മുറപ്പെണ്ണ്, മുഴുവൻ ഭാഗങ്ങൾ (5) ഒരുമിച്ചു വായിക്കൂ...

Valappottukal
മുറപ്പെണ്ണ്, ഭാഗം: 1



രചന: സജി തൈപ്പറമ്പ്

മോളേ.. വേറെ ഗതിയില്ലാത്തത് കൊണ്ടാണ്, നിന്നെ അവൻ്റെ കടയിലേക്ക് ജോലിക്ക് അയക്കുന്നത്, അച്ഛനറിഞ്ഞാൽ, തീരെ സമ്മതിക്കില്ലെന്നറിയാവുന്നത് കൊണ്ടാണ് ,നീ പോകുന്നത് കോച്ചിങ്ങ് സെൻ്ററിൽ പഠിപ്പിക്കാനാണെന്ന് അമ്മ കളവ് പറഞ്ഞത്

കിടപ്പിലായ ഭർത്താവിൻ്റെ ചികിത്സയും താനും രണ്ട്പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിൻ്റെ നിത്യച്ചിലവിനുമുള്ള വഴി തേടിയാണ്, മൂത്തമകൾ യമുനയെ ടൗണിലെ മഹേഷിൻ്റെ കടയിലേക്ക് സ്റ്റാഫായിട്ടയക്കാൻ ദേവകി നിർബന്ധിതയായത്.

നാട്ടിലെ പ്രമാണിയായിരുന്നു രാമചന്ദ്രൻകണ്ണമംഗലം, എന്നറിയപ്പെടുന്ന ദേവകിയുടെ ഭർത്താവ്, ഏക്കറ് കണക്കിന് കൃഷിയിടങ്ങളും ,തെങ്ങിൻ തോപ്പുകളുമൊക്കെ കൈമുതലായുണ്ടായിരുന്ന, കണ്ണമംഗലം തറവാട്ട് കാര്, പാരമ്പര്യമായി തന്നെ വലിയ ജന്മികളായിരുന്നു, തലമുറകൾ കൈമാറി വന്ന സ്വത്ത് വകകൾ, അവസാനം എത്തിച്ചേർന്നത് ,രാമചന്ദ്രൻ്റെ കൈവശമായിരുന്നു.

പക്ഷേ, അഹങ്കാരിയും അത്യാഗ്രഹിയുമായിരുന്ന അയാൾ, ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാകാൻ ശ്രമിക്കുകയും, ബിസിനസ്സിൻ്റെ ഏബിസിഡി അറിയാതെ, പലരുടെയും വാക്കുകളിൽ വിശ്വസിച്ച്, കൈവശമുണ്ടായിരുന്ന തെങ്ങിൻ തോപ്പുകളും, കൃഷിയിടങ്ങളുമൊക്കെ 
കഷ് ണങ്ങളായി, വില്ക്കാൻ തുടങ്ങി, 

അവസാനം, തറവാട് നില്ക്കുന്ന പത്ത് സെൻറ് ഒഴിച്ചുള്ള, മുഴുവൻ സ്വത്ത് വകകളും അയാൾ വിറ്റ് തുലച്ചു.

പ്രതാപശാലിയായിരുന്ന രാമചന്ദ്രൻ്റെ സ്വത്തുക്കളൊക്കെ നഷ്ടമായപ്പോൾ, അയാളുടെ ആഡ്യത്വവും ഇല്ലാതായി, ജനങ്ങൾക്കിടയിൽ മതിപ്പില്ലാതാകുകയും, അടിയാന്മാർ പോലും 
അയാളെ വകവയ്ക്കാതാവുകയും ചെയ്തു, 

അപമാനിതനായ രാമചന്ദ്രൻ , ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും, മരണവും അയാളെ കൈയ്യൊഴിഞ്ഞപ്പോൾ
ഒന്നിനും കഴിയാതെ അയാൾ
കിടപ്പ് രോഗിയായി മാറുകയായിരുന്നു.

ദേവകിയുടെ, വകയിലെ ആങ്ങളയുടെ മകനായിരുന്ന
മഹേഷ്, ഒരിക്കൽ അവരുടെ മൂത്ത മകളായ യമുനയെ വിവാഹം കഴിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു, പക്ഷേ അന്ന് ലക്ഷപ്രഭുവായിരുന്ന രാമചന്ദ്രൻ അയാളെ ആക്ഷേപിച്ച് വിട്ടു.

വെറുമൊരു പലചരക്ക് കടക്കാരനായ നിനക്ക്, ഈ നാട്ടിലെ പ്രമാണിയായ രാമചന്ദ്രൻ കണ്ണമംഗലത്തിൻ്റെ മോളെ കല്യാണം കഴിക്കാൻ എന്താടാ യോഗ്യത?

അന്ന് മഹേഷിന് അവിടുന്ന് നാണംകെട്ടിറങ്ങേണ്ടി വന്നു.

അന്നത്തെ പലചരക്ക് കടക്കാരനായിരുന്ന മഹേഷ് ,ഇന്ന് ടൗണിലെ ഏറ്റവും തിരക്കുള്ള സൂപ്പർ മാർക്കറ്റിൻ്റെ ഉടമയാണ്.

അപ്പോഴാണ് 
മഹേഷിൻ്റെ അമ്മ,
ദേവകിഅമ്മായിയുടെ 
തറവാട് ക്ഷയിച്ചെന്നും, 
ആ കുടുംബം ഗതികെട്ട് ജീവിക്കുകയാണെന്നും, അവരെ സഹായിക്കണമെന്നും
അയാളോട് പറഞ്ഞത്. 

അങ്ങനെയിരിക്കെ ഒരു ദിവസം , അമ്പലത്തിൽ വച്ച് കണ്ട അമ്മായിയോട്, അയാൾ കടയിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ടെന്നും, നാണക്കേടായി തോന്നുന്നില്ലെങ്കിൽ, യമുനയെ അയച്ചാൽ ,മാസശബ്ബളമായി അവൾക്ക് തെറ്റില്ലാത്തൊരു തുക കൊടുക്കാമെന്നും പറഞ്ഞു.

മരുമകൻ്റെ മുഖത്ത് നോക്കാൻ ദേവകിക്ക് നല്ല മടിയുണ്ടായിരുന്നു.

ഒരിക്കൽ തൻ്റെ ഭർത്താവ് അപമാനിച്ച് വിട്ട മഹേഷാണ്, ഇപ്പോൾ സഹായഹസ്തം നീട്ടി നില്ക്കുന്നതെന്നറിഞ്ഞപ്പോൾ, അത് സ്വീകരിക്കാൻ അവർക്ക് പ്രയാസം തോന്നി, 

ഒടുവിൽ ,ദുരഭിമാനം കൊണ്ടിരുന്നാൽ ജീവിതം മുന്നോട്ട് പോകില്ലെന്ന് മനസ്സിലാക്കിയ അവർ, മകളോട് ചോദിച്ചിട്ട് പറയാമെന്ന്, മഹേഷിനോട് മറുപടി പറഞ്ഞു.

വീട്ടിലെത്തിയ ദേവകി വിവരങ്ങൾ ധരിപ്പിച്ചപ്പോൾ ,യമുനയ്ക്ക് താല്പര്യക്കുറവൊന്നുമുണ്ടായിരുന്നില്ല ,അയാൾ മുമ്പ് തന്നെ കല്യാണമാലോചിച്ചപ്പോഴും അവൾക്കയാളെ ഇഷ്ടമായിരുന്നു, പക്ഷേ അച്ഛനോടത് പറയാനുള്ള ധൈര്യമില്ലാതിരുന്നത് കൊണ്ടാണ്, തൻ്റെ ആഗ്രഹം അവൾ ഉള്ളിൽ തന്നെ കുഴിച്ച് മൂടിയത്.

സൂപ്പർ മാർക്കറ്റിന് മുന്നിലെ സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ, ഷട്ടറിട്ട കടയ്ക്ക് മുന്നിൽ സ്റ്റാഫുകൾ കൂടി നില്ക്കുന്നുണ്ടായിരുന്നു.

ഒൻപത് മണിക്കിനി പത്ത് മിനുട്ട് കൂടി ബാക്കിയുണ്ട് ,
കട തുറക്കാൻ സമയമാകുന്നതേയുള്ളു,
യൂണിഫോമിൽ നില്ക്കുന്ന മറ്റ് സ്റ്റാഫുകളുടെ അടുത്തേയ്ക്ക് പോകാതെ, യമുന കുറച്ച് മാറി നിന്നു.

മഹിയേട്ടൻ ഉടനെയെത്തുമായിരിക്കും, അപ്പോൾ അദ്ദേഹം വന്നിട്ട് തന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തട്ടെ ,
കട മുതലാളിയുടെ മുറപ്പെണ്ണായ താനെന്തിനാണ്, മറ്റ് സ്റ്റാഫുകളോട് അങ്ങോട്ട് ചെന്ന് ഇൻഡ്രഡ്യൂസ് ചെയ്യുന്നത് ,
പണമില്ലെന്നേയുള്ളു, താനിപ്പോഴും കണ്ണമംഗലം തറവാട്ടിലെ രാമചന്ദ്രൻ്റെ മകള് തന്നെയാണ് ,

അഭിമാനത്തോടെയവൾ തല ഉയർത്തി നിന്നു.

ദൂരെ നിന്നൊരു കാറ് വന്ന് പാർക്കിങ്ങ് ഏരിയയിൽ നിർത്തി.

കാറിൽ നിന്നിറങ്ങി, തൻ്റെ നേരെ വരുന്ന മഹിയേട്ടനെ കാണാൻ ,അവളുടെ കണ്ണുകൾ തുടിച്ചു.

പക്ഷേ, മദ്ധ്യവയസ്കനായ മറ്റൊരാളായിരുന്നു കാറിൽ നിന്നിറങ്ങിയത്.

സെക്യൂരിറ്റി സ്റ്റാഫ് അയാളെ കണ്ടയുടനെ ബഹുമാനത്തോടെ സലാം കൊടുത്തപ്പോൾ, കൈയ്യിലിരുന്ന താക്കോൽ കൂട്ടം അയാൾ സെക്യൂരിറ്റിയുടെ കൈയ്യിൽ കൊടുത്തു.

ആ മനുഷ്യൻ, ഷോപ്പിന് മുന്നിലേക്ക് നടന്ന് വന്നപ്പോൾ, മറ്റ് സ്റ്റാഫുകളൊക്കെ ഭവ്യതയോടെ അയാൾക്കരിലേക്ക് ചെന്നു.

സെക്യൂരിറ്റിയും, മറ്റുള്ളവരും ചേർന്ന് കടയുടെ എല്ലാഷട്ടറുകളും ഉയർത്തിയപ്പോൾ, കാറിൽ വന്നയാൾ ഉൾപ്പെടെ എല്ലാവരും അകത്ത് കയറി.

ആരായിരിക്കും അയാൾ? മഹിയേട്ടനെന്താ വരാത്തത്?

ആ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി, യമുന സെക്യൂരിറ്റിയുടെ അരികിലേക്ക് ചെന്നു.

ആ വന്നതാണ് മാനേജര് സാറ് ,മഹേഷ് മുതലാളി കുറച്ച് കൂടി കഴിഞ്ഞേ വരു, അല്ല കുട്ടിയേതാ?

ഞാൻ മഹിയേട്ടൻ്റെ മുറപ്പെണ്ണാണ്, പേര് യമുന

അവൾ അഭിമാനത്തോടെ പറഞ്ഞു.

അയ്യോ മേഡം, എനിക്ക് മനസ്സിലായില്ല കെട്ടോ? മേഡം മാനേജർ സാറിൻ്റെ മുറിയിലേക്ക് ചെല്ല്, അവിടെയിരിക്കാം,

ഹയ്യോ ,ഞാനിരിക്കാൻ വന്നതല്ല, മഹിയേട്ടൻ എനിക്ക് പറ്റിയ നല്ലൊരു ജോബ് വേക്കൻസിയുണ്ടെന്ന് പറഞ്ഞിട്ട് വന്നതാ,

ആണോ ?എങ്കിൽ കുഞ്ഞ് 
ആ കാര്യം മാനേജരോട് പറഞ്ഞാൽ മതി ,അകത്തോട്ട് ചെല്ല്

മഹിയേട്ടൻ വന്നിരുന്നെങ്കിൽ, തനിക്ക് മാനേജരുടെ മുമ്പിൽ കുറച്ച് കൂടി ഗെറ്റപ്പിൽ ചെല്ലാമായിരുന്നു ,ങ്ഹാ എന്തായാലും തൻ്റെ കാര്യം മഹിയേട്ടൻ അങ്ങേരോട് പറഞ്ഞ് കാണും, ചെന്ന് നോക്കാം

അകത്തേയ്ക്ക് കയറിച്ചെല്ലുമ്പോൾ ,മാനേജർ മറ്റ് സ്റ്റാഫുകൾക്ക് നിർദ്ദേശം കൊടുത്ത് കൊണ്ട് നില്‌ക്കുകയായിരുന്നു.

തൻ്റെ മുന്നിലേക്ക് വന്ന യമുനയെ അയാൾ ചോദ്യഭാവത്തിൽ നോക്കി.

ഞാൻ മഹിയേട്ടൻ്റെ മുറപ്പെണ്ണാണ് , പേര് യമുന, ഇന്ന് വരാൻ പറഞ്ഞിരുന്നു

ഓഹ് ഇപ്പോൾ മനസ്സിലായി, വരൂ,

അയാൾ യമുനയെയും കൊണ്ട് കടയുടെ മുൻഭാഗത്തുള്ള മെയിൻകൗണ്ടറിനരികിലേക്ക് ചെന്നു.

ഇവിടിപ്പോൾ ഒഴിവുള്ളത് ഈ ക്യാഷ് കൗണ്ടറിലാണ് ,മൊത്തം അഞ്ച് ക്യാഷ് കൗണ്ടറുകളാണുള്ളത് ,ഇവിടെ മുമ്പുണ്ടായിരുന്ന കുട്ടി ഡെലിവറി ലീവെടുത്ത് പോയാരിക്കുവാ ,കുട്ടിക്ക് കംമ്പ്യൂട്ടറൊക്കെ കൈകാര്യം ചെയ്യാനറിയാമല്ലോ? ബാക്കി കാര്യങ്ങളൊക്കെ ഇവിടുത്തെ മെയിൻ അക്കൗണ്ടൻറ് അജിത പറഞ്ഞ് തരും, ഞാനാ കുട്ടിയെ ഇങ്ങോട്ട് പറഞ്ഞ് വിടാം

യമുനയെ അവിടെ നിർത്തിയിട്ട് മാനേജർ അജിതയെ വിളിക്കാനായി പോയി.

തനിക്കൊരു കാഷ്യർ പോസ്റ്റാണ് കിട്ടിയതെങ്കിലും യമുന സന്തോഷവതിയായിരുന്നു.

കുറച്ച് നാള് കഴിയുമ്പോൾ, മഹിയേട്ടൻ തനിക്ക് അജിതയുടെ പോസ്റ്റ് തരുമായിരിക്കും, അങ്ങനെ പടിപടിയായി തൻ്റെ ജോലി ഉയരുന്നതനുസരിച്ച്, മഹിയേട്ടൻ്റെ മനസ്സിലും പതിയെ സ്ഥാനം പിടിക്കണം,
അദ്ദേഹത്തിൻ്റെ മനസ്സിൽ തന്നോടുള്ള ഇഷ്ടം ,ഇപ്പോഴും ബാക്കി നില്പുണ്ടാവും,

അവിടെ നിന്ന് കൊണ്ട്, യമുന സ്വപ്നങ്ങൾ നെയ്ത് കൂട്ടി.

താൻ ചെയ്യേണ്ട ജോലികളെ കുറിച്ച് ,അജിതയിൽ നിന്നും യമുന വളരെ വേഗം സായത്തമാക്കി.

പന്ത്രണ്ട് മണിയോടടുപ്പിച്ചാണ്, മഹേഷ് ഷോപ്പിലെത്തിയത് ,
ആ സമയത്ത് കടയിൽ നല്ല തിരക്കുണ്ടായിരുന്നു.

മഹിയെ കണ്ടതും ,ഉത്സാഹത്തോടെ യമുന ചാടിയെഴുന്നേറ്റു, അവനെ നോക്കി നിറപുഞ്ചിരിയോടെ നിന്നു.

യമുനയെ കണ്ടെങ്കിലും , മഹേഷിൻ്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമുണ്ടായില്ല .

ജോസഫേട്ടനെവിടെ ? 
ഇങ്ങോട്ട് വരാൻ പറയ്

അടുത്ത് നിന്ന സ്റ്റാഫിനോടയാൾ ഗൗരവത്തിൽ പറഞ്ഞു.

മാനേജർ വേഗം അങ്ങോട്ടേക്ക് വന്നു.

ജോസഫേട്ടോ... ഇതെന്താ പുതുതായി വന്ന സ്റ്റാഫിന് നിങ്ങള് യൂണിഫോം കൊടുക്കാതിരുന്നത് ?

അയ്യാ സർ, അത് സാറിൻ്റെ സ്വന്തക്കാരിയാണെന്ന് പറഞ്ഞത് കൊണ്ടാ, ഞാൻ..

സ്വന്തവും ,ബന്ധവുമൊക്കെ അങ്ങ് തറവാട്ടിൽ, ഇവിടെ സ്റ്റാഫുകൾക്കെല്ലാം 
ഒരേ നിയമം തന്നെയാണ് ,മാനേജരായ 
ജോസഫേട്ടനും, യൂണിഫോമിലല്ലേ നില്ക്കുന്നത്? 
അപ്പോൾപിന്നെ കാഷ്യറായ യമുനയ്ക്കും, യൂണിഫോം ധരിക്കാം, എന്താ യമുനേ.. അതല്ലേ ശരി ?

അയാൾ യമുനയുടെ നേർക്ക് നോക്കി.

അതേ മഹിയേട്ടാ ...

നോ ... മഹിയേട്ടനല്ല ,സാർ, കോൾ മീ സാർ, 
യൂ അണ്ടർസ്റ്റാൻ്റ് ?

മഹിയുടെ ആ പെരുമാറ്റത്തിൽ മറ്റുള്ളവരുടെ മുന്നിൽ അപമാനിതയായി പോയ  യമുന ,തരിച്ച് നിന്ന് പോയി.



കടയിൽ തടിച്ച് കൂടിയവരുടെ മുന്നിൽ , താൻ നഗ്നയാക്കപ്പെട്ടത് പോലെ യമുനയ്ക്ക് തോന്നി. 

തൻ്റെ നേർക്ക് നീളുന്ന പരിഹാസച്ചുവയുള്ള കടാക്ഷങ്ങളെ നേരിടാനാവാതെ 
അവൾ തല കുനിച്ച് നിന്നു.

ഇത്തരമൊരു തിരച്ചടി അവളൊരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു ,
നെഞ്ചിൽ നീറി പുകഞ്ഞ സങ്കടം ഖനീഭവിക്കുന്നതും, മിഴികളിൽ കണ്ണീർ ഉരുണ്ട് കൂടുന്നതും അവളറിഞ്ഞു.

ആ നിമിഷം താൻ പാതാളത്തിലേക്ക് ആണ്ട് പോയിരുന്നെങ്കിലെന്ന്, അവൾ ആശിച്ച് പോയി.

മുന്നിലിരിക്കുന്ന കംപ്യൂട്ടർ സ്ക്രീനിൽ, അവ്യക്തമായ അക്ഷരങ്ങളെ നോക്കി ,നിരാശയോടെ അവളിരുന്നു.

തൻ്റെ മുന്നിൽ വരുന്ന കസ്റ്റമേഴ്സിനെ, തികച്ചും യാന്ത്രികമായാണവൾ നേരിട്ടത്.

വിശപ്പ് തോന്നാതിരുന്നത് കൊണ്ട്, യമുന ഉച്ചയ്ക്ക് കഴിക്കാനായി കൊണ്ട് വന്ന ചോറും , മുട്ട പൊരിച്ചതും, ചമ്മന്തിയുമൊക്കെ
വൈകുന്നേരമായപ്പോൾ, 
ലഞ്ച് ബോക്സിലിരുന്ന് 
തണുത്തുറഞ്ഞു.

തൻെറ ഡ്യൂട്ടി അഞ്ച് മണിക്ക് കഴിയുമെന്നറിയാമായിരുന്നത് കൊണ്ട് ,ഇടയ്ക്കിടയ്ക്കവൾ ക്ളോക്കിലേക്ക് നോട്ടമെറിഞ്ഞ് കൊണ്ടിരുന്നു.

പോകാൻ നേരം, 
അങ്ങേരുടെ മുഖത്ത് നോക്കി ഒരു ഗുഡ് ബൈ പറയണം ,

അവൾ വൈരാഗ്യത്തോടെ മനസ്സിലോർത്തു

ക്ളോക്കിൽ മണി അഞ്ചായപ്പോൾ, സിസ്റ്റം ഓഫ് ചെയ്തിട്ട്, ടേബിളിന് താഴെയിരുന്ന ബാഗെടുത്ത് തോളിൽ തൂക്കി അവളെഴുന്നേറ്റു.

താനയാളുടെ കാൽച്ചുവട്ടിലൊരു
അടിമയെപ്പോലെ കഴിയാൻ വന്നതല്ലെന്നും, 
കണ്ണമംഗലത്തെ യമുന, 
പട്ടിണി കിടന്നാലും 
അന്തസ്സ് കളഞ്ഞ് ജീവിക്കില്ലെന്നും അയാളുടെ മുഖത്ത് നോക്കി പറയണമെന്ന് ഉറപ്പിച്ചാണ് ,അവൾ എംഡിയുടെ മുറിയുടെ മുന്നിലെത്തിയത്.

പക്ഷേ, ഗ്ളാസ്സ് ഡോറിലൂടെ നോക്കിയപ്പോൾ, അവിടം ശൂന്യമായിരുന്നു.

കുറച്ച് നേരം കൂടി 
അവിടെ നിന്നിട്ട്,
മാനേജരോട്, എംഡി, 
എവിടെ പോയതാണെന്നന്വേഷിക്കാനായി ,അവൾ താഴേയ്ക്ക് വന്നു.

"സാറിനി രാത്രിയിലേ തിരിച്ച് വരു ,എന്താ യമുനേ.. എന്തേലും പറയാനുണ്ടോ ?

"ഉം, അത് ഞാൻ നേരിൽ കണ്ട് പറഞ്ഞ് കൊള്ളാം, ശരി ജോസഫേട്ടാ.. ഞാൻ ഇറങ്ങുന്നു"

എവിടെയെങ്കിലും വച്ച് എന്നെങ്കിലും അയാളെ കണ്ട് മുട്ടുമെന്നും ,അന്ന് പകരം ചോദിക്കാമെന്നും ,അത് വരെ തൻ്റെയുള്ളിലെ രോഷം കെടാതെ സൂക്ഷിക്കണമെന്നും തീരുമാനിച്ച് കൊണ്ട് ,അവൾ സൂപ്പർ മാർക്കറ്റിൻ്റെ പടിക്കെട്ടുകളിറങ്ങി, 
ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.

ബസ്സിനുള്ളിൽ കയറിയപ്പോൾ തിരക്ക് കാരണം ഇരിക്കാൻ സീറ്റില്ലാതെ അവൾ കമ്പിയിൽ തൂങ്ങി നിന്നു.

കണ്ടക്ടർ അടുത്ത് വന്നപ്പോൾ,
ടിക്കറ്റിനായി കൈയ്യിലിരുന്ന പഴകിയനോട്ട് നീട്ടിയെങ്കിലും, അയാളത് വാങ്ങിയില്ല.

"ചേച്ചിയുടെ ടിക്കറ്റ്, പുറകിലൊരാൾ എടുത്തിട്ടുണ്ട്"

കണ്ടക്ടർ പയ്യൻ പുഞ്ചിരിയോടെ പറഞ്ഞു.

"ങ് ഹേ അതാരാ?

അവൾ ആശ്ചര്യത്തോടെ പുറകിലേക്ക് നോക്കി.

അവിടെ മറ്റൊരു കമ്പിയിൽ തൂങ്ങി, തന്നെ നോക്കി പുഞ്ചിരിച്ച് നില്ക്കുന്നയാളെ കണ്ടവൾ, അമ്പരന്നു.

അത് കെവിൻ അല്ലേ ? 

അവൾ പെട്ടെന്ന് തൻ്റെ നോട്ടം പിൻവലിച്ചു.

കോളേജിൽ വെച്ച് തൻ്റെ സീനിയറായി പഠിച്ച, കെവിൻ.

മൂന്നുവർഷം ഒരുമിച്ച് ഒരു കാമ്പസിനുള്ളിൽ ഉണ്ടായിരുന്നിട്ടും , ഒരിക്കൽപോലും തന്നോട് അയാൾ മനസ്സ് തുറന്നില്ല.

കാമ്പസ്സിലെ നടവഴികളിൽ പലയിടത്തും, 
മറ്റുവായിനോക്കി പിള്ളേരോടൊപ്പം  അയാളും ഉണ്ടായിരുന്നു.

അയാളുടെ പ്രണയാർദ്രമായനോട്ടം,  
സ്ഥിരമായി തന്നിലാണ് പതിയുന്നതെന്ന് , കൂട്ടുകാരികൾ പറഞ്ഞപ്പോഴാണ് താനറിയുന്നത്,

അന്ന് മുതൽ, അയാൾക്ക് അരികിലൂടെ നടന്നുപോകുമ്പോൾ,  തൻ്റെ ഹൃദയമിടിപ്പിൻ്റെ വേഗത കൂടുമായിരുന്നു,  അയാളറിയാതെ താനും അയാളെ പലപ്രാവശ്യവും ശ്രദ്ധിച്ചു, കാണാൻ സുമുഖനും പതിഞ്ഞ സ്വഭാവക്കാരനുമായിരുന്ന അയാളെ, തനിക്കും ഇഷ്ടമായിരുന്നെങ്കിലും ,ഒരിക്കൽ പോലും അയാൾ തൻ്റെ മുന്നിൽ വരികയോ, ഒന്ന് സംസാരിക്കുകയോ ചെയ്തിരുന്നില്ല.

കോളേജ് പഠനം പൂർത്തിയാക്കി ക്യാമ്പസ്നോട് വിട പറഞ്ഞപ്പോൾ , അന്ന് കണ്ട പല മുഖങ്ങളും  മറന്നു തുടങ്ങിയിരുന്നു, അക്കൂട്ടത്തിൽ കെവിൻ്റെ മുഖവും താൻ സൗകര്യപൂർവ്വം മറന്നു .

പിന്നീട് വർഷങ്ങളോളം അയാളെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു, ഒരിക്കൽ അമ്പലത്തിൽ വച്ചാണ്,  പിന്നീടയാളെ കാണുന്നത്,  

പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുമ്പോൾ, അയാൾ തൻ്റെയരികിലെത്തിയിട്ട്,
ശബ്ദംതാഴ്ത്തി തന്നോട് കുറച്ച് സംസാരിക്കണന്ന് ആവശ്യപ്പെടുകയായിരുന്നു.

അയാൾക്ക് പറയാനുള്ളത്, എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ കൊണ്ട്,  ശ്രീകോവിലിനു മുന്നിൽ നിന്ന താൻ വിജനമായ ആൽത്തറയുടെ
അടുത്തേക്ക് നടന്നു.

തന്നെ അനുഗമിച്ചുകൊണ്ട്, കെവിനും കൂടെ വന്നു.

"എന്താ ഇയാൾക്ക് പറയാനുള്ളത്, വേഗം പറ ,എനിക്ക് ഉടനെ പോണം"

വിറയാർന്ന ശബ്ദത്തിൽ ഉത്കണ്ഠയോടെ താൻ അയാളോട് ചോദിച്ചു.

"യമുനയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, ആ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കോളേജിൽ താൻ ,ആദ്യമായി വന്ന ദിവസം തൊട്ട് 
ഞാൻ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അന്നു തുടങ്ങിയ ഇഷ്ടം, കോളേജിൽ വച്ച് തുറന്നുപറയാനുള്ള  
ധൈര്യമില്ലാതിരുന്നത് കൊണ്ടാണ്, ഇതുവരെ  
അത് പറയാതിരുന്നത്, ഇപ്പോൾ എനിക്ക് ഒരു ജോലി കിട്ടി, ചെറുതാണെങ്കിലും സർക്കാർ ജോലി ആണ്,
അതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ തൻ്റെ മുന്നിലെത്തിയത് , ജോലിക്കാരൻ ആയപ്പോൾ എന്നെ വിവാഹം കഴിപ്പിക്കണമെന്ന് അമ്മയ്ക്ക് ഒരേ നിർബന്ധം, അപ്പോഴാണ് തൻ്റെ മുഖം, എൻ്റെ മനസ്സിൽ തെളിഞ്ഞത്,  വർഷങ്ങൾക്കു മുൻപേ എനിക്ക് തന്നെ ഇഷ്ടമായിരുന്നു, എങ്കിലും തൻ്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ലല്ലോ? തനിക്ക് എന്നെ ഇഷ്ടമാണോ എന്ന് അറിഞ്ഞിട്ട് , അമ്മയുമായി പെണ്ണ് ചോദിക്കാൻ തൻ്റെ വീട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു ഞാൻ , യമുന പറയൂ ,എന്താണ് തിരിച്ചു ചെല്ലുമ്പോൾ, എൻ്റെ അമ്മയോട് ഞാൻ പറയേണ്ടത്? 

താൻ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകളാണ് അയാൾ പറഞ്ഞതെങ്കിലും, തൻ്റെ കുടുംബത്തിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചോർത്തപ്പോൾ ,ഉള്ളിൽ  നുരഞ്ഞു പൊന്തിയ സന്തോഷം, താനേ കെട്ടടങ്ങി .

"ഇപ്പോഴെങ്കിലും ഇത് എന്നോട് തുറന്നു പറയാനുള്ള ധൈര്യം കെവിൻ കാണിച്ചല്ലോ ?
പക്ഷേ ,അന്ന് ഞാൻകോളേജിൽ പഠിക്കുമ്പോഴുള്ള സാഹചര്യമല്ല, ഇപ്പോൾ 
എൻ്റെ തറവാട്ടിലുള്ളത്, സാമ്പത്തികമായി തകർന്ന് പോയ ,ഒരു കുടുബമാണെൻ്റേത്, കണ്ണമംഗലം തറവാടിനിപ്പോൾ പഴയ പേരും പെരുമയുമൊന്നുമില്ല, 
മൂന്ന് നേരവും തികച്ചുണ്ണാനില്ലാതെ, 
പല ദിവസങ്ങളിലും ഞങ്ങൾ അരപ്പട്ടിണിയിലാണ്, 
നല്ല ചികിത്സ കിട്ടിയാൽ, ഒരു പക്ഷേ, അച്ഛന് കട്ടിലിൽ നിന്ന് എഴുന്നേല്ക്കാൻ പറ്റും, 
പക്ഷേ, കടം കേറിയിട്ട്
ഇപ്പോൾ അന്തിയുറങ്ങുന്ന തറവാടിൻ്റെ ആധാരം പോലും, ബാങ്കിലിരിക്കുമ്പോൾ, അതിനും ഞങ്ങൾക്ക് കഴിയില്ല,
ഒരുപക്ഷേ, കെവിന് എന്നെ ഇഷ്ടമായിരിക്കാം ,
പക്ഷേ കെവിൻ്റെ അമ്മയ്ക്ക് മകൻ്റെ ഇഷ്ടത്തോടൊപ്പം ,
മറ്റ് ചില ആഗ്രഹങ്ങളും പ്രതീക്ഷകളുമുണ്ടാവില്ലേ? സർക്കാർ ഉദ്യോഗസ്ഥനായ മകന് കിട്ടാൻ പോകുന്ന,  ഭീമമായൊരു ഡൗറി, ആ അമ്മയുടെ മനസ്സിലുമുണ്ടാവില്ലേ? കെവിൻ ആദ്യം അമ്മയോട് പോയി ചോദിക്കൂ, കെവിന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ സത്രീധനമൊന്നുമില്ലാതെ സ്വീകരിക്കാൻ, അമ്മ തയ്യാറാകുമോയെന്ന് , അമ്മയുടെ ഉത്തരം യെസ് എന്നാണെങ്കിൽ ,ഞാൻ വരാം, എൻ്റെ അമ്മയുടെയും, അച്ഛൻ്റെയും അനുഗ്രഹവും വാങ്ങി, കെവിൻ്റെ കൂടെ എവിടേക്ക് വേണമെങ്കിലും"

അന്ന് കെവിനോട് അങ്ങനെ പറഞ്ഞു വിട്ടെങ്കിലും, അത് ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് ,തനിക്ക് നന്നായി അറിയാമായിരുന്നു, അന്ന് യാത്ര പറഞ്ഞുപോയ കെവിനെ, പിന്നീടിതുവരെ കാണാതിരുന്നപ്പോൾ , തൻ്റെ മനസ്സിൽ തോന്നിയതൊക്കെ ശരിയായിരുന്നുവെന്ന്, താൻ ഉറപ്പിക്കുകയായിരുന്നു.

പക്ഷേ ഇപ്പോഴയാൾ  ,താൻ കയറിയ ബസ്സിൽ കയറിയതും, തൻ്റെ ടിക്കറ്റെടുത്തതും എന്തിനായിരിക്കും?

ആദ്യം സമ്മതം മൂളാൻ വിസമ്മതിച്ചിരുന്ന അയാളുടെ അമ്മ, മകൻ്റെ നിർബന്ധം മുറുകിയപ്പോൾ ,ഒടുവിൽ അടിയറവ് പറഞ്ഞ് 
കാണുമോ, വീണ്ടും വിവാഹാഭ്യർത്ഥനയുമായിട്ടായിരിക്കുമോ, 
അയാൾ വന്നിരിക്കുന്നത്? 

ഓരോന്നാലോചിച്ച് അവസാനംബസ്സ് ,
തനിക്കിറങ്ങാനുള്ള
സ്റ്റോപ്പിലെത്തിയപ്പോൾ ,
അവൾ വീണ്ടും പുറകിലേക്ക് നോക്കി.


രചന
സജി തൈപ്പറമ്പ് .

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top