടുകാരി ... തൃക്കാത്തൂർ എന്ന ഈ പച്ച നിറഞ്ഞ ഗ്രാമത്തിന്റെ ബാല്യമനസുകളിൽ രണ്ടുപേരായിരുന്നു ഞങ്ങൾ.... എന്നുമുള്ള ഒത്തുകൂടലുകളും കളികളും കാവിലേക്കുള്ള യാത്രകളും എല്ലാം ഞങ്ങളുടെ  സൗഹൃദത്തിന്റെ ആഴം കൂട്ടികൊണ്ടേയിരുന്നു.. 

"മുറ അനുസരിച്ചു അവൾ  നിന്റെ പെണ്ണാ...  "

കളിചിരികൾ നിറഞ്ഞ ബാല്യകാലത്തു വല്ല്യമ്മായി മനസ്സിലേക്ക് ഇട്ടു തന്ന ഒരു സമവാക്യം ആയിരുന്നു അത്...  സ്നേഹം എന്താണെന്നു തിരിച്ചറിയാതെ  നിന്ന  കാലത്തു ഹൃദയം നിറഞ്ഞു നിന്ന സമവാക്യവും അത് തന്നെ ആയിരുന്നു.. കളികൂട്ടുകാരിക്ക്  അപ്പുറം അവളോട് തോന്നി  തുടങ്ങിയ ഇഷ്ടത്തിന് പിന്നിലും വല്ല്യമ്മായിയുടെ സമവാക്യം ഉണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം.. 

പിന്നീടങ്ങോട്ടു അവൾ പോലും അറിയാതെ ആ ഇഷ്ടം വളരുകയായിരുന്നു... എങ്ങോട്ടെന്നില്ലാതെ... 

മറച്ചുവെയ്ക്കാൻ ശ്രമിച്ചു ഒരുപാടു നാൾ.. എങ്കിലും അത് മറഞ്ഞിരുന്നില്ല... ചില ബന്ധങ്ങൾ അങ്ങനെയാണ്.. ഒളിപ്പിച്ചു വെയ്ക്കാൻ തുടങ്ങിയാലും അത് കൂടുതൽ ശക്തിയോടെ പുറത്തേയ്ക്കു വരും.. 

കാവിലേക്കുള്ള വഴിയരികിലെ ചൂരൽ  വള്ളികളുടെ മറവിൽ നിന്നുകൊണ്ടു  യാമികയോടു ഉള്ള ഇഷ്ടം തുറന്നു പറഞ്ഞപ്പോഴേ അവൾ ഉത്തരമില്ലാതെ തല താഴ്ത്തുന്നുണ്ടായിരുന്നു...

പട്ടണത്തിൽ ജോലി  ചെയ്യുന്ന അച്ഛനു കത്തെഴുതാൻ അമ്മ  ഒളിപ്പിച്ചുവെച്ച ഇല്ലെൻറ് പേപ്പറിൽ ഒരു ഏഴാം ക്ലാസ്സുകാരന്റെ വികാര വിചാരങ്ങളെ തൂലിക കൊണ്ടു പടർത്തുമ്പോൾ ഞാൻ കരുതിയില്ല അത് മേൽവിലാസം തെറ്റി അമ്മാവന്റെ കൈയ്യിൽ എത്തുമെന്ന്...

പിന്നെ അമ്മാവന്റെ വക ചൂരൽ പ്രയോഗം... ഒടുവിൽ ചെവിക്കു പിടിച്ചു അച്ഛന്റെ  മുന്നിൽ കൊണ്ട് ഇട്ടിട്ടു ഒരു ചോദ്യം 

"ഇങ്ങനാണോ വിശ്വൻ പിള്ളേരെ വളർത്തുന്നത്..."

പാവം അച്ഛൻ.. ഒരുപാട് പഴികേട്ടു...  കുറച്ചുനാൾ കഴിഞ്ഞപ്പോൾ യാമികയുമായി അമ്മാവനും അമ്മായിയും അമ്മായിയുടെ നാട്ടിലേക്കു പോയി...  പിന്നീടൊരു കണ്ടുമുട്ടൽ ഉണ്ടായിട്ടില്ല... 

കാവിലേക്കുള്ള വഴിയരികിലേക്കു മനസ്സ്  സഞ്ചരിക്കുമ്പോഴേക്കും ഹൃദയത്തിൽ വേദന തുടങ്ങും.. ഒരു നഷ്ടബോധത്തിന്റെ വിങ്ങലും ഉണ്ടാവും...

"ഡാ.. നീ ഇവിടെ ഇരിക്കുകയാണോ.. വരുന്നില്ലേ കാവിലോട്ടു .."

യാമികയുടെ ലോകത്തു നിന്നും ചങ്ങാതി എന്നെ വിളിച്ചുണർത്തുമ്പോൾ അവന്റെ കണ്ണുകളിൽ ഞാൻ അവനോടൊപ്പം കാവിലേക്ക് ചെല്ലുമെന്ന പുഞ്ചിരി നിറഞ്ഞ പ്രതീക്ഷ ഉണ്ടായിരുന്നു... കാരണം അമ്മയപോലെ തന്നെ   വിളിക്കുമ്പോഴെല്ലാം ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു ഞാൻ അവനെ മടക്കി വിടാറാണ്  പതിവ് ..

"ഇല്ലടാ.. നീ പോയി വാ.."

പതിവു തെറ്റാതെ മുഖം തിരിച്ചു ഞാൻ അങ്ങനൊരു മറുപടി കൊടുക്കുമ്പോഴേയ്ക്കും അവന്റെ മുഖം നിരാശ കൊണ്ട് ചുളിഞ്ഞിരുന്നു..

പിന്നെ ആ നിരാശ ദേഷ്യത്തിലേക്കു വഴുതി വീഴാൻ അധിക സമയം വേണ്ടി വന്നില്ല...

"കാലം കുറെ ആയി നിന്റെ നഷ്ടപ്രണയത്തിനു കൂട്ട് നില്ക്കാൻ തുടങ്ങിയിട്ട്.. ഇന്നു വരെ നിന്റെ ഇഷ്ടങ്ങൾ എല്ലാം അതേപോലെ ഞാൻ അംഗീകരിച്ചു...  ഒരു കാര്യം ചോദിച്ചോട്ടെ... നഷ്ടപ്പെട്ടുപോയ പ്രണയത്തിനു വേണ്ടി എന്തിനാണ് നീ നല്ലൊരു സൗഹൃദവും നഷ്ടപ്പെടുത്തുന്നത്...  ഒറ്റയ്ക്ക് പോയി ഉത്സവം കാണാൻ വയ്യാഞ്ഞിട്ടല്ലടാ.. പക്ഷെ കൂട്ടുകാരന്റെ തോളിൽ കയ്യിട്ട് കപ്പലണ്ടിയും കൊറിച്ചുകൊണ്ടു കുറച്ചു സമയം ചിലവഴിക്കുന്നതിന്റെ സുഖം ഒന്നും ഒരു കാമുകി മാർക്കും ചിലപ്പോൾ തരാൻകഴിഞ്ഞെന്നു വരില്ല.. അതൊന്നും മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ നിർത്താം നമുക്ക് ഈ ബന്ധം.. ഇവിടെ വെച്ചു.."

ഹൃദയത്തെ പോലും നിശ്ചലമാക്കിയ അവന്റെ ആ മൂർച്ചയേറിയ വാക്കുകൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങി...  പിന്നെ കുളിച്ചു കുറി തൊട്ടു കസവു മുണ്ടും ഉടുത്തു കാവിലേക്കു നടക്കുമ്പോൾ മറക്കാനായി കണ്മുന്നിൽ ഒരു പതിനൊന്നു വർഷത്തെ വാശികളും ഓർമകളും ഉണ്ടായിരുന്നു... 

സത്യം പറയാലോ... കൂട്ടുകാരന്റെ തോളിലേക്ക് കയ്യെടുത്തു വെച്ചപ്പോൾ തന്നെ പൂരത്തിന്റെ താളവും മേളവും ചെവിയിൽ അലയടിച്ച തുടങ്ങി....

പച്ച നിറഞ്ഞ പാടത്തിന്റെ മധ്യത്തിലൂടെ നടന്നു നീങ്ങിയപ്പോൾ തന്നെ തെയ്യവും പടയണിയും കോലവും എല്ലാം കാവിനെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്നുണ്ടായിരുന്നു... കറുകയും മുക്കുറ്റിയും നിറഞ്ഞു നിന്ന പാടത്തു നിന്നും പഞ്ചാര മണലിലേക്കു കയറയിപ്പോൾ  പടിഞ്ഞാറേ ചക്രവാളത്തിൽ ചുവന്ന ഗോളം  മുങ്ങി തുടങ്ങിയിരുന്നു... 

 വഴിയരികിൽ കണ്ണുരുട്ടി നിന്ന  ചൂരൽ വള്ളികളോട് പുഞ്ചിരിച്ചു കൊണ്ട് ഞങ്ങൾ ഭഗവതിയുടെ തിരുനടയിലേക്ക് നടന്നു നീങ്ങി... തൊഴുതുകൊണ്ടു നിന്ന അമ്മയുടെ അടുത്തായി സ്ഥാനം ഉറപ്പിച്ചപ്പോൾ അതിശയിച്ചു കൊണ്ട് 'അമ്മ എന്നെ നോക്കി നിന്നു ..

"സന്ധ്യ മയങ്ങി പൂർണ ചന്ദ്രൻ തെളിഞ്ഞു വരുമ്പോൾ നട തുറക്കും ... അപ്പോൾ ഭദ്രയുടെ വേഷം വെടിഞ്ഞിട്ട് ഭഗവതി ശാന്ത സ്വരൂപിയായ ലക്ഷ്മി ദേവിയാവും..."

നാട്ടിലെ പ്രമാണിയായ ശങ്കരേട്ടൻ ഏതോ അന്യദേശക്കാരന് ഐതീഹ്യം പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരുന്നു...

ചെണ്ടയും ചേങ്ങിലയും താളവും മേളവും എല്ലാം പരിധികളില്ലാത്ത അതിന്റെ ഉച്ചസ്ഥായിയിലേക്കു ഉയർന്നു വന്നപ്പോൾ മയങ്ങി കൊണ്ടിരുന്ന സന്ധ്യയുടെമേൽ ഇരുൾ പ്രാമുഖ്യം നേടിയിരുന്നു.. അങ്ങനെ ആ പകലിനെയും രാത്രി സ്വന്തമാക്കിയപ്പോൾ കിഴക്കേ ചക്രവാളത്തിൽ ചന്ദ്രബിംബം സ്ഥാനം പിടിച്ചിരുന്നു.. അങ്ങനെ സർവ്വതും ഉത്സവത്തിമിർപ്പിലേക്കു ചാഞ്ഞിരുന്ന സമയത്താണ് ചെവിയിലേക്കു അമ്മയുടെ ചോദ്യം വരുന്നത്...

"നിനക്ക് ആ കുട്ടിയെ അറിയാമോ..."

അമ്മയുടെ കണ്ണുകളെ പിന്തുടർന്ന ഞാൻ അവിടെ നിന്ന താലപ്പൊലി എന്തിയ സെറ്റുസാരി കൂട്ടത്തിലേക്കു എത്തി നോക്കിയെങ്കിലും അമ്മ വിരൽ ചൂണ്ടിയത് അതിനു അപ്പുറം തേക്കിൻ മരത്തിലേക്ക് ചാരി നിൽക്കുന്ന ഒരു പട്ടുപാവടക്കാരിയെ  ആയിരുന്നു....

പക്ഷെ തേക്കിന്റെ ഇലകളാൽ മറഞ്ഞു പോയിരിക്കുന്ന അവളുടെ  മുഖം മാത്രം കാണാൻ കഴിഞ്ഞില്ല..

അവൾ ആരാണെന്ന മട്ടിൽ ഞാൻ പിന്നെയും അമ്മയെ നോക്കിയപ്പോൾ അറിയുമോ എന്ന് ചോദ്യം അമ്മ ആവർത്തിച്ചു . 

"ഇല്ല. അറിയില്ല.. "

പുഞ്ചിരിച്ചുകൊണ്ടു അമ്മ പറഞ്ഞു... 

"അതാണ് നിന്റെ യാമിക.. നിന്റെ അമ്മാവന്റെ മകൾ... ഇനിയും മനസ്സിലായില്ലെങ്കിൽ പറയാം.. നിന്റെ കളി കൂട്ടുകാരി.."

അതിശയിച്ചു കൊണ്ട് ഞാൻ അമ്മയെ നോക്കി... 

"അതിശയിക്കണ്ട... സത്യം ആണ്... ഒരാഴ്ച്ച ആയി നാട്ടിൽ  വന്നിട്ട്... "

"ഒരു ആഴ്ചയോ..."

അത്ഭുതത്തോടെ നോക്കി നിന്ന് എന്റെ മിഴികൾക്കും മനസ്സിനും അമ്മ പിന്നെയും ഉത്തരങ്ങൾ തന്നു....

"രണ്ടു ദിവസം മുൻപ് അവർ എല്ലാരും കൂടി വീട്ടിലും വന്നിരുന്നു..."

"വീട്ടിലോ .. "

"അതെ ... നീ വീട്ടിൽ ഇല്ലായിരുന്നു... വെറുതെ വന്നു പോയതല്ല.. നിന്റെയും അവളുടെയും കല്യാണത്തിന് പറ്റി ആലോചിക്കാൻ കൂടി ആണ് അവർ വന്നത്..."

കൺ മുന്നിൽ നിൽക്കുന്നത് അമ്മ തന്നെയാണോ എന്ന് ഞാൻ തുറിച്ചു നോക്കി. കാരണം ആ വാക്കുകൾ എന്നെ ഓരോ നിമിഷവും സ്വപ്നം കാണിച്ചുകൊണ്ടിരിക്കുന്നു.

"സത്യം ആണെടാ... അമ്മാവൻ ആണ് ഇങ്ങോട്ടു ആലോചിച്ചു വന്നത്.."

"അപ്പോൾ അന്ന് അമ്മാവൻ വഴക്കിട്ടു പോയതോ... ഇഷ്ടമാണെന്നു പറഞ്ഞതിന് മതിയാവുവോളം തല്ലിയതോ ... "

"എടാ ചെക്കാ.. അത് അന്നല്ലേ .. അല്ലങ്കിലും കളിച്ചു നടക്കേണ്ട പ്രായത്തിൽ കത്ത് കൊടുക്കാൻ പോയാൽ തല്ലുകയല്ലാതെ പിന്നെ എന്ത് വേണം.. ആ പ്രായത്തിൽ അത് ഒരു തെറ്റായി അമ്മാവനു  തോന്നി കാണും.. പക്ഷെ ഇന്ന് പ്രായവും പക്വതയും ജോലിയും എല്ലാം ഉള്ള ചെറുപ്പക്കാരൻ അല്ലെ നീ. 

തെറ്റുകൾ ഓരോന്നായി അമ്മ പറഞ്ഞു തരുമ്പോഴും അതിലെ ശരികളെ മാത്രം ഞാൻ കണ്ടെത്തിക്കൊണ്ടിരുന്നു.അമ്മ പറഞ്ഞതു തന്നെയാണ് ശരി. ഒടുവിൽ ഒരു ചോദ്യം കൂടി ഞാൻ അമ്മയോടു ചോദിച്ചു.. 

"അതിനു അവൾക്കു ഇഷ്ടമാണോ എന്നെ..."

"പിന്നെ ഇഷ്ടം അല്ലാതെ.. അവൾക്കു നിന്നെ കാണണം എന്നുണ്ടായിരുന്നു.. പക്ഷെ നീ വരാൻ വൈകിയത് കൊണ്ട് അവർ ഇറങ്ങി.. ഒടുവിൽ നിന്റെ മുറിയിലെ ഡയറിയിൽ ഇരുന്ന് നിന്റെ ഫോട്ടോയും കൊണ്ടാണ് അവൾ പോയതു ..."

നിറഞ്ഞ മനസ്സുമായി ഞാൻ ഇതെല്ലം അറിഞ്ഞപ്പോൾ എന്തോ അമ്മയുടെ വാക്കുകൾ എന്തിനോ വേണ്ടി മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു..

ആൾക്കൂട്ടത്തിനിടയിലൂടെ പിന്നെയും ഞാൻ അവളുടെ മുഖം തിരഞ്ഞു.. പക്ഷെ ആനച്ചെവി പോലെ പടർന്നിരിക്കുന്ന തേക്കിന്റെ ഇലകൾ ഇപ്പോഴും അവളുടെ മുഖത്തെ മറച്ചു വെച്ചിരിക്കുകയാണ്... 

തിക്കിലും തിരക്കിലും ശബ്ദകോലാഹലങ്ങൾക്കിടയിലും ഞാൻ അവളുടെ മുഖം കാണാൻ തിരക്ക് കൂട്ടി.. പക്ഷെ ഒരു തെല്ലു മുന്നോട്ടോ പിന്നോട്ടോ ചലിക്കാൻ കഴിഞ്ഞിരുന്നില്ല...  നിമിഷങ്ങൾ പതിയെ പതിയെ കടന്നു പോയി.. 

ദീപങ്ങളെയും മണിമുഴക്കങ്ങളേയും സാക്ഷി ആക്കി കിഴക്കേ ചക്രവാളത്തിൽ നിന്നും പൂർണ ചന്ദ്രൻ ഉദിച്ചുയർന്നു .. അത് ഒരു പൂനിലാവ് പോലെ ദേവിയുടെ തിരുനടയിലേക്കും  യാമികയുടെ മുഖത്തേക്കും ഒഴുകി കൊണ്ടിരുന്നു.. നിലാവിന്റെ വെളിച്ചത്തിൽ എന്നിലേക്ക്‌ മിഴികൾ നീട്ടികൊണ്ടിരുന്ന അവളെ ഞാൻ കണ്ടു.. 

അതെ.. 'അമ്മ  പറഞ്ഞത് പോലെ തന്നെ. അത് യാമിക തന്നെ...     .ബാല്യത്തിൽ മനസ്സിൽ പതിപ്പിച്ചു വെച്ച മുഖത്തിന് ഇന്നും വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല... മൗനങ്ങളിലൂടെ ഞങ്ങൾ പുഞ്ചിരിച്ചു.. മിഴികളിലൂടെ ഞങ്ങൾ സംസാരിച്ചു... 

നാമജപങ്ങളും കൂപ്പുകൈകളും ഉയർന്നുവന്ന അന്തരീക്ഷത്തിൽ വൈശാഖ മാസത്തിലെ പൂനിലാവിനേയും സാക്ഷി ആക്കി ദേവിയുടെ നട തുറന്നപ്പോൾ ശങ്കരേട്ടന്റെ വാക്കുകൾ ഒന്ന് കൂടി ഉണർന്നു വന്നു... കോപം വെടിഞ്ഞ ദേവി ശാന്തതയുള്ള ലക്ഷ്മി ദേവി ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 

മനസ്സ് നിറയെ യാമികയുടെ രൂപം നിറച്ചു  ഞാൻ  ദേവിയെ നോക്കി പ്രാർത്ഥിച്ചു.. 

ഭഗവതി എന്നും കൂടെ ഉണ്ടാകണേ .......
ലൈക്ക് ഷെയർ ചെയ്യണേ...

രചന: മിഥുൻ വൈശാഖം

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top