ഇച്ചായനും കാന്താരിയും, അവസാന ഭാഗം

Valappottukal Page




രചന: ശിവ
മധുരമൂറുന്ന ചുടു ചുംബനം പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു..
അവളുടെ നിശ്വാസങ്ങൾ എന്റെ മുഖത്ത് അലയടിച്ചു......
എന്റെ ചുണ്ടുകൾ ചുംബനത്തിനായി മുകളിലേക്ക് ഉയർന്നതും
പെട്ടെന്ന് 
"ഡാ ചെറുക്കാ എന്നും വിളിച്ചു കൊണ്ട് അമ്മ വീണ്ടും അവിടേക്കു വന്നു....
"എന്താടാ ഇവിടെ..??
""അതമ്മേ എന്റെ കണ്ണിൽ പൊടി പോയി.... ഞാനത് ഇവളെക്കൊണ്ട്  ഊതിക്കുവായിരുന്നു....
"ഹാ നിന്റെ കണ്ണിൽ കുറെ പൊടി പോവുമെന്ന് എനിക്ക് അറിയാം..
മക്കൾ ആദ്യം പോയി രജിസ്റ്റർ ചെയ്യാൻ നോക്ക് എന്നിട്ട് ആവാം പൊടി എടുപ്പിക്കൽ  എന്നും പറഞ്ഞു ചിരിച്ചു കൊണ്ട്  അമ്മ അകത്തേക്ക് പോവുമ്പോൾ ഞങ്ങൾ രണ്ടും ആകെ ചമ്മി ഐസ് ആയി  പോയി....
""ശ്ശെ നിങ്ങളുടെ ഒടുക്കത്തെ ഒരു ഉമ്മ ഭ്രാന്ത് കാരണം അമ്മയുടെ മുന്നിൽ  ഞാനും കൂടി ചമ്മിയില്ലേ മനുഷ്യാ എന്നും പറഞ്ഞവൾ എന്റെ കവിളത്തു ഒരു പിച്ചും തന്നു എഴുന്നേറ്റു പോയി.....
കൈ കഴുകി ഇരുന്ന്  മുൻപിൽ  ഇലയിട്ടിട്ടും ഒടുവിൽ  ചോറ് കിട്ടാത്തവന്റെ അവസ്ഥ ആയിരുന്നു എനിക്കപ്പോൾ......
പതിയെ നിരാശയോടെ കവിളും  തടവി എഴുന്നേറ്റു പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും അവളും റെഡി ആയി വന്നു....
നേരെ  അവളുമായി രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ആപ്ലിക്കേഷൻ കൊടുത്തു..
പിന്നെ പോരും വഴി പള്ളിയിലും അമ്പലത്തിലും ഒക്കെ കേറി നല്ല ജീവിതം ഉണ്ടാവാൻ ദൈവത്തെ കട്ടക്ക് പിടിച്ചു പ്രാത്ഥിച്ചു  തിരികെ വീട്ടിലെത്തി.....


അപ്പോഴേക്കും ഉച്ച ആവാറായിരുന്നു..
ഞങ്ങൾ ചെല്ലുമ്പോൾ അമ്മ  ഉച്ചക്കുള്ള മീൻ കറി ഉണ്ടാക്കാനുള്ള തിരക്കിൽ ആയിരുന്നു......
അതു കണ്ടതും മീൻ കറി ഞാൻ വെക്കാം അമ്മേ എന്നും പറഞ്ഞു കൊണ്ട്  അവൾ ചാടി വീണു.....
""വേണ്ട മോളെ അമ്മ ചെയ്തോളാം..
"വേണ്ട അമ്മേ ഞാൻ ചെയ്തോളാം..""
""അല്ല മോളെ നിനക്കിതൊക്കെ അറിയാമോ..??
"പിന്നെ അറിയാമോന്നോ.. എന്ത് ചോദ്യമാ അമ്മേ ഇത്.....
അമ്മ ഹാളിൽ പോയിരുന്നു ടീവി കണ്ടോളു..
കറി  റെഡി ആക്കിയിട്ട് ഞാൻ  വിളിക്കാം എന്നും പറഞ്ഞു കൊണ്ട്  അമ്മയെ പിടിച്ചു കൊണ്ടുവന്നു അവൾ ഹാളിൽ ഇരുത്തിച്ചു ടീവിയും വെച്ചു കൊടുത്തു......
"കുടംപുളിയിട്ട മീൻ കറി അല്ലേ അമ്മേ വെക്കേണ്ടത്..
"അതേ മോളെ.. കുടംപുളി ഷെൽഫിൽ ഉണ്ട് എന്നമ്മ വിളിച്ചു പറയുന്നതും കേട്ട് കൊണ്ട് ഞാൻ  ഡ്രസ്സ്‌ മാറി ഹാളിൽ എത്തി..
""ഡാ ചെറുക്കാ സത്യത്തിൽ അവൾക്ക് ഇതൊക്ക  ഉണ്ടാക്കാൻ അറിയാമോ..??
""പിന്നെ അവൾ നല്ല ഒന്നാം തരം കുക്ക് ആണമ്മേ ..
അമ്മ കണ്ടോളു എന്ന്  ഞാനും വെച്ച് കാച്ചി..
അപ്പോഴേക്കും രണ്ടു ഡപ്പിയും പൊക്കി പിടിച്ചു കൊണ്ടവൾ ഹാളിലേക്ക് എത്തി..
""അമ്മേ ചെറിയൊരു സംശയം..
""എന്താ മോളെ..??
""അല്ലമ്മേ ഇതിലേതാ ഈ   കുടംപുളി പുളി..??
 നിഷ്കളങ്കതയോടെ ഉള്ള അവളുടെ ചോദ്യം കേട്ട് അമ്മ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി....
ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്നമട്ടിൽ  ഒരു മൂളിപ്പാട്ടും  പാടികൊണ്ട് നൈസ് ആയിട്ട്  ഞാൻ റൂമിലേക്ക് അങ്ങ്  വലിഞ്ഞു....
""എന്റെ പൊന്നു മോളെ നീ ഇരുന്നു ടീവി കണ്ടോളു ഞാൻ ഉണ്ടാക്കി ക്കോളാം എന്നും പറഞ്ഞു കൊണ്ട് അമ്മ അവളെ പിടിച്ചിരുത്തി ഡപ്പികളും വാങ്ങി അടുക്കളയിലേക്ക് പോയി......
""ഡി പോത്തേ മനുഷ്യനെ നാറ്റിക്കാനായിട്ട്..
കുടംപുളി ഏതാ വാളൻ പുളി ഏതാണെന്ന്  തിരിച്ചറിയാത്ത നീ ആണോടി കുടംപുളി ഇട്ടു മീൻ കറി ഉണ്ടാക്കാം എന്നും പറഞ്ഞു കൊണ്ട്  വീമ്പിളക്കി പോയത്....
വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ട് ഓരോന്ന് പറഞ്ഞോളും .....
"അതുപിന്നെ ഇച്ചായാ..  ഞാൻ അമ്മയുടെ മുന്നിൽ ഒന്ന് സ്റ്റാർ ആവാൻ നോക്കിയത്  ആണ് പക്ഷേ  നെറ്റ്  എന്നെ ചതിച്ചു..


""നെറ്റ് ചതിച്ചെന്നോ .. മനസ്സിലായില്ല..
""അതുപിന്നെ യൂട്യൂബിൽ നോക്കി  മീൻ കറി ഉണ്ടാക്കാം  എന്നോർത്താണ് അമ്മയോട് ആ ഡയലോഗ് കാച്ചി അടുക്കളയിൽ ചെന്നത്....
പക്ഷേ അവിടെ ചെന്നു നെറ്റ് ഓണാക്കിയപ്പോൾ ആണ് നെറ്റ് ഓഫർ തീർന്ന കാര്യം മനസ്സിലായത്......
അതോടെ ആകെ വെപ്രാളമായി പോയി ഒടുവിൽ രക്ഷപ്പെടാൻ ഇറക്കിയ ഡ്രാമ ആണ് ഇത്..
ഇപ്പോൾ അമ്മയുടെ മുന്നിൽ കുടംപുളി ഏതാണെന്നു  അറിയില്ല എന്നല്ലേ ഒള്ളൂ..
എനിക്ക്  മീൻ കറി വെക്കാൻ അറിയില്ല എന്നമ്മ പറയില്ലല്ലോ....
എങ്ങനെ ഉണ്ട് എന്റെ ബുദ്ധി....
അതുകേട്ടു ഒരുനിമിഷം ഞാൻ വാ പൊളിച്ചു ഇരുന്നു പോയി....
"ഭയങ്കര ബുദ്ധി.. മോൾ ഇനി  വെയിൽ ഒന്നും കൊള്ളരുത് കേട്ടോ എന്നും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി....
---------------------------------------------------------
എന്തായാലും വാശിക്കാരി ആയത് കൊണ്ട് തന്നെ  പാചകത്തിൽ പിന്നോട്ട് പോവാൻ തയ്യാറാവാതെ ഇരുന്ന  അവളുടെ ആഴ്ച്ച തോറും ഉള്ള ഓരോ പരീക്ഷണങ്ങൾക്കും ഗതിക്കെട്ട് ഞാൻ ഇരുന്നു കൊടുക്കേണ്ടി വന്നു.....
അതുകൊണ്ട് ആഴ്ചയിൽ ആഴ്ചയിൽ വയർ ക്ലീൻ ആയി കിട്ടി..

ദിവസങ്ങൾ മാസങ്ങൾക്കു വഴിമാറി..
അതിനിടയിൽ ഞങ്ങളുടെ രജിസ്റ്റർ മാര്യേജ്യും കഴിഞ്ഞു......
ഞാൻ ആഗ്രഹിച്ച പോലെ അവളുടെ കിടപ്പ് എന്റെ കൂടെ ആവുകയും ചെയ്തു....
പിന്നത്തെ കാര്യം പറയണ്ടല്ലോ 
 അതിന്റെ ഫലം വൈകാതെ തന്നെ ഉണ്ടായി....
അവൾ പ്രെഗ്നന്റ് ആയി......
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം....
ഞാൻ ഒരച്ഛൻ ആവാൻ പോവുന്നു..
എന്റെ കാന്താരി പെണ്ണ് ഒരമ്മയും..
സന്തോഷത്തോടെ ആ വിവരം അവളുടെ അമ്മയെ വിളിച്ചു അറിയിക്കുമ്പോൾ  ഒന്നും മിണ്ടാതെ കുറച്ചു നേരത്തെ നിശബ്ദത ആയിരുന്നു മറുപടി....  
ഒടുവിൽ അമ്മയുടെ ഉള്ളിലെ സകല പരിഭവങ്ങളും പരാതികളും ദേഷ്യവും എല്ലാം ആ നിശബ്ദതതയിൽ  അലിഞ്ഞു ഇല്ലാതായി.....
അമ്മ അവളോട് കുറെ സമയം സംസാരിച്ചു.....
ദൈവം അങ്ങനെ ആ ഒരാനുഗ്രഹം കൂടി ഞങ്ങൾക്ക് സമ്മാനിച്ചു....
പ്രെഗ്നന്റ് ആയപ്പോൾ അവൾ കുറച്ചു ഒതുക്കം കാണിക്കും എന്നൊക്ക  വിചാരിച്ചിരുന്ന എന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അവൾ എനിക്കിട്ട് എട്ടിന്റെ പണികൾ  ഓരോന്ന് തന്നു കൊണ്ടിരുന്നു......
പച്ചമാങ്ങ മേടിച്ചതോ മാവിൽ നിന്നും എറിഞ്ഞു ഇട്ടതോ ഒന്നും അവൾക്ക് വേണ്ടത്രെ....
ഞാൻ  മാവിൽ കേറി പറിച്ചത് തന്നെ വേണം അവൾക്ക് ....


പണ്ടാരം അടങ്ങാൻ ഗർഭിണിയുടെ ആഗ്രഹം എന്നും കരുതി അസ്ഥാനത്ത് ഒരു ദയയും ദാക്ഷാണ്യവും ഇല്ലാത്ത ഉറുമ്പിന്റെ കടിയും കൊണ്ട് മാങ്ങയും പറിച്ചു ചെല്ലുമ്പോൾ എനിക്ക് വേണ്ടെന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ ഒരു പോക്കങ്ങു അങ്ങ് പോവും..
കാലുമടക്കി ഒരെണ്ണം കൊടുക്കാൻ വരെ അപ്പോൾ തോന്നും.....
ഇതൊന്നും പോരാത്തതിന് നട്ട പാതിരാക്ക് ഉറങ്ങി കിടക്കുന്ന എന്നെ വിളിച്ചുണർത്തി കഥ പറയിക്കുന്ന സൈക്കോ കൂടിയായവൾ മാറിയതോടെ എന്റെ കിളി പോയി എന്ന് തന്നെ  പറയാം.....
സ്വന്തം തൂവാല പോലും ഇതുവരെ നനക്കാത്ത ഞാൻ  ഗർഭിണി ആയ ഭാര്യയോടുള്ള സ്നേഹം മൂത്തു അവളുടെ ഡ്രെസ്സുകൾ  നനച്ചു കൊടുക്കേണ്ടി വന്നു..
അതിനിടയിൽ അവളുടെ അമ്മ ആദ്യമായി വീട്ടിൽ വന്നപ്പോൾ കണ്ട അതി മനോഹരമായ കാഴ്ച്ച അതായിരുന്നു.....
""നിനക്കിതിന്റെ വല്ല കാര്യവും ഉണ്ടോ മോനെ  എന്ന് അവളുടെ  അമ്മ ചോദിക്കുമ്പോൾ
""നീ ഇതിന് ഇതിന് അനുഭവിക്കും എന്ന്  അന്ന് നിങ്ങൾ എല്ലാരും കൂടി  പറഞ്ഞപ്പോൾ ഞാൻ ഇത്രയും വലിയ പണി പ്രതീക്ഷിച്ചില്ല അമ്മേ എന്നും പറഞ്ഞു കൊണ്ട് തുണി അലക്കൽ ഞാൻ തുടരുമ്പോൾ  എല്ലാവരുടെയും കൂട്ട ചിരി കേൾക്കാമായിരുന്നു.....
അല്ലെങ്കിലും അവളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല..
അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കണമല്ലോ.....
അവളുടെ കുരുത്തക്കേടുകൾക്ക് ഒപ്പം 
മാസങ്ങൾ പിന്നെയും കടന്നു പോയി അടുത്ത മാസം അവളുടെ പ്രസവം ആണ്....
അമ്മാവന്മാരുടെ എതിർപ്പ് മാറാത്ത കൊണ്ട് അവളുടെ വീട്ടിലേക്ക് ഞങ്ങൾ അവളെ വിട്ടില്ല..
പോണമെന്നു അവൾക്കും തോന്നിയില്ല.....
അമ്മേയെയും എന്നെയും വിട്ടു പോവാൻ അവൾക്ക് വല്ലാത്ത  മടി..
തിരിച്ചു ഞങ്ങൾക്കും അങ്ങനെ തന്നെ ആയിരുന്നു ......
സത്യം പറഞ്ഞാൽ ശെരിക്കും അവൾ വന്നതിൽ പിന്നെ ആണ് വീട്ടിൽ ഒരു ഒച്ചയും അനക്കവും ഒക്കെ വെച്ചത് തന്നെ ..
ചെല ചെല ചെലച്ചു കൊണ്ട് അവൾ എപ്പോഴും പിന്നാലെ നടക്കുന്നത് കൊണ്ട് അമ്മയ്ക്കും അവളെ വലിയ ഇഷ്ടമാണ്......
പോരാത്തതിന് അവൾ വന്നതിൽ പിന്നെ കലിപ്പന്റെ കലിപ്പ് കുറച്ചു കുറഞ്ഞെന്ന് ആണ് അമ്മ പറയാറുള്ളത്..
അത് കുറച്ചു ഒക്കെ ശെരിയാണ്..
എന്നാലും ഞാൻ ദേഷ്യം കേറി എന്തെങ്കിലും ഒക്കെ  പറഞ്ഞാൽ പിന്നെ അമ്മയും മോളും സ്ഥലം കാലിയാക്കും..
അവർക്ക് അറിയാം ആ സമയത്ത് എന്നെ പിടിച്ചാൽ കിട്ടില്ലെന്ന്‌..
പക്ഷേ എന്നാലും എന്റെ കാന്താരി പെണ്ണ്  അതിനിടയിലും എന്തെങ്കിലും ഒക്കെ  കുരുത്തക്കേട് ഒപ്പിച്ചു വെക്കാറുണ്ട്..
അതൊക്ക കാണുമ്പോൾ അറിയാതെ ദേഷ്യം ചിലപ്പോൾ ചിരിക്ക് വഴിമാറാറും ഉണ്ട്.....
---------------------------------------------------------


അങ്ങനെ ദിവസങ്ങൾ കടന്നു പോയി.....
 ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവേണ്ടതിന്റെ തലേന്ന് രാത്രി ഹാളിൽ ടീവിയും കണ്ടിരുന്ന അവളുടെ അടുത്ത് ചെന്ന് ഞാനിരുന്നു..
അവളുടെ വയറിലേക്ക് മുഖം ചേർത്ത് പിടിച്ചു കൊണ്ട്  ചെറിയൊരു ഉമ്മ  നൽകി.....
""എന്നതാ ഇച്ചായ നമ്മുടെ  മോൻ വല്ലതും പറഞ്ഞോ..
""മോൻ അല്ല മോളാണെന്ന്  നിന്നോട് ഞാൻ പലവട്ടം  പറഞ്ഞിട്ടില്ലേ......
"" മോളല്ല മോൻ ആണെന്ന് നിങ്ങളോടും ഞാൻ പറഞ്ഞിട്ടുണ്ടല്ലോ....
അതും നിങ്ങളെ പോലൊരു കുരുത്തം കെട്ടവൻ....
""ഒന്ന് പോടീ അവിടുന്നു വയർ കണ്ടാൽ അറിയാം നിന്നെ പോലൊരു കാന്താരി പെണ്ണ്  തന്നെ ആണെന്ന്..
""ഓഹോ അപ്പോൾ ഗർഭിണികളുടെ വയർ നോക്കി നടക്കൽ ആയിരുന്നോ  നിങ്ങളുടെ പണി..??
"ഒന്ന് പോടീ അവിടുന്നു എന്റെ വായിൽ ഇരിക്കുന്നത്‌ കേൾക്കല്ലേ..  എന്തായാലും ഇത് പെണ്ണാണ്..
"അല്ല ആണാണ്.."
"ഡി വെറുതെ എന്നോട് തർക്കിക്കാൻ നിൽക്കല്ലേ..
""തർക്കിക്കാൻ നിന്നാൽ നിങ്ങളെന്നെ മൂക്കിൽ കയറ്റുമോ....?
ഇത് ആണ് തന്നെ ആണ്....
ഇനി പെണ്ണ് ആണെന്ന് എനിക്ക്  തോന്നിയാൽ ഞാൻ പ്രസവിക്കില്ല നോക്കിക്കോ..
""ആഹാ എങ്കിൽ എനിക്ക് അതൊന്ന് കാണണമല്ലോ..
""കാണാൻ ഒന്നുമില്ല പെണ്ണിനെ വേണമെങ്കിൽ നിങ്ങൾ പോയി പ്രസവിക്ക് എന്നും പറഞ്ഞവൾ ഉടക്കിനു മൂർച്ച കൂട്ടിയതോടെ ഞങ്ങളുടെ വഴക്ക് കണ്ട് അമ്മ അങ്ങോട്ടേക്ക് എത്തി..
""എന്തോന്ന് ആണ് ഇത് രണ്ടും കൂടി ഒന്ന് നിർത്തുന്നുണ്ടോ..??
ഒരു കൊച്ച് ആവാറായി എന്നിട്ടും ഒരു നാണവും ഇല്ലാതെ ഇപ്പോഴും പിള്ളേരെ പോലെ അടി കൂടി നടക്കുന്നു..
"അല്ലമ്മേ വയർ കണ്ടിട്ട് അമ്മ തന്നെ പറ ഇത് പെൺ  കൊച്ചല്ലേ..
""അല്ല ഇത് ആൺ കൊച്ചാ അല്ലേ അമ്മേ..""
""ഓ ആൺ കൊച്ചായാലും പെൺ കൊച്ചായാലും നിങ്ങൾ രണ്ടെണ്ണത്തിനും കൂടി ഉണ്ടാവുന്നതല്ലേ
 ഭൂമി തല തിരിച്ചു വെക്കാതെ ഇരുന്നാൽ മതിയായിരുന്നു  എന്നും പറഞ്ഞു കൊണ്ട്  അമ്മ റൂമിലേക്ക് പോവുമ്പോൾ അമ്മയെ നോക്കി  ഒരു അളിഞ്ഞ ചിരി പാസാക്കി കൊണ്ടു ഞങ്ങൾ ഞങ്ങളുടെ  തർക്കം തുടർന്ന് കൊണ്ടിരുന്നു..
---------------------------------------------------------
കൊച്ചു കൊച്ചു വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞ ഞങ്ങളുടെ ലോകത്തേക്ക് വരാനിരിക്കുന്ന ആ കുഞ്ഞു കുരുപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ ഞങ്ങൾ......
 ഒരു കൊച്ചു ആവുമ്പോൾ എങ്കിലും ഞങ്ങൾക്ക് ഒതുക്കം വരുമെന്ന് അമ്മ  പ്രതീക്ഷിച്ചിരുന്നു.....
ഇപ്പോൾ അതും പോയെന്നാണ് അമ്മ പറയുന്നത് .....
എന്തായാലും  അമ്മ പറയുമ്പോലെ  പിരിവെട്ടിയ ഞങ്ങൾ രണ്ടിനെയും ഇനി  സഹികെട്ടു അമ്മ ചവിട്ടി പുറത്താക്കി യില്ലെങ്കിൽ    വൈകാതെ തന്നെ  ബാക്കി കഥയുമായി വരാമെന്ന പ്രതീക്ഷയിൽ തല്കാലത്തേക്ക് വിട പറയുന്നു....
(സ്നേഹപൂർവ്വം...💕ശിവ 💕 )
**************ശുഭം *****************

ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top