രചന: മഞ്ഞ് പെണ്ണ്
"അമ്മാ ഞാൻ അമ്മായിന്റെ വീട്ടിൽ പോവാണേ.." പറഞ്ഞ് തീർന്നതും പാവാടയും പൊക്കി പിടിച്ച് പാടവരമ്പത്തു കൂടെ അവൾ ഓടാൻ തുടങ്ങിയിരുന്നു...
"ദേ പെണ്ണേ പോവുന്നത് ഒക്കെ കൊള്ളാം സന്ധ്യക്ക് ആണ് ഈ പടി ചവിട്ടുന്നതെങ്കിൽ നല്ല നാല് പെട വെച്ച് തരും ഞാൻ ചന്തിക്ക്..." ഇറയത്തേക്ക് വന്ന് അമ്മ പറഞ്ഞതും നാവ് പുറത്തേക്ക് ഇട്ട് കോക്രി കാണിച്ച് കൊണ്ടവൾ വേഗത്തിൽ ഓടി...
"ഈ കുറുമ്പി പെണ്ണിനെ കൊണ്ട്..."സ്വയം ചിരിച്ച് നെറ്റിയിൽ ഒന്ന് അടിച്ച് കൊണ്ട് അമ്മ അകത്തേക്ക് കയറി...
"പൂയ്..... ഡി *ആമി*.... നീ ഇതെങ്ങോട്ടാ ഈ ഓടി ചാടി..."തോടിന്റെ ഓരത്ത് ഇരുന്നിരുന്ന ഗൗരി അവളോട് ഉച്ചത്തിൽ ചോദിച്ചതും ആമി ഒന്ന് ഇളിച്ച് കൊടുത്തു..
"ഞാൻ അമ്മായിന്റെ വീട്ടിൽ ഒന്ന് പോയി വരാം എന്ന് കരുതി... നീ വരുന്നോ...??"
"ഉയ്യോ ഞാനില്ല... നീ അവിടെ ചെന്നാൽ സന്ധ്യ മയങ്ങും എത്താൻ ഞാൻ ചൂണ്ട ഇട്ടിട്ടുണ്ട് ഇപ്പൊ മീൻ കിട്ടും..."
"ഓഹ് ഇത്തിരി പോന്ന വരാലിനേ കിട്ടിയിട്ട് നീ അതിനെ കറി വെച്ച് തിന്നുകയല്ലേ?? ചുമ്മാ അതിങ്ങളെ എന്തിനാടി കുരുട്ടേ കൊല്ലുന്നേ.... ഇങ്ങ് വാടി തെക്കേ വളപ്പിൽ നല്ല മുഴുത്ത ചാമ്പങ്ങ ഉണ്ട് ഉപ്പും മുളകും തേച്ച് ഒരു പിടി പിടിച്ചാൽ..." വായിൽ വെള്ളം വെച്ച് ആമി പറഞ്ഞതും ഗൗരിക്കും കൊതി തോന്നി മറ്റൊന്നും ചിന്തിക്കാതെ മുള കൊണ്ട് അവൾ ഉണ്ടാക്കിയ ചൂണ്ട പൊന്തക്കാട്ടിൽ ഒളിപ്പിച്ച് വെച്ച് അവൾ ഇട്ട ഡ്രെസ്സിലെ പൊടി തട്ടി എണീറ്റു...
"ന്നാ ബാ പൂവാം.." രണ്ടും കൂടെ തോളത്ത് കയ്യും ഇട്ട് വഴിയിൽ പോവുന്നവരുടേയും ജോലി ചെയ്യുന്നവരുടെയും കുറ്റം പറഞ്ഞ് അവസാനം തറവാട്ടിൽ ചെന്നെത്തി... ഗേറ്റ് തള്ളി തുറന്ന് മുറ്റത്തേക്ക് കയറിയതും നല്ല നെയ്യപ്പത്തിന്റെ മണം മൂക്കിലേക്ക് കയറി... രണ്ടും മുഖത്തോട് മുഖം നോക്കി മരണപ്പാച്ചിൽ ആയിരുന്നു ഉള്ളിലേക്ക്...
ഓടി ചെന്ന് കോരിയെടുത്ത നെയ്യപ്പം കയ്യിൽ എടുക്കാൻ നിന്നതും ചട്ടകം കൊണ്ട് കയ്യിൽ ആഞ്ഞ് ഒരടി കിട്ടി...
"രണ്ടിനും ഞാൻ നല്ലത് പോലെ തരും നോക്കിക്കോ ന്നാ ഇത് തിന്നാൽ മതി അതേയ് ഇന്ന് വിരുന്നുകാർ ഉണ്ട് അവർക്കാ..." അടുപ്പിൽ ഇരുന്ന് വേവുന്ന നെയ്യപ്പം തിരിച്ച് ഇട്ടു കൊടുത്ത് കൊണ്ട് അമ്മായി അവർക്ക് നേരെ വേറൊരു പത്രത്തിൽ ഇട്ട് വെച്ച കുറച്ച് പലഹാരം കൊടുത്തു..
"അതാരാ ഞങ്ങളെക്കാൾ സ്പെഷ്യൽ ആയ ആളുകൾ...?? " ആമി അമ്മായിയെ ഉറ്റുനോക്കി കൊണ്ട് ചോദിച്ചു...
"എടി പെണ്ണേ ഇന്ന് സുധിയും അവന്റെ ബാംഗ്ലൂരിലെ കൂട്ടുകാരും വരുന്നുണ്ട്... അതാ അവന് ഇഷ്ട്ടപ്പെട്ട നെയ്യപ്പം ഉണ്ടാക്കുന്നെ..."
"സുധിയേട്ടനോ...??" ചോദിക്കുമ്പോൾ അവളുടെ മുഖം നാണം കൊണ്ട് രക്തവർണ്ണം പൂശിയിരുന്നു...
"ഹ്മ്മ് എന്താ പെണ്ണിന്റെ സന്തോഷം... ഈ വരവിന് എന്തായാലും രണ്ടിന്റെയും കാര്യത്തിൽ ഒരു തീരുമാനം ആക്കണം... ഇവിടെ ഒറ്റക്ക് ഇരുന്ന് മടുത്തു നീയും കൂടെ ഉണ്ടായാൽ ഒരു ഉത്സാഹം ആണ് എനിക്ക്..."
"ഒന്ന് പോ അമ്മായി..." നാണം കൊണ്ട് പാതി മുഖം കൈ കൊണ്ട് മറച്ച് ഓടി സുധിയുടെ മുകളിലെ മുറിയിലേക്ക് കയറി അവൾ... പിറകിൽ നിന്നും അമ്മായിയുടെയും ഗൗരിയുടെയും പൊട്ടിച്ചിരികൾ കേൾക്കാം...!!!
മേശക്ക് മുകളിൽ കയ്യും കെട്ടി ഇളം ചിരി തൂകി നിൽക്കുന്ന സുധിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ കയ്യിൽ എടുത്ത് കൊണ്ടവൾ നെഞ്ചോട് ചേർത്തു... ബെഡിലേക്ക് ചാഞ്ഞതും ഉള്ളിൽ വല്ലാത്തൊരു കുളിര് അരിച്ച് കയറി...
"ഡീ പോത്തേ നീ ഇവിടെ കിടന്ന് സ്വപ്നം കാണണോ അവർ വരാം അന്തി ആവും... നീ വാ നമുക്ക് ചാമ്പങ്ങാ പറിച്ച് സ്ഥലം കാലി ആക്കാം..."
"ഞാനില്ല ഗൗരി നീ ചെല്ല്... ഞാൻ സുധിയേട്ടനെ കണ്ടിട്ടേ വരുന്നുള്ളു... നിക്ക് കാണാൻ കൊതി ആയി..." കണ്ണുകൾ അടച്ച് കഴുത്ത് കുറുക്കി കൊണ്ട് അവൾ വല്ലാത്ത സന്തോഷത്തോടെ പറഞ്ഞതും ഗൗരിക്കും ചിരി പൊട്ടി... അവളുടെ തലയിൽ ഒന്ന് കിഴുക്കി കൊണ്ട് അവളെയും വലിച്ച് തെക്കേ വളപ്പിലേക്ക് ചെന്നു...
________________________________❤️
"സുധി എന്ത് ഭംഗിയാ നിന്റെ നാട് കാണാൻ പാടവും വഴിയോര കച്ചവടവും കുഞ്ഞ് കവലയും കുട്ടികളുടെ കളിയും ടോടല്ലി പ്രകൃതിയുടെ വരഥാനം..." കുറേ നേരത്തെ യാത്രക്ക് ശേഷം ഒന്ന് റിലീഫ് ആവാൻ വേണ്ടി കാറിൽ നിന്നും എല്ലാവരും പുറത്തേക്ക് ഇറങ്ങി അപ്പോഴാണ് അവന്റെ കൂട്ടുകാരൻ ദർശൻ ചോദിച്ചതും വല്യ താല്പര്യം ഇല്ലാതെ അവൻ തന്റെ കൂടെയുള്ള മീരയുടെ അരയിൽ കൈ മുറുക്കി കൊണ്ട് അവളോട് കൊഞ്ചി കുഴഞ്ഞു...
എന്നാൽ ഇതെല്ലാം തന്റെ ക്യാമറ കണ്ണുകളിൽ പകർത്തുകയാണ് പ്രവീൺ... തേടിയത് എന്തോ ഈ നാട്ടിൽ ഉണ്ട് എന്ന് കൂടെ കൂടെ മനസ്സ് മൊഴിഞ്ഞ് കൊണ്ടേ ഇരുന്നു...അകാരണമായ ഹൃദയമിടിപ്പും കൂടെ കൂടെ വെട്ടി വിയർത്ത് കൊണ്ടിരുന്നു അവൻ!!!
അവിടെയുള്ള ചെറിയ നീരുറവയിൽ നിന്നും കയ്യും മുഖവും കഴുകി എല്ലാവരും വീണ്ടും കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു...
വീട്ടിൽ എത്തിയതും ഗേറ്റ് തുറന്ന് കാർ പുറത്ത് പാർക്ക് ചെയ്ത് കാളിങ് ബെൽ അമർത്തിയതും സുധിയുടെ അമ്മ വന്ന് വാതിൽ തുറന്നു... വേഗം തന്നെ മുന്നോട്ട് ആഞ്ഞ് അവർ മകനെ കെട്ടിപിടിച്ചു കൊണ്ട് ബാക്കി ഉള്ളവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു...
സുധിയേട്ടൻ വന്നെന്ന് അറിഞ്ഞതും മരത്തിന്റെ മണ്ടയിൽ കയറി ഇരുന്ന ആമി ഓടി പാഞ്ഞ് അകത്തേക്ക് കയറിയതും ഉള്ളിലേക്ക് കയറാൻ നിന്ന പ്രവിയെ തട്ടി... തട്ടലിന്റെ ഊക്കിൽ പ്രവി ഒന്ന് കറങ്ങി തിരിഞ്ഞ് നേരെ നിന്നു... വിരുന്ന് വന്ന വീട് ആയത് കൊണ്ട് തന്നെ ദേഷ്യം അണപ്പല്ലിൽ അടക്കി കൊണ്ടവൻ ആമിയെ നോക്കി പല്ലിറുമ്പി...
ആമി ഓടി ചെന്ന് സുധിയെ കെട്ടിപിടിച്ചു... സുധിയുടെ കൈകളും അവളെ വലയം തീർത്തതും സന്തോഷം കൊണ്ടവൾ അവനെ കൂടുതൽ വരിഞ്ഞ് മുറുക്കി...
"ഗുയ്സ് ഇതാണ് എന്റെ അനിയത്തി കുട്ടി *അനാമിക* ആമി എന്ന് ഞങ്ങളൊക്കെ വിളിക്കും..." സുധി അവളുടെ തോളിലൂടെ കൈ ചുറ്റി കൊണ്ട് പറയുന്നത് കേട്ട് ആമിയുടെ കണ്ണുകൾ കുറുകി... അവളുടെ നോട്ടം കണ്ട് സുധി ഒന്ന് കണ്ണിറുക്കി കാട്ടി...
"സുധിയേട്ടൻ പിന്നെ പറയാം എന്ന് കരുതി കാണും..." ഉള്ളിൽ അവൾ ഓർത്ത് കൊണ്ട് എല്ലാവർക്കും ചിരിച്ച് കൊടുത്തു... പ്രവിയെ നോക്കി ചിരിച്ചതും അവൻ അവളെ പുച്ഛിച്ച് കൊണ്ട് മുഖം തിരിച്ചു... ആമി ഇതെന്ത് എന്നും കരുതി അവനെ ചൂഴ്ന്ന് നോക്കി പിന്നെ അവളും അവനെ നോക്കി പുച്ഛിച്ച് കൊണ്ട് മുഖം തിരിച്ചു...
"ന്നാ മക്കള് വാ ഞാൻ ചായ എടുക്കാം..." അമ്മായി പറയേണ്ട താമസം എല്ലാവരും കൂടെ ടൈനിംഗ് ടേബിളിൽ ചെന്നിരുന്നു..ആമി സുധിക്ക് അരികിൽ ചെന്നിരിക്കാൻ ആഞ്ഞതും മീര അവന്റെ അരികിൽ ഇരുന്നു.. ചുണ്ടുകൾ പുറത്തേക്ക് ഉന്തി അവൾ സുധിയെ നോക്കിയപ്പോൾ അവൻ മീരയെ സൽക്കരിക്കുന്ന തിരക്കിൽ ആണ്.. തന്നെ നോക്കി ചിരിക്കുന്ന ഗൗരിയുടെ അരികിൽ ചെന്നിരുന്നു കൊണ്ടവൾ മീരയെയും സുധിയേയും വീക്ഷിച്ച് കൊണ്ടിരുന്നു...
കളി പറഞ്ഞ് ചിരിച്ച് സംസാരിക്കുന്ന രണ്ടുപേരെയും നോക്കി കൊണ്ടവൾ നെയ്യപ്പം വായിൽ വെച്ചു...
"ഡീ അവൾക്ക് സുധിയേട്ടനെ ഒരു കണ്ണ് ഉണ്ടോ...?? എങ്കി ഞാൻ അവളുടെ കണ്ണ് കുത്തി പൊട്ടിക്കും..."കയ്യിലിരുന്ന പലഹാരം കടിച്ച് ചവച്ച് കൊണ്ട് ആമി പറഞ്ഞതും ഗൗരി അവളുടെ കയ്യിന് ഒരു തട്ട് കൊടുത്തു..
"ചുമ്മാ ഓരോന്ന് പറയല്ലേ പെണ്ണേ.. അവിടെ മുംബയിൽ ഒക്കെ ഇങ്ങനെയാ... പിന്നെ നിനക്ക് നിന്റെ പ്രണയത്തിൽ വിശ്വാസം ഇല്ലേ..." അവസാനം ഗൗരി പറഞ്ഞത് കേട്ടതും കവിളുകളിൽ ചുവപ്പ് രാശി പടർന്നു...അന്നത്തെ മധുരമുള്ള ദിവസത്തേക്ക് ഒരു എത്തിനോട്ടം നടത്തി കൊണ്ടവൾ സുധിയെ പ്രണയത്തോടെ നോക്കി...
____________________________❤️
"ആമിക്കുട്ടി.. ന്നാ അമ്മായിന്റെ കുട്ടി മുകളിലേക്ക് ചെല്ല്.. ചെന്ന് ഭാവി ഭർത്താവിനോട് സംസാരിക്ക്.. അവൻ ഒറ്റക്കാ മുറിയിൽ ബാക്കി എല്ലാവരും വളപ്പിലെ ചാമ്പങ്ങ മരത്തിന് ചോട്ടിലാ..."ഒരു സ്റ്റീൽ ഗ്ലാസിൽ വെള്ളം കൊടുത്തു കൊണ്ട് അമ്മായി ആമിയെ മുകളിലേക്ക് പറഞ്ഞ് വിട്ടതും തുള്ളി ചാടി കൊണ്ടവൾ മുകളിലേക്ക് കയറി...
മുറി തുറക്കും മുന്നേ അടക്കി പിടിച്ച നിശ്വാസം കേട്ടതും അവൾ വാതിൽ പഴുതിലൂടെ ഉള്ളിലേക്ക് നോക്കി... സുധിയുടെ തോളിൽ ചാഞ്ഞ് അവന്റെ ചുണ്ടോട് ചുണ്ട് ചേർത്ത് ഇരിക്കുന്ന മീര!!! അവളുടെ അരക്ക് മുകളിൽ കുസൃതി കാട്ടി തന്റെ പ്രാണന്റെ കൈകൾ...!! കയ്യിൽ കരുതിയ വെള്ളം നിലത്തേക്ക് തെന്നി വീഴും എന്ന് പേടിച്ച് കയ്യിൽ മുറുകെ പിടിച്ച് കൊണ്ട് ഒരു കൈ വായിൽ പിടിച്ച് കൊണ്ടവൾ മെല്ലെ താഴേക്ക് ഇറങ്ങി...
"താനൊരു കോമാളി മാത്രം ആയിരുന്നു സുധിയേട്ടന്... അല്ലെങ്കിലും താൻ മണ്ടിയാണ്... വെറും ഒരു തലോടൽ കൊണ്ട് ആയുഷ്ക്കാലം മുഴുവൻ ഒരുവന്റെ കീഴിൽ മാത്രമെന്ന് നിനച്ച വെറും പൊട്ടി...!!!ഇല്ല എനിക്ക് വിട്ട് കളയാൻ പറ്റില്ല എന്റെ ഏട്ടനെ ജീവനേക്കാൾ ഏറെ സ്നേഹിച്ച് പോയില്ലേ ഞാൻ ദേവ്യേ..." കണ്ണുകൾ പെയ്ത് കൊണ്ടിരുന്നു... ഹൃദയം ചില്ല് കഷ്ണം കൊണ്ട് ആരോ കുത്തി മുറിവാക്കും പോലെ വിങ്ങി പൊട്ടി...
മേശയിൽ ഗ്ലാസ് വെച്ച് കൊണ്ടവൾ വീട്ടിലേക്ക് ഓടി... പിറകെ തന്നെയും വിളിച്ച് ഓടി വരുന്ന ഗൗരിയെ പോലും നോക്കാതെ വേഗത്തിൽ ഓടി...!!
