വൃന്ദാവനം (part-4)

Valappottukal Page



രചന: ശിവ
നിലാവിന്റെ വെളിച്ചത്തിൽ തെളിഞ്ഞു വന്നൊരാ മുഖം കണ്ടു എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല.. 
നിലാവുദിച്ചതു പോലുള്ള മുഖ സൗന്ദര്യവുമായി ചെറു പുഞ്ചിരിയോടെ മാഷ് അതാ എന്റെ  മുന്നിൽ നിൽക്കുന്നു.. 
എന്ത് പറയണം എന്നറിയാതെ ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.. 
പെട്ടെന്ന് അമ്മയുടെ വിളി കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി..

"എന്തൊരു ഇരുപ്പാടി പെണ്ണേ.. നീ ഇത് ആരെ കിനാവ് കണ്ടോണ്ട് ഇരിക്കുവാ എന്നും ചോദിച്ചു അമ്മ മുന്നിൽ നിൽക്കുന്നു.. 
ഞാൻ ചുറ്റും നോക്കി അപ്പോൾ ഇത്രയും നേരം ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ.. 
"ഡി പെണ്ണെ നിനക്കിത് എന്തുപറ്റി..  
നീ ഇത് ആരെയാണ് നോക്കുന്നതെന്ന
അമ്മയുടെ ചോദ്യത്തിന് നാണത്തിൽ കലർന്നൊരു പുഞ്ചിരി മറുപടിയായി നൽകി ഞാൻ അകത്തേക്ക് കേറി പോയി..
"ശ്ശെടാ ഇവൾക്കിതെന്തുപറ്റി എന്നും പറഞ്ഞു അമ്മ അകത്തേക്ക് വന്നു..
"ഡി പെണ്ണെ  സന്ധ്യക്ക് ഇങ്ങനെ ഉമ്മറത്തു കിനാവും കണ്ടിരിക്കുന്നത് അത്ര നല്ലതിനല്ല.. 
ഗന്ധർവ്വൻ കൂടുമെന്നൊക്കെയാണ് പഴമക്കാർ പറയാറുള്ളത്..

"എന്റെ ഉള്ളിൽ ഒരു ഗന്ധർവ്വൻ കുടിയേറി പ്രതിഷ്ഠയും കഴിഞ്ഞെന്നു പാവം അമ്മയുണ്ടോ അറിയുന്നു എന്നോർത്തപ്പോൾ എന്റെ ചുണ്ടിലൊരു മന്ദഹാസം വിടർന്നു..
------------------------------------------------
പതിവ് ജോലികൾ ഒക്കെ തീർത്തു അമ്മക്കൊപ്പം ഭക്ഷണം കഴിച്ചു കിടക്കാൻ തയ്യാറെടുത്തു..
എന്നും കൃഷ്ണ വിഗ്രഹത്തിൽ നോക്കി വഴക്ക് കൂടിയ എനിക്ക് ഇന്നതിനു കഴിയുന്നില്ല..
കണ്ണനോട് പരാതികളോ പരിഭവങ്ങളോ പറയാനായി ഒന്നും തന്നെ എന്റെ നാവിൻ തുമ്പിൽ വന്നില്ല..
ഒരു കുസൃതി ചിരിയോടെ ഓടക്കുഴൽ ചുണ്ടിൽ വെച്ചു നിൽക്കുന്ന കൃഷ്ണന് ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ടു ഞാൻ ഉറങ്ങാൻ കിടന്നു..
എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല.. നിദ്രാ ദേവി എന്റെ അടുക്കലേക്കു വരാൻ മടിക്കുന്നത് പോലെ.. കണ്ണടക്കുമ്പോൾ എല്ലാം മാഷിന്റെ മുഖം എന്റെ കണ്മുന്നിൽ തെളിഞ്ഞു വരുന്നത് പോലെ.. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.

തുറന്നു കിടന്നിരുന്ന ജന്നൽ പാളികൾക്ക് ഇടയിലൂടെ ചെമ്പക പൂക്കളുടെ ഉന്മാദ ഗന്ധമുള്ള കാറ്റ് അകത്തേക്ക് കേറി എന്നെ തഴുകി കടന്നു പോയി .. മുറിയാകെ ചെമ്പക പൂക്കളുടെ മാസ്മരിക സുഗന്ധം നിറഞ്ഞു..
നിലാവിന്റെ സൗന്ദര്യത്തിൽ മതി മറന്നു നിറയെ ചെമ്പക പൂക്കൾ  വിരിഞ്ഞിട്ടുണ്ടാവും..
നിലാവെളിച്ചം ജന്നൽ പാളികൾക്ക് ഇടയിലൂടെ ഒളി കണ്ണിട്ടെന്നെ നോക്കുന്നുണ്ട്..
പാല പൂക്കുന്ന പൗർണ്ണമി രാവുകളിൽ കന്യകമാരെ തേടിയിറങ്ങുന്ന ഗന്ധർവന്മാരെ പറ്റിയിട്ടു പണ്ട് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്..
പക്ഷേ ഇന്നിവിടെ ചെമ്പകം  പൂവിട്ടപ്പോൾ എന്റെ ഉള്ളിലൊരു ഗന്ധർവ്വൻ കുടിയേറിയിരിക്കുന്നു.. 

നീല വജ്രക്കല്ലു പതിച്ച കിരീടം വെച്ചു കഴുത്തിൽ സ്വർണവും മുത്തുകളും പതിപ്പിച്ച മാലകൾ അണിഞ്ഞു രോമാവൃതമായ നെഞ്ച് വിരിച്ചു വശ്യമായ പുഞ്ചിരിയും പ്രണയ നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി വരുന്ന ഗന്ധർവനായി ഞാൻ മാഷിനെ ഒന്നു സങ്കൽപ്പിച്ചു നോക്കി..
അറിയാതെ എന്റെ ഉള്ളിൽ ഒരു നാണം കലർന്ന  പുഞ്ചിരി വിടർന്നു..
അങ്ങനെ മാഷിനെ കുറിച്ച് ഓരോന്ന്  ചിന്തിച്ചു ചിന്തിച്ചു പതിയെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.. 

പുലർച്ചെ കോഴി കൂവുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.. 
പതിവിലും കവിഞ്ഞൊരു സന്തോഷത്തോടെയാണ് ഞാൻ എഴുന്നേറ്റത്.. 
എത്രയും വേഗം പണികൾ ഒക്കെ തീർത്തു അമ്പലത്തിലേക്ക് പോകാനായി എന്റെ മനസ്സ് വെമ്പൽ കൊണ്ടു..
പതിവില്ലാതെ ജോലികൾ എല്ലാം പെട്ടെന്ന് തീർത്തു ഞാൻ അമ്പലത്തിൽ പോവാൻ തയ്യാറാവുന്നത് കണ്ട് അമ്മക്ക് അത്ഭുതം തോന്നി.. 
"നിനക്ക് ഇതെന്ത് പറ്റിയെടി പെണ്ണെ ഞാൻ ഇന്നലെ തൊട്ട് ശ്രദ്ധിക്കുവാണ് നിനക്ക് ആകെ ഒരു മാറ്റം ഉള്ളത് പോലെ തോന്നുന്നു.. 
"എനിക്കൊരു മാറ്റവുമില്ല അമ്മക്ക് വെറുതെ തോന്നുന്നതാണ് എന്നും പറഞ്ഞു ഞാൻ ഒരുങ്ങാൻ തുടങ്ങി..
അലമാരയിൽ നിന്നും ഇളം റോസ് കളർ ദാവണി എടുത്തു ഉടുത്തു.. 

കണ്ണെഴുതി കറുത്ത കുഞ്ഞു വട്ട പൊട്ടും കുത്തി നെറ്റിയിൽ ചുവന്ന കുറിയും ചാർത്തി കണ്ണാടിയിൽ ഒന്നൂടി തിരിഞ്ഞു മറിഞ്ഞും ഒക്കെ നോക്കി.. 
"ഡി പെണ്ണേ കുറെ നേരമായല്ലോ കണ്ണാടിയുടെ മുന്നിൽ കിടന്നു ഡാൻസ് കളിക്കുന്നു.. എന്താടി ഒരു ഇളക്കം.. 
"അതു പിന്നെ അമ്മേ എനിക്ക് ഈയിടയായി ഗ്ലാമർ അൽപ്പം കൂടിയോ എന്നൊരു സംശയം അതുകൊണ്ട് നോക്കിയതാണ്.. 
"ഓ പിന്നെ ഒന്നു പോടീ പെണ്ണെ.. 
"കണ്ടോ കണ്ടോ അമ്മക്ക്  അസൂയയാണ്.. 
"അസൂയയോ എനിക്കോ എന്റെ സൗന്ദര്യത്തിന്റെ പകുതിയെങ്കിലും നിനക്ക് കിട്ടിയിട്ടുണ്ടോടി..  ഇപ്പോളും ഞാൻ ഒന്നു ഉടുത്തൊരുങ്ങിയാൽ ഉണ്ടല്ലോ എല്ലാവരും എന്നെയേ നോക്കുള്ളു.. 
"ചിരിപ്പിക്കാതെ പോ അമ്മേ മുടിയും നരച്ചു പടുകിളവിയായി എന്നിട്ടും ഇപ്പോഴും മധുര പതിനേഴു ആണെന്നാണ് വിചാരം.. 
"മുടി അൽപ്പം നരച്ചെന്ന് വെച്ച് എനികെന്താടി ഒരു കുറവ്.. 

"ഒരു കുറവും ഇല്ലേ.. അമ്മ സുന്ദരി കുട്ടി തന്നാട്ടോ.. ഇനിയും സംസാരിച്ചു നിന്നാലേ അമ്പലത്തിൽ എത്താൻ താമസിക്കും ഞാൻ പോയിട്ട് വരാട്ടോ  എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി..
വഴിയോരം നിൽക്കുന്ന പൂക്കളിൽ മെല്ലെ തഴുകി ഒരു മൂളി പാട്ടും പാടി ഞാൻ നടക്കുന്നതിനിടയിൽ ആണ്  കുമാരേട്ടൻ മുന്നിൽ വന്നത്.. 
"ഇന്നെന്താ മോള് ഭയങ്കര സന്തോഷത്തിൽ ആണല്ലോ പിറന്നാളോ വല്ലതും ആണോ.. 
"ഹേ അല്ല.. 
"മ്മം ഇന്നെന്തായാലും നല്ല  സുന്ദരി കുട്ടിയായിട്ടുണ്ടല്ലോ അമ്പലത്തിലേക്ക് ആണോ.. 
അതുകേട്ടു ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.. 
"അതേ കുമാരേട്ടാ..  സമയം പോയി ഞാൻ പോട്ടെ എന്നും പറഞ്ഞു ഞാൻ മുന്നോട്ടു നടന്നു.. 
പോവും വഴി എല്ലാം മാഷിനെ കുറിച്ചുള്ള ചിന്ത ആയിരുന്നു മനസ്സിൽ..  
മാഷിന്റെ മുഖത്തു എങ്ങനെ നോക്കും..  വശ്യമായ പുഞ്ചിരിയോടെ കുസൃതി നിറഞ്ഞ  മാഷിന്റെ നോട്ടത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ എന്റെ മനസ്സിന് ആയെന്നു വരില്ല.. 
അങ്ങോട്ട് കേറി ഇഷ്ടമാണെന്നു പറഞ്ഞാൽ എന്നെ പറ്റി മാഷെന്ത് വിചാരിക്കും..  അയ്യേ ബോറു പരുപാടി അതെന്തായാലും വേണ്ട  എന്നും പറഞ്ഞു നടന്നു ഞാൻ പാട വരമ്പത്തു എത്തി..

കൊയ്ത്തു പാട്ടുകൾ ഈണത്തിൽ ആരൊക്കെയോ പാടുന്നുണ്ട് അതിന്റെ താളത്തിൽ നെൽച്ചെടികൾ കാറ്റിൽ നൃത്തം വെയ്ക്കുന്നു..  നെൽമണികൾ കൊത്തി തിന്നാനെത്തിയ കുഞ്ഞി കുരുവികൾ പാടത്തിന് ചുറ്റും പാറി പറക്കുന്നുണ്ട്.. 
നെൽകതിരുകളെ തഴുകി തലോടി പാട വരമ്പത്തു കൂടി ഞാൻ ആൽത്തറക്കു മുന്നിൽ എത്തി..  ഞാൻ ചുറ്റും ഒന്നു നോക്കി മാഷിനെ അവിടെങ്ങും കാണാനില്ല..  ഇനിയിപ്പോൾ അമ്പലത്തിനുള്ളിൽ ആയിരിക്കും എന്നു കരുതി ഞാൻ അമ്പലത്തിനുള്ളിലേക്കു കേറി..
മുന്നോട്ടു ഓരോ അടി നടക്കുമ്പോഴും എന്റെ കണ്ണുകൾ മാഷിനെ തിരയുകയായിരുന്നു.. 
കള്ള കണ്ണന്റെ മുന്നിൽ നിന്നപ്പോഴും പ്രദക്ഷിണ വഴിയിലും എന്റെ കണ്ണുകൾ മാഷിനെ തിരഞ്ഞു കൊണ്ടിരുന്നു..  പക്ഷേ നിരാശയായിരുന്നു ഫലം.. 
ചിലപ്പോൾ ഇപ്പോൾ വരുമായിരിക്കും എന്തായാലും  കാത്തിരിക്കാം എന്ന ചിന്തയോടെ ഞാൻ അമ്പലകുളത്തിനു അരികിലേക്ക് പോയി.. 
കണ്ണിന് കുളിരേകുന്ന അസുലഭ പ്രണയ മുഹൂർത്തം അവിടെ അരങ്ങേറുകയായിരുന്നു.. 
കുളത്തിൽ നിറയെ താമര പൂക്കൾ വിരിഞ്ഞു നിൽക്കുന്നു.. 

കൃഷ്ണന് ചുറ്റും നിന്ന കാമുകിമ്മാർ എന്നോണം സൂര്യന്റെ പ്രണയം കൊതിച്ചു അവന്റെ ചുംബനം കൊതിച്ചു നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.. 
മെല്ലെ കൽ പടവുകൾ ഇറങ്ങി ഞാൻ     താഴത്തെ കൽ പടവിൽ  ചെന്നിരുന്നു.. 
ചെറുമണി കല്ലുകളും പെറുക്കി എടുത്തു കുളത്തിലേക്ക് എറിഞ്ഞു കൊണ്ട് വെള്ളത്തിലേക്ക് കാലും വെച്ചിരുന്നു..
നേരം കടന്നു പോയി കൊണ്ടിരുന്നു..  
മാഷിനെ കാണുന്നെ ഇല്ല.. 
നിരാശയുടെ കറുപ്പ് എന്നിലേക്ക്‌ പടർന്നു കയറി..  എന്റെ മുഖം മെല്ലെ വാടി തുടങ്ങി.. 
വെറുതെ ഇരുന്നു സമയം കളയാം എന്നല്ലാതെ ഇനി മാഷ് വരുമെന്ന് തോന്നുന്നില്ല.. 
അതുകൊണ്ട് പോയേക്കാം എന്നു വിചാരിച്ചു കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു നടന്നു.. 
പോവും വഴി എല്ലാം എന്റെ കണ്ണുകൾ  പ്രതീക്ഷയോടെ മാഷിന്റെ മുഖം തിരഞ്ഞെങ്കിലും മാഷിനെ എങ്ങും കണ്ടില്ല..
ഉള്ളിൽ ഒരൽപ്പം സങ്കടത്തോടെ ഞാൻ തറവാട്ടിൽ എത്തി.. 

"എന്താ മോളെ എന്ത് പറ്റി  എന്താ നിന്റെ മുഖം വാടിയിരിക്കുന്നത്.. 
"ഒന്നുമില്ല അമ്മേ.. 
"നിന്റെ മുഖം കണ്ടാൽ അമ്മക്ക് മനസ്സിലാവും എന്തോ ഉണ്ടെന്ന്.. 
ആരെങ്കിലും എന്റെ മോളെ കളിയാക്കിയോ.. 
"ഒന്നുമില്ലെന്ന്‌ പറഞ്ഞില്ലെ എന്നും പറഞ്ഞു അമ്മയോട് ദേഷ്യപ്പെട്ടു ഞാൻ അകത്തേക്ക് കേറി പോയി.. 
റൂമിൽ കേറി തലയിണയിൽ മുഖം പൂഴ്ത്തി കട്ടിലിൽ കിടന്നു.. 
വെറുതെ ഞാൻ ഒരുങ്ങി കെട്ടി പോയി.. എന്താവും മാഷ് ഇന്ന്  വരാഞ്ഞത്..
ഇനി ചിലപ്പോൾ വല്ല തിരക്കും ആയിരിക്കും.. എന്നു പറഞ്ഞു മനസ്സിനെ സമാധാനിപ്പിച്ചു.. 
ശ്ശെ ഞാൻ എന്തിനാ വെറുതെ അമ്മയോട് ദേഷ്യപ്പെട്ടത് .. 

പോയി സോപ്പിട്ട് സോറി പറയാം.. 
ഞാൻ നേരെ അമ്മയുടെ അടുത്തെത്തി.. 
"മീനാക്ഷി കുട്ട്യേ എന്താ എന്നോട് ദേഷ്യമാണോ.. 
"ഓ നിന്റെ ബാധ ഒഴിഞ്ഞു പോയോ.. 
"ബാധയോ.. 
"അതേ ബാധ,  അതുപോലെ  കലിതുള്ളി ആണല്ലോ നീ പോയത്.. 
"അതുപിന്നെ അപ്പോൾ എന്റെ മൂഡ് ശെരിയല്ലായിരുന്നു.. 
"എന്നിട്ട് ഇപ്പോൾ ശെരിയായോ..
"ശെരിയായി എന്റെ മീനാക്ഷി കുട്ട്യേ... വാ നമുക്ക് ഭക്ഷണം കഴിക്കാം എന്നും പറഞ്ഞു അമ്മയോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു കിടന്നു.. 
--------------------------------------------------

പിറ്റേന്നും ഒരുപാട് പ്രതീക്ഷയോടെ എഴുന്നേറ്റു  ഞാൻ അമ്പലത്തിൽ എത്തി.. 
പക്ഷേ ഇന്നും നിരാശപ്പെടാൻ ആയിരുന്നു എന്റെ വിധി..
ദിവസങ്ങൾ കടന്നു പോയി.. ആഴ്ച്ച  ഒന്നായി മാഷിനെ കുറിച്ച് ഒരു വിവരവും ഇല്ല..  വെറുതെ എന്റെ മനസ്സിൽ ഓരോ മോഹങ്ങൾ തന്നത് എന്തിനാ എന്റെ കൃഷ്ണ .. 
ഒരു കണക്കിന് മുളയിലേ എന്റെ ആഗ്രഹങ്ങൾ നുള്ളി  കളഞ്ഞത് നന്നായി.. 
എന്നെ പോലൊരു പെണ്ണിന് ആഗ്രഹിക്കാൻ പോയിട്ട്  ഒരിക്കലും സ്വപ്നം കാണാൻ പോലും അവകാശമില്ലല്ലോ അല്ലേ എന്റെ കൃഷ്ണാ എന്നും പറഞ്ഞു വീട്ടിലെ കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ നിന്നു അമ്മ കാണാതെ ഞാൻ  കരഞ്ഞു.. 
ആദ്യമായി ഒരാളോട് ഇഷ്ടം തോന്നിയതാണ് അത് ഇങ്ങനെയും ആയി.. 
പതിയെ പതിയെ  ഓരോന്ന് പറഞ്ഞു ഞാൻ മനസ്സിനെ  സമാധാന പ്പെടുത്തി
പതിവ് പോലെ തന്നെ ഞാൻ അമ്പലത്തിൽ എത്തി കണ്ണനെ തൊഴുതു അമ്പലക്കുളത്തിനരുകിൽ എത്തി..
ഇന്നു പതിവിലും കൂടുതൽ താമരകൾ വിരിഞ്ഞു നിൽപ്പുണ്ട്.. 
കുളത്തിന് അക്കരെയുള്ള പൂവാക കൊമ്പിൽ രണ്ടു കിളികൾ കൊക്കുരുമ്മി എന്തൊക്കെയോ മൊഴിയുന്നുണ്ട്..  കാറ്റിനു ഏതൊക്കെയോ കാട്ടു പൂക്കളുടെ വാസനയുണ്ട്.. 
കാണാൻ രസമുള്ള ഒരു കാഴ്ച്ച തന്നെയാണത്..  അതും കണ്ടു കൊണ്ടു കൽപടവിൽ ഞാൻ ഇരുന്നു.. 
പെട്ടെന്ന്  ലക്ഷ്മി എന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. 
മാഷായിരുന്നു അത്.. 

എന്താ പറയുക മാഷിനെ വീണ്ടും കണ്ടപ്പോൾ ഒരായിരം താമര പൂക്കൾ ഒന്നിച്ചു വിരിയുന്നത് കണ്മുന്നിൽ കാണുന്ന സന്തോഷമായിരുന്നു എന്റെ മനസ്സിൽ.. 
മാഷ് കൽപടവുകൾ ഇറങ്ങി എന്റെ അടുത്ത് വന്നു നിന്നു.. 
എന്തൊക്കെയോ പറയണം എന്നു തോന്നിയെങ്കിലും വാക്കുകൾ പുറത്തോട്ട് വന്നില്ല.. 
"എന്താ ലക്ഷ്മി എന്താ ഇങ്ങനെ നോക്കുന്നത്.. 
അതിനുള്ള മറുപടി ഞാൻ പറയാൻ തുടങ്ങിയതും ഏട്ടാ എന്നു വിളിച്ചു കൊണ്ടൊരു പെൺകുട്ടി കൽപടവുകൾ ഇറങ്ങി വന്നു കൊണ്ടിരുന്നു.. 
പച്ച പട്ടു പാവാടയും ബ്ലൗസും അണിഞ്ഞൊരു സുന്ദരി പെണ്ണ് .. 
കാറ്റിൽ അവളുടെ മുടി ഇഴകൾ പാറി പറക്കുന്നു..  
അവൾ കാലിൽ അണിഞ്ഞിരിക്കുന്ന വെള്ളി പാദസ്വരത്തിന്റെ കിലുക്കം അവിടാകെ മുഴങ്ങി നിന്നു.. 
ചുണ്ടിൽ ചെറുപുഞ്ചിരിയോടെ അവളെന്റെ മുന്നിൽ വന്നു നിന്നു.. 
അവളെ കണ്ടതും എന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടി.. 

മനസ്സിലൂടെ പല ഭ്രാന്തൻ ചിന്തകളും കടന്നു പോയി.. 
എന്റെ കൃഷ്ണാ  ഇനി ഇവളെങ്ങാനും  ആണോ  മാഷിന്റെ കാമുകി..

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top