രണ്ടാംകെട്ട്, തുടർക്കഥ മുഴുവൻ ഭാഗങ്ങൾ (6) ഒന്നിച്ചു വായിക്കൂ...

Valappottukal Page



രചന: SANDRA C.A.(Gulmohar❤️)

ഭാഗം: 1
മുൻ ഭർത്താവ് അനിയത്തിയായ അമ്മുവിനെ ചേർത്തു പിടിച്ചു ചുംബിക്കുന്നത് കാണുന്നത് പെണ്ണു കാണാൻ വരുന്നവരുടെ മുന്നിലേക്ക് ഞാൻ ഒരുങ്ങി ഇറങ്ങുമ്പോളായിരുന്നു....!!!


അവരുടെ നല്ല നിമിഷങ്ങൾ നശിപ്പിക്കണ്ട എന്ന് ഒാർത്ത് തൊണ്ടക്കുഴിയിൽ വിങ്ങിയ കരച്ചിൽ അടക്കി മുകളിലെ മച്ചിന്റെ വശത്തേക്ക് ഒാടുമ്പോളാണ് അടുക്കളയിൽ നിന്നും അമ്മയുടെ വിളി വരുന്നത്..


'അവർ വന്നിട്ടുണ്ടെന്ന്...!!!'



ഒരിക്കൽ കൂടി ഒരു വിവാഹ പരീക്ഷണം..



ശബ്ദം പുറത്ത് വരാതിരിക്കാനായി വാ പൊത്തി കരയുമ്പോൾ രാവിലെ അനിയത്തിയായ അമ്മു അണിയിച്ച ചായങ്ങളെല്ലാം കണ്ണീരിൽ കുതിർന്ന് ഒലിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു..



അല്പ നേരം ശബ്ദമില്ലാതെ കരഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം കിട്ടി..



കണ്ണുകൾ തുടച്ചു,
രാവിലെ ഉടുത്ത സാരി ഒന്നും കൂടി നേരെയാക്കി അമ്മുവിന്റെ മുറിയുടെ മുന്നിലൂടെ പോകാതെ പതിയെ പുറക് വശത്തൂടെ അടുക്കളയിലേക്ക് നടന്നു..


അല്ലെങ്കിൽ ഒരിക്കൽ കൂടി ഞാൻ രണ്ട് ദിവസം മുൻപ് വരെ എന്റെ ഭർത്താവായിരുന്ന ആൾ എന്റെ സ്വന്തം അനിയത്തിയെ ചേർത്തു പിടിക്കുന്നത് കാണേണ്ടി വരും...



അടുക്കളയുടെ ചായ്പ്പിലേക്ക് കയറിയപ്പോളെ കേട്ടു,അടുക്കളയിൽ നിന്ന് അമ്മായിയുടെ അടക്കി പിടിച്ച ശബ്ദത്തിലുളള പറച്ചിൽ..


"എന്റെ കല്യാണി നിനക്ക് പിടിപ്പില്ലാത്തത് കൊണ്ടാ ഇവിടെ ഇങ്ങനൊക്കെ നടക്കുന്നേ..


ഡിഗ്രി ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം വെറും ഒരു സെയിൽസ് ഗേൾ അല്ലേ അമൃത..??


അവളെ രാഹുലിന് കെട്ടിച്ചു കൊടുത്തത് തന്നെ അബദ്ധമായി പോയി...


അല്ലെങ്കിലും ഡോക്ടറായ അഹല്ല്യ മോൾക്ക് തന്നെയാ എഞ്ചീനിയറായ രാഹുൽ ചേരുന്നേ..


ഇവളെ വരുന്ന ആർക്കെലൂം പിടിച്ചു കൊടുത്തിട്ട് അഹല്യ മോളുടെ കല്യാണം ഗംഭീരായിട്ട് നടത്താൻ നോക്ക്...!!"


"ഞാനും അങ്ങനെയാ ഒാർക്കുന്നേ രാധേച്ചി..


ഞാൻ ആദ്യം ഒാർത്തേ രാഹുൽ മോന്റെയും അമ്മു മോളുടെയും കല്യാണം നടത്തിയതിന് ശേഷം പതിയെ അമൃതയെ കെട്ടിക്കാന്നാ..


പക്ഷേ, മാധവേട്ടൻ അമ്പിനും വില്ലിനും അടുക്കുന്നില്ല..


പണ്ട്,മാധവൻ തളർന്ന് കിടന്നപ്പോൾ അമൃത പഠിത്തം നിർത്തി ജോലിയ്ക്ക് ഇറങ്ങിയതിന്റെ ഒരു സെന്റിമെന്റ്സാ പുളളിയ്ക്ക് ഇപ്പോളും...

അമ്മു മോളുടെ ജോലിയുടെ സ്റ്റാറ്റസ് ഒന്നും പുളളിയ്ക്ക് നോട്ടമില്ലന്നേ..!!"



അമ്മയുടെ വാക്കുകൾ കേട്ടതും ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെ തോന്നി പോയി...



കുറച്ചു നാൾ കുടുംബം നോക്കി പോലും..


ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ഒരു ആക്സിഡന്റ് പറ്റിയാണ് അച്ഛൻ വീണു പോയത്..


വീട്ടൂ പണി മാത്രം അറിയാവുന്ന അമ്മ രണ്ട് പെൺമക്കളെയും കൂട്ടി മരിക്കാം എന്ന് അച്ഛനോട് പറയുന്ന കേട്ടതിന്റെ പിറ്റേന്ന് മുതൽ ജോലിയ്ക്ക് ഇറങ്ങിയതാണ്..


ആദ്യമൊക്കെ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ ജോലിയ്ക്ക് നിന്നിരുന്ന ടെക്സ്റ്റയിൽ ഷോപ്പ് തൂത്തു തുടച്ചിട്ട് വരെയുണ്ട്..



എല്ലു മുറിയെ പണി എടുത്താണ് താൻ കുടുംബം കരകയറ്റിയത്..


അച്ഛൻ പഴയ പോലെ ജോലിയ്ക്ക് പോകാൻ തുടങ്ങിയിട്ടും താൻ ജോലി വിട്ടിരുന്നില്ല..


അമ്മുവിന്റെ നല്ല ഭാവി മാത്രമായിരുന്നു അപ്പോൾ ലക്ഷ്യം..


കിട്ടുന്ന ശംബളത്തിൽ നിന്നും ഒരു രൂപ പോലും മാറ്റി വെയ്ക്കാതെ മുഴുവനായി അവളുടെ കെെയ്യിൽ ഏൽപ്പിക്കുകയായിരുന്നു പതിവ്..


ആ അവളാണ് തന്നെ ചതിച്ചത്..!!!!


ഇതിനിടയിൽ പ്രെെവറ്റായി ഡിഗ്രി എഴുതിയെടുക്കുകയും പിജിയ്ക്ക് ജോയിൻ ചെയ്യുകയും ചെയ്തു...


പക്ഷേ........!!


"വല്ല്യമ്മേ...."



ഒാർമകളെ മുറിച്ച് അരികിലേക്ക് കിച്ചൂട്ടൻ വന്നപ്പോളാണ് താൻ കരയുകയായിരുന്നുവെന്ന് ഞാൻ തന്നെ അറിഞ്ഞത്..


അവൻ കാണാതെ കണ്ണുനീർ തുടച്ചു വാരിയെടുത്തു നെറ്റിയിൽ ചുണ്ടമർത്തുമ്പോൾ ആ കൊച്ചരി പല്ലുകൾ കാട്ടീ അവൻ എന്നെ നോക്കി പുഞ്ചിരി തൂകീ..



അവനുമായി സമയം ചെലവഴിക്കുമ്പോൾ ദുഃഖം അലിഞ്ഞില്ലാതാകുന്നത് ഞാൻ അറിഞ്ഞു..


അവന്റെ ചാര നിറ കണ്ണുകൾ കാണുമ്പോൾ അറിയാതെ ഞാൻ എന്റെ മുൻ ഭർത്താവിനെ ഒാർത്തു പോയി..


ഉളളിൽ ഒരു വിങ്ങൽ തുടങ്ങിയപ്പോൾ കല്യാണം മുതൽ അനുഭവിച്ച പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ടുവല്ലോ എന്ന് ഒാർത്ത് സ്വയം ആശ്വസിച്ചു..


ഞാൻ വീണ്ടും കിച്ചൂട്ടനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു...


അദ്ദേഹത്തിന്റെ തനി പകർപ്പാണ് അവൻ..



അമ്മുവിന്റെ അതെ മനം മയക്കുന്ന ചിരിയുമാണ്..


പക്ഷേ, നിർഭാഗ്യം കൊണ്ട് തന്നെ പോലെ തന്നെ അവനും ഈ കുടുംബത്തിന് ഒരു അധികപറ്റാണ്..


ഇവൻ പഠന കാലത്ത് അമ്മുവിനും അദ്ദേഹത്തിനും പറ്റിയ ഒരു തെറ്റാണെന്ന സത്യം എല്ലാവർക്കും അറിയാമെങ്കിലും അമ്മുവിന്റെ മഹാമനസ്കത കൊണ്ട് ആരോരുമില്ലാത്ത ഒരു അനാഥക്കുട്ടിയെ വളർത്തുവെന്ന് പറഞ്ഞു നടക്കുന്നു..!!!



എന്നിട്ടും ഇപ്പോഴും മനസിലാകാത്തത് തന്റെ കാമുകനായിട്ടും അമ്മു എന്തിന് അയാളെ എന്നെ കൊണ്ട് കല്യാണം കഴിപ്പിച്ചു എന്നതാണ്...


എന്തിനായിരിക്കും അവൾ എന്നോട് അങ്ങനെ ചെയ്തത്...??


തനിക്ക് തന്നതാണെങ്കിൽ പിന്നെ എന്തിനാണ് വീണ്ടും എന്നിൽ നിന്നും അദ്ദേഹത്തെ അടർത്തി മാറ്റിയത്...?



"മോളേ,നീ ഉമ്മറത്തേക്ക് വാ..

അവർക്ക് പോകാൻ ധൃതിയുണ്ടെന്ന്...!!!"



ചിന്തകളെ കീറി മുറിച്ച് അമ്മ അടുത്തൂ വന്നു പറഞ്ഞപ്പോൾ കുഞ്ഞിനെയും കൊണ്ട് തന്നെ ഉമ്മറത്തേക്ക് നടന്നു..


തന്റെ കെെയ്യിലിരുന്നു കുറുമ്പു കാട്ടുന്ന കിച്ചൂട്ടനെ ചേർത്തു പിടിച്ചു നടക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ധെെര്യം നിറയുന്നത് ഞാൻ അറിഞ്ഞു..



ഉമ്മറത്തെത്തി തലക്കുനിച്ചു നിൽക്കുമ്പോൾ അച്ഛൻ അഭിമാനത്തോടെ പറയുന്നത് കേട്ടു..


"ഇതാണ് എന്റെ മോൾ...!!"



പാവം..അച്ഛന് മാത്രമാണ് തന്നോട് അല്പമെങ്കിലും കരുണയുളളത്..


"ഡിവോഴ്സ്ഡായിട്ട് എത്ര നാളായി...??"



"2 ദിവസം..!!"



ആരോ ചോദിച്ചതിന് ജാള്യതയോട് കൂടി അച്ഛൻ മറുപടി പറയുമ്പോൾ അവിടെ ഒരു കൂട്ടച്ചിരി ഉയരുന്നത് കേട്ട് അപമാനം കൊണ്ട് ഞാൻ ഉരുകി പോയി..


"കൊളളാം അമൃതേ..

തന്നെ ഇങ്ങനെ ഒരിക്കൽ കാണേണ്ടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..


പക്ഷേ, ദെെവം ഇത്ര പെട്ടെന്ന് അത് സാധിച്ചു തരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ഒാർത്തില്ല കേട്ടോ...!!"



പെട്ടെന്ന് തന്നെ ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു..


മിഥുൻ...!!


ജോഷ്വായുടെ ഉറ്റ സുഹൃത്ത്...!!


പുച്ഛത്തോടെയുളള അവന്റെ ചിരി കണ്ടതും പഴയ ഒാർമകൾ എന്നിലേക്ക് ഇരച്ചു കയറി..


ഉമീ തീയിലെന്ന പോലെ ഉരുകുന്ന എന്റെ മനസ്സിൽ ജോഷ്വായുടെ നിറവോടെയുളള ചിത്രം തെളിഞ്ഞു വന്നു..


ഒാർമകൾ അത്രത്തോളമായപ്പോഴേക്കും വീഴാതിരിക്കാനായി ഞാൻ ഉമ്മറ കതകിലേക്ക് ചാരിയെങ്കിലും പിടുത്തം കിട്ടിയില്ല..


പക്ഷേ,കുഞ്ഞിനെയും കൊണ്ട് താഴേക്ക് വീഴാൻ തുടങ്ങിയ എന്നെ എന്റെ മുൻ ഭർത്താവ് കെെകളിൽ താങ്ങി..



അപ്പോൾ ആ മുഖത്ത് വിരിഞ്ഞ ഭാവം എന്തായിരുന്നു..??
*****
കണ്ണുകൾ തുറക്കുമ്പോൾ ഹാളിലെ സോഫയിൽ കിടക്കുകയായിരുന്നു ഞാൻ..

ഉറക്കെ കരയുന്ന കിച്ചൂട്ടന്റെ ശബ്ദമാണ് എന്നെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്..


മുന്നിൽ വേവലാതിപ്പെട്ട് അച്ഛനും അമ്മയും അമ്മായിയും മുൻ ഭർത്താവും..!!!


എല്ലാവരും എന്റെ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ കണ്ണിൽ തെളിഞ്ഞത് വെറും നിലത്തിരുന്നു കരയുന്ന കുഞ്ഞ് മാത്രമായിരുന്നു..


നിലത്തെ പൊടിയും അഴുക്കും ദേഹത്ത് പറ്റി,ഒരു പാംമ്പെഴ്സ് മാത്രം ധരിച്ചു, കുഞ്ഞി കണ്ണുകളിൽ നിന്നും ഉതിർന്നു വീണ നീർ മണികളാൽ നനഞ്ഞിരിക്കുന്ന അവനെ കണ്ടതും അവനെ ഒന്നു എടുക്കുക പോലും ചെയ്യാതെ നിൽക്കുന്ന എല്ലാവരോടും എനിക്ക് വെറുപ്പ് തോന്നി..


ചാടിയെഴുന്നേറ്റ് അവനെ വാരിയെടുക്കുമ്പോളും കാലുകൾ നിലത്തുറക്കൂന്നുണ്ടായിരുന്നില്ല,അത് കണ്ടു എന്നെ പിടിക്കാൻ വന്ന മുൻ ഭർത്താവിനെ ഒരു നോട്ടം കൊണ്ട് തടഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു..


അവിടെ കുഞ്ഞിനുളള പാൽ ആറ്റുകയായിരുന്നു അമ്മു..


എന്നെ കണ്ടതും അവളിൽ ഒരു അമ്പരപ്പ് പ്രകടമായെങ്കിലും പെട്ടെന്ന് തന്നെ എടുത്തു വെച്ച ഒരു ഗ്ലാസ്സ് നാരങ്ങാ വെളളം എനിക്ക് നേരെ നീട്ടി..


അത് കുടിച്ചതും എനിക്ക് നല്ല ഉണർവ്വ് കിട്ടി..


കുഞ്ഞിന് അവൾ പാലു കൊടുക്കാമെന്ന് പറഞ്ഞെങ്കിലും സമ്മതിക്കാതെ ഞാൻ തന്നെ അവന് പാലു കൊടുത്തതിന് ശേഷം ചെറു ചൂടു വെളളത്തിൽ മേലു കഴുകിയെടുത്തു..


അതിന് ശേഷം തോളിലിട്ട് ചെറുതായി ഒരു പാട്ടു മൂളിയതും എന്റെ കണ്ണൻ ഉറങ്ങി പോയി..


രണ്ട് തലയണ ഇരുവശത്തും തടയായി വെച്ച് അവനെ കിടത്തിയിട്ട് ഞാനും ഒന്നു മേലു കഴുകി വന്നപ്പൊളെക്കും എനിക്കായ് ഒരു പാത്രത്തിൽ പയർ കഞ്ഞിയുമായി അമ്മ വന്നിരുന്നു..


ഒറ്റയ്ക്ക് കഴിച്ചോളാം എന്ന് ഞാൻ പറഞ്ഞെങ്കിലും അമ്മ തന്നെ എനിക്ക് വാരി തന്നു..

അമ്മ പോയതും മുറിയടിച്ചു ഞാനും കിച്ചൂട്ടന്റെ അടുത്തേക്ക് കിടന്നു..


ഒാർമകളിൽ ജോഷ്വാ മാത്രം നിറഞ്ഞു..!!!



പ്ലസ്സ് വണ്ണിന് പഠിക്കുമ്പോളാണ് ആദ്യമായി ജോഷ്വാ എന്ന ക്രിസ്ത്യാനി ചെറുക്കനെ കാണുന്നത്...


വെളുത്തു പൊക്കമുളള തിളങ്ങുന്ന കണ്ണുകളുളള അവന്റെ സൗഹൃദം എപ്പോഴോ പഠനം മാത്രം മുന്നിൽ കണ്ടിരുന്ന എന്നിൽ പ്രണയമായി ആഴ്ന്നിറങ്ങി...


ഒാരോ തവണയും അവനെ കാണുമ്പോൾ കൂടുതൽ കൂടുതൽ ആഴത്തിലേക്ക് അവൻ വേരു പിടിച്ചു...


പിന്നീട് അവനെ കാണുമ്പോഴോക്കെ ഒഴിഞ്ഞു മാറി നടന്നെങ്കിലും അവനായി തന്നെ എന്നെ തേടി വന്നു കൊണ്ടിരുന്നു..


ഒടുവിൽ ഇഷ്ട്ടമോണോ എന്ന് പരസ്പരമുളള ചോദ്യമോ പറച്ചിലോ ഇല്ലാതെ തന്നെ ഞങ്ങൾ പ്രണയത്തിലായി..


ഞങ്ങളുടെ പ്രണയം ഞങ്ങൾക്കിടയിൽ മാത്രമുളള ഒരു സ്വകാര്യ ഉടമ്പടിയായിരുന്നു..!!


ഒളിച്ചു നിന്നുളള സംസാരമോ കത്തുകളോ ഇല്ലാതെ ഉപാധികളേതുമില്ലാതെ വല്ലപ്പോഴും തമ്മിൽ കെെ മാറുന്ന ഒരോ നോട്ടങ്ങളിലുടെയും ചെറു പുഞ്ചിരികളിലൂടെയും ശാന്തമായ ഒരു അരുവി പോലെ നിർബാധം ഒഴുകിക്കൊണ്ടിരുന്നു..


ഒരു പിറന്നാൾ സമ്മാനമായി അച്ഛൻ തന്ന ഒരു മൊബെെൽ ഫോണിലൂടെ,അതും പ്രണയത്തിലായി ഒന്നര വർഷത്തിന് ശേഷമായിരുന്നു ഞങ്ങൾ പരസ്പരം ഒന്നു സംസാരിച്ചത് തന്നെ...!!


ആരിലും ഒരു സംശയത്തിനും ഇട വരുത്താതെ ഫോണിലൂടെ മാത്രം ഞങ്ങൾ സ്നേഹവും സ്വപ്നങ്ങളും പങ്കു വെച്ചു..


ഹയർ സെക്കണ്ടറി ഉയർന്ന മാർക്കോടു കൂടി തന്നെ ഞങ്ങൾ പാസ്സായി..


പിന്നീട് ഒരേ കോളേജിൽ ഒരേ വിഷയത്തിന് ഞങ്ങൾ ഒരുമ്മിച്ച് ചേർന്നു..


സ്കൂൾ പോലെ അല്ലായിരുന്നു കലാലയം..


സ്വാതന്ത്രത്തിന്റെ ഒരു കടലായിരുന്നു അത്..


പതിയെ പതിയെ ഞങ്ങളുടെ പ്രണയം ക്യാംപെസ് ഏറ്റെടുത്തു..


ഭയമോ ചങ്ങലക്കെട്ടുകളോ ഇല്ലാതെ പ്രണയത്തിന്റെ മധുരം പങ്കു വെയ്ക്കുന്ന പൂമ്പാറ്റകളായി വാകമര ചുവടുകളിൽ ഞങ്ങൾ പാറി നടന്നു..


ഒരിക്കലും ഞങ്ങൾ പഠനത്തിൽ ഉഴപ്പിയില്ല,എപ്പോഴും മുൻനിരക്കാരിൽ രണ്ട് പേരായി തുടർന്നു..


കോളേജിലെ ഒന്നര വർഷം..


സ്വർഗ്ഗമായിരുന്നു ആ കാലം...


പെട്ടെന്നാണ് എല്ലാം കീഴ്മേൽ മറിച്ചു അച്ഛന് ആക്സിഡന്റ് പറ്റുന്നത്..


ആത്യാവശ്യം ജീവിക്കാനുളള കുടുംബമായിരുന്നിട്ട് കൂടി പറമ്പിൽ നിന്നുളള വരുമാനം കൊണ്ട് മാത്രം ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായ അമ്മ സ്വയം ജീവിതം അവസാനിക്കാൻ നോക്കിയപ്പോൾ എന്റെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ച് പോരാടാൻ ഇറങ്ങിയപ്പോൾ ആദ്യം വിളിച്ചു പറഞ്ഞതും എന്റെ ജോഷ്വായോടായിരുന്നു..


പക്ഷേ, എല്ലാം അവസാനിപ്പിക്കാൻ വിളിച്ചിടത്ത് നിന്നും പുതിയ ജീവിതം തന്നത് അവനായിരുന്നു..


പിറ്റേന്ന് തന്നെ ഒരു കൂട്ടുക്കാരന്റെ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി അവൻ ഒരു ജോലി തരപ്പെടുത്തി തന്നു..


സെർട്ടിഫിക്കറ്റുകളുമായി പകച്ചു പോയ ഒരു 18 കാരി പെൺക്കുട്ടിയുടെ കെെപിടിച്ചു അവളെ സുരക്ഷിതമായ ഒരിടത്താണ് എത്തിച്ചതെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് ജോഷ്വാ അന്ന് തിരികെ പോയത്..


പിന്നീട് പലവട്ടം പല രീതിയിൽ എന്റെ തണലായി നിന്നിട്ടുണ്ട് അവൻ..


 പാതിയിൽ വെച്ച് നിർത്തിയ പഠനം പുനഃരാരംഭിക്കാൻ ടെക്സ്റ്റയിൽസിന്റെ ഉടമയായ നിർമല ചേച്ചിയെ കൊണ്ട് പറയിപ്പിച്ച് കെെയ്യിലേക്ക് പുസ്തകങ്ങൾ വെച്ച് തന്നപ്പോൾ.......


മാസാവസാനം കിട്ടുന്ന ശംമ്പളം കൊണ്ട് ഒന്നുമാകില്ലെന്നോർത്ത് പകച്ചു നിൽക്കുമ്പോൾ എവിടെന്നോക്കെയോ സമ്പാദിച്ച 100 ന്റെ കുറെ നോട്ടുകൾ അടങ്ങിയ ഒരു ചുരുട്ടു മുഖം നോക്കാതെ കെെയ്യിൽ വെച്ച് തരുമ്പോൾ...


തനിച്ച് വരുന്ന എന്റെ കൂടെ ഞാൻ പോലും അറിയാതെ ഒരു സംരക്ഷകനായി നിൽക്കുമ്പോൾ ഒക്കെ ആ സ്നേഹത്തിലേക്ക് താൻ കൂടുതൽ കൂടുതൽ വീണു പോയിരുന്നു..


അതിൽ കൂടുതൽ കടപ്പെട്ടിരുന്നു..


ടെക്സ്റ്റയിൽ ഷോപ്പിൽ നിന്നും കിട്ടുന്ന വരുമാനത്തിന് പിറകെ ഞാൻ വീട്ടിൽ അമ്മയൊടൊപ്പം കൂടി പറമ്പിൽ പണിയെടുത്തു.അതിന് മുൻപ് തൂമ്പ പോലും എടുക്കാത്ത ഞാൻ സ്വന്തമായി ഒരു ഏലക്കാട് തന്നെ നോക്കി..

പോരാത്തതിന് എന്നും 10 കുട്ടികൾക്ക് ട്യൂഷനും എടുത്തു..


മാസാവസാനം അതിൽ നിന്നും ലഭിക്കുന്ന 2000 രൂപ പോലും എന്റെ നിലനിൽപ്പിന് ആവശ്യമായിരുന്നു..


ഒരു തരത്തിൽ കുടുംബം ഞാൻ കര കയറ്റി,അച്ഛനെ ചികിത്സിച്ച് ആരോഗ്യവാനാക്കി..


ഏലത്തോട്ടത്തിലെ വരുമാനം കൊണ്ടും ചിട്ടി പിടിച്ച വരുമാനം കൊണ്ടുമൊക്കെ അമ്മുവിനെ ഹൗസ് സർജൻസി വരെ എത്തിച്ചു..


പക്ഷേ, ഇതിനിടയിലൊക്കെ പല സ്ഥാപനങ്ങളിൽ പാർട്ട് ടെെം ചെയ്തു കിട്ടുന്ന പണമൊക്കെ വേണ്ടെന്ന് പറഞ്ഞാലും മുഴുവനും ജോഷ്വാ എന്റെ കെെയ്യിൽ ഏൽപ്പിച്ചിരുന്നു..


അവനോടുളള എന്റെ കടം എന്നെ തന്നെ അവന് നൽകി കൊണ്ട് വീട്ടാം എന്ന് സ്വയം മനസ്സിൽ ഊട്ടി ഉറപ്പിച്ചിരുന്നു..


ഇതിനിടയിൽ അച്ഛൻ പഴയത് പോലെ തന്നെ ജോലിയ്ക്ക് പോയി തുടങ്ങിയതും അമ്മു ജോലിയ്ക്ക് ഇറങ്ങുകയും ചെയ്തിരുന്നു..


ഇതിനിടയിൽ പഠിച്ച് ഒരൂ സർക്കാർ ജോലി വാങ്ങാൻ നിർബന്ധിച്ച് ജോഷ്വായെ ഒരു PSC  സെന്ററിൽ ചേർത്തു..


ഞാൻ പിജീയ്ക്ക് ജോയിൻ ചെയ്യുകയും ചെയ്തു..


ജീവിതം സന്തോഷമായി പോയ്ക്കൊണ്ടിരുന്ന കാലം...


ഇതിനിടയിൽ പെട്ടെന്നാണ് മൂന്നു വർഷമായി നാട്ടിലേക്ക് വരാതിരുന്ന്
ബാംഗ്ലൂരീൽ പഠിച്ച് അവിടെ തന്നെ ജോലി ചെയ്തു കൊണ്ടിരുന്ന അമ്മു നാട്ടിലേക്ക് വരുന്നത്..


നാട്ടിലെ തന്നെ ഏറ്റവും പ്രമുഖ ഹോസ്പിറ്റലിൽ എങ്ങനെയോ ജോലി ശരിയാക്കിയതിന് ശേഷമായിരുന്നു അവളുടെ വരവ്..


മൂന്നു വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് വരുന്ന അവളെ കാണുന്നതിൽ ഏറ്റവും സന്തോഷം എനിക്ക് ആയിരുന്നു..


രണ്ട് ദിവസം മുൻപ് തന്നെ ലീവെടുത്ത് അവൾക്ക് ഇഷ്ട്ടപ്പെട്ടതൊക്കെ ഞാൻ ഒരുക്കി..


പക്ഷേ, തിരികെ വന്നത് എന്റെ കെെയ്യിൽ തൂങ്ങി നടന്നിരുന്ന ആ പഴയ അമ്മു ആയിരുന്നില്ല..


ബാംഗ്ലൂരിലെ ജീവിത ശെെലി അവളുടെ വസ്ത്രധാരണത്തെയും രൂപത്തെയും വല്ലാതെ മാറ്റിയിരുന്നു..


കോലു പോലിരുന്ന അവൾ ആകെ തടിച്ചു കൊഴുത്തിരുന്നു..

അരയോളമുളള അവളുടെ മുടി മുറിച്ച് കളർ ചെയ്തിരുന്നൂ..


എങ്കിലും അവൾ എനിക്ക് എന്റെ കുഞ്ഞു അനിയത്തിയായിരുന്നു..!!


അവൾ ഞങ്ങൾക്കായി ഒരുപാട് സമ്മാനങ്ങൾ കൊണ്ട് വന്നിരുന്നു..


ഞാൻ വെച്ചുണ്ടാക്കിയതൊക്കെ ആർത്തിയോടെ കഴിച്ച അവൾ ആ ദിവസങ്ങളിൽ എന്റെ കണ്ണുകൾ നിറച്ചിരുന്നു..


പക്ഷേ, അധികം വെെകാതെ തന്നെ ആ സന്തോഷമെല്ലാം കെട്ടടങ്ങി..


പണത്തിന്റെ വരവ് അവളുടെ സ്വഭാവത്തെ വല്ലാതെ മാറ്റി..

പതിയെ പതിയെ അവൾ സ്വയം കുടുംബത്തിന്റെ ഗൃഹനാഥയായി മാറി..


അച്ഛൻ പോലും അവളുടെ വാക്കുൾ അനുസരിക്കേണ്ട ഗതികേടിലായി..


അവളുടെ രീതിയ്ക്കനുസരിച്ച് ഞങ്ങളെയും മാറ്റാൻ അവൾ ശ്രമിച്ചുക്കൊണ്ടിരുന്നു..


പക്ഷേ, അപ്പോളും കുറച്ചു കഴിയുമ്പോൾ അവൾ ഉണ്ടാക്കുന്ന വീർപ്പു മുട്ടലുകൾ അവൾ തന്നെ സ്നേഹം കൊണ്ട് മാറ്റിയിരുന്നു..!??


പിന്നീട്,ഞാൻ ഒരു സെയിൽസ് ഗേളായി പോകുന്നതിൽ അവൾ വീട്ടിൽ വലിയൊരു വഴക്ക് ഉണ്ടാക്കിയെങ്കിലും ജോലി ഉപേക്ഷിക്കാൻ ഞാൻ തയ്യാറായില്ല...


അങ്ങനെയിരിക്കെ ഒരിക്കൽ ടെക്സ്റ്റയിൽസിൽ നിന്നും ഇറങ്ങിയപ്പോളാണ് മിന്നൽ പണി മുടക്കാണെന്ന് ഞാൻ അറിഞ്ഞത്..


നേരം വെെകിയതു കൊണ്ടും മറ്റു വഴിയില്ലാത്തതിനാലും ഈ ലോകത്ത് എനിക്ക് ഏറ്റവും വിശ്വാസമുളള ജോഷ്വായെ ഞാൻ വിളിച്ചു..


അന്ന് ആദ്യമായി അവന്റെ  ബെെക്കിൽ ഞാൻ കയറി..


ഇടയ്ക്ക് ഒരു ചായ കുടിക്കാമെന്ന് അവൻ നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല എത്രയും പെട്ടെന്ന് വീടെത്തിയാൽ മതിയെന്നുളള ഒരു ചിന്തയെ എനിക്ക് അപ്പോൾ ഉണ്ടായിരുന്നുളളൂ..


പക്ഷേ, പേടിയും നാണവും കലർന്നിരുന്നെങ്കിലും ആ ബെെക്ക് യാത്ര ഞാൻ ആസ്വദിച്ചിരുന്നു..


അവന്റെ തോളിൽ കെെ വെച്ച് മുന്നോട്ട് പോകുമ്പോൾ എപ്പോളോക്കെയോ എത്രയൂം വേഗം അവന്റെ സ്വന്തമാകാൻ ഞാൻ ഉളളാലെ ആഗ്രഹിച്ചു...


പക്ഷേ, എന്റെ സന്തോഷങ്ങൾക്ക് അവിടം മുതൽ വിലക്ക് വീഴുകയായിരുന്നു..


അന്ന് വീട്ടിലേക്ക് കയറി ചെന്ന എന്നെ കാത്ത് ഉമ്മറത്ത് തന്നെ എല്ലാവരും ഉണ്ടായിരുന്നു..


എന്തെങ്കിലൂം ചോദിക്കുന്നതിനോ പറയുന്നതിനോ മുൻപ് തന്നെ മുഖത്ത് അച്ഛന്റെ അടി വീണിരുന്നു..


കാര്യമെന്താണെന്നറിയാതെ നിറ കണ്ണുകളോടെ നിന്ന എന്നെ നോക്കി എന്റെ സ്വന്തം അമ്മു ചീറി..


"ചേച്ചി ഇങ്ങനെ കണ്ടവന്മാരുടെ കൂടെ കറങ്ങി വഴിപിഴച്ചുണ്ടാക്കിയ കാശാണ് മാസാമാസം അയച്ചു തരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ പഠിക്കാൻ നിൽക്കാതെ അപ്പോൾ തന്നെ കെട്ടി തൂങ്ങി ചത്തേനേ ഞാൻ..


ചേച്ചി ഒരു അപേക്ഷയാണ്  ഇനിയെങ്കിലും ഇതൊക്കെ നിർത്തി വീട്ടിൽ ഇരിക്കൂ,ചേച്ചിയെ ഞാൻ തന്നെ മുൻ കെെയ്യെടുത്ത് എത്രയും വേഗം കെട്ടിച്ചു വിട്ടോളാം..


ഈ കുടുംബത്തിന് ഒരു അന്തസ്സുണ്ട് അത് ചേച്ചിയായിട്ട് ഇല്ലാതാക്കരുത്..


എനിക്ക് നല്ലൊരു ഭാവിയുളളതാ..!!"


കെെ കൂപ്പി അവൾ അത് പറഞ്ഞപ്പോൾ നിന്ന നിൽപ്പിൽ ആയിരം കഷ്ണങ്ങളായി ഞാൻ ചിതറി പോയി..


ഒരക്ഷരം പോലും മിണ്ടാനാകാതെ ഞാൻ നിന്ന് ഉരുകിയപ്പോളാണ് അച്ഛന്റെ ശബ്ദം വീണ്ടും ഞാൻ കേട്ടത്..


"നീ ഇങ്ങനെ ഉണ്ടാക്കിയ കാശു കൊണ്ടാണ് എന്നെ ചികിത്സിച്ചതെങ്കിൽ കുറച്ചു വിഷം മേടിച്ചു തന്നാൽ പോരായിരുന്നോ...??"


"അച്ഛാ....!!!"


ഹൃദയം പൊട്ടി ഞാൻ അങ്ങനെ വിളിച്ചതും ഇതൊക്കെ കെട്ട് വിറളി പിടിച്ച അമ്മ എന്നെ തലങ്ങും വിലങ്ങും തല്ലി..


പക്ഷേ,ആ തല്ലിനെക്കാൾ എന്നെ വേദനിപ്പിച്ചത് അതിന് മുൻപ് പറഞ്ഞ  അവരുടെ വാക്കുകളായിരുന്നു..


പിന്നീട് എന്റെ കെെയ്യിലുളള ഫോൺ പൊട്ടിച്ചെറിഞ്ഞതിന് ശേഷം എന്നെ എന്റെ മുറിയിൽ പൂട്ടിയിട്ടു..


മൂന്നു ദിവസം..


മൂന്ന് ദിവസം ഞാൻ ആ മുറിയിൽ വേദന തിന്നു ജീവിച്ചു..


കൃത്യം മൂന്നാംപക്കം തന്നെ എന്നെ പെണ്ണു കാണാനായി അമ്മു ഒരു കൂട്ടരെ കൊണ്ട് വന്നു..


മരിച്ചു കളയും എന്ന അച്ഛന്റെ ഭീഷണിയ്ക്ക് മുന്നിൽ അവർക്ക് മുമ്പിലേക്ക് എനിക്ക് പോകേണ്ടി വന്നു..


ഗൾഫുകാരനായ അജയചന്ദ്രനെന്ന സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു അത്..


ഒറ്റയ്ക്ക് സംസാരിക്കാൻ കിട്ടിയ അവസരത്തിൽ എന്റെ ഉളളിലുളളതിനെ പറ്റി അയാളോട് കരഞ്ഞു പറഞ്ഞെങ്കിലും പിറ്റേ ദിവസം തന്നെ അവർ കല്യാണത്തിന് സമ്മതമാണെന്ന് അറിയിച്ചു..


ജോഷ്വായെ പറ്റി എല്ലാവരോടും കാലു പിടിച്ച് പറഞ്ഞെങ്കിലും ആരും എന്റെ വിഷമം മനസ്സിലാക്കിയില്ലെന്ന് മാത്രമല്ല വളരെ മോശമായ രീതിയിൽ എന്നെ ചിത്രീകരിക്കൂകയും ചെയ്തുക്കൊണ്ടിരുന്നു..


എപ്പോഴും ആരെങ്കിലും കൂടെയുളളതിനാൽ ജോഷ്വായെ ഒന്നു വിവരമറിയിക്കാനോ എന്തിന് ആത്മഹത്യ ചെയ്യാൻ പോലും എനിക്ക് സാധിച്ചില്ല...


വീടിനുളളിൽ മരിക്കാൻ പോലും പറ്റാത്ത നിസ്സാഹയാവസ്ഥയിൽ ഞാൻ ഉരുകി പിടയുമ്പോൾ പുറത്ത് ഇത്രയും കാലം എല്ലാ സഹായവും ചെയ്തു തന്ന കാമുകനെ ചതിച്ച് ഗൾഫുക്കാരനെ കെട്ടാൻ തയ്യാറായി നിൽക്കുന്ന ഒരു വഞ്ചകിയായി എന്നെ ആരോക്കെയോ കൂടി ചേർന്ന് ചിത്രീകരിച്ചിരുന്നു..


ഒരാഴ്ച്ചയ്ക്കകം തന്നെ ഞാൻ പോലും അറിയാതെ എന്റെ കല്യാണത്തിനുളള സകല ഒരുക്കങ്ങളും പൂർത്തിയായിരുന്നു..


വീട്ടുക്കാർക്കും ബന്ധുക്കൾക്കും മുന്നിൽ തികച്ചും ഒരു മോശക്കാരിയായി ഞാൻ മാറിയതിനാൽ ആ സമയത്ത് എന്നോട് ആരും സംസാരിക്കുക പോലുമില്ലായിരുന്നു..


അവസാനം എന്റെ എതിർപ്പുകളെല്ലാം അവഗണിച്ച് എന്റെ വിവാഹദിനം വന്നെത്തി..


ധിക്കരിച്ചാൽ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയിൽ ഞാൻ എല്ലാത്തിനും നിന്നു കൊടുത്തു..



അല്ലെങ്കിലും ഒരിക്കൽ ഇവരുടെയോക്കെ ജീവിതത്തിനായി സ്വയം നിർത്തിയതല്ലേ എന്ന് മാത്രം സമാശ്വസിച്ചു..


ജോഷ്വായുടെ ഒാർമകൾ ഇടതടവില്ലാതെ മനസ്സിനെ കുത്തി നോവിച്ചതിനാൽ കണ്ണൂനീർ മാത്രം നിർബാധം പുറത്തേക്ക് ഒഴുകി..


അമ്മുവിന്റെ ഏർപ്പാടായിരുന്നു എല്ലാം..


അമ്മു വാങ്ങി തന്ന 50 പവൻ ആഭരണങ്ങളിട്ട് പട്ടുടുത്ത് ഞാൻ ഉരുങ്ങി ഇറങ്ങിയപ്പോളും കണ്ണൂനീർ തോർന്നിരുന്നില്ല..


എല്ലാവരുടെയും അനുഗ്രഹം വാങ്ങി അന്ന് ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ജീവിതത്തിലെ ഏറ്റവും ഭീകരങ്ങളായ ദിനങ്ങളുടെ തുടക്കമാണെന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല...


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top