രചന: SANDRA C.A. (Gulmohar)
"വെെഷ്ണവീ...ആ സീറ്റ് ബെൽറ്റ് ഇട്ടൊളൂ...പോകുന്ന വഴിക്ക് ചെക്കിംഗ് ഉണ്ടായിരിക്കും..."
കാറിന്റെ ABCD അറിയില്ലെങ്കിലും വെെഷ്ണവി സീറ്റ് ബെൽറ്റ് വലിച്ചെടുക്കാൻ ശ്രമിച്ചു...
"കുന്തം...എത്ര ശ്രമിച്ചിട്ടും വരുന്നില്ലലോ"
എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു,മഷിയെഴുതിയ ഉണ്ടകണ്ണുകളുമായി ഡ്രെെവിംങ് സീറ്റിലിരിക്കുന്ന സാം സാറിനെ അവൾ ദയനീയമായി നോക്കി...
ഭാവം ദയനീയമായതു കൊണ്ടോ എന്തോ സാർ നീരസമൊന്നും കാട്ടാതേ സീറ്റ് ബെൽറ്റ് ഇട്ടു തന്നിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു...
എന്നെ നോക്കി നിൽക്കുന്ന പപ്പയ്ക്ക് നേരെ കെെകളുയർത്തി
"റ്റാറ്റാ" എന്നു പറഞ്ഞു കൊച്ചു കുട്ടികളെ പോലെ ചിരിക്കുന്ന എന്നെ സാർ കുറച്ചു വിചിത്രമായ രീതിയിലാണ് നോക്കിയത്...
ഒരു പക്ഷേ,ഈ വിവരമില്ലാത്ത സാധനമാണോ കോളേജിന് സമ്മാനം വാങ്ങിച്ചു തരുന്നത് എന്നോർത്തിട്ടാവാം..
അത്യാവശ്യം നല്ല മാർക്കോടെ Degree കഴിഞ്ഞതിന് ശേഷം തുടർന്നു പഠിക്കാനുളള ആഗ്രഹം കൊണ്ടാണ് ആ കോളേജിൽ തന്നെ പി.ജീക്ക് ചേർന്നത്...ആദ്യത്തെ ഒരു വർഷം കൊണ്ടു തന്നെ അദ്ധ്യാപകർക്കിടയിൽ നല്ല ഒരു പേരു സമ്പാദിക്കാൻ അവൾക്ക് കഴിഞ്ഞു...
അങ്ങനെയിരിക്കെയാണ് intercollegiate മത്സരത്തിൽ ക്വസ്സിൽ പങ്കെടുക്കാൻ അവൾക്ക് അവസരം ലഭിച്ചത്...
ആദ്യം സന്തോഷം തോന്നിയെങ്കിലും കൂട്ടുക്കാരാരുമില്ലാത്തതിനാൽ മുന്നോട്ട് പോകാൻ അവൾക്ക് മടി തോന്നി...
അതു പിന്നെ എല്ലാവർക്കും അങ്ങനെയാണല്ലോ..കൂട്ടുക്കാരുളള സന്തോഷം മറ്റൊന്നിനും തരനാകില്ലലോ...!!!?
അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്ന കൊച്ചു കുടുംബമാണ് അവളുടെത്,വീട്ടിലെ കുഞ്ഞുവാവയാണ് അവൾ...എന്തായാലും എല്ലാവരുടെയും നിർബന്ധം മൂലം അവൾ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചൂ...
രാവിലെ കൃത്യം 9 മണിക്ക് മത്സരം നടക്കുന്ന സ്ഥലത്തെത്തണം,പറഞ്ഞ സമയത്ത് അവിടെയെത്തണമെങ്കിൽ ഞങ്ങളുടെ നാട്ടിൽ നിന്നും മിനിമം 6 മണിക്കെങ്കിലും പുറപ്പെടണം..
പരിപാടി നടക്കുന്ന ദിവസം വെളുപ്പിനെ അച്ഛൻ ഒാട്ടോയിൽ അവളെ കോളേജിലെത്തിച്ചു,അവിടെ നിന്നും ട്രീസ്സാമിസ്സിന്റെ വണ്ടിയിൽ മത്സരസ്ഥലത്തേക്ക് പോകാനായിരുന്നു പ്ലാൻ..പക്ഷേ, അന്ന് വെളുപ്പിനെ മിസ്സിന്റെ അടുത്ത ബന്ധത്തിലെ ആരോ മരിച്ചതിനാൽ മിസ്സിന് പകരം പുതുതായി വന്ന സാം സാറായിരുന്നു വന്നത്,ഈ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും,പഠനത്തിലും കലാകായികരംഗങ്ങളിലും മുൻപന്തിയിലും ആയിരുന്നു സാർ,...സർവ്വോപരി വെളുത്തു, ഉയരമുളള സുന്ദരനും...!!
ആകെ രണ്ട് ക്ലാസ്സ് മാത്രമെ സാർ ഞങ്ങൾക്ക് എടുത്തിട്ടുളളൂ,പക്ഷേ, സാറിന്റെ ആ രണ്ട് ക്ലാസ്സും ഞങ്ങളുടെ ക്ലാസ്സിലെ എല്ലാ പിടക്കോഴികൾക്കും തേൻമഴയായിരുന്നു..!!!!
സാറിന്റെ ഒരു ക്ലാസ്സ് കിട്ടാൻ ദിവസവും വഴിപാട് കഴിപ്പിക്കുന്നവർ മുതൽ സ്റ്റാഫ് റൂമിന്റെ പടി കാണാത്തവർ അവിടെ സ്ഥിരതാമസം തുടങ്ങിയതുമായ ചരിത്രസംഭവങ്ങൾ വരെയുണ്ട്...
ആ തരുണിമണികളിൽ ആരെങ്കിലും ഇന്ന് മുഴുവൻ സാർ എന്റെ കൂടെയുണ്ടാകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആരുടെയെങ്കിലും കെെയ്യോ കാലോ പിടിച്ചു പിന്നിലോ ഡിക്കിയിലോ ഒരു സീറ്റ് പിടിച്ചെനേ എന്നോർത്തപ്പോൾ എനിക്ക് ചിരിപ്പൊട്ടി...
പക്ഷേ, ഞാൻ ആ കൂട്ടത്തിൽ ഇല്ല കേട്ടോ,സാർ നന്നായി ക്ലാസ്സ് എടുക്കും ,,so ആ ഒരു സ്നേഹവും ബഹുമാനവും മാത്രമെ എനിക്കുളളൂ...
ഇപ്പോൾ നിങ്ങളൊർക്കും ഇത്രയും സുന്ദരനായ ഒരു സാറിനോട് ഇഷ്ട്ടം തോന്നാതിരിക്കാൻ എനിക്കെന്തെങ്കിലും കുഴപ്പമുണ്ടൊന്നു...എനിക്കൊരു കുഴപ്പവുമില്ലട്ടോ...അത് നിങ്ങൾക്ക് വഴിയെ മനസ്സിലാകും...
"Modern Economics" എന്നതാണ് വിഷയം എന്നതൊഴിച്ചാൽ ക്വസ്സിനെ പറ്റി എനിക്ക് വലിയ ധാരണയൊന്നുമില്ലായിരുന്നു,അതിനാൽ തലേന്ന് മിസ്സ് വായിക്കാൻ തന്ന പുസ്തകം മനസ്സ് ഏകാഗ്രമാക്കി വായിക്കാൻ തുടങ്ങി...
വണ്ടിയിലിരുന്നു വായിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു പെട്ടെന്ന് തന്നെ മടുപ്പ് തോന്നി, അതിനാൽ ബുക്ക് അടച്ചു വെച്ച് പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണു നട്ടു...
വഴിയിലാകെ നേർത്ത മഞ്ഞു മൂടിയിരിക്കുന്നു...തിങ്ങി നിൽക്കുന്ന വൃക്ഷത്തലപ്പുകൾക്കിടയിലൂടെ സൂര്യകിരണങ്ങൾ ഇറങ്ങി വന്നു മഞ്ഞുകണങ്ങളെ പൊതിയുന്നതും,അവ സ്വയം അലിഞ്ഞില്ലാതാകുന്നതും ഞാൻ കൗതുകത്തൊടെ നോക്കിയിരുന്നു..
ഒത്തിരി നേരം വാ അടച്ചു വെക്കാൻ എനിക്ക് കഴിയില്ലെന്ന സത്യം മനസ്സിലാക്കി ഞാൻ സാറിനെ നോക്കി,
ഇനി കേറി മിണ്ടിയാൽ സാറിന് വെറെ വല്ലതും തോന്നിയാലോ എന്ന ഭയത്താൽ ഞാൻ മ്യൂസ്സിക് സിസ്റ്റം ഒാണാക്കി തരാമോ എന്നു മാത്രം ചോദിച്ചു....
സിസ്റ്റം ഒാണാക്കി തന്നിട്ട് സാർ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു..നിഷ്കളങ്കമായ ഒരു ചിരി ഞാനും പകരം നൽകി...
ആദ്യം പ്ലേ ചെയ്തത് ഒരു ക്രീസ്റ്റ്യൻ ഭക്തി ഗാനമായിരുന്നു...പണ്ടു തൊട്ടെ കേട്ടു പരിചിതമായതിനാൽ ഞാനും ചെറുതായി മൂളിക്കൊണ്ടു പുറത്തേക്ക് നോക്കിയിരുന്നു...
അതിൽ ലയിച്ചിരിക്കുമ്പോളാണ് അടുത്തത് ഒരു ഹിന്ദി പാട്ട് വന്നത്...അർത്ഥം മനസ്സിലാകാത്തതു കൊണ്ടോ എന്തോ എനിക്ക് പണ്ടെ ഹിന്ദി ഇഷ്ടമല്ല, ഞാൻ മുമ്പേ സാർ ചെയ്തതു പോലെ ഒാരോ പാട്ട് മാറ്റി വെച്ചു അവസാനം ഇഷ്ടപാട്ടുകളിലൊന്ന് കണ്ടുപിടിച്ചു
...
മെല്ലെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു ....
"മറന്നീട്ടുമെന്തിനോ മനസ്സിൽ തലോടുന്നു...
മൗനാനുരാഗത്തിൽ ലോലഭാവം................"
ആ പാട്ട് തീരുന്നതു വരെ ഓരോ വരികളിലും മുഴുകി ഇരുന്നു ഞാൻ...
പയ്യെ സാറിനെയും ഒന്നു നോക്കിയപ്പോൾ സാറും അതിൽ ലയിച്ചിരിക്കുകയാണെന്ന് എനിക്ക് തോന്നി...
അല്ലെങ്കിലും ചില പാട്ടുകൾ അങ്ങനാണ്...വല്ലാത്ത ഒരിഷ്ട്ടം തോന്നും...ഒന്നിനുമല്ലാതെ...വെറുതെ ഒരിഷ്ട്ടം...
അങ്ങനെ പോക്കൊണ്ടിരുന്നപ്പോളാണ് പെട്ടെന്ന് കാറിന് മുന്നിലേക്ക് ഒരു പയ്യൻ എടുത്തു ചാടിയത്..ഒരു ഇടവഴി ഇറങ്ങി ഒാടി വന്നതാണ്...!!!
എന്റെ ഈശ്വരാ...ബ്രേക്ക് കിട്ടിയില്ലായിരുന്നെങ്കിൽ...
ഏറി വന്നാൽ 10 വയസ്സ്...ഏതോ സ്കൂൾ യൂണിഫോമാണ് വേഷം..പക്ഷേ,അങ്ങോട്ടേക്കുളള പോക്കല്ല ഇപ്പോൾ കണ്ടത് എന്നു തോന്നുന്നു...
സാർ ഒന്നു പേടിച്ചെന്ന് എനിക്ക് മനസ്സിലായി,അവനെ നോക്കി കണ്ണുരുട്ടുന്നത് കണ്ടു,പാവം അവന്റെ തലക്കുനിച്ചുളള നിൽപ്പു കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു...
ഞാൻ കാറിന്റെ ഗ്ലാസ്സ് താഴ്ത്തിയിട്ട് അവനെ അടുത്തേക്ക് വിളിച്ചു...
മടിച്ച് മടിച്ച് അടുത്തേക്ക് വന്ന അവനോട് ഞാൻ വാൽസല്യപൂർവ്വം ചോദിച്ചു..
"മോൻ എന്തിനാ ഇങ്ങനെ ഒാടി വന്നേ...എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്തു ചെയ്യുവാരുന്നു...???"
അവൻ കുറ്റബോധത്തോടെയും അല്പം സങ്കടത്തോടെയും പറഞ്ഞു...
"രാവിലെ പളളി പോകാനിറങ്ങിതാ,സമയം പോയി...ഇനി തിരിച്ചു ചെന്നിട്ട് വേണം എനിക്ക് പളളിക്കൂടത്തിൽ പോകാൻ...അതുക്കൊണ്ടു ഇടവഴി കേറി ഒാടിതാ..."
അവന്റെ പറച്ചിൽ കേട്ടു എനിക്ക് പിന്നേം സങ്കടം വന്നു...
ഞാൻ സാറിനെ ഒന്നു നോക്കി...
എന്നിട്ട് അവനോട് ചോദിച്ചു..
"ഈ വഴി പോകുന്നിടത്താണോ പളളി..."
അവൻ അതെ എന്നർത്ഥത്തിൽ തലക്കുലുക്കി...
ഞാൻ വീണ്ടും സാറിനെ നോക്കി...എന്റെ നോട്ടം കണ്ടിട്ട് സാറിന് കാര്യം മനസ്സിലായി..സാർ അവനോട് പറഞ്ഞു
"മോൻ വാ ഞങ്ങൾ ആ വഴിക്കാ...പോകുന്ന വഴി അവിടെ ഇറക്കാം..."
അവൻ അദ്ഭൂതത്തോടെ നിൽക്കെ ഞാൻ ഡോർ തുറന്നിറങ്ങി അവനെ പിൻസീറ്റിലിരുത്തി എന്നിട്ട് മുന്നിൽ വന്നിരുന്നു...പിന്നെ തിരിഞ്ഞിരുന്നു അവനോട് ഒാരോന്ന് സംസാരിച്ചുകൊണ്ടിരുന്നു...അവന്റെ ഒാരോ നിഷ്കളങ്കമായ മറുപടിക്കും ഞാൻ പൊട്ടിചിരിച്ചു,സാറും ....എന്തിനെന്നറിയാതെ അവനും ഞങ്ങളൊടൊപ്പം ചിരിച്ചുക്കൊണ്ടിരുന്നു...
പളളി മുറ്റത്ത്,അവന് കൂട്ടുക്കാരുടെ മുന്നിൽ ഗമ കാണിക്കാനായി കുറച്ചു കേറ്റിയാണ് കാർ നിർത്തിയത്,ഗ്ലാസ്സ് താഴ്ത്തിയപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും കവിളിൽ ഒാരോ ഉമ്മ തന്നിട്ട് അവൻ കൂട്ടുക്കാരുടെ അടുത്തേക്ക് ഒാടി അവർക്കും ഞങ്ങളെ കാണിച്ചു കൊടുത്തു...
എത്ര മനോഹരമാണ് കുഞ്ഞുങ്ങൾ നൽകുന്ന സ്നേഹം...
നിഷ്കളങ്കമായ ആ സ്നേഹം ആസ്വദിച്ച് ഞങ്ങൾ പിന്നേയും യാത്ര തുടർന്നൂ...
"താൻ ഒരു കിലുക്കാംപ്പെട്ടിയാണല്ലോ....??
സാർ അത് ചോദിക്കുമ്പോൾ ചെറിയൊരു ചമ്മൽ തോന്നിയെങ്കിലും ഞാൻ വിട്ടു കൊടുത്തില്ല..
" എനിക്ക് ഇങ്ങനെ മിണ്ടാതെ ജാഡ കാണിച്ചിരിക്കാനൊന്നും അറിയില്ല...എപ്പോളും നല്ല സന്തോഷായിട്ട് ഫ്രീയായിട്ടിരിക്കണം.."
"ഞാനും അങ്ങനെയാടോ...പിന്നെ പരിചയക്കുറവിന്റെ ആ ഒരു സ്റ്റാർട്ടിംങ് ട്രബിൾ അത്രേ ഉളളൂ..."
ആ പറച്ചിൽ ഒരു പ്രിവീലേജായി എടുത്ത് ഞാൻ എന്റെ വാചകമടി തുടങ്ങി...
കുടുംബം,കൂട്ടുക്കാർ,സ്വപ്നങ്ങൾ എല്ലാം പരസ്പരം പറഞ്ഞു... സാറും നന്നായി സംസാരിക്കുമെന്നും പാവമാണെന്നും പുറമെയുളള ജാഡ മാത്രമെ ഉളളൂന്നൂം എനിക്ക് മനസ്സിലായി...
സംസാരിച്ചു സംസാരിച്ചു ഇടുക്കി കഴിഞ്ഞു കോട്ടയമായത് പോലും ഞങ്ങൾ അറിഞ്ഞില്ല,സാധാരണ ഹെെറേഞ്ച് ഇറങ്ങുമ്പോൾ ഉളള ചെവിക്ക് വേദന പോലും ഉണ്ടായില്ല എന്നത് ഞാൻ ഒാർത്തു...അതും പറഞ്ഞു ഞങ്ങൾ ചിരിച്ചു...
കൃത്യം 8:15 ന് ഞങ്ങൾ CMS കോളേജിലെത്തി...
പണ്ട് NCC ക്യാമ്പിന് വന്ന കാര്യം ഒാർമ വന്നു...സാറിനോട് ആ കാര്യം പറഞ്ഞപ്പോൾ സാറും NCC ൽ ഉണ്ടായിരുന്നു എന്നു പറഞ്ഞു...
സമയം അധികം ഉളളതിനാലും വിശപ്പിന്റെ വിളി വന്നതിനാലും ഞങ്ങൾ മത്സരത്തിന്റെ ഭാഗമായി കോളേജ് തന്നെ ഒരുക്കിയിരുന്ന ക്യാന്റീനിലേക്ക് കയറി...
നല്ല ചൂടു മസാലദോശയും സമ്പാറും വടയും കൂട്ടി ഒരു പിടി പിടിച്ചു...കൂടെ ഒരു ചൂടു ചായയും...
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോളാണ് ശരിക്കും ഞാൻ മത്സരത്തിന്റെ കാര്യം ഒാർത്തത്...അടി വയറ്റിൽ നിന്നും ഒരാന്തൽ കേറി വരുന്നത് ഞാൻ അറിഞ്ഞു...
രണ്ടു കെെകളും പിടിച്ചു തിരിച്ചു നെറ്റി ചുളുക്കി പിടിച്ചിരിക്കുന്ന കണ്ടപ്പോൾ ഞാൻ വെെഷണവിയോട് ചോദിച്ചു..
"എന്തുപറ്റി വെെശൂൂ.,.."
പെട്ടെന്നുളള വെെശു വിളിയിൽ ഒന്നു ഞെട്ടിയെങ്കിലും അവളുടെ ടെൻഷൻ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്, ഇത്രയും നേരം നിർത്താതെ ചിലച്ചവൾക്ക് ഇപ്പോളാണ് മനസ്സിലായത് അവൾക്ക് മത്സരം ഉണ്ടെന്ന്...
ഞാൻ ഒരു വിധം പറഞ്ഞു മത്സരത്തിനുളള ഹാളിൽ കേറ്റി..എന്നിട്ട് ടീച്ചേഴ്സിനുളള ഇരിപ്പിടത്തിൽ ഞാൻ ചെന്നിരുന്നു..
ഇടയ്ക്കിടയ്ക്ക് പേടിച്ചു ആ ഉണ്ട കണ്ണു ഉരുട്ടി എന്നെ നോക്കുന്നുണ്ട് ..ഞാൻ ഒന്നുമില്ല എന്നു കണ്ണടച്ചു കാണിക്കുമ്പോൾ ഒന്നു സമധാനപ്പെട്ട പോലെ തിരിയും കുറച്ചു കഴിയുമ്പോൾ പിന്നേം ഇതു തന്നെ അവസ്ഥ...
ആ ഉണ്ട കണ്ണുകളോട് എന്തോ പ്രത്യേക ഇഷ്ടം എന്നിൽ ഉണരുന്നത് ഞാൻ അറിഞ്ഞു...
ഇതു വരെ ആരോടും തോന്നാത്ത ഒരു ഇഷ്ട്ടം...
വെളുത്ത് മെലിഞ്ഞ് സുന്ദരിയാണ്...നീണ്ടു വിടർന്ന ഭംഗിയിൽ മഷിയെഴുതിയ ഉണ്ട കണ്ണുകളും...വീതിയിൽ വില്ലു പോലെ വളഞ്ഞ പുരികക്കൊടികളും തത്തമ്മ മൂക്കും...ചെറിയ ചോര ചുണ്ടുകളും...
പിൻഭാഗം മറയുന്ന നീളമുളള മുടിയും...
ഒരു കറുത്ത ചുരിദാർ ആണ് വേഷം,അത് അവളുടെ നിറത്തെ എടുത്തു കാണിക്കുന്നു,,അലസമായി എന്നാൽ വൃത്തിയിൽ വിടർത്തിയിട്ട ആ ഷാളിന് വരെ കൂലീനത്വം ഉളളതായി തോന്നുന്നു...
കഴുത്തിലെ നേർത്ത സ്വർണ്ണമാലയും,കാതിലെ വെളള കൽ കമ്മലിനും നെറ്റിയിലെ കറുത്ത വട്ട പൊട്ടിനും,എന്തിന് കെെയ്യിൽ കെട്ടിയ ആ വാച്ചിന് പോലും എന്തോ വല്ലാത്ത ഭംഗി തോന്നുന്നു...
തനിക്ക് ഇത് എന്താണ് പറ്റിയത്..
ഇന്ന് വരെ ഒരു പെൺക്കുട്ടിയോടും തോന്നാത്ത ഒരു പ്രത്യേക മമത വെെശുവിനോട് തോന്നുന്നു...
വെെഷണവി എന്ന അവളുടെ പേര് എത്ര പെട്ടെന്നാണ് വെെശുവായത്...
ഒരിക്കലും ഈ ഇഷ്ട്ടം അവളുടെ ബാഹ്യ സൗന്ദര്യം കണ്ടിട്ടല്ല...അവളുടെ സംസാരം..കുട്ടിത്തം..ചിരി...കരുണ...
എന്തോ അറിയില്ല....
ആ കുട്ടി തന്റെ വിദ്യാർത്ഥിയാണെന്ന ബോധം പെട്ടെന്ന് അവനിൽ ഉണ്ടായി..
സ്വന്തം മകളെ നിധി പോലെ കാക്കുന്ന ഒരു അച്ഛൻ വിശ്വസിച്ചാണ് ഇന്ന് രാവിലെ തന്റെ ഒപ്പം മകളെ അയച്ചത്...ആ വിശ്വാസം തകർക്കാൻ പാടില്ല...
അവൻ മത്സരത്തിൽ കൂടുതൽ ശ്രദ്ധിച്ചു...
2 sessions ആയിട്ടാണ് മത്സരം..
ആദ്യം 15 ചോദ്യങ്ങൾ,അതിനുളള ഉത്തരം പേപ്പറിലെഴുതണം...
ആ session അവസാനിച്ചപ്പോൾ ഞാൻ വെെശുവിനെ നോക്കി...ആത്മവിശ്വാസത്തോടെയുളള അവളുടെ ചിരി എനിക്ക് ആശ്വാസം നൽകി...
നൂറോളം വരുന്ന മത്സരാർത്ഥികൾക്കിടയിൽ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയ 10 പേരിൽ ഒരാൾ വെെഷണവിയായിരുന്നു....!!!!
ഇടയ്ക്ക് കിട്ടിയ ഇടവേളയിൽ ഒരു കൊച്ചു കുട്ടിയെ പോലെ അവൾ എന്റെ അടുത്തേക്ക് ഒാടി വന്നു...
വിദ്യാലയത്തിലെ ആദ്യദിനം കഴിഞ്ഞ് അമ്മയുടെ അടുത്തേക്ക് വരുന്ന ഒരു കുരുന്നിന്റെ ഒാമനത്വം അവളിൽ ഉണ്ടായിരുന്നു...!!!!
അവൾക്ക് വീണ്ടും ആത്മവിശ്വാസം പകർന്ന് നൽകി രണ്ടാമത്തെ session ന് അവളെ കയറ്റുമ്പോൾ എന്റെ മനസ്സും ഒരു പ്രാർത്ഥനയിലൂടെ കടന്നു പോകുകയായിരുന്നു,അവൾ തോറ്റു പോകാതിരിക്കാൻ.....!!!!
ഒരു ബസർ റൗണ്ട് ആയിരുന്നു അത്,അവർ ചോദ്യം സ്ക്രീനീൽ കാണിക്കുമ്പോൾ ആദ്യം ബസർ അമർത്തി ഉത്തരം പറയണം...
മത്സരം മുറുകിക്കൊണ്ടിരുന്നു...വെെശുവും ആരവ് എന്നു പേരുളള ഒരു പയ്യനും തമ്മിലായിരുന്നു ശരിക്കുളള മത്സരം...അവർ കട്ടയ്ക്ക് കട്ടയ്ക്ക് നിന്നു...
രണ്ട് പേർക്കും 5 പോയിന്റുകൾ വീതം...ഒരു ചോദ്യം കൂടി മാത്രം..അതിന് ആദ്യം ഉത്തരം നൽകുന്നയാൾ വിജയിക്കും...
ചോദ്യത്തിന് സെക്കന്റുകളുടെ ദെെർഘ്യം മാത്രം...എന്റെ മനസ്സിൽ അകാരണമായ ഒരു പേടി നിറഞ്ഞു..ആ നിമിഷങ്ങൾ അതിജീവിക്കുന്നതിൽ വല്ലാത്തൊരു ആശങ്കയും ആകാംക്ഷയും എന്നിൽ നിറഞ്ഞു..
വെെശൂ ജയിക്കുമോ...
തോറ്റാൽ അവൾക്ക് സങ്കടമാകില്ലേ...??
വാചലമായിരുന്ന അവളുടെ മിഴികളിൽ സങ്കടം നിറയുന്നത് കാണാൻ എനിക്ക് പറ്റില്ല...
ഞാൻ പ്രാർത്ഥനയോടെ മിഴികൾ അടച്ചു...
ചോദ്യം വരുമ്പോളുളള സെെറണും,അത് കഴിഞ്ഞ് നിമിഷങ്ങൾക്കുളളിലെ ബസർ ശബ്ദവും ഞാൻ കേൾക്കുന്നുണ്ടായിരുന്നെങ്കിലും കണ്ണുകൾ തുറന്നില്ല...
"The Answer is Alfred Marshall...."
വെെശൂവിന്റെ ശബ്ദം എന്റെ കാതുകൾ തിരിച്ചറിഞ്ഞു...
ഒരു നിമിഷം നിശ്ശ്ബദമായി കടന്നു പോയി.....
"The right answer and the winner is Vishnavi Viswanadh....."
ആ അനെെൺസ്മെന്റ് കേട്ടു കണ്ണു തുറന്നപ്പോൾ എന്റെ മിഴികളിൽ നനവ് ഉണ്ടായിരുന്നോ....??
ഫലപ്രഖ്യാപനം കേട്ടു തുളളി ചാടുന്ന വെെശൂവിനെ കണ്ടെന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
സമ്മാനദാനവും മീറ്റിംങുമൊക്കെ കഴിഞ്ഞു ഹാളിൽ നിന്നും ഇറങ്ങിയപ്പോൾ സമയം രണ്ട് മണി കഴിഞ്ഞിരുന്നു...
കോളേജിലേക്ക് വിളിച്ചു പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി,വെെശൂന് അടിപൊളി ഒരു സ്വീകരണം കൊടുക്കണമെന്നോക്കെ പറയുന്നത് കേട്ടു..വെെശൂന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ സമ്മാനം കിട്ടിയ സന്തോഷത്തൊടൊപ്പം ചോദിച്ച ഒരു ചോദ്യം എന്റെ മനസ്സിനെ വീണ്ടും സാന്ദ്രമാക്കി...
പണ്ട് ഹോസ്റ്റലിൽ നിന്ന് പഠിച്ച കാലം തൊട്ട്,ഇന്നും വെെകീ വീട്ടിൽ ചെല്ലുമ്പോൾ കേൾക്കുന്ന ചോദ്യം...!!!
ഏതു സങ്കടവും അലിയിപ്പിക്കുന്ന...നമ്മൾക്കും കാത്തിരിക്കാൻ ഒരാൾ ഉണ്ടെന്നു ബോധ്യം വരുത്തുന്ന ചോദ്യം....
"നിങ്ങൾ എന്തെങ്കിലും കഴിച്ചോ മോനേ .....?"
അവൾക്ക് നന്നായി വിശക്കുന്നുണ്ടെന്ന് നിൽപ്പ് കണ്ടപ്പോളേ എനിക്ക് മനസ്സിലായി...
"വെെശൂ, ഒരു 5 മിനിറ്റ് കൂടി വെയിറ്റ് ചെയ്യാൻ പറ്റുമെങ്കിൽ ഞാൻ ഒരു അടിപൊളി ബിരിയാണി മേടിച്ചു തരാം...."
ആ ഉണ്ട കണ്ണുകൾ വിരിയുന്നത് കണ്ടപ്പോളേ ഞാൻ കാറിലേക്ക് കയറാൻ ആംഗ്യം കാണിച്ചു...
ഒാടി കാറിൽ കയറാൻ തുടങ്ങിയ ആൾ പെട്ടെന്ന് സ്റ്റ്ക്കായി നിൽക്കുന്നത് കണ്ടു ഞാൻ അവളുടെ അടുത്തേക്ക് ചെന്നു...
പൂത്തുലഞ്ഞു നിൽക്കുന്ന ഒരു മഞ്ഞ പൂമരത്തിലേക്കാണ് ആൾ നോക്കുന്നത് ..
"എന്താടോ ഇങ്ങനെ നോക്കുന്നത്??"
"സാർ ആ പൂമരം ആയിരിക്കുമോ സഖാവിനെ പ്രണയിച്ചത്...?""
അവളുടെ ചോദ്യം കേട്ടു അന്തംവിട്ടു നിന്ന എന്നോട് അവൾ തന്നെ പറഞ്ഞു...
"സാർ കേട്ടിട്ടില്ലേ..??
'നാളെ ഈ പീതപുഷ്പങ്ങൾ വിടർന്നൊരീ പാതയിൽ നിന്നെ തെരെഞ്ഞിറങ്ങും.....കൊല്ല പരീക്ഷയെത്താറായ് സഖാവേ..കൊല്ലം മുഴുക്കെ ജയിലിലാണോ....?""
ആ കവിത ആ ചേട്ടൻ ഇതിലെതോ ഒരു പൂമരത്തെ കുറിച്ച് എഴുതിയതാ...അപ്പോൾ ഈ പൂത്തു നിൽക്കുന്ന ആ മരമായിരിക്കുമോ ആ പൂമരം...??"""
അവളുടെ പറച്ചിൽ കേട്ടു എനിക്ക് ചിരി വന്നെങ്കിലും ഞാൻ ഗൗരവ്വത്തൊടെ പറഞ്ഞു,
"അത് ഇതല്ല വെെശൂ, ആ അപ്പുറത്ത് നിൽക്കുന്ന ആ മരമാണ്...!"
"ആണോ സാർ..,??."
അദ്ഭൂതംകൂറി നിൽക്കുന്ന അവൾ തന്നെയാണോ തൊട്ടു മുൻപ് സമ്മാനം വാങ്ങിയതെന്ന് എനിക്ക് സംശയം തോന്നി...
വിശപ്പ് പോലും മറന്ന അവൾക്ക് അവിടെ നിന്ന് ഫോട്ടോ എടുക്കണം എന്നായി പിന്നെ...
അവളുടെ ചെറിയ ചെറിയ വാശികൾ അപ്പോളേക്കും ഞാൻ ആസ്വദിച്ചു തുടങ്ങിയിരുന്നു..
ഫോട്ടോ എടുക്കാനായി ചെന്നിട്ട് പമ്മി നിൽക്കുന്ന അവളോട് ഞാൻ എന്താ കാര്യം എന്നു ചോദിച്ചപ്പോൾ പറഞ്ഞത് അവളുടെ പഴയ ഫോൺ ആണെന്നാണ്,അപ്പോൾ ഞാൻ എന്റെ ഫോൺ എടുത്ത് അവളുടെ ഫോട്ടോ എടുത്തു...
ഒാരോ ഫോട്ടോ എടുത്തു കഴിയുമ്പോളും ഒാടി വന്ന് ആ ഫോട്ടോ നോക്കും,ഇടയ്ക്ക് എന്നോട് ചോദിച്ചു,.
സാർ youcam ഒന്നുമില്ലെന്ന്...ഇത്രയും ഭംഗിയുളള ഇവൾ youcamൽ ആണ് ഫോട്ടോ എടുക്കുന്നതെങ്കിൽ ബാക്കി പെൺക്കുട്ടികളുടെ കാര്യം പറയണ്ടേതില്ലലോ....!!!! ഞാൻ ഒന്നു കണ്ണുരുട്ടിയപ്പോൾ ഒാടി പോയി വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്തു..
ഫോട്ടോ എടുത്തു കഴിഞ്ഞു പിന്നെയും എന്തോ ഒരു പരുങ്ങൽ...എന്താണെന്ന് ചോദിച്ചപ്പോൾ അവൾക്ക് എന്റെ കുടെ selfie എടുക്കണം,കൂട്ടുക്കാരെ കാണിക്കാനാണ്...
ഗൗരവ്വത്തൊടെ നിന്നപ്പോൾ അവൾ ചൂണ്ടുകുർപ്പിച്ചു വിഷമം കാണിച്ചപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് ഞങ്ങളുടെ കുറെ selfee കൾ എടുത്തു... പിന്നെ അവളുടെ നിർബന്ധം മൂലം ഞാനും ആ പൂമരച്ചോട്ടിലിരുന്നു കൊടുത്തു...
അതിശയമെന്ന് പറയട്ടെ എന്റെ പഴയ ഫോട്ടോകളിൽ വെച്ച് ഏറ്റവും നല്ല ഫോട്ടോകളായിരുന്നു അവൾ എടുത്തത്...
ഞാൻ "കൊളളാം" എന്ന് പറഞ്ഞു അഭിനന്ദിച്ചപ്പോൾ ആൾക്ക് പിന്നെയും സന്തോഷമായി..
*************
ബിരിയാണി കട ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുമ്പോളാണ് ആൾക്ക് അടുത്ത സങ്കടം..
സമ്മാനം കിട്ടിയിട്ട് ഞാൻ ഒന്നും പറഞ്ഞില്ലെന്ന്,
"എന്റെ വെെശൂ, നീ മിടുക്കിക്കുട്ടിയാന്ന് എനിക്ക് അറിയാം..നീ മത്സരിച്ചെല്ലെങ്കിലും നിനക്കായിരിക്കും first...!!!!"
"ആണോ...അപ്പോൾ സാർ എനിക്ക് എന്നാ മേടിച്ചു തരുന്നേ....??"""
ഡ്രെെവ് ചെയ്യുന്നതിനിടയ്ക്ക് ഞാൻ അവളെ ഒന്നു പാളി നോക്കി...
"നിനക്ക് എന്താ വേണ്ടേ....??""
അവൾ ഒട്ടും ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു...
"എനിക്ക് വലിയൊരു ഡയറി മിൽക്ക് വേണം..ഒന്നല്ല,രണ്ടെണ്ണം വേണം..സാറിന് വേണമെങ്കിൽ സാർ വേറെ വാങ്ങിച്ചോണം...എന്റേത്തീന്ന് തരില്ല...."
അവളുടെ പറച്ചിൽ കേട്ടു ഞാൻ ചിരിച്ചു പോയി...എന്നിട്ട് അവളെ നോക്കി തലയാട്ടി...
അപ്പോൾ ആ കണ്ണുകളിൽ ആയിരം പൂത്തിരികൾ ഒന്നിച്ചു തെളിയുന്നത് ഞാൻ കണ്ടു...
****************
ചൂടു ബിരിയാണി ആസ്വദിച്ച് കഴിച്ചിട്ട് ഇറങ്ങിയപ്പോൾ അവൾ വാഷ് റൂമിലേക്ക് പോയ തക്കം നോക്കി ആ ഹോട്ടലിൽ നിന്നും 3 ഡയറി മിൽക്ക് വാങ്ങി ബിൽ പേ ചെയ്യത് കാറിൽ വന്നിരുന്നു ഞാൻ..ഫോൺ എടുത്തു ഇന്നെടുത്ത ഫോട്ടോകൾ എല്ലാം നോക്കിക്കൊണ്ടിരുന്നു...കുറച്ചു കഴിഞ്ഞപ്പോൾ മുഖവും വീർപ്പിച്ചു വന്ന് കേറി..എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് നോക്കിയിരുന്നു അവൾ....
ഞാൻ ഫോട്ടോകൾ നോക്കുന്ന കണ്ടിട്ടാണോ ആവോ..ഏയ് അതായിരിക്കില്ല...എന്തുപറ്റിയാവോ...
ഞാൻ വിളിച്ചിട്ട് കൂടി മിണ്ടാതെ വന്നപ്പോൾ എനിക്കും ചെറിയോരു സങ്കടം വന്നു..
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു...
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളെ ഒന്നു പാളി നോക്കി...കണ്ണുകൾ തുടയ്ക്കുന്നത് കണ്ടു ഞാൻ പെട്ടെന്ന് വണ്ടി സെെഡിലേക്കൊതുക്കി...
"വെെശൂ...നിനക്ക് എന്നാ പറ്റിയേ...എന്തെലും ഒന്നു പറയെടി.പ്ലീസ്...."
അവൾ വിങ്ങിപ്പൊട്ടി പറഞ്ഞു..
"ഞാൻ ഇറങ്ങി വന്നപ്പോളേക്കും എന്നെ കൂട്ടാതെ വന്നു വണ്ടിയിലിരുന്നില്ലേ...
എനിക്ക് സങ്കടം വന്നു..."
അവളുടെ പറച്ചിൽ കേട്ടപ്പോൾ ഉളളിലെവിടെയോ അവൾക്ക് വേണ്ടി ഒരു വേദന ഉണരുന്നത് അവനറിഞ്ഞു,അവളെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടേതെന്ന് എനിക്ക് അറിയില്ലായിരുന്നു,ഞാൻ അവൾക്കായി മേടിച്ച ഡയറി മിൽക്കുകൾ എടുത്തു കെെയ്യിലേക്ക് വെച്ചു കൊടുത്തു,എന്നിട്ട് പറഞ്ഞു.....
"ഇത് മേടിക്കാൻ പോയതാ നിനക്ക് തരാൻ...sorry..ഇനി ഇട്ടിട്ട് എങ്ങും പോകില്ലാട്ടോ..."
ഡയറി മിൽക്ക് കിട്ടിയതൊടെ അവളുടെ പിണക്കം പമ്പ കടന്നു...
ഒരു ചോക്കലേറ്റ് എടുത്ത് ബാഗിലിട്ടിട്ട് ഒരെണ്ണം എനിക്ക് നേരെ നീട്ടി...ഞാൻ വേണ്ടെന്ന് കണ്ണടച്ചു കാണിച്ചു..ഉടനെ ഒരു കവർ പൊട്ടിച്ചു,ആ ചോക്കലേറ്റ് എനിക്ക് നേരെ നീട്ടി,ഞാൻ ഒരു കെെ കൊണ്ട് സ്റ്റീയറിംങ് നിയന്തിച്ച് ഒരു കഷ്ണം ഒാടിച്ച് വായിലിട്ടിട്ട് അവളെ നോക്കി ചിരിച്ചു...
അവളും ഒരു കഷ്ണം വായിലിട്ടു...
അങ്ങനെ ആ ചോക്കലേറ്റ് മുഴുവൻ ഞങ്ങൾ തീർത്തൂ..
അവൾ ഒരു പാട്ട് വെച്ച് സീറ്റിലേക്ക് ചാഞ്ഞിരുന്നു...പയ്യെ കണ്ണുകൾ അടഞ്ഞു..
ഉറങ്ങുന്ന അവൾക്ക് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയാണെന്നെനിക്ക് തോന്നി...
അവൾ ഉറക്കം തെളിയുമ്പോളേക്കും കാർ പകുതി ദൂരം പിന്നിട്ടിരുന്നു...
പിന്നീട് നിർത്താതെ അവൾ വീണ്ടും സംസാരിച്ചുക്കൊണ്ടിരുന്നു...
അവളിലേക്ക് മനസ്സ് വല്ലാതെ അടുക്കുന്നത് ഞാൻ അറിഞ്ഞു..
അവളുടെ ഒാരോ ചലനങ്ങളും എന്നിൽ പ്രണയം നിറച്ചു...
അവളിലും എന്നോട് അങ്ങനെയോരു ഇഷ്ടം തോന്നിയിരുന്നെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു...
ഹെെറേഞ്ചിലേക്ക് കയറിയപ്പോൾ ഒരു ചെറിയ തണുപ്പ് ഞങ്ങളെ പിടികൂടി...
ആ തണുപ്പ് അകറ്റനായി ഞാൻ അടുത്തുളള ഒരു ചായ കടയിൽ നിർത്തി,ഒരു ചെറിയ തട്ടുകട,ആൾത്തിരക്കൊന്നുമില്ല,ഒരു ചെറിയ പെട്ടിക്കട,അതിന്റെ മുറ്റത്ത് 2 ബെഞ്ചുകൾ,നല്ല ഏലയ്ക്ക ഇട്ട ചായയുടെ മണം അന്തരീക്ഷമാകെ നിറഞ്ഞു നിൽക്കുന്നു,ചെറു ചിരിയോടെ ചായ കൂട്ടുന്ന ഭർത്താവ്,തിളച്ച എണ്ണയിലേക്ക് മാവൊഴിച്ചു ഉണ്ണിയപ്പം ഇടുന്ന ഭാര്യ....ചുറ്റും മഞ്ഞണിഞ്ഞു നിൽക്കുന്ന തേയിലത്തോട്ടം...കണ്ണിന് കുളിർമയേകുന്ന കാഴ്ച്ചയായിരുന്നു അത്...
അടുത്തടുത്തിരുന്നു ചൂട് ചായ കുടിക്കുമ്പോളാണ് കടയിലെ ചേട്ടൻ ഞങ്ങളോടായി ചോദിച്ചു..
"എവിടെ പോയിട്ട് വരുവാ..കെട്ടിയോളാണോ കൂടെ...?"
ആ ചോദ്യം കേട്ടു ഞാൻ ഒന്നു ഞെട്ടിയെങ്കിലും,വെെശൂ ഉടനെ അല്ലെന്ന് മറുപടി കൊടുത്തു..
വെെശൂവിന്റെ ആ പ്രവൃത്തിയിൽ എനിക്ക് വല്ലാത്ത വിഷമം തോന്നിയെങ്കിലും ഞാൻ അത് മറച്ചു വെച്ചു..
ചായകുടി കഴിഞ്ഞു ഞങ്ങൾ റോഡിന്റെ ഒാപ്പോസിറ്റ് സെെഡിലേക്ക് പോയി...അഗാധമായ കൊക്ക...പച്ച വിരിച്ച സസ്യലതാദികൾ..അവയ്ക്ക് കുളിരേകുന്ന കൊച്ചരുവി...ദൂരെ മഞ്ഞു മൂടിയ മലനിരകൾ...ഞങ്ങൾ ഒരിട നോക്കി നിന്നു...
"എന്തു രസമാ അല്ലേ...???
വെെശുവിന്റെ ചോദ്യത്തിനുത്തരം പോലെ ഞാൻ ചിരിച്ചു...
" ഇപ്പോൾ എന്റെ കൂടെ അലനും ഉണ്ടായിരുന്നെങ്കിൽ.....!!!"
അവളുടെ പെട്ടെന്നുളള പറച്ചിൽ കേട്ടു ഞാൻ ഞെട്ടി അവളെ നോക്കി..
തലക്കുനിച്ചുളള അവളുടെ നിൽപ്പ് എന്നിൽ വല്ലാത്തൊരു അങ്കലാപ്പ് ഉണ്ടാക്കി...
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....